ദിവ്യ വ്യവസ്ഥകൾ പാലിക്കുന്നത് യഹോവയെ മഹത്ത്വപ്പെടുത്തുന്നു
ദിവ്യ വ്യവസ്ഥകൾ പാലിക്കുന്നത് യഹോവയെ മഹത്ത്വപ്പെടുത്തുന്നു
“കൃതജ്‌ഞതാസ്‌തോത്രത്തോടെ ഞാൻ അവിടുത്തെ മഹത്വപ്പെടുത്തും.” —സങ്കീർത്തനം 69:30, പി.ഒ.സി. ബൈബിൾ.
1. (എ) യഹോവ മഹത്ത്വത്തിന് അർഹനായിരിക്കുന്നത് എന്തുകൊണ്ട്? (ബി) കൃതജ്ഞതാസ്‌തോത്രത്തോടെ നാം അവനെ മഹത്ത്വപ്പെടുത്തുന്നത് എങ്ങനെ?
യഹോവ സർവശക്തനായ ദൈവമാണ്, അഖിലാണ്ഡ പരമാധികാരിയും സ്രഷ്ടാവുമാണ്. അതുകൊണ്ടുതന്നെ അവന്റെ നാമവും ഉദ്ദേശ്യങ്ങളും മഹത്ത്വം അർഹിക്കുന്നു. യഹോവയെ മഹത്ത്വപ്പെടുത്തുക എന്നതിന്റെ അർഥം അവന് ഏറ്റവും ഉയർന്ന ആദരവു നൽകുക, വാക്കാലും പ്രവൃത്തിയാലും അവനു സ്‌തുതിയും പുകഴ്‌ചയും കരേറ്റുക എന്നാണ്. “കൃതജ്‌ഞതാസ്‌തോത്രത്തോടെ” അങ്ങനെ ചെയ്യുന്നതിന്, നമുക്കായി അവൻ ഇപ്പോൾ ചെയ്യുന്നതും ഭാവിയിൽ ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങൾക്കു വേണ്ടി നാം എല്ലായ്‌പോഴും കൃതജ്ഞതയുള്ളവർ ആയിരിക്കേണ്ടതുണ്ട്. നമുക്ക് എപ്രകാരമുള്ള മനോഭാവമാണ് ഉണ്ടായിരിക്കേണ്ടത് എന്ന് വെളിപ്പാടു 4:11 കാണിച്ചുതരുന്നു. സ്വർഗത്തിലുള്ള വിശ്വസ്‌ത ആത്മജീവികൾ ഇങ്ങനെ ഉദ്‌ഘോഷിക്കുന്നതായി ആ വാക്യം പറയുന്നു: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.” നാം യഹോവയെ മഹത്ത്വപ്പെടുത്തുന്നത് എങ്ങനെയാണ്? അവനെ കുറിച്ചു പഠിക്കുകയും അവന്റെ വ്യവസ്ഥകൾ പാലിക്കുകയും ചെയ്യുന്നതിലൂടെ. സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ.” നമുക്കും ഇതേ മനോഭാവം ഉണ്ടായിരിക്കണം.—സങ്കീർത്തനം 143:10.
2. തന്നെ മഹത്ത്വപ്പെടുത്തുന്നവർക്ക് യഹോവ എന്ത് അനുഗ്രഹം നൽകും, അങ്ങനെ ചെയ്യാത്തവർക്ക് എന്തു സംഭവിക്കും?
2 തന്നെ മഹത്ത്വപ്പെടുത്തുന്നവരെ യഹോവ വിലമതിക്കുന്നു. അതുകൊണ്ടാണ് അവൻ ‘തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നത്.’ (എബ്രായർ 11:6) എന്താണ് ആ പ്രതിഫലം? തന്റെ സ്വർഗീയ പിതാവിനോടുള്ള പ്രാർഥനയിൽ യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) അതേ, ‘കൃതജ്ഞതാസ്‌തോത്രത്തോടെ യഹോവയെ മഹത്വപ്പെടു’ത്തുന്നവർ “ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) അതേസമയം, “ദോഷിക്കു പ്രതിഫലമുണ്ടാകയില്ല” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 24:20) ഈ അന്ത്യനാളുകളിൽ, യഹോവയെ മഹത്ത്വപ്പെടുത്തേണ്ടത് അടിയന്തിരമാണ്. കാരണം, പെട്ടെന്നുതന്നെ അവൻ ദുഷ്ടന്മാരെ നശിപ്പിക്കുകയും നീതിമാന്മാരെ പരിരക്ഷിക്കുകയും ചെയ്യും. “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17; സദൃശവാക്യങ്ങൾ 2:21, 22.
3. മലാഖിയുടെ പുസ്‌തകത്തിനു നാം ശ്രദ്ധ നൽകേണ്ടത് എന്തുകൊണ്ട്?
