വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വൻവർധന ത്വരിത വികസനം ആവശ്യമാക്കിത്തീർക്കുന്നു

വൻവർധന ത്വരിത വികസനം ആവശ്യമാക്കിത്തീർക്കുന്നു

“എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”

വൻവർധന ത്വരിത വികസനം ആവശ്യമാക്കിത്തീർക്കുന്നു

യേശു പറഞ്ഞു: “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും [“നിങ്ങൾക്കു നവോന്മേഷം പകരും,” NW].” (മത്തായി 11:⁠28) ക്രിസ്‌തീയ സഭയുടെ ശിരസ്സിൽനിന്നുള്ള എത്ര ഹൃദയോഷ്‌മളമായ ക്ഷണം! (എഫെസ്യർ 5:23) ആ വാക്കുകളെ കുറിച്ചു ചിന്തിക്കുമ്പോൾ നവോന്മേഷത്തിന്റെ ഒരു അതിപ്രധാന ഉറവിടത്തെ നമുക്കു വിലമതിക്കാതിരിക്കാനാവില്ല​—⁠ക്രിസ്‌തീയ യോഗങ്ങളിൽ നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരുമായുള്ള സഹവാസം. പിൻവരുന്ന പ്രകാരം പാടിയ സങ്കീർത്തനക്കാരനോടു നാം തീർച്ചയായും യോജിക്കുന്നു: “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!”​—⁠സങ്കീർത്തനം 133:⁠1.

ആരാധനയ്‌ക്കുള്ള ആ കൂടിവരവുകളിൽ ഏറ്റവും മെച്ചപ്പെട്ട സഹകാരികളെ നാം കണ്ടെത്തുന്നു. കൂടാതെ അവിടത്തെ ആത്മീയ അന്തരീക്ഷം സുരക്ഷിതവും സന്തോഷകരവുമാണ്‌. അതുകൊണ്ടുതന്നെ ഒരു ക്രിസ്‌തീയ പെൺകുട്ടി ഇങ്ങനെ പറഞ്ഞു: “സ്‌കൂളിലെ ഓരോ ദിവസവും സമ്മർദപൂരിതമാണ്‌. എന്നാൽ, മരുഭൂമിയിലെ ഒരു മരുപ്പച്ച എങ്ങനെയാണോ അതുപോലെയാണ്‌ എനിക്കു ക്രിസ്‌തീയ യോഗങ്ങൾ. സ്‌കൂളിലെ അടുത്ത ദിവസത്തിനായി അത്‌ എനിക്ക്‌ ഉന്മേഷം പകരുന്നു.” നൈജീരിയയിലെ ഒരു പെൺകുട്ടി പറഞ്ഞു: “യഹോവയെ സ്‌നേഹിക്കുന്നവരുമായുള്ള അടുത്ത സഹവാസം അവനോടു പറ്റിനിൽക്കാൻ എന്നെ സഹായിക്കുന്നതായി ഞാൻ മനസ്സിലാക്കിയിരിക്കുന്നു.”

യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ ഓരോ പ്രദേശത്തും അവിടത്തെ സത്യാരാധനയുടെ കേന്ദ്രമായി വർത്തിക്കുന്നു. മിക്ക സ്ഥലങ്ങളിലും ആഴ്‌ചയിൽ രണ്ടു തവണയെങ്കിലും രാജ്യഹാളിൽ യോഗങ്ങൾ നടത്തപ്പെടുന്നു. അവിടത്തെ നവോന്മേഷദായകമായ സഹവാസത്തിൽനിന്നു പ്രയോജനം നേടുന്നതിന്‌ എത്രയും പെട്ടെന്നു യോഗങ്ങൾക്കു ഹാജരായിത്തുടങ്ങാൻ ബൈബിൾ വിദ്യാർഥികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു.​—⁠എബ്രായർ 10:​24, 25.

