യഹോവ വഞ്ചനയുടെ ഗതി വെറുക്കുന്നു
യഹോവ വഞ്ചനയുടെ ഗതി വെറുക്കുന്നു
‘അന്യോന്യം വഞ്ചനാപരമായി പെരുമാറരുത്.’—മലാഖി 2:10, NW.
1. നിത്യജീവൻ ലഭിക്കുന്നതിന് നാം എന്തു ചെയ്യണമെന്നു ദൈവം ആവശ്യപ്പെടുന്നു?
നിത്യമായി ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ബൈബിളിൽ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ആ പ്രത്യാശയിൽ വിശ്വസിക്കുന്ന ഒരാളാണു നിങ്ങളെങ്കിൽ, ‘തീർച്ചയായും’ എന്നു നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ, പുതിയ ലോകത്തിൽ അനന്ത ജീവൻ നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കണമെങ്കിൽ നിങ്ങൾ അവന്റെ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. (സഭാപ്രസംഗി 12:13; യോഹന്നാൻ 17:3) അപൂർണ മനുഷ്യരോട് അങ്ങനെ ആവശ്യപ്പെട്ടിരിക്കുന്നത് അന്യായമാണോ? തീർച്ചയായുമല്ല, കാരണം പ്രോത്സാഹജനകമായ ഒരു കാര്യം യഹോവ പ്രസ്‌താവിക്കുന്നു: “യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.” (ഹോശേയ 6:6) അതുകൊണ്ട്, അപൂർണ മനുഷ്യർക്കു പോലും ദൈവത്തിന്റെ വ്യവസ്ഥകൾ പാലിക്കാൻ കഴിയും.
2. പല ഇസ്രായേല്യരും യഹോവയോടു വഞ്ചനാപരമായി പെരുമാറിയത് എങ്ങനെ?
2 എന്നിരുന്നാലും, എല്ലാവരും യഹോവയുടെ ഹിതം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഇസ്രായേല്യരിൽ പോലും പലരും അതിന് ആഗ്രഹിച്ചില്ലെന്നു ഹോശേയ പറയുന്നു. ഒരു ജനത എന്ന നിലയിൽ, ദൈവനിയമങ്ങൾ അനുസരിക്കുമെന്ന് ഉടമ്പടി ചെയ്യാൻ അവർ സമ്മതിച്ചിരുന്നതാണ്. (പുറപ്പാടു 24:1-8) എന്നാൽ താമസിയാതെ അവന്റെ നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചുകൊണ്ട് അവർ ആ ‘ഉടമ്പടി ലംഘിച്ചു.’ അങ്ങനെ ആ ഇസ്രായേല്യർ തന്നോടു ‘വഞ്ചനാപരമായി പെരുമാറി’ എന്ന് യഹോവ പറഞ്ഞു. (ഹോശേയ 6:7, NW) തുടർന്നുവന്ന കാലങ്ങളിലെ അനേകരും അതുതന്നെ ചെയ്‌തിരിക്കുന്നു. യഹോവ വഞ്ചനയുടെ ഗതി വെറുക്കുന്നു. തന്നോടു കാട്ടുന്നതായാലും തന്നെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരുടെ നേർക്കുള്ളതായാലും യഹോവ അതു വെറുക്കുകതന്നെ ചെയ്യുന്നു.
3. ഈ അധ്യയന ലേഖനത്തിൽ നാം എന്തു വിശകലനം ചെയ്യും?
3 സന്തുഷ്ടമായ ഒരു ജീവിതത്തിനായി പ്രത്യാശിക്കുന്നെങ്കിൽ നമുക്ക് ഉണ്ടായിരിക്കേണ്ട വീക്ഷണം—വഞ്ചന സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം—എടുത്തുകാട്ടിയ പ്രവാചകൻ ഹോശേയ മാത്രമായിരുന്നില്ല. കഴിഞ്ഞ ലേഖനത്തിൽ മലാഖിയുടെ പുസ്‌തകത്തിന്റെ 1-ാം അധ്യായം പരിചിന്തിക്കുകവഴി അവന്റെ പ്രാവചനിക സന്ദേശത്തിന്റെ വലിയൊരു ഭാഗം നാം വിശകലനം ചെയ്യാൻ ആരംഭിച്ചു. ഇപ്പോൾ നമുക്ക് ആ പുസ്‌തകത്തിന്റെ രണ്ടാം അധ്യായത്തിലേക്കു കടന്ന്, വഞ്ചന സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം കൂടുതലായ ശ്രദ്ധ അർഹിക്കുന്നത് എങ്ങനെ എന്നു നോക്കാം. ബാബിലോണിൽനിന്നു മടങ്ങിവന്ന ശേഷം പതിറ്റാണ്ടുകളോളം ദൈവജനത്തിന്റെ ഇടയിൽ നിലവിലിരുന്ന അവസ്ഥാവിശേഷത്തെ കുറിച്ചാണ് മലാഖി പ്രതിപാദിക്കുന്നതെങ്കിലും, ഈ രണ്ടാം അധ്യായത്തിനു നമ്മെ സംബന്ധിച്ച് വലിയ അർഥമുണ്ട്.