3 യഹോവയുടെ ഹിതം ബൈബിളിൽ കാണപ്പെടുന്നു, കാരണം ‘എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്.’ (2 തിമൊഥെയൊസ് 3:16) തന്നെ മഹത്ത്വപ്പെടുത്തുന്നവരെ യഹോവ എപ്രകാരം അനുഗ്രഹിക്കുമെന്നും അങ്ങനെ ചെയ്യാത്തവർക്ക് എന്തു സംഭവിക്കുമെന്നും കാണിക്കുന്ന ഒട്ടേറെ വിവരണങ്ങൾ ദൈവത്തിന്റെ ആ വചനത്തിലുണ്ട്. അവയിലൊന്ന്, മലാഖി പ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ നടന്ന കാര്യങ്ങളെ കുറിച്ചു പ്രതിപാദിക്കുന്നതാണ്. ഏതാണ്ട് പൊ.യു.മു. 443-ൽ, നെഹെമ്യാവ് യഹൂദയിലെ ദേശാധിപതി ആയിരുന്ന കാലത്താണ് സ്വന്തം പേരിലുള്ള പുസ്‌തകം മലാഖി എഴുതുന്നത്. വളരെ സ്വാധീനശക്തിയുള്ളതും ആവേശജനകവുമായ ഈ പുസ്‌തകത്തിൽ, “ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതി”യിരിക്കുന്ന വിവരങ്ങളും പ്രവചനങ്ങളും അടങ്ങിയിരിക്കുന്നു. (1 കൊരിന്ത്യർ 10:11) മലാഖിയുടെ വാക്കുകൾക്കു ശ്രദ്ധ നൽകുന്നത്, ഈ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കാനുള്ള ‘യഹോവയുടെ വലുതും ഭയങ്കരവുമായ നാളിനായി’ നമ്മെ ഒരുക്കും.—മലാഖി 4:5.
4. മലാഖി 1-ാം അധ്യായം ഏത് ആറ് ആശയങ്ങളിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു?
4 മലാഖിയുടെ പുസ്‌തകം 2,400-ലധികം വർഷം മുമ്പ് എഴുതിയതാണെന്നിരിക്കെ, യഹോവയുടെ വലുതും ഭയങ്കരവുമായ നാളിനായി ഒരുങ്ങാൻ ഈ 21-ാം നൂറ്റാണ്ടിൽ അതു നമ്മെ സഹായിക്കുന്നത് എങ്ങനെ? യഹോവയുടെ പ്രീതിയും നിത്യജീവനും നേടുന്നതിനായി, കൃതജ്ഞതാസ്‌തോത്രത്തോടെ യഹോവയെ മഹത്ത്വപ്പെടുത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന, കുറഞ്ഞപക്ഷം ആറ് മർമപ്രധാന ആശയങ്ങളിലേക്ക് ആദ്യത്തെ അധ്യായം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു: (1) യഹോവ തന്റെ ജനത്തെ സ്‌നേഹിക്കുന്നു. (2) നാം വിശുദ്ധ കാര്യങ്ങളെ വിലമതിക്കണം. (3) നാം യഹോവയ്‌ക്ക് ഏറ്റവും മികച്ചതു നൽകാൻ അവൻ പ്രതീക്ഷിക്കുന്നു. (4) അത്യാഗ്രഹത്താലല്ല നിസ്വാർഥ സ്‌നേഹത്താൽ സത്യാരാധന ഉന്നമിപ്പിക്കപ്പെടുന്നു. (5) ദൈവത്തിനുള്ള സ്വീകാര്യമായ സേവനം ഭാരപ്പെടുത്തുന്ന ഒരു ചടങ്ങല്ല. (6) നാം ഓരോരുത്തരും ദൈവത്തോടു കണക്കു ബോധിപ്പിക്കണം. മലാഖിയുടെ പുസ്‌തകത്തെ ആസ്‌പദമാക്കിയുള്ള മൂന്ന് ലേഖനങ്ങളിൽ ആദ്യത്തേതായ ഇതിൽ, മലാഖി 1-ാം അധ്യായം അടുത്തു പരിശോധിച്ചുകൊണ്ട് ആ ആശയങ്ങൾ ഓരോന്നും നമുക്കു പരിചിന്തിക്കാം.
യഹോവ തന്റെ ജനത്തെ സ്‌നേഹിക്കുന്നു
5, 6. (എ) യഹോവ യാക്കോബിനെ സ്‌നേഹിച്ചത് എന്തുകൊണ്ട്? (ബി) നാം യാക്കോബിന്റെ വിശ്വസ്‌തത അനുകരിക്കുന്നെങ്കിൽ, നമുക്ക് എന്തു പ്രതീക്ഷിക്കാനാകും?
