വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹായം ആവശ്യമുള്ളവരോടു സ്‌നേഹദയ കാണിക്കുക

സഹായം ആവശ്യമുള്ളവരോടു സ്‌നേഹദയ കാണിക്കുക

സഹായം ആവശ്യമുള്ളവരോടു സ്‌നേഹദയ കാണിക്കുക

‘അന്യോന്യം സ്‌നേഹദയ കാണിക്കുന്നതിൽ തുടരുവിൻ.’​—⁠സെഖര്യാവു 7:⁠9, NW.

1, 2. (എ) നാം സ്‌നേഹദയ കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?

“സ്‌നേഹദയ”യെ പ്രിയപ്പെടാൻ യഹോവയാം ദൈവത്തിന്റെ വചനം നമ്മെ ബുദ്ധിയുപദേശിക്കുന്നു. (മീഖാ 6:​8, NW, അടിക്കുറിപ്പ്‌) നാം അങ്ങനെ ആയിരിക്കേണ്ടതിന്റെ കാരണങ്ങളും അതു നമുക്കു നൽകുന്നുണ്ട്‌. അതിലൊന്ന്‌, “ദയാലുവായവൻ [സ്‌നേഹദയയുള്ളവൻ, NW] സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു” എന്നതാണ്‌. (സദൃശവാക്യങ്ങൾ 11:17) അത്‌ എത്ര ശരിയാണ്‌! സ്‌നേഹദയ അഥവാ വിശ്വസ്‌ത സ്‌നേഹം കാണിക്കുന്നത്‌, മറ്റുള്ളവരുമായി ഊഷ്‌മളവും നിലനിൽക്കുന്നതുമായ ഉറ്റബന്ധം ഉളവാകാൻ ഇടയാക്കുന്നു. തത്‌ഫലമായി, നമുക്കു വിശ്വസ്‌ത സ്‌നേഹിതർ ഉണ്ടായിരിക്കും​—⁠തീർച്ചയായും വിലയേറിയ ഒരു പ്രതിഫലമാണ്‌ അത്‌!​—⁠സദൃശവാക്യങ്ങൾ 18:24.

2 കൂടാതെ, തിരുവെഴുത്തുകൾ നമ്മോടു പറയുന്നു: ‘നീതിയും ദയയും [“സ്‌നേഹദയയും,” NW] പിന്തുടരുന്നവൻ ജീവനെ കണ്ടെത്തും.’ (സദൃശവാക്യങ്ങൾ 21:21) അതേ, സ്‌നേഹദയ പ്രകടമാക്കുന്നത്‌ നമ്മെ ദൈവത്തിനു പ്രിയരാക്കുകയും നിത്യജീവൻ ഉൾപ്പെടെയുള്ള ഭാവി അനുഗ്രഹങ്ങൾ ആസ്വദിക്കാൻ നമുക്ക്‌ അവസരം നൽകുകയും ചെയ്യും. എന്നാൽ നമുക്ക്‌ എങ്ങനെയാണ്‌ സ്‌നേഹദയ പ്രകടമാക്കാനാവുക? നാം അത്‌ ആരോടാണു കാണിക്കേണ്ടത്‌? മനുഷ്യർ സ്വാഭാവികമായി പ്രകടമാക്കുന്ന ദയയിൽനിന്ന്‌ അഥവാ സാധാരണ അർഥത്തിലുള്ള ദയയിൽനിന്ന്‌ സ്‌നേഹദയ വ്യത്യാസപ്പെട്ടിരിക്കുന്നുവോ?

മാനുഷിക ദയയും സ്‌നേഹദയയും

3. സ്‌നേഹദയയും മാനുഷിക ദയയും തമ്മിലുള്ള വ്യത്യാസമെന്ത്‌?

3 മനുഷ്യരായ നാം സ്വാഭാവികമായി പ്രകടമാക്കുന്ന ദയയും സ്‌നേഹദയയും അനേക വിധങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്‌, മറ്റുള്ളവരോടു ദയ കാട്ടുന്ന ഒരുവന്‌ മിക്കപ്പോഴും, ആ വ്യക്തികളുമായി ആഴമായ ബന്ധമോ വ്യക്തിപരമായ അടുപ്പമോ ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ, നാം ആരോടെങ്കിലും സ്‌നേഹദയ കാണിക്കുന്നെങ്കിൽ, നാം ആ വ്യക്തിയുമായി സ്‌നേഹത്തിൽ അധിഷ്‌ഠിതമായ ഒരു ബന്ധം സ്ഥാപിക്കുന്നു. ബൈബിളിൽ കാണുന്ന പ്രകാരം, മനുഷ്യർക്കിടയിലെ സ്‌നേഹദയാ പ്രകടനങ്ങൾ അപ്പോൾത്തന്നെ ഉണ്ടായിരുന്ന ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതായിരിക്കാം. (ഉല്‌പത്തി 20:13; 2 ശമൂവേൽ 3:8; 16:17) അല്ലെങ്കിൽ മുൻ സ്‌നേഹദയാ പ്രവൃത്തികൾ നിമിത്തം ഉണ്ടായ ബന്ധങ്ങളാവാം അവയുടെ അടിസ്ഥാനം. (യോശുവ 2:1, 12-14; 1 ശമൂവേൽ 15:6; 2 ശമൂവേൽ 10:1, 2) ഈ വ്യത്യാസം വ്യക്തമായി മനസ്സിലാക്കുന്നതിന്‌ രണ്ടു ബൈബിൾ ദൃഷ്ടാന്തങ്ങൾ താരതമ്യം ചെയ്‌തുനോക്കാം. അവയിൽ ഒന്ന്‌ മനുഷ്യർ പ്രകടമാക്കിയ ദയയെയും മറ്റൊന്ന്‌ അവർക്കിടയിലെ സ്‌നേഹദയയെയും കുറിച്ചുള്ളതാണ്‌.

