വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരാണു കുറ്റക്കാർ നിങ്ങളോ നിങ്ങളുടെ ജീനുകളോ?

ആരാണു കുറ്റക്കാർ നിങ്ങളോ നിങ്ങളുടെ ജീനുകളോ?

ആരാണു കുറ്റക്കാർ നിങ്ങളോ നിങ്ങളുടെ ജീനുകളോ?

മദ്യാസക്തി, സ്വവർഗരതി, വിവേചനാരഹിതമായ ലൈംഗികത, അക്രമം, അസാധാരണമായ മറ്റു പെരുമാറ്റങ്ങൾ തുടങ്ങിയവയുടെ, എന്തിന്‌ മരണത്തിന്റെ പോലും, ജനിതക കാരണങ്ങൾ കണ്ടുപിടിക്കാൻ ശാസ്‌ത്രജ്ഞർ കഠിനമായി യത്‌നിക്കുകയാണ്‌. നമ്മുടെ പ്രവർത്തനങ്ങൾക്ക്‌ നാം ഉത്തരവാദികളല്ല, പിന്നെയോ നമ്മുടെ ജനിതക ഘടനയുടെ ഇരകൾ മാത്രമാണു നാമെന്നു കണ്ടെത്തുന്നത്‌ ആശ്വാസപ്രദമല്ലേ? നമ്മുടെ തെറ്റുകൾക്കു മാറ്റാരെയെങ്കിലും അല്ലെങ്കിൽ മറ്റെന്തിനെയെങ്കിലും കുറ്റപ്പെടുത്തുന്നതു മനുഷ്യന്റെ സ്വഭാവമാണ്‌.

ജീനുകളാണു കുറ്റക്കാരെങ്കിൽ, ജനിതക എൻജിനീയറിങ്ങിലൂടെ അഭികാമ്യമല്ലാത്ത സ്വഭാവവിശേഷതകൾ തുടച്ചുനീക്കുകവഴി, അവയ്‌ക്കു മാറ്റം വരുത്താൻ കഴിഞ്ഞേക്കുമെന്ന്‌ ശാസ്‌ത്രജ്ഞർ പറയുന്നു. മുഴു മനുഷ്യ ജീനോമിന്റെയും മാപ്പ്‌ ഉണ്ടാക്കുന്നതിൽ അടുത്ത കാലത്ത്‌ ഉണ്ടായ വിജയം അത്തരം പ്രതീക്ഷകൾക്ക്‌ ആക്കം കൂട്ടിയിരിക്കുകയാണ്‌.

എന്നാൽ ഈ പ്രതീക്ഷകളെല്ലാം, നമ്മുടെ എല്ലാ പാപങ്ങൾക്കും തെറ്റുകൾക്കും ഉത്തരവാദി ജനിതകഘടന ആണെന്ന അനുമാനത്തിൽ അധിഷ്‌ഠിതമാണ്‌. നമ്മുടെ ജീനുകളെ പ്രതിക്കൂട്ടിലാക്കാനുള്ള വേണ്ടത്ര തെളിവുകൾ ശാസ്‌ത്രീയ കുറ്റാന്വേഷണവിദഗ്‌ധർ കണ്ടെത്തിയിട്ടുണ്ടോ? നാം നമ്മെയും നമ്മുടെ ഭാവിയെയും എങ്ങനെ കാണുന്നു എന്നതിനെ തീർച്ചയായും അതിനുള്ള ഉത്തരം ശക്തമായി ബാധിക്കും. എങ്കിലും തെളിവു പരിശോധിക്കുന്നതിനു മുമ്പ്‌, മനുഷ്യവർഗത്തിന്റെ ആരംഭത്തെ കുറിച്ചുള്ള ഒരു പരിശോധന ചില കാര്യങ്ങൾ വെളിപ്പെടുത്തും.

ഇതെല്ലാം ആരംഭിച്ച വിധം

ആദ്യ മനുഷ്യ ദമ്പതികളായ ആദാമും ഹവ്വായും ഏദെൻ തോട്ടത്തിൽവെച്ചു പാപപൂർണമായ ഒരു അവസ്ഥയിലേക്കു നിപതിച്ചതിനെ കുറിച്ചുള്ള വിവരണം മിക്കവർക്കും പരിചിതമാണ്‌, അല്ലെങ്കിൽ പലരും കുറഞ്ഞപക്ഷം അതേക്കുറിച്ച്‌ കേട്ടിട്ടെങ്കിലുമുണ്ട്‌. തുടക്കത്തിൽത്തന്നെ ജീനുകളിൽ എന്തെങ്കിലും തകരാറ്‌, പാപത്തിനും അനുസരണക്കേടിനും പ്രേരിപ്പിച്ച രൂപഘടനയിലെ ഒരു പിഴവ്‌, സഹിതമാണോ അവർ സൃഷ്ടിക്കപ്പെട്ടത്‌?

