വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നേരുള്ളവരെ നിർമലത വഴിനടത്തും

നേരുള്ളവരെ നിർമലത വഴിനടത്തും

നേരുള്ളവരെ നിർമലത വഴിനടത്തും

“സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അല്‌പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു” എന്നു ബൈബിൾ പറയുന്നു. (ഇയ്യോബ്‌ 14:⁠1) മനുഷ്യജീവിതം പൊതുവേ വേദനയും ദുരിതവും നിറഞ്ഞതായി കാണപ്പെടുന്നു. ദൈനംദിന ജീവിതം പോലും ഉത്‌കണ്‌ഠാഭരിതവും പ്രശ്‌നപൂരിതവും ആയിരുന്നേക്കാം! പ്രയാസ സാഹചര്യങ്ങളെ വിജയകരമായി നേരിടാനും ദൈവമുമ്പാകെ നീതിനിഷ്‌ഠമായ ഒരു നില കാത്തുസൂക്ഷിക്കാനും നമ്മെ എന്തു സഹായിക്കും?

ഇപ്പോൾ അറേബ്യ എന്നറിയപ്പെടുന്ന ദേശത്ത്‌ ഏതാണ്ട്‌ 3,500 വർഷം മുമ്പു താമസിച്ചിരുന്ന ധനികനായ ഒരു വ്യക്തിയായിരുന്ന ഇയ്യോബിന്റെ കാര്യം പരിചിന്തിക്കുക. ദൈവഭയമുള്ള ഈ വ്യക്തിയുടെമേൽ സാത്താൻ എത്രയെത്ര വിപത്തുകളാണു കൊണ്ടുവന്നത്‌! അദ്ദേഹത്തിന്റെ മൃഗസമ്പത്തു മുഴുവനും നശിച്ചു, പ്രിയപ്പെട്ട മക്കൾ മരിച്ചു. അതേത്തുടർന്നു താമസിയാതെ ഇയ്യോബിന്റെ ദേഹമാസകലം മാരകമായ വ്രണങ്ങൾ വരാൻ സാത്താൻ ഇടയാക്കി. (ഇയ്യോബ്‌ 1, 2 അധ്യായങ്ങൾ) തനിക്ക്‌ ഈ വിപത്തുകളെല്ലാം വന്നു ഭവിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ ഇയ്യോബിന്‌ അറിയില്ലായിരുന്നു. എങ്കിലും “ഇയ്യോബ്‌ അധരങ്ങളാൽ പാപം ചെയ്‌തില്ല.” (ഇയ്യോബ്‌ 2:10) ‘മരിക്കുവോളം എന്റെ നിഷ്‌കളങ്കത്വം [“നിർമലത,” NW] ഉപേക്ഷിക്കയില്ല’ എന്ന്‌ അവൻ പറഞ്ഞു. (ഇയ്യോബ്‌ 27:⁠5) അതേ, ഇയ്യോബിന്റെ നിർമലത പരിശോധനകളെ വിജയകരമായി തരണം ചെയ്യാൻ അവനെ സഹായിച്ചു.

നിർമലതയെ ധാർമികമായി പിഴവറ്റ, തികവുള്ള അവസ്ഥ എന്നു നിർവചിച്ചിരിക്കുന്നു; ദൈവദൃഷ്ടിയിൽ കുറ്റമറ്റവരും കളങ്കമില്ലാത്തവരും ആയിരിക്കുന്നത്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ വാക്കിലും നടത്തയിലും ഉള്ള പൂർണതയെയല്ല അതു സൂചിപ്പിക്കുന്നത്‌. കാരണം, അപൂർണ മനുഷ്യർക്ക്‌ ദൈവത്തിന്റെ നിലവാരങ്ങളിൽ പൂർണമായി എത്തിച്ചേരാൻ കഴിയുകയില്ല. മറിച്ച്‌, മനുഷ്യരുടെ പക്ഷത്തെ നിർമലതകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ യഹോവയ്‌ക്കും അവന്റെ ഹിതത്തിനും ഉദ്ദേശ്യത്തിനുമായുള്ള പൂർണഹൃദയത്തോടെയുള്ള അർപ്പണത്തെയാണ്‌. ഈ ദൈവിക അർപ്പണം എല്ലാ സമയങ്ങളിലും സാഹചര്യങ്ങളിലും നേരുള്ളവരെ വഴിനടത്തും. സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്‌തകത്തിന്റെ 11-ാം അധ്യായത്തിന്റെ ആദ്യഭാഗം ജീവിതത്തിന്റെ വ്യത്യസ്‌ത മണ്ഡലങ്ങളിൽ നമ്മുടെ നിർമലതയ്‌ക്ക്‌ നമ്മെ എങ്ങനെ വഴിനടത്താനാകുമെന്നും അത്‌ എന്ത്‌ അനുഗ്രഹങ്ങളിൽ കലാശിക്കുമെന്നും കാണിക്കുന്നു. അതുകൊണ്ട്‌ നമുക്കിപ്പോൾ ആ ഭാഗം ശ്രദ്ധാപൂർവം പരിശോധിക്കാം.