4, 5. ഇവിടെ ഉദ്ധരിച്ചിരിക്കുന്ന രണ്ടു ബൈബിൾ ഉദാഹരണങ്ങൾ മാനുഷിക ദയയും സ്‌നേഹദയയും തമ്മിലുള്ള വ്യത്യാസം ചിത്രീകരിക്കുന്നത്‌ എങ്ങനെ?

4 മാനുഷിക ദയയുടെ ഒരു ഉദാഹരണം, കപ്പൽച്ചേതത്തിൽപ്പെട്ട ഒരുകൂട്ടം ആളുകളുമായി ബന്ധപ്പെട്ടതാണ്‌. അതിൽ അപ്പൊസ്‌തലനായ പൗലൊസും ഉൾപ്പെട്ടിരുന്നു. അവർ തിരയിൽപ്പെട്ട്‌ മെലിത്ത എന്ന ദ്വീപിന്റെ തീരത്ത്‌ എത്തി. (പ്രവൃത്തികൾ 27:37-28:1) മണൽത്തിട്ടയിൽ ഉറച്ചുപോയ കപ്പലിലെ അപരിചിതരായ ആ യാത്രക്കാരോട്‌ മെലിത്താ നിവാസികൾക്കു യാതൊരുവിധ ബന്ധമോ മുൻ കടപ്പാടോ ഇല്ലായിരുന്നിട്ടും “അസാധാരണദയ” കാണിച്ചുകൊണ്ട്‌ ആ ദ്വീപനിവാസികൾ അപരിചിതരെ അതിഥികളായി കൈക്കൊണ്ടു. (പ്രവൃത്തികൾ 28:2, 7) അവരുടെ ആതിഥ്യം ദയയോടെ ഉള്ളതായിരുന്നു, എങ്കിലും, ആ ദയ ആകസ്‌മികവും അപരിചിതരോടു കാണിക്കുന്നതുമായിരുന്നു. അതിനാൽ അതു മാനുഷിക ദയ ആയിരുന്നു.

5 ഇതിനോടുള്ള താരതമ്യത്തിൽ, ദാവീദ്‌ തന്റെ സ്‌നേഹിതനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനോടു കാണിച്ച ആതിഥ്യത്തെ കുറിച്ചു പരിചിന്തിക്കുക. ദാവീദ്‌ മെഫീബോശെത്തിനോട്‌ ഇപ്രകാരം പറഞ്ഞു: “നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം.” ഈ കരുതൽ ചെയ്യുന്നതിന്റെ കാരണം വിവരിച്ചുകൊണ്ട്‌ ദാവീദ്‌ പറഞ്ഞു: നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോടു ദയ [“സ്‌നേഹദയ,” NW] കാണി”ക്കും. (2 ശമൂവേൽ 9:6, 7, 13) ദാവീദ്‌ കാണിച്ച ആതിഥ്യത്തെ സ്‌നേഹദയയുടെ പ്രകടനം എന്ന്‌ ഉചിതമായി വിളിച്ചിരിക്കുന്നു. അതു കേവലം മാനുഷിക ദയ ആയിരുന്നില്ല. കാരണം, അത്‌ ഒരു സ്ഥാപിത ബന്ധത്തോട്‌ അവന്‌ ഉണ്ടായിരുന്ന വിശ്വസ്‌തതയുടെ തെളിവായിരുന്നു. (1 ശമൂവേൽ 18:3; 1 ശമൂവേൽ 20:15, 42, NW) സമാനമായി ഇന്ന്‌, ദൈവത്തിന്റെ ദാസന്മാർ പൊതു മനുഷ്യവർഗത്തോടു മാനുഷിക ദയ പ്രകടമാക്കുന്നു. എന്നാൽ, തങ്ങൾക്ക്‌ ഒരു ദൈവാംഗീകൃത ബന്ധമുള്ളവരോട്‌ അവർ നിലയ്‌ക്കാത്ത സ്‌നേഹദയ അഥവാ വിശ്വസ്‌ത സ്‌നേഹം പ്രകടമാക്കുന്നു.​—⁠മത്തായി 5:45; ഗലാത്യർ 6:10.

6. മനുഷ്യർ തമ്മിൽ പ്രകടമാക്കുന്ന സ്‌നേഹദയയുടെ ഏതെല്ലാം സവിശേഷതകൾ ദൈവവചനത്തിൽ മുന്തിനിൽക്കുന്നു?

6 സ്‌നേഹദയയുടെ കൂടുതലായ ചില സവിശേഷതകൾ മനസ്സിലാക്കാൻ ഈ ഗുണത്തെ എടുത്തുകാട്ടുന്ന മൂന്ന്‌ ബൈബിൾ വിവരണങ്ങൾ നമുക്കു ഹ്രസ്വമായി പരിശോധിക്കാം. ഇവയിൽനിന്ന്‌, മനുഷ്യർ കാണിക്കുന്ന സ്‌നേഹദയയ്‌ക്ക്‌ കൂടുതലായ മൂന്ന്‌ സവിശേഷതകൾ ഉള്ളതായി നമുക്കു മനസ്സിലാകും: (1) അത്‌ നിർദിഷ്ട പ്രവർത്തനങ്ങളിലൂടെ പ്രകടമാക്കപ്പെടുന്നതാണ്‌, (2) അത്‌ സ്വമനസ്സാലെ ഉള്ളതാണ്‌, (3) വിശേഷിച്ചും സഹായം ആവശ്യമുള്ളവരോടാണ്‌ അതു കാണിക്കുന്നത്‌. കൂടാതെ, നമുക്ക്‌ എങ്ങനെ സ്‌നേഹദയ പ്രകടമാക്കാം എന്നും ഈ വിവരണങ്ങൾ ദൃഷ്ടാന്തീകരിക്കുന്നു.