അവരുടെ സ്രഷ്ടാവായ യഹോവയാം ദൈവം​—⁠അവന്റെ സകല പ്രവൃത്തികളും പൂർണതയുള്ളതാണ്‌​—⁠തന്റെ ഭൗമിക സൃഷ്ടികൾക്കു മകുടം ചാർത്തുന്ന ഈ അന്തിമ സൃഷ്ടിയെ കുറിച്ച്‌ “എത്രയും നല്ലതു” എന്നു പ്രഖ്യാപിച്ചു. (ഉല്‌പത്തി 1:31; ആവർത്തനപുസ്‌തകം 32:​4, NW) സ്വന്തം പ്രവൃത്തിയിൽ അവൻ സംതൃപ്‌തനാണ്‌ എന്നതിന്റെ കൂടുതലായ തെളിവെന്ന നിലയിൽ, അവൻ ആദ്യ ദമ്പതികളെ അനുഗ്രഹിക്കുകയും സന്താനപുഷ്ടിയുള്ളവരായി പെരുകി മനുഷ്യ സൃഷ്ടികളെക്കൊണ്ടു ഭൂമിയെ നിറയ്‌ക്കാനും തന്റെ ഭൗമിക സൃഷ്ടിയുടെമേൽ നേതൃത്വം ഏറ്റെടുക്കാനും അവർക്കു നിർദേശം കൊടുക്കുകയും ചെയ്‌തു. തന്റെ കരവേലയെ കുറിച്ച്‌ അനിശ്ചിതത്വമുള്ള ഒരാളും ചെയ്യുന്ന കാര്യങ്ങളല്ല ഇവ.​—⁠ഉല്‌പത്തി 1:⁠28.

ആദ്യ മനുഷ്യ ജോഡിയുടെ സൃഷ്ടിയെ കുറിച്ച്‌ ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ദൈവം തന്റെ സ്വരൂപത്തിൽ [“പ്രതിച്ഛായയിൽ,” NW] മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ [“പ്രതിച്ഛായയിൽ,” NW] അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്‌പത്തി 1:27) അക്ഷരീയ ആകാരത്തിൽ ദൈവത്തോടു സമാനമായിരിക്കത്തക്ക വിധത്തിൽ മനുഷ്യർ സൃഷ്ടിക്കപ്പെട്ടു എന്നല്ല അതിന്റെ അർഥം, കാരണം “ദൈവം ആത്മാവു ആകുന്നു.” (യോഹന്നാൻ 4:24) പകരം, ദൈവിക ഗുണങ്ങളും ധാർമിക ബോധവും ഒരു മനസ്സാക്ഷിയും മനുഷ്യ സൃഷ്ടികൾക്കു നൽകപ്പെട്ടു എന്നാണ്‌ അതർഥമാക്കുന്നത്‌. (റോമർ 2:14, 15) കൂടാതെ, അവർ സ്വതന്ത്ര ധാർമിക കാര്യസ്ഥരും ആയിരുന്നു, അതായത്‌ ഒരു കാര്യത്തെ വിലയിരുത്തി ഏതു പ്രവർത്തനഗതി വേണമെന്നു തീരുമാനിക്കാനുള്ള പ്രാപ്‌തിയുള്ളവർ.

