വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യഹോവയുടെ ആലയത്തിൽ രാപകൽ വിശുദ്ധ സേവനം അർപ്പിക്കുന്നതായി യോഹന്നാൻ ദർശിച്ച “മഹാപുരുഷാരം” ആലയത്തിന്റെ ഏതു ഭാഗത്താണ്‌ അതു ചെയ്‌തുകൊണ്ടിരുന്നത്‌?​—⁠വെളിപ്പാടു 7:9-15.

യഹോവയുടെ വലിയ ആത്മീയ ആലയത്തിലെ ഭൗമിക പ്രാകാരങ്ങളിൽ ഒന്നിൽ​—⁠കൃത്യമായി പറഞ്ഞാൽ, ശലോമോന്റെ ആലയത്തിന്റെ പുറത്തെ പ്രാകാരത്തോട്‌ ഒത്തുവരുന്ന ഒന്നിൽ​—⁠ആണ്‌ മഹാപുരുഷാരം യഹോവയെ ആരാധിക്കുന്നത്‌ എന്നു ന്യായമായും പറയാൻ കഴിയും.

യേശുവിന്റെ നാളിൽ സ്ഥിതി ചെയ്‌തിരുന്ന വിജാതീയരുടെ പ്രാകാരത്തിന്റെ പ്രതിമാതൃകയായ ഒരു ആത്മീയ പ്രാകാരത്തിലാണ്‌ മഹാപുരുഷാരം ആരാധന അർപ്പിക്കുന്നത്‌ എന്നായിരുന്നു മുമ്പത്തെ ധാരണ. എന്നാൽ, അത്‌ അങ്ങനെയല്ലെന്ന്‌ കൂടുതലായ ഗവേഷണങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. അതിന്‌ ചുരുങ്ങിയത്‌ അഞ്ച്‌ കാരണങ്ങൾ ഉണ്ട്‌. ഒന്നാമതായി, ഹെരോദാവിന്റെ ആലയത്തിന്റെ എല്ലാ സവിശേഷതകളുടെയും പ്രതിമാതൃകകൾ യഹോവയുടെ വലിയ ആത്മീയ ആലയത്തിൽ ഇല്ല. ഉദാഹരണത്തിന്‌, ഹെരോദാവിന്റെ ആലയത്തിൽ സ്‌ത്രീകളുടെ പ്രാകാരവും ഇസ്രായേല്യരുടെ പ്രാകാരവും ഉണ്ടായിരുന്നു. സ്‌ത്രീകളുടെ പ്രാകാരത്തിൽ സ്‌ത്രീകൾക്കും പുരുഷന്മാർക്കും പ്രവേശനം ഉണ്ടായിരുന്നു, എന്നാൽ ഇസ്രായേല്യരുടെ പ്രാകാരത്തിൽ പുരുഷന്മാർക്കു മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. യഹോവയുടെ വലിയ ആത്മീയ ആലയത്തിന്റെ ഭൗമിക പ്രാകാരങ്ങളിലെ ആരാധനയിൽ സ്‌ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചിട്ടില്ല. (ഗലാത്യർ 3:28, 29) അതുകൊണ്ട്‌, സ്‌ത്രീകളുടെ പ്രാകാരത്തിനും ഇസ്രായേല്യരുടെ പ്രാകാരത്തിനും ആത്മീയ ആലയത്തിൽ പ്രതിമാതൃകകൾ ഇല്ല.

രണ്ടാമതായി, ശലോമോൻ നിർമിച്ച ആലയത്തിനായി ദൈവം നൽകിയ നിർമാണ രൂപമാതൃകയിലും യെഹെസ്‌കേൽ ദർശനത്തിൽ കണ്ട ആലയത്തിലും വിജാതീയർക്കുള്ള പ്രാകാരം ഉണ്ടായിരുന്നില്ല; സെരുബ്ബാബേൽ പുനർനിർമിച്ച ആലയത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. അതുകൊണ്ട്‌, ആരാധനയ്‌ക്കായുള്ള യഹോവയുടെ വലിയ ആത്മീയ ആലയ ക്രമീകരണത്തിൽ വിജാതീയരുടെ ഒരു പ്രാകാരം ഉണ്ടായിരിക്കുമെന്നു നിഗമനം ചെയ്യാൻ യാതൊരു കാരണവുമില്ല, വിശേഷിച്ചും മൂന്നാമത്തെ കാരണം കണക്കിലെടുക്കുമ്പോൾ.