നിർമലത ബിസിനസ്‌ രംഗത്തെ സത്യസന്ധതയിലേക്കു നയിക്കുന്നു

പുരാതന ഇസ്രായേല്യ രാജാവായ ശലോമോൻ നിയമ പദങ്ങൾക്കു പകരം കാവ്യാത്മക ഭാഷ ഉപയോഗിച്ചുകൊണ്ട്‌ സത്യസന്ധതയെ വിശേഷവത്‌കരിക്കുന്നു: “കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.” (സദൃശവാക്യങ്ങൾ 11:⁠1) സദൃശവാക്യങ്ങളുടെ പുസ്‌തകം അളവുകളെയും തൂക്കങ്ങളെയും പരാമർശിച്ചുകൊണ്ട്‌, യഹോവയുടെ ആരാധകർ ബിസിനസ്‌ ഇടപാടുകളിൽ സത്യസന്ധത പുലർത്താൻ അവൻ ആഗ്രഹിക്കുന്നുവെന്നു പ്രകടമാക്കുന്ന നാലു സന്ദർഭങ്ങളിൽ ആദ്യത്തേതാണിത്‌.​—⁠സദൃശവാക്യങ്ങൾ 16:11; 20:​10, 23.

കള്ളത്തുലാസ്‌​—⁠സത്യസന്ധമല്ലാത്ത മാർഗങ്ങൾ⁠—ഉപയോഗിക്കുന്നവരുടെ സമൃദ്ധി ആകർഷകമായി തോന്നിയേക്കാം. എന്നാൽ സദാചാര വിരുദ്ധമായ ബിസിനസ്‌ നടപടികളിൽ ഏർപ്പെട്ടുകൊണ്ട്‌ നന്മയും തിന്മയും സംബന്ധിച്ച ദൈവിക നിലവാരങ്ങളെ തള്ളിക്കളയാൻ നാം യഥാർഥത്തിൽ ആഗ്രഹിക്കുമോ? നിർമലത നമ്മെ വഴിനടത്തുന്നെങ്കിൽ തീർച്ചയായും നാമത്‌ ആഗ്രഹിക്കുകയില്ല. ഒത്തപടിയാൽ അഥവാ കൃത്യമായ അളവുകളാൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന സത്യസന്ധത യഹോവയെ പ്രസാദിപ്പിക്കുന്നതിനാൽ നാം സത്യസന്ധതയില്ലായ്‌മയെ നിരാകരിക്കുന്നു.

“എളിമയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്‌”

ശലോമോൻ രാജാവ്‌ ഇങ്ങനെ തുടരുന്നു: “ധിക്കാരത്തിന്റെ ഫലം അപമാനം ആയിരിക്കും. എളിമയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്‌.” (സദൃശവാക്യങ്ങൾ 11:​2, NW) ധിക്കാരം​—⁠അത്‌ അഹങ്കാരം, അനുസരണക്കേട്‌, അസൂയ എന്നിങ്ങനെ ഏതു രൂപത്തിൽ പ്രകടമായാലും ശരി​—⁠അപമാനം കൈവരുത്തുന്നു. നേരെ മറിച്ച്‌, താഴ്‌മയോടെ നമ്മുടെ പരിമിതികൾ തിരിച്ചറിയുന്നതാണ്‌ ജ്ഞാനമാർഗം. തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ ഈ സദൃശവാക്യത്തിന്റെ സത്യതയെ എത്ര നന്നായി ചിത്രീകരിക്കുന്നു!

