വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വൈരുദ്ധ്യങ്ങളുടെ ഉടമയായ തെർത്തുല്യൻ

വൈരുദ്ധ്യങ്ങളുടെ ഉടമയായ തെർത്തുല്യൻ

വൈരുദ്ധ്യങ്ങളുടെ ഉടമയായ തെർത്തുല്യൻ

‘ക്രിസ്‌ത്യാനിയും തത്ത്വചിന്തകനും തമ്മിൽ, സത്യത്തെ ദുഷിപ്പിക്കുന്നവനും അതിനെ യഥാസ്ഥാനത്താക്കി പഠിപ്പിക്കുന്നവനും തമ്മിൽ, എന്തെങ്കിലും സാമ്യമുണ്ടോ? വിദ്യാപീഠത്തിനും സഭയ്‌ക്കും തമ്മിൽ എന്തു യോജിപ്പാണുള്ളത്‌? വെല്ലുവിളിയുടെ ധ്വനിയുള്ള ആ ചോദ്യങ്ങൾ ഉന്നയിച്ചത്‌ പൊ.യു. രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ ഒരു എഴുത്തുകാരനായ തെർത്തുല്യനാണ്‌. “സഭാ ചരിത്രത്തിന്റെയും സമകാലീന വിശ്വാസപ്രമാണങ്ങളുടെയും ഏറ്റവും വലിയ ഉറവുകളിൽ ഒന്ന്‌” എന്ന്‌ അദ്ദേഹം അറിയപ്പെടാൻ ഇടയായി. മതജീവിതത്തിന്റെ വശങ്ങൾ ഒന്നുംതന്നെ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടാതെ പോയില്ല.

പ്രത്യക്ഷത്തിൽ പരസ്‌പരവിരുദ്ധമായ പ്രസ്‌താവനകൾക്ക്‌ പേരുകേട്ട വ്യക്തിയാണ്‌ തെർത്തുല്യൻ. പിൻവരുന്നവ അവയിൽ ചിലതാണ്‌: “ചെറിയവനായിരിക്കെത്തന്നെ, ദൈവം വിശേഷിച്ചും വലിയവനാണ്‌,” “[ദൈവപുത്രന്റെ മരണം] എല്ലാ പ്രകാരത്തിലും വിശ്വസിക്കണം, കാരണം അതു യുക്തിഹീനമാണ്‌,” “[യേശു] അടക്കപ്പെട്ടു, വീണ്ടും ഉയിർത്തു; ആ വസ്‌തുത തീർച്ചയാണ്‌, എന്തെന്നാൽ അത്‌ അസാധ്യമാണ്‌.”

തെർത്തുല്യന്റെ പ്രസ്‌താവനകൾ മാത്രമല്ല പരസ്‌പരവിരുദ്ധങ്ങളായിരിക്കുന്നത്‌. തന്റെ കൃതികൾ സത്യത്തെ പരിരക്ഷിക്കുകയും സഭയുടെയും അതിന്റെ വിശ്വാസപ്രമാണങ്ങളുടെയും പരിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന്‌ അദ്ദേഹം ഉദ്ദേശിച്ചിരുന്നെങ്കിലും, യഥാർഥത്തിൽ അദ്ദേഹം സത്യോപദേശങ്ങളെ ദുഷിപ്പിക്കുകയാണു ചെയ്‌തത്‌. ക്രൈസ്‌തവലോകത്തിന്‌ അദ്ദേഹം നൽകിയ മുഖ്യ സംഭാവന ഒരു സിദ്ധാന്തമായി പരിണമിച്ചു. പിൽക്കാല എഴുത്തുകാർ ത്രിത്വോപദേശം പടുത്തുയർത്തിയത്‌ ആ സിദ്ധാന്തത്തിന്മേലാണ്‌. അത്‌ എങ്ങനെ സംഭവിച്ചു എന്നതു സംബന്ധിച്ച ഉൾക്കാഴ്‌ച ലഭിക്കാൻ നമുക്ക്‌ തെർത്തുല്യനെക്കുറിച്ചു ഹ്രസ്വമായ ഒരു അവലോകനം നടത്താം.

