വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫിലിപ്പീൻസിലെ പർവതപ്രദേശങ്ങളിൽ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു

ഫിലിപ്പീൻസിലെ പർവതപ്രദേശങ്ങളിൽ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു

ഫിലിപ്പീൻസിലെ പർവതപ്രദേശങ്ങളിൽ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു

ഫിലിപ്പീൻസ്‌ ഒരു ദ്വീപരാഷ്‌ട്രമാണെന്നാണു നിങ്ങൾ വിചാരിക്കുന്നതെങ്കിൽ അതു ശരിയാണ്‌. എന്നാൽ അതു മനോഹരമായ പർവതങ്ങളുടെ ഒരു ദേശം കൂടിയാണ്‌. യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം നഗരങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും പ്രസംഗിക്കുന്നത്‌ താരതമ്യേന എളുപ്പവും ഫലകരവും ആയിരുന്നിട്ടുണ്ടെങ്കിലും, പർവതപ്രദേശങ്ങളിലെ സ്ഥിതി അതല്ല.

രാജ്യത്തെ മണൽനിറഞ്ഞ ബീച്ചുകൾ, പവിഴപ്പുറ്റുകൾ, മത്സ്യബന്ധനം നടക്കുന്ന ഗ്രാമങ്ങൾ, ആ ദ്വീപസമതലങ്ങളിലെ കോലാഹലം നിറഞ്ഞ പട്ടണങ്ങൾ എന്നിവയിൽനിന്നെല്ലാം തികച്ചും വ്യത്യസ്‌തമാണ്‌ അവിടത്തെ മനോഹരമായ പർവതപ്രദേശങ്ങൾ. ദൈവരാജ്യത്തെ കുറിച്ചുള്ള ‘സുവിശേഷം’ പ്രസംഗിക്കുന്നതിലും ഈ പർവതപ്രദേശങ്ങൾ ഒരു വെല്ലുവിളിയാണ്‌.​—⁠മത്തായി 24:⁠14.

രണ്ടു ഭൂഫലകങ്ങൾ കൂടിച്ചേരുന്നിടത്താണ്‌ ഫിലിപ്പീൻ ദ്വീപുകളുടെ സ്ഥാനം. ഈ ഫലകങ്ങൾ കൂട്ടിയിടിച്ചിരിക്കുന്നതിനാൽ വലിയ ദ്വീപുകളിൽ ചെങ്കുത്തായ പർവതനിരകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്‌. 7,100-ലധികം ദ്വീപുകളുടെ ഒരു സമൂഹമായ ഫിലിപ്പീൻസ്‌ എന്ന രാഷ്‌ട്രം സ്ഥിതി ചെയ്യുന്നത്‌ ‘പസഫിക്‌ റിങ്‌ ഓഫ്‌ ഫയറി’ന്റെ (പസഫിക്‌ സമുദ്രത്തിന്റെ അറ്റത്തായുള്ള അഗ്നിപർവതനിര) പടിഞ്ഞാറാണ്‌. അതുകൊണ്ട്‌ ഈ ദ്വീപുകളിൽ ധാരാളം അഗ്നിപർവതങ്ങൾ ഉണ്ട്‌. മാത്രമല്ല പർവതപ്രദേശങ്ങൾ രൂപപ്പെടുന്നതിനു കാരണവും ഈ പ്രത്യേകതയാണ്‌. കുന്നും മലയും നിറഞ്ഞ ഇത്തരം ഭൂപ്രകൃതി പർവതനിവാസികളെ മറ്റുള്ളവരിൽനിന്ന്‌ ഒറ്റപ്പെടുത്തിയിരിക്കുന്നു. വാഹനഗതാഗതത്തിനു യോഗ്യമായ റോഡുകൾ താരതമ്യേന ചുരുക്കമായതിനാൽ അവിടെ എത്തിപ്പെടുക അത്ര എളുപ്പമല്ല.

