യഹോവയുടെ സ്‌നേഹദയയിൽനിന്നു പ്രയോജനം നേടൽ
യഹോവയുടെ സ്‌നേഹദയയിൽനിന്നു പ്രയോജനം നേടൽ
‘ജ്ഞാനമുള്ളവൻ ആർ? അവൻ യഹോവയുടെ സ്‌നേഹദയാ പ്രവൃത്തികൾക്കു ശ്രദ്ധ കൊടുക്കും.’—സങ്കീർത്തനം 107:43, NW.
1. ബൈബിളിൽ “സ്‌നേഹദയ” എന്ന പദം കാണുന്ന ആദ്യ സന്ദർഭം ഏത്, ഈ ഗുണം സംബന്ധിച്ച ഏതെല്ലാം ചോദ്യങ്ങൾ നാം പരിചിന്തിക്കും?
ഏതാണ്ട് 4,000 വർഷം മുമ്പ് അബ്രാഹാമിന്റെ സഹോദരപുത്രനായ ലോത്ത് യഹോവയോട് ഇപ്രകാരം പറഞ്ഞു: “എനിക്കു വലിയകൃപ [“സ്‌നേഹദയ,” NW] നീ കാണിച്ചിരിക്കുന്നു.” (ഉല്‌പത്തി 19:19) വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ “സ്‌നേഹദയ” (loving-kindness) എന്ന പദം കാണുന്ന ആദ്യ സന്ദർഭമാണിത്. “സ്‌നേഹദയ,” “സ്‌നേഹദയകൾ” എന്നീ പദങ്ങൾ അതിൽ ഏതാണ്ട് 250 പ്രാവശ്യം കാണപ്പെടുന്നുണ്ട്. സത്യവേദ പുസ്‌തകത്തിൽ അവയെ കൃപ, ദയ, കാരുണ്യം, നന്മ, സ്‌നേഹം എന്നെല്ലാം പരിഭാഷപ്പെടുത്തിയിരിക്കുന്നു. യഹോവയുടെ ഈ ഗുണത്തെ കുറിച്ച് യാക്കോബും നൊവൊമിയും ദാവീദും മറ്റു ദൈവദാസന്മാരും പറഞ്ഞിട്ടുണ്ട്. (ഉല്‌പത്തി 32:10; രൂത്ത് 1:8; 2 ശമൂവേൽ 2:6) എന്നാൽ, എന്താണ് യഹോവയുടെ സ്‌നേഹദയ? കഴിഞ്ഞ കാലങ്ങളിൽ ആരോടാണ് അവൻ അതു പ്രകടമാക്കിയത്? ഇന്നു നാം അതിൽനിന്ന് എങ്ങനെ പ്രയോജനം നേടുന്നു?
2. “സ്‌നേഹദയ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തെ നിർവചിക്കുക എളുപ്പമല്ലാത്തത് എന്തുകൊണ്ട്, അതിന്റെ ഉചിതമായ മറ്റൊരു പരിഭാഷ ഏതാണ്?
2 വളരെ അർഥസമ്പുഷ്ടമായ ഒരു എബ്രായ പദമാണ് “സ്‌നേഹദയ” എന്നു തിരുവെഴുത്തുകളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതിന്റെ അർഥം പൂർണമായി ധ്വനിപ്പിക്കാൻ പര്യാപ്‌തമായ ഒറ്റപ്പദം മിക്ക ഭാഷകളിലും ഇല്ല. ആയതിനാൽ, അതിന്റെ പരിഭാഷയായി ഉപയോഗിക്കുന്ന “സ്‌നേഹം,” “കരുണ,” “വിശ്വസ്‌തത” എന്നിങ്ങനെയുള്ള പദങ്ങൾ അതിന്റെ മുഴു അർഥവും ഉൾക്കൊള്ളുന്നില്ല. എന്നിരുന്നാലും, “സ്‌നേഹദയ” എന്നത് കൂടുതൽ വിശാലമായ അർഥം നൽകുന്നതും “പ്രസ്‌തുത എബ്രായ പദത്തിന്റെ അർഥത്തോട് ഏറെ അടുത്തുവരുന്നതുമായ” ഒരു പരിഭാഷയാണ് എന്നു പഴയനിയമ ദൈവശാസ്‌ത്ര പദഗ്രന്ഥം (ഇംഗ്ലീഷ്) പറയുന്നു. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയതിൽ ‘സ്‌നേഹദയ’ എന്നതിന്റെ എബ്രായ പദത്തെ ‘വിശ്വസ്‌ത സ്‌നേഹം’ എന്നും ഉചിതമായി പരിഭാഷപ്പെടുത്തിയിരിക്കുന്നു.—പുറപ്പാടു 15:13; സങ്കീർത്തനം 5:7; NW, അടിക്കുറിപ്പ്.
സ്‌നേഹം, വിശ്വസ്‌തത എന്നിവയിൽനിന്നു വ്യത്യസ്‌തം
3. സ്‌നേഹദയയും സ്‌നേഹവും തമ്മിലുള്ള വ്യത്യാസമെന്ത്?