ഒരു പിതാവ്‌ സ്‌നേഹദയ പ്രകടമാക്കുന്നു

7. ബെഥൂവേലിനോടും ലാബാനോടും അബ്രാഹാമിന്റെ ദാസൻ എന്തു പറഞ്ഞു, അവൻ ഏതു കാര്യം ഉന്നയിച്ചു?

7 മുൻ ലേഖനത്തിൽ പരാമർശിച്ച അബ്രാഹാമിന്റെ ദാസന്റെ കഥയുടെ തുടർന്നുള്ള ഭാഗം ഉല്‌പത്തി 24:​28-67 വിവരിക്കുന്നുണ്ട്‌. റിബെക്കയെ കണ്ടശേഷം അവളുടെ അപ്പനായ ബെഥൂവേലിന്റെ ഭവനത്തിലേക്ക്‌ ആ ദാസൻ ക്ഷണിക്കപ്പെടുന്നു. (28-32 വാക്യങ്ങൾ) അവിടെ വെച്ച്‌ ആ ദാസൻ അബ്രാഹാമിന്റെ പുത്രനുവേണ്ടി ഒരു ഭാര്യയെ അന്വേഷിക്കുന്നതിനെക്കുറിച്ചു വിവരിച്ചു. (33-47 വാക്യങ്ങൾ) തനിക്ക്‌ അതുവരെ ലഭിച്ച വിജയം, തന്റെ “യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായി തന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവ”യിൽനിന്നുള്ള ഒരു അടയാളമായി വീക്ഷിക്കുന്നതായി അവൻ എടുത്തുപറഞ്ഞു. (48-ാം വാക്യം) നടന്ന സംഭവം സംബന്ധിച്ച തന്റെ ആത്മാർഥ വിവരണം, തന്റെ ദൗത്യത്തെ യഹോവ അനുഗ്രഹിച്ചിരിക്കുന്നതായി ബെഥൂവേലിനെയും അവന്റെ മകനായ ലാബാനെയും ബോധ്യപ്പെടുത്തുമെന്ന്‌ ആ ദാസന്‌ ഉറപ്പായിരുന്നു. ഒടുവിൽ അവൻ പറഞ്ഞു: “ആകയാൽ നിങ്ങൾ എന്റെ യജമാനനോടു ദയയും [“സ്‌നേഹദയയും,” NW] വിശ്വസ്‌തതയും കാണിക്കുമെങ്കിൽ എന്നോടു പറവിൻ; അല്ല എന്നു വരികിൽ അതും പറവിൻ; എന്നാൽ ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.”​—⁠49-ാം വാക്യം.

8. റിബെക്ക ഉൾപ്പെട്ട കാര്യങ്ങളോടുള്ള ബെഥൂവേലിന്റെ പ്രതികരണം എന്തായിരുന്നു?

8 യഹോവ ഇതിനോടകംതന്നെ അബ്രാഹാമിനോടു സ്‌നേഹദയ കാണിച്ചിരുന്നു. (ഉല്‌പത്തി 24:12, 14, 27) അബ്രാഹാമിന്റെ ദാസനോടൊപ്പം പോകാൻ റിബെക്കയെ അനുവദിച്ചുകൊണ്ട്‌ അതുതന്നെ ചെയ്യാൻ ബെഥൂവേൽ സന്നദ്ധനാകുമോ? ദൈവത്തിന്റെ സ്‌നേഹദയ, മാനുഷികമായ സ്‌നേഹദയയ്‌ക്ക്‌ ഒരു പൂരകമായി വർത്തിക്കുമോ? അതോ, ആ ദാസന്റെ യാത്ര നിഷ്‌ഫലമായിത്തീരുമായിരുന്നോ? ലാബാന്റെയും ബെഥൂവേലിന്റെയും പിൻവരുന്ന വാക്കുകൾ അബ്രാഹാമിന്റെ ദാസനു വളരെ ആശ്വാസം കൈവരുത്തിയിരുന്നിരിക്കണം: “ഈ കാര്യം യഹോവയാൽ വരുന്നു.” (50-ാം വാക്യം) ഇക്കാര്യങ്ങളിലെ യഹോവയുടെ പങ്ക്‌ അവർ തിരിച്ചറിയുകയും അവന്റെ തീരുമാനം മടികൂടാതെ അംഗീകരിക്കുകയും ചെയ്‌തു. തുടർന്ന്‌ ഇങ്ങനെ കൂട്ടിച്ചേർത്തുകൊണ്ട്‌ ബെഥൂവേൽ തന്റെ സ്‌നേഹദയ പ്രകടമാക്കി: “ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടു പോക; യഹോവ കല്‌പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകന്നു ഭാര്യയാകട്ടെ.” (51-ാം വാക്യം) റിബെക്ക മനസ്സോടെ അബ്രാഹാമിന്റെ ദാസനോടൊപ്പം പോയി അവൾ ഉടൻതന്നെ യിസ്‌ഹാക്കിന്റെ പ്രിയ പത്‌നി ആയിത്തീരുകയും ചെയ്‌തു.​—⁠49, 52-58, 67 വാക്യങ്ങൾ.

ഒരു മകൻ സ്‌നേഹദയ പ്രകടമാക്കുന്നു

9, 10. (എ) തനിക്കുവേണ്ടി എന്തു ചെയ്യണമെന്നാണ്‌ യാക്കോബ്‌ തന്റെ പുത്രനായ യോസേഫിനോടു പറഞ്ഞത്‌? (ബി) യോസേഫ്‌ തന്റെ പിതാവിനോടു സ്‌നേഹദയ കാണിച്ചതെങ്ങനെ?

