മക്കളുടെ ഹൃദയത്തിൽ യഹോവയോടുള്ള സ്‌നേഹം ഉൾനടുന്നു
ജീവിത കഥ
മക്കളുടെ ഹൃദയത്തിൽ യഹോവയോടുള്ള സ്‌നേഹം ഉൾനടുന്നു
വെർണർ മാറ്റ്‌സൻ പറഞ്ഞപ്രകാരം
ഏതാനും വർഷങ്ങൾക്കു മുമ്പ് എന്റെ മൂത്ത മകൻ ഹാൻസ് വെർണർ എനിക്കൊരു ബൈബിൾ തന്നു. അതിന്റെ പുറംചട്ടയുടെ ഉൾവശത്ത് അവൻ ഇപ്രകാരം എഴുതിയിരുന്നു: “പ്രിയപ്പെട്ട ഡാഡീ, യഹോവയുടെ വചനം ഒരു കുടുംബം എന്ന നിലയിൽ നമ്മെ തുടർന്നും ജീവന്റെ പാതയിൽ നയിക്കുമാറാകട്ടെ. സ്‌നേഹപൂർവം, ഡാഡിയുടെ മൂത്ത മകൻ.” ഈ വാക്കുകൾ എന്റെ ഹൃദയത്തിൽ എത്രമാത്രം കൃതജ്ഞതയും സന്തോഷവും ഉളവാക്കിയെന്ന് മാതാപിതാക്കൾ ആയിരിക്കുന്നവർക്കു മനസ്സിലാകും. ഞങ്ങളുടെ കുടുംബം നേരിടാൻ പോകുന്ന വെല്ലുവിളികളെ കുറിച്ച് എനിക്കപ്പോൾ അറിയില്ലായിരുന്നു.
ഹാംബർഗ് എന്ന ജർമൻ തുറമുഖത്തുനിന്ന് ഏതാണ്ട് 20 കിലോമീറ്റർ അകലെയുള്ള ഹാൾസ്റ്റൻബെക്കിലാണു ഞാൻ ജനിച്ചത്, 1924-ൽ. അമ്മയും മുത്തച്ഛനും ചേർന്നാണ് എന്നെ വളർത്തിയത്. ഒരു ഉപകരണനിർമാതാവായി പരിശീലനം പൂർത്തിയാക്കിയ എന്നെ 1942-ൽ വാർമാഹ്‌റ്റ് എന്ന സായുധ സേനയിലേക്ക് എടുത്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് റഷ്യയ്‌ക്ക് എതിരെ യുദ്ധമുന്നണിയിൽ ആയിരിക്കെ എനിക്കുണ്ടായ അനുഭവങ്ങൾ വിവരിക്കാനാകാത്ത വിധം ഭീകരമാണ്. ടൈഫോയ്‌ഡ് പിടിപെട്ട എന്നെ ചികിത്സയ്‌ക്കു ശേഷം യുദ്ധനിരയിലേക്കു തിരിച്ചയയ്‌ക്കുകയാണുണ്ടായത്. 1945 ജനുവരിയിൽ പോളണ്ടിലെ ലോഡ്‌സിൽ ആയിരിക്കെ, ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എന്നെ ഒരു സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുദ്ധം അവസാനിക്കുമ്പോഴും ഞാൻ അവിടെത്തന്നെ ആയിരുന്നു. ആശുപത്രിയിലും പിന്നീട് നോലൻഗാമ്മ തടങ്കൽ പാളയത്തിലും വെച്ച്, എനിക്കു കാര്യങ്ങൾ വിശകലനം ചെയ്യാൻ വേണ്ടുവോളം സമയം ലഭിച്ചു. ‘ദൈവം വാസ്‌തവത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ അവൻ ഇത്രയധികം ക്രൂരത അനുവദിക്കുന്നത് എന്തുകൊണ്ട്?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ എന്നെ അലട്ടി.
