വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റസ്സലിന്റെ ലേഖനങ്ങളെ വിലമതിച്ച രണ്ടു പാസ്റ്റർമാർ

റസ്സലിന്റെ ലേഖനങ്ങളെ വിലമതിച്ച രണ്ടു പാസ്റ്റർമാർ

റസ്സലിന്റെ ലേഖനങ്ങളെ വിലമതിച്ച രണ്ടു പാസ്റ്റർമാർ

യഹോവയുടെ സത്യക്രിസ്‌തീയ ആരാധകർക്കിടയിൽ ഗണ്യമായ വേല നിർവഹിച്ച ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ 1891-ൽ ആദ്യമായി യൂറോപ്പ്‌ സന്ദർശിച്ചു. ഇറ്റലിയിലെ പീനറൊളയിൽ തങ്ങിയ സമയത്ത്‌ റസ്സൽ, വാൾഡെൻസുകാർ * എന്നു വിളിക്കപ്പെടുന്ന മതവിഭാഗത്തിന്റെ ഒരു മുൻ പാസ്റ്ററായ പ്രൊഫസർ ഡാനിയേലെ റിവ്‌വോറിനെ കണ്ടുമുട്ടിയതായി ചില റിപ്പോർട്ടുകൾ പറയുന്നു. റിവ്‌വോർ തന്റെ പാസ്റ്റർ ശുശ്രൂഷ അവസാനിപ്പിച്ച ശേഷവും വാൾഡെൻസുകാരുമായി അടുത്തു സഹവസിച്ചിരുന്നെങ്കിലും, തുറന്ന ഒരു മനഃസ്ഥിതി ഉണ്ടായിരുന്ന അദ്ദേഹം സി. റ്റി. റസ്സൽ എഴുതിയ നിരവധി പ്രസിദ്ധീകരണങ്ങൾ വായിക്കുകയുണ്ടായി.

റിവ്‌വോർ 1903-ൽ യുഗങ്ങളുടെ ദൈവിക നിർണയം എന്ന റസ്സലിന്റെ പുസ്‌തകം ഇറ്റാലിയൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയും സ്വന്തം ചെലവിൽ അത്‌ അച്ചടിപ്പിക്കുകയും ചെയ്‌തു. അതിന്റെ ഔദ്യോഗിക ഇറ്റാലിയൻ പതിപ്പ്‌ പുറത്തിറങ്ങുന്നതിനു വളരെ മുമ്പായിരുന്നു അത്‌. ആ പുസ്‌തകത്തിന്റെ ആമുഖത്തിൽ റിവ്‌വോർ എഴുതി: “ഈ ആദ്യ ഇറ്റാലിയൻ പതിപ്പ്‌ ഞങ്ങൾ കർത്താവിന്റെ കരങ്ങളിലർപ്പിക്കുന്നു. ന്യൂനതകൾ ഉണ്ടെങ്കിലും, ഇത്‌ അവിടുത്തെ അതിവിശുദ്ധ നാമത്തെ മഹത്ത്വീകരിക്കാനും അവിടുത്തെ ഇറ്റാലിയൻ ഭാഷക്കാരായ മക്കൾ ഭക്തിയിൽ വളരാൻ തക്കവണ്ണം പ്രോത്സാഹനം നൽകാനും ഇടയാകത്തക്കവിധം അവിടുന്ന്‌ ഇതിന്മേൽ അനുഗ്രഹം ചൊരിയുമാറാകട്ടെ. ഈ ഗ്രന്ഥം വായിക്കുന്നതിലൂടെ, ദൈവത്തിന്റെ നിർണയത്തിന്റെയും സ്‌നേഹത്തിന്റെയും സമൃദ്ധിയും ജ്ഞാനവും ഗ്രാഹ്യവും സംബന്ധിച്ച ആഴം വിലമതിക്കുന്ന എല്ലാവരുടെയും ഹൃദയം, ഈ കൃതി പ്രസിദ്ധീകരിക്കാൻ കൃപ കാണിച്ച ദൈവത്തോടു കൃതജ്ഞതയുള്ളത്‌ ആകുമാറാകട്ടെ.”