ഈ പ്രതിബന്ധങ്ങളൊക്കെ ഉണ്ടെങ്കിലും, “സകലമനുഷ്യ”രുടെയും അടുക്കൽ എത്തിച്ചേരേണ്ടതിന്റെ ആവശ്യം യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. (1 തിമൊഥെയൊസ്‌ 2:4) അതുകൊണ്ട്‌, ഫിലിപ്പീൻസിലെ സാക്ഷികൾ യെശയ്യാവു 42:​11, 12-ലെ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിച്ചിരിക്കുന്നു: “ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കയും മലമുകളിൽനിന്നു ആർക്കുകയും ചെയ്യട്ടെ. അവർ യഹോവെക്കു മഹത്വം കൊടുത്തു അവന്റെ സ്‌തുതിയെ ദ്വീപുകളിൽ പ്രസ്‌താവിക്കട്ടെ.”

പർവതനിവാസികളോടു സാക്ഷീകരിക്കാനുള്ള സാക്ഷികളുടെ സമഗ്രശ്രമം തുടങ്ങിയത്‌ 50-ലധികം വർഷം മുമ്പാണ്‌. രണ്ടാം ലോകമഹായുദ്ധാനന്തരം, വേലയുടെ ആക്കം വർധിക്കാൻ മിഷനറിമാർ സഹായിച്ചു. തദ്ദേശവാസികളായ പലരും ബൈബിൾ സത്യം സ്വീകരിച്ചു. ക്രമേണ അവർ, പർവതമുകളിലുള്ള ഗ്രാമങ്ങളിലാകെ സത്യം എത്തിക്കാൻ സഹായിച്ചു. ഇതിനു നല്ല ഫലങ്ങളും ലഭിച്ചു. ഉദാഹരണമായി, ഉത്തര ലൂസോണിലെ കൊർഡിലെറാ സെൻട്രാൽ പർവതപ്രദേശങ്ങളിൽ രാജ്യസുവാർത്തയുടെ 6,000-ത്തിലധികം പ്രസാധകരുണ്ട്‌. അവരിൽ മിക്കവരും ഇബാലോയ്‌, ഇഫൂഗൗ, കാലിംഗ എന്നീ വർഗക്കാരായ തദ്ദേശീയരാണ്‌.

എന്നിരുന്നാലും, എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പർവതപ്രദേശങ്ങൾ ഇനിയുമുണ്ട്‌. അവിടെയുള്ള ആളുകളെ സാക്ഷികൾ മറന്നിട്ടില്ല. എങ്ങനെയാണ്‌ സാക്ഷികൾ അവരിൽ ചിലരുടെ അടുക്കൽ എത്തിച്ചേർന്നിരിക്കുന്നത്‌? അതിന്റെ ഫലം എന്തായിരുന്നു?

യഥാർഥ വിശ്വാസം പാരമ്പര്യങ്ങളെ പിഴുതെറിയുന്നു

ഉത്തര ദ്വീപായ ലൂസോണിലെ ആബ്രാ പ്രവിശ്യയിലുള്ള പർവതപ്രദേശത്തു താമസിക്കുന്നത്‌ ടിംഗിയന്മാരാണ്‌. “പർവതം” എന്നർഥമുള്ള ടിംഗി എന്ന ഒരു പുരാതന മലെയ പദത്തിൽനിന്ന്‌ ആയിരിക്കാം ഈ പേര്‌ ഉണ്ടായത്‌. എത്ര ഉചിതമാണ്‌ ആ പേര്‌! ആളുകൾ തങ്ങളെത്തന്നെയും സ്വന്തം ഭാഷയെയും ഇറ്റ്‌നെഗ്‌ എന്നാണു വിളിക്കുന്നത്‌. അവർ കാബൂനിയൻ എന്ന ദൈവത്തിലാണു വിശ്വസിക്കുന്നത്‌, മാത്രമല്ല ദൈനംദിന ജീവിതം അന്ധവിശ്വാസങ്ങൾ നിറഞ്ഞതുമാണ്‌. ഉദാഹരണമായി, ഒരാൾ എവിടെയെങ്കിലും പോകാനൊരുങ്ങുമ്പോൾ തുമ്മുന്നെങ്കിൽ അതൊരു ദുശ്ശകുനമാണ്‌. ആ ദോഷം മാറണമെങ്കിൽ അയാൾ ഏതാനും മണിക്കൂർ കാത്തിരിക്കണം.