“അദ്ദേഹം അരസികനായിരുന്നില്ല”

തെർത്തുല്യന്റെ ജീവിതത്തെപ്പറ്റി വളരെ കുറച്ചു കാര്യങ്ങളേ നമുക്കറിയൂ. ഏതാണ്ട്‌ പൊ.യു. 160-ൽ, ഉത്തരാഫ്രിക്കയിലെ കാർത്തേജിലായിരുന്നു അദ്ദേഹത്തിന്റെ ജനനം എന്നതിനോടു മിക്ക പണ്ഡിതന്മാരും യോജിക്കുന്നു. തെളിവനുസരിച്ച്‌, അദ്ദേഹം വിദ്യാസമ്പന്നനും അക്കാലത്തെ പ്രമുഖ തത്ത്വശാസ്‌ത്ര സമിതികളുമായി നല്ല പരിചയമുള്ള ഒരു വ്യക്തിയുമായിരുന്നു. തങ്ങളുടെ വിശ്വാസത്തെപ്രതി മരണം വരിക്കാനുള്ള ‘ക്രിസ്‌ത്യാനിക’ളുടെ സന്നദ്ധതയായിരിക്കാം അദ്ദേഹത്തെ ക്രിസ്‌ത്യാനിത്വത്തിലേക്ക്‌ ആകർഷിച്ചത്‌ എന്നു തോന്നുന്നു. ക്രിസ്‌തീയ രക്തസാക്ഷിത്വത്തെ കുറിച്ച്‌ അദ്ദേഹം ചോദിച്ചു: “അതേക്കുറിച്ച്‌ [രക്തസാക്ഷിത്വം] ഗാഢമായി ചിന്തിക്കുന്ന ആരാണ്‌ അതിന്റെ പ്രേരകഘടകം എന്താണെന്ന്‌ ആരായാൻ പ്രചോദിതൻ ആകാതിരിക്കുക? ആരാഞ്ഞശേഷം ആരാണ്‌ നമ്മുടെ വിശ്വാസപ്രമാണങ്ങൾ സ്വീകരിക്കാതിരിക്കുക?”

നാമധേയ ക്രിസ്‌ത്യാനിത്വത്തിലേക്കു പരിവർത്തനം ചെയ്‌തശേഷം തെർത്തുല്യൻ, നർമരസം കലർന്ന ഹ്രസ്വവാചകങ്ങൾ മെനഞ്ഞെടുക്കാൻ സമർഥനായ ഒരു സർഗാത്മക എഴുത്തുകാരനായിത്തീർന്നു. “ദൈവശാസ്‌ത്രജ്ഞർക്കിടയിൽ വിരളമായി മാത്രം കാണുന്ന ഒരു കഴിവ്‌ [അദ്ദേഹത്തിന്‌] ഉണ്ടായിരുന്നു; അദ്ദേഹം അരസികനായിരുന്നില്ല” എന്ന്‌ സഭാപിതാക്കന്മാർ (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥം പറയുന്നു. ഒരു പണ്ഡിതൻ അദ്ദേഹത്തെ കുറിച്ച്‌ ഇപ്രകാരം പറഞ്ഞു: “വാചകങ്ങളെക്കാൾ വാക്കുകൾ ഉപയോഗിക്കാനുള്ള കഴിവ്‌ തെർത്തുല്യന്‌ [ഉണ്ടായിരുന്നു], അദ്ദേഹത്തിന്റെ വാദമുഖങ്ങളെക്കാൾ മനസ്സിലാക്കാൻ കൂടുതൽ എളുപ്പം അദ്ദേഹത്തിന്റെ ഫലിതങ്ങളാണ്‌. അദ്ദേഹം കൂടെക്കൂടെ ഉദ്ധരിക്കപ്പെടുന്നെങ്കിലും, അദ്ദേഹത്തിന്റെ കൃതിയിലെ ദൈർഘ്യമേറിയ ഭാഗങ്ങൾ അപൂർവമായി മാത്രം ഉദ്ധരിക്കപ്പെടുന്നത്‌ അതുകൊണ്ടായിരിക്കാം.”