3 സ്‌നേഹം, വിശ്വസ്‌തത എന്നീ ഗുണങ്ങളുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്ന ഒരു ഗുണമാണ് സ്‌നേഹദയ അഥവാ വിശ്വസ്‌ത സ്‌നേഹം. എങ്കിലും, സ്‌നേഹദയ മേൽപ്പറഞ്ഞ ഗുണങ്ങളിൽനിന്നും സുപ്രധാന വിധങ്ങളിൽ വ്യത്യസ്‌തമായിരിക്കുന്നു. സ്‌നേഹദയയും സ്‌നേഹവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നു പരിചിന്തിക്കുക. ആശയങ്ങളോടും വസ്‌തുക്കളോടും നമുക്കു സ്‌നേഹം ഉണ്ടായിരിക്കാൻ സാധിക്കും. ‘ലോകത്തിലുള്ളതിനെ സ്‌നേഹിക്കുന്നതിനെ’ കുറിച്ചും “ജ്‌ഞാനത്തെ സ്‌നേഹിക്കുന്ന”വനെ കുറിച്ചും ബൈബിൾ പറയുന്നു. (1 യോഹന്നാൻ 2:15; സദൃശവാക്യങ്ങൾ 29:3, പി.ഒ.സി. ബൈബിൾ) എന്നാൽ “സ്‌നേഹദയ” വ്യക്തികളോടു ബന്ധപ്പെട്ടിരിക്കുന്നു, ആശയങ്ങളോടോ നിർജീവ വസ്‌തുക്കളോടോ അല്ല. ഉദാഹരണത്തിന്, യഹോവ “ആയിരം തലമുറ വരെ ദയ [“സ്‌നേഹദയ,” NW] കാണി”ക്കുന്നവനാണ് എന്നു പുറപ്പാടു 20:6 പറയുമ്പോൾ അതിൽ വ്യക്തികൾ ഉൾപ്പെട്ടിരിക്കുന്നു.
4. സ്‌നേഹദയയും വിശ്വസ്‌തതയും തമ്മിലുള്ള വ്യത്യാസമെന്ത്?
4 “സ്‌നേഹദയ” എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന എബ്രായ പദത്തിന് “വിശ്വസ്‌തത” എന്ന പദത്തെക്കാൾ വിശാലമായ അർഥമാണ് ഉള്ളത്. ചില ഭാഷകളിൽ, ഒരു മേലുദ്യോഗസ്ഥനോട് കീഴ്‌ജീവനക്കാരന് ഉണ്ടായിരിക്കേണ്ട മനോഭാവത്തെ കുറിക്കാനാണ് “വിശ്വസ്‌തത” എന്ന പദം ഉപയോഗിക്കുന്നത്. എന്നാൽ, ബൈബിളിന്റെ അടിസ്ഥാനത്തിൽ, സ്‌നേഹദയ “മിക്കപ്പോഴും നേർവിപരീതമായ ഒരു ബന്ധത്തെ, അതായത് ശക്തനായ ഒരു വ്യക്തി ബലഹീനനോടോ ദരിദ്രനോടോ ആശ്രിതനോടോ വിശ്വസ്‌തനായിരിക്കുന്നതിനെയാണ്” പരാമർശിക്കുന്നത് എന്നാണ് ഒരു ഗവേഷകയുടെ അഭിപ്രായം. അതുകൊണ്ട്, ദാവീദ് രാജാവിന് യഹോവയോട് ഇങ്ങനെ അപേക്ഷിക്കാൻ സാധിച്ചു: “അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; സങ്കീർത്തനം 31:16) സഹായം ആവശ്യമുള്ള തന്നോട് സ്‌നേഹദയ അഥവാ വിശ്വസ്‌ത സ്‌നേഹം കാണിക്കാൻ ശക്തനായ യഹോവയോട് ദാവീദ് പറയുന്നു. എളിയവന് ശക്തനായവന്റെ മേൽ അധികാരമില്ലാത്തതിനാൽ, അത്തരമൊരു സന്ദർഭത്തിൽ കാണിക്കുന്ന സ്‌നേഹദയ സ്വമനസ്സാലെ ഉള്ളതാണ്, നിർബന്ധത്താൽ ഉള്ളതല്ല.
നിന്റെ ദയയാൽ [“സ്‌നേഹദയയാൽ,” NW] എന്നെ രക്ഷിക്കേണമേ.” (5. (എ) ദൈവത്തിന്റെ സ്‌നേഹദയയുടെ ഏതു സവിശേഷതകൾ അവന്റെ വചനത്തിൽ പ്രദീപ്‌തമാക്കപ്പെട്ടിരിക്കുന്നു? (ബി) യഹോവയുടെ സ്‌നേഹദയയുടെ ഏതു പ്രകടനങ്ങളാണ് നാം പരിചിന്തിക്കാൻ പോകുന്നത്?