എന്നാൽ, നമ്മുടെ ആദ്യ മാതാപിതാക്കൾ മാർഗനിർദേശങ്ങൾ ഇല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നില്ല. മറിച്ച്‌, ദുഷ്‌പ്രവൃത്തിയുടെ പരിണതഫലങ്ങൾ സംബന്ധിച്ച്‌ അവർക്കു മുന്നറിയിപ്പു ലഭിച്ചു. (ഉല്‌പത്തി 2:17) അതുകൊണ്ട്‌, ഒരു ധാർമിക തീരുമാനത്തെ നേരിട്ടപ്പോൾ തനിക്ക്‌ അപ്പോൾ ഗുണകരമെന്നു തോന്നിയ ഒന്നു ചെയ്യാൻ ആദാം സ്വയം തീരുമാനിക്കുകയായിരുന്നു എന്ന്‌ തെളിവു സൂചിപ്പിക്കുന്നു. സ്രഷ്ടാവുമായുള്ള തന്റെ ബന്ധത്തെയോ തന്റെ പ്രവൃത്തിയുടെ ദീർഘകാല ഫലങ്ങളെയോ കുറിച്ചു ചിന്തിക്കുന്നതിനു പകരം, അവൻ ദുഷ്‌പ്രവൃത്തിയിൽ തന്റെ ഭാര്യയോടു ചേർന്നു. യഹോവ തന്ന സ്‌ത്രീയാണ്‌ തന്നെ വഴിതെറ്റിച്ചത്‌ എന്നു പറഞ്ഞുകൊണ്ട്‌ അവനിൽ കുറ്റം ചാരാനും പിന്നീട്‌ അവൻ ശ്രമിച്ചു.​—⁠ഉല്‌പത്തി 3:6, 12; 1 തിമൊഥെയൊസ്‌ 2:⁠14.

ആദാമിന്റെയും ഹവ്വായുടെയും പാപത്തോടുള്ള ദൈവത്തിന്റെ പ്രതികരണം നമുക്ക്‌ ഉൾക്കാഴ്‌ച നൽകുന്നതാണ്‌. അവരുടെ ജീനുകളിലെ ഏതെങ്കിലും ‘രൂപഘടനയിലെ പിഴവ്‌’ പരിഹരിക്കാൻ അവൻ ശ്രമിച്ചില്ല. മറിച്ച്‌, അവരുടെ പ്രവൃത്തികളുടെ ഭവിഷ്യത്തുകൾ എന്തായിരിക്കുമെന്നാണോ അവൻ പറഞ്ഞത്‌ അത്‌ അവൻ നിറവേറ്റി, ഒടുവിൽ അവ അവരുടെ മരണത്തിലേക്കു നയിക്കുകയും ചെയ്‌തു. (ഉല്‌പത്തി 3:17-19) ഈ ആദിമ ചരിത്രം മനുഷ്യന്റെ പെരുമാറ്റം സംബന്ധിച്ച സ്വഭാവവിശേഷത്തെ കുറിച്ചു മെച്ചമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. *

ജനിതകഘടനയല്ല വില്ലൻ എന്നതിനുള്ള തെളിവ്‌

ദീർഘകാലമായി, ശാസ്‌ത്രജ്ഞർ മനുഷ്യന്റെ രോഗങ്ങളുടെയും പെരുമാറ്റത്തിന്റെയും ജനിതക കാരണങ്ങളും പ്രതിവിധികളും കണ്ടെത്തുകയെന്ന ബൃഹത്തായ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്‌. ഗവേഷകരുടെ ആറു സംഘങ്ങൾ പത്തു വർഷം നടത്തിയ ശ്രമഫലമായി ഹണ്ടിങ്‌ടൺസ്‌ രോഗത്തോടു ബന്ധപ്പെട്ട ജീനിനെ അവർ കണ്ടെത്തി. പ്രസ്‌തുത ജീൻ ആ രോഗം എങ്ങനെ വരുത്തിവെക്കുന്നുവെന്ന്‌ അവർക്കു പിടികിട്ടിയിട്ടില്ലെന്നു മാത്രം. എന്നിരുന്നാലും, പ്രസ്‌തുത ഗവേഷണത്തെ കുറിച്ചു റിപ്പോർട്ടു ചെയ്യവേ, “പെരുമാറ്റ സംബന്ധമായ തകരാറുകൾക്കു നിദാനമായ ജീനുകളെ കണ്ടെത്തുക അതിനെക്കാൾ അങ്ങേയറ്റം ദുഷ്‌കരം” ആയിരിക്കുമെന്ന്‌ ഹാർവാർഡ്‌ ജീവശാസ്‌ത്രജ്ഞനായ ഈവൻ ബാലബനെ ഉദ്ധരിച്ചുകൊണ്ട്‌ സയന്റിഫിക്‌ അമേരിക്കൻ പറയുകയുണ്ടായി.