സ്‌പാനീഷുകാർ 1572-ൽ കത്തോലിക്കാമതവുമായി അവിടെ എത്തി. എങ്കിലും ടിംഗിയന്മാരെ അവർ പഠിപ്പിച്ചത്‌ സത്യക്രിസ്‌ത്യാനിത്വം ആയിരുന്നില്ല. ടിംഗിയന്മാർ കത്തോലിക്കാമതം സ്വീകരിച്ചെങ്കിലും, അവർ കാബൂനിയനെ ആരാധിക്കുകയും തങ്ങളുടെ പരമ്പരാഗത ആചാരങ്ങൾ തുടർന്നുപോരുകയും ചെയ്‌തു. യഹോവയുടെ സാക്ഷികൾ ആ പർവതപ്രദേശങ്ങളിൽ രാജ്യസന്ദേശം ഘോഷിച്ചു തുടങ്ങിയ 1930-കളിലാണ്‌ ബൈബിളിലെ സൂക്ഷ്‌മ പരിജ്ഞാനം അവർക്കു ലഭിച്ചത്‌. അന്നുമുതൽ ആത്മാർഥഹൃദയരായ നിരവധി ടിംഗിയന്മാർ “മലമുകളിൽനിന്നു” യഹോവയെ മഹത്ത്വപ്പെടുത്താൻ തുടങ്ങി.

ദൃഷ്ടാന്തത്തിന്‌, ഈ പ്രദേശത്തെ ആദരണീയനായ ഒരു ഗോത്രത്തലവൻ ആയിരുന്നു ലിങ്‌ബൗവാൻ. അദ്ദേഹം ടിംഗിയൻ സംസ്‌കാരത്തിൽ വേരുറച്ച ഒരാളായിരുന്നു. “ഞാൻ വിശ്വസ്‌തതയോടെ ടിംഗിയൻ പാരമ്പര്യങ്ങൾ പിൻപറ്റി. ഒരാൾ മരിച്ചാൽ, ശവസംസ്‌കാരശേഷം ഒരു നൃത്തം ചെയ്യുകയും ചേങ്ങില കൊട്ടുകയും ചെയ്യുമായിരുന്നു. ഞങ്ങൾ മൃഗബലിയും നടത്തിയിരുന്നു. കാബൂനിയനിലായിരുന്നു ഞങ്ങൾ വിശ്വസിച്ചത്‌, ബൈബിളിലെ സത്യദൈവത്തെ എനിക്ക്‌ അറിയില്ലായിരുന്നു.” ഒരു നാമധേയ കത്തോലിക്കൻ ആയിരുന്നിട്ടുകൂടിയാണ്‌ അദ്ദേഹത്തിന്‌ ഇങ്ങനെ സംഭവിച്ചത്‌.

