വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വൈകല്യങ്ങൾ സമസ്‌തവ്യാപകം

വൈകല്യങ്ങൾ സമസ്‌തവ്യാപകം

വൈകല്യങ്ങൾ സമസ്‌തവ്യാപകം

ഒരു ആഫ്രിക്കൻ രാജ്യത്തു താമസിക്കുന്ന ക്രിസ്‌ച്ചനെ ചില പട്ടാളക്കാർ ബലമായി പിടിച്ചുകൊണ്ടുപോയി സൈന്യത്തിൽ ചേർക്കാൻ ശ്രമിച്ചു. എന്നാൽ തന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷി നിമിത്തം അദ്ദേഹം അതിനു വിസമ്മതിച്ചു. പിന്നീട്‌ അവർ അദ്ദേഹത്തെ ഒരു സൈനിക ക്യാമ്പിൽ കൊണ്ടുപോയി നാലു ദിവസം ക്രൂരമായി മർദിച്ചു. അവരിൽ ഒരാൾ അദ്ദേഹത്തിന്റെ കാലിൽ വെടിവെക്കുകയും ചെയ്‌തു. വളരെ കഷ്ടപ്പെട്ട്‌ ക്രിസ്‌ച്ചൻ ഒരു ആശുപത്രിയിൽ എത്തിപ്പെട്ടെങ്കിലും, ഡോക്ടർമാർക്ക്‌ അദ്ദേഹത്തിന്റെ കാൽ മുട്ടിനു താഴെവെച്ച്‌ മുറിച്ചുകളയേണ്ടിവന്നു. മറ്റൊരു ആഫ്രിക്കൻ രാജ്യത്ത്‌ ആയുധധാരികളായ വിപ്ലവകാരികൾ കൊച്ചു കുട്ടികളുടെ പോലും കൈകാലുകൾ വെട്ടിമാറ്റുന്നു. കംബോഡിയ മുതൽ ബാൾക്കൻസ്‌ വരെ, അഫ്‌ഗാനിസ്ഥാൻ മുതൽ അംഗോള വരെ, കുഴിബോംബുകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അംഗഹീനരോ വികലാംഗരോ ആക്കി മാറ്റുന്നു.

ഇവയ്‌ക്കു പുറമേ, അത്യാഹിതങ്ങളും പ്രമേഹം പോലുള്ള രോഗങ്ങളും ശാരീരിക വൈകല്യത്തിനു കാരണമാകാറുണ്ട്‌. അന്തരീക്ഷത്തിലെ വിഷവസ്‌തുക്കൾ പോലും അതിനു വഴിതെളിക്കുന്നു. ഉദാഹരണത്തിന്‌, ഒരു കിഴക്കൻ യൂറോപ്യൻ നഗരത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ ജനിക്കുന്ന പല കുഞ്ഞുങ്ങൾക്കും ഏതെങ്കിലും ഒരു കൈയുടെ മുട്ടിനു താഴോട്ടുള്ള ഭാഗം വളർച്ചയെത്താത്തതായി കാണപ്പെടുന്നു. രാസമലിനീകരണത്തിന്റെ ഫലമായുള്ള ജനിതക തകരാറാണ്‌ അതിനു കാരണം എന്ന്‌ തെളിവുകൾ കാണിക്കുന്നു. വേറെ നിരവധി ആളുകൾ കൈകാലുകൾ ഉള്ളവരാണെങ്കിലും തളർവാതമോ മറ്റോ പിടിപെട്ട്‌ വികലാംഗരായിത്തീരുന്നു. അതേ, ശാരീരിക വൈകല്യങ്ങൾ എങ്ങുമുണ്ട്‌.

കാരണം എന്തുതന്നെയായാലും, ശാരീരിക വൈകല്യങ്ങൾ ഒരു വ്യക്തിയെ ആകെ തളർത്തിക്കളഞ്ഞേക്കാം. 20-ാം വയസ്സിൽ ജൂനിയറിന്‌ തന്റെ ഇടതു കാലിന്റെ മുട്ടിനു താഴേക്കുള്ള ഭാഗം നഷ്ടമായി. അവൻ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “മാനസികമായി ഞാൻ ആകെ തകർന്നുപോയി. ഇനിയൊരിക്കലും എനിക്ക്‌ എന്റെ കാൽ തിരിച്ചുകിട്ടില്ലല്ലോ എന്നോർത്ത്‌ ഞാൻ ഒരുപാട്‌ കരഞ്ഞു. എന്തു ചെയ്യണമെന്നറിയാത്ത ഒരവസ്ഥയിൽ ആയിരുന്നു ഞാൻ.” എന്നാൽ, കാലാന്തരത്തിൽ ജൂനിയറിന്റെ മനോഭാവത്തിൽ ശ്രദ്ധേയമായ മാറ്റം ഉണ്ടായി. അവൻ ബൈബിൾ പഠിക്കാൻ തുടങ്ങി. പഠിച്ച കാര്യങ്ങൾ, തന്റെ അവസ്ഥയുമായി പൊരുത്തപ്പെടാൻ അവനെ സഹായിക്കുക മാത്രമല്ല, ഈ ഭൂമിയിൽത്തന്നെയുള്ള ഒരു സന്തുഷ്ട ഭാവി സംബന്ധിച്ച പ്രത്യാശ അവനു നൽകുകയും ചെയ്‌തു. അംഗവൈകല്യമുള്ള ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ, ആ പ്രത്യാശ ഉണ്ടായിരിക്കാൻ നിങ്ങളും ആഗ്രഹിക്കുകയില്ലേ?

എങ്കിൽ ദയവായി അടുത്ത ലേഖനം വായിക്കുക. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ നിങ്ങളുടെ സ്വന്തം ബൈബിളിൽ എടുത്തുനോക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ, തന്റെ ഉദ്ദേശ്യങ്ങളെ കുറിച്ചു പഠിക്കുകയും അതിനനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവർക്കായി സ്രഷ്ടാവ്‌ കരുതിയിരിക്കുന്ന അനുഗ്രഹങ്ങൾ എന്തൊക്കെയാണെന്നു നിങ്ങൾക്കു സ്വയം മനസ്സിലാക്കാൻ കഴിയും.