5 മലാഖിയുടെ പുസ്‌തകത്തിലെ പ്രാരംഭ വാക്യങ്ങൾ യഹോവയുടെ സ്‌നേഹത്തെ വ്യക്തമാക്കുന്നു. പുസ്‌തകം ഈ വാക്കുകളോടെ ആരംഭിക്കുന്നു: “പ്രവാചകം; . . . യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാടു.” തുടർന്ന്, “ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു” എന്ന് ദൈവം പറയുന്നു. അതിന് ഒരു ഉദാഹരണം എന്ന നിലയിൽ അതേ വാക്യത്തിൽ യഹോവ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ഞാൻ യാക്കോബിനെ സ്‌നേഹിച്ചു.” (NW) യഹോവയിൽ വിശ്വാസം അർപ്പിച്ചിരുന്ന ഒരു മനുഷ്യനായിരുന്നു യാക്കോബ്. യഹോവ യാക്കോബിന്റെ പേര് ഇസ്രായേൽ എന്നാക്കി മാറ്റുകയും അങ്ങനെ അവൻ ഇസ്രായേൽ ജനതയുടെ ഒരു പൂർവപിതാവ് ആയിത്തീരുകയും ചെയ്‌തു. യാക്കോബ് വിശ്വാസം ഉള്ള ഒരു വ്യക്തി ആയിരുന്നതിനാലാണ് യഹോവ അവനെ ആ വിധത്തിൽ സ്‌നേഹിച്ചത്. ഇസ്രായേൽ ജനതയിൽനിന്നുള്ളവരിൽ യാക്കോബിന്റേതു പോലുള്ള മനോഭാവം തന്നോടു പ്രകടമാക്കിയവരെയും അവൻ സ്‌നേഹിച്ചു.—മലാഖി 1:1, 2.
6 യഹോവയെ സ്‌നേഹിക്കുകയും അവന്റെ ജനത്തോടു വിശ്വസ്‌തമായി പറ്റിനിൽക്കുകയും ചെയ്യുന്നെങ്കിൽ, നമുക്ക് 1 ശമൂവേൽ 12:22-ലെ പ്രസ്‌താവനയിൽനിന്ന് ആശ്വാസം കൈക്കൊള്ളാനാകും: “യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല.” യഹോവ തന്റെ ജനത്തെ സ്‌നേഹിക്കുന്നു. ഒടുവിൽ അവൻ നിത്യജീവനാകുന്ന പ്രതിഫലം അവർക്കു നൽകും. അതുകൊണ്ടാണ് നമ്മോട് ഇങ്ങനെ പറഞ്ഞിരിക്കുന്നത്: “യഹോവയിൽ ആശ്രയിച്ചു നന്മചെയ്‌ക; ദേശത്തു പാർത്തു വിശ്വസ്‌തത ആചരിക്ക. യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.” (സങ്കീർത്തനം 37:3, 4) യഹോവയെ സ്‌നേഹിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടാമത്തെ ആശയത്തിലേക്ക് മലാഖി 1-ാം അധ്യായം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.
വിശുദ്ധ കാര്യങ്ങളെ വിലമതിക്കുക
7. യഹോവ ഏശാവിനെ ദ്വേഷിച്ചത് എന്തുകൊണ്ട്?
7 മലാഖി 1:2, 3 വാക്യങ്ങളിൽ, “ഞാൻ യാക്കോബിനെ സ്‌നേഹിച്ചു” എന്നു പറഞ്ഞശേഷം “ഏശാവിനെ ഞാൻ ദ്വേഷിച്ചു” എന്ന് യഹോവ പ്രസ്‌താവിക്കുന്നു. കാരണം എന്താണ്? യാക്കോബ് യഹോവയെ മഹത്ത്വപ്പെടുത്തി. എന്നാൽ അവന്റെ ഇരട്ട സഹോദരനായ ഏശാവ് അതു ചെയ്‌തില്ല. ഏശാവിനെ ഏദോം എന്നും വിളിച്ചിരുന്നു. മലാഖി 1:4-ൽ, ഏദോം ദേശത്തെ ദുഷ്ടപ്രദേശം എന്നു വിളിച്ചിരിക്കുന്നു, അതുപോലെ അതിലെ നിവാസികളെ അപലപിക്കുകയും ചെയ്‌തിരിക്കുന്നു. അൽപ്പം ചുവന്ന പായസത്തിനുവേണ്ടി ഏശാവ് തന്റെ വിലയേറിയ ജന്മാവകാശം യാക്കോബിനു വിറ്റതിനെ തുടർന്നാണ് അവന് (“ചുവന്നവൻ” എന്നർഥമുള്ള) ഏദോം എന്ന പേരു ലഭിച്ചത്. “ഏശാവ് ജ്യേഷ്‌ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു” എന്ന് ഉല്‌പത്തി 25:34 പറയുന്നു. “ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്‌ഠാവകാശം വിററുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ [“വിശുദ്ധ കാര്യങ്ങളെ വിലമതിക്കാത്തവനോ,” NW] ആയിത്തീരുകയും ചെയ്യാതിരിപ്പാൻ” ശ്രദ്ധിച്ചുകൊള്ളണമെന്ന് പൗലൊസ് അപ്പൊസ്‌തലൻ സഹവിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.—എബ്രായർ 12:14-16.
8. പൗലൊസ് ഏശാവിനെ ഒരു ദുർന്നടപ്പുകാരനോട് ഉപമിക്കാൻ കാരണമെന്ത്?