ഒരു അടിയന്തിര ആവശ്യം

എന്നുവരികിലും, എല്ലാ യഹോവയുടെ സാക്ഷികൾക്കും അനുയോജ്യമായ ഒരു രാജ്യഹാളിൽ കൂടിവരാൻ സാധിക്കുന്നില്ല എന്നതു ശ്രദ്ധ അർഹിക്കുന്നു. ലോകവ്യാപകമായുള്ള രാജ്യഘോഷകരുടെ എണ്ണത്തിലെ വൻവർധന ഒരു അടിയന്തിര ആവശ്യം ഉളവാക്കിയിരിക്കുന്നു. ഇപ്പോഴും ആയിരക്കണക്കിന്‌ രാജ്യഹാളുകളുടെ ആവശ്യമുണ്ട്‌, പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളിൽ.​—⁠യെശയ്യാവു 54:2; 60:22.

ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക: കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിന്റെ തലസ്ഥാനത്തെ 290 സഭകൾക്കു പത്തു രാജ്യഹാളുകളേ ഉണ്ടായിരുന്നുള്ളൂ. ആ രാജ്യത്തു വളരെയധികം രാജ്യഹാളുകളുടെ അടിയന്തിര ആവശ്യം ഉണ്ടായിരുന്നു. അംഗോളയിൽ ആവശ്യത്തിനു രാജ്യഹാളുകൾ ഇല്ലാത്തതിനാൽ മിക്ക സഭകളും തുറസ്സായ സ്ഥലത്താണു കൂടിവരുന്നത്‌. മറ്റു പല രാജ്യങ്ങളിലും സമാനമായ സ്ഥിതിവിശേഷമാണ്‌ ഉള്ളത്‌.

തത്‌ഫലമായി 1999 മുതൽ, സാമ്പത്തികശേഷി കുറഞ്ഞ ദേശങ്ങളിൽ രാജ്യഹാൾ നിർമാണത്തിൽ സഹായിക്കാനുള്ള ഒരു സംഘടിത ശ്രമം ആരംഭിച്ചിരിക്കുകയാണ്‌. ഇത്തരം രാജ്യങ്ങളിലെ നിർമാണ പദ്ധതികളിൽ സഹായിക്കാൻ അനുഭവസമ്പന്നരായ പല സാക്ഷികളും സ്വമേധയാ മുന്നോട്ടു വന്നിരിക്കുന്നു. ഇവരുടെ ശ്രമത്തോടൊപ്പം പ്രാദേശിക സ്വമേധയാ സേവകരുടെ മനസ്സോടെയുള്ള പിന്തുണയും കൂടെയാകുമ്പോൾ വളരെ നല്ല ഫലങ്ങൾ കൈവരുന്നു. പ്രാദേശിക സാക്ഷികൾ തങ്ങൾക്കു ലഭിക്കുന്ന പരിശീലനത്തിൽനിന്നു പ്രയോജനം അനുഭവിക്കുന്നു. ഇതെല്ലാം അവരുടെ രാജ്യങ്ങളിലെ രാജ്യഹാൾ നിർമാണ ആവശ്യം നിറവേറ്റുന്നതിൽ സഹായിച്ചിരിക്കുന്നു.

പ്രാദേശിക രീതികളും സാധനസാമഗ്രികളും ഉപയോഗപ്പെടുത്തിക്കൊണ്ട്‌ പ്രായോഗിക രീതിയിൽ രാജ്യഹാൾ നിർമിക്കുന്നതിൽ ഇതുവഴി സഹായം നൽകുന്നു. അതിന്റെ ലക്ഷ്യം ആവശ്യമായ രാജ്യഹാളുകൾ പണിയുക എന്നതു മാത്രമല്ല, പിന്നെയോ പ്രാദേശിക സാഹചര്യങ്ങൾക്ക്‌ അനുയോജ്യമായ ഒരു രാജ്യഹാൾ പരിപാലന സംവിധാനത്തിനു രൂപംകൊടുക്കുക എന്നതു കൂടിയാണ്‌.​—⁠2 കൊരിന്ത്യർ 8:​14, 15.