കുറ്റക്കാരായ പുരോഹിതന്മാർ
4. പുരോഹിതന്മാർക്ക് യഹോവ എന്തു മുന്നറിയിപ്പു നൽകി?
4 തന്റെ നീതിനിഷ്‌ഠമായ വഴികൾ വിട്ടുമാറിയതിന് യഹോവ പുരോഹിതന്മാരെ ശക്തമായി കുറ്റം വിധിക്കുന്നതാണ് 2-ാം അധ്യായത്തിന്റെ തുടക്കം. പുരോഹിതന്മാർ അവന്റെ ബുദ്ധിയുപദേശം കൈക്കൊണ്ട് തങ്ങളുടെ വഴികൾക്കു മാറ്റം വരുത്തിയില്ലെങ്കിൽ ഗുരുതരമായ പരിണതഫലങ്ങൾ ഉണ്ടാകുമെന്നതു തീർച്ചയായിരുന്നു. മലാഖി 2-ാം അധ്യായത്തിന്റെ ആദ്യത്തെ രണ്ടു വാക്യങ്ങൾ ശ്രദ്ധിക്കുക: ‘ഇപ്പോഴോ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോടു ആകുന്നു. നിങ്ങൾ കേട്ടനുസരിക്കയും എന്റെ നാമത്തിന്നു മഹത്വംകൊടുപ്പാൻ തക്കവണ്ണം മനസ്സുവെക്കുകയും ചെയ്യാഞ്ഞാൽ ഞാൻ നിങ്ങളുടെ മേൽ ശാപം അയച്ചു നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.’ പുരോഹിതന്മാർ ദൈവത്തിന്റെ നിയമങ്ങൾ ആളുകളെ പഠിപ്പിക്കുകയും അവർതന്നെ അത് അനുസരിക്കുകയും ചെയ്‌തിരുന്നെങ്കിൽ, അവർക്ക് അനുഗ്രഹം ലഭിക്കുമായിരുന്നു. എന്നാൽ ദൈവഹിതം അവഗണിച്ചതിനാൽ അവരുടെമേൽ ശാപം വരാൻ പോകുകയാണ്. പുരോഹിതന്മാർ ഉച്ചരിച്ച അനുഗ്രഹവചസ്സുകൾ പോലും ശാപമായി മാറും.
5, 6. (എ) പുരോഹിതന്മാർ വിശേഷിച്ചും കുറ്റക്കാർ ആയിരുന്നത് എന്തുകൊണ്ട്? (ബി) പുരോഹിതന്മാരോടുള്ള വെറുപ്പ് യഹോവ പ്രകടമാക്കിയത് എങ്ങനെ?
5 പുരോഹിതന്മാർ വിശേഷിച്ചും കുറ്റക്കാർ ആയിരുന്നത് എന്തുകൊണ്ട്? 7-ാം വാക്യം വ്യക്തമായ ഒരു സൂചന തരുന്നു: ‘പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ [അഥവാ സന്ദേശവാഹകൻ ആകയാൽ] അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും [ജനം] ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.’ ആയിരത്തിലധികം വർഷം മുമ്പ്, മോശെ മുഖാന്തരം ഇസ്രായേല്യർക്കു നൽകപ്പെട്ട ദൈവിക നിയമങ്ങളിൽ, ‘യഹോവ കല്‌പിച്ച സകല പ്രമാണങ്ങളും ഇസ്രായേൽ മക്കൾക്ക് ഉപദേശിച്ചു കൊടുക്കാനുള്ള’ ചുമതല പുരോഹിതന്മാർക്ക് ഉണ്ടായിരുന്നു. (ലേവ്യപുസ്‌തകം 10:11) സങ്കടകരമെന്നു പറയട്ടെ, പിന്നീട് ഒരവസരത്തിൽ 2 ദിനവൃത്താന്തം 15:3-ന്റെ എഴുത്തുകാരൻ ഇങ്ങനെ രേഖപ്പെടുത്തി: ‘യിസ്രായേൽ ഇപ്പോൾ ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു.’
6 മലാഖിയുടെ നാളിൽ, അതായത് പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ, പുരോഹിതവർഗത്തിന്റെ അവസ്ഥ ഇതുതന്നെ ആയിരുന്നു. ദൈവത്തിന്റെ ന്യായപ്രമാണം അവർ ജനത്തെ പഠിപ്പിച്ചിരുന്നില്ല. അതുകൊണ്ട് അവർ പ്രതികൂല ന്യായവിധിക്ക് അർഹരായിരുന്നു. അവർക്കു നേരെയുള്ള യഹോവയുടെ ശക്തമായ വാക്കുകൾ നോക്കുക. മലാഖി 2:3 പ്രഖ്യാപിക്കുന്നു: ‘ഞാൻ നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകംതന്നേ നിങ്ങളുടെ മുഖത്തു വിതറും.’ എത്ര ശക്തമായ താക്കീത്! യാഗമൃഗങ്ങളുടെ ചാണകം പാളയത്തിനു പുറത്തു കൊണ്ടുപോയി ചുട്ടുകളയണമായിരുന്നു. (ലേവ്യപുസ്‌തകം 16:27) എന്നാൽ, അതിനു പകരം ചാണകം അവരുടെ മുഖത്തു വിതറുമെന്ന് യഹോവ പറയുമ്പോൾ അവരെയും അവർ അർപ്പിച്ചിരുന്ന യാഗങ്ങളെയും അവൻ എത്ര വെറുപ്പോടെയാണു വീക്ഷിച്ചിരുന്നത് എന്നു വ്യക്തമാകുന്നു.