8 ഏശാവിന്റെ പ്രവൃത്തികളെ പൗലൊസ് ദുർന്നടപ്പുമായി ബന്ധപ്പെടുത്തിയത് എന്തുകൊണ്ടാണ്? കാരണം ഏശാവിന്റേതു പോലുള്ള മനോഭാവം ഉണ്ടായിരിക്കുന്നത്, വിശുദ്ധ കാര്യങ്ങളെ വിലമതിക്കാതിരിക്കുന്നതിലേക്ക് ഒരുവനെ നയിച്ചേക്കാം. അതാകട്ടെ, ദുർന്നടപ്പു പോലുള്ള ഗുരുതരമായ പാപങ്ങളിൽ കലാശിച്ചേക്കാം. അതുകൊണ്ട് നമുക്ക് ഓരോരുത്തർക്കും ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘ഒരു പാത്രം പയറുപായസം പോലുള്ള ക്ഷണികമായ എന്തിനെങ്കിലും വേണ്ടി നിത്യജീവനാകുന്ന എന്റെ ക്രിസ്‌തീയ പൈതൃകം കൈമാറ്റം ചെയ്യാൻ ഞാൻ ചിലപ്പോൾ പ്രലോഭിതനാകാറുണ്ടോ? ഒരുപക്ഷേ ഞാൻ തിരിച്ചറിയാതെതന്നെ വിശുദ്ധ കാര്യങ്ങളെ തുച്ഛീകരിക്കുന്നുവോ?’ ശാരീരിക വാഞ്‌ഛയെ തൃപ്‌തിപ്പെടുത്താനുള്ള അടങ്ങാത്ത ആഗ്രഹത്താൽ ഏശാവ് അക്ഷമനായിത്തീർന്നു. അവൻ യാക്കോബിനോടു പറഞ്ഞു: “ദയവായി എനിക്ക് ഒരു കവിൾ പായസം തരൂ, വേഗമാകട്ടെ.” (ഉല്‌പത്തി 25:30, NW) സങ്കടകരമെന്നു പറയട്ടെ, ദൈവദാസരിൽ ചിലരും ഫലത്തിൽ അതുപോലെ പറഞ്ഞിട്ടുണ്ട്: “വേഗമാകട്ടെ! എന്തിന് ഒരു മാന്യമായ വിവാഹത്തിനായി കാത്തിരിക്കണം?” എന്തു വിലകൊടുത്തും ലൈംഗിക സംതൃപ്‌തി നേടാനുള്ള ആഗ്രഹം അവർക്ക് ഏശാവിന്റെ പയറുപായസം പോലെ ആയിത്തീർന്നിരിക്കുന്നു.
9. യഹോവയോടുള്ള ഭക്ത്യാദരപൂർവകമായ ഭയം നിലനിറുത്താൻ നമുക്ക് എങ്ങനെ കഴിയും?
9 ചാരിത്ര്യവും ദൃഢവിശ്വസ്‌തതയും നമ്മുടെ ആത്മീയ പൈതൃകവും ത്യജിച്ചുകൊണ്ട് നാം ഒരിക്കലും വിശുദ്ധ കാര്യങ്ങളെ തുച്ഛീകരിക്കാതിരിക്കട്ടെ. ഏശാവിനെ പോലെ ആയിരിക്കുന്നതിനു പകരം, നമുക്ക് യാക്കോബിനെ പോലെ ആയിരിക്കുകയും വിശുദ്ധ കാര്യങ്ങളോട് ആഴമായ വിലമതിപ്പു പ്രകടമാക്കിക്കൊണ്ട് ദൈവത്തോടുള്ള ഭക്ത്യാദരപൂർവകമായ ഭയം നിലനിറുത്തുകയും ചെയ്യാം. നമുക്ക് അത് എങ്ങനെ ചെയ്യാനാകും? യഹോവയുടെ വ്യവസ്ഥകൾ പാലിക്കാൻ ശ്രദ്ധയുള്ളവർ ആയിരുന്നുകൊണ്ട്. ഇത് മലാഖി 1-ാം അധ്യായത്തിൽ വ്യക്തമാക്കിയിരിക്കുന്ന മൂന്നാമത്തെ ആശയത്തിലേക്കു നമ്മെ ന്യായമായും നയിക്കുന്നു. അത് എന്താണ്?
യഹോവയ്‌ക്ക് ഏറ്റവും മികച്ചതു നൽകൽ
10. പുരോഹിതന്മാർ യഹോവയുടെ മേശയെ നിന്ദ്യമാക്കിയത് എങ്ങനെ?