ക്രിസ്‌ത്യാനിത്വത്തിനുവേണ്ടി പൊരുതുന്നു

തെർത്തുല്യന്റെ ഏറ്റവും വിഖ്യാത കൃതിയായ അപ്പോളജി നാമധേയ ക്രിസ്‌ത്യാനിത്വത്തിനുവേണ്ടി പൊരുതിയ അതിശക്തമായ സാഹിത്യ സൃഷ്ടികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. ക്രിസ്‌ത്യാനികൾ മിക്കപ്പോഴും അന്ധവിശ്വാസികളായ ജനക്കൂട്ടത്തിന്റെ ആക്രമണങ്ങൾക്ക്‌ ഇരകളായിരുന്ന ഒരു കാലഘട്ടത്തിലാണ്‌ അത്‌ എഴുതപ്പെട്ടത്‌. തെർത്തുല്യൻ ഈ ക്രിസ്‌ത്യാനികളുടെ സഹായത്തിനെത്തുകയും അവർക്കെതിരെ നടക്കുന്ന അന്യായങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്‌തു. അദ്ദേഹം പറഞ്ഞു: “പൊതു വിപത്തുകൾക്കും ജനങ്ങൾക്ക്‌ ഉണ്ടാകുന്ന ഓരോ ദൗർഭാഗ്യത്തിനും കാരണക്കാർ ക്രിസ്‌ത്യാനികളാണെന്ന്‌ [എതിരാളികൾ] കരുതുന്നു. . . നൈൽ നദി കവിഞ്ഞൊഴുകി വയലുകളെ നനയ്‌ക്കുന്നില്ലെങ്കിൽ, കാലാവസ്ഥ മാറുന്നില്ലെങ്കിൽ, ഭൂകമ്പമുണ്ടാകുന്നെങ്കിൽ, ഭക്ഷ്യ ക്ഷാമമോ മഹാമാരിയോ ഉണ്ടാകുന്നെങ്കിൽ, ഉടൻതന്നെ അവർ വിളിച്ചുകൂവുകയായി, ‘ക്രിസ്‌ത്യാനികളെ സിംഹത്തിന്റെ വായിലേക്ക്‌ എറിഞ്ഞുകൊടുക്കുക!’”

രാഷ്‌ട്രത്തോടു കൂറില്ലാത്തവർ എന്ന കുറ്റം മിക്കപ്പോഴും ക്രിസ്‌ത്യാനികളുടെ മേൽ ചുമത്തപ്പെട്ടിരുന്നെങ്കിലും, രാജ്യത്തെ ഏറ്റവും ആശ്രയയോഗ്യരായ പൗരന്മാർ അവരാണ്‌ എന്നു കാണിക്കാൻ തെർത്തുല്യൻ ശ്രമിച്ചു. റോമൻ ഗവൺമെന്റിനെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളിലേക്കു ശ്രദ്ധ ക്ഷണിച്ചശേഷം അദ്ദേഹം, ആ ഗൂഢാലോചകർ പുറജാതികൾ തന്നെയായിരുന്നെന്നും ക്രിസ്‌ത്യാനികൾ അല്ലായിരുന്നെന്നും തന്റെ എതിരാളികളെ ഓർമിപ്പിച്ചു. ക്രിസ്‌ത്യാനികളുടെ വധം രാഷ്‌ട്രത്തിന്‌ യഥാർഥത്തിൽ കനത്ത നഷ്ടമാണ്‌ വരുത്തിവെക്കുന്നതെന്ന്‌ തെർത്തുല്യൻ ചൂണ്ടിക്കാട്ടി.