7. ന്യായപ്രമാണം പ്രബോധിപ്പിച്ചിരുന്നവരോട് യഹോവയ്‌ക്കു കോപം തോന്നിയത് എന്തുകൊണ്ട്?
7 മലാഖിയുടെ കാലത്തിനും നൂറ്റാണ്ടുകൾക്കു മുമ്പ്, സമാഗമന കൂടാരത്തിന്റെയും പിന്നീട് ആലയത്തിന്റെയും അതിലെ വിശുദ്ധ ശുശ്രൂഷയുടെയും കാര്യങ്ങൾ നോക്കിനടത്താനുള്ള ചുമതല യഹോവ ലേവ്യരെ ഏൽപ്പിച്ചിരുന്നു. ഇസ്രായേലിലെ പ്രബോധകർ ആയിരുന്നു അവർ. ആ നിയമനം നിറവേറ്റുന്നത് അവർക്കും ജനതയ്‌ക്കും ജീവനെയും സമാധാനത്തെയും അർഥമാക്കുമായിരുന്നു. (സംഖ്യാപുസ്‌തകം 3:5-8) എന്നാൽ, ലേവ്യർക്ക് ആദ്യമുണ്ടായിരുന്ന ദൈവഭയം നഷ്ടമായി. അതുകൊണ്ട് യഹോവ അവരോട് ഇപ്രകാരം പറഞ്ഞു: ‘നിങ്ങളോ വഴിവിട്ടുമാറി പലരെയും ഉപദേശത്താൽ ഇടറുമാറാക്കി. ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു. നിങ്ങൾ എന്റെ വഴികളെ പ്രമാണിച്ചില്ല.’ (മലാഖി 2:8, 9) സത്യം പഠിപ്പിക്കുന്നതിൽ പരാജയപ്പെടുകയും മോശമായ മാതൃക വെക്കുകയും ചെയ്യുകവഴി ആ പുരോഹിതന്മാർ അനേകരെ വഴിതെറ്റിച്ചു. അതുകൊണ്ട് യഹോവയ്‌ക്ക് ഉചിതമായും അവരോടു കോപം തോന്നി.
ദൈവനിലവാരങ്ങൾ പാലിക്കൽ
8. മനുഷ്യർ ദൈവത്തിന്റെ നിലവാരങ്ങൾ പാലിക്കണമെന്നു പറയുന്നത് അന്യായമാണോ? വിശദമാക്കുക.
8 ആ പുരോഹിതന്മാർ കേവലം അപൂർണരും ദൈവത്തിന്റെ നിലവാരങ്ങൾ പാലിക്കാൻ അപ്രാപ്‌തരും ആയിരുന്നെന്നും അതുകൊണ്ട് അവർ സഹതാപവും ക്ഷമയും അർഹിച്ചിരുന്നെന്നും നമുക്കു ചിന്തിക്കാതിരിക്കാം. മനുഷ്യന് ദൈവത്തിന്റെ കൽപ്പനകൾ പാലിക്കാൻ കഴിയും എന്നതാണു വസ്‌തുത. കാരണം, നമുക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നില്ല. അന്നു ചില പുരോഹിതന്മാർ യഹോവയുടെ നിലവാരങ്ങൾ പാലിച്ചിരുന്നിരിക്കാം. പിൽക്കാലത്ത് വലിയ “മഹാപുരോഹിത”നായ യേശു അവ പാലിച്ചു എന്നതിനു സംശയമില്ല. (എബ്രായർ 3:1) അവനെ കുറിച്ച് ഉചിതമായും ഇപ്രകാരം പറയാൻ കഴിയുമായിരുന്നു: “നേരുള്ള ഉപദേശം [“സത്യത്തിന്റെ നിയമം,” NW] അവന്റെ വായിൽ ഉണ്ടായിരുന്നു; നീതികേടു അവന്റെ അധരങ്ങളിൽ കണ്ടതുമില്ല; സമാധാനമായും പരമാർത്ഥമായും അവൻ എന്നോടുകൂടെ നടന്നു പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി.”—മലാഖി 2:6.
9. നമ്മുടെ നാളുകളിൽ വിശ്വസ്‌തമായി ബൈബിൾ സത്യം പകർന്നു തന്നിരിക്കുന്നത് ആരാണ്?