10 മലാഖിയുടെ കാലത്ത് യെരൂശലേമിലെ ആലയത്തിൽ സേവനം അനുഷ്‌ഠിച്ചിരുന്ന യഹൂദയിലെ പുരോഹിതന്മാർ, ഏറ്റവും മെച്ചപ്പെട്ട യാഗങ്ങളല്ല യഹോവയ്‌ക്ക് അർപ്പിച്ചിരുന്നത്. മലാഖി 1:6-8 പറയുന്നു: “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു.” അപ്പോൾ, “ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു” എന്നു പുരോഹിതന്മാർ ചോദിച്ചു. “നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ മലിനഭോജനം അർപ്പിക്കുന്ന”തിനാൽത്തന്നെ എന്ന് യഹോവ മറുപടി പറഞ്ഞു. “ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു” എന്ന് പുരോഹിതന്മാർ ചോദിക്കുന്നു. അതുകൊണ്ട് യഹോവ അവരോടു പറഞ്ഞു: “യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങൾ പറയുന്നതിനാൽ തന്നേ.” “അതു ദോഷമല്ല” എന്നു പറഞ്ഞുകൊണ്ട് ഓരോ തവണയും അവർ ഊനമുള്ള യാഗങ്ങൾ യഹോവയ്‌ക്ക് അർപ്പിച്ചു. അങ്ങനെ അവർ യഹോവയുടെ മേശയെ നിന്ദ്യമാക്കി.
11. (എ) അസ്വീകാര്യമായ യാഗങ്ങളെ കുറിച്ച് യഹോവ എന്താണു പറഞ്ഞത്? (ബി) സാധാരണ ജനം കുറ്റക്കാർ ആയിരുന്നത് ഏതു വിധത്തിൽ?
11 അത്തരം അസ്വീകാര്യമായ യാഗങ്ങളെ കുറിച്ച് യഹോവ അവരോട് ഇങ്ങനെ ന്യായവാദം ചെയ്‌തു: “അതിനെ നിന്റെ ദേശാധിപതിക്കു കാഴ്‌ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ?” ഇല്ല, അത്തരമൊരു കാഴ്‌ചയിൽ അവരുടെ ദേശാധിപതി ഒരിക്കലും സംപ്രീതൻ ആകുമായിരുന്നില്ല. അങ്ങനെയെങ്കിൽ,
ഊനമുള്ള അത്തരം യാഗങ്ങളിൽ അഖിലാണ്ഡ പരമാധികാരി എത്ര കുറച്ചേ പ്രസാദിക്കുമായിരുന്നുള്ളൂ! പുരോഹിതന്മാർ മാത്രമായിരുന്നില്ല കുറ്റക്കാർ. യാഗാർപ്പണം നടത്തിയിരുന്നത് പുരോഹിതന്മാർ ആയിരുന്നതിനാൽ അവർ യഹോവയെ നിന്ദിക്കുകയായിരുന്നു എന്നതു ശരിതന്നെ. എന്നാൽ സാധാരണ ജനം കുറ്റക്കാർ ആയിരുന്നില്ലേ? തീർച്ചയായും! കണ്ണുപൊട്ടിയതും മുടന്തും ദീനവും ഉള്ളതുമായ മൃഗങ്ങളെ തിരഞ്ഞെടുത്ത് യാഗാർപ്പണത്തിനായി പുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുവന്നത് അവരായിരുന്നല്ലോ. എത്ര വലിയ പാപം!12. നമുക്കുള്ള ഏറ്റവും മികച്ചത് യഹോവയ്‌ക്കു നൽകാൻ നമുക്കു സഹായം ലഭിക്കുന്നത് എങ്ങനെ?
12 നമുക്കുള്ള ഏറ്റവും മികച്ചത് യഹോവയ്‌ക്കു നൽകുന്നതാണ് നാം അവനെ യഥാർഥമായി സ്‌നേഹിക്കുന്നുവെന്നു പ്രകടമാക്കാനുള്ള ഒരു മാർഗം. (മത്തായി 22:37, 38) മലാഖിയുടെ നാളിലെ വഴിപിഴച്ച പുരോഹിതന്മാരിൽനിന്നു വ്യത്യസ്‌തമാണ് യഹോവയുടെ സംഘടന. ദിവ്യ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് കൃതജ്ഞതാസ്‌തോത്രത്തോടെ യഹോവയെ മഹത്ത്വപ്പെടുത്തുന്നതിൽ നമ്മെ സഹായിക്കുന്ന നല്ല തിരുവെഴുത്തു പ്രബോധനങ്ങൾ ആ സംഘടന ഇന്നു സമൃദ്ധമായി പ്രദാനം ചെയ്യുന്നു. ഇതിനോടു ബന്ധപ്പെട്ടതാണ് മലാഖി 1-ാം അധ്യായത്തിൽ നിന്നു ലഭിക്കുന്ന നാലാമത്തെ സുപ്രധാന ആശയം.
അത്യാഗ്രഹത്താലല്ല നിസ്വാർഥ സ്‌നേഹത്താൽ സത്യാരാധന ഉന്നമിപ്പിക്കപ്പെടുന്നു
13. അത്യാഗ്രഹമാണ് തങ്ങളുടെ സേവനത്തിനു പ്രചോദനമെന്ന് പുരോഹിതന്മാർ പ്രകടമാക്കിയത് എങ്ങനെ?
