വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വൈകല്യങ്ങൾക്ക്‌ അറുതി എങ്ങനെ?

വൈകല്യങ്ങൾക്ക്‌ അറുതി എങ്ങനെ?

വൈകല്യങ്ങൾക്ക്‌ അറുതി എങ്ങനെ?

ഇതിനെ കുറിച്ചു സങ്കൽപ്പിക്കുക: കുരുടർ കാണുന്നു, ബധിരർ കേൾക്കുന്നു, ഊമർ സന്തോഷത്താൽ മതിമറന്നു പാടുന്നു, മുടന്തർ ഉറച്ച കാൽവെപ്പുകളോടെ നടക്കുന്നു! വൈദ്യശാസ്‌ത്രത്തിന്റെ നേട്ടങ്ങളെ കുറിച്ചല്ല നാം പറഞ്ഞുവരുന്നത്‌, മറിച്ച്‌ മനുഷ്യവർഗത്തിന്റെ കാര്യാദികളിൽ ദൈവം ഇടപെടുമ്പോൾ ഉണ്ടാകാനിരിക്കുന്ന അവസ്ഥയെ കുറിച്ചാണ്‌. ബൈബിൾ ഇങ്ങനെ മുൻകൂട്ടി പറയുന്നു: “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.” (യെശയ്യാവു 35:5, 6) വിസ്‌മയം കൊള്ളിക്കുന്ന ഈ പ്രവചനം നിവൃത്തിയേറുമെന്നു നമുക്ക്‌ എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

ആദ്യത്തെ കാരണം പരിചിന്തിക്കുക. യേശുക്രിസ്‌തു ഭൂമിയിൽ ആയിരുന്നപ്പോൾ എല്ലാത്തരം രോഗങ്ങളും വൈകല്യങ്ങളും അവൻ സുഖപ്പെടുത്തി. അവൻ ചെയ്‌ത അത്ഭുതങ്ങൾക്ക്‌ ഒട്ടേറെ പേർ​—⁠അവന്റെ ശത്രുക്കൾ പോലും​—⁠സാക്ഷികളായിരുന്നു. യേശുവിനെ അപമാനിക്കുക എന്ന ലക്ഷ്യത്തിൽ സംശയാലുക്കളായ എതിരാളികൾ ഒരു സന്ദർഭത്തിലെങ്കിലും അവൻ നടത്തിയ ഒരു സൗഖ്യമാക്കലിനെ കുറിച്ചു വിശദമായി അന്വേഷിക്കുകയുണ്ടായി. എന്നാൽ നിരാശയായിരുന്നു ഫലം, കാരണം അതുവഴി യേശുവിന്റെ അത്ഭുതപ്രവൃത്തിയെ സ്ഥിരീകരിക്കാൻ മാത്രമേ അവർക്കു കഴിഞ്ഞുള്ളൂ. (യോഹന്നാൻ 9:1, 5-34) യേശു മറ്റൊരു അത്ഭുതം പ്രവർത്തിച്ചപ്പോൾ അതും നിഷേധിക്കാൻ കഴിയാതെ നിരാശയോടെ അവർ പറഞ്ഞു: “നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.” (യോഹന്നാൻ 11:47) എന്നാൽ സാധാരണ ജനങ്ങൾ അവരെപ്പോലെ ഹൃദയം തഴമ്പിച്ചവർ ആയിരുന്നില്ല, കാരണം അവരിൽ പലരും യേശുവിൽ വിശ്വസിക്കാൻ തുടങ്ങി.​—⁠യോഹന്നാൻ 2:23; 10:​41, 42; 12:​9-11.