അങ്ങനെയിരിക്കെ, യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷകർ ഈ പ്രദേശത്തു സുവാർത്ത പ്രസംഗിക്കാനെത്തി. അപ്പോൾ ലിങ്‌ബൗവാനെ കണ്ടുമുട്ടിയ അവർ ബൈബിൾ വായിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ലിങ്‌ബൗവാൻ ഓർമിക്കുന്നു: “യഹോവയാണു സത്യദൈവമെന്ന്‌ എന്നെ ബോധ്യപ്പെടുത്തിയതു ബൈബിളായിരുന്നു.” തുടർന്ന്‌ സാക്ഷികളിൽ ഒരാൾ അദ്ദേഹത്തിന്‌ ഒരു ബൈബിളധ്യയനം നടത്തി. അങ്ങനെ അദ്ദേഹം സത്യദൈവത്തെ സേവിക്കാൻ തീരുമാനിച്ചു. ഒരു ഗോത്രത്തലവൻ എന്ന സ്ഥാനം ഉൾപ്പെടെ തന്റെ എല്ലാ പഴയ ജീവിതരീതികളും അദ്ദേഹം ഉപേക്ഷിച്ചു. ഈ നടപടി പ്രാദേശിക പുരോഹിതനെയും അദ്ദേഹത്തിന്റെ പഴയ കൂട്ടാളികളെയും ചൊടിപ്പിച്ചു. എങ്കിലും, താൻ പഠിച്ച ബൈബിൾ സത്യത്തിൽ ഉറച്ചുനിൽക്കാൻ ലിങ്‌ബൗവാൻ ദൃഢചിത്തനായിരുന്നു. അദ്ദേഹം ഇപ്പോൾ ഒരു സഭാമൂപ്പനാണ്‌.

ഏഴ്‌ പകലും ആറു രാത്രിയും

ആബ്രായിലെ ചില പ്രദേശത്തുള്ള ആളുകൾക്ക്‌ കൂടെക്കൂടെ സുവാർത്ത കേൾക്കാൻ സാധിക്കുന്നുണ്ടെങ്കിലും, വിദൂരവാസികളായ മറ്റു ചിലർക്കു വല്ലപ്പോഴുമേ അതിനു കഴിയുന്നുള്ളൂ. കുറെ നാളുകൾക്കു മുമ്പ്‌ അത്തരമൊരു പ്രദേശത്തു പോകാൻ സാക്ഷികൾ ശ്രമം നടത്തി. അതിനായി, 35 സാക്ഷികൾ അടങ്ങുന്ന ഒരു സംഘം ആബ്രായിലെ ടിനെഗിലേക്കു യാത്ര തിരിച്ചു. ഈ പ്രദേശം കഴിഞ്ഞ 27 വർഷമായി സാക്ഷികളാരും ചെന്നിട്ടില്ലാത്ത, ആർക്കും നിയമിച്ചുകൊടുക്കാത്ത ഒരിടമായിരുന്നു.

ഏഴു ദിവസത്തിലധികം നീണ്ടുനിന്ന ഈ പ്രസംഗ പര്യടനം നടത്തിയത്‌ കാൽനടയായിട്ടായിരുന്നു. തൂക്കുപാലങ്ങളിലൂടെ നടക്കുന്നതും ആഴമുള്ള നദി കുറുകെ കടക്കുന്നതും ആവശ്യമുള്ള സാധനങ്ങളും പേറി പർവതനിരകൾ കയറി ഇറങ്ങുന്നതും മറ്റും ഒന്നു സങ്കൽപ്പിച്ചുനോക്കൂ! രാജ്യസുവാർത്ത കേട്ടിട്ടില്ലാത്തവരുടെ പക്കൽ സുവാർത്ത എത്തിക്കാനായിരുന്നു ഇതെല്ലാം! യാത്രയ്‌ക്കിടയിലെ നാലു രാത്രി അവർ കിടന്നുറങ്ങിയത്‌ പർവതത്തിലെ തുറസ്സായ സ്ഥലങ്ങളിലായിരുന്നു.

