വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അവർ ആഴത്തിലേക്കു താണു’

‘അവർ ആഴത്തിലേക്കു താണു’

‘അവർ ആഴത്തിലേക്കു താണു’

“ആഴി അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.”

ആ വാക്കുകളടങ്ങിയ ഒരു ഗീതം പാടിക്കൊണ്ട്‌ മോശെയും ഇസ്രായേല്യരും ചെങ്കടലിലൂടെയുള്ള തങ്ങളുടെ വിടുതലിലും തങ്ങളെ പിന്തുടർന്നുവന്ന ഈജിപ്‌തിലെ ഫറവോന്റെയും സൈന്യത്തിന്റെയും ഉന്മൂലനാശത്തിലും സന്തോഷം പ്രകടമാക്കി.​—⁠പുറപ്പാടു 15:4, 5.

ആ ഗംഭീര ദൃശ്യത്തിനു സാക്ഷ്യം വഹിച്ച ഏതൊരാളെ സംബന്ധിച്ചും അതു നൽകുന്ന പാഠം സുവ്യക്തമായിരുന്നു. യഹോവയുടെ അധികാരത്തെ വിജയപ്രദമായി വെല്ലുവിളിക്കുകയോ എതിർക്കുകയോ ചെയ്യാനും ഒപ്പം ജീവനോടിരിക്കാനും ആർക്കും കഴിയില്ല. എന്നാൽ, ആ സംഭവം നടന്ന്‌ ഏതാനും ചില മാസങ്ങൾ കഴിഞ്ഞപ്പോൾ പ്രമുഖ ഇസ്രായേല്യരായിരുന്ന കോരഹും ദാഥാനും അബീരാമും അവരുടെ 250 പിന്തുണക്കാരും മോശെയുടെയും അഹരോന്റെയും ദൈവദത്ത അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചു.​—⁠സംഖ്യാപുസ്‌തകം 16:1-3.

യഹോവയുടെ നിർദേശപ്രകാരം, ആ മത്സരികളുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു വിട്ടുനിൽക്കാൻ മോശെ ഇസ്രായേല്യർക്കു മുന്നറിയിപ്പു നൽകി. ദാഥാനും അബീരാമും അവരുടെ കുടുംബാംഗങ്ങളും ധിക്കാരപൂർവം തങ്ങളുടെ മത്സരഗതിയിൽ തുടർന്നു. അപ്പോൾ, അവർ “യഹോവയെ നിരസിച്ചു [‘നിന്ദിച്ചു,’ പി.ഒ.സി. ബൈബിൾ]” എന്ന്‌ അവർക്കു വ്യക്തമാക്കിക്കൊടുക്കുന്ന വിധത്തിൽ യഹോവ പ്രവർത്തിക്കുമെന്ന്‌ മോശെ അറിയിച്ചു. മോശെ അതു പറഞ്ഞു കഴിഞ്ഞപ്പോൾ, യഹോവ അവർക്കു കീഴെയുള്ള നിലം പിളർന്നു. “അവരും അവരോടു ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി [“ആഴത്തിലേക്കു താണു,” NW]; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്‌തു.” കോരഹിന്റെയും മറ്റു മത്സരികളുടെയും കാര്യമോ? “അപ്പോൾ യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപംകാട്ടിയ ഇരുനൂററമ്പതുപേരെയും ദഹിപ്പിച്ചു.”​—⁠സംഖ്യാപുസ്‌തകം 16:23-35; 26:⁠10.

ഫറവോനും സൈന്യവും മരുഭൂമിയിലെ ആ മത്സരികളും, യഹോവയുടെ അധികാരത്തെയും അവന്റെ ജനത്തിന്റെ കാര്യാദികളിലുള്ള അവന്റെ താത്‌പര്യത്തെയും അംഗീകരിക്കാൻ പരാജയപ്പെട്ടതു നിമിത്തം നശിച്ചു. അതിനാൽ, ഈ ദുർഘട നാളുകളിൽ യഹോവയുടെ സംരക്ഷണം ലഭിക്കാൻ ആഗ്രഹിക്കുന്ന ഏവരും “അത്യുന്നത”നും “സർവ്വശക്ത”നും എന്ന നിലയിൽ അവനെ കുറിച്ചു പഠിക്കുകയും അവനെ അനുസരിക്കുകയും ചെയ്യേണ്ടത്‌ അടിയന്തിരമാണ്‌. അങ്ങനെ ചെയ്യവേ, യഹോവയുടെ പിൻവരുന്ന വാക്കുകൾ സംബന്ധിച്ച്‌ അവർക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും: “നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല. നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും. യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.”​—⁠സങ്കീർത്തനം 91:1, 7-9.