യഹോവയുടെ നിയമിത ദാസരായ മോശെയുടെയും അഹരോന്റെയും അധികാരത്തിൽ അസൂയാലുവായിത്തീർന്ന കോരഹ്‌ എന്ന ലേവ്യൻ അവർക്കെതിരെ മത്സരികളായ ജനക്കൂട്ടത്തെ ഇളക്കിവിട്ടു. ധിക്കാരപരമായ ആ നടപടിയുടെ അനന്തരഫലം എന്തായിരുന്നു? ‘ഭൂമി വായ്‌ തുറന്നു [മത്സരികളിൽ ചിലരെ] വിഴുങ്ങിക്കളഞ്ഞു.’ കോരഹ്‌ ഉൾപ്പെടെ ബാക്കിയുള്ളവരെ ദൈവത്തിന്റെ സന്നിധിയിൽനിന്ന്‌ തീ ഇറങ്ങിവന്നു നശിപ്പിച്ചു. (സംഖ്യാപുസ്‌തകം 16:​1-3, 16-35; 26:10, NW; ആവർത്തനപുസ്‌തകം 11:6) എന്തൊരു അപമാനം! ഇനി, നിയമപെട്ടകം വീഴാതിരിക്കാൻ ധിക്കാരപൂർവം അതു കടന്നുപിടിച്ച ഉസ്സയുടെ കാര്യവും എടുക്കുക. അവിടെവെച്ചുതന്നെ ദൈവം അവനെ സംഹരിച്ചു. (2 ശമൂവേൽ 6:​3-8) നാം ധിക്കാരം ഒഴിവാക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!

താഴ്‌മയും എളിമയുമുള്ള ഒരു വ്യക്തിക്കു തെറ്റു സംഭവിക്കുമ്പോൾ പോലും അയാൾ അപമാനിതനാകുന്നില്ല. പല വിധങ്ങളിൽ മാതൃകായോഗ്യനായിരുന്നെങ്കിലും ഇയ്യോബ്‌ അപൂർണനായിരുന്നു. അവന്റെ പരിശോധനകൾ അവന്റെ ചിന്താഗതിയിലെ ഗുരുതരമായ ഒരു പിഴവ്‌ വെളിപ്പെടാൻ ഇടയാക്കി. തനിക്കുനേരെ ആരോപണങ്ങൾ ഉന്നയിച്ചവരുടെ മുമ്പിൽ സ്വയം നീതികരിക്കവേ, ഇയ്യോബ്‌ താൻ ദൈവത്തെക്കാൾ നീതിമാനാണെന്നു സൂചിപ്പിക്കുന്ന ഘട്ടത്തോളം പോയി. (ഇയ്യോബ്‌ 35:​2, 3) യഹോവ ഇയ്യോബിനെ തിരുത്തിയത്‌ എങ്ങനെയാണ്‌?