5 ‘ജ്ഞാനമുള്ളവൻ ആർ?’ എന്നു സങ്കീർത്തനക്കാരൻ ചോദിച്ചു. ‘അവൻ യഹോവയുടെ സ്‌നേഹദയാ പ്രവൃത്തികൾക്കു ശ്രദ്ധ കൊടുക്കും.’ (സങ്കീർത്തനം 107:43, NW) യഹോവയുടെ സ്‌നേഹദയയ്‌ക്കു വിടുതലും സംരക്ഷണവും നൽകാനാകും. (സങ്കീർത്തനം 6:4; 119:88, 159) അതൊരു സംരക്ഷണമാണ്, മാത്രമല്ല, പ്രശ്‌നങ്ങളിൽനിന്ന് ആശ്വാസമേകുന്ന സുപ്രധാന ഘടകവുമാണ്. (സങ്കീർത്തനം 31:16, 21; 40:11; 143:12) ഈ ഗുണം നിമിത്തം പാപത്തിൽനിന്നുള്ള വീണ്ടെടുപ്പു സാധ്യമാണ്. (സങ്കീർത്തനം 25:7) ചില ബൈബിൾ വിവരണങ്ങളും മറ്റുചില ബൈബിൾ ഭാഗങ്ങളും അവലോകനം ചെയ്യുകവഴി യഹോവയുടെ സ്‌നേഹദയ സംബന്ധിച്ച് രണ്ടു കാര്യങ്ങൾ നമുക്കു കാണാൻ കഴിയും: (1) നിർദിഷ്ട നടപടികളിലൂടെ അതു പ്രകടമാക്കപ്പെട്ടിരിക്കുന്നു, (2) അവന്റെ വിശ്വസ്‌ത ദാസന്മാർക്ക് അത് അനുഭവവേദ്യമായിരിക്കുന്നു.
വിടുതൽ—സ്‌നേഹദയയുടെ ഒരു പ്രകടനം
6, 7. (എ) യഹോവ ലോത്തിനോടു സ്‌നേഹദയ പ്രകടമാക്കിയത് എങ്ങനെ? (ബി) യഹോവയുടെ സ്‌നേഹദയയെ കുറിച്ച് ലോത്ത് പരാമർശിച്ചത് എപ്പോൾ?
6 യഹോവയുടെ സ്‌നേഹദയ എത്ര വിശാലമാണ് എന്നു മനസ്സിലാക്കാനാകുന്ന ഏറ്റവും നല്ല വിധം ഈ ഗുണം ഉൾപ്പെട്ടിരിക്കുന്ന തിരുവെഴുത്തു വിവരണങ്ങൾ പരിശോധിച്ചുനോക്കുന്നതായിരിക്കാം. അബ്രാഹാമിന്റെ സഹോദര പുത്രനായ ലോത്തിനെ ശത്രുസൈന്യങ്ങൾ പിടിച്ചുകൊണ്ടുപോയതായി ഉല്‌പത്തി -ൽ നാം വായിക്കുന്നു. എന്നാൽ അബ്രാഹാം ലോത്തിനെ രക്ഷപ്പെടുത്തി. ലോത്തും കുടുംബവും പാർത്തിരുന്ന ദുഷ്ട പട്ടണമായ സൊദോമിനെ നശിപ്പിക്കാൻ യഹോവ തീരുമാനിച്ചപ്പോൾ ലോത്തിന്റെ ജീവൻ വീണ്ടും അപകടത്തിലായി.— 14:1-16ഉല്‌പത്തി 18:20-22; 19:12, 13.
7 സൊദോമിന്റെ നാശത്തിനു തൊട്ടുമുമ്പ് യഹോവയുടെ ദൂതന്മാർ ലോത്തിനെയും കുടുംബത്തെയും പട്ടണത്തിനു പുറത്തേക്കു കൊണ്ടുപോയി. അപ്പോൾ ലോത്ത് പറഞ്ഞു: “നിനക്കു അടിയനോടു കൃപതോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാൻ എനിക്കു വലിയകൃപ [“സ്‌നേഹദയ,” NW] നീ കാണിച്ചിരിക്കുന്നു.” (ഉല്‌പത്തി 19:16, 19) തന്നെ രക്ഷപ്പെടുത്തിക്കൊണ്ട് യഹോവ അസാധാരണമായ സ്‌നേഹദയ കാണിച്ചെന്ന് ലോത്ത് ഈ വാക്കുകളിലൂടെ അംഗീകരിക്കുകയായിരുന്നു. ഈ സന്ദർഭത്തിൽ, ദൈവത്തിന്റെ സ്‌നേഹദയ പ്രകടമായത് വിടുതലും സംരക്ഷണവും പ്രദാനം ചെയ്‌തതിലൂടെയാണ്.—2 പത്രൊസ് 2:8.
യഹോവയുടെ സ്‌നേഹദയയും അവന്റെ മാർഗനിർദേശവും
8, 9. (എ) അബ്രാഹാമിന്റെ ദാസനു ലഭിച്ച നിയോഗം എന്തായിരുന്നു? (ബി) ആ ദാസൻ ദൈവത്തിന്റെ സ്‌നേഹദയയ്‌ക്കായി പ്രാർഥിച്ചത് എന്തുകൊണ്ട്, അവൻ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ എന്തു സംഭവിച്ചു?