ഈ ദൗത്യസംഘത്തിലെ ധീരരായ സാക്ഷികൾ കുറെ ആഹാരസാധനങ്ങൾ കരുതിയിരുന്നെങ്കിലും യാത്രാവസാനം വരെ അതു തികഞ്ഞില്ല. എങ്കിലും അതൊരു പ്രശ്‌നമായിരുന്നില്ല. കാരണം, ബൈബിൾ പ്രസിദ്ധീകരണങ്ങൾക്കു പകരമായി ഭക്ഷണം നൽകാൻ അവിടത്തുകാർ വളരെ സന്തോഷമുള്ളവർ ആയിരുന്നു. സാക്ഷികൾക്ക്‌ അവിടത്തെ ഫാമുകളിൽ ഉത്‌പാദിപ്പിച്ച സാധനങ്ങളും മീനും മാനിറച്ചിയുമൊക്കെ കിട്ടി. കുറച്ചൊക്കെ അസൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ആ സംഘം ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ ചെയ്‌ത ത്യാഗങ്ങളെക്കാൾ അധികമായിരുന്നു ഞങ്ങൾക്കുണ്ടായ അത്യധികമായ സന്തോഷം.”

ഈ ഏഴു ദിവസംകൊണ്ട്‌ അവർ പത്തു ഗ്രാമങ്ങളിൽ സാക്ഷീകരിച്ചു. അവിടെ അവർ, 60 പുസ്‌തകങ്ങളും 186 മാസികകളും 50 ലഘുപത്രികകളും നിരവധി ലഘുലേഖകളും സമർപ്പിച്ചു. ആളുകളുടെ 74 കൂട്ടങ്ങൾക്ക്‌ അവർ ബൈബിൾ അധ്യയനങ്ങൾ പ്രകടിപ്പിച്ചുകാണിച്ചു. ടിനെഗ്‌ പട്ടണത്തിൽ, പ്രാദേശിക അധികാരികളും ചില പ്രമുഖരും ആവശ്യപ്പെട്ടതനുസരിച്ച്‌ ഒരു സഭായോഗം നടത്തപ്പെട്ടു, 78 പേർ അതിനു ഹാജരായി. അവരിൽ ഭൂരിപക്ഷവും അധ്യാപകരും പോലീസുകാരും ആയിരുന്നു. ഇനിയും ധാരാളം ടിംഗിയന്മാർ ‘ഘോഷിച്ചുല്ലസിക്കു’മെന്നും പർവതങ്ങളുടെ മുകളിൽനിന്ന്‌ യഹോവയെ സ്‌തുതിക്കുന്നതിൽ ചേരുമെന്നും പ്രത്യാശിക്കുന്നു.

സ്വർണത്തെക്കാൾ ഉത്തമം

അകലെ, തെക്കോട്ടു മാറിയുള്ള ചില ഫിലിപ്പീൻസ്‌ ദ്വീപുകളിലാണു സ്‌പെയിൻകാർ സ്വർണം കണ്ടെത്തിയത്‌. അതിൽനിന്നാണ്‌ മിൻഡോരോ എന്ന പേരുണ്ടായത്‌. സ്‌പാനീഷ്‌ ഭാഷയിലെ മീനാ ദെ ഓരോ അഥവാ “സ്വർണ ഖനി” എന്നതിന്റെ സംക്ഷിപ്‌ത രൂപമാണ്‌ ആ പേര്‌. എന്നാൽപ്പോലും സ്വർണത്തെക്കാൾ മേൽത്തരമായ ഒന്ന്‌ ഇപ്പോൾ ആ ദ്വീപുകളിൽ കണ്ടെത്തിക്കൊണ്ടിരിക്കുന്നു​—⁠സത്യദൈവമായ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്ന ആളുകളാണ്‌ അത്‌.

മാങ്ങിയാന്മാർ എന്നു വിളിക്കപ്പെടുന്ന 1,25,000-ത്തോളം തദ്ദേശീയർ മിൻഡോരോയിലെ വിദൂര വനാന്തരങ്ങളിലാണു പാർക്കുന്നത്‌. ലളിത ജീവിതം നയിക്കുന്ന അവർക്കു പുറംലോകവുമായി വളരെ കുറച്ചു സമ്പർക്കമേ ഉള്ളൂ, തങ്ങളുടേതായ ഒരു ഭാഷയും അവർക്കുണ്ട്‌. മിക്കവരും പ്രപഞ്ചാത്മവാദികളും ബഹുദൈവവിശ്വാസികളുമാണ്‌. കൂടാതെ, അവർ വിവിധ പ്രകൃത്യതീത ശക്തികളിലും വിശ്വസിക്കുന്നു.