ഭൂമി, സമുദ്രം, നക്ഷത്രനിബിഡമായ ആകാശം, ചില ജീവികൾ തുടങ്ങി സൃഷ്ടിയിലെ അത്ഭുതങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ ദൈവത്തിന്റെ മാഹാത്മ്യത്തിനു മുമ്പിൽ മനുഷ്യൻ എത്ര നിസ്സാരനാണെന്ന കാര്യം യഹോവ ഇയ്യോബിനെ പഠിപ്പിച്ചു. (ഇയ്യോബ്‌ 38-41 അധ്യായങ്ങൾ) ഇയ്യോബിനോടു സംസാരിച്ചപ്പോഴൊന്നും അവന്റെ ദുരിതങ്ങൾക്കുള്ള കാരണം യഹോവ വെളിപ്പെടുത്തിയില്ല. അതിന്റെ ആവശ്യമില്ലായിരുന്നു. ഇയ്യോബ്‌ എളിമയുള്ളവനായിരുന്നു. ദൈവവും താനും തമ്മിൽ, യഹോവയുടെ നീതിയും ശക്തിയും തന്റെ സ്വന്തം അപൂർണതയും ബലഹീനതയും തമ്മിൽ എത്ര വലിയ അന്തരമാണുള്ളതെന്ന്‌ അവൻ താഴ്‌മയോടെ മനസ്സിലാക്കി. “ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു” എന്ന്‌ അവൻ പറഞ്ഞു. (ഇയ്യോബ്‌ 42:⁠6) ഇയ്യോബിന്റെ നിർമലത, തിരുത്തൽ തത്‌ക്ഷണം സ്വീകരിക്കാൻ അവനെ സഹായിച്ചു. നമ്മെ സംബന്ധിച്ചെന്ത്‌? ആവശ്യമായി വരുമ്പോൾ തിരുത്തൽ ഉടനടി സ്വീകരിക്കുന്നതിലേക്കു നമ്മുടെ നിർമലത നമ്മെ നയിക്കുമോ?

താഴ്‌മയും എളിമയുമുള്ള മറ്റൊരു വ്യക്തിയായിരുന്നു മോശെ. മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ച്‌ പരിക്ഷീണനായ മോശെക്ക്‌ അവന്റെ അമ്മായിയപ്പനായ യിത്രോ ഒരു പ്രായോഗിക നിർദേശം നൽകി: ചില ഉത്തരവാദിത്വങ്ങൾ യോഗ്യരായ മറ്റു പുരുഷന്മാരുമായി പങ്കുവെക്കുക. സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ മോശെ ബുദ്ധിപൂർവം ആ നിർദേശം ചെവിക്കൊണ്ടു. (പുറപ്പാടു 18:​17-26; സംഖ്യാപുസ്‌തകം 12:⁠3) എളിമയുള്ള ഒരു വ്യക്തി മറ്റുള്ളവരുമായി അധികാരം പങ്കുവെക്കാൻ മടിക്കുകയില്ല. യോഗ്യതയുള്ള മറ്റു വ്യക്തികൾക്ക്‌ ഉചിതമായ ഉത്തരവാദിത്വങ്ങൾ നൽകുകവഴി തന്റെ അധികാരം കുറഞ്ഞുപോകുമെന്ന്‌ അയാൾ ഭയപ്പെടുകയില്ല. (സംഖ്യാപുസ്‌തകം 11:​16, 17, 26-29) മറിച്ച്‌, ആത്മീയമായി പുരോഗമിക്കുന്നതിന്‌ അവരെ സഹായിക്കാൻ അയാൾ ആകാംക്ഷയുള്ളവനാണ്‌. (1 തിമൊഥെയൊസ്‌ 4:15) നമ്മുടെ കാര്യത്തിലും ഇത്‌ അങ്ങനെ ആയിരിക്കേണ്ടതല്ലേ?

‘നിഷ്‌കളങ്കന്റെ വഴി ചൊവ്വുള്ളത്‌’

നിർമലത എല്ലായ്‌പോഴും നേരുള്ളവരെ അപകടങ്ങളിൽനിന്നും വിപത്തുകളിൽനിന്നും കാക്കുന്നില്ല എന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ ശലോമോൻ പറയുന്നു: “നേരുള്ളവരുടെ നിഷ്‌കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.” (സദൃശവാക്യങ്ങൾ 11:⁠3) പ്രയാസ സാഹചര്യങ്ങളിൽ പോലും ദൈവദൃഷ്ടിയിൽ ശരിയായത്‌ ചെയ്യാൻ നിർമലത നേരുള്ളവരെ സഹായിക്കുന്നു. ഇത്‌ ഒടുവിൽ നല്ല ഫലങ്ങൾ കൈവരുത്തും. ഇയ്യോബ്‌ തന്റെ നിർമലത കൈവെടിയാൻ തയ്യാറായില്ല. അതുകൊണ്ട്‌ യഹോവ “ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു.” (ഇയ്യോബ്‌ 42:12) വഞ്ചന പ്രവർത്തിക്കുന്നവർ മറ്റുള്ളവരെ മുതലെടുത്തുകൊണ്ട്‌ സ്വന്തം സ്ഥിതി മെച്ചപ്പെടുത്താമെന്നു കരുതിയേക്കാം. കുറച്ചു നാളത്തേക്ക്‌ അവർ അഭിവൃദ്ധി പ്രാപിക്കുന്നതായി പോലും തോന്നിയേക്കാം. എന്നാൽ ഇന്നല്ലെങ്കിൽ നാളെ അവരുടെ വഞ്ചന അവരുടെതന്നെ നാശത്തിൽ കലാശിക്കും.