8 ഉല്‌പത്തി 24-ാം അധ്യായത്തിൽ, ദൈവത്തിന്റെ സ്‌നേഹദയയുടെ അഥവാ വിശ്വസ്‌ത സ്‌നേഹത്തിന്റെ മറ്റൊരു പ്രകടനത്തെ കുറിച്ചു പറഞ്ഞിരിക്കുന്നതു കാണാൻ കഴിയും. പുത്രനായ ഇസ്‌ഹാക്കിന് ഒരു ഭാര്യയെ കണ്ടെത്താനായി തന്റെ ബന്ധുക്കളുടെ ദേശത്തേക്കു യാത്ര ചെയ്യാൻ അബ്രാഹാം സ്വന്ത ദാസനെ നിയോഗിക്കുന്നതായി വിവരണം പറയുന്നു. (2-4 വാക്യങ്ങൾ) ആ ദൗത്യം ദുഷ്‌കരമായിരുന്നെങ്കിലും, യഹോവയുടെ ദൂതന്റെ വഴിനടത്തിപ്പ് ഉണ്ടായിരിക്കുമെന്ന് ആ ദാസന് ഉറപ്പു ലഭിച്ചു. (7-ാം വാക്യം) അങ്ങനെ ആ ദാസൻ “നാഹോരിന്റെ പട്ടണ”ത്തിന് (ഹാരാനോ അതിനടുത്തുള്ള ഒരു സ്ഥലമോ) പുറത്തുള്ള ഒരു കിണറ്റിനരികെ എത്തി. അത് സ്‌ത്രീകൾ വെള്ളംകോരാൻ വരുന്ന സമയമായിരുന്നു. (10, 11 വാക്യങ്ങൾ) സ്‌ത്രീകൾ അടുത്തുവരുന്നതു കണ്ടപ്പോൾ, തന്റെ ദൗത്യത്തിന്റെ നിർണായക സമയം വന്നെത്തിയെന്ന് അവൻ മനസ്സിലാക്കി. എന്നാൽ അനുയോജ്യയായ സ്‌ത്രീയെ അവന് എങ്ങനെ വേർതിരിച്ചറിയാൻ കഴിയുമായിരുന്നു?
9 ദിവ്യസഹായം ആവശ്യമാണെന്ന ബോധ്യത്തോടെ അബ്രാഹാമിന്റെ ദാസൻ പ്രാർഥിച്ചു: “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപ [“സ്‌നേഹദയ,” NW] ചെയ്‌തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ.” (12-ാം വാക്യം) യഹോവ എങ്ങനെ തന്റെ സ്‌നേഹദയ പ്രകടിപ്പിക്കുമായിരുന്നു? ദൈവം തിരഞ്ഞെടുത്ത സ്‌ത്രീയെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പ്രത്യേക അടയാളത്തിനായി ആ ദാസൻ അപേക്ഷിച്ചു. (13, 14 വാക്യങ്ങൾ) അവൻ യഹോവയോട് ആവശ്യപ്പെട്ടതുപോലെതന്നെ അതിലൊരു സ്‌ത്രീ പ്രവർത്തിച്ചു. ആ സ്‌ത്രീ അവന്റെ പ്രാർഥന മറഞ്ഞുനിന്നു കേട്ടതുപോലെയായിരുന്നു അത്! (15-20 വാക്യങ്ങൾ) ആശ്ചര്യത്തോടെ ആ ദാസൻ “അവളെ ഉറ്റുനോക്കി.” എങ്കിലും പ്രധാനപ്പെട്ട ചില കാര്യങ്ങൾക്കുകൂടി ഉറപ്പു ലഭിക്കണമായിരുന്നു. സുന്ദരിയായ ആ യുവതി അബ്രാഹാമിന്റെ ഒരു ബന്ധുവായിരിക്കുമോ? അവൾ അവിവാഹിത ആയിരിക്കുമോ? അതുകൊണ്ട്, അവൻ “യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.”—16, 21 വാക്യങ്ങൾ.
10. തന്റെ യജമാനനോടു യഹോവ സ്‌നേഹദയ പ്രകടമാക്കിയിരിക്കുന്നു എന്ന് അബ്രാഹാമിന്റെ ദാസന് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്?
10 അതിനുശേഷം താമസിയാതെ ആ യുവതി ‘[അബ്രാഹാമിന്റെ സഹോദരനായ] നാഹോരിന്നു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ ആകുന്നു ഞാൻ എന്നു പറഞ്ഞു.’ (ഉല്‌പത്തി 11:26; 24:24) യഹോവ തന്റെ പ്രാർഥനയ്‌ക്ക് ഉത്തരം നൽകിയെന്ന് അപ്പോൾ ആ ദാസൻ തിരിച്ചറിഞ്ഞു. അത്ഭുതത്തോടെ കുമ്പിട്ടുകൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്‌ത്തപ്പെട്ടവൻ; അവൻ എന്റെ യജമാനനോടുള്ള ദയയും [“സ്‌നേഹദയ,” NW] വിശ്വസ്‌തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ.” (27-ാം വാക്യം) മാർഗനിർദേശം നൽകിക്കൊണ്ട് യഹോവ ആ ദാസന്റെ യജമാനനായ അബ്രാഹാമിനോടു സ്‌നേഹദയ പ്രകടമാക്കി.