ചിലപ്പോഴൊക്കെ ഭക്ഷണത്തിന്റെയോ മറ്റു സാധനങ്ങളുടെയോ അപര്യാപ്‌തത നിമിത്തം മാങ്ങിയാന്മാർ പണി അന്വേഷിച്ച്‌ ഒറ്റയ്‌ക്ക്‌ തീരപ്രദേശങ്ങളിലേക്ക്‌ ഇറങ്ങിവരാറുണ്ട്‌. പായിലിങ്‌ എന്നയാളുടെ കാര്യത്തിൽ ഇതാണു സംഭവിച്ചത്‌. മാങ്ങിയാന്മാരുടെ ഒരു ഉപവർഗമായ ബറ്റാങ്‌ഗനിൽപ്പെട്ട ആളായിരുന്നു അദ്ദേഹം. പർവത വനാന്തരത്തിലെ സ്വന്തം ആളുകൾക്കിടയിലാണ്‌ അദ്ദേഹം വളർന്നുവന്നത്‌, അദ്ദേഹത്തിന്‌ ബറ്റാങ്‌ഗൻ വിശ്വാസവും ആചാരവുമാണ്‌ ഉണ്ടായിരുന്നത്‌. പൊതുവേ കോണകം മാത്രമേ അവർ ധരിക്കാറുള്ളൂ. നല്ല വിളവു കിട്ടാനായി ബറ്റാങ്‌ഗൻ പാരമ്പര്യപ്രകാരം വിശ്വാസികൾ ഒരു കോഴിയെ കൊന്ന്‌, അതിന്റെ ചോര വെള്ളത്തിലേക്ക്‌ ഇറ്റിച്ചു വീഴ്‌ത്തുകയും ആ സമയത്തു പ്രാർഥിക്കുകയും ചെയ്യുമായിരുന്നു.

പായിലിങ്ങിന്‌ ആ പാരമ്പര്യങ്ങളൊന്നും ഇപ്പോൾ ഇല്ല. കാരണം എന്താണ്‌? പർവതപ്രദേശത്തുനിന്നു താഴേക്കു വന്ന അദ്ദേഹത്തിനു ജോലി കിട്ടിയത്‌ യഹോവയുടെ സാക്ഷികളുടെ കുടുംബങ്ങളിൽ ആയിരുന്നു. അതിലൊരു സാക്ഷി കുടുംബം പായിലിങ്ങിന്‌ ബൈബിൾ സത്യം നൽകാൻ ആ അവസരം ഉപയോഗപ്പെടുത്തി. അദ്ദേഹം അതിനോടു നന്നായി പ്രതികരിക്കുകയും മനുഷ്യരെയും ഭൂമിയെയും സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യത്തെ കുറിച്ചു പഠിക്കുന്നതിന്റെ മൂല്യം തിരിച്ചറിയുകയും ചെയ്‌തു. അവർ അദ്ദേഹത്തിനു പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള ക്രമീകരണം ചെയ്‌തു, ഒപ്പം ബൈബിൾ പഠിക്കാനും. 24-ാമത്തെ വയസ്സിൽ പായിലിങ്‌ സ്‌നാപനമേറ്റ്‌ യഹോവയുടെ ഒരു സാക്ഷിയായിത്തീർന്നു. 30-ാമത്തെ വയസ്സിൽ ഹൈസ്‌കൂളിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്ന അദ്ദേഹം സ്‌കൂളിനെ തന്റെ പ്രസംഗ പ്രദേശമാക്കി. ഇപ്പോൾ അദ്ദേഹത്തിന്റെ പേര്‌ റോളാൻഡോ എന്നാണ്‌ (നാട്ടിൻപുറത്തെ ഒരു പേര്‌).