തടങ്കൽ പാളയത്തിൽനിന്ന് 1947 സെപ്‌റ്റംബറിൽ ഞാൻ മോചിതനായി. താമസിയാതെ ഞാൻ കാർളയെ വിവാഹം ചെയ്‌തു. ഞങ്ങൾ ഇരുവരും ഒരേ പട്ടണത്തിലാണു വളർന്നുവന്നത്. കാർള ഒരു കത്തോലിക്കാ
വിശ്വാസി ആയിരുന്നു. എന്നാൽ ചെറുപ്പത്തിൽ മതസംബന്ധമായ യാതൊരു പരിശീലനവും എനിക്കു ലഭിച്ചിരുന്നില്ല. ദിവസവും സന്ധ്യക്ക് ഞങ്ങൾ കർത്താവിന്റെ പ്രാർഥനയെങ്കിലും ചൊല്ലണമെന്ന് ഞങ്ങളുടെ വിവാഹത്തിനു കാർമികത്വം വഹിച്ച പുരോഹിതൻ ഉപദേശിച്ചു. ഞങ്ങൾ അതനുസരിച്ചു, ആ പ്രാർഥനയുടെ അർഥം എന്താണെന്ന് അറിയില്ലായിരുന്നെങ്കിലും.ഒരു വർഷം കഴിഞ്ഞപ്പോൾ ഹാൻസ് വെർണർ ജനിച്ചു. ഏതാണ്ട് അതേ സമയത്താണ് എന്റെ സഹപ്രവർത്തകരിൽ ഒരാളായ വിൽഹെം ആറെൻസ് എന്നെ യഹോവയുടെ സാക്ഷികൾക്കു പരിചയപ്പെടുത്തിയത്. യുദ്ധങ്ങളെല്ലാം അവസാനിക്കുന്ന ഒരു ദിവസം വരുമെന്ന് അദ്ദേഹം ബൈബിളിൽനിന്ന് എനിക്കു കാണിച്ചുതന്നു. (സങ്കീർത്തനം 46:9) 1950-ലെ ശരത്‌കാലത്ത് ഞാൻ എന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുകയും സ്‌നാപനമേൽക്കുകയും ചെയ്‌തു. ഒരു വർഷത്തിനു ശേഷം എന്റെ പ്രിയപ്പെട്ട ഭാര്യയും സ്‌നാപനമേറ്റപ്പോൾ എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു!
യഹോവയുടെ വഴികളിൽ മക്കളെ വളർത്തിക്കൊണ്ടുവരുന്നു
വിവാഹത്തിന്റെ കാരണഭൂതൻ യഹോവയാണെന്ന് ഞാൻ ബൈബിളിൽനിന്നു മനസ്സിലാക്കി. (ഉല്‌പത്തി 1:26-28; 2:22-24) മക്കളായ ഹാൻസ് വേർണർ, കാൾ ഹൈൻസ്, മിഹായേൽ, ഗാബ്രിയേല, തോമാസ് എന്നിവരുടെ ജനന സമയത്ത് കാർളയുടെ അടുത്തുണ്ടായിരിക്കാൻ കഴിഞ്ഞത് ഒരു നല്ല ഭർത്താവും പിതാവും ആയിരിക്കാനുള്ള എന്റെ പ്രതിബദ്ധതയെ ശക്തമാക്കി. ഓരോ കുഞ്ഞിന്റെയും ജനനം എന്നെയും കാർളയെയും പുളകംകൊള്ളിച്ചു.
ന്യൂറെൻബർഗിൽ 1953-ൽ നടന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു അവിസ്‌മരണീയ വേളയായിരുന്നു. വെള്ളിയാഴ്‌ച ഉച്ചയ്‌ക്കു ശേഷം നടന്ന “പുതിയ ലോക സമുദായത്തിൽ മക്കളെ വളർത്തൽ” എന്ന പ്രസംഗത്തിൽ പ്രസംഗകൻ പറഞ്ഞ ഒരു കാര്യം ഞങ്ങൾ ഒരിക്കലും മറന്നിട്ടില്ല: “നമ്മുടെ മക്കൾക്കു കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹത്തായ പൈതൃകം ദൈവത്തിന്റെ ദാസർ ആയിരിക്കാനുള്ള ആഗ്രഹമാണ്.” യഹോവയുടെ സഹായത്താൽ അതുതന്നെ ചെയ്യാൻ ഞാനും കാർളയും ആഗ്രഹിച്ചു. എന്നാൽ എങ്ങനെ?