റിവ്‌വോർ, സീയോന്റെ വീക്ഷാഗോപുരവും ക്രിസ്‌തുസാന്നിധ്യ ഘോഷകനും കൂടി ഇറ്റാലിയൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്താൻ തുടങ്ങി. വീക്ഷാഗോപുരത്തിന്റെ ആദിമരൂപമായിരുന്ന ഈ മാസിക 1903-ൽ ത്രൈമാസ പതിപ്പായിരുന്നു. പ്രൊഫസർ റിവ്‌വോർ ഒരിക്കലും ഒരു ബൈബിൾ വിദ്യാർഥി​—⁠യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌⁠—⁠ആയിത്തീർന്നില്ലെങ്കിലും, ബൈബിൾ വിദ്യാർഥികളുടെ പ്രസിദ്ധീകരണങ്ങളിൽ വിശദമാക്കിയിരുന്ന ബൈബിൾ സന്ദേശം പ്രചരിപ്പിക്കുന്നതിൽ വളരെ ശുഷ്‌കാന്തി പ്രകടമാക്കിയിരുന്നു.

“കണ്ണിൽ നിന്നു ചെതുമ്പൽപോലെ വീണു”

റസ്സലിന്റെ പ്രസിദ്ധീകരണങ്ങളെ വിലമതിച്ചിരുന്ന മറ്റൊരു വാൾഡെൻസുകാരനായ പാസ്റ്ററായിരുന്നു ജൂസെപ്പേ ബാങ്‌കെറ്റി. ജൂസെപ്പേയുടെ പിതാവ്‌ കത്തോലിക്കാ മതത്തിൽനിന്നു പരിവർത്തനം ചെയ്‌ത ഒരു വ്യക്തിയായിരുന്നു, അദ്ദേഹം വാൾഡെൻസ്‌ മതത്തെക്കുറിച്ച്‌ ജൂസെപ്പേയെ പഠിപ്പിച്ചു. 1894-ൽ ഒരു പാസ്റ്റർ ആയിത്തീർന്ന അദ്ദേഹം അപ്യൂലിയ, ആബ്രൂട്‌സി എന്നിവിടങ്ങളിലും എൽബാ, സിസിലി എന്നീ ദ്വീപുകളിലുമുള്ള വിവിധ വാൾഡെൻസ്‌ സമൂഹങ്ങൾക്കായി ശുശ്രൂഷ ചെയ്‌തിട്ടുണ്ട്‌.

റസ്സലിന്റെ, യുഗങ്ങളുടെ ദൈവിക നിർണയം എന്ന പുസ്‌തകത്തിന്റെ ആധികാരിക ഇറ്റാലിയൻ പതിപ്പ്‌ 1905-ൽ പുറത്തിറങ്ങി. ബാങ്‌കെറ്റി അതിന്‌ ഉദ്വേഗജനകമായ ഒരു നിരൂപണം എഴുതി. പ്രൊട്ടസ്റ്റന്റ്‌ പ്രസിദ്ധീകരണമായ ലാ റിവിസ്‌താ ക്രിസ്റ്റിയാനായിൽ അത്‌ അച്ചടിച്ചുവന്നു. ബാങ്‌കെറ്റി എഴുതി: “നമ്മെ സംബന്ധിച്ചിടത്തോളം,” റസ്സലിന്റെ പുസ്‌തകം “വിശുദ്ധ തിരുവെഴുത്തുകളുടെ പ്രയോജനപ്രദവും പ്രതിഫലദായകവുമായ പഠനം നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു ക്രിസ്‌ത്യാനിക്കും വളരെ ആത്മീയ വെളിച്ചം പകരുന്നതും ആശ്രയയോഗ്യവുമായ ഒരു സഹായിയാണ്‌.  . . അതു വായിച്ചയുടൻ എന്റെ കണ്ണിൽനിന്നു ചെതുമ്പൽപോലെ വീണതായും ദൈവത്തിലേക്കുള്ള വഴി നേരെയുള്ളതും എളുപ്പവും ആയിരിക്കുന്നതായും തോന്നി. പ്രത്യക്ഷത്തിലുള്ള പരസ്‌പര വൈരുദ്ധ്യങ്ങൾ പോലും ഇല്ലാതായി. മനസ്സിലാക്കാൻ ഒരിക്കൽ ബുദ്ധിമുട്ടായിരുന്ന പഠിപ്പിക്കലുകൾ ലളിതവും എളുപ്പത്തിൽ സ്വീകരിക്കാവുന്നതും ആയിത്തീർന്നു. ഇതുവരെ ദുർഗ്രഹമായിരുന്ന കാര്യങ്ങൾ സുവ്യക്തമായി. ക്രിസ്‌തുവിലുള്ള ലോകരക്ഷയെന്ന അത്ഭുതകരമായ നിർണയം അപ്പൊസ്‌തലനെപ്പോലെ പിൻവരുന്ന പ്രകാരം ആശ്ചര്യം പ്രകടിപ്പിക്കാൻ എന്നെ പ്രേരിപ്പിക്കത്തക്കവിധം അത്രയ്‌ക്കു ലളിതമായി കാണപ്പെട്ടു: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ!”​—⁠റോമർ 11:33.