ജ്ഞാനിയായ രാജാവു പറയുന്നു: “ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.” (സദൃശവാക്യങ്ങൾ 11:⁠4) ഭൗതിക സമ്പത്തിനായി കഠിനമായി അധ്വാനിക്കുകയും അതേസമയം വ്യക്തിപരമായ പഠനം, പ്രാർഥന, യോഗഹാജർ, വയൽസേവനം എന്നിങ്ങനെ ദൈവത്തോടുള്ള സ്‌നേഹവും ഭക്തിയും ശക്തീകരിക്കുന്ന പ്രവർത്തനങ്ങൾ അവഗണിക്കുകയും ചെയ്യുന്നത്‌ എത്ര വലിയ ഭോഷത്തമായിരിക്കും! എത്രയധികം സമ്പത്തുണ്ടായിരുന്നാലും ശരി, അതിന്‌ വരാൻ പോകുന്ന മഹോപദ്രവത്തിൽ നമ്മെ രക്ഷിക്കാനാവില്ല. (മത്തായി 24:​21, NW) നേരുള്ളവരുടെ നീതിക്കു മാത്രമേ രക്ഷ കൈവരുത്താനാകൂ. (വെളിപ്പാടു 7:​9, 14) അതുകൊണ്ട്‌ സെഫന്യാവിന്റെ ആഹ്വാനത്തിനു ചെവികൊടുക്കുന്നതു ബുദ്ധിയാണ്‌: “യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ . . . യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ.” (സെഫന്യാവു 2:​2, 3) ഇപ്പോൾ നമുക്ക്‌ ‘നമ്മുടെ ധനംകൊണ്ട്‌ യഹോവയെ ബഹുമാനിക്കാൻ’ ലക്ഷ്യമിടാം.​—⁠സദൃശവാക്യങ്ങൾ 3:⁠9.

നീതി പിന്തുടരുന്നതിന്റെ മൂല്യത്തിന്‌ കൂടുതലായ ഊന്നൽ നൽകിക്കൊണ്ട്‌ ശലോമോൻ നിഷ്‌കളങ്കന്മാരുടെയും ദുഷ്ടന്മാരുടെയും അവസാനം എന്തായിരിക്കുമെന്നു പറയുന്നു: “നിഷ്‌കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണുപോകും. നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും. ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു. നീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപ്പെടുന്നു; ദുഷ്ടൻ അവന്നു പകരം അകപ്പെടുന്നു.” (സദൃശവാക്യങ്ങൾ 11:​5-8) താൻ കുഴിച്ച കുഴിയിൽ വീഴുന്ന അവസ്ഥ നിഷ്‌കളങ്കന്‌ ഉണ്ടാകുകയോ സ്വന്തം ചെയ്‌തികളുടെ ഫലമായി പ്രശ്‌നങ്ങളുടെ നൂലാമാലയിൽ അയാൾ അകപ്പെടുകയോ ഇല്ല. അവന്റെ വഴി ചൊവ്വുള്ളതാണ്‌. ഒടുവിൽ, നേരുള്ളവർ വിപത്തിൽനിന്നു രക്ഷിക്കപ്പെടും. ദുഷ്ടൻ എത്ര ശക്തനായി കാണപ്പെട്ടാലും അവൻ രക്ഷിക്കപ്പെടുകയില്ല.