ആദ്യമായി, ദിവസവും കുടുംബം ഒത്തൊരുമിച്ചു പ്രാർഥിക്കുന്നത് ഞങ്ങൾ ഒരു പതിവാക്കി. അത് പ്രാർഥനയുടെ പ്രാധാന്യം മനസ്സിലാക്കാൻ കുട്ടികളെ സഹായിച്ചു. ആഹാരം കഴിക്കുന്നതിനു മുമ്പു പ്രാർഥിക്കണമെന്നത് ഓരോ കുട്ടിയും ചെറുപ്പത്തിലേതന്നെ മനസ്സിലാക്കി. കൊച്ചു കുഞ്ഞുങ്ങളായിരിക്കുമ്പോൾ പോലും തങ്ങളുടെ പാൽക്കുപ്പി കാണുന്ന ഉടനെ അവർ കുഞ്ഞിക്കൈകൾ കൂപ്പി തല കുമ്പിടുമായിരുന്നു. ഒരിക്കൽ ഭാര്യയുടെ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. അവർ സാക്ഷികൾ ആയിരുന്നില്ല. വിവാഹച്ചടങ്ങിനു ശേഷം വധുവിന്റെ മാതാപിതാക്കൾ അതിഥികളെ ലഘുഭക്ഷണത്തിനായി വീട്ടിലേക്കു ക്ഷണിച്ചു. ആഹാരം കണ്ട പാടേ എല്ലാവരും അതു കഴിക്കാനൊരുങ്ങി. എന്നാൽ അത് ഒട്ടും ശരിയല്ലെന്ന് ഞങ്ങളുടെ അഞ്ചു വയസ്സുകാരൻ കാൾ ഹൈൻസിനു തോന്നി. “ആദ്യം നമുക്ക് പ്രാർഥിക്കാം,” അവൻ പറഞ്ഞു. അതിഥികൾ എല്ലാവരും അവനെ നോക്കി, പിന്നെ ഞങ്ങളെയും ഒടുവിൽ ആതിഥേയനെയും. ആർക്കും ജാള്യം തോന്നാതിരിക്കാൻ, ഭക്ഷണത്തിനായി നന്ദി പറഞ്ഞുകൊണ്ട് പ്രാർഥിക്കട്ടെ എന്നു ഞാൻ ചോദിച്ചു. ആതിഥേയൻ സമ്മതിക്കുകയും ചെയ്‌തു.
“ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്‌ച ഒരുക്കിയിരിക്കുന്നു” എന്ന യേശുവിന്റെ മത്തായി 21:16) ഞങ്ങളുടെ നിരന്തരവും ഹൃദയംഗമവുമായ പ്രാർഥനകൾ യഹോവയെ തങ്ങളുടെ സ്‌നേഹവാനായ സ്വർഗീയ പിതാവായി കാണാൻ മക്കളെ സഹായിച്ചു എന്ന് ഞങ്ങൾക്ക് ഉറപ്പാണ്.
വാക്കുകളാണ് അപ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. (യഹോവയോടുള്ള ഞങ്ങളുടെ ഉത്തരവാദിത്വം
ദൈവത്തെ സ്‌നേഹിക്കാൻ മക്കളെ പഠിപ്പിക്കുന്നതിൽ അവന്റെ വചനം ക്രമമായി വായിക്കുന്നതും പഠിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ഓരോ ആഴ്‌ചയും—മിക്കവാറും തിങ്കളാഴ്‌ച സായാഹ്നങ്ങളിൽ—ഞങ്ങൾ കുടുംബ അധ്യയനം നടത്തിയിരുന്നു. ഞങ്ങളുടെ മൂത്ത കുട്ടിയും ഇളയ കുട്ടിയും തമ്മിൽ ഒമ്പതു വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നതിനാൽ അവരുടെ ആവശ്യങ്ങളും വ്യത്യസ്‌തമായിരുന്നു. അതുകൊണ്ട് അവർ എല്ലാവരുമായും ഒരേ വിഷയം പഠിക്കാൻ സാധിക്കുകയില്ലായിരുന്നു.
ഉദാഹരണത്തിന്, സ്‌കൂൾ പ്രായം ആയിട്ടില്ലാത്ത കുട്ടികൾക്ക് അധ്യയനം തികച്ചും ലളിതമാക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. കാർള അവരുമൊത്ത് ബൈബിളിൽനിന്ന് ഒരു വാക്യം പരിചിന്തിക്കുകയോ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങൾ വിവരിച്ചുകൊടുക്കുകയോ ചെയ്‌തിരുന്നു. ഇളയ കുട്ടികൾ രാവിലെ കട്ടിലിലേക്കു കയറിവന്ന് എന്നെ വിളിച്ചുണർത്തി പുതിയ ലോകം (ഇംഗ്ലീഷ്) * പുസ്‌തകത്തിലെ തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ കാണിച്ചു തരുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്.