റെമീഷോ കുമിനെറ്റി 1925-ൽ പരാമർശിച്ചതുപോലെ, ബൈബിൾ വിദ്യാർഥികളുടെ പ്രവർത്തനത്തോടു “വളരെ യോജിപ്പു” പ്രകടമാക്കിയ, അവർ വിശദീകരിച്ച ഉപദേശങ്ങൾ സംബന്ധിച്ച്‌ “പൂർണ ബോധ്യം” ഉണ്ടായിരുന്ന ഒരാളായിരുന്നു ബാങ്‌കെറ്റി. തന്റേതായ വിധത്തിൽ അത്തരം ഉപദേശങ്ങൾ മറ്റുള്ളവരെ അറിയിക്കാനും അദ്ദേഹം ശ്രമിച്ചു.

ബാങ്‌കെറ്റിയുടെ ലേഖനങ്ങളിൽനിന്ന്‌, യഹോവയുടെ സാക്ഷികളെപ്പോലെ, തിരുവെഴുത്തുകൾ പഠിപ്പിക്കുന്ന തരത്തിലുള്ള ഒരു ഭൗമിക പുനരുത്ഥാനം നടക്കുമെന്ന്‌ അദ്ദേഹത്തിനും വിശ്വാസമുണ്ടായിരുന്നു എന്നതു വ്യക്തമാണ്‌. യേശു മരിക്കേണ്ടിയിരുന്ന വർഷം ദൈവം നിർണയിക്കുകയും അത്‌ 70 ആഴ്‌ചകൾ സംബന്ധിച്ച ദാനീയേലിന്റെ പ്രവചനത്തിൽ വെളിപ്പെടുത്തുകയും ചെയ്‌തുവെന്ന്‌ വിശദീകരിച്ചപ്പോഴും അദ്ദേഹം ബൈബിൾ വിദ്യാർഥികളോടു യോജിപ്പു പ്രകടമാക്കി. (ദാനീയേൽ 9:24-27) ഒന്നിലധികം തവണ തന്റെ സഭയുടെ പഠിപ്പിക്കലുകളോടു തുറന്ന വിയോജിപ്പു പ്രകടമാക്കിക്കൊണ്ട്‌, ക്രിസ്‌തുവിന്റെ മരണത്തിന്റെ അനുസ്‌മരണം വർഷത്തിൽ ഒരിക്കൽ മാത്രം, “ആ വാർഷികത്തിന്റെ അതേ തീയതിയിൽ,” ആഘോഷിക്കേണ്ടതാണെന്ന്‌ അദ്ദേഹം വിശ്വസിച്ചിരുന്നു. (ലൂക്കൊസ്‌ 22:19, 20) അദ്ദേഹം ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ തള്ളിക്കളയുകയും സത്യക്രിസ്‌ത്യാനികൾ ലൗകിക യുദ്ധത്തിൽ ഏർപ്പെടരുതെന്നു തറപ്പിച്ചു പറയുകയും ചെയ്‌തു.​—⁠യെശയ്യാവു 2:⁠4.

ഒരിക്കൽ, റസ്സലിന്റെ ലേഖനങ്ങളെ കുറിച്ച്‌ ബാങ്‌കെറ്റി, ജെ. കാംബെൽ വോൾ എന്ന ആളുമായി ചർച്ച ചെയ്യുകയായിരുന്നു. വോളിന്റെ വിമർശനങ്ങൾക്കു മറുപടിയായി ബാങ്‌കെറ്റി ഇപ്രകാരം പറഞ്ഞു: “റസ്സൽ എഴുതിയ ആറു വാല്യങ്ങൾ വായിച്ചാൽ, താങ്കൾക്ക്‌ തീവ്രവും അത്യഗാധവുമായ സന്തോഷം അനുഭവപ്പെടുമെന്നും എന്നോടു സർവാത്മനാ നന്ദി പറയുമെന്നും എനിക്കുറപ്പുണ്ട്‌. മതവിശ്വാസങ്ങളെ കുറിച്ചുള്ള അറിവു പ്രദർശിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നില്ല. പതിനൊന്നു വർഷം മുമ്പാണ്‌ ഞാൻ ആ പുസ്‌തകങ്ങൾ വായിച്ചത്‌. വിശുദ്ധ തിരുവെഴുത്തുകളിൽ പൂർണമായി വേരൂന്നിയതും അതിൽ ശക്തമായ അടിസ്ഥാനം ഉള്ളതുമായ ഈ ഗ്രന്ഥങ്ങളിലൂടെ ഇത്രയധികം പ്രകാശവും ആശ്വാസവും എനിക്കു കാണിച്ചുതന്നതിൽ ഞാൻ ദിവസവും ദൈവത്തിനു നന്ദി പറയുന്നു.”