വാസ്‌തവത്തിൽ, നിശ്ചിത ജീനുകൾ മനുഷ്യന്റെ പെരുമാറ്റത്തോടു ബന്ധപ്പെട്ടിരിക്കുന്നു എന്നു സ്ഥാപിക്കാനുള്ള ഗവേഷണം വിജയിച്ചിട്ടില്ല. ഉദാഹരണത്തിന്‌, വിഷാദത്തിന്റെ ജനിതക കാരണങ്ങൾ കണ്ടെത്താനുള്ള ഉദ്യമങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന ഒരു റിപ്പോർട്ട്‌ സൈക്കോളജി ടുഡേയിൽ വന്നു. അത്‌ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഒരു ജനസമുദായത്തിലെ പ്രമുഖ മാനസിക രോഗങ്ങളുടെ വ്യാപനവും നിയന്ത്രണവും സംബന്ധിച്ച വിവരങ്ങൾ, ജനിതക ഘടകങ്ങൾ മാത്രമാണ്‌ അവയ്‌ക്കു നിദാനമെന്നു സ്ഥാപിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കുന്നു.” ആ റിപ്പോർട്ട്‌ ഒരു ഉദാഹരണവും നൽകുകയുണ്ടായി: “1905-നു മുമ്പ്‌ ജനിച്ച അമേരിക്കക്കാരിൽ 75 വയസ്സ്‌ ആകുന്നതോടെ വിഷാദം ഉണ്ടാകുന്നവരുടെ നിരക്ക്‌ 1 ശതമാനം ആയിരുന്നു. എന്നാൽ, അര നൂറ്റാണ്ടിനു ശേഷം ജനിച്ച അമേരിക്കക്കാരിൽ 6 ശതമാനം പേരും 24 വയസ്സ്‌ ആയപ്പോഴേക്കും വിഷാദമഗ്നർ ആയിത്തീർന്നു!” അത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര വലിയ മാറ്റങ്ങൾ വരുത്താൻ ബാഹ്യമോ സാമൂഹികമോ ആയ ഘടകങ്ങൾക്കേ സാധിക്കൂ എന്ന്‌ അതിൽനിന്നു വ്യക്തമാകുന്നു.

ഇവയും മറ്റു നിരവധി പഠനങ്ങളും എന്താണു വ്യക്തമാക്കുന്നത്‌? നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ ജീനുകൾ ഒരു പങ്കു വഹിച്ചേക്കാമെന്നിരിക്കെ, വ്യക്തമായും അതിനെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങൾ ഉണ്ട്‌. ഒരു പ്രമുഖ ഘടകം നമ്മുടെ പരിസ്ഥിതിയാണ്‌. ആധുനിക കാലങ്ങളിൽ അതിനു ഗണ്യമായ മാറ്റം വന്നിട്ടുണ്ട്‌. ഇന്നത്തെ യുവജനങ്ങൾ ജനരഞ്‌ജകമായ വിനോദങ്ങളിലൂടെ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളെ കുറിച്ച്‌ ബോയ്‌സ്‌ വിൽ ബീ ബോയ്‌സ്‌ എന്ന പുസ്‌തകം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ആളുകൾ ആക്രമിക്കപ്പെടുന്ന, അവർക്കു വെടിയേൽക്കുന്ന, കുത്തേൽക്കുന്ന, അവരുടെ കുടൽ പുറത്തെടുക്കുന്ന, തൊലിയുരിയുന്ന, അവരെ വെട്ടിനുറുക്കുന്ന അല്ലെങ്കിൽ അംഗവിച്ഛേദം ചെയ്യുന്ന ദൃശ്യങ്ങളുള്ള ടിവി പരിപാടികളും സിനിമകളും കണ്ടുകൊണ്ട്‌ പതിനായിരക്കണക്കിനു മണിക്കൂറുകൾ ചെലവഴിച്ചുകൊണ്ടും ബലാത്സംഗത്തെയും ആത്മഹത്യയെയും മയക്കുമരുന്നുകളെയും ലഹരിപാനീയങ്ങളെയും കടുത്ത സ്വപക്ഷവാദത്തെയും വാഴ്‌ത്തുന്ന സംഗീതം കേട്ടുകൊണ്ടും വളർന്നുവരുന്ന കുട്ടികൾ നല്ല ധാർമിക തത്ത്വങ്ങൾ വളർത്തിയെടുക്കാൻ സാധ്യതയില്ല.”