ദൈവത്തിന്റെ സ്‌നേഹദയ ആശ്വാസവും സംരക്ഷണവും കൈവരുത്തുന്നു
11, 12. (എ) ഏതു പരിശോധനാ വേളകളിലാണ് യോസേഫ് യഹോവയുടെ സ്‌നേഹദയ അനുഭവിച്ചറിഞ്ഞത്? (ബി) യോസേഫിനോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ സ്‌നേഹദയ പ്രകടമാക്കപ്പെട്ടത് എങ്ങനെ?
11 അടുത്തതായി നമുക്ക് ഉല്‌പത്തി 39-ാം അധ്യായം പരിചിന്തിക്കാം. അബ്രാഹാമിന്റെ പ്രപൗത്രനായ, ഈജിപ്‌തിലെ അടിമത്തത്തിലേക്കു വിൽക്കപ്പെട്ട, യോസേഫിനെ കുറിച്ചുള്ളതാണ് അത്. എന്നിരുന്നാലും, ‘യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു.’ (1, 2 വാക്യങ്ങൾ) യോസേഫിന്റെ യജമാനനായിരുന്ന ഈജിപ്‌തുകാരനായ പോത്തീഫർ പോലും യഹോവ യോസേഫിനോടുകൂടെ ഉണ്ടെന്ന് മനസ്സിലാക്കി. (3-ാം വാക്യം) എങ്കിലും, യോസേഫ് കടുത്ത ഒരു പരിശോധനയെ അഭിമുഖീകരിച്ചു. പോത്തീഫറിന്റെ ഭാര്യയെ ലൈംഗികമായി ഉപദ്രവിച്ചെന്ന വ്യാജാരോപണത്തെ പ്രതി അവൻ കാരാഗൃഹത്തിലടയ്‌ക്കപ്പെട്ടു. (7-20 വാക്യങ്ങൾ) ഈ “കുണ്ടറയിൽ” ആയിരുന്നു “അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും” ചെയ്‌തത്.—ഉല്‌പത്തി 40:15; സങ്കീർത്തനം 105:19.
12 കഠിനമായ ആ പരിശോധനാ സമയത്ത് എന്തു സംഭവിച്ചു? “യഹോവ യോസേഫിനോടുകൂടെ ഇരുന്നു. . . അവന്നു കൃപ [“സ്‌നേഹദയ,” NW] നല്‌കി.” (21-ാം വാക്യം) യഹോവയിൽനിന്നുള്ള സ്‌നേഹദയയുടേതായ ഒരു പ്രത്യേക നടപടി, യോസേഫ് അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്‌നങ്ങളിൽനിന്ന് പിന്നീട് അവന് ആശ്വാസം കൈവരുത്തിയ ഒരു സംഭവപരമ്പരയ്‌ക്കു തുടക്കം കുറിച്ചു. ‘കാരാഗൃഹപ്രമാണിക്കു [യോസേഫിനോട്] ദയ തോന്നാൻ’ യഹോവ ഇടയാക്കി. (വാക്യം 21ബി) തുടർന്ന്, ആ ഉദ്യോഗസ്ഥൻ യോസേഫിനെ ഒരു ഉത്തരവാദിത്വ സ്ഥാനത്ത് ആക്കിവെച്ചു. (22-ാം വാക്യം) അടുത്തതായി, ഈജിപ്‌തിലെ ഭരണാധികാരിയായ ഫറവോനോട് തന്നെക്കുറിച്ചു പറയുമായിരുന്ന മനുഷ്യനെ യോസേഫ് കണ്ടുമുട്ടി. (ഉല്‌പത്തി 40:1-4, 9-15; 41:9-14) അങ്ങനെ, രാജാവ് യോസേഫിനെ ഈജിപ്‌തിലെ രണ്ടാമത്തെ ഭരണാധികാരിയുടെ സ്ഥാനത്തേക്ക് ഉയർത്തി. ക്ഷാമത്തിന്റെ പിടിയിലമർന്ന ഈജിപ്‌തിൽ ഒരു ജീവരക്ഷാകര വേല നിർവഹിക്കുന്നതിന് അത് ഇടയാക്കി. (ഉല്‌പത്തി 41:37-55) 17 വയസ്സു മുതൽ യോസേഫ് അനുഭവിക്കാൻ തുടങ്ങിയ യാതനകൾ പന്ത്രണ്ടിലധികം വർഷം നീണ്ടുനിന്നു! (ഉല്‌പത്തി 37:2, 4; 41:46) എന്നാൽ, ദുരിതവും കഷ്ടപ്പാടും നിറഞ്ഞ ആ വർഷങ്ങളിൽ ഉടനീളം കൊടിയ അനർഥങ്ങളിൽനിന്നു യഹോവ യോസേഫിനെ സംരക്ഷിക്കുകയും തന്റെ ഉദ്ദേശ്യത്തിൽ അനുപമമായ ഒരു പദവി വഹിക്കാനായി അവനെ കാത്തുപരിപാലിക്കുകയും ചെയ്‌തുകൊണ്ട് യഹോവയാം ദൈവം അവനോടു സ്‌നേഹദയ പ്രകടമാക്കി.
ദൈവത്തിന്റെ സ്‌നേഹദയ നിലച്ചുപോകുന്നില്ല
13. (എ) യഹോവയുടെ സ്‌നേഹദയയുടെ ഏതെല്ലാം പ്രകടനങ്ങൾ 136-ാം സങ്കീർത്തനത്തിൽ കാണാൻ കഴിയും? (ബി) യഥാർഥത്തിൽ സ്‌നേഹദയ എന്താണ്?