തെർത്തുല്യന്റെ മറ്റു കൃതികൾ ക്രിസ്‌തീയ ജീവിതത്തെ സംബന്ധിച്ചുള്ളവയായിരുന്നു. ഓൺ ദ ഷോസ്‌ എന്ന തന്റെ വ്യാഖ്യാന ഗ്രന്ഥത്തിൽ ചില വിനോദങ്ങളും പുറജാതീയ കളികളും പ്രദർശന പരിപാടികളും ആസ്വദിക്കുന്നതിനെതിരെ തെർത്തുല്യൻ ബുദ്ധിയുപദേശം നൽകി. വ്യക്തമായും, ബൈബിൾ പ്രബോധനത്തിനായി കൂടിവരുന്നതും പുറജാതീയ കളികളിൽ ഏർപ്പെടുന്നതും തമ്മിൽ പൊരുത്തക്കേടൊന്നും ഇല്ലെന്നു കരുതിയിരുന്ന പുതുവിശ്വാസികൾ അക്കാലത്തുണ്ടായിരുന്നു. അവരുടെ ചിന്താപ്രാപ്‌തിയെ ഉണർത്താൻ ശ്രമിച്ചുകൊണ്ട്‌ തെർത്തുല്യൻ എഴുതി: “ദൈവസഭയിൽനിന്ന്‌ സാത്താന്റെ സഭയിലേക്ക്‌ പോകുന്നത്‌, അതായത്‌, ആത്മീയ കാര്യങ്ങളിൽനിന്നു മൃഗീയ പ്രവർത്തനങ്ങളിലേക്കു പോകുന്നത്‌ എത്ര നികൃഷ്ടമാണ്‌.” അദ്ദേഹം പറഞ്ഞു: “പ്രവൃത്തിയിൽ നിഷേധിക്കുന്നതിനെ നിങ്ങൾ വാക്കാൽ സ്വീകരിക്കരുത്‌.”

സത്യത്തിനുവേണ്ടി പോരാടവേ അതിനെ ദുഷിപ്പിക്കുന്നു

തെർത്തുല്യൻ എഗൻസ്റ്റ്‌ പ്രക്‌സേയസ്‌ എന്ന തന്റെ ഉപന്യാസം തുടങ്ങിയത്‌ ഇങ്ങനെ പറഞ്ഞുകൊണ്ടാണ്‌: “വ്യത്യസ്‌ത വിധങ്ങളിൽ പിശാച്‌ സത്യത്തെ ധിക്കരിക്കുകയും എതിർക്കുകയും ചെയ്‌തിരിക്കുന്നു. സത്യത്തിനുവേണ്ടി പൊരുതിക്കൊണ്ട്‌ അതിനെ നശിപ്പിക്കുക എന്നതായിരുന്നു ചിലപ്പോഴൊക്കെ അവന്റെ ലക്ഷ്യം.” തെർത്തുല്യന്റെ ഉപന്യാസത്തിലെ പ്രക്‌സേയസ്‌ എന്ന പേരുള്ള മനുഷ്യൻ ആരാണെന്നു വ്യക്തമല്ല. എങ്കിലും, ദൈവത്തെയും ക്രിസ്‌തുവിനെയും സംബന്ധിച്ചുള്ള അയാളുടെ ഉപദേശങ്ങളെ തെർത്തുല്യൻ ചോദ്യം ചെയ്‌തിരുന്നു. അദ്ദേഹം പ്രക്‌സേയസിനെ, ക്രിസ്‌ത്യാനിത്വത്തെ ദുഷിപ്പിക്കാൻ ഗൂഢശ്രമം നടത്തുന്ന സാത്താന്റെ ചട്ടുകമായാണു വീക്ഷിച്ചത്‌.

