വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പള്ളിയിൽവെച്ചു നടത്തുന്ന ശവസംസ്‌കാര ശുശ്രൂഷയിലോ വിവാഹത്തിലോ ഒരു സത്യക്രിസ്‌ത്യാനിക്കു പങ്കെടുക്കാമോ?

വ്യാജമതവുമായി ബന്ധപ്പെട്ട ഏതൊരു സംഗതിയിൽ പങ്കെടുക്കുന്നതും യഹോവയ്‌ക്ക്‌ അപ്രീതികരമാണ്‌, അതുകൊണ്ട്‌ നാം അത്‌ ഒഴിവാക്കുകതന്നെ വേണം. (2 കൊരിന്ത്യർ 6:14-17; വെളിപ്പാടു 18:4) പള്ളിയിൽവെച്ചു നടത്തുന്ന ശവസംസ്‌കാര ചടങ്ങ്‌ ഒരു മത ശുശ്രൂഷയാണ്‌. ആത്മാവ്‌ അമർത്യമാണെന്നും നല്ലവരായ എല്ലാവരും സ്വർഗത്തിൽ പോകുമെന്നും ഒക്കെയുള്ള തിരുവെഴുത്തു വിരുദ്ധ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസംഗവും അതിൽ ഉൾപ്പെട്ടേക്കാൻ സാധ്യതയുണ്ട്‌. കുരിശുവരയ്‌ക്കുന്നതോ പുരോഹിതനോടോ ശുശ്രൂഷകനോടോ ഒപ്പം പ്രാർഥനയിൽ പങ്കുകൊള്ളുന്നതോ അതിൽ ഉൾപ്പെട്ടേക്കാം. ബൈബിൾ പഠിപ്പിക്കലിനു വിരുദ്ധമായ പ്രാർഥനകളും മറ്റു മതകർമങ്ങളും പള്ളിയിലോ മറ്റെവിടെയങ്കിലുമോ വെച്ചു നടക്കുന്ന വിവാഹത്തോടു ബന്ധപ്പെട്ട മതപരമായ ചടങ്ങിന്റെ ഭാഗമായിരിക്കാം. വ്യാജമതച്ചടങ്ങിൽ പങ്കെടുക്കുന്ന ഒരു കൂട്ടത്തോടൊപ്പം ആയിരിക്കുന്ന ക്രിസ്‌ത്യാനിക്ക്‌ അതിൽ ഉൾപ്പെടാനുള്ള സമ്മർദത്തെ ചെറുക്കാൻ വളരെയധികം ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടേക്കാം. അറിഞ്ഞുകൊണ്ട്‌ തനിക്കുതന്നെ അത്തരമൊരു സമ്മർദം വരുത്തിവെക്കുന്നത്‌ എത്ര ബുദ്ധിശൂന്യമാണ്‌!

പള്ളിയിൽവെച്ചു നടത്തുന്നതെങ്കിലും ബാധ്യതയുടെ പേരിൽ ഒരു ശവസംസ്‌കാര ശുശ്രൂഷയിലോ വിവാഹത്തിലോ പങ്കെടുക്കേണ്ടതായി ഒരു ക്രിസ്‌ത്യാനിക്കു തോന്നുന്നെങ്കിലോ? ഉദാഹരണത്തിന്‌, അത്തരമൊരു അവസരത്തിൽ തന്നോടൊപ്പം ഉണ്ടായിരിക്കാൻ അവിശ്വാസിയായ ഒരു ഭർത്താവ്‌ തന്റെ ക്രിസ്‌തീയ ഭാര്യയെ നിർബന്ധിച്ചേക്കാം. കേവലമൊരു നിരീക്ഷകയായി അവൾക്ക്‌ അയാളോടൊപ്പം പോകാമോ? ഭർത്താവിന്റെ ആഗ്രഹങ്ങളെ മാനിക്കവേതന്നെ, മതപരമായ യാതൊരു കർമങ്ങളിലും താൻ പങ്കെടുക്കില്ല എന്ന ദൃഢനിശ്ചയത്തോടെ ഭാര്യ അദ്ദേഹത്തോടൊപ്പം പോകാൻ തീരുമാനിച്ചേക്കാം. നേരെ മറിച്ച്‌, അത്തരം സാഹചര്യങ്ങളിൽ തീവ്രമായ വൈകാരിക സമ്മർദത്തിന്‌ അടിപ്പെട്ട്‌ ഒരുപക്ഷേ, ദൈവിക തത്ത്വങ്ങളിൽ താൻ വിട്ടുവീഴ്‌ച ചെയ്‌തേക്കുമോ എന്നു ചിന്തിച്ചുകൊണ്ട്‌ അതിനു പോകാതിരിക്കാനും അവൾ തീരുമാനിച്ചേക്കാം. എന്തുതന്നെയായാലും, തീരുമാനം എടുക്കേണ്ടത്‌ അവളാണ്‌. ശുദ്ധമായ മനസ്സാക്ഷിയോടെ ഉറച്ച ഒരു തീരുമാനം കൈക്കൊള്ളാൻ അവൾ ആഗ്രഹിക്കുമെന്നതിൽ സംശയമില്ല.​—⁠1 തിമൊഥെയൊസ്‌ 1:19.