13 ഒരു ജനതയെന്ന നിലയിൽ യഹോവ ഇസ്രായേല്യരോട് പല പ്രാവശ്യം സ്‌നേഹദയ പ്രകടമാക്കുകയുണ്ടായി. 136-ാം സങ്കീർത്തനം പറയുന്നപ്രകാരം, തന്റെ സ്‌നേഹദയയിൽ യഹോവ അവർക്കു വിടുതലും (10-15 വാക്യങ്ങൾ), മാർഗനിർദേശവും (16-ാം വാക്യം), സംരക്ഷണവും (17-20 വാക്യങ്ങൾ) നൽകി. യഹോവ വ്യക്തികളോടും സ്‌നേഹദയ പ്രകടമാക്കിയിട്ടുണ്ട്. സഹമനുഷ്യരോടു സ്‌നേഹദയ കാണിക്കുന്ന ഒരു വ്യക്തി, ഒരു സുപ്രധാന ആവശ്യം നിറവേറ്റുക എന്ന ഉദ്ദേശ്യത്തോടെ സ്വമനസ്സാലെയുള്ള പ്രവൃത്തികളിലൂടെയാണ് അതു ചെയ്യുന്നത്. സ്‌നേഹദയയെ സംബന്ധിച്ച് ഒരു ബൈബിൾ പരാമർശ ഗ്രന്ഥം ഇപ്രകാരം പറയുന്നു: “ജീവിതത്തെ കാത്തുസംരക്ഷിക്കുകയോ അഭിവൃദ്ധിപ്പെടുത്തുകയോ ചെയ്യുന്ന ഒരു പ്രവൃത്തിയാണിത്. ദൗർഭാഗ്യമോ ദുരിതമോ അനുഭവിക്കുന്ന ഒരാൾക്കുവേണ്ടിയുള്ള ഇടപെടലാണ്.” ഒരു പണ്ഡിതൻ അതിനെ, “പ്രവൃത്തിപഥത്തിലാക്കിയ സ്‌നേഹം” എന്നു വർണിക്കുന്നു.
14, 15. ലോത്ത് ദൈവത്തിന്റെ അംഗീകൃത ദാസനായിരുന്നുവെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
14 തന്നെ സ്‌നേഹിക്കുന്നവരോടു സ്‌നേഹദയ കാണിക്കുന്നതിൽ യഹോവ ഒരിക്കലും കുറവുവരുത്തുകയില്ല എന്ന് നാം പരിശോധിച്ചുകഴിഞ്ഞ ഉല്‌പത്തി പുസ്‌തകത്തിലെ വിവരണം പ്രകടമാക്കുന്നു. ലോത്തും അബ്രാഹാമും യോസേഫും വ്യത്യസ്‌ത സാഹചര്യങ്ങളിൽ ജീവിച്ചവർ ആയിരുന്നു, അവർക്കു നേരിട്ട പരിശോധനകളും വ്യത്യസ്‌തമായിരുന്നു. അപൂർണരെങ്കിലും യഹോവയുടെ അംഗീകൃത ദാസന്മാരായിരുന്നു അവർ, അവർക്കു ദിവ്യസഹായം ആവശ്യമായിരുന്നു. അങ്ങനെയുള്ളവരോട് നമ്മുടെ സ്വർഗീയ പിതാവ് സ്‌നേഹദയ പ്രകടമാക്കുന്നുണ്ടെന്ന അറിവിൽ നമുക്ക് ആശ്വാസം കണ്ടെത്താം.
15 ചിന്താശൂന്യമായ ചില തീരുമാനങ്ങൾ കൈക്കൊണ്ടതു നിമിത്തം ലോത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടായി. (ഉല്‌പത്തി 13:12, 13; 14:11, 12) എങ്കിലും, അഭിനന്ദനാർഹമായ ഗുണങ്ങളും അവൻ പ്രകടമാക്കിയിരുന്നു. ദൈവത്തിന്റെ രണ്ടു ദൂതന്മാർ സൊദോമിൽ വന്നപ്പോൾ, അവൻ അവർക്ക് ആതിഥ്യമരുളി. (ഉല്‌പത്തി 19:1-3) വിശ്വാസത്തോടെ അവൻ, സൊദോമിന്റെ ആസന്നമായ നാശത്തെക്കുറിച്ച് തന്റെ മരുമക്കൾക്കു മുന്നറിയിപ്പു കൊടുത്തു. (ഉല്‌പത്തി 19:14) ലോത്തിനെ ദൈവം എങ്ങനെ വീക്ഷിച്ചു എന്നതിനെക്കുറിച്ച് 2 പത്രൊസ് 2:7-9 പറയുന്നു: ‘അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു അവരുടെ ദുഷ്‌കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ [യഹോവ] വിടുവിച്ചു. കർത്താവിനു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാൻ അറിയുമല്ലോ.’ അതേ, ലോത്ത് നീതിമാനായിരുന്നു, ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാചകശൈലി അവൻ ഒരു ദൈവഭക്തനായിരുന്നു എന്ന് സൂചിപ്പിക്കുന്നു. നാം “നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങളിലും ദൈവികഭക്‌തിപ്രവൃത്തികളിലും” ഏർപ്പെടുന്നെങ്കിൽ അവനെപ്പോലെ നമുക്കും ദൈവത്തിന്റെ സ്‌നേഹദയ ആസ്വദിക്കാൻ സാധിക്കും.—2 പത്രൊസ് 3:11, 12, NW.