അക്കാലത്തെ നാമധേയ ക്രിസ്‌ത്യാനികൾക്കിടയിൽ ഉണ്ടായിരുന്ന ഒരു നിർണായക വിഷയം ദൈവവും ക്രിസ്‌തുവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ളതായിരുന്നു. അവരിൽ ചിലർ, പ്രത്യേകിച്ച്‌ യവന പശ്ചാത്തലമുണ്ടായിരുന്നവർ, ഏകദൈവത്തിലുള്ള വിശ്വാസത്തെ രക്ഷകനും വീണ്ടെടുപ്പുകാരനുമെന്ന യേശുവിന്റെ പങ്കുമായി യോജിപ്പിൽ കൊണ്ടുപോകുക ബുദ്ധിമുട്ടുള്ളതായി കണ്ടെത്തി. പിതാവിന്റെ മറ്റൊരു രൂപം മാത്രമാണ്‌ യേശുവെന്നും പിതാവും പുത്രനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും പഠിപ്പിച്ചുകൊണ്ട്‌ ആ പ്രശ്‌നത്തിന്‌ പരിഹാരം കാണാൻ പ്രക്‌സേയസ്‌ ശ്രമിച്ചു. മോഡാലിസം എന്നറിയപ്പെടുന്ന ഈ സിദ്ധാന്തമനുസരിച്ച്‌, “സൃഷ്ടിപ്പ്‌ നടത്തിയപ്പോഴും ന്യായപ്രമാണം കൊടുത്തപ്പോഴും പിതാവായും യേശുക്രിസ്‌തുവിൽ പുത്രനായും ക്രിസ്‌തുവിന്റെ സ്വർഗാരോഹണത്തിനുശേഷം പരിശുദ്ധാത്മാവായും” ദൈവം തന്നെത്തന്നെ വെളിപ്പെടുത്തി.

പിതാവിനെയും പുത്രനെയും തിരുവെഴുത്തുകൾ വളരെ വ്യക്തമായി വേർതിരിച്ചുകാണിക്കുന്നുവെന്ന്‌ തെർത്തുല്യൻ പ്രകടമാക്കി. 1 കൊരിന്ത്യർ 15:27, 28 ഉദ്ധരിച്ചശേഷം അദ്ദേഹം പിൻവരുന്ന വിധം ന്യായവാദം ചെയ്‌തു: “(സകലത്തെയും) കീഴാക്കിക്കൊടുത്തതാരോ അവനും ആർക്കാണോ അവ കീഴ്‌പെട്ടിരിക്കുന്നത്‌ അവനും രണ്ടു വ്യത്യസ്‌ത വ്യക്തികളായിരുന്നേ പറ്റൂ.” യേശുവിന്റെതന്നെ വാക്കുകളിലേക്ക്‌ തെർത്തുല്യൻ ശ്രദ്ധ ക്ഷണിച്ചു: “പിതാവു എന്നെക്കാൾ വലിയവനല്ലോ.” (യോഹന്നാൻ 14:28) സങ്കീർത്തനം 8:5 പോലുള്ള എബ്രായ തിരുവെഴുത്തുകളുടെ ചില ഭാഗങ്ങൾ ഉപയോഗിച്ചുകൊണ്ട്‌, അദ്ദേഹം പുത്രന്റെ “താണ പദവിയെ” ബൈബിൾ എപ്രകാരമാണു വിശദീകരിക്കുന്നത്‌ എന്നു കാണിച്ചു. “അതുകൊണ്ട്‌, പുത്രനെക്കാൾ വലിയവനായതിനാൽ പിതാവ്‌ പുത്രനിൽനിന്നു വ്യത്യസ്‌തനാണ്‌” എന്ന്‌ അദ്ദേഹം നിഗമനം ചെയ്‌തു. “ഉളവാക്കുന്നത്‌ ഒരാളും ഉളവാക്കപ്പെടുന്നത്‌ വേറൊരാളും ആയിരിക്കണം; അയയ്‌ക്കുന്നത്‌ ഒരാളും അയയ്‌ക്കപ്പെടുന്നതു വേറൊരാളും ആയിരിക്കണം; അതുപോലെതന്നെ സൃഷ്ടിക്കുന്നത്‌ ഒരാളും ആർ മുഖാന്തരം സൃഷ്ടിക്കപ്പെടുന്നുവോ അത്‌ വേറൊരാളും ആയിരിക്കണം.”