റോളാൻഡോയെ കണ്ടുമുട്ടിയാൽ നിങ്ങൾ കാണുന്നത്‌, നന്നായി വസ്‌ത്രം ധരിച്ച പുഞ്ചിരിതൂകുന്ന ഒരു ശുശ്രൂഷകനെയാണ്‌. അദ്ദേഹമിപ്പോൾ മിൻഡോരോയിലുള്ള ഒരു സഭയിലെ മുഴുസമയ പ്രസംഗകനും ശുശ്രൂഷാദാസനുമാണ്‌. അടുത്തയിടെ റോളാൻഡോ തന്റെ പർവതപ്രദേശത്തേക്കു പോയി, എന്നാൽ ബറ്റാങ്‌ഗന്മാരുടെ പരമ്പരാഗത ചടങ്ങുകളിൽ പങ്കെടുക്കാനല്ല, പകരം ബൈബിളിൽനിന്നുള്ള ജീവദായക സത്യങ്ങൾ അവരുമായി പങ്കുവെക്കാൻ.

ഒരു രാജ്യഹാളിനായുള്ള അതിയായ ആഗ്രഹം

ബൂക്കിഡ്‌നോൺ​—⁠സെബ്വാനോ ഭാഷയിൽ “പർവതനിവാസികൾ” എന്നർഥം​—⁠പ്രവിശ്യ സ്ഥിതി ചെയ്യുന്നത്‌ മിൻഡനാവോ എന്ന വടക്കൻ ദ്വീപിലാണ്‌. പർവതങ്ങളും മലയിടുക്കുകളും നദീതാഴ്‌വാരങ്ങളും പീഠഭൂമികളും ഉള്ള സ്ഥലമാണ്‌ ഇത്‌. ഫലഭൂയിഷ്‌ഠമായ ഇവിടെ കൈതയും ചോളവും കാപ്പിയും നെല്ലും വാഴയും സമൃദ്ധമായി വളരുന്നു. പർവതപ്രദേശത്തെ തലായാൻഡിഗ്‌, ഹിഗാവോനോൻ എന്നീ ഗോത്രവർഗക്കാർ വസിക്കുന്നത്‌ അവിടെയാണ്‌. ഇവരും യഹോവയെ കുറിച്ചു പഠിക്കേണ്ടതുണ്ട്‌. അടുത്തയിടെ താലാകാഗ്‌ എന്ന പട്ടണത്തിനടുത്ത്‌, ഇതിനുള്ള അവസരം വളരെ രസകരമായ വിധത്തിൽ തുറന്നുകിട്ടി.

പർവതപ്രദേശത്തെ കാലാവസ്ഥ ശൈത്യമായിരുന്നെങ്കിലും സാക്ഷികൾക്ക്‌ അവിടെ ലഭിച്ച സ്വീകരണം ഊഷ്‌മളമായിരുന്നു. അവിടത്തെ ആളുകൾ സർവശക്തനാം ദൈവമായ പിതാവിൽ വിശ്വസിക്കുന്നുവെന്ന്‌ അവകാശപ്പെട്ടെങ്കിലും അവർക്ക്‌ അവന്റെ പേര്‌ അറിയില്ലായിരുന്നു. ഏറെ സമയവും അവർ വനാന്തരങ്ങളിൽ ചെലവഴിച്ചിരുന്നതിനാൽ ആദ്യമായാണ്‌ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടിയത്‌. ദൈവനാമവും രാജ്യത്തോടുള്ള ബന്ധത്തിൽ അവന്റെ അത്ഭുതകരമായ ഉദ്ദേശ്യവും മനസ്സിലാക്കാൻ സാക്ഷികൾ അവരെ സഹായിച്ചു. ആ ആളുകൾക്ക്‌ വളരെ സന്തോഷമായി. അതുകൊണ്ട്‌ പിന്നെയും ആ ഗ്രാമത്തിൽ സന്ദർശിക്കാൻ സാക്ഷികൾ തീരുമാനിച്ചു.