13 മലാഖിയുടെ നാളിലെ പുരോഹിതന്മാർ സ്വാർഥരും സ്‌നേഹശൂന്യരും പണക്കൊതിയന്മാരും ആയിരുന്നു. നമുക്ക് അത് എങ്ങനെ അറിയാം? മലാഖി 1:10 പറയുന്നതു ശ്രദ്ധിക്കുക: “നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിന്നു നിങ്ങളിൽ ആരെങ്കിലും വാതിൽ അടെച്ചുകളഞ്ഞാൽ കൊള്ളായിരുന്നു; എനിക്കു നിങ്ങളിൽ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യിൽനിന്നു ഞാൻ വഴിപാടു കൈക്കൊൾകയുമില്ല.” വാതിലുകൾ അടയ്‌ക്കുന്നതും യാഗപീഠത്തിൽ തീ കത്തിക്കുന്നതും പോലുള്ള, ഏറ്റവും ചെറിയ ആലയ സേവനങ്ങൾക്കു പോലും അത്യാഗ്രഹികളായ ആ പുരോഹിതന്മാർ പണം ആവശ്യപ്പെട്ടിരുന്നു! അവരുടെ കൈകൊണ്ടുള്ള വഴിപാടുകളിൽ യഹോവ പ്രസാധിക്കാഞ്ഞതിൽ അതിശയമില്ല!
14. യഹോവയുടെ സാക്ഷികളെ പ്രചോദിപ്പിക്കുന്നത് സ്‌നേഹമാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
14 പുരാതന യെരൂശലേമിലെ പാപികളായ പുരോഹിതന്മാരുടെ അത്യാഗ്രഹവും സ്വാർഥതയും, അത്യാഗ്രഹികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന ദൈവവചനത്തിലെ പ്രസ്‌താവന നമ്മെ നന്നായി ഓർമിപ്പിച്ചേക്കാം. (1 കൊരിന്ത്യർ 6:9, 10) സ്വാർഥപൂർവം പ്രവർത്തിച്ച ആ പുരോഹിതന്മാരുടെ രീതികളെ കുറിച്ചു ചിന്തിക്കുന്നത്, യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്ന ലോകവ്യാപക പ്രസംഗവേലയോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കുന്നു. അതു സ്വമേധയാ ചെയ്യപ്പെടുന്നതാണ്; നമ്മുടെ ശുശ്രൂഷയുടെ ഏതൊരു വശത്തും നാം ആളുകളിൽനിന്നു പണം ഈടാക്കുന്നില്ല. അതേ, നാം “ദൈവവചനം കൊണ്ടുനടന്നു വിൽക്കുന്നവരല്ല.” (2 കൊരിന്ത്യർ 2:17, NW) “സൗജന്യമായി ഞാൻ ദൈവത്തിന്റെ സുവാർത്ത നിങ്ങളോടു സന്തോഷപൂർവം ഘോഷിച്ചു” എന്ന് പൗലൊസിനെ പോലെ നമുക്ക് ഓരോരുത്തർക്കും സത്യസന്ധമായി പറയാനാകും. (2 കൊരിന്ത്യർ 11:7, NW) പൗലൊസ് ‘സന്തോഷപൂർവം സുവാർത്ത ഘോഷിച്ചു’ എന്നതു ശ്രദ്ധിക്കുക. മലാഖി 1-ാം അധ്യായത്തിൽനിന്നുള്ള അഞ്ചാമത്തെ ആശയത്തിലേക്ക് അതു നമ്മുടെ ശ്രദ്ധ തിരിക്കുന്നു.
ദൈവത്തിനുള്ള സേവനം ഭാരപ്പെടുത്തുന്ന ഒരു ചടങ്ങല്ല
15, 16. (എ) യാഗാർപ്പണത്തോടുള്ള പുരോഹിതന്മാരുടെ മനോഭാവം എന്തായിരുന്നു? (ബി) യഹോവയുടെ സാക്ഷികൾ യാഗങ്ങൾ അർപ്പിക്കുന്നത് എങ്ങനെ?
15 പുരാതന യെരൂശലേമിലെ വിശ്വാസമില്ലാഞ്ഞ പുരോഹിതന്മാർ യാഗാർപ്പണത്തെ ക്ഷീണിപ്പിക്കുന്ന ഒരു ചടങ്ങായിട്ടാണു വീക്ഷിച്ചത്. അത് അവർക്ക് ഒരു ഭാരമായിരുന്നു. മലാഖി 1:13-ൽ ദൈവം അവരോടു പറയുന്നതു ശ്രദ്ധിക്കുക: “എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങൾ അതിനോടു ചീറുന്നു.” ആ പുരോഹിതന്മാർ ദൈവത്തിന്റെ വിശുദ്ധ കാര്യങ്ങളുടെ നേരെ ചീറി അഥവാ അതിനോടു നിന്ദ പ്രകടമാക്കി. വ്യക്തിപരമായി ഒരിക്കലും അവരെപ്പോലെ ആകാതിരിക്കാൻ നമുക്കു പ്രാർഥിക്കാം. പകരം, 1 യോഹന്നാൻ 5:3-ലെ വാക്കുകളിൽ നിഴലിക്കുന്ന മനോഭാവം നമുക്ക് എല്ലായ്‌പോഴും പ്രകടമാക്കാം: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം; അവന്റെ കലപ്‌നകൾ ഭാരമുള്ളവയല്ല.”