പിതാവിനെക്കാൾ താണവൻ എന്ന നിലയിലാണ്‌ തെർത്തുല്യൻ പുത്രനെ വീക്ഷിച്ചത്‌. എങ്കിലും, മോഡാലിസത്തെ ചെറുക്കാനുള്ള ശ്രമത്തിൽ അദ്ദേഹം “എഴുതിയിരിക്കുന്നതിന്നു അപ്പുറം” പോയി. (1 കൊരിന്ത്യർ 4:6) മറ്റൊരു സിദ്ധാന്തത്തിലൂടെ യേശുവിന്റെ ദിവ്യത്വം തെളിയിക്കാനുള്ള തെറ്റായ ശ്രമത്തിൽ, അദ്ദേഹം “മൂന്നു വ്യക്തികളിലെ ഏകത്വം” എന്ന ഒരു സൂത്രവാക്യം ഉണ്ടാക്കി. ഈ ആശയം ഉപയോഗിച്ചുകൊണ്ട്‌ ദൈവവും പുത്രനും പരിശുദ്ധാത്മാവും ഏക ദിവ്യത്വത്തിലെ മൂന്നു വ്യത്യസ്‌ത വ്യക്തികളാണെന്നു തെളിയിക്കാൻ അദ്ദേഹം ശ്രമിച്ചു. അങ്ങനെ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും കൂടെ “ത്രിത്വം” എന്ന പദത്തിന്റെ ലത്തീൻ രൂപം ഉപയോഗിച്ച ആദ്യ വ്യക്തിയായിത്തീർന്നു തെർത്തുല്യൻ.

ലൗകിക തത്ത്വജ്ഞാനത്തിനെതിരെ ജാഗ്രത പാലിക്കുക

എങ്ങനെയാണ്‌ “മൂന്നു വ്യക്തികളിലെ ഏകത്വം” എന്ന സിദ്ധാന്തം ആവിഷ്‌കരിക്കാൻ തെർത്തുല്യനു കഴിഞ്ഞത്‌? അതിന്റെ ഉത്തരം അദ്ദേഹത്തെ കുറിച്ചുള്ള മറ്റൊരു വിരോധാഭാസത്തിലാണുള്ളത്‌. അതായത്‌, അദ്ദേഹം തത്ത്വജ്ഞാനത്തെ എങ്ങനെ വീക്ഷിച്ചു എന്നതിൽ. “മനുഷ്യരുടെയും ‘ഭൂതങ്ങളുടെ’യും ‘വിശ്വാസപ്രമാണങ്ങൾ’” എന്നാണ്‌ തെർത്തുല്യൻ തത്ത്വജ്ഞാനത്തെ വിളിച്ചത്‌. ക്രിസ്‌തീയ സത്യങ്ങളെ പിന്തുണയ്‌ക്കാൻ തത്ത്വജ്ഞാനം ഉപയോഗിക്കുന്ന രീതിയെ അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു. “സ്റ്റോയിക്ക്‌, പ്ലേറ്റോണിക ആശയങ്ങളും തർക്കശാസ്‌ത്രവും കൂട്ടിക്കലർത്തി ഒരു ദുഷിച്ച ക്രിസ്‌ത്യാനിത്വത്തിനു രൂപം കൊടുക്കാനുള്ള സകല ശ്രമങ്ങളും ഉപേക്ഷിക്കുക” എന്ന്‌ അദ്ദേഹം പ്രസ്‌താവിച്ചു. എങ്കിലും, ലൗകിക തത്ത്വജ്ഞാനം സ്വന്തം ആശയങ്ങളോടു യോജിപ്പിൽ വരുന്നപക്ഷം, തെർത്തുല്യൻതന്നെ അവയെ യഥേഷ്ടം ഉപയോഗിക്കുമായിരുന്നു.​—⁠കൊലൊസ്സ്യർ 2:⁠8.