16. അബ്രാഹാമിനെയും യോസേഫിനെയും കുറിച്ച് ബൈബിൾ അഭിനന്ദിച്ചു സംസാരിക്കുന്നത് എങ്ങനെ?
ഉല്‌പത്തി 24-ാം അധ്യായം വളരെ വ്യക്തമായി പ്രതിപാദിക്കുന്നു. “യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു” എന്ന് ആദ്യവാക്യം പറയുന്നു. ‘എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവം’എന്നാണ് അബ്രാഹാമിന്റെ ദാസൻ യഹോവയെ വിളിച്ചത്. (12, 27 വാക്യങ്ങൾ) മാത്രമല്ല, അബ്രാഹാം ‘നീതിമാനായി പ്രഖ്യാപിക്കപ്പെ’ടുകയും ‘ദൈവത്തിന്റെ സ്‌നേഹിതൻ’ എന്നു വിളിക്കപ്പെടാൻ ഇടയാകുകയും ചെയ്‌തു എന്ന് ശിഷ്യനായ യാക്കോബ് പറയുന്നു. (യാക്കോബ് 2:21-23, NW) യേസേഫിന്റെ കാര്യത്തിലും അതൊക്കെത്തന്നെ ശരിയാണ്. ഉല്‌പത്തി 39-ാം അധ്യായത്തിൽ ഉടനീളം യോസേഫും യഹോവയും തമ്മിലുള്ള അടുത്ത ബന്ധത്തിനാണ് ഊന്നൽ നൽകിയിരിക്കുന്നത്. (2, 3, 21, 23 വാക്യങ്ങൾ) കൂടാതെ, യോസേഫിനെ കുറിച്ച് ശിഷ്യനായ സ്‌തെഫാനൊസ് പറഞ്ഞു: “ദൈവം അവനോടുകൂടെ ഇരുന്നു.”—പ്രവൃത്തികൾ 7:10എ.
16 അബ്രാഹാമിന് യഹോവയുമായുള്ള ഉറ്റബന്ധത്തെ കുറിച്ച്17. ലോത്ത്, അബ്രാഹാം, യോസേഫ് എന്നിവരുടെ ദൃഷ്ടാന്തങ്ങളിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
17 നാം ഇപ്പോൾ പരിചിന്തിച്ച, ദിവ്യ സ്‌നേഹദയ അനുഭവിച്ചറിഞ്ഞ വ്യക്തികൾ യഹോവയാം ദൈവവുമായി ഒരു നല്ല ബന്ധം കാത്തുസൂക്ഷിച്ചവരും ദിവ്യോദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിൽ വ്യത്യസ്‌ത വിധങ്ങളിൽ പങ്കുവഹിച്ചവരും ആയിരുന്നു. സ്വന്ത കഴിവിനാൽ തരണം ചെയ്യാൻ സാധിക്കുമായിരുന്നില്ലാഞ്ഞ പ്രതിബന്ധങ്ങളെ അവർ അഭിമുഖീകരിച്ചു. ലോത്തിന്റെ ജീവനും അബ്രാഹാമിന്റെ വംശപരമ്പരയുടെ നിലനിൽപ്പും ദൈവോദ്ദേശ്യത്തിലെ യോസേഫിന്റെ പങ്കും അപകടത്തിലായിരുന്നു. യഹോവയ്‌ക്കു മാത്രമേ ദൈവഭക്തരായ ഈ മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുമായിരുന്നുള്ളൂ. സ്‌നേഹദയാ പ്രവൃത്തികളിലൂടെ അവൻ അതു നിറവേറ്റുകതന്നെ ചെയ്‌തു. യഹോവയുടെ സ്‌നേഹദയ എന്നേക്കും ആസ്വദിക്കണമെങ്കിൽ നമുക്കും അവനുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കണം, അതുപോലെ നാം അവന്റെ ഹിതമനുസരിച്ചു പ്രവർത്തിക്കുന്നതിൽ തുടരുകയും വേണം.—എസ്രാ 7:27; സങ്കീർത്തനം 18:50.
ദൈവദാസർ അനുഗൃഹീതർ
18. യഹോവയുടെ സ്‌നേഹദയയെ കുറിച്ച് വ്യത്യസ്‌ത ബൈബിൾ വിവരണങ്ങൾ എന്തു പറയുന്നു?