9 അബ്രാഹാമിന്റെ ചെറുമകനായ യാക്കോബും സ്‌നേഹദയയ്‌ക്കു പാത്രമായി. ഉല്‌പത്തി 47-ാം അധ്യായം പറയുന്നതനുസരിച്ച്‌, യാക്കോബ്‌ അപ്പോൾ ഈജിപ്‌തിൽ ആയിരുന്നു. അവിടെവെച്ച്‌ അവൻ “മരിപ്പാനുള്ള കാലം അടുത്തു.” (27-29 വാക്യങ്ങൾ) അതു സംബന്ധിച്ച്‌ അവൻ ഉത്‌കണ്‌ഠാകുലനായിരുന്നു, കാരണം അവന്റെ മരണം ദൈവം അബ്രാഹാമിനോടു വാഗ്‌ദാനം ചെയ്‌ത ദേശത്തിനു വെളിയിൽവെച്ചായിരിക്കുമായിരുന്നു. (ഉല്‌പത്തി 15:​18-21; 35:10, 12; 49:29-32) എന്നിരുന്നാലും, തന്നെ ഈജിപ്‌തിൽ അടക്കാൻ യാക്കോബ്‌ ആഗ്രഹിച്ചില്ല. അതുകൊണ്ട്‌ തന്റെ മൃതശരീരം കനാൻ ദേശത്തേക്കു കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ അവൻ ചെയ്‌തു. ആ ആഗ്രഹം നിവർത്തിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്താൻ, അവന്റെ സ്വാധീനശക്തിയുള്ള പുത്രനായ യോസേഫിനെക്കാൾ മെച്ചമായ സ്ഥാനത്ത്‌ ആരാണ്‌ ഉണ്ടായിരിക്കുമായിരുന്നത്‌?

10 വിവരണം പറയുന്നു: “യിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോൾ അവൻ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ചു അവനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ. . . എന്നോടു ദയയും [“സ്‌നേഹദയയും,” NW] വിശ്വസ്‌തതയും കാണിച്ചു എന്നെ മിസ്രയീമിൽ അടക്കാതെ, ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ മിസ്രയീമിൽനിന്നു എടുത്തു കൊണ്ടുപോയി അവരുടെ ശ്‌മശാനഭൂമിയിൽ അടക്കേണം എന്നു പറഞ്ഞു.” (ഉല്‌പത്തി 47:29, 30) ആ അപേക്ഷയ്‌ക്കു ചേർച്ചയിൽ താൻ പ്രവർത്തിക്കുമെന്ന്‌ യോസേഫ്‌ വാക്കുകൊടുത്തു. താമസിയാതെ യാക്കോബ്‌ മരിച്ചു. യോസേഫും യാക്കോബിന്റെ മറ്റു പുത്രന്മാരും ചേർന്ന്‌ അവന്റെ മൃതദേഹം ‘കനാൻ ദേശത്തേക്കു കൊണ്ടുപോയി അബ്രാഹാം വാങ്ങിയ മക്‌പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ അടക്കംചെയ്‌തു.’ (ഉല്‌പത്തി 50:5-8, 12-14) അങ്ങനെ യോസേഫ്‌ തന്റെ പിതാവിനോടു സ്‌നേഹദയ പ്രകടമാക്കി.

ഒരു മരുമകളുടെ സ്‌നേഹദയ

11, 12. (എ) രൂത്ത്‌ നൊവൊമിയോട്‌ സ്‌നേഹദയ കാണിച്ചത്‌ എങ്ങനെ? (ബി) രൂത്തിന്റെ സ്‌നേഹദയയുടെ ‘ഒടുവിലത്തെ’ പ്രകടനം ‘ആദ്യത്തെ’തിനെക്കാൾ മെച്ചമായിരുന്നത്‌ ഏതു വിധത്തിൽ?

11 വിധവയായ നൊവൊമിക്ക്‌ എങ്ങനെയാണ്‌ ഒരു മോവാബ്യയും തന്റെ മരുമകളും വിധവയുമായ രൂത്തിൽനിന്നു സ്‌നേഹദയ ലഭിച്ചത്‌ എന്ന്‌ രൂത്തിന്റെ പുസ്‌തകം വിവരിക്കുന്നുണ്ട്‌. യഹൂദായിലെ ബേത്‌ലേഹെമിലേക്കു തിരികെപ്പോകാൻ നൊവൊമി തീരുമാനിച്ചപ്പോൾ, പിൻവരുന്നവിധം പറഞ്ഞുകൊണ്ട്‌ രൂത്ത്‌ സ്‌നേഹദയയും നിശ്ചയദാർഢ്യവും പ്രകടമാക്കി: “നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.” (രൂത്ത്‌ 1:16) നൊവൊമിയുടെ മുതിർന്ന ബന്ധുവായ ബോവസിനെ വിവാഹം ചെയ്യാൻ മനസ്സൊരുക്കം കാണിച്ചതിലൂടെ രൂത്ത്‌ പിന്നീട്‌ തന്റെ സ്‌നേഹദയ പ്രകടമാക്കി. * (ആവർത്തനപുസ്‌തകം 25:5, 6; രൂത്ത്‌ 3:6-10) അവൻ രൂത്തിനോടു പറഞ്ഞു: “ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ [“സ്‌നേഹദയ,”NW] ഒടുവിൽ കാണിച്ചിരിക്കുന്നു.”​—⁠രൂത്ത്‌ 3:10.

