വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“യേശുവിന്റെ നാമത്തിൽ” എന്നതു പോലുള്ള ഒരു പ്രയോഗം ഉപയോഗിക്കാതെ പ്രാർഥനയിൽ ദൈവത്തെ സമീപിക്കാൻ കഴിയുമോ?

പ്രാർഥനയിൽ യഹോവയെ സമീപിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്‌ത്യാനികൾ യേശുവിന്റെ നാമത്തിൽ ആയിരിക്കണം അതു ചെയ്യേണ്ടത്‌ എന്നു ബൈബിൾ വ്യക്തമാക്കുന്നു. യേശു ശിഷ്യന്മാരോട്‌ ഇപ്രകാരം പറഞ്ഞു: “ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” അവൻ ഇപ്രകാരം കൂട്ടിച്ചേർത്തു: ‘നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിനു ഞാൻ ചെയ്‌തുതരും.’​—⁠യോഹന്നാൻ 14:6, 13, 14.

യേശുവിന്റെ അതുല്യമായ പദവിയെ പരാമർശിച്ചുകൊണ്ട്‌ ബൈബിൾപരവും ദൈവശാസ്‌ത്രപരവും സഭാപരവുമായ സാഹിത്യ വിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു: “പ്രാർഥിക്കേണ്ടത്‌ ദൈവത്തോടു മാത്രമാണ്‌, യേശുക്രിസ്‌തുവിന്റെ മധ്യസ്ഥതയിൽ. അതുകൊണ്ട്‌ വിശുദ്ധന്മാരോടോ മാലാഖമാരോടോ ഉള്ള അപേക്ഷകളെല്ലാം അർഥശൂന്യമാണെന്നു മാത്രമല്ല, ദൈവദൂഷണപരം കൂടിയാണ്‌. സൃഷ്ടിയെ ഏതു പ്രകാരത്തിൽ ആരാധിക്കുന്നതും​—⁠ആ സൃഷ്ടി എത്ര ഉന്നത പദവിയിൽ ആയിരുന്നാലും​—⁠വിഗ്രഹാരാധനയാണ്‌, ദൈവത്തിന്റെ വിശുദ്ധ നിയമത്തിൽ കർശനമായി വിലക്കിയിരിക്കുന്ന ഒരു കാര്യമാണ്‌ അത്‌.”

വലിയൊരു അനുഗ്രഹം ലഭിച്ചതിനെ തുടർന്ന്‌ ഒരു വ്യക്തി, “യേശുവിന്റെ നാമത്തിൽ” എന്ന്‌ എടുത്തുപറയാതെ “യഹോവേ, നന്ദി” എന്നു മാത്രം പറയുന്നെങ്കിലോ? അതു തെറ്റായിരിക്കുമോ? അവശ്യം ആയിരിക്കണമെന്നില്ല. ആകസ്‌മികമായി ഒരു അപകടത്തെ നേരിടുമ്പോൾ ഒരു ക്രിസ്‌ത്യാനി, “യഹോവേ എന്നെ രക്ഷിക്കണേ” എന്നു വിളിച്ചപേക്ഷിക്കുന്നെങ്കിലോ? “യേശുവിന്റെ നാമത്തിൽ” എന്നു പറഞ്ഞില്ല എന്നതിന്റെ പേരിൽ തീർച്ചയായും ദൈവം തന്റെ സമർപ്പിത ദാസനെ സഹായിക്കാൻ കൂട്ടാക്കാതിരിക്കില്ല.

ദൈവത്തോടായാൽ പോലും വെറുതേ എന്തെങ്കിലും ഉറക്കെ വിളിച്ചുപറയുന്നത്‌ ഒരു പ്രാർഥനയാകുന്നില്ല. ഉദാഹരണത്തിന്‌, കയീൻ തന്റെ സഹോദരനായ ഹാബെലിനെ കൊലപ്പെടുത്തിയശേഷം ഇങ്ങനെ പറഞ്ഞു: “എന്റെ കുററം പൊറുപ്പാൻ കഴിയുന്നതിനെക്കാൾ വലിയതാകുന്നു. ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധി വിട്ടു ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും.” (ഉല്‌പത്തി 4:13-15എ) കയീൻ ഇതു പറഞ്ഞത്‌ യഹോവയോട്‌ ആയിരുന്നെങ്കിലും വാസ്‌തവത്തിൽ അതു തന്റെ പാപത്തിന്റെ തിക്തഫലത്തെ കുറിച്ചുള്ള ഒരു പരാതി മാത്രമായിരുന്നു.