9 സമാനമായി, സ്വർഗീയ പ്രത്യാശ ഉള്ളവരായ ക്രിസ്‌തുവിന്റെ അഭിഷിക്ത സഹോദരങ്ങൾ ഇപ്പോൾ 1 പത്രൊസ് 2:5) ബൈബിൾ സത്യം മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്നതിൽ അവർ നേതൃത്വം വഹിച്ചിരിക്കുന്നു. അവർ പകർന്നുതരുന്ന ബൈബിൾ സത്യം പഠിക്കവേ, അവരുടെ വായിൽ സത്യത്തിന്റെ നിയമം ഉണ്ടെന്നു തെളിഞ്ഞിരിക്കുന്നതായി അനുഭവത്തിൽനിന്നു നിങ്ങൾ കണ്ടെത്തിയിട്ടില്ലേ? മതപരമായ തെറ്റുകളിൽനിന്നു തിരിഞ്ഞുവരാൻ അവർ അനേകരെ സഹായിച്ചിരിക്കുന്നു. അങ്ങനെ, ബൈബിൾ സത്യങ്ങൾ പഠിച്ചവരും നിത്യജീവന്റെ പ്രത്യാശ ഉള്ളവരുമായ ദശലക്ഷക്കണക്കിന് ആളുകളെ ഇന്ന് ലോകമെമ്പാടും കാണാൻ കഴിയും. അവർക്കാകട്ടെ, മറ്റ് ദശലക്ഷക്കണക്കിന് ആളുകളെ സത്യത്തിന്റെ നിയമം പഠിപ്പിക്കാനുള്ള പദവിയുണ്ട്.—യോഹന്നാൻ 10:16; വെളിപ്പാടു 7:9.
ഒരു നൂറ്റാണ്ടിലേറെയായി ‘ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമായി’ സേവിച്ചിരിക്കുന്നു. (ജാഗ്രത പാലിക്കേണ്ടതിന്റെ കാരണം
10. സംസാരത്തിൽ ജാഗ്രത ഉള്ളവർ ആയിരിക്കാൻ നമുക്ക് എന്തു കാരണമുണ്ട്?
10 എന്നിരുന്നാലും, ജാഗ്രത ഉള്ളവരായിരിക്കാൻ നമുക്കു കാരണമുണ്ട്. മലാഖി 2:1-9-ൽ അടങ്ങിയിരിക്കുന്ന പാഠങ്ങൾ ഉൾക്കൊള്ളാൻ നാം പരാജയപ്പെട്ടേക്കാം. ‘നമ്മുടെ അധരങ്ങളിൽ നീതികേടു കാണാതിരിക്കാൻ’ നാം വ്യക്തിപരമായി ശ്രദ്ധാലുക്കളാണോ? ഉദാഹരണത്തിന്, നാം പറയുന്ന കാര്യങ്ങൾ നമ്മുടെ കുടുംബാംഗങ്ങൾക്ക് യഥാർഥമായും വിശ്വസിക്കാൻ കഴിയുമോ? സഭയിലെ നമ്മുടെ ആത്മീയ സഹോദരങ്ങൾക്കോ? നിഘണ്ടു പ്രകാരം അർഥം കൃത്യമാണെങ്കിലും മറ്റുള്ളവരെ വഴിതെറ്റിക്കുന്ന വിധത്തിൽ വാക്കുകൾ ഉപയോഗിക്കുന്ന ശീലം വളർത്തിയെടുക്കുക എളുപ്പമാണ്. അല്ലെങ്കിൽ ഒരുവൻ ബിസിനസിൽ കാര്യങ്ങൾ പെരുപ്പിച്ചു കാണിക്കുകയോ വിശദാംശങ്ങൾ മറച്ചുവെക്കുകയോ ചെയ്‌തേക്കാം. യഹോവ അതു കാണാതിരിക്കുമോ? അത്തരം നടപടികളിൽ നാം ഏർപ്പെടുന്നെങ്കിൽ, അവൻ നമ്മുടെ അധരങ്ങളിൽനിന്നു സ്‌തുതിയാഗങ്ങൾ സ്വീകരിക്കുമോ?
11. ആർ വിശേഷാൽ ജാഗ്രത പാലിക്കണം?
11 ഇന്നു സഭയിൽ പഠിപ്പിക്കാൻ പദവി ലഭിച്ചിരിക്കുന്നവർക്ക് മലാഖി 2:7 ഒരു മുന്നറിയിപ്പായി ഉതകണം. അവരുടെ അധരങ്ങൾ “പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ട”താണെന്നും ആളുകൾ അവരോട് ‘ഉപദേശം ചോദിച്ചു പഠിക്കേണ്ട’താണെന്നും അതു പറയുന്നു. അവർക്കു ഭാരിച്ച ഉത്തരവാദിത്വമുണ്ട്, കാരണം അവർക്ക് “അധികം ശിക്ഷാവിധി വരും” എന്ന് യാക്കോബ് 3:1 സൂചിപ്പിക്കുന്നു. അവർ ഊർജസ്വലതയോടും ഉത്സാഹത്തോടും കൂടെ പഠിപ്പിക്കേണ്ടതുണ്ട്. അതേസമയം അവരുടെ പഠിപ്പിക്കൽ ദൈവത്തിന്റെ ലിഖിത വചനത്തിലും യഹോവയുടെ സംഘടനയിൽനിന്നു വരുന്ന പ്രബോധനങ്ങളിലും അധിഷ്‌ഠിതമായിരിക്കുകയും വേണം. ആ വിധത്തിൽ അവർ ‘മറ്റുള്ളവരെ പഠിപ്പിക്കാൻ സുസജ്ജർ’ ആയിരിക്കും. അതുകൊണ്ട് അവർക്ക് ഈ ബുദ്ധിയുപദേശം നൽകിയിരിക്കുന്നു: “സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്‌തുകൊണ്ട് ഒന്നിനെക്കുറിച്ചും ലജ്ജിപ്പാൻ വകയില്ലാത്ത ഒരു വേലക്കാരനായി, ദൈവത്തിനു അംഗീകാരമുള്ളവനായി സ്വയം അർപ്പിക്കാൻ നിന്റെ പരമാവധി പ്രവർത്തിക്കുക.”—2 തിമൊഥെയൊസ് 2:2, 15.