12 രൂത്ത്‌ സ്‌നേഹദയ പ്രകടമാക്കിയ ‘ആദ്യത്തെ’ സന്ദർഭം അവൾ തന്റെ ആളുകളെ വിട്ടുപിരിഞ്ഞ്‌ നൊവൊമിയോടു പറ്റിനിന്നപ്പോഴായിരുന്നു. (രൂത്ത്‌ 1:14; 2:11) എന്നാൽ അതിനെക്കാൾ പോലും വലുതായിരുന്നു അവൾ ചെയ്‌ത, സ്‌നേഹദയയുടേതായ ‘ഒടുവിലത്തെ’ പ്രവൃത്തി​—⁠ബോവസിനെ വിവാഹം കഴിക്കാൻ അവൾ കാണിച്ച മനസ്സൊരുക്കം. സന്താനോത്‌പാദനത്തിനുള്ള പ്രായം കടന്നുപോയിരുന്ന നൊവൊമിക്ക്‌ ഒരു അവകാശിയെ നൽകാൻ രൂത്തിന്‌ ഇപ്പോൾ സാധിക്കുമായിരുന്നു. ആ വിവാഹം നടന്നു. രൂത്തിന്‌ ഒരു കുട്ടി പിറന്നപ്പോൾ “നൊവൊമിക്കു ഒരു മകൻ ജനിച്ചു”വെന്ന്‌ ബേത്‌ലേഹെമിലെ സ്‌ത്രീകൾ ഉദ്‌ഘോഷിച്ചു. (രൂത്ത്‌ 4:14, 17) അതേ, രൂത്ത്‌ ഒരു “ഉത്തമ സ്‌ത്രീ”യായിരുന്നു, യേശുക്രിസ്‌തുവിന്റെ ഒരു പൂർവിക ആയിത്തീരാനുള്ള അത്ഭുതകരമായ പദവി നൽകിക്കൊണ്ട്‌ യഹോവ അവൾക്കു പ്രതിഫലം നൽകി.​—⁠രൂത്ത്‌ 2:12; 3:11; 4:18-22; മത്തായി 1:1, 5, 6.

പ്രവൃത്തികളിലൂടെ പ്രകടമാക്കപ്പെടുന്നു

13. ബെഥൂവേലും യോസേഫും രൂത്തും സ്‌നേഹദയ പ്രകടമാക്കിയത്‌ എങ്ങനെ?

13 ബെഥൂവേലും യോസേഫും രൂത്തും സ്‌നേഹദയ പ്രകടമാക്കിയത്‌ എങ്ങനെയാണെന്നു നിങ്ങൾ ശ്രദ്ധിച്ചോ? കേവലം ദയാപൂർവകമായ വാക്കുകളിലൂടെ ആയിരുന്നില്ല മറിച്ച്‌, പ്രത്യേക പ്രവൃത്തികളിലൂടെ ആയിരുന്നു അവർ അതു ചെയ്‌തത്‌. ‘ഇതാ റിബെക്ക’ എന്നു ബെഥൂവേൽ പറയുക മാത്രമല്ല ചെയ്‌തത്‌, ‘റിബെക്കയെ പറഞ്ഞയക്കുക’കൂടെ ചെയ്‌തു. (ഉല്‌പത്തി 24:51, 59) “നിന്റെ കല്‌പനപ്രകാരം ഞാൻ ചെയ്യാം” എന്നു യോസേഫ്‌ പറയുക മാത്രമായിരുന്നില്ല, മറിച്ച്‌ “അവൻ കല്‌പിച്ചിരുന്നതുപോലെ പുത്രന്മാർ അവന്നു ചെയ്‌തു.” (ഉല്‌പത്തി 47:30; 50:12, 13) “നീ പോകുന്നേടത്തു ഞാനും പോരും” എന്നു രൂത്ത്‌ പറഞ്ഞെന്നു മാത്രമല്ല അവൾ തന്റെ ജനത്തെ വിട്ട്‌ നൊവൊമിയോടുകൂടെ പോകുകയും “അവർ രണ്ടുപേരും ബേത്ത്‌ലേഹെംവരെ നട”ക്കുകയും ചെയ്‌തു. (രൂത്ത്‌ 1:16, 19) യഹൂദയിൽവെച്ച്‌ രൂത്ത്‌ വീണ്ടും തന്റെ “അമ്മാവിയമ്മ കല്‌പിച്ചതുപോലെ ഒക്കെയും ചെയ്‌തു.” (രൂത്ത്‌ 3:6) അതേ, മറ്റുള്ളവരുടെ കാര്യത്തിലെന്നതുപോലെ രൂത്തിന്റെ സ്‌നേഹദയയും പ്രവൃത്തികളാൽ പ്രകടമാക്കപ്പെട്ടു.

14. (എ) ദൈവദാസന്മാർ ഇന്ന്‌ പ്രവൃത്തികളിലൂടെ സ്‌നേഹദയ പ്രകടമാക്കുന്നത്‌ എങ്ങനെ? (ബി) നിങ്ങളുടെ പ്രദേശത്തെ ക്രിസ്‌ത്യാനികൾക്കിടയിലെ ഏതു സ്‌നേഹദയാ പ്രവൃത്തികളെ കുറിച്ചു നിങ്ങൾക്കറിയാം?