യേശുവിന്റെ അത്ഭുതപ്രവൃത്തികൾ ​—⁠ആഗോള സൗഖ്യമാക്കലിന്റെ മുന്നോടി

യേശുവിന്റെ അത്ഭുതപ്രവൃത്തികൾ യേശു മിശിഹായും ദൈവപുത്രനും ആണെന്നു തെളിയിക്കുക മാത്രമല്ല ചെയ്‌തത്‌. അനുസരണമുള്ള മനുഷ്യവർഗം ഭാവിയിൽ സൗഖ്യമാക്കപ്പെടുമെന്ന ബൈബിളിന്റെ വാഗ്‌ദാനങ്ങൾ വിശ്വസിക്കുന്നതിന്‌ അത്‌ അടിസ്ഥാനമേകി. ഈ വാഗ്‌ദാനങ്ങളിൽ, ആദ്യ ഖണ്ഡികയിൽ പ്രതിപാദിച്ച യെശയ്യാവു 35-ാം അധ്യായത്തിലെ പ്രവചനം ഉൾപ്പെടുന്നു. ദൈവഭയമുള്ള മനുഷ്യരുടെ ആരോഗ്യസ്ഥിതി ഭാവിയിൽ എങ്ങനെയുള്ളത്‌ ആയിരിക്കുമെന്ന്‌ യെശയ്യാവു 33:24 പറയുന്നു: “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” സമാനമായി, വെളിപ്പാടു 21:4, 5 ഈ വാഗ്‌ദാനം നൽകുന്നു: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു [ഇന്നത്തെ ദുരിതങ്ങളും കഷ്ടപ്പാടുകളും] കഴിഞ്ഞുപോയി.”

യേശുവിന്റെ മാതൃകാപ്രാർഥന ഉരുവിടുമ്പോൾ ഈ പ്രവചനങ്ങളുടെ നിവൃത്തിക്കു വേണ്ടിയാണ്‌ ആളുകൾ പ്രാർഥിക്കുന്നത്‌. ആ പ്രാർഥന ഭാഗികമായി ഇങ്ങനെ പറയുന്നു: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:10) അതേ, ദൈവഹിതത്തിൽ ഭൂമിക്കും മനുഷ്യവർഗത്തിനും ഒരു സ്ഥാനമുണ്ട്‌. ദൈവം രോഗങ്ങളും വൈകല്യങ്ങളും അനുവദിച്ചിരിക്കുന്നത്‌ ഒരു കാരണത്തോടെ ആണെങ്കിലും, അവ പെട്ടെന്നുതന്നെ നീക്കം ചെയ്യപ്പെടും; അവ ദൈവത്തിന്റെ “പാദപീഠ”ത്തിന്‌ എക്കാലവും കളങ്കം ചാർത്തുകയില്ല.​—⁠യെശയ്യാവു 66:⁠1. *

വേദനയോ പണച്ചെലവോ ഇല്ലാത്ത സൗഖ്യമാക്കൽ

ആളുകളെ ബാധിച്ചിരുന്ന ഏതുതരം വ്യാധിയും വേദനയില്ലാതെ, കാലതാമസം കൂടാതെ, പണച്ചെലവില്ലാതെ യേശു സുഖപ്പെടുത്തി. ആ വാർത്ത കാട്ടുതീ പോലെ പടർന്നു. താമസിയാതെ “വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാല്‌ക്കൽ വെച്ചു; അവൻ അവരെ സൌഖ്യമാക്കി.” ആളുകളുടെ പ്രതികരണം എന്തായിരുന്നു? മത്തായിയുടെ ദൃക്‌സാക്ഷി വിവരണം തുടരുന്നു: “ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.”​—⁠മത്തായി 15:30, 31.

തട്ടിപ്പുകാർ ചെയ്യുന്നതുപോലെ, യേശു ആൾക്കൂട്ടത്തിൽനിന്ന്‌ ആളുകളെ തിരഞ്ഞുപിടിച്ചു സൗഖ്യമാക്കുകയായിരുന്നില്ല. വ്യാധികളുള്ളവരെ അവരുടെ ബന്ധുമിത്രാദികൾ ‘യേശുവിന്റെ കാൽക്കൽ വെക്കുകയായിരുന്നു.’ അപ്പോൾ ‘അവൻ അവരെ സൌഖ്യമാ’ക്കി. രോഗങ്ങൾ സുഖപ്പെടുത്താനുള്ള യേശുവിന്റെ പ്രാപ്‌തി തെളിയിക്കുന്ന ചില പ്രത്യേക ദൃഷ്ടാന്തങ്ങൾ നമുക്കു പരിചിന്തിക്കാം.