12. പഠിപ്പിക്കുന്നവർ എന്തു ജാഗ്രത പുലർത്തണം?
12 ജാഗ്രത പാലിക്കാത്തപക്ഷം, നമ്മുടെ പഠിപ്പിക്കലിനോടു വ്യക്തിപരമായ താത്‌പര്യങ്ങളോ അഭിപ്രായങ്ങളോ കൂട്ടിച്ചേർക്കാൻ നമുക്കു പ്രലോഭനം തോന്നിയേക്കാം. സ്വന്തം നിഗമനങ്ങൾ യഹോവയുടെ സംഘടന പഠിപ്പിക്കുന്നതിനു വിരുദ്ധമായിരിക്കുമ്പോൾ പോലും അവയിൽ കടിച്ചുതൂങ്ങാൻ ചായ്‌വു കാട്ടുന്നവരുടെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമാണ്. എന്നാൽ, സഭയിൽ പഠിപ്പിക്കുന്നവർ വ്യക്തിപരമായ ആശയങ്ങളോടല്ല മറിച്ച് ദൈവത്തിൽനിന്നുള്ള പരിജ്ഞാനത്തോടാണു പറ്റിനിൽക്കേണ്ടത് എന്ന് മലാഖി 2-ാം അധ്യായം കാണിച്ചുതരുന്നു. അല്ലാത്തപക്ഷം ആടുകൾക്ക് ഇടർച്ച സംഭവിച്ചേക്കാം. യേശു പറഞ്ഞു: “എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്‌ത്തിക്കളയുന്നതു അവന്നു നന്നു.”—മത്തായി 18:6.
അവിശ്വാസിയെ വിവാഹം ചെയ്യൽ
13, 14. വഞ്ചനാപരമായ ഏതു ഗതിയെ കുറിച്ചാണ് മലാഖി എടുത്തുപറഞ്ഞത്?
13 മലാഖി 2-ാം അധ്യായത്തിന്റെ 10-ാം വാക്യം മുതലുള്ള ഭാഗത്ത് വഞ്ചനയെ കുറിച്ച് കുറേക്കൂടെ നേരിട്ടു പരാമർശിച്ചിരിക്കുന്നു. പരസ്‌പര ബന്ധമുള്ള രണ്ടു കാര്യങ്ങളിൽ മലാഖി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവയെക്കുറിച്ചു പറയുമ്പോൾ അവൻ “വഞ്ചനാപരമായി” എന്ന പദം ആവർത്തിച്ച് ഉപയോഗിക്കുന്നുണ്ട്. ആദ്യമായി മലാഖി തന്റെ ബുദ്ധിയുപദേശത്തിന് ആമുഖമായി ഈ ചോദ്യങ്ങൾ ചോദിക്കുന്നു: ‘നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്’? ‘ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചത്’? ‘നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നത് എന്തിന്? [“നാം അന്യോന്യം വഞ്ചനാപരമായി പെരുമാറുന്നത് എന്തിന്?,” NW]” അവരുടെ വഞ്ചനാപരമായ ഗതി “യഹോവയുടെ വിശുദ്ധി”യെ (NW) അശുദ്ധമാക്കുന്ന അളവോളം എത്തിയെന്ന് 11-ാം വാക്യം കൂട്ടിച്ചേർക്കുന്നു. വളരെ ഗൗരവതരമായ എന്താണ് അവർ ചെയ്‌തിരുന്നത്? ഒരു തെറ്റായ നടപടിയിലേക്ക് ആ വാക്യം ശ്രദ്ധ ക്ഷണിക്കുന്നു: അവർ “ഒരു അന്യദേവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു.”
14 മറ്റു വാക്കുകളിൽ പറഞ്ഞാൽ, യഹോവയ്‌ക്കു സമർപ്പിക്കപ്പെട്ട ഒരു ജനതയുടെ ഭാഗമായിരുന്ന ഇസ്രായേല്യരിൽ ചിലർ അവന്റെ ആരാധകരല്ലാത്തവരെ വിവാഹം കഴിച്ചിരുന്നു. അത് അത്ര ഗൗരവമുള്ള ഒരു നടപടി ആയിരുന്നത് എന്തുകൊണ്ടെന്നു കാണാൻ സന്ദർഭം നമ്മെ സഹായിക്കുന്നു. അവർക്കെല്ലാം ഒരു പൊതു ‘പിതാവാ’ണ് ഉണ്ടായിരുന്നതെന്ന് 10-ാം വാക്യം പറയുന്നു. അത് (ഇസ്രായേൽ എന്നു പുനർനാമകരണം ചെയ്യപ്പെട്ട) യാക്കോബോ അബ്രാഹാമോ ആദാം പോലുമോ ആയിരുന്നില്ല. ആ ‘പിതാവ്’ യഹോവ ആണെന്ന് മലാഖി 1:6 വ്യക്തമാക്കുന്നു. ഇസ്രായേൽ ജനത അവനുമായി ഒരു പ്രത്യേക ബന്ധത്തിലേക്കു വന്നിരുന്നു, അവരുടെ പിതാക്കന്മാരോടു ചെയ്‌ത ഉടമ്പടിയിലെ അംഗങ്ങളായിരുന്നു അവർ. ആ ഉടമ്പടിയിലെ ഒരു നിയമം ഇതായിരുന്നു: “അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുതു.”—ആവർത്തനപുസ്‌തകം 7:3.