ഒരു പരാമർശ ഗ്രന്ഥം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ത്രിത്വ ദൈവശാസ്‌ത്രം വികാസം പ്രാപിച്ച്‌ ഒരു സിദ്ധാന്തമായി രൂപം കൊള്ളുന്നതിന്‌ ഗ്രീക്ക്‌ തത്ത്വജ്ഞാനത്തിന്റെയും ആശയങ്ങളുടെയും സഹായം ആവശ്യമായിരുന്നു.” തെർത്തുല്യന്റെ ദൈവശാസ്‌ത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “നിയമപരവും തത്ത്വശാസ്‌ത്രപരവുമായ ആശയങ്ങളുടെയും പദങ്ങളുടെയും സമർഥമായ സമന്വയ[മായിരുന്നു], ത്രിത്വവിശ്വാസ സൂത്രവാക്യം അവതരിപ്പിക്കാൻ തെർത്തുല്യനെ സഹായിച്ചത്‌. പരിധിയും പരിമിതികളുമുണ്ടായിരുന്നിട്ടും പിന്നീട്‌ നിഖ്യാ കൗൺസിലിൽ ആ വിശ്വാസപ്രമാണം അവതരിപ്പിക്കപ്പെടുന്നതിന്‌ അടിസ്ഥാനമായി വർത്തിച്ചത്‌ ആ സൂത്രവാക്യമാണ്‌.” അങ്ങനെ തെർത്തുല്യന്റെ സൂത്രവാക്യം​—⁠ഏക ദിവ്യത്വത്തിൽ മൂന്നാളുകൾ​—⁠ക്രൈസ്‌തവലോകത്തിലാകെ തെറ്റായ മതവിശ്വാസം വ്യാപിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.

ക്രിസ്‌ത്യാനിത്വത്തിനുവേണ്ടി പോരാടുമ്പോൾത്തന്നെ അതിനെ നശിപ്പിക്കുകയാണെന്ന ആരോപണം തെർത്തുല്യൻ മറ്റുള്ളവർക്കെതിരെ ഉന്നയിച്ചിരുന്നു. എന്നാൽ വൈരുദ്ധ്യമെന്നു പറയട്ടെ, ദിവ്യനിശ്വസ്‌തമായ ബൈബിൾ സത്യത്തെ മാനുഷിക തത്ത്വജ്ഞാനവുമായി കൂട്ടിക്കലർത്തുകവഴി അദ്ദേഹംതന്നെ ആ കെണിയിൽ കുടുങ്ങിപ്പോയി. അതിനാൽ നമുക്ക്‌ “വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയി”ക്കുന്നതിനെതിരെയുള്ള തിരുവെഴുത്തു ബുദ്ധിയുപദേശം മനസ്സിൽപ്പിടിക്കാം.​—⁠1 തിമൊഥെയൊസ്‌ 4:⁠1.

[29, 30 പേജുകളിലെ ചിത്രങ്ങൾ]

തത്ത്വജ്ഞാനത്തെ വിമർശിച്ചിരുന്ന തെർത്തുല്യൻ സ്വന്തം ആശയങ്ങളെ ഉന്നമിപ്പിക്കാൻ അത്‌ ഉപയോഗിച്ചിരുന്നു

[കടപ്പാട്‌]

29, 30 പേജുകൾ: © Cliché Bibliothèque nationale de France, Paris

[31-ാം പേജിലെ ചിത്രം]

സത്യക്രിസ്‌ത്യാനികൾ ബൈബിൾ സത്യത്തെ മാനുഷിക തത്ത്വജ്ഞാനവുമായി കൂട്ടിക്കലർത്തുന്നില്ല