സാഹചര്യം എന്തായിരുന്നാലും, മതപരമായ യാതൊരുവിധ കർമങ്ങളിലും മനസ്സാക്ഷിപരമായി പങ്കെടുക്കാനോ സ്‌തുതിഗീതാലാപനത്തിൽ ചേരാനോ പ്രാർഥനാ സമയത്തു തല കുനിക്കാനോ തനിക്കാവില്ലെന്നു ഭർത്താവിനോടു വിശദീകരിക്കുന്നത്‌ ഭാര്യയ്‌ക്കു ഗുണംചെയ്യും. അവളുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ, ഭാര്യ വന്നാൽ തനിക്ക്‌ അസ്വസ്ഥത ഉളവാക്കുന്ന സാഹചര്യം ഉണ്ടായേക്കാം എന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേരാനിടയുണ്ട്‌. ഭാര്യയോടുള്ള സ്‌നേഹമോ അവളുടെ വിശ്വാസങ്ങളോടുള്ള ആദരവോ അല്ലെങ്കിൽ നാണക്കേട്‌ ഒഴിവാക്കാനുള്ള ആഗ്രഹമോ നിമിത്തം തനിയെ പോകാൻ അയാൾ തീരുമാനിച്ചേക്കാം. എന്നാൽ ഭാര്യ തന്റെ കൂടെ വന്നേതീരൂ എന്ന്‌ അയാൾ ശാഠ്യം പിടിക്കുന്നെങ്കിൽ അവൾക്ക്‌ കേവലം ഒരു നിരീക്ഷക എന്ന നിലയിൽ പോകാവുന്നതാണ്‌.

അത്തരം മതപരമായ ഒരു കെട്ടിടത്തിൽ ഒരു ചടങ്ങു നടക്കുന്ന സമയത്തു നാം അവിടെ സന്നിഹിതരാകുമ്പോൾ അതു സഹവിശ്വാസികളുടെമേൽ എന്തു ഫലമുളവാക്കിയേക്കാം എന്നു നാം ചിന്തിക്കണം. അതു ചിലരുടെ മനസ്സാക്ഷിയെ മുറിപ്പെടുത്തുമോ? വിഗ്രഹാരാധന ഒഴിവാക്കാനുള്ള അവരുടെ ദൃഢനിശ്ചയത്തെ അതു ദുർബലപ്പെടുത്തുമോ? “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടു”ത്താനും അങ്ങനെ “ക്രിസ്‌തുവിന്റെ നാളിലേക്കു കുറ്റമറ്റവരും മറ്റുള്ളവരെ ഇടറിക്കാത്തവരും” ആയിത്തീരാനും അപ്പൊസ്‌തലനായ പൗലൊസ്‌ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.​—⁠ഫിലിപ്പിയർ 1:​10, NW.

അത്തരമൊരു ചടങ്ങ്‌ അടുത്ത ജഡിക ബന്ധുക്കൾ ആരെങ്കിലുമായി ബന്ധപ്പെട്ടതാണെങ്കിൽ, കുടുംബക്കാരിൽനിന്നും കൂടുതലായ സമ്മർദം ഉണ്ടാകാനിടയുണ്ട്‌. എന്തായിരുന്നാലും, ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഘടകങ്ങളും ഒരു ക്രിസ്‌ത്യാനി തൂക്കിനോക്കണം. പള്ളിയിൽവെച്ചു നടത്തുന്ന ഒരു ശവസംസ്‌കാര ശുശ്രൂഷയോ വിവാഹമോ നിരീക്ഷിക്കുന്നതുകൊണ്ട്‌ വൈഷമ്യങ്ങൾ ഒന്നും ഉണ്ടാവുകയില്ലെന്ന്‌ ചില സാഹചര്യങ്ങളിൽ ഒരു ക്രിസ്‌ത്യാനി നിഗമനം ചെയ്‌തേക്കാം. അതേസമയം, അതിൽ പങ്കെടുക്കുന്നതിലൂടെ ലഭിച്ചേക്കാവുന്ന പ്രയോജനത്തെക്കാൾ തന്റെതന്നെയോ മറ്റുള്ളവരുടെയോ മനസ്സാക്ഷിക്ക്‌ ഏൽക്കാനിടയുള്ള ക്ഷതത്തിനു മുൻതൂക്കം നൽകേണ്ട സാഹചര്യങ്ങളും ഉണ്ടായേക്കാം. സാഹചര്യം എന്തായിരുന്നാലും ശരി, ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നതിൽനിന്നു തന്റെ തീരുമാനം തന്നെ തടയുകയില്ലെന്ന്‌ ക്രിസ്‌ത്യാനി ഉറപ്പുവരുത്തണം.