15. (എ) അവിശ്വാസിയെ വിവാഹം ചെയ്യുന്നതിനെ ചിലർ എങ്ങനെ ന്യായീകരിച്ചേക്കാം? (ബി) വിവാഹം സംബന്ധിച്ച തന്റെ വീക്ഷണം യഹോവ വ്യക്തമാക്കുന്നത് എങ്ങനെ?
15 ഇന്ന് ചിലർ ഇങ്ങനെ ന്യായവാദം ചെയ്‌തേക്കാം: ‘ഞാൻ ഇഷ്ടപ്പെട്ടിരിക്കുന്നത് വളരെ നല്ല ഒരു വ്യക്തിയെയാണ്. അയാൾ (അല്ലെങ്കിൽ അവൾ) സത്യാരാധന സ്വീകരിക്കാൻ സാധ്യതയുണ്ട്.’ അത്തരം ചിന്താഗതി പിൻവരുന്ന നിശ്വസ്‌ത ബുദ്ധിയുപദേശത്തെ സ്ഥിരീകരിക്കുക മാത്രമാണ് ചെയ്യുന്നത്: “ഹൃദയം എല്ലാററിനെക്കാളും കപടവും വിഷമവുമുള്ളതു; ആരാഞ്ഞറിയുന്നവൻ ആർ?” (യിരെമ്യാവു 17:9) അവിശ്വാസിയെ വിവാഹം ചെയ്യുന്നതിനെ യഹോവ എങ്ങനെ വീക്ഷിച്ചിരുന്നു എന്ന് മലാഖി 2:12 (NW) വ്യക്തമാക്കുന്നു: “അങ്ങനെ ചെയ്യുന്ന ഏതൊരാളെയും യഹോവ ഛേദിച്ചുകളയും.” അതുകൊണ്ട്, ‘കർത്താവിൽ വിശ്വസിക്കുന്ന [വ്യക്തിയെ] മാത്രമേ’ വിവാഹം ചെയ്യാവൂ എന്ന് ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നു. (1 കൊരിന്ത്യർ 7:39) ക്രിസ്‌തീയ ക്രമീകരണത്തിൻ കീഴിൽ, അവിശ്വാസിയായ ഒരു വ്യക്തിയെ വിവാഹം ചെയ്‌താൽ ഒരു വിശ്വാസി ‘ഛേദി’ക്കപ്പെടുന്നില്ല. എങ്കിലും, അവിശ്വാസിയായ ഇണ അങ്ങനെതന്നെ തുടരുന്നെങ്കിൽ, താമസിയാതെ ദൈവം ഈ വ്യവസ്ഥിതിക്ക് അന്ത്യം വരുത്തുമ്പോൾ ആ വ്യക്തിക്ക് എന്തായിരിക്കും സംഭവിക്കുക?—സങ്കീർത്തനം 37:37, 38.
ഇണയോടു മോശമായി പെരുമാറൽ
16, 17. ചിലർ വഞ്ചനാപരമായ ഏതു ഗതിയാണു സ്വീകരിച്ചത്?
16 അടുത്തതായി, രണ്ടാമതൊരു വഞ്ചനയെ കുറിച്ച് മലാഖി പറയുന്നു: ഇണയോട് മോശമായി പെരുമാറുന്നതാണ് അത്, വിശേഷിച്ചും അന്യായമായി അവളെ ഉപേക്ഷിച്ചുകൊണ്ട്. 2-ാം അധ്യായത്തിന്റെ 14-ാം വാക്യം ഇങ്ങനെ പറയുന്നു: “യഹോവ നിനക്കും നീ അവിശ്വസ്‌തത കാണിച്ചിരിക്കുന്ന [“നീ വഞ്ചനാപരമായി പെരുമാറിയിരിക്കുന്ന,” NW] നിന്റെ യൌവനത്തിലെ ഭാര്യക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവൾ നിന്റെ കൂട്ടാളിയും നിന്റെ ധർമ്മപത്‌നിയുമല്ലോ.” ഭാര്യമാരോടു വഞ്ചനാപരമായി ഇടപെട്ടതിനാൽ അനേകം യഹൂദ ഭർത്താക്കന്മാർ യഹോവയുടെ യാഗപീഠം ‘കണ്ണുനീർകൊണ്ട് മൂടാൻ’ ഇടയാക്കി. (മലാഖി 2:13) ആ പുരുഷന്മാർ നിയമാനുസൃതമല്ലാത്ത കാരണങ്ങളാൽ വിവാഹമോചനം നേടിക്കൊണ്ട് തങ്ങളുടെ യൗവനത്തിലെ ഭാര്യമാരെ ഉപേക്ഷിച്ചത് തെറ്റായിരുന്നു. ഒരുപക്ഷേ പ്രായം കുറഞ്ഞ സ്‌ത്രീകളെ അല്ലെങ്കിൽ വിജാതീയ സ്‌ത്രീകളെ വിവാഹം കഴിക്കാനായിരിക്കാം അവർ അങ്ങനെ ചെയ്‌തത്. ദുഷിച്ച പുരോഹിതന്മാർ ആകട്ടെ അത് അനുവദിച്ചുകൊടുക്കുകയും ചെയ്‌തു! എന്നാൽ മലാഖി 2:16-ൽ താൻ “ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.” നിരപരാധിയായ ഇണയ്‌ക്ക് പുനർവിവാഹത്തിന് അനുമതി നൽകുന്നതരം വിവാഹമോചനത്തിനുള്ള ഏക അടിസ്ഥാനം അധാർമികത ആണെന്ന് യേശു പിന്നീടു വ്യക്തമാക്കി.—മത്തായി 19:9.