14 ദൈവദാസന്മാർ ഇന്ന്‌ പ്രവൃത്തികളിലൂടെ സ്‌നേഹദയ പ്രകടമാക്കിക്കൊണ്ടിരിക്കുന്ന വിധം കാണുന്നത്‌ ഹൃദയോഷ്‌മളമാണ്‌. ഉദാഹരണത്തിന്‌, രോഗികളോ വിഷാദമഗ്നരോ ദുഃഖിതരോ ആയ സഹവിശ്വാസികൾക്കു വൈകാരിക പിന്തുണ നൽകുന്നവരുടെ കാര്യമെടുക്കുക. (സദൃശവാക്യങ്ങൾ 12:25) അല്ലെങ്കിൽ, പ്രതിവാര യോഗങ്ങളിൽ സംബന്ധിക്കുന്നതിന്‌ പ്രായമായവരെ വിശ്വസ്‌തമായി രാജ്യഹാളുകളിൽ എത്തിക്കുന്ന അനേകം യഹോവയുടെ സാക്ഷികളെ കുറിച്ചു ചിന്തിക്കുക. 82 വയസ്സുള്ള, സന്ധിവീക്കം ബാധിച്ച അന്നയുടെ പിൻവരുന്ന വാക്കുകൾ മറ്റു പലരുടെയും അനുഭവങ്ങളാണ്‌: “എല്ലാ യോഗങ്ങൾക്കും [സഹോദരങ്ങൾ] എന്നെ കൊണ്ടുപോകുന്നത്‌ യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹമാണ്‌. സ്‌നേഹനിധികളായ അത്തരം സഹോദരീസഹോദരന്മാരെ എനിക്കു നൽകിയതിൽ ഞാൻ ദൈവത്തിന്‌ ആത്മാർഥമായി നന്ദി പറയുന്നു.” നിങ്ങളുടെ സഭയിൽ അത്തരം കാര്യങ്ങളിൽ നിങ്ങൾ ഏർപ്പെടാറുണ്ടോ? (1 യോഹന്നാൻ 3:17, 18) അങ്ങനെ ചെയ്യുന്നെങ്കിൽ, നിങ്ങളുടെ സ്‌നേഹദയ ആഴമായി വിലമതിക്കപ്പെടുമെന്ന്‌ ഉറപ്പുള്ളവർ ആയിരിക്കുക.

മനസ്സോടെ പ്രകടമാക്കപ്പെടുന്നു

15. നാം പരിചിന്തിച്ച മൂന്നു ബൈബിൾ വിവരണങ്ങളിൽ സ്‌നേഹദയയുടെ മറ്റേതു സവിശേഷത കൂടെ മുന്തിനിൽക്കുന്നു?

15 സ്‌നേഹദയ പ്രകടമാക്കുന്നതു നിർബന്ധത്താലല്ല മറിച്ച്‌ സ്വമനസ്സാലെയാണെന്നും നാം പരിചിന്തിച്ചുകഴിഞ്ഞ ബൈബിൾ വിവരണങ്ങൾ വ്യക്തമാക്കുന്നു. ബെഥൂവേലും അതുപോലെ റിബെക്കയും മനസ്സോടെ അബ്രാഹാമിന്റെ ദാസനുമായി സഹകരിക്കുകയായിരുന്നു. (ഉല്‌പത്തി 24:51, 58) യോസേഫ്‌ പരപ്രേരണ കൂടാതെ തന്റെ സ്‌നേഹദയ പ്രകടമാക്കി. (ഉല്‌പത്തി 50:4, 5) രൂത്ത്‌ ‘[നൊവൊമിയോട്‌] കൂടെ പോരുവാൻ ഉറച്ചിരുന്നു.’ (രൂത്ത്‌ 1:18) ബോവസിന്റെ അടുത്തു ചെല്ലാൻ നൊവൊമി രൂത്തിനോടു പറഞ്ഞപ്പോൾ, “നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം” എന്നു പറയാൻ സ്‌നേഹദയ ആ മോവാബ്യ സ്‌ത്രീയെ പ്രേരിപ്പിച്ചു.​—⁠രൂത്ത്‌ 3:1-5.

16, 17. ബെഥൂവേൽ, യോസേഫ്‌, രൂത്ത്‌ എന്നിവർ പ്രകടമാക്കിയ സ്‌നേഹദയയെ വിശേഷാൽ അർഥവത്താക്കുന്നത്‌ എന്ത്‌, ഈ ഗുണം പ്രകടമാക്കാൻ അവരെ പ്രേരിപ്പിച്ചത്‌ എന്ത്‌?

16 ബെഥൂവേലും യോസേഫും രൂത്തും പ്രകടമാക്കിയ സ്‌നേഹദയ വിശേഷാൽ ശ്രദ്ധേയമാണ്‌. കാരണം, അബ്രാഹാമും, യാക്കോബും നൊവൊമിയും അവരുടെ മേൽ സമ്മർദം ചെലുത്താൻ പറ്റിയ സ്ഥാനത്തല്ലായിരുന്നു. തന്റെ മകളെ വിട്ടുകൊടുക്കാൻ നിയമപരമായ യാതൊരു കടപ്പാടും ബെഥൂവേലിന്‌ ഇല്ലായിരുന്നു. ‘അധ്വാനശീലയായ എന്റെ മകളെ ഇത്ര അകലേക്കു വിട്ടയയ്‌ക്കാൻ എനിക്കു മനസ്സില്ല’ എന്ന്‌ അവന്‌ അബ്രാഹാമിന്റെ ദാസനോടു പറയാമായിരുന്നു. (ഉല്‌പത്തി 24:18-20) സമാനമായി, തന്റെ പിതാവിന്റെ അഭ്യർഥന പ്രകാരം പ്രവർത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ യോസേഫിനു സ്വാതന്ത്ര്യമുണ്ടായിരുന്നു. കാരണം, യാക്കോബ്‌ മരിച്ചുകഴിഞ്ഞിരിക്കുമെന്നതുകൊണ്ട്‌ വാക്കുപാലിക്കാൻ യോസേഫിന്റെമേൽ സമ്മർദം ചെലുത്താൻ അവനു കഴിയുമായിരുന്നില്ല. മോവാബിൽ താമസിക്കാൻ രൂത്തിനു സ്വാതന്ത്ര്യമുണ്ടെന്ന്‌ നൊവൊമിതന്നെ സൂചിപ്പിച്ചു. (രൂത്ത്‌ 1:8) പ്രായംകൂടിയ ബോവസിനുപകരം ‘ബാല്യക്കാരിൽ’ ഒരാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യവും രൂത്തിനുണ്ടായിരുന്നു.