ബൈബിൾ നമ്മോട്‌ ഇപ്രകാരം പറയുന്നു: “ദൈവം നിഗളികളോടു എതിർത്തുനില്‌ക്കയും താഴ്‌മയുള്ളവർക്കു കൃപ നല്‌കുകയും ചെയ്യുന്നു.” അത്യുന്നത ദൈവത്തെ വെറും ഒരു മനുഷ്യനെ എന്നപോലെ അഭിസംബോധന ചെയ്‌തുകൊണ്ടു സംസാരിക്കുന്നത്‌ താഴ്‌മയില്ലായ്‌മയാണു പ്രകടമാക്കുന്നത്‌ എന്നതിനു സംശയമില്ല. (യാക്കോബ്‌ 4:6; സങ്കീർത്തനം 47:2; വെളിപ്പാടു 14:7) യേശുവിന്റെ സ്ഥാനത്തെ കുറിച്ചു ദൈവവചനം പറയുന്ന കാര്യങ്ങൾ അറിയാമെന്നിരിക്കെ, യേശുക്രിസ്‌തുവിനെ മനഃപൂർവം അംഗീകരിക്കാതെ പ്രാർഥിക്കുന്നതും അനാദരവ്‌ ആയിരിക്കും.​—⁠ലൂക്കൊസ്‌ 1:32, 33.

ഏതെങ്കിലും ഒരു പ്രത്യേക ശൈലിയിലോ മറ്റോ നാം പ്രാർഥിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു എന്നല്ല അതിനർഥം. ഏറ്റവും പ്രധാനം വ്യക്തിയുടെ ഹൃദയനിലയാണ്‌. (1 ശമൂവേൽ 16:7) പൊ.യു. ഒന്നാം നൂറ്റാണ്ടിൽ, റോമൻ സൈനിക ഉദ്യോഗസ്ഥനായ കൊർന്നേല്യൊസ്‌ “എപ്പോഴും ദൈവത്തോടു പ്രാർത്ഥി”ച്ചിരുന്നതായി ബൈബിൾ വിവരണം പറയുന്നു. പരിച്ഛേദനയേൽക്കാത്ത ഒരു വിജാതീയനായ കൊർന്നേല്യൊസ്‌ യഹോവയുടെ ഒരു സമർപ്പിതദാസൻ ആയിരുന്നില്ല. അവൻ പ്രാർഥിച്ചിരുന്നത്‌ യേശുവിന്റെ നാമത്തിൽ ആയിരിക്കാൻ സാധ്യതയില്ലെങ്കിലും, അത്‌ “ദൈവത്തിന്റെ മുമ്പിൽ എത്തി.” കാരണം? കൊർന്നേല്യൊസ്‌ ‘ഭക്തനും ദൈവത്തെ ഭയപ്പെടുന്നവനു’മാണെന്ന്‌ ‘ഹൃദയങ്ങളെ ശോധന ചെയ്യുന്നവൻ’ കണ്ടു. (പ്രവൃത്തികൾ 10:​2, 4; സദൃശവാക്യങ്ങൾ 17:3) “നസറായനായ യേശുവിനെ” കുറിച്ചുള്ള പരിജ്ഞാനം സമ്പാദിച്ചശേഷം കൊർന്നേല്യൊസിനു പരിശുദ്ധാത്മാവു ലഭിക്കുകയും അവൻ യേശുവിന്റെ ഒരു സ്‌നാപനമേറ്റ ശിഷ്യനായിത്തീരുകയും ചെയ്‌തു.​—⁠പ്രവൃത്തികൾ 10:30-48.

ദൈവം ഏതെല്ലാം പ്രാർഥനകൾ കേൾക്കുമെന്നു തീരുമാനിക്കേണ്ടതു മനുഷ്യരല്ല. ഏതെങ്കിലും ഒരവസരത്തിൽ ഒരു ക്രിസ്‌ത്യാനി, “യേശുവിന്റെ നാമത്തിൽ” എന്നതു പോലുള്ള ഒരു പ്രയോഗം ഉപയോഗിക്കാതെ ദൈവത്തോട്‌ എന്തെങ്കിലും പറഞ്ഞുപോയാൽ അയാൾ കുറ്റബോധത്താൽ ഭാരപ്പെടേണ്ടതില്ല. നമ്മുടെ പരിമിതികളെ കുറിച്ച്‌ യഹോവ പൂർണമായും ബോധവാനാണ്‌, നമ്മെ സഹായിക്കാൻ അവൻ ആഗ്രഹിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 103:12-14) നാം ‘ദൈവത്തിന്റെ പുത്രനിൽ’ വിശ്വാസം അർപ്പിക്കുന്നെങ്കിൽ “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കു”മെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. (1 യോഹന്നാൻ 5:13, 14) എന്നിരുന്നാലും, പ്രത്യേകിച്ചും മറ്റുള്ളവരെ പ്രതിനിധീകരിച്ചുകൊണ്ടു പരസ്യമായി പ്രാർഥിക്കുമ്പോൾ, യഹോവയുടെ ഉദ്ദേശ്യത്തിൽ യേശുവിനുള്ള തിരുവെഴുത്തധിഷ്‌ഠിത സ്ഥാനത്തെ സത്യ ക്രിസ്‌ത്യാനികൾ അംഗീകരിക്കുന്നു. യേശു മുഖാന്തരം ദൈവത്തിനു പ്രാർഥനകൾ അർപ്പിച്ചുകൊണ്ട്‌ അവർ യേശുവിനെ ആദരിക്കാൻ അനുസരണപൂർവം ശ്രമിക്കുന്നു.