വ്യക്തമായും, “ഈ ലോകത്തിന്റെ പ്രഭു”വായ സാത്താൻ മനുഷ്യന്റെ അധമ മോഹങ്ങളെ തൃപ്‌തിപ്പെടുത്തുന്ന ഒരു പരിസ്ഥിതി ഉളവാക്കിയിരിക്കുന്നു. അത്തരമൊരു പരിസ്ഥിതി നമ്മുടെ എല്ലാവരുടെയും മേൽ ശക്തമായ സ്വാധീനം ചെലുത്തുന്നു എന്ന കാര്യം ആർക്കാണു നിഷേധിക്കാനാകുക?​—⁠യോഹന്നാൻ 12:31; എഫെസ്യർ 6:12; വെളിപ്പാടു 12:9, 12.

മനുഷ്യവർഗത്തിന്റെ കുഴപ്പങ്ങളുടെ മൂല കാരണം

നാം ഇതിനോടകം കണ്ടതുപോലെ, ആദ്യ മനുഷ്യ ജോഡി പാപം ചെയ്‌തപ്പോൾ മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾ തുടങ്ങി. അതിന്റെ ഫലം എന്തായിരുന്നു? ആദാമിന്റെ സന്തതിപരമ്പരകൾ അവന്റെ പാപത്തിന്‌ ഉത്തരവാദികൾ അല്ലെങ്കിലും, പാരമ്പര്യസിദ്ധമായ പാപവും അപൂർണതയും മരണവും സഹിതമാണ്‌ അവരെല്ലാം ജനിക്കുന്നത്‌. ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”​—⁠റോമർ 5:⁠12.

മനുഷ്യന്റെ അപൂർണത അവനെ നിശ്ചയമായും പ്രതികൂലമായ ഒരു അവസ്ഥയിലാക്കി. എന്നാൽ സകല ധാർമിക ഉത്തരവാദിത്വത്തിൽനിന്നും അത്‌ അവനെ മുക്തനാക്കുന്നില്ല. ജീവനു വേണ്ടിയുള്ള യഹോവയുടെ കരുതലിൽ വിശ്വാസം അർപ്പിക്കുകയും തങ്ങളുടെ ജീവിതത്തെ ദൈവത്തിന്റെ നിലവാരങ്ങളോട്‌ അനുരൂപപ്പെടുത്തുകയും ചെയ്യുന്നവർക്ക്‌ അവന്റെ അംഗീകാരം ഉണ്ടായിരിക്കുമെന്നു ബൈബിൾ പ്രകടമാക്കുന്നു. തന്റെ സ്‌നേഹദയ നിമിത്തം, മനുഷ്യവർഗത്തെ വീണ്ടെടുക്കാൻ, അതായത്‌ ആദാം നഷ്ടപ്പെടുത്തിയത്‌ തിരികെ വാങ്ങാൻ കരുണാർദ്രമായ ഒരു കരുതൽ യഹോവ ചെയ്‌തു. ആ കരുതൽ പിൻവരുന്ന പ്രകാരം പറഞ്ഞ തന്റെ പൂർണതയുള്ള പുത്രനായ യേശുക്രിസ്‌തുവിന്റെ മറുവിലയാഗം ആണ്‌: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.”​—⁠യോഹന്നാൻ 3:16; 1 കൊരിന്ത്യർ 15:21, 22.

പൗലൊസ്‌ അപ്പൊസ്‌തലൻ ഈ കരുതലിനോട്‌ ആഴമായ വിലമതിപ്പു പ്രകടമാക്കി. അവൻ ഇങ്ങനെ ഉദ്‌ഘോഷിച്ചു: “അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്‌തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്‌തോത്രം ചെയ്യുന്നു.” (റോമർ 7:24, 25) ബലഹീനത നിമിത്തം പാപത്തിന്‌ അടിപ്പെട്ടു പോയാൽ, യേശുക്രിസ്‌തുവിന്റെ മറുവില യാഗത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തിന്റെ ക്ഷമയ്‌ക്കായി തനിക്ക്‌ അപേക്ഷിക്കാൻ കഴിയുമെന്ന്‌ പൗലൊസിന്‌ അറിയാമായിരുന്നു. *