നാം യഹോവയെ സ്‌നേഹിക്കേണ്ടതിന്റെ കാരണങ്ങളെ കുറിച്ചു കുട്ടികളെ ക്ഷമയോടെ പഠിപ്പിക്കാൻ കാർളയ്‌ക്ക് പ്രത്യേക സാമർഥ്യം ഉണ്ടായിരുന്നു. നിസ്സാരമായ ഒന്നായി തോന്നിയേക്കാമെങ്കിലും എനിക്കും കാർളയ്‌ക്കും അത് ശാരീരികവും മാനസികവുമായ വിധങ്ങളിൽ ഒരു മുഴുസമയ ജോലിതന്നെ ആയിരുന്നു. എങ്കിലും ഞങ്ങൾ പിന്മാറിയില്ല. യഹോവയെ അറിയാത്തവർ അവരെ സ്വാധീനിക്കാൻ തുടങ്ങുന്നതിനു മുമ്പ് അവരുടെ കുരുന്നു മനസ്സുകളിൽ ദൈവസ്‌നേഹം ഉൾനടാൻ ഞങ്ങൾ ആഗ്രഹിച്ചു. അതുകൊണ്ട്, ഇരിക്കാറായാലുടൻ അവരെ കുടുംബ അധ്യയനത്തിന് ഇരുത്താൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മാതാപിതാക്കൾ എന്ന നിലയിൽ, ആരാധനയുടെ കാര്യത്തിൽ മക്കൾക്കു ശരിയായ മാതൃക വെക്കേണ്ടതിന്റെ പ്രാധാന്യം ഞാനും കാർളയും തിരിച്ചറിഞ്ഞു. ആഹാരം കഴിക്കുമ്പോഴും തോട്ടത്തിൽ പണിയെടുക്കുമ്പോഴും നടക്കാൻ പോകുമ്പോഴും ഒക്കെ ഞങ്ങൾ കുട്ടികളെ യഹോവയുമായുള്ള അവരുടെ ബന്ധം ശക്തിപ്പെടുത്താൻ സഹായിച്ചു. (ആവർത്തനപുസ്‌തകം 6:6, 7) നന്നേ ചെറുപ്പത്തിൽത്തന്നെ മക്കളിൽ ഓരോരുത്തർക്കും സ്വന്തമായി ഒരു ബൈബിൾ ഉണ്ടായിരിക്കാനും ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ, മാസികകൾ ലഭിക്കുമ്പോൾ കുടുംബത്തിലെ ഓരോരുത്തരുടെയും വ്യക്തിപരമായ പ്രതികളിൽ ഞാൻ അവരവരുടെ പേരുകൾ എഴുതിവെക്കുമായിരുന്നു. അങ്ങനെ സ്വന്തം പ്രസിദ്ധീകരണം തിരിച്ചറിയാൻ കുട്ടികൾ പഠിച്ചു. കുട്ടികൾക്ക് ഓരോരുത്തർക്കും വായിക്കാനായി ഉണരുക! മാസികയിലെ ചില ലേഖനങ്ങൾ നിയമിച്ചുകൊടുക്കുന്നത് നല്ലതായിരിക്കുമെന്ന് ഞങ്ങൾക്കു തോന്നി. ഞായറാഴ്‌ച ഉച്ചഭക്ഷണത്തിനു ശേഷം, അതതു ലേഖനങ്ങളിൽനിന്നു മനസ്സിലായ കാര്യങ്ങൾ അവർ ഞങ്ങളോടു പറയുമായിരുന്നു.
കുട്ടികൾക്ക് ആവശ്യമായ ശ്രദ്ധ നൽകുന്നു
എല്ലായ്‌പോഴും കാര്യങ്ങൾ സുഗമമായി നീങ്ങിയിരുന്നില്ല. കുട്ടികൾ വളർന്നുവരവേ, അവരുടെ മനസ്സിൽ സ്‌നേഹം ഉൾനടണമെങ്കിൽ ആദ്യംതന്നെ അവരുടെ ഹൃദയങ്ങളിൽ എന്താണുള്ളത് എന്ന് അറിയേണ്ടതുണ്ടെന്നു ഞങ്ങൾ മനസ്സിലാക്കി. അതിനായി അവർ പറയുന്നതു ഞങ്ങൾ ശ്രദ്ധിച്ചു കേൾക്കണമായിരുന്നു. ഇടയ്‌ക്കെല്ലാം കുട്ടികൾക്കു ചില പരാതികൾ ഉണ്ടായിരുന്നു. അപ്പോൾ കാർളയും ഞാനും അവരോടൊപ്പം ഇരുന്ന് അവരുമായി പ്രശ്‌നങ്ങൾ ചർച്ച ചെയ്‌തു പരിഹരിക്കുമായിരുന്നു. ഞങ്ങൾ അതിനായി കുടുംബ അധ്യയനത്തിനു ശേഷം അര മണിക്കൂർ മാറ്റിവെച്ചു. അപ്പോൾ ആർക്കും മനസ്സിലുള്ള എന്തും തുറന്നു പറയാമായിരുന്നു.
ഉദാഹരണത്തിന്, ഏറ്റവും ഇളയവരായ തോമാസിനും ഗാബ്രിയേലയ്‌ക്കും ഞങ്ങൾ അവരുടെ മൂത്ത സഹോദരനോടു പക്ഷാഭേദം കാട്ടുന്നതായി തോന്നി. അങ്ങനെ ഒരു ദിവസം അധ്യയനത്തിനു ശേഷം അവർ ഞങ്ങളോടു തുറന്നു പറഞ്ഞു: “ഹാൻസ് വേർണർ എന്തു ചെയ്‌താലും മമ്മിക്കും ഡാഡിക്കും ഒരു പ്രശ്‌നവുമില്ലല്ലോ.” ആദ്യം എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല. എന്നാൽ വസ്‌തുനിഷ്‌ഠമായി ചിന്തിച്ചപ്പോൾ കുട്ടികൾ പറഞ്ഞതിൽ അൽപ്പം കാര്യമുണ്ടെന്ന് എനിക്കും കാർളയ്‌ക്കും സമ്മതിക്കേണ്ടിവന്നു. അതുകൊണ്ട് മക്കളോടെല്ലാവരോടും ഒരുപോലെ ഇടപെടാൻ ഞങ്ങൾ പ്രത്യേക ശ്രമം ചെയ്‌തു.