“പട്ടണം സന്തോഷിക്കുന്നു”

നേരുള്ളവരുടെ നിർമലതയും ദുഷ്‌പ്രവൃത്തിക്കാരുടെ ദുഷ്ടതയും മറ്റുള്ളവരെയും ബാധിക്കുന്നു. ഇസ്രായേലിന്റെ രാജാവു പറയുന്നു: “വഷളൻ വായ്‌കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.” (സദൃശവാക്യങ്ങൾ 11:⁠9) ഏഷണി, ദോഷകരമായ കുശുകുശുപ്പ്‌, അശ്ലീലസംസാരം, വ്യർഥസംസാരം എന്നിവയെല്ലാം മറ്റുള്ളവർക്കു ദ്രോഹം ചെയ്യുന്നു എന്നതിനെ ആരാണു നിഷേധിക്കുക? ഇതിൽനിന്നു വ്യത്യസ്‌തമായി നീതിമാനായ ഒരു വ്യക്തി നന്നായി ചിന്തിച്ച്‌ മറ്റുള്ളവരോടു പരിഗണന കാട്ടുന്ന വിധത്തിലായിരിക്കും സംസാരിക്കുക. അശുദ്ധമായ യാതൊന്നും അയാളുടെ വായിൽനിന്നു വരികയില്ല. അയാൾ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു, കാരണം അയാളുടെ നിർമലഗതി തനിക്കു നേരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഭോഷ്‌കു പറയുകയാണെന്നു കാണിക്കുന്നതിനു വേണ്ട തെളിവുകൾ നൽകുന്നു.

രാജാവു തുടരുന്നു: “നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.” (സദൃശവാക്യങ്ങൾ 11:10) നീതിമാന്മാരെ സാധാരണഗതിയിൽ ആളുകൾ സ്‌നേഹിക്കും. അവർ മറ്റുള്ളവർക്കു സന്തോഷം പകരുകയും ചെയ്യുന്നു. എന്നാൽ ‘ദുഷ്ടന്മാരെ’ ആരും ഇഷ്ടപ്പെടാറില്ല. ദുഷ്ടന്റെ മരണത്തിൽ പൊതുവേ ആളുകൾ വിലപിക്കാറില്ല. യഹോവ ‘ദുഷ്ടന്മാരെ ദേശത്തുനിന്നു ഛേദിച്ച്‌, ദ്രോഹികളെ അതിൽനിന്നു നിർമ്മൂലമാക്കുമ്പോൾ’ തീർച്ചയായും ആരും അതിൽ ദുഃഖിക്കുകയില്ല. (സദൃശവാക്യങ്ങൾ 2:​21, 22) മറിച്ച്‌ അവർ പൊയ്‌പ്പോയതിൽ എല്ലാവരും സന്തോഷിക്കും. നമ്മെ സംബന്ധിച്ചെന്ത്‌? നമ്മുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ സന്തോഷത്തിൽ കലാശിക്കുന്നുവോ എന്നു പരിശോധിക്കുന്നതു നല്ലതാണ്‌.

“പട്ടണം അഭ്യുദയം പ്രാപിക്കുന്നു”

നീതിമാനും ദുഷ്ടനും സമൂഹത്തിന്മേലുള്ള ഫലത്തെ കുറിച്ച്‌ കൂടുതലായി ശലോമോൻ പറയുന്നു: “നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്‌കൊണ്ടോ അതു ഇടിഞ്ഞു പോകുന്നു.”​—⁠സദൃശവാക്യങ്ങൾ 11:11.