18 യഹോവയുടെ സ്‌നേഹദയ “ഭൂമിയെ നിറച്ചിരിക്കു”ന്നതിനാൽ, ദൈവത്തിന്റെ ആ ഗുണത്തോട് നാം എത്ര വിലമതിപ്പുള്ളവർ ആയിരിക്കണം! (സങ്കീർത്തനം 119:64, NW) സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളോടു നമുക്ക് മുഴുഹൃദയത്തോടെ പ്രതികരിക്കാം: “അവർ യഹോവയെ അവന്റെ നന്മയെ [“സ്‌നേഹദയയെ,” NW] ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്‌ത അത്ഭുതങ്ങളെ ചൊല്ലിയും സ്‌തുതിക്കട്ടെ.” (സങ്കീർത്തനം 107:8, 15, 21, 31) തന്റെ അംഗീകൃത ദാസരോട്—വ്യക്തികളെന്ന നിലയിലും ഒരു കൂട്ടമെന്ന നിലയിലും—യഹോവ സ്‌നേഹദയ പ്രകടമാക്കുന്നു എന്നതിൽ നമുക്കു സന്തോഷിക്കാം. പ്രവാചകനായ ദാനീയേൽ പ്രാർഥനയിൽ യഹോവയെ, “തന്നെ സ്‌നേഹിക്കുന്നവർക്കും തന്റെ കല്‌പനകളെ പ്രമാണിക്കുന്നവർക്കും നിയമവും ദയയും [“സ്‌നേഹദയയും,” NW] പരിപാലിക്കുന്നവനായി മഹാനും ഭയങ്കരനുമായ ദൈവമായ കർത്താവേ” എന്നു സംബോധന ചെയ്യുകയുണ്ടായി. (ദാനീയേൽ 9:4) ദാവീദ് രാജാവ് ഇങ്ങനെ പ്രാർഥിച്ചു: ‘നിന്നെ അറിയുന്നവർക്കു നിന്റെ സ്‌നേഹദയ തുടർന്നും നൽകേണമേ.’ (സങ്കീർത്തനം 36:10, NW) തന്റെ ദാസരോട് യഹോവ സ്‌നേഹദയ കാണിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്!—1 രാജാക്കന്മാർ 8:23; 1 ദിനവൃത്താന്തം 17:13.
19. അടുത്ത ലേഖനത്തിൽ ഏതു ചോദ്യങ്ങൾ പരിചിന്തിക്കപ്പെടും?
19 യഹോവയുടെ ജനമെന്ന നിലയിൽ നാം തീർച്ചയായും അനുഗൃഹീതരാണ്! ദൈവം മനുഷ്യവർഗത്തോട് പൊതുവേ പ്രകടമാക്കിയിരിക്കുന്ന സ്‌നേഹത്തിൽനിന്നു പ്രയോജനം അനുഭവിക്കുന്നതിനു പുറമേ, നമ്മുടെ സ്വർഗീയ പിതാവായ യഹോവയുടെ സ്‌നേഹദയ അഥവാ വിശ്വസ്‌ത സ്‌നേഹം മുഖാന്തരം ലഭ്യമായിരിക്കുന്ന പ്രത്യേക അനുഗ്രഹങ്ങളും നാം ആസ്വദിക്കുന്നു. (യോഹന്നാൻ 3:16) പ്രത്യേകിച്ച്, സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ യഹോവയുടെ വിലയേറിയ ഈ ഗുണത്തിൽനിന്നു നാം പ്രയോജനം നേടുന്നു. (സങ്കീർത്തനം 36:7) എന്നാൽ, നമുക്ക് എങ്ങനെയാണ് യഹോവയുടെ സ്‌നേഹദയ അനുകരിക്കാൻ കഴിയുന്നത്? ശ്രേഷ്‌ഠമായ ഈ ഗുണം നാം വ്യക്തിപരമായി പ്രകടമാക്കുന്നുണ്ടോ? ഇവയും ബന്ധപ്പെട്ട മറ്റു ചോദ്യങ്ങളും അടുത്ത ലേഖനത്തിൽ പരിചിന്തിക്കപ്പെടും.
നിങ്ങൾ ഓർമിക്കുന്നുവോ?
• “സ്‌നേഹദയ” എന്നതിന് തിരുവെഴുത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു പരിഭാഷ എന്ത്?
• സ്‌നേഹദയ, സ്‌നേഹത്തിൽനിന്നും വിശ്വസ്‌തതയിൽനിന്നും വ്യത്യസ്‌തമായിരിക്കുന്നത് എങ്ങനെ?
• ലോത്ത്, അബ്രാഹാം, യോസേഫ് എന്നിവരോട് ഏതു വിധങ്ങളിലാണ് യഹോവ സ്‌നേഹദയ പ്രകടമാക്കിയത്?
• യഹോവ സ്‌നേഹദയ കാണിച്ച കഴിഞ്ഞകാല സംഭവങ്ങൾ നമുക്ക് എന്ത് ഉറപ്പു നൽകുന്നു?
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചിത്രം]
ദൈവം ലോത്തിനോടു സ്‌നേഹദയ കാണിച്ചത് എങ്ങനെയെന്ന് നിങ്ങൾക്കറിയാമോ?
[15-ാം പേജിലെ ചിത്രങ്ങൾ]
സ്‌നേഹദയ നിമിത്തം യഹോവ അബ്രാഹാമിന്റെ ദാസനെ നയിച്ചു
[16-ാം പേജിലെ ചിത്രങ്ങൾ]
യോസേഫിനെ സംരക്ഷിച്ചുകൊണ്ട് യഹോവ സ്‌നേഹദയ പ്രകടമാക്കി