ചിലപ്പോൾ തക്ക കാരണമില്ലാതെതന്നെ, മേലുകീഴു നോക്കാതെ ഞാൻ കുട്ടികളെ ശിക്ഷിച്ചിരുന്നു. അത്തരം സന്ദർഭങ്ങളിൽ മാതാപിതാക്കളായ ഞങ്ങൾക്കു ക്ഷമാപണം നടത്താൻ പഠിക്കേണ്ടിയിരുന്നു. അതിനുശേഷം, ഞങ്ങൾ പ്രാർഥനയിൽ യഹോവയെ സമീപിക്കുമായിരുന്നു. തങ്ങളുടെ ഡാഡി യഹോവയോടും തങ്ങളോടും ക്ഷമാപണം നടത്താൻ ഒരുക്കമാണെന്ന് കുട്ടികൾ മനസ്സിലാക്കേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ, ഞങ്ങൾക്ക് അവരുമായി ഊഷ്‌മളമായ ഒരു സൗഹൃദം ഉണ്ടായിരുന്നു. “ഡാഡിയും മമ്മിയുമാണ് ഞങ്ങളുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ” എന്നു പലപ്പോഴും അവർ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. അതു ഞങ്ങളെ വളരെയധികം ആനന്ദിപ്പിച്ചു.
കുടുംബം ഒത്തൊരുമിച്ചു കാര്യങ്ങൾ ചെയ്യുന്നത്
ഐകമത്യം നട്ടുവളർത്തുന്നു. അതുകൊണ്ട്, ഞങ്ങൾ ഓരോരുത്തരെയും ഓരോ ചുമതലകൾ ഏൽപ്പിച്ചു. ആഴ്‌ചയിലൊരിക്കൽ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുന്ന ജോലി ഹാൻസ് വേർണർക്കു കൊടുത്തു. വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റിനോടൊപ്പം പണവും ഞങ്ങൾ അവനെ ഏൽപ്പിക്കുമായിരുന്നു. ഒരിക്കൽ, ഞങ്ങൾ അവന് ലിസ്റ്റോ പണമോ നൽകിയില്ല. അവൻ അമ്മയോടു കാരണം ആരാഞ്ഞു, ഞങ്ങളുടെ കൈവശം പണമില്ലെന്ന് അവൾ അവനോടു പറഞ്ഞു. കുട്ടികളെല്ലാം പരസ്‌പരം എന്തൊക്കെയോ അടക്കം പറയുന്നതു ഞങ്ങൾ ശ്രദ്ധിച്ചു, എന്നിട്ട് അവർ തങ്ങളുടെ കുടുക്കകൾ പൊട്ടിച്ചു പണം മേശമേൽ വെച്ചു. “മമ്മീ, ഇനി നമുക്കു സാധനങ്ങൾ വാങ്ങാമല്ലോ!” അവർ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു. അതേ, കുടുംബത്തിൽ ഒരു അടിയന്തിര സാഹചര്യം ഉണ്ടാകുമ്പോൾ എങ്ങനെ സഹായം നൽകാം എന്നു കുട്ടികൾ പഠിച്ചു, അത് ഞങ്ങളുടെ കുടുംബത്തെ ഒന്നുകൂടെ അടുപ്പിച്ചു.മുതിർന്നു വന്നപ്പോൾ, ഞങ്ങളുടെ ആൺമക്കൾ പെൺകുട്ടികളിൽ താത്‌പര്യം കാണിക്കാൻ തുടങ്ങി. ഉദാഹരണത്തിന്, സാക്ഷിയായ ഒരു 16 വയസ്സുകാരിയോട് തോമാസിനു പ്രേമം തോന്നി. ആ കുട്ടിയോട് യഥാർഥത്തിൽ സ്‌നേഹം ഉണ്ടെങ്കിൽ അവളെ വിവാഹം ചെയ്യാനും ഭാര്യയെയും മക്കളെയും നോക്കാനുള്ള ചുമതല ഏറ്റെടുക്കാനും തയ്യാറാകണമെന്ന് ഞാൻ അവനു വിവരിച്ചുകൊടുത്തു. വെറും 18 വയസ്സുള്ള തനിക്കു വിവാഹം കഴിക്കാൻ പ്രായമായിട്ടില്ലെന്ന് തോമാസ് തിരിച്ചറിഞ്ഞു.
