വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അപ്രതീക്ഷിത സ്ഥലത്തുനിന്നു സത്യം കണ്ടെത്തുന്നു

അപ്രതീക്ഷിത സ്ഥലത്തുനിന്നു സത്യം കണ്ടെത്തുന്നു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

അപ്രതീക്ഷിത സ്ഥലത്തുനിന്നു സത്യം കണ്ടെത്തുന്നു

‘സകല മനുഷ്യരും രക്ഷ പ്രാപിക്കാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്താനും’ ദൈവം ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ്‌ 2:3, 4) പ്രസ്‌തുത ഉദ്ദേശ്യത്തിൽ, യഹോവയുടെ സാക്ഷികൾ ബൈബിളിന്റെയും ബൈബിൾ പഠനസഹായികളുടെയും ദശലക്ഷക്കണക്കിനു പ്രതികൾ അച്ചടിച്ചു വിതരണം ചെയ്‌തിട്ടുണ്ട്‌. ചിലപ്പോൾ, ഈ പ്രസിദ്ധീകരണങ്ങൾ ആത്മാർഥഹൃദയരെ സത്യം പഠിക്കാൻ തികച്ചും അപ്രതീക്ഷിതമായ വിധങ്ങളിൽ സഹായിച്ചിട്ടുണ്ട്‌. ഇതിനോടുള്ള ബന്ധത്തിൽ, സിയെറാ ലിയോണിലെ ഫ്രീടൗണിലുള്ള രാജ്യഘോഷകർ പിൻവരുന്ന അനുഭവം റിപ്പോർട്ടു ചെയ്യുന്നു.

ഒമ്പതു മക്കളുള്ള ഒരു കുടുംബത്തിലെ രണ്ടാമത്തെ പുത്രനായിരുന്നു ഊസ്‌മാൻ. മതഭക്തിയുള്ള ഒരു കുടുംബത്തിൽ വളർന്നുവന്ന അവൻ പിതാവിനോടൊപ്പം പതിവായി ആരാധനയ്‌ക്കു പോകുമായിരുന്നു. എന്നാൽ തന്റെ മതം നരകത്തെ കുറിച്ചു പഠിപ്പിച്ച കാര്യങ്ങൾ ഊസ്‌മാനെ വല്ലാതെ അസ്വസ്ഥനാക്കി. കരുണാമയനായ ഒരു ദൈവത്തിനു ദുഷ്ടരെ എങ്ങനെ അഗ്നിയിൽ ദണ്ഡിപ്പിക്കാനാകുമെന്ന്‌ അവനു മനസ്സിലാക്കാൻ കഴിഞ്ഞില്ല. നരകാഗ്നിയെ കുറിച്ചു നൽകപ്പെട്ട വിശദീകരണങ്ങളൊന്നും ഊസ്‌മാന്‌ ആശ്വാസം പകർന്നില്ല.

ഊസ്‌മാന്‌ 20 വയസ്സുള്ളപ്പോൾ ഒരിക്കൽ, ഒരു കുപ്പത്തൊട്ടിയിൽ നീല നിറത്തിലുള്ള ഒരു പുസ്‌തകം ഭാഗികമായി ചപ്പുചവറുകളാൽ മൂടിയ അവസ്ഥയിൽ കിടക്കുന്നത്‌ അവൻ ശ്രദ്ധിച്ചു. പുസ്‌തകങ്ങൾ ഇഷ്ടമായിരുന്ന അവൻ അതെടുത്തു വൃത്തിയാക്കിയപ്പോൾ അതിന്റെ ശീർഷകം ശ്രദ്ധയിൽപ്പെട്ടു​—⁠നിത്യജീവനിലേക്കു നയിക്കുന്ന സത്യം. *

‘എന്താണ്‌ ഈ സത്യം?’ ഊസ്‌മാൻ അമ്പരന്നു. ആകാംക്ഷ തോന്നിയ അവൻ ആ പുസ്‌തകം വീട്ടിൽ കൊണ്ടുപോയി ഒറ്റയിരുപ്പിനു വായിച്ചുതീർത്തു. ദൈവത്തിന്‌ ഒരു വ്യക്തിഗത നാമം ഉണ്ടെന്നും അത്‌ യഹോവ എന്നാണെന്നും മനസ്സിലാക്കിയതിൽ അവൻ എത്രയധികം സന്തോഷിച്ചെന്നോ! (സങ്കീർത്തനം 83:18) കൂടാതെ, ദൈവത്തിന്റെ പ്രമുഖ ഗുണം സ്‌നേഹം ആണെന്നും അഗ്നിയിൽ ആളുകളെ ദണ്ഡിപ്പിക്കുക എന്ന ആശയംതന്നെ അവനു വെറുപ്പുളവാക്കുന്ന ഒന്നാണെന്നും ഊസ്‌മാൻ തിരിച്ചറിഞ്ഞു. (യിരെമ്യാവു 32:35; 1 യോഹന്നാൻ 4:8) ഒടുവിൽ, മനുഷ്യർക്ക്‌ എന്നേക്കും ജീവിക്കാൻ കഴിയുന്ന ഒരു ഭൗമിക പറുദീസ യഹോവ പെട്ടെന്നുതന്നെ സ്ഥാപിക്കുമെന്ന്‌ ഊസ്‌മാൻ മനസ്സിലാക്കി. (സങ്കീർത്തനം 37:29; വെളിപ്പാടു 21:​3-5) കരുണാമയനും സ്‌നേഹസമ്പന്നനുമായ ഒരു ദൈവത്തിൽനിന്നുള്ള എത്ര അത്ഭുതകരമായ സത്യം! തികച്ചും അപ്രതീക്ഷിതമായ സ്ഥലത്തുനിന്നു സത്യം കണ്ടെത്താൻ തന്നെ അനുവദിച്ചതിൽ ഊസ്‌മാൻ യഹോവയോടു ഹൃദയംഗമമായി നന്ദി പറഞ്ഞു.

ഏതാനും ദിവസങ്ങൾക്കു ശേഷം, ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഊസ്‌മാൻ യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ കണ്ടെത്തി ആദ്യമായി അവരുടെ യോഗത്തിൽ സംബന്ധിച്ചു. അവിടെവെച്ച്‌, തന്നെ ബൈബിൾ പഠിപ്പിക്കാമോ എന്ന്‌ അവൻ ഒരു സാക്ഷിയോടു ചോദിച്ചു. കുടുംബത്തിൽനിന്നു ശക്തമായ എതിർപ്പ്‌ നേരിട്ടിട്ടും, ഊസ്‌മാൻ ആത്മീയമായി പുരോഗമിച്ച്‌ സ്‌നാപനമേറ്റു. (മത്തായി 10:36) ഇന്ന്‌ അദ്ദേഹം സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു. കുപ്പത്തൊട്ടിയിൽ ഒരു ബൈബിൾ പ്രസിദ്ധീകരണം കണ്ടെത്തിയതിൽനിന്ന്‌ ഉളവായതാണ്‌ ഈ അത്ഭുതകരമായ ഫലങ്ങളൊക്കെ!

[അടിക്കുറിപ്പ്‌]

^ ഖ. 5 യഹോവയുടെ സാക്ഷികൾ 1968-ൽ പ്രസിദ്ധീകരിച്ചത്‌.