നവോന്മേഷദായകമായ ഫലങ്ങൾ

ആരാധനാ സ്ഥലങ്ങൾ ലഭ്യമാക്കാനുള്ള ഈ ശ്രമങ്ങളുടെ ഫലം എന്താണ്‌? 2001 ആദ്യം മലാവിയിൽനിന്നു ലഭിച്ച ഒരു റിപ്പോർട്ട്‌ ഇപ്രകാരം പറഞ്ഞു: ഇതിനോടുള്ള ബന്ധത്തിൽ “ഈ രാജ്യത്തു കൈവരിക്കാൻ കഴിഞ്ഞിരിക്കുന്ന നേട്ടം തീർച്ചയായും വിസ്‌മയാവഹമാണ്‌. അടുത്ത രണ്ടു മാസത്തിനുള്ളിൽ ഇവിടെ ഇനിയും പല രാജ്യഹാളുകളുടെയും പണി പൂർത്തിയാകും.” (1, 2 ചിത്രങ്ങൾ) ടോഗോയിൽ സമീപകാലത്ത്‌ സ്വമേധയാ സേവകർക്ക്‌ ലളിതമായ ഏതാനും രാജ്യഹാളുകൾ പണിയാൻ സാധിച്ചു. (ചിത്രം 3) സ്വമേധയാ സേവകരുടെ നല്ല വേല മെക്‌സിക്കോ, ബ്രസീൽ തുടങ്ങി പല രാജ്യങ്ങളിലും അനുയോജ്യമായ രാജ്യഹാളുകൾ പണിയാൻ സഹായിച്ചിരിക്കുന്നു.

ഒരു പ്രദേശത്തു രാജ്യഹാൾ പണിതു കഴിയുമ്പോൾ യഹോവയുടെ സാക്ഷികൾ അവിടെ സ്ഥിരമായിട്ട്‌ ഉണ്ടായിരിക്കുമെന്ന്‌ തദ്ദേശവാസികൾ മനസ്സിലാക്കുന്നതായി സഭകൾ കണ്ടെത്തിയിരിക്കുന്നു. അനുയോജ്യമായ ഒരു ആരാധനാസ്ഥലം ലഭ്യമാകുന്നതുവരെ പലരും സാക്ഷികളുമായി സഹവസിക്കാൻ മടി കാണിച്ചിരിക്കുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്‌. മലാവിയിലെ നാഫിസി സഭ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഇപ്പോൾ ആളുകൾക്കു നല്ലൊരു സാക്ഷ്യമായി ഉതകുന്ന മനോഹരമായ ഒരു രാജ്യഹാൾ ഞങ്ങൾക്കുണ്ട്‌. അതിനാൽ . . . ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ എളുപ്പമാണ്‌.”

തങ്ങളുടെ മുൻ രാജ്യഹാൾ ചില പള്ളിക്കെട്ടിടങ്ങളോടുള്ള താരതമ്യത്തിൽ പ്രാകൃതമായിരുന്നതിനാൽ ബെനിനിലെ ക്രാക്‌ സഭയിലെ സഹോദരങ്ങൾക്കു വളരെയധികം പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട്‌. (ചിത്രം 4) ഇപ്പോൾ ലളിതമെങ്കിലും ആദരണീയമായ ഒരു വിധത്തിൽ സത്യാരാധനയെ പ്രതിനിധീകരിക്കുന്ന നല്ലയൊരു രാജ്യഹാൾ ഈ സഭയ്‌ക്കുണ്ട്‌. (ചിത്രം 5) ഈ സഭയിൽ 34 രാജ്യപ്രസാധകരാണ്‌ ഉണ്ടായിരുന്നത്‌. ഞായറാഴ്‌ചത്തെ ശരാശരി ഹാജർ 73 ആയിരുന്നു. എന്നാൽ രാജ്യഹാളിന്റെ സമർപ്പണത്തിന്‌ 651 പേർ ഹാജരായി. ചുരുങ്ങിയ ഒരു കാലംകൊണ്ടു സാക്ഷികൾ ഹാൾ പണിതതിൽ മതിപ്പുതോന്നി ഹാജരായ പട്ടണവാസികളായിരുന്നു അവരിൽ ഭൂരിപക്ഷവും. ഇതു സംബന്ധിച്ചുള്ള മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ സിംബാബ്‌വേ ബ്രാഞ്ച്‌ എഴുതി: “സാധാരണഗതിയിൽ ഒരു പുതിയ രാജ്യഹാൾ പണിത്‌ ഒരു മാസത്തിനകം ഹാജർ ഇരട്ടിയാകുന്നു.”​—⁠6, 7 ചിത്രങ്ങൾ.