കുടുംബം എന്നനിലയിൽ പുരോഗതി പ്രാപിക്കുന്നു
ഇളം പ്രായത്തിൽത്തന്നെ, മക്കൾ ഓരോരുത്തരായി ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂളിൽ ചേർന്നു. അവർ പരിപാടികൾ അവതരിപ്പിക്കുമ്പോൾ ഞങ്ങൾ ശ്രദ്ധിച്ചു കേൾക്കുമായിരുന്നു, യഹോവയോടുള്ള അവരുടെ ഹൃദയംഗമമായ സ്‌നേഹം അവയിൽ കാണാൻ കഴിഞ്ഞത് ഞങ്ങൾക്കു വളരെ പ്രോത്സാഹനം പകർന്നു. സർക്കിട്ട്, ഡിസ്‌ട്രിക്‌റ്റ് മേൽവിചാരകൻ ഇടയ്‌ക്കിടെ ഞങ്ങളോടൊപ്പം താമസിക്കുമായിരുന്നു. അവർ സ്വന്തം അനുഭവങ്ങൾ ഞങ്ങളുമായി പങ്കുവെക്കുമായിരുന്നു, അല്ലെങ്കിൽ ബൈബിളിൽനിന്നുള്ള അനുഭവങ്ങൾ വായിച്ചുകേൾപ്പിക്കുമായിരുന്നു. ഈ പുരുഷന്മാരും അവരുടെ ഭാര്യമാരും ഞങ്ങളുടെ കുടുംബാംഗങ്ങളിൽ മുഴുസമയ ശുശ്രൂഷയോട് സ്‌നേഹം നട്ടുവളർത്തുന്നതിൽ സഹായിച്ചു.
കൺവെൻഷനുകൾക്കായി ഞങ്ങൾ നോക്കിപ്പാർത്തിരിക്കുമായിരുന്നു. ദൈവദാസർ ആയിരിക്കാനുള്ള ആഗ്രഹം മക്കളിൽ ഉൾനടാനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ അവ ഒരു സുപ്രധാന പങ്കു വഹിച്ചിരുന്നു. ലാപ്പൽ കാർഡുകൾ ധരിച്ച് കൺവെൻഷനു പോകുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക അനുഭവം ആയിരുന്നു. പത്താം വയസ്സിൽ ഹാൻസ് വേർണർ സ്‌നാപനമേറ്റപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം അതിരറ്റതാണ്. യഹോവയ്‌ക്കു സമർപ്പണം നടത്താൻ അവനു പ്രായമായിട്ടില്ലെന്ന് ചിലർ കരുതി. എന്നാൽ, 40 വർഷം യഹോവയെ സേവിക്കാൻ കഴിഞ്ഞതിൽ താൻ എത്ര കൃതജ്ഞതയുള്ളവൻ ആണെന്ന് 50-ാം വയസ്സിൽ അവൻ എന്നോടു പറയുകയുണ്ടായി.
യഹോവയുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരിക്കേണ്ടതു പ്രധാനമാണെന്ന് ഞങ്ങൾ മക്കൾക്കു കാണിച്ചുകൊടുത്തിരുന്നു, പക്ഷേ ഒരിക്കലും സമർപ്പണത്തിനു ഞങ്ങൾ അവരെ നിർബന്ധിച്ചിട്ടില്ല. മുതിർന്നുവന്നപ്പോൾ മറ്റു കുട്ടികളും സ്‌നാപനമെന്ന പടിയിലേക്കു പുരോഗമിച്ചതു ഞങ്ങളെ സന്തോഷിപ്പിച്ചു.