“ശ്രദ്ധിക്കുക, ശ്രദ്ധിക്കുക, ശ്രദ്ധിക്കുക”

വാൾഡെൻസുകാരായ ഈ രണ്ടു പാസ്റ്റർമാർ​—⁠ഡാനിയേലെ റിവ്‌വോറും ജൂസെപ്പേ ബാങ്‌കെറ്റിയും​—⁠റസ്സൽ നൽകിയ ബൈബിൾ വിശദീകരണങ്ങളോടു വളരെ വിലമതിപ്പും നന്ദിയും പ്രകടമാക്കി എന്നതു ശ്രദ്ധേയമാണ്‌. ബാങ്‌കെറ്റി ഇങ്ങനെ എഴുതി: “ഇവാഞ്ചലിക്കൽ വിശ്വാസികളായ നമ്മിൽ ആർക്കും, നമ്മുടെ പാസ്റ്റർമാർക്കും ദൈവശാസ്‌ത്രജ്ഞന്മാർക്കു പോലും, എല്ലാമൊന്നും അറിയില്ല. അല്ല, പഠിക്കാൻ നമുക്കിനിയും വളരെ വളരെ കാര്യങ്ങളുണ്ട്‌. . . . എല്ലാം അറിയാം എന്നു വിചാരിക്കാതെ [നാം] നിന്ന്‌ ശ്രദ്ധിക്കണം. പരിശോധനയ്‌ക്കായി നമുക്കു ലഭിക്കുന്നത്‌ നാം തള്ളിക്കളയരുത്‌. പകരം, ശ്രദ്ധിക്കുക, ശ്രദ്ധിക്കുക, ശ്രദ്ധിക്കുക.”

ഓരോ വർഷവും ആയിരക്കണക്കിനാളുകൾ തങ്ങളുടെ വീടുകളിൽ യഹോവയുടെ സാക്ഷികൾ എത്തിക്കുന്ന രാജ്യസന്ദേശം ശ്രവിക്കുന്നു. എവിടെയുമുള്ള, ബൈബിൾ സത്യങ്ങൾക്കായി ദാഹിക്കുന്ന, തുറന്ന മനസ്സുള്ള ആളുകൾ “വന്നു എന്നെ അനുഗമിക്ക” എന്ന യേശുവിന്റെ ക്ഷണത്തോടു പ്രതികരിക്കുന്നു.​—⁠മർക്കൊസ്‌ 10:17-21; വെളിപ്പാടു 22:⁠17.

[അടിക്കുറിപ്പ്‌]

^ ഖ. 2 പിയെർ വോഡെയുടെ അല്ലെങ്കിൽ ഫ്രാൻസിലെ ലിയോൺസിൽ 12-ാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ഒരു വ്യാപാരിയായ പീറ്റർ വാൾഡോയുടെ പേരിൽനിന്നാണ്‌ ഇതിന്റെ ഉത്ഭവം. കത്തോലിക്കാ സഭയുടെ വിശ്വാസങ്ങളെ വെല്ലുവിളിച്ചതു നിമിത്തം വാൾഡോയെ സഭയിൽനിന്നു പുറത്താക്കിയിരുന്നു. വാൾഡെൻസുകാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ 2002 മാർച്ച്‌ 15 ലക്കം വീക്ഷാഗോപുരത്തിലെ “വാൾഡെൻസുകാർ​—⁠പാഷണ്ഡത്തിൽനിന്ന്‌ പ്രൊട്ടസ്റ്റന്റ്‌ മതത്തിലേക്ക്‌” എന്ന ലേഖനം കാണുക.

[28-ാം പേജിലെ ചിത്രം]

പ്രൊഫസർ ഡാനിയേലെ റിവ്‌വോർ

[29-ാം പേജിലെ ചിത്രം]

ജൂസെപ്പേ ബാങ്‌കെറ്റി

[കടപ്പാട്‌]

ബാങ്‌കെറ്റി: La Luce, April 14, 1926