16 ക്ഷീണിപ്പിക്കുന്ന ഒരു ഭാരമായി ഒരിക്കലും കരുതാതെ, ദൈവത്തിന് ആത്മീയ യാഗങ്ങൾ അർപ്പിക്കുന്നതിൽ നമുക്കു സന്തോഷിക്കാം. പിൻവരുന്ന പ്രാവചനിക വാക്കുകൾക്ക് നമുക്കു ശ്രദ്ധ നൽകാം: “നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും.” (ഹോശേയ 14:2) ‘അധരാർപ്പണമായ കാളകൾ’ എന്ന പ്രയോഗം ആത്മീയ യാഗങ്ങളെ, യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും സ്‌തുതിച്ചുകൊണ്ട് നാം പറയുന്ന വാക്കുകളെ സൂചിപ്പിക്കുന്നു. എബ്രായർ 13:15 ഇങ്ങനെ പ്രസ്‌താവിക്കുന്നു: ‘[യേശുക്രിസ്‌തു] മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏററു പറയുന്ന അധരഫലം എന്ന സ്‌തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.’ നമ്മുടെ ആത്മീയ യാഗങ്ങൾ വെറും ചടങ്ങുകൾ അല്ല, മറിച്ച് ദൈവത്തോടുള്ള സ്‌നേഹത്തിന്റെ മുഴുഹൃദയത്തോടു കൂടിയ പ്രകടനമാണ് എന്നതിൽ നാം എത്രയധികം സന്തോഷിക്കുന്നു! മലാഖി 1-ാം അധ്യായത്തിൽ കാണാൻ കഴിയുന്ന ആറാമത്തെ ആശയത്തിലേക്ക് അതു നമ്മെ നയിക്കുന്നു.
ഓരോരുത്തരും ദൈവത്തോടു കണക്കു ബോധിപ്പിക്കണം
17, 18. (എ) ‘വഞ്ചന കാട്ടുന്ന’ വ്യക്തിയെ യഹോവ ശപിച്ചത് എന്തുകൊണ്ട്? (ബി) വഞ്ചന കാട്ടുന്നവർ കണക്കിലെടുക്കാതിരുന്നത് എന്താണ്?
17 മലാഖിയുടെ നാളിൽ ജീവിച്ചിരുന്നവർ തങ്ങളുടെ പ്രവർത്തനങ്ങൾക്കു വ്യക്തിപരമായ ഉത്തരവാദിത്വം വഹിച്ചിരുന്നു, നമ്മുടെ കാര്യത്തിലും അതു സത്യമാണ്. (റോമർ 14:12; ഗലാത്യർ 6:5) അതിനു ചേർച്ചയിൽ മലാഖി 1:14 ഇപ്രകാരം പറയുന്നു: ‘തന്റെ ആട്ടിൻകൂട്ടത്തിൽ ഒരു [ഊനമില്ലാത്ത] ആൺ ഉണ്ടായിരിക്കെ, കർത്താവിന്നു നേർന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ.’ ഒരു മൃഗം, ഉദാഹരണത്തിന് ഒരു ആട്, മാത്രമുള്ള ഒരാൾക്ക് യാഗമൃഗം സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പ് ഇല്ലായിരുന്നു. എന്നാൽ ഒരു പറ്റം മൃഗങ്ങൾ ഉള്ള ഒരാളുടെ സ്ഥിതി അതായിരുന്നില്ല. യാഗത്തിനു വേണ്ടി മൃഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ കണ്ണുപൊട്ടിയതോ മുടന്തുള്ളതോ ദീനമുള്ളതോ ആയ മൃഗത്തെ തിരഞ്ഞെടുക്കേണ്ട ഗതികേട് അയാൾക്ക് ഉണ്ടായിരുന്നില്ല. അയാൾ ഊനമുള്ള ഒന്നിനെ തിരഞ്ഞെടുക്കുന്നെങ്കിൽ അത് യഹോവയുടെ യാഗക്രമീകരണത്തോടുള്ള നിന്ദ ആയിരിക്കുമായിരുന്നു. കാരണം, ഒരു പറ്റം മൃഗങ്ങളുള്ള ഒരാൾക്ക് തീർച്ചയായും അതിൽനിന്ന് ഊനമില്ലാത്ത ഒന്നിനെ കണ്ടെത്താൻ കഴിയുമായിരുന്നു!