17 ബെഥൂവേലും യോസേഫും രൂത്തും മനസ്സോടെ സ്‌നേഹദയ കാണിച്ചു; അങ്ങനെ ചെയ്യാൻ അവരുടെ ഹൃദയം അവരെ പ്രേരിപ്പിച്ചു. തങ്ങളുമായി ബന്ധം ഉണ്ടായിരുന്നവരോട്‌ ഈ ഗുണം പ്രകടമാക്കാനുള്ള ഒരു ധാർമിക ഉത്തരവാദിത്വം അവർക്കു തോന്നി. ദാവീദ്‌ രാജാവിനും പിന്നീട്‌ മൊഫീബൊശേത്തിന്റെ കാര്യത്തിൽ ഇതു പ്രകടമാക്കാനുള്ള കടപ്പാടു തോന്നിയതുപോലെതന്നെ.

18. (എ) ഏതു മനോഭാവത്തോടെയാണ്‌ ക്രിസ്‌തീയ മൂപ്പന്മാർ ‘ആടുകളെ മേയ്‌ക്കു’ന്നത്‌? (ബി) സഹവിശ്വാസികളെ സഹായിക്കുന്നതു സംബന്ധിച്ച്‌ ഒരു മൂപ്പൻ തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചത്‌ എങ്ങനെ?

18 ഇന്നും, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്ന പുരുഷന്മാർ ഉൾപ്പെടെയുള്ള ദൈവജനത്തിന്റെ ഒരു അടയാളമാണ്‌ സ്‌നേഹദയ. (സങ്കീർത്തനം 110:3; 1 തെസ്സലൊനീക്യർ 5:12) അത്തരം മൂപ്പന്മാർക്ക്‌ അല്ലെങ്കിൽ മേൽവിചാരകന്മാർക്ക്‌, തങ്ങളുടെ നിയമനത്തിലൂടെ കൈവന്നിരിക്കുന്ന ഉത്തരവാദിത്വത്തിനു ചേർച്ചയിൽ ജീവിക്കാനുള്ള ഒരു കടപ്പാട്‌ തോന്നുന്നു. (പ്രവൃത്തികൾ 20:28) എങ്കിൽപ്പോലും, സഭയ്‌ക്കു വേണ്ടിയുള്ള ഇടയവേലയും സ്‌നേഹദയാ പ്രവൃത്തികളും അവർ നിറവേറ്റുന്നത്‌ “നിർബന്ധത്താലല്ല, മനസ്സോടെ”യാണ്‌. (1 പത്രൊസ്‌ 5:​2, NW) മൂപ്പന്മാർ ആടുകളെ മേയ്‌ക്കുന്നത്‌ അവർക്ക്‌ അതിനുള്ള ഉത്തരവാദിത്വവും ആഗ്രഹവും ഉള്ളതുകൊണ്ടാണ്‌. ക്രിസ്‌തുവിന്റെ ആടുകളോട്‌ അവർ സ്‌നേഹദയ പ്രകടമാക്കുന്നത്‌ അവർ അതിനു കടപ്പെട്ടവരും അതു ചെയ്യാൻ ആഗ്രഹിക്കുന്നവരുമായതുകൊണ്ടാണ്‌. (യോഹന്നാൻ 21:15-17) ഒരു ക്രിസ്‌തീയ മൂപ്പൻ പറയുന്നു: “സഹോദരങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കാനും അവർക്കു ഫോൺ ചെയ്യാനും എനിക്ക്‌ ഇഷ്ടമാണ്‌. പ്രത്യേകിച്ച്‌ കാര്യമുണ്ടായിട്ടൊന്നുമല്ല, ഞാൻ അവരെ കുറിച്ച്‌ ചിന്തിക്കുന്നു എന്ന്‌ അവരെ അറിയിക്കാൻ മാത്രം. സഹോദരങ്ങളെ സഹായിക്കുന്നത്‌ എനിക്കു വളരെ സന്തോഷവും സംതൃപ്‌തിയും നൽകുന്നു!” കരുതലുള്ള എല്ലാം മൂപ്പന്മാരും അതിനോടു മുഴുഹൃദയാ യോജിക്കുന്നു.

സഹായം ആവശ്യമുള്ളവരോടു സ്‌നേഹദയ കാണിക്കുക

19. ഈ ലേഖനത്തിൽ ചർച്ച ചെയ്‌ത ബൈബിൾ വിവരണങ്ങൾ സ്‌നേഹദയ സംബന്ധിച്ച ഏതു വസ്‌തുതയ്‌ക്ക്‌ അടിവരയിടുന്നു?