സാക്ഷികൾ പലതവണ അവിടം സന്ദർശിച്ചു. അതിന്റെ ഫലമായി, പ്രദേശത്തെ ആളുകൾ യഹോവയുടെ സാക്ഷികളുടെ ഒരു “ഭവന”ത്തിനായി കുറെ സ്ഥലം വാഗ്‌ദാനം ചെയ്‌തു. സാക്ഷികൾ അതു സസന്തോഷം സ്വീകരിച്ചു. റോഡിന്‌ അഭിമുഖമായി, അവിടത്തെ ഏറ്റവും ഉയരമുള്ള ഒരു മലയിലായിരുന്നു ആ സ്ഥലം. അവിടെ തടിയും മുളയും പനയോലയും ഉപയോഗിച്ച്‌ ഒരു ഹാൾ പണിതു. അതിന്റെ പണി പൂർത്തിയാക്കാൻ മൂന്നു മാസവും പത്തു ദിവസവുമെടുത്തു. “യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ” എന്ന്‌ വ്യക്തമായി കാണത്തക്കവിധം ഹാളിന്റെ മുന്നിൽ എഴുതിയിരുന്നു. ഒരു സഭ രൂപം കൊള്ളുന്നതിനു മുമ്പേ ഇതാ അവിടെ ഒരു രാജ്യഹാൾ!

അതിനുശേഷം മുഴുസമയ ശുശ്രൂഷകനായ ഒരു സഭാമൂപ്പനും ഒരു ശുശ്രൂഷാദാസനും അവിടേക്കു മാറിത്താമസിച്ചു. ഒരു സഭ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ സമീപ പ്രദേശത്തുള്ള സാക്ഷികളോടു ചേർന്ന്‌ അവർ പ്രവർത്തിച്ചു. 1998 ആഗസ്റ്റിൽ അതു സാക്ഷാത്‌കരിക്കപ്പെട്ടു. അവിടത്തെ ചെറിയ സഭ ഇപ്പോൾ, പർവതപ്രദേശത്തെ ആളുകളെ ബൈബിൾ സത്യം പഠിപ്പിക്കുന്നതിന്‌ ഈ രാജ്യഹാൾ നന്നായി ഉപയോഗപ്പെടുത്തുന്നു.

യഥാർഥത്തിൽ, എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പർവതപ്രദേശങ്ങളിൽ പോലും രാജ്യസത്യം എത്തിക്കാൻ യഹോവ ഫിലിപ്പീൻസിലെ സന്നദ്ധരായ ദാസന്മാരെ ശക്തമായ വിധത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഇപ്പോൾ യെശയ്യാവു 52:​7-ലെ ഈ വാക്കുകൾ നമ്മുടെ മനസ്സിലേക്കു വരുന്നു: “സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!”

[11-ാം പേജിലെ ഭൂപടങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ആബ്രാ

മിൻഡോരോ

ബുക്കിഡ്‌നോൻ

[കടപ്പാട്‌]

ഗ്ലോബ്‌: Mountain High Maps® Copyright © 1997 Digital Wisdom, Inc.

[10-ാം പേജിലെ ചിത്രങ്ങൾ]

കുന്നും മലയും കയറിയിറങ്ങി മണിക്കൂറുകളോളം നടന്നാണ്‌ പർവതപ്രദേശങ്ങളിൽ സുവാർത്ത പ്രസംഗിക്കുന്നത്‌

[10-ാം പേജിലെ ചിത്രം]

മലയിലെ ഒരു അരുവിയിൽ സ്‌നാപനം