18 തന്റെ പറ്റത്തിൽ ഊനമില്ലാത്ത ഒരു ആൺമൃഗം ഉണ്ടായിരിക്കെ, കണ്ണുപൊട്ടിയതോ മുടന്തുള്ളതോ ദീനമുള്ളതോ ആയ ഒന്നിനെ യാഗം കഴിക്കാനായി പുരോഹിതന്റെ അടുക്കലേക്ക്—ഒരുപക്ഷേ വലിച്ചിഴച്ച്—കൊണ്ടുവന്ന വഞ്ചകനെ യഹോവ ശപിച്ചത് തക്ക കാരണത്തോടെയാണ്. എന്നാൽ ദൈവത്തിന്റെ ന്യായപ്രമാണം ഉദ്ധരിച്ചുകൊണ്ട്, ഊനമുള്ള മൃഗങ്ങൾ സ്വീകാര്യമല്ലെന്ന് ഏതെങ്കിലും ഒരു പുരോഹിതൻ വ്യക്തമാക്കിയതായി ഒരു സൂചന പോലുമില്ല. (ലേവ്യപുസ്‌തകം 22:17-20) അത്തരം ഒരെണ്ണത്തെ തന്ത്രപൂർവം ദേശാധിപതിക്കു കാഴ്‌ചവെക്കാൻ തുനിഞ്ഞാലുള്ള ഭവിഷ്യത്തിനെപ്പറ്റി ന്യായബോധമുള്ള ഏതൊരാൾക്കും അറിയാമായിരുന്നു. എന്നാൽ, ഏതൊരു മാനുഷ ദേശാധിപതിയെക്കാളും എതയോ ശ്രേഷ്‌ഠനായ, അഖിലാണ്ഡ പരമാധികാരിയായ യഹോവയോട് അവർ പ്രവർത്തിച്ചത് അങ്ങനെയായിരുന്നു. മലാഖി 1:14 ഇപ്രകാരം പറയുന്നു: “ഞാൻ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”
19. നാം എന്തിനായി ആകാംക്ഷാപൂർവം കാത്തിരിക്കുന്നു, ഇപ്പോൾ നാം എന്തു ചെയ്യണം?
19 മുഴു മനുഷ്യവർഗവും മഹാരാജാവായ യഹോവയോടു ഭയാദരവു കാട്ടുന്ന ദിവസത്തിനായി ദൈവത്തിന്റെ വിശ്വസ്‌ത ദാസരായ നാം ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. അന്ന്, ‘സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കും.’ (യെശയ്യാവു 11:9) അതിനിടെ, “കൃതജ്‌ഞതാസ്‌തോത്രത്തോടെ ഞാൻ അവിടുത്തെ മഹത്വപ്പെടുത്തും” എന്നു പറഞ്ഞ സങ്കീർത്തനക്കാരനെ അനുകരിച്ചുകൊണ്ട് യഹോവയുടെ വ്യവസ്ഥകൾ പാലിക്കാൻ നമുക്കു കഠിനശ്രമം ചെയ്യാം. (സങ്കീർത്തനം 69:30, പി.ഒ.സി ബൈ.) അതിനു സഹായിക്കുന്ന കൂടുതലായ ബുദ്ധിയുപദേശം മലാഖി നമുക്കു നൽകുന്നു. അതുകൊണ്ട് അടുത്ത രണ്ടു ലേഖനങ്ങളിലൂടെ, മലാഖിയുടെ പുസ്‌തകത്തിലെ മറ്റു ഭാഗങ്ങൾ നമുക്കു ശ്രദ്ധാപൂർവം പരിശോധിക്കാം.
നിങ്ങൾ ഓർമിക്കുന്നുവോ?
• നാം യഹോവയെ മഹത്ത്വപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
• മലാഖിയുടെ നാളിൽ പുരോഹിതന്മാർ അർപ്പിച്ച യാഗങ്ങൾ യഹോവയ്‌ക്ക് അസ്വീകാര്യമായിരുന്നത് എന്തുകൊണ്ട്?
• നാം യഹോവയ്‌ക്ക് സ്‌തോത്രയാഗം അർപ്പിക്കുന്നത് എങ്ങനെ?
• സത്യാരാധനയ്‌ക്കുള്ള പ്രചോദനം എന്തായിരിക്കണം?
[അധ്യയന ചോദ്യങ്ങൾ]
[9-ാം പേജിലെ ചിത്രം]
മലാഖിയുടെ പ്രവചനം നമ്മുടെ നാളിലേക്കു വിരൽചൂണ്ടി
[10-ാം പേജിലെ ചിത്രം]
ഏശാവ് വിശുദ്ധ കാര്യങ്ങളെ വിലമതിച്ചില്ല
[11-ാം പേജിലെ ചിത്രം]
പുരോഹിതന്മാരും ജനങ്ങളും അസ്വീകാര്യമായ യാഗങ്ങൾ അർപ്പിച്ചു
[12-ാം പേജിലെ ചിത്രം]
ലോകവ്യാപകമായി, യഹോവയുടെ സാക്ഷികൾ സൗജന്യമായി സ്‌തോത്രയാഗങ്ങൾ അർപ്പിക്കുന്നു