തീർച്ചയായും ഈ അനവധി പുതിയ രാജ്യഹാളുകൾ സമർപ്പിത ക്രിസ്‌ത്യാനികൾക്കും താത്‌പര്യക്കാർക്കും ആത്മീയ നവോന്മേഷത്തിന്റെ സങ്കേതങ്ങൾ ആയിത്തീർന്നിരിക്കുന്നു. പ്രാദേശിക സഭ അതിന്റെ പുതിയ രാജ്യഹാൾ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ യൂക്രെയിനിലെ ഒരു സാക്ഷി പറഞ്ഞു: “ഞങ്ങൾക്കു വലിയ സന്തോഷം തോന്നുന്നു. യഹോവ തന്റെ ജനത്തെ എങ്ങനെ സഹായിക്കുന്നുവെന്ന്‌ സ്വന്തം കണ്ണാൽ ഞങ്ങൾ കണ്ടു.”

[10, 11 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

ഉദാരമായ പിന്തുണ വിലമതിക്കപ്പെടുന്നു

ലോകവ്യാപകമായി പുതിയ രാജ്യഹാളുകളുടെ അടിയന്തിര ആവശ്യം നിറവേറ്റുന്നതിൽ ഉണ്ടായിരിക്കുന്ന ത്വരിത പുരോഗതി യഹോവയുടെ സാക്ഷികളെ പുളകം കൊള്ളിക്കുന്നു. പല രാജ്യങ്ങളിലും യഹോവയുടെ ആരാധകരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഭാവിയിൽ അനേകം പുതിയ രാജ്യഹാളുകൾ പണിയേണ്ടി വരും. സേവനവർഷം 2001-ൽ ഓരോ ആഴ്‌ചയും ശരാശരി 32 പുതിയ സഭകൾ സ്ഥാപിക്കപ്പെട്ടു! ഈ സഭകൾക്കെല്ലാം ആരാധനയ്‌ക്കായി കൂടിവരാൻ സ്ഥലങ്ങൾ വേണം.

അപ്പോൾ ഒരു ചോദ്യം ഉയർന്നു വന്നേക്കാം, ‘പുതിയ രാജ്യഹാളുകളുടെ നിർമാണം പോലുള്ള പദ്ധതികൾക്കായി എവിടെനിന്നാണു പണം ലഭിക്കുന്നത്‌, പ്രത്യേകിച്ചും സഹോദരങ്ങൾക്കു പരിമിതമായ സാമ്പത്തികശേഷിയുള്ള രാജ്യങ്ങളിൽ?’ ഉത്തരത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌ ദൈവത്തിന്റെ പിന്തുണയും മനുഷ്യന്റെ ഔദാര്യവുമാണ്‌.

തന്റെ വാഗ്‌ദാനത്തിനു ചേർച്ചയിൽ യഹോവ, ‘നന്മ ചെയ്‌വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കാനും’ തക്കവണ്ണം തന്റെ ദാസരുടെമേൽ പരിശുദ്ധാത്മാവിനെ പകരുന്നു. (1 തിമൊഥെയൊസ്‌ 6:18) രാജ്യപ്രസംഗ വേലയെ എല്ലാ വിധങ്ങളിലും പിന്തുണയ്‌ക്കാൻ​—⁠തങ്ങളുടെ സമയവും ഊർജവും വ്യക്തിപരമായ ശ്രമവും മറ്റ്‌ ആസ്‌തികളുമൊക്കെ ക്രിസ്‌തീയ പ്രവർത്തനങ്ങൾക്കായി അർപ്പിക്കാൻ​—⁠ദൈവാത്മാവ്‌ യഹോവയുടെ സാക്ഷികളെ പ്രചോദിപ്പിക്കുന്നു.

ഉദാരതയുടെ ആത്മാവിനാൽ പ്രേരിതരായി സാക്ഷികളും മറ്റുള്ളവരും നിർമാണ, വികസന പ്രവർത്തനത്തിനു സാമ്പത്തിക പിന്തുണ നൽകുന്നു. പ്രാദേശിക സഭയുടെ നടത്തിപ്പിനു വരുന്ന ചെലവുകൾ വഹിക്കുന്നതിനു പുറമേ ഭൂമിയുടെ ഇതര ഭാഗങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തനത്തിനും അവർ സംഭാവന ചെയ്യുന്നു.