നേരുള്ള ഒരു ഗതി പിൻപറ്റുന്ന പട്ടണവാസികൾ സമാധാനവും നന്മയും വർധിപ്പിക്കുകയും സമൂഹത്തിലെ മറ്റുള്ളവരെ കെട്ടുപണി ചെയ്യുകയും ചെയ്യും. അങ്ങനെ പട്ടണം അഭ്യുദയം പ്രാപിക്കുന്നു അഥവാ അഭിവൃദ്ധി കൈവരിക്കുന്നു. ഏഷണി പറഞ്ഞു പരത്തുകയോ അസത്യമായതും മുറിപ്പെടുത്തുന്നതുമായ കാര്യങ്ങൾ പറയുകയോ ചെയ്യുന്നവർ പ്രക്ഷുബ്ധത, അസന്തുഷ്ടി, അനൈക്യം, അസ്വസ്ഥത എന്നിവയ്‌ക്ക്‌ ഇടയാക്കുന്നു. ഈ വ്യക്തികൾ അധികാര സ്ഥാനത്ത്‌ ഉള്ളവരാണെങ്കിൽ ഇതു വിശേഷിച്ചും സത്യമാണ്‌. അത്തരമൊരു പട്ടണത്തിൽ ക്രമരാഹിത്യവും അഴിമതിയും നടമാടുകയും അവിടെ ധാർമികവും ചിലപ്പോൾ സാമ്പത്തികവുമായ അധഃപതനം ഉണ്ടാകുകയും ചെയ്‌തേക്കാം.

സദൃശവാക്യങ്ങൾ 11:​11-ലെ തത്ത്വം യഹോവയുടെ ജനത്തിനും ബാധകമാണ്‌. കാരണം അവർ പട്ടണസമാന സഭകളിൽ അന്യോന്യം സഹവസിക്കുന്നു. ആത്മീയരായ വ്യക്തികളുള്ള​—⁠നിർമലതയാൽ വഴിനയിക്കപ്പെടുന്ന നേരുള്ളവർ​—⁠ഒരു സഭ സന്തുഷ്ടരും പ്രവർത്തനനിരതരും സഹായമനസ്‌കരുമായ ആളുകളുടെ കൂട്ടമായിരിക്കും, അവർ ദൈവത്തിനു മഹത്ത്വം കൈവരുത്തും. യഹോവ സഭയെ അനുഗ്രഹിക്കും, അത്‌ ആത്മീയമായി അഭിവൃദ്ധി പ്രാപിക്കും. അസന്തുഷ്ടരും അസംതൃപ്‌തരും കാര്യങ്ങൾ ചെയ്യപ്പെടുന്ന വിധത്തെ വിമർശിക്കുകയും കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരായ ഏതാനും വ്യക്തികൾ ഉണ്ടെങ്കിൽ അവർ ‘വിഷമുള്ള വേര്‌’ പോലെയാണ്‌. ഇത്തരക്കാർ അവരുടെ വിഷം മറ്റുള്ളവരിലും കുത്തിവെച്ചേക്കാം. (എബ്രായർ 12:​15, NW) ഇങ്ങനെയുള്ളവർ പലപ്പോഴും കൂടുതൽ അധികാരവും പ്രാമുഖ്യതയും ആഗ്രഹിക്കുന്നു. സഭ അല്ലെങ്കിൽ മൂപ്പന്മാർ അനീതിയും വംശീയ മുൻവിധിയും പ്രകടമാക്കുന്നുവെന്നും മറ്റും അവർ പറഞ്ഞു പരത്തുന്നു. അവരുടെ വായ്‌ സഭയിൽ പിളർപ്പ്‌ ഉണ്ടാകുന്നതിന്‌ ഇടയാക്കിയേക്കാം. അത്തരം സംസാരത്തിനു നേരെ ചെവിയടച്ചുകളഞ്ഞുകൊണ്ട്‌ സഭയുടെ സമാധാനവും ഐക്യവും ഉന്നമിപ്പിക്കുന്ന ആത്മീയരായ വ്യക്തികൾ ആയിരിക്കാൻ നാം ശ്രമിക്കേണ്ടതല്ലേ?

ശലോമോൻ തുടർന്നു പറയുന്നു: “കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു. ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്‌തമാനസനോ കാര്യം മറെച്ചുവെക്കുന്നു.”​—⁠സദൃശവാക്യങ്ങൾ 11:​12, 13.