19 തങ്ങൾക്കു സ്വയമായി നിറവേറ്റാൻ കഴിയാത്ത ആവശ്യങ്ങളുള്ളവരോടാണ്‌ സ്‌നേഹദയ കാണിക്കേണ്ടത്‌ എന്ന വസ്‌തുതയ്‌ക്കും നാം ഇപ്പോൾ പരിചിന്തിച്ച വിവരണങ്ങൾ അടിവരയിടുന്നു. തന്റെ കുടുംബപരമ്പര തുടരണമെങ്കിൽ അബ്രാഹാമിന്‌ ബെഥൂവേലിന്റെ സഹകരണം ആവശ്യമായിരുന്നു. തന്റെ മൃതദേഹം കനാനിലേക്കു കൊണ്ടുപോകാൻ യാക്കോബിന്‌ യോസേഫിന്റെ സഹായം വേണമായിരുന്നു. ഒരു അവകാശിയെ ലഭിക്കുന്നതിന്‌ നൊവൊമിക്ക്‌ രൂത്തിന്റെ സഹായം ആവശ്യമായിവന്നു. അബ്രാഹാമിനോ യാക്കോബിനോ നൊവൊമിക്കോ മറ്റുള്ളവരുടെ സഹായം കൂടാതെ ആ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമായിരുന്നില്ല. സമാനമായി ഇന്ന്‌, സഹായം ആവശ്യമുള്ളവരോടു പ്രത്യേകാൽ സ്‌നേഹദയ കാണിക്കേണ്ടതാണ്‌. (സദൃശവാക്യങ്ങൾ 19:17) ‘[സഹായത്തിനായി] നിലവിളിച്ച എളിയവനും അനാഥനും തുണയറ്റവനും’ അതുപോലെതന്നെ, ‘നശിക്കുമാറായവനും’ ശ്രദ്ധ നൽകിയ ഗോത്രപിതാവായ ഇയ്യോബിനെ നാം അനുകരിക്കണം. ഇയ്യോബ്‌ ‘വിധവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിത്തീരുകയും’ ചെയ്‌തു.​—⁠ഇയ്യോബ്‌ 29:12-15

20, 21. ആർക്കാണ്‌ നമ്മുടെ സ്‌നേഹദയാ പ്രവൃത്തികൾ ആവശ്യമായിരിക്കുന്നത്‌, എന്തു ചെയ്യാൻ നാം ഓരോരുത്തരും ദൃഢനിശ്ചയം ചെയ്യണം?

20 ഇന്ന്‌ എല്ലാ ക്രിസ്‌തീയ സഭകളിലും ‘[സഹായത്തിനായി] നിലവിളിക്കുന്നവർ’ ഉണ്ട്‌. ഏകാന്തതയോ നിരുത്സാഹമോ വിലകെട്ടവരെന്ന തോന്നലോ മറ്റുള്ളവരുടെ പ്രവർത്തനഫലമായി ഉണ്ടാകുന്ന നിരാശയോ ഗുരുതരമായ രോഗമോ പ്രിയപ്പെട്ടയാളുടെ മരണമോ പോലുള്ള സംഗതികളാകാം അതിനു കാരണം. എന്തുതന്നെ ആയിരുന്നാലും ശരി, പ്രിയങ്കരരായ അവർക്ക്‌ നമ്മുടെ മനസ്സോടെയുള്ളതും നിലനിൽക്കുന്നതുമായ സ്‌നേഹദയാ പ്രവൃത്തികളിലൂടെ നിറവേറ്റപ്പെടേണ്ടതായ ആവശ്യങ്ങൾ ഉണ്ട്‌.​—⁠1 തെസ്സലൊനീക്യർ 5:14.

21 അതുകൊണ്ട്‌, ‘സ്‌നേഹദയയിൽ സമൃദ്ധനായ’ യഹോവയാം ദൈവത്തെ നമുക്ക്‌ അനുകരിക്കാം. (പുറപ്പാടു 34:​6, NW; എഫെസ്യർ 5:1) സ്വമനസ്സാലെയുള്ള നിർദിഷ്ട പ്രവർത്തനങ്ങളിലൂടെ നമുക്ക്‌ അതു പ്രകടമാക്കാം, പ്രത്യേകിച്ചും സഹായം ആവശ്യമുള്ളവരോട്‌. നാം ‘ഓരോരുത്തരും താന്താന്റെ സഹോദരനോടു ദയ [“സ്‌നേഹദയ,” NW] കാണിക്കുമ്പോൾ അത്‌ യഹോവയ്‌ക്കു ബഹുമതിയും നമുക്ക്‌ മഹാ സന്തോഷവും കൈവരുത്തും.​—⁠സെഖര്യാവു 7:⁠9.

[അടിക്കുറിപ്പ്‌]

^ ഖ. 11 ഇവിടെ ഉൾപ്പെട്ടിരിക്കുന്നതരം വിവാഹത്തെ കുറിച്ചുള്ള വിശദാംശങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) വാല്യം 1 പേജ്‌ 370 കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• സ്‌നേഹദയ മാനുഷിക ദയയിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

• ബെഥൂവേൽ, യോസേഫ്‌, രൂത്ത്‌ എന്നിവർ സ്‌നേഹദയ പ്രടമാക്കിയത്‌ ഏതു വിധങ്ങളിൽ?

• ഏതു മനോഭാവത്തോടെയാണ്‌ നാം സ്‌നേഹദയ പ്രകടമാക്കേണ്ടത്‌?

• ആർക്കാണ്‌ നമ്മുടെ സ്‌നേഹദയാ പ്രവൃത്തികൾ ആവശ്യമായിരിക്കുന്നത്‌?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

ബെഥൂവേൽ എങ്ങനെയാണു സ്‌നേഹദയ കാണിച്ചത്‌?

[21-ാം പേജിലെ ചിത്രം]

രൂത്തിന്റെ വിശ്വസ്‌ത സ്‌നേഹം നൊവൊമിക്ക്‌ അനുഗ്രഹമായിരുന്നു

[23-ാം പേജിലെ ചിത്രങ്ങൾ]

മാനുഷിക സ്‌നേഹദയ സ്വമനസ്സാലെ, നിർദിഷ്ട പ്രവർത്തനത്തിലൂടെ, സഹായം ആവശ്യമുള്ളവരോടാണ്‌ കാണിക്കുന്നത്‌