ഒരു മകൻ പിതാവിനെ സഹായിച്ച വിധം
ഒരു മകൻ പിതാവിനെ സഹായിച്ച വിധം
ഇംഗ്ലണ്ടിൽ താമസിക്കുന്ന ജെയിംസിന് 30-ലധികം വയസ്സുണ്ട്. ഗുരുതരമായ മാനസിക വൈകല്യങ്ങളും ജനിതകത്തകരാറു മൂലം ചെറിയ തോതിൽ ദിവാസ്വപ്‌നം കാണുന്ന പ്രകൃതവും ഉള്ള ആളാണെങ്കിലും, അമ്മയോടും സഹോദരിയോടുമൊപ്പം വർഷങ്ങളായി ജെയിംസ് യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ടായിരുന്നു. അയാളുടെ പിതാവ് പക്ഷേ, അവരുടെ വിശ്വാസങ്ങളിൽ വലിയ താത്‌പര്യമൊന്നും കാണിച്ചിരുന്നില്ല. ഒരു ദിവസം സന്ധ്യയ്‌ക്കു യോഗം കഴിഞ്ഞു തിരിച്ചെത്തിയ ജെയിംസ് നേരെ തന്റെ മുറിയിലേക്കു പോയി. ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകത്തിന് പരിചയക്കാരെ എങ്ങനെ ക്ഷണിക്കാമെന്നു കാണിക്കുന്ന ഒരു പ്രകടനം അന്നത്തെ യോഗത്തിൽ ഉണ്ടായിരുന്നു. ജെയിംസ് മുറിയിലേക്കു പോയപ്പോൾ അമ്മയും ആകാംക്ഷയോടെ അയാളെ പിന്തുടർന്നു. ഉത്സാഹത്തോടെ അയാൾ വീക്ഷാഗോപുര, ഉണരുക! മാസികകളുടെ പഴയ ലക്കങ്ങൾ തിരയുന്നത് അവർ കണ്ടു. അവസാനത്തെ പേജിൽ സ്‌മാരകത്തിനുള്ള ക്ഷണം അച്ചടിച്ച ഒരു മാസികയും തിരഞ്ഞെടുത്ത് അയാൾ പിതാവിന്റെ അടുത്തേക്ക് ഓടി. ആദ്യം ചിത്രം തൊട്ടുകാണിച്ചു, എന്നിട്ട് പിതാവിനെ ചൂണ്ടിക്കൊണ്ട് അയാൾ “ഡാഡി!” എന്നു പറഞ്ഞു. അയാളുടെ മാതാപിതാക്കൾ അമ്പരപ്പോടെ പരസ്‌പരം നോക്കി, ജെയിംസ് അദ്ദേഹത്തെ സ്‌മാരകത്തിനു ക്ഷണിക്കുകയാണെന്ന് അവർക്കു മനസ്സിലായി. വരാൻ സാധിക്കുമോയെന്നു നോക്കട്ടെ എന്നു പിതാവ് പറഞ്ഞു.
സ്‌മാരക ദിവസം വൈകുന്നേരം ജെയിംസ് പിതാവിന്റെ അലമാരയിൽനിന്ന് ഷർട്ടും പാന്റ്‌സും എടുത്ത് അദ്ദേഹത്തിനു കൊണ്ടുചെന്നു കൊടുത്തു. എന്നിട്ട് അതു ധരിക്കാൻ ആംഗ്യം കാണിച്ചു. എന്നാൽ താൻ വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ജെയിംസും അമ്മയും തനിയെ രാജ്യഹാളിലേക്കു പോയി.
കുറെ നാൾ കഴിഞ്ഞപ്പോൾ, സഭായോഗങ്ങൾക്കു പോകാൻ ജെയിംസ് മടികാണിച്ചു തുടങ്ങി. യോഗങ്ങൾക്കു പോകാൻ അമ്മ ജെയിംസിനെ ഒരുക്കാൻ ശ്രമിക്കുമ്പോൾ അയാൾ സഹകരിക്കാതായി, പകരം പിതാവിനോടൊപ്പം വീട്ടിൽത്തന്നെ ഇരിക്കാൻ താത്‌പര്യം കാണിച്ചു. ഒരു ഞായറാഴ്‌ച രാവിലെ, യോഗത്തിനു പോകാൻ അമ്മ ഒരുക്കാൻ ശ്രമിച്ചപ്പോൾ ജെയിംസ് വിസമ്മതം പ്രകടിപ്പിച്ചു. എന്നാൽ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജെയിംസിന്റെ പിതാവ് ചോദിച്ചു: “ജെയിംസ്, ഇന്നു ഞാൻ യോഗത്തിനു വന്നാൽ നീയും കൂടെ വരുമോ?” ജെയിംസിന്റെ കണ്ണുകൾ തിളങ്ങി. പിതാവിനെ കെട്ടിപ്പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു, “വരും!” അന്ന് മൂന്നു പേരും കൂടെ രാജ്യഹാളിൽ പോയി.
അന്നു മുതൽ ജെയിംസിന്റെ പിതാവ് പതിവായി ഞായറാഴ്‌ച യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. പുരോഗമിക്കണമെങ്കിൽ താൻ മറ്റു യോഗങ്ങൾക്കും കൂടെ സംബന്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്‌തു. (എബ്രായർ 10:24, 25) അങ്ങനെ അദ്ദേഹം എല്ലാ യോഗങ്ങളിലും സംബന്ധിക്കാൻ ആരംഭിച്ചു, രണ്ടു മാസത്തിനു ശേഷം ബൈബിൾ ക്രമമായി പഠിക്കാനും തുടങ്ങി. ത്വരിതഗതിയിൽ പുരോഗമിച്ച അദ്ദേഹം പെട്ടെന്നുതന്നെ ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. അധികം കഴിയുന്നതിനു മുമ്പ് അദ്ദേഹം രാജ്യ പ്രസംഗവേലയിൽ പങ്കെടുക്കാനും തുടങ്ങി. ബൈബിൾ പഠിക്കാൻ തുടങ്ങി ഒരു വർഷത്തിനു ശേഷം അദ്ദേഹം തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുകയും തന്റെ സമർപ്പണം ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തുകയും ചെയ്‌തു. ഇപ്പോൾ അദ്ദേഹം സഭയിൽ ഒരു ശുശ്രൂഷാദാസനാണ്. ആ കുടുംബത്തിലെ എല്ലാവരും യഹോവയെ ഐക്യത്തിൽ സേവിക്കുന്നു.