അന്ധത: യെരൂശലേമിൽ ആയിരിക്കെ, “പിറവിയിലെ കുരുടനായോരു” മനുഷ്യന്‌ യേശു കാഴ്‌ച നൽകി. അന്ധനായ യാചകൻ എന്ന നിലയിൽ അയാൾ പട്ടണത്തിൽ സുപരിചിതനായിരുന്നു. അങ്ങനെയുള്ള ഒരാൾ പെട്ടെന്നൊരു ദിവസം ചുറ്റുമുള്ള കാര്യങ്ങൾ കണ്ടാസ്വദിച്ചു നടക്കുന്നതു കാണുമ്പോൾ ആളുകൾക്കിടയിൽ ഉണ്ടായേക്കാവുന്ന ആവേശവും കോലാഹലവും ഊഹിക്കാമല്ലോ! എങ്കിലും എല്ലാവരും അതിൽ സന്തോഷിച്ചില്ല. പരീശന്മാർ എന്ന്‌ അറിയപ്പെട്ടിരുന്ന പ്രമുഖരും സ്വാധീനശക്തിയുള്ളവരുമായ ഒരു യഹൂദവിഭാഗത്തിലെ ചില അംഗങ്ങൾ, യേശു മുമ്പ്‌ അവരുടെ ദുഷ്ടത തുറന്നുകാട്ടിയതിന്റെ ദേഷ്യത്തിൽ അവന്റെ ഭാഗത്ത്‌ എന്തെങ്കിലും വീഴ്‌ച കണ്ടുപിടിക്കാൻ കിണഞ്ഞു ശ്രമിച്ചു. (യോഹന്നാൻ 8:13, 42-44; 9:​1, 6-31) അതുകൊണ്ട്‌ അവർ സൗഖ്യം പ്രാപിച്ച മനുഷ്യനെയും അയാളുടെ മാതാപിതാക്കളെയും വീണ്ടും അയാളെയും ചോദ്യം ചെയ്‌തു. എന്നാൽ പരീശന്മാരുടെ അന്വേഷണം യേശുവിന്റെ അത്ഭുതപ്രവൃത്തിയെ സ്ഥിരീകരിക്കാനേ ഉതകിയുള്ളൂ, അത്‌ അവരെ ഒന്നുകൂടെ രോഷാകുലരാക്കി. ആ കപടഭക്തരുടെ ദുഷ്ടത കണ്ട്‌ സൗഖ്യം പ്രാപിച്ച ആ മനുഷ്യൻ അമ്പരന്നുപോയി, അയാൾ പറഞ്ഞു: “കുരുടനായി പിറന്നവന്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന്നു ഒന്നും ചെയ്‌വാൻ കഴികയില്ല.” (യോഹന്നാൻ 9:32, 33) ബുദ്ധിവൈഭവത്തോടും ആത്മാർഥതയോടും കൂടിയ ആ വിശ്വാസ പ്രകടനം കണ്ട പരീശന്മാർ മുമ്പ്‌ അന്ധനായിരുന്ന ആ മനുഷ്യനെ സിനഗോഗിൽനിന്നു “പുറത്താക്കി.”​—⁠യോഹന്നാൻ 9:22, 34.