17 മലാഖിയുടെ വാക്കുകളെ കുറിച്ചു ഗൗരവമായി ചിന്തിക്കുക. ആർദ്ര ദയ കാണിക്കാൻ പ്രേരിപ്പിക്കുമാറ് അവ എത്ര ഹൃദയാവർജകമാണെന്നു കാണുക. ‘നിന്റെ കൂട്ടാളിയും നിന്റെ ധർമ്മപത്‌നിയും’ എന്ന് അവൻ പരാമർശിക്കുന്നു. ഉൾപ്പെട്ടിരുന്ന ഓരോ പുരുഷനും ഒരു സഹ ആരാധികയെ, ഒരു ഇസ്രായേല്യ സ്‌ത്രീയെ ആണ് വിവാഹം ചെയ്‌തിരുന്നത്. അവളെ ഒരു പ്രിയ സഖിയായി, ഒരു പങ്കാളിയായി അയാൾ തിരഞ്ഞെടുത്തിരുന്നു. വിവാഹം നടക്കുമ്പോൾ ഇരുവരും ചെറുപ്പം ആയിരുന്നിരിക്കാം. എന്നാൽ, കാലം കടന്നുപോകുകയും വാർധക്യം അവരുടെ ജീവിതത്തിൽ കാലെടുത്തുവെക്കുകയും ചെയ്‌തെങ്കിലും, അവരുടെ വിവാഹ ഉടമ്പടി അസാധു ആകുമായിരുന്നില്ല.
18. വഞ്ചന സംബന്ധിച്ച മലാഖിയുടെ ബുദ്ധിയുപദേശം ഇന്ന് ഏതു വിധങ്ങളിൽ ബാധകമാണ്?
18 ആ വിഷയങ്ങൾ സംബന്ധിച്ച ബുദ്ധിയുപദേശം അന്നത്തെപ്പോലെ ഇന്നും ബാധകമാണ്. കർത്താവിൽ വിശ്വസിക്കുന്ന വ്യക്തിയെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന ദൈവിക നിർദേശത്തെ ചിലർ അനാദരിച്ചിരിക്കുന്നതു ഖേദകരമാണ്. മറ്റു ചിലരാകട്ടെ തങ്ങളുടെ ദാമ്പത്യബന്ധത്തെ കരുത്തുറ്റതാക്കി നിറുത്താൻ ശ്രമിക്കുന്നില്ല. പകരം അവർ ഒഴികഴിവുകൾ കണ്ടെത്തുകയും മറ്റാരെയെങ്കിലും വിവാഹം ചെയ്യാൻ തിരുവെഴുത്തു വിരുദ്ധമായി വിവാഹമോചനം നേടിക്കൊണ്ട് ദൈവം വെറുക്കുന്ന ഗതി സ്വീകരിക്കുകയും ചെയ്യുന്നു. അപ്രകാരം പ്രവർത്തിക്കുകവഴി അവർ “യഹോവയെ മുഷിപ്പി”ച്ചിരിക്കുന്നു. മലാഖിയുടെ കാലത്ത് ദൈവിക ബുദ്ധിയുപദേശത്തെ തിരസ്‌കരിച്ചിരുന്നവർ യഹോവയുടെ വീക്ഷണങ്ങളിൽ ന്യായമില്ല എന്നു ചിന്തിക്കാൻ പോലും ധൈര്യപ്പെട്ടു. ഫലത്തിൽ അവർ, ‘ന്യായത്തിന്റെ ദൈവം എവിടെ?’ എന്നു ചോദിച്ചു. എത്ര വികടമായ ചിന്താഗതി! നമുക്ക് ആ കെണിയിൽ വീഴാതിരിക്കാം.—മലാഖി 2:17.
19. ഭർത്താക്കന്മാർക്കും ഭാര്യമാർക്കും ദൈവത്തിന്റെ ആത്മാവു ലഭിക്കുക സാധ്യമായിരിക്കുന്നത് എങ്ങനെ?