ഓരോ സഭയിലും “ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ​—മത്തായി 24:14” എന്നു വ്യക്തമായി എഴുതിയ സംഭാവനപ്പെട്ടികൾ ഉണ്ട്‌. ആഗ്രഹിക്കുന്നപക്ഷം വ്യക്തികൾക്ക്‌ സംഭാവനകൾ അതിലിടാൻ കഴിയും. (2 രാജാക്കന്മാർ 12:⁠9) ചെറുതും വലുതുമായ എല്ലാ സംഭാവനകളും വിലമതിക്കപ്പെടുന്നു. (മർക്കൊസ്‌ 12:​42-44) ഈ പണം ആവശ്യാനുസരണം പല കാര്യങ്ങൾക്കായി വിനിയോഗിക്കുന്നു. അതിലൊന്നാണ്‌ രാജ്യഹാൾ നിർമാണം. യഹോവയുടെ സാക്ഷികളിൽ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരില്ലാത്തതുകൊണ്ട്‌ ഈ സംഭാവനകൾ അത്തരത്തിലുള്ള എന്തിനെങ്കിലും വേണ്ടി ഉപയോഗിക്കുന്നില്ല.

ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ അവയുടെ ഉദ്ദേശ്യം നിവർത്തിക്കുന്നുണ്ടോ? ഉവ്വ്‌. ആഭ്യന്തര യുദ്ധത്താൽ പിച്ചിച്ചീന്തപ്പെട്ട രാജ്യമായ ലൈബീരിയയിലെ ബ്രാഞ്ച്‌ ഓഫീസ്‌, പ്രാദേശിക സാക്ഷികളിൽ ഭൂരിപക്ഷവും തൊഴിലില്ലായ്‌മയും ദാരിദ്ര്യവും മൂലം ബുദ്ധിമുട്ടുന്നുവെന്നു റിപ്പോർട്ടു ചെയ്യുന്നു. ഈ രാജ്യത്തെ യഹോവയുടെ ജനത്തിന്‌ എങ്ങനെ അനുയോജ്യമായ ആരാധന സ്ഥലങ്ങൾ ലഭ്യമാകും? “മറ്റു രാജ്യങ്ങളിലെ സഹോദരങ്ങളുടെ ഉദാര സംഭാവനകൾ വേലയ്‌ക്കായി ഉപയോഗിക്കും” എന്ന്‌ ബ്രാഞ്ച്‌ ഓഫീസ്‌ പറയുന്നു. “എത്ര ജ്ഞാനപൂർവകവും സ്‌നേഹനിർഭരവുമായ ഒരു ക്രമീകരണം!”

സാമ്പത്തികമായി അധികമൊന്നും ഇല്ലെങ്കിലും പ്രാദേശിക സഹോദരങ്ങളും സംഭാവന ചെയ്യുന്നു. സിയെറാ ലിയോൺ എന്ന ആഫ്രിക്കൻ രാജ്യത്തുനിന്നുള്ള ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “പ്രാദേശിക സഹോദരങ്ങൾ ഈ ക്രമീകരണത്തെ പിന്തുണയ്‌ക്കുന്നു. രാജ്യഹാൾ നിർമാണത്തിനായി അധ്വാനിക്കാനും തങ്ങളാലാവുന്ന വിധത്തിലുള്ള സാമ്പത്തിക സഹായം നൽകാനും അവർ സന്തുഷ്ടരാണ്‌.”

ആത്യന്തികമായി ഈ നിർമാണ പ്രവർത്തനങ്ങൾ യഹോവയ്‌ക്കു സ്‌തുതി കരേറ്റുന്നു. ലൈബീരിയയിൽനിന്നുള്ള സഹോദരങ്ങൾ ഉത്സാഹപൂർവം പറയുന്നു: “രാജ്യത്ത്‌ ഉടനീളം നടക്കുന്ന അനുയോജ്യമായ ആരാധന സ്ഥലങ്ങളുടെ നിർമാണം, സത്യാരാധന ഇവിടെ ഉറപ്പായി സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ ആളുകൾക്കു കാണിച്ചുകൊടുക്കും. അതു നമ്മുടെ ദൈവത്തിന്റെ പരമോന്നത നാമത്തിനു സ്‌തുതിയും മഹത്ത്വവും കരേറ്റും.”