മൂന്നാമതായി, വിജാതീയരുടെ പ്രാകാരം നിർമിച്ചത്‌ ഏദോമ്യ രാജാവായ ഹെരോദാവ്‌ ആയിരുന്നു. തനിക്കുതന്നെ മഹത്ത്വം നേടാനും റോമാക്കാരുടെ പ്രീതി കിട്ടാനുമായിരുന്നു ഹെരോദാവ്‌ അതു ചെയ്‌തത്‌. പൊ.യു.മു. 18-ഓ 17-ഓ നൂറ്റാണ്ടിലായിരിക്കാം ഹെരോദാവ്‌ സെരുബ്ബാബേലിന്റെ ആലയം പുതുക്കിപ്പണിയാൻ ആരംഭിച്ചത്‌. ദി ആങ്കർ ബൈബിൾ ഡിക്‌ഷനറി വിവരിക്കുന്നു: “പടിഞ്ഞാറുള്ള [റോം എന്ന] സാമ്രാജ്യത്വ ശക്തിയുടെ അഭിരുചിക്ക്‌ ഇണങ്ങണമെങ്കിൽ . . . സമാനമായ പൗരസ്‌ത്യ നഗരങ്ങളിലുള്ളവയെക്കാൾ വലിയ ഒന്നായിരിക്കണമായിരുന്നു ആലയം.” എന്നാൽ, ആലയത്തിന്റെ അളവുകൾ നൽകപ്പെട്ടു കഴിഞ്ഞിരുന്നു. ഡിക്‌ഷനറി തുടർന്ന്‌ പറയുന്നു: “പ്രസ്‌തുത ആലയത്തിനും [ശലോമോന്റെയും സെരുബ്ബാബേലിന്റെയും] മുൻ ആലയങ്ങളുടെ അതേ അളവുകൾ ആയിരിക്കണമായിരുന്നെങ്കിലും, ആലയ പ്രദേശത്തിന്റെ കാര്യത്തിൽ ആ നിബന്ധന ബാധകമായിരുന്നില്ല.” അതുകൊണ്ട്‌, ഇന്ന്‌ വിജാതീയരുടെ പ്രാകാരം എന്ന്‌ വിളിക്കപ്പെടുന്ന ഒരു ഭാഗം കൂട്ടിച്ചേർത്തുകൊണ്ട്‌ ഹെരോദാവ്‌ ആലയ പ്രദേശത്തിന്റെ വിസ്‌തൃതി വർധിപ്പിച്ചു. അത്തരമൊരു പശ്ചാത്തലത്തോടു കൂടിയ ഒന്നിന്റെ പ്രതിമാതൃക യഹോവയുടെ ആത്മീയ ആലയ ക്രമീകരണത്തിന്റെ ഭാഗമായിരിക്കേണ്ട ആവശ്യമുണ്ടോ?

നാലാമതായി അന്ധർ, മുടന്തർ, പരിച്ഛേദനയേൽക്കാത്ത വിജാതീയർ തുടങ്ങി ആർക്കും വിജാതീയരുടെ പ്രാകാരത്തിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു. (മത്തായി 21:14, 15) അതുവഴി, ദൈവത്തിന്‌ വഴിപാടുകൾ അർപ്പിക്കാൻ ആഗ്രഹിച്ച പരിച്ഛേദനയേൽക്കാത്ത പല വിജാതീയർക്കും അതിനു സാധിച്ചു എന്നുള്ളതു ശരിയാണ്‌. ചിലപ്പോഴൊക്കെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ യേശു സംസാരിച്ചത്‌ ഇവിടെ വെച്ചായിരുന്നു. അതുപോലെ, തന്റെ പിതാവിന്റെ ആലയത്തെ നിന്ദിച്ചതിന്‌ നാണയവിനിമയക്കാരെയും കച്ചവടക്കാരെയും യേശു രണ്ടു തവണ പുറത്താക്കിയതും ഈ പ്രാകാരത്തിൽനിന്നാണ്‌. (മത്തായി 21:12, 13; യോഹന്നാൻ 2:14-16) എങ്കിലും, ദ ജ്യൂയിഷ്‌ എൻസൈക്ലോപീഡിയ ഇങ്ങനെ പറയുന്നു: “കണിശമായി പറഞ്ഞാൽ, ഈ പുറത്തെ പ്രാകാരം ആലയത്തിന്റെ ഭാഗം ആയിരുന്നില്ല. അതിന്റെ മണ്ണ്‌ വിശുദ്ധമായിരുന്നില്ല, ആർക്കും അവിടെ പ്രവേശനം ഉണ്ടായിരുന്നു.”

അഞ്ചാമതായി, വിജാതീയരുടെ പ്രാകാരവുമായുള്ള ബന്ധത്തിൽ ഉപയോഗിച്ചിരിക്കുന്ന “ആലയം” എന്നതിന്റെ ഗ്രീക്ക്‌ പദം (ഹിയെറോൻ) “കൃത്യമായും ആലയമന്ദിരത്തെ മാത്രമല്ല, മന്ദിരത്തെയും പരിസരത്തെയും അർഥമാക്കുന്നു” എന്ന്‌ ബാർക്ലി എം. ന്യൂമാനും ഫിലിപ്പ്‌ സി. സ്റ്റൈനും തയ്യാറാക്കിയ എ ഹാൻഡ്‌ബുക്ക്‌ ഓൺ ദ ഗോസ്‌പൽ ഓഫ്‌ മാത്യു പറയുന്നു. എന്നാൽ ഇതിൽനിന്നു വ്യത്യസ്‌തമായി, മഹാപുരുഷാരത്തെ സംബന്ധിച്ച യോഹന്നാന്റെ ദർശനത്തിൽ ഉപയോഗിച്ചിരിക്കുന്ന “ആലയം” എന്നതിന്റെ ഗ്രീക്ക്‌ പദം (നാവോസ്‌) കുറേക്കൂടെ നിർദിഷ്ടമായ അർഥം നൽകുന്നു. യെരൂശലേമിലെ ആലയത്തോടുള്ള ബന്ധത്തിൽ, അത്‌ സാധാരണഗതിയിൽ അതിവിശുദ്ധത്തെയോ ആലയമന്ദിരത്തെയോ ആലയ പരിസരത്തെയോ പരാമർശിക്കുന്നു. ബൈബിളിൽ ചിലയിടങ്ങളിൽ അത്‌ “മന്ദിരം” എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.​—⁠മത്തായി 27:5, 51; ലൂക്കൊസ്‌ 1:9, 21; യോഹന്നാൻ 2:20.

മഹാപുരുഷാരത്തിലെ അംഗങ്ങൾ യേശുവിന്റെ മറുവില യാഗത്തിൽ വിശ്വാസം അർപ്പിക്കുന്നു. “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്ന” അവർ ആത്മീയമായി ശുദ്ധിയുള്ളവരാണ്‌. അതുകൊണ്ട്‌, ദൈവത്തിന്റെ സ്‌നേഹിതർ ആയിരിക്കുകയും മഹോപദ്രവത്തെ അതിജീവിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ അവർ നീതീകരിക്കപ്പെട്ടിരിക്കുന്നു. (യാക്കോബ്‌ 2:23, 25) പല വിധങ്ങളിലും അവർ, ന്യായപ്രമാണ ഉടമ്പടിക്കു കീഴ്‌പെട്ടുകൊണ്ട്‌ ഇസ്രായേല്യരോടൊപ്പം ദൈവത്തെ ആരാധിച്ച ഇസ്രായേലിലെ മതപരിവർത്തിതരെ പോലെയാണ്‌.

പുരോഹിതന്മാർ തങ്ങളുടെ മതകർമങ്ങൾ അനുഷ്‌ഠിച്ചിരുന്ന അകത്തെ പ്രാകാരത്തിൽ ആ മതപരിവർത്തിതർ തീർച്ചയായും സേവിച്ചിരുന്നില്ല. അതുപോലെ, മഹാപുരുഷാരത്തിലെ അംഗങ്ങൾ യഹോവയുടെ വലിയ ആത്മീയ ആലയത്തിലെ അകത്തെ പ്രാകാരത്തിൽ നിലകൊള്ളുന്നില്ല. യഹോവയുടെ “വിശുദ്ധപുരോഹിതവർഗ”ത്തിലെ അംഗങ്ങൾ ഭൂമിയിൽ ആയിരിക്കുമ്പോഴുള്ള പൂർണവും നീതിനിഷ്‌ഠവുമായ മനുഷ്യ പുത്രത്വത്തിന്റെ അവസ്ഥയെ ആണ്‌ അകത്തെ പ്രാകാരം പ്രതിനിധീകരിക്കുന്നത്‌. (1 പത്രൊസ്‌ 2:5) എന്നാൽ, സ്വർഗീയ മൂപ്പൻ യോഹന്നാനോടു പറഞ്ഞതുപോലെ മഹാപുരുഷാരം ആലയത്തിൽത്തന്നെയാണ്‌ നിൽക്കുന്നത്‌, അല്ലാതെ ആലയപ്രദേശത്തിനു വെളിയിലുള്ള, വിജാതീയരുടെ ആത്മീയ പ്രാകാരം പോലുള്ള ഒരു സ്ഥലത്തല്ല. അത്‌ എത്ര വലിയ പദവിയാണ്‌! നാം ഓരോരുത്തരും ആത്മീയവും ധാർമികവുമായ നൈർമല്യം സദാ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന്‌ അത്‌ അടിവരയിടുന്നു!

[31-ാം പേജിലെ രേഖാചിത്രം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ശലോമോന്റെ ആലയം

1. ആലയമന്ദിരം

2. അകത്തെ പ്രാകാരം

3. പുറത്തെ പ്രാകാരം

4. ആലയ പ്രാകാരത്തിലേക്കുള്ള പടികൾ