ബധിരത: യേശു, യോർദ്ദാൻ നദിയുടെ കിഴക്കുള്ള ദെക്കപ്പോലി ദേശത്ത്‌ ആയിരിക്കെ ആളുകൾ “വിക്കനായൊരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.” (മർക്കൊസ്‌ 7:31, 32) യേശു ഈ മനുഷ്യനെ സുഖപ്പെടുത്തിയെന്നു മാത്രമല്ല, ബധിരരുടെ വികാരങ്ങൾ സംബന്ധിച്ച്‌ ആഴമായ ഉൾക്കാഴ്‌ച പ്രകടമാക്കുകയും ചെയ്‌തു. ജനക്കൂട്ടത്തിലായിരിക്കെ ബധിരർക്കു ജാള്യം തോന്നിയേക്കാം എന്നതുകൊണ്ട്‌, യേശു അയാളെ “പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി” സുഖപ്പെടുത്തിയെന്നു ബൈബിൾ പറയുന്നു. വീണ്ടും ദൃക്‌സാക്ഷികൾ “അത്യന്തം വിസ്‌മയിച്ചു.” “അവൻ സകലവും നന്നായി ചെയ്‌തു: ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു” എന്ന്‌ അവർ പറഞ്ഞു.​—⁠മർക്കൊസ്‌ 7:33-37.

പക്ഷവാതം: യേശു കഫർന്നഹൂമിൽ ആയിരിക്കെ, കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ ആളുകൾ അവന്റെ അടുക്കൽ കൊണ്ടുവന്നു. (മത്തായി 9:2) 6 മുതൽ 8 വരെയുള്ള വാക്യങ്ങൾ സംഭവം വിവരിക്കുന്നു. “[യേശു] പക്ഷവാതക്കാരനോടു: എഴുന്നേററു, കിടക്ക എടുത്തു വീട്ടിൽ പോക എന്നു പറഞ്ഞു. അവൻ എഴുന്നേററു വീട്ടിൽ പോയി. പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” ശിഷ്യന്മാരുടെയും ശത്രുക്കളുടെയും സാന്നിധ്യത്തിലാണ്‌ യേശു ഈ അത്ഭുതവും പ്രവർത്തിച്ചത്‌. വിദ്വേഷവും മുൻവിധിയും ഇല്ലാഞ്ഞ ശിഷ്യന്മാർ തങ്ങൾ സാക്ഷ്യം വഹിച്ച കാര്യത്തെ പ്രതി “ദൈവത്തെ മഹത്വപ്പെടുത്തി” എന്നതു ശ്രദ്ധിക്കുക.

രോഗം: “ഒരു കുഷ്‌ഠരോഗി [യേശുവിന്റെ] അടുക്കൽ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്‌ഠം അവനെ വിട്ടുമാറി അവന്നു ശുദ്ധിവന്നു.” (മർക്കൊസ്‌ 1:40-42) മനസ്സില്ലാമനസ്സോടെ ആയിരുന്നില്ല മറിച്ച്‌ യഥാർഥ മനസ്സലിവു തോന്നിയാണ്‌ യേശു ഈ വ്യക്തിയെ സുഖപ്പെടുത്തിയത്‌ എന്നതു ശ്രദ്ധിക്കുക. നിങ്ങൾ ഒരു കുഷ്‌ഠരോഗി ആണെന്നു വിചാരിക്കുക. രോഗം നിങ്ങളുടെ ശരീരത്തെ വിരൂപമാക്കിയിരിക്കുന്നു. അതു നിങ്ങളെ സമൂഹത്തിൽനിന്ന്‌ ഒറ്റപ്പെടുത്തിയിരിക്കുന്നു. ഈ മാരക രോഗത്തിൽനിന്ന്‌ വേദന കൂടാതെ നിങ്ങൾ തത്‌ക്ഷണം സുഖം പ്രാപിക്കുന്നെങ്കിൽ നിങ്ങൾക്ക്‌ എന്തു തോന്നും? അത്ഭുതകരമായി സുഖപ്പെടുത്തപ്പെട്ട മറ്റൊരു കുഷ്‌ഠരോഗി യേശുവിന്റെ ‘കാൽക്കൽ കവിണ്ണുവീണു നന്ദി പറഞ്ഞത്‌’ എന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.​—⁠ലൂക്കൊസ്‌ 17:12-16.