ഭാരങ്ങൾ യഹോവയുടെമേൽ ഇടാൻ പഠിക്കുന്നു
ഹാൻസ് വേർണർ 1971-ൽ ഗിലെയാദ് വാച്ച്‌ടവർ ബൈബിൾ സ്‌കൂളിലെ 51-ാമത്തെ ക്ലാസ്സിൽനിന്നു ബിരുദം നേടി. തുടർന്ന്, സ്‌പെയിനിൽ മിഷനറിയായി സേവിക്കാൻ അവനു നിയമനം ലഭിച്ചു. ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. മറ്റു മക്കളും ഓരോരുത്തരായി കുറച്ചു കാലം മുഴുസമയ സേവനത്തിൽ
ചെലവഴിച്ചു, അതും ഞങ്ങളുടെ ഹൃദയത്തെ സന്തോഷിപ്പിച്ചു. ഏതാണ്ട് ഈ സമയത്താണ്, തുടക്കത്തിൽ ഞാൻ പരാമർശിച്ച ആ ബൈബിൾ, ഹാൻസ് വേർണർ എനിക്കു നൽകിയത്. ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷം പൂർണമായതുപോലെ കാണപ്പെട്ടു.എന്നാൽ യഹോവയോടു കൂടുതൽ പറ്റിനിൽക്കേണ്ടതുണ്ടെന്നു ഞങ്ങൾ കണ്ടെത്തി. കാരണം? വിശ്വാസത്തെ കഠിനമായി പരിശോധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ ഞങ്ങളുടെ മുതിർന്ന കുട്ടികൾ അഭിമുഖീകരിക്കുന്നതു ഞങ്ങൾ കണ്ടു. ഉദാഹരണത്തിന്, ഞങ്ങളുടെ പ്രിയപ്പെട്ട മകൾ ഗാബ്രിയേലയ്‌ക്ക് വളരെയധികം അരിഷ്ടതകൾ അനുഭവിക്കേണ്ടിവന്നു. 1976-ൽ അവൾ ലോട്ടാറിനെ വിവാഹം ചെയ്‌തു. വിവാഹം നടന്ന് അധികം ദിവസങ്ങൾ കഴിയുന്നതിനു മുമ്പേ ലോട്ടാർ രോഗബാധിതനായി. അവന്റെ ആരോഗ്യം ദിനമ്പ്രതി ക്ഷയിച്ചുവന്നു, അവന്റെ മരണംവരെ ഗാബ്രിയേല അവനെ പരിചരിച്ചു. ആരോഗ്യവാനായ ഒരു കുടുംബാംഗം രോഗബാധിതനായി മരിക്കുന്നതു കാണാൻ ഇടയായത്, യഹോവയുടെ സ്‌നേഹനിർഭരമായ കരങ്ങൾ നമുക്ക് എത്രയധികം ആവശ്യമാണെന്നു ഞങ്ങളെ ഓർമപ്പെടുത്തി.—യെശയ്യാവു 33:2.
യഹോവയുടെ സംഘടനയിലെ സേവനപദവികൾ
എനിക്ക് 1955-ൽ സഭാദാസനായി (ഇന്ന് അധ്യക്ഷ മേൽവിചാരകൻ എന്ന് അറിയപ്പെടുന്നു) നിയമനം ലഭിച്ചപ്പോൾ ആ ഉത്തരവാദിത്വം വഹിക്കാൻ ഞാൻ യോഗ്യനല്ലെന്ന് എനിക്കു തോന്നി. വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു, ഉത്തരവാദിത്വങ്ങൾ വേണ്ടവിധം നിറവേറ്റാൻ വെളുപ്പിനു നാലു മണിക്ക് ഉണരണമായിരുന്നു. ഭാര്യയും മക്കളും എനിക്ക് വലിയ സഹായമായിരുന്നു. എന്റെ ജോലി തീർന്നില്ലെങ്കിൽ സായാഹ്നങ്ങളിൽ എന്നെ ശല്യം ചെയ്യാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
എങ്കിലും, കുടുംബം ഒത്തൊരുമിച്ച് ആവുന്നത്ര സമയം ചെലവിടാൻ ഞങ്ങൾ കഴിയുന്നത്ര ശ്രമിച്ചിരുന്നു. ചിലപ്പോൾ വീട്ടിലുള്ളവരെയുംകൊണ്ടു പുറത്തുപോകാൻ എന്റെ തൊഴിലുടമ എനിക്ക് അദ്ദേഹത്തിന്റെ കാർ വിട്ടുതരുമായിരുന്നു. കാട്ടിൽവെച്ച് വീക്ഷാഗോപുരം പഠിക്കുന്നതു കുട്ടികൾക്ക് എന്തിഷ്ടമായിരുന്നെന്നോ! ചിലപ്പോൾ ഞങ്ങൾ മരങ്ങൾക്കിടയിലൂടെ നടക്കും, എന്റെ മൗത്ത് ഓർഗനിൽനിന്നുള്ള സംഗീതത്തിന്റെ അകമ്പടിയോടെ പാട്ടുകൾ പാടിക്കൊണ്ട്.
എനിക്ക് 1978-ൽ പകര സർക്കിട്ട് മേൽവിചാരകനായി (സഞ്ചാര ശുശ്രൂഷകൻ) നിയമനം ലഭിച്ചു. പരിഭ്രമത്തോടെ ഞാൻ പ്രാർഥിച്ചു: “യഹോവേ, എന്നെക്കൊണ്ട് അതു ചെയ്യാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. എങ്കിലും ഞാൻ ശ്രമിച്ചു നോക്കണം എന്നാണ് അവിടത്തെ ആഗ്രഹമെങ്കിൽ ഞാൻ കഴിവിന്റെ പരമാവധി ചെയ്യാം.” രണ്ടു വർഷത്തിനുശേഷം, 54-ാം വയസ്സിൽ, ഞാൻ നടത്തിയിരുന്ന ചെറിയ ബിസിനസ് ഇളയമകനായ തോമാസിനെ ഏൽപ്പിച്ചു.