19 എന്നാൽ, ചില ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരോടു വഞ്ചനാപരമായി ഇടപെട്ടില്ലെന്ന് നല്ല വശം ചൂണ്ടിക്കാട്ടിക്കൊണ്ട് മലാഖി സൂചിപ്പിക്കുന്നു. ‘ദൈവത്തിന്റെ പരിശുദ്ധാത്മാവിൽ ശേഷിച്ചിരുന്ന’ വിശ്വസ്‌ത ഭർത്താക്കന്മാർ ഉണ്ടായിരുന്നു. (15-ാം വാക്യം, NW) സന്തോഷകരമെന്നു പറയട്ടെ, ‘ഭാര്യമാർക്ക് ബഹുമാനം കൊടുക്കുന്ന’ അത്തരം പുരുഷന്മാരെക്കൊണ്ട് ഇന്ന് ദൈവത്തിന്റെ സംഘടന നിറഞ്ഞു കവിയുന്നു. (1 പത്രൊസ് 3:7) അവർ തങ്ങളുടെ ഭാര്യമാരെ അധിക്ഷേപിക്കുകയോ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്യുന്നില്ല, അധഃപതിച്ച ലൈംഗിക നടപടികൾക്കു നിർബന്ധിക്കുന്നില്ല, അശ്ലീലരംഗങ്ങൾ കണ്ട് ആസ്വദിക്കുകയോ മറ്റു സ്‌ത്രീകളുമായി ശൃംഗരിക്കുകയോ ചെയ്‌തുകൊണ്ട് തങ്ങളുടെ ഭാര്യമാരെ അപമാനിക്കുന്നില്ല. ദൈവത്തോടും അവന്റെ നിയമങ്ങളോടും വിശ്വസ്‌തത പാലിക്കുന്ന നിരവധി ക്രിസ്‌തീയ ഭാര്യമാരും യഹോവയുടെ സംഘടനയിൽ ഉണ്ട്. ദൈവം വെറുക്കുന്ന കാര്യങ്ങൾ എന്താണെന്ന് ആ സ്‌ത്രീപുരുഷന്മാർക്കെല്ലാം അറിയാം. പ്രസ്‌തുത അറിവിനു ചേർച്ചയിൽ അവർ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ‘മനുഷ്യരെക്കാൾ ദൈവത്തെ അനുസരിച്ചു’കൊണ്ട് അവരെപ്പോലെ ആയിരിക്കുന്നതിൽ തുടരുക. അപ്പോൾ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നാം അനുഗ്രഹിക്കപ്പെടും.—പ്രവൃത്തികൾ 5:29.
20. മുഴു മനുഷ്യവർഗവും ഏതു സമയത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്?
20 താമസിയാതെ, ഈ മുഴു ലോകത്തെയും ദൈവം ന്യായവിധിയിലേക്കു കൊണ്ടുവരും. തങ്ങളുടെ വിശ്വാസങ്ങളുടെയും പ്രവൃത്തികളുടെയും അടിസ്ഥാനത്തിൽ ഓരോ വ്യക്തിയും ദൈവത്തോട് ഉത്തരം പറയേണ്ടിവരും. “ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും” എന്നു ബൈബിൾ പറയുന്നു. (റോമർ 14:12) അതുകൊണ്ട് ശ്രദ്ധേയമായ ഒരു ചോദ്യം ഉയർന്നുവരുന്നു: യഹോവയുടെ ദിവസത്തെ ആർ അതിജീവിക്കും? ഈ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ലേഖനം ആ വിഷയം ചർച്ച ചെയ്യും.
നിങ്ങൾക്കു വിശദീകരിക്കാമോ?
• ഏത് അടിസ്ഥാന കാരണത്തെ ചൊല്ലി യഹോവ ഇസ്രായേലിലെ പുരോഹിതന്മാരെ കുറ്റം വിധിച്ചു?
• ദൈവിക നിലവാരങ്ങൾ മനുഷ്യനു പാലിക്കാൻ കഴിയാത്തവിധം അത്ര ഉയർന്നതല്ലെന്നു പറയാൻ കാരണമെന്ത്?
• നമ്മുടെ പഠിപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്നു നാം ജാഗ്രത പാലിക്കേണ്ടത് എന്തുകൊണ്ട്?
• യഹോവ വിശേഷാൽ കുറ്റംവിധിച്ച രണ്ടു നടപടികൾ ഏവ?
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ചിത്രം]
മലാഖിയുടെ കാലത്ത്, യഹോവയുടെ വഴികൾ പാലിക്കാത്തതിന് പുരോഹിതന്മാർ കുറ്റം വിധിക്കപ്പെട്ടു
[16-ാം പേജിലെ ചിത്രം]
വ്യക്തിപരമായ ആശയങ്ങൾ ഉന്നമിപ്പിക്കാൻ ശ്രമിക്കാതെ യഹോവയുടെ വഴികൾ പഠിപ്പിക്കാൻ നാം ശ്രദ്ധിക്കണം
[18-ാം പേജിലെ ചിത്രം]
നിസ്സാര കാര്യങ്ങളെ ചൊല്ലി തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ച് വിജാതീയ സ്‌ത്രീകളെ വിവാഹം കഴിച്ച ഇസ്രായേല്യരെ യഹോവ കുറ്റംവിധിച്ചു
[18-ാം പേജിലെ ചിത്രം]
ക്രിസ്‌ത്യാനികൾ ഇന്ന് തങ്ങളുടെ വിവാഹ ഉടമ്പടിയെ ആദരിക്കുന്നു