വിവേകമില്ലാത്ത അല്ലെങ്കിൽ ‘ബുദ്ധിഹീനനായ’ ഒരു വ്യക്തി എത്ര വലിയ ദ്രോഹമാണു വരുത്തിവെക്കുക! തന്റെ വാക്കുകളെ നിയന്ത്രിക്കാത്ത അയാൾ ശകാരവർഷം നടത്തുകയും ഏഷണി പറയുകയും വരെ ചെയ്യും. ഇങ്ങനെയുള്ള അനാരോഗ്യകരമായ സ്വാധീനം അവസാനിപ്പിക്കാൻ നിയമിത മൂപ്പന്മാർ സത്വരം നടപടി കൈക്കൊള്ളേണ്ടതാണ്‌. ‘ബുദ്ധിഹീനനിൽനിന്നു’ വ്യത്യസ്‌തമായി വിവേകമുള്ള ഒരു വ്യക്തിക്ക്‌ എപ്പോൾ മിണ്ടാതിരിക്കണമെന്ന്‌ അറിയാം. അയാൾ മറ്റൊരു വ്യക്തിയുടെ രഹസ്യം പാട്ടാക്കുകയില്ല. നിയന്ത്രണമില്ലാത്ത നാവിന്‌ വളരെ ദോഷം ചെയ്യാൻ കഴിയുമെന്നു മനസ്സിലാക്കുന്ന വിവേകമതി ‘വിശ്വസ്‌തമാനസൻ’ ആണ്‌. അയാൾ സഹവിശ്വാസികളോടു വിശ്വസ്‌തനാണ്‌, അവരെ അപകടപ്പെടുത്താവുന്ന രഹസ്യവിവരങ്ങൾ അയാൾ പുറത്തു പറയുകയില്ല. അത്തരം നിർമലതാപാലകർ സഭയ്‌ക്ക്‌ എത്ര വലിയ അനുഗ്രഹമാണ്‌!

നിഷ്‌കളങ്കരായി നടക്കാൻ നമ്മെ സഹായിക്കുന്നതിന്‌ യഹോവ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യുടെ മേൽനോട്ടത്തിൽ തയ്യാറാക്കപ്പെടുന്ന സമൃദ്ധമായ ആത്മീയാഹാരം നമുക്കു പ്രദാനം ചെയ്യുന്നു. (മത്തായി 24:​45, NW) കൂടാതെ പട്ടണസമാന സഭകളിലെ ക്രിസ്‌തീയ മൂപ്പന്മാരിലൂടെ വലിയ അളവിലുള്ള വ്യക്തിഗത സഹായവും നമുക്കു ലഭിക്കുന്നു. (എഫെസ്യർ 4:​11-13) നാം ഇതിനു വളരെ നന്ദിയുള്ളവരാണ്‌, കാരണം “മാർഗ്ഗദർശനമില്ലാഞ്ഞാൽ ജനത നിലംപതിക്കും; ഉപദേഷ്ടാക്കൾ ധാരാളമുണ്ടെങ്കിൽ സുരക്ഷിതത്വമുണ്ട്‌.” (സദൃശവാക്യങ്ങൾ 11:​14, പി.ഒ.സി. ബൈബിൾ) എന്തൊക്കെ സംഭവിച്ചാലും നമ്മുടെ ‘നിഷ്‌കളങ്കതയിൽ [“നിർമലതയിൽ,” NW] നടക്കാൻ’ നമുക്കു ദൃഢചിത്തരായിരിക്കാം.​—⁠സങ്കീർത്തനം 26:⁠1.

[26-ാം പേജിലെ ആകർഷക വാക്യം]

ദിവ്യാധിപത്യ പ്രവർത്തനങ്ങൾ അവഗണിച്ചുകൊണ്ട്‌ ഭൗതിക നേട്ടത്തിനു പിന്നാലെ പായുന്നത്‌ എത്ര ഭോഷത്തമാണ്‌!

[24-ാം പേജിലെ ചിത്രങ്ങൾ]

ഇയ്യോബിനെ അവന്റെ നിർമലത വഴിനടത്തി, അതിനാൽ യഹോവ അവനെ അനുഗ്രഹിച്ചു

[25-ാം പേജിലെ ചിത്രം]

ഉസ്സയുടെ ധിക്കാരം അവന്റെ മരണത്തിൽ കലാശിച്ചു