ഒന്നാം നൂറ്റാണ്ടിലേതു പോലെ ഇന്നും, വളരെ മോശമായ ജീവിതം നയിച്ചിരുന്നവരോ പ്രത്യാശയില്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നവരോ ആയ ആളുകൾ ബൈബിൾ സത്യത്തെ കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനത്തിലേക്കു വരുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്‌തുകൊണ്ട്‌ ദൈവാംഗീകാരമുള്ള ഒരു അവസ്ഥയിലേക്കു വന്നിട്ടുണ്ട്‌. മാറ്റങ്ങൾ വരുത്തുക അവർക്ക്‌ എളുപ്പമായിരുന്നില്ല. പലർക്കും ഹാനികരമായ പ്രവണതകളോട്‌ ഇപ്പോഴും പോരാടേണ്ടിവരുന്നു. എന്നാൽ ദൈവസഹായത്തോടെ ദൃഢവിശ്വസ്‌തത കാത്തുസൂക്ഷിക്കാനും അവനെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്താനും അവർക്കു കഴിയുന്നു. (ഫിലിപ്പിയർ 4:13) ദൈവത്തെ പ്രസാദിപ്പിക്കാൻ വലിയ മാറ്റങ്ങൾ വരുത്തിയ ഒരാളുടെ ദൃഷ്ടാന്തം പരിചിന്തിക്കുക.

പ്രോത്സാഹജനകമായ ഒരു അനുഭവം

“ഒരു കൊച്ചുകുട്ടിയായിരിക്കെ, ബോർഡിങ്‌ സ്‌കൂളിൽ പഠിക്കുമ്പോൾ ഞാൻ സ്വവർഗരതിയിൽ ഉൾപ്പെട്ടു, എന്നാൽ ഒരു സ്വവർഗഭോഗിയായി ഞാൻ എന്നെത്തന്നെ കണക്കാക്കിയിരുന്നില്ല. എന്റെ മാതാപിതാക്കൾ വിവാഹമോചനം നേടിയിരുന്നു. മാതാപിതാക്കളുടെ വാത്സല്യത്തിനായി ഞാൻ അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും എനിക്ക്‌ അതു ലഭിച്ചില്ല. വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ഞാൻ നിർബന്ധിത സൈനിക സേവനത്തിൽ ഏർപ്പെട്ടു. എന്റെ ബാരക്കിന്‌ അടുത്തുള്ള ബാരക്കുകളിൽ സ്വവർഗഭോഗികളുടെ ഒരു കൂട്ടംതന്നെ ഉണ്ടായിരുന്നു. അവരുടെ ജീവിതരീതിയിൽ അസൂയ തോന്നിയ ഞാൻ അവരുമായി സഹവസിക്കാൻ തുടങ്ങി. ഒരു വർഷം അവരുമായി സഹവസിച്ചു കഴിഞ്ഞപ്പോൾ, ഞാൻ എന്നെത്തന്നെ ഒരു സ്വവർഗഭോഗിയായി കാണാൻ തുടങ്ങി. ‘ഞാൻ ഇങ്ങനെയാണ്‌, എനിക്കു മാറ്റം വരുത്താനാവില്ല’ എന്നു ഞാൻ ന്യായവിചാരം ചെയ്‌തു.

“ഞാൻ സ്വവർഗഭോഗികൾ മാത്രം ഉപയോഗിക്കുന്ന വാക്കുകൾ പഠിക്കാനും അവരുടെ ക്ലബ്ബുകളിൽ പോകാനും തുടങ്ങി. അവിടെ മയക്കുമരുന്നും മദ്യവും യഥേഷ്ടം ലഭ്യമായിരുന്നു. ഇവയെല്ലാം, പുറമേ ആവേശകരവും ആകർഷകവുമായി തോന്നിയെങ്കിലും, അതു വാസ്‌തവത്തിൽ അറപ്പുളവാക്കുന്നത്‌ ആയിരുന്നു. അത്തരം ബന്ധം അസ്വാഭാവികവും ഭാവിയില്ലാത്തതും ആണെന്ന്‌ ഉള്ളിന്റെയുള്ളിൽ എനിക്കു തോന്നി.

“ഒരു ചെറിയ പട്ടണത്തിൽ, യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാൾ ഞാൻ കാണാനിടയായി. അവിടെ അപ്പോൾ യോഗം നടക്കുകയായിരുന്നു. ഞാൻ അകത്തുചെന്ന്‌ നടന്നുകൊണ്ടിരുന്ന പ്രസംഗം ശ്രവിച്ചു. ഭാവിയിലെ പറുദീസാ അവസ്ഥകളെ കുറിച