ഞങ്ങളുടെ മക്കൾ എല്ലാവരും വളർന്നു കഴിഞ്ഞിരുന്നു, അത് യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ എനിക്കും കാർളയ്‌ക്കും അവസരം നൽകി. അതേവർഷം, ഞാൻ സർക്കിട്ട് മേൽവിചാരകൻ ആയി നിയമിതനായി, ഷ്‌ലെസ്‌വിഗ്-ഹോൾസ്റ്റൈനും ഹാംബർഗിന്റെ ഒരു ഭാഗവും ആയിരുന്നു എനിക്കു നിയമിച്ചുകിട്ടിയ സർക്കിട്ട്. ഒരു കുടുംബം പരിപാലിക്കുന്നതിൽ അനുഭവപരിചയം ഉണ്ടായിരുന്നതുകൊണ്ട് മാതാപിതാക്കളോടും കുട്ടികളോടും പ്രത്യേക പരിഗണന കാണിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നു. പല സഹോദരന്മാരും ഞങ്ങളെ അവരുടെ ‘സർക്കിട്ട് മാതാപിതാക്കൾ’ എന്നാണു വിളിച്ചിരുന്നത്.
പത്തുവർഷം സർക്കിട്ട് സേവനത്തിൽ എന്നോടൊപ്പം ചെലവഴിച്ചശേഷം, കാർളയ്‌ക്ക് ഒരു ശസ്‌ത്രക്രിയയ്‌ക്കു വിധേയയാകേണ്ടിവന്നു. അതേവർഷംതന്നെ, എനിക്കു മസ്‌തിഷ്‌കത്തിൽ ഒരു മുഴ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തി. അതുകൊണ്ട് സർക്കിട്ട് സേവനത്തിൽനിന്നു വിരമിച്ച് ഞാൻ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി. മൂന്നു വർഷം കഴിഞ്ഞാണ് പകര സർക്കിട്ട് മേൽവിചാരകനായി ഞാൻ വീണ്ടും സേവിച്ചു തുടങ്ങിയത്. എനിക്കും കാർളയ്‌ക്കും 70-നു മേൽ പ്രായമുണ്ട്, ഞങ്ങൾ ഇപ്പോൾ സഞ്ചാരവേലയിൽ അല്ല. നിറവേറ്റാൻ കഴിയാത്ത ഒരു സേവനപദവിയിൽ തുടരുന്നതിൽ അർഥമില്ലെന്നു കാണാൻ യഹോവ ഞങ്ങളെ സഹായിച്ചു.
പിന്തിരിഞ്ഞു നോക്കുമ്പോൾ, ഞങ്ങളുടെ മക്കളുടെ ഹൃദയത്തിൽ സത്യത്തോടുള്ള സ്‌നേഹം ഉൾനടുന്നതിൽ നൽകിയ സഹായത്തിനായി ഞാനും കാർളയും യഹോവയോട് നന്ദിയുള്ളവരാണ്. (സദൃശവാക്യങ്ങൾ 22:6) ഇക്കാലമത്രയും, യഹോവ ഞങ്ങളെ വഴിനടത്തുകയും പരിശീലിപ്പിക്കുകയും ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഞങ്ങളെ സഹായിക്കുകയും ചെയ്‌തിരിക്കുന്നു. ഞങ്ങൾ പ്രായമായവരും ദുർബലരും ആയിരിക്കാമെങ്കിലും യഹോവയോടുള്ള ഞങ്ങളുടെ സ്‌നേഹത്തിനു തെല്ലും കോട്ടം തട്ടിയിട്ടില്ല, മുമ്പെന്നത്തെയും പോലെതന്നെ അത് ജ്വലിച്ചു നിൽക്കുന്നു.—റോമർ 12:10, 11.
[അടിക്കുറിപ്പ്]
^ ഖ. 15 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്, പക്ഷേ ഇപ്പോൾ ലഭ്യമല്ല.
[26-ാം പേജിലെ ചിത്രം]
ഞങ്ങളുടെ കുടുംബം ഹാംബർഗിലെ എൽബ് നദിക്കരയിലൂടെ നടക്കുന്നു, വർഷം 1965
[28-ാം പേജിലെ ചിത്രം]
ബെർളിനിൽ 1998-ൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ സന്നിഹിതരായ ഞങ്ങളുടെ കുടുംബത്തിൽനിന്നുള്ള ചിലർ
[29-ാം പേജിലെ ചിത്രം]
ഭാര്യ കാർളയോടൊപ്പം