പരിക്ക്‌: യേശുവിനെ ബന്ധനസ്ഥനാക്കി സ്‌തംഭത്തിലേറ്റുന്നതിനു മുമ്പ്‌ അവൻ പ്രവർത്തിച്ച അവസാനത്തെ അത്ഭുതം ഒരു സുഖപ്പെടുത്തൽ പ്രക്രിയ ആയിരുന്നു. യേശുവിനെ പിടിച്ചുകൊണ്ടു പോകുന്നതിൽ രോഷം പൂണ്ട പത്രൊസ്‌ അപ്പൊസ്‌തലൻ “തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തുകളഞ്ഞു.” (യോഹന്നാൻ 18:3-5, 10) യേശു “അവന്റെ കാതു തൊട്ടു സൌഖ്യമാക്കി” എന്ന്‌ ലൂക്കൊസിന്റെ സമാന്തര വിവരണം പറയുന്നു. (ലൂക്കൊസ്‌ 22:50, 51) വീണ്ടും, യേശു ഈ കരുണാ പ്രവൃത്തി ചെയ്‌തത്‌ തന്റെ ശത്രുക്കളുടെയും​—⁠ഈ അവസരത്തിൽ അവർ അവനെ പിടികൂടാൻ എത്തിയവരായിരുന്നു​—⁠മിത്രങ്ങളുടെയും സാന്നിധ്യത്തിൽ ആയിരുന്നു.

അതേ, യേശു പ്രവർത്തിച്ച അത്ഭുതങ്ങൾ നാം എത്ര സൂക്ഷ്‌മമായി പരിശോധിക്കുന്നുവോ അവയുടെ വിശ്വാസ്യത അത്രയധികം നമുക്കു ബോധ്യപ്പെടും. (2 തിമൊഥെയൊസ്‌ 3:16) മുമ്പ്‌ പ്രതിപാദിച്ചതുപോലെ അത്തരം പഠനം, അനുസരണമുള്ള മനുഷ്യവർഗത്തെ സൗഖ്യമാക്കാനുള്ള ദൈവത്തിന്റെ വാഗ്‌ദാനത്തിലുള്ള നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടതാണ്‌. “പ്രത്യാശിക്കുന്ന കാര്യങ്ങളുടെ ഉറപ്പു ലഭിച്ച പ്രതീക്ഷ, കാണപ്പെടുന്നില്ലെങ്കിലും യാഥാർഥ്യങ്ങളുടെ പ്രസ്‌പഷ്ട പ്രകടനം” എന്നാണ്‌ ബൈബിൾ ക്രിസ്‌തീയ വിശ്വാസത്തെ നിർവചിക്കുന്നത്‌. (എബ്രായർ 11:​1, NW) അന്ധമായ വിശ്വാസത്തെയോ മിഥ്യാ സങ്കൽപ്പത്തെയോ അല്ല, മറിച്ച്‌ തെളിവുകളിൽ അധിഷ്‌ഠിതമായ ഉറച്ച വിശ്വാസത്തെയാണ്‌ ദൈവം പ്രോത്സാഹിപ്പിക്കുന്നത്‌ എന്നു വ്യക്തം. (1 യോഹന്നാൻ 4:1) അത്തരം വിശ്വാസം സമ്പാദിക്കുമ്പോൾ നാം ആത്മീയമായി കൂടുതൽ ബലിഷ്‌ഠരും ആരോഗ്യമുള്ളവരും സന്തുഷ്ടരും ആണെന്ന്‌ കണ്ടെത്തും.​—⁠മത്തായി 5:​3, NW; റോമർ 10:⁠17.

ആത്മീയ സൗഖ്യമാക്കലിനു മുൻഗണന!

നല്ല ശാരീരിക ആരോഗ്യമുള്ള പല ആളുകളും അസന്തുഷ്ടരാണ്‌. ഭാവിയെ സംബന്ധിച്ച്‌ പ്രത്യാശ ഇല്ലാത്തതിനാലോ പ്രശ്‌നങ്ങളിൽ പെട്ട്‌ നട്ടം തിരിയുന്നതിനാലോ ചിലർ ആത്മഹത്യക്കു പോലും ശ്രമിക്കുന്നു. ഫലത്തിൽ, അവർ ആത്മീയമായി വൈകല്യം ബാധിച്ചവരാണ്‌. ദൈവദൃഷ്ടിയിൽ ശാരീരിക വൈകല്യത്തെക്കാൾ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ്‌ അത്‌. (യോഹന്നാൻ 9:41) അതേസമയം, ശാരീരിക വൈകല്യം ഉള്ളവരെങ്കിലും മുൻ ലേഖനത്തിൽ പ്രതിപാദിച്ച ക്രിസ്‌ച്ചനെയും ജൂനിയറെയും പോലുള്ളവർ സന്തുഷ്ടിയും സംതൃപ്‌തിയും നിറഞ്ഞ ജീവിതം നയിക്കുന്നു. എന്തുകൊണ്ട്‌? അവർ ആത്മീയമായി ആരോഗ്യമുള്ളവരാണ്‌, ബൈബിളധിഷ്‌ഠിതമായ ഉറച്ച പ്രത്യാശ അവർക്കു ശക്തി പകരുന്നു എന്നതുതന്നെ അതിനു കാരണം.

മനുഷ്യരായ നമുക്കു മാത്രമുള്ള ഒരു പ്രത്യേക ആവശ്യത്തെ കുറിച്ച്‌ യേശു ഇപ്രകാരം പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (മത്തായി 4:4) അതേ, മൃഗങ്ങളിൽനിന്നു വ്യത്യസ്‌തമായി ഭൗതിക ആഹാരത്തിലുമധികം മനുഷ്യന്‌ ആവശ്യമാണ്‌. ദൈവത്തിന്റെ “സ്വരൂപത്തിൽ” സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ ആത്മീയ ആഹാരം​—⁠ദൈവത്തെ കുറിച്ചും അവന്റെ ഉദ്ദേശ്യവും ഹിതവും നിറവേറ്റുന്നതിൽ നമുക്കുള്ള പങ്കിനെ കുറിച്ചും ഉള്ള പരിജ്ഞാനം​—⁠നമുക്ക്‌ ആവശ്യമാണ്‌. (ഉല്‌പത്തി 1:27; യോഹന്നാൻ 4:34) ദൈവത്തെ കുറിച്ചുള്ള പരിജ്ഞാനം നമ്മുടെ ജീവിതത്തിന്‌ അർഥവും ആത്മീയ കരുത്തും പകരുന്നു. കൂടാതെ, പറുദീസാ ഭൂമിയിലെ നിത്യജീവനുള്ള അടിസ്ഥാനവും അതു നൽകുന്നു. “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പരിജ്ഞാനം അവർ ഉൾക്കൊള്ളുന്നതിന്റെ അർഥം നിത്യജീവൻ” ആകുന്നു എന്ന്‌ യേശു പറയുകയുണ്ടായി.​—⁠യോഹന്നാൻ 17:​3, NW.

യേശുവിന്റെ സമകാലീനർ അവനെ “രോഗശാന്തിക്കാരൻ” എന്നല്ല മറിച്ച്‌ ‘ഗുരു’ എന്നാണു സംബോധന ചെയ്‌തിരുന്നത്‌ എന്നതു ശ്രദ്ധേയമാണ്‌. (ലൂക്കൊസ്‌ 3:12; 7:40) കാരണം? മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾക്കുള്ള ശാശ്വത പരിഹാരത്തെ​—⁠ദൈവരാജ്യത്തെ​—⁠കുറിച്ച്‌ യേശു ആളുകളെ പഠിപ്പിച്ചു എന്നതുതന്നെ. (ലൂക്കൊസ്‌ 4:43; യോഹന്നാൻ 6:26, 27) യേശുക്രിസ്‌തുവിന്റെ കരങ്ങളിലെ ഈ സ്വർഗീയ ഗവൺമെന്റ്‌ മുഴു ഭൂമിയെയും ഭരിക്കും. നീതിനിഷ്‌ഠരായ മനുഷ്യരുടെയും അവരുടെ ഭൗമിക ഗൃഹത്തിന്റെയും പൂർണവും നിലനിൽക്കുന്നതുമായ പുനരധിവാസം സംബന്ധിച്ച, ബൈബിളിലെ സകല വാഗ്‌ദാനങ്ങളും അതു നിവർത്തിക്കും. (വെളിപ്പാടു 11:15) അതുകൊണ്ടാണ്‌, തന്റെ മാതൃകാ പ്രാർഥനയിൽ ദൈവരാജ്യത്തിന്റെ ആഗമനത്തെ ഭൂമിയിൽ ദൈവേഷ്ടം ചെയ്യപ്പെടുന്നതുമായി യേശു ബന്ധപ്പെടുത്തിയത്‌.​—⁠മത്തായി 6:⁠10.

ആവേശജനകമായ ഈ പ്രത്യാശയെ കുറിച്ചു പഠിച്ചിരിക്കുന്ന, ശാരീരിക വൈകല്യമുള്ള പലരുടെയും ദുഃഖത്തിന്റെ കണ്ണീർ ആനന്ദാശ്രുക്കളായി മാറിയിരിക്കുന്നു. (ലൂക്കൊസ്‌ 6:21) രോഗവും വൈകല്യങ്ങളും നീക്കം ചെയ്യുന്നതിലുമധികം ദൈവം ചെയ്യും. മാനുഷിക ദുരിതത്തിന്റെ അടിസ്ഥാന കാരണത്തെത്തന്നെ​—⁠പാപത്തെ​—⁠അവൻ ഇല്ലായ്‌മ ചെയ്യും. മുമ്പ്‌ ഉദ്ധരിച്ച യെശയ്യാവു 33:​24-ഉം മത്തായി 9:2-7-ഉം രോഗങ്ങളെ നമ്മുടെ പാപാവസ്ഥയുമായി ബന്ധിപ്പിക്കുന്നു. (റോമർ 5:12) അങ്ങനെ, പാപം നീക്കം ചെയ്യപ്പെടുമ്പോൾ മനുഷ്യവർഗം ഒടുവിൽ “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം”​—⁠മനസ്സിന്റെയും ശരീരത്തിന്റെയും പൂർണത ഉൾപ്പെടുന്ന സ്വാതന്ത്ര്യം​—⁠ആസ്വദിക്കും.​—⁠റോമർ 8:⁠21.

ഒരുവിധം നല്ല ആരോഗ്യമുള്ളവർ അതിന്റെ മൂല്യത്തെ വിലമതിക്കാതിരുന്നേക്കാം. എന്നാൽ ശാരീരിക വൈകല്യങ്ങൾ നിമിത്തം ദുരിതം അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്‌ അങ്ങനെയല്ല. ജീവനും ആരോഗ്യവും എത്ര വിലയേറിയതാണെന്നും എത്ര പെട്ടെന്ന്‌ കാര്യങ്ങൾ തകിടം മറിഞ്ഞേക്കാമെന്നും അവർക്കറിയാം. (സഭാപ്രസംഗി 9:​11, NW) അതുകൊണ്ട്‌, ഞങ്ങളുടെ വായനക്കാരിൽ ശാരീരിക വൈകല്യമുള്ളവർ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ മഹത്തായ വാഗ്‌ദാനങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകുമെന്നാണ്‌ ഞങ്ങളുടെ പ്രത്യാശ. അവയുടെ നിവൃത്തി ഉറപ്പാക്കാനാണ്‌ യേശു തന്റെ ജീവൻ നൽകിയത്‌. നമുക്ക്‌ അതിലും വലിയ മറ്റ്‌ എന്ത്‌ ഉറപ്പ്‌ ഉണ്ടായിരിക്കാനാകും?​—⁠മത്തായി 8:16, 17; യോഹന്നാൻ 3:⁠16.

[അടിക്കുറിപ്പ്‌]

^ ഖ. 6 ദൈവം കഷ്ടപ്പാട്‌ അനുവദിച്ചിരിക്കുന്നതിന്റെ കാരണം സംബന്ധിച്ച വിശദമായ ചർച്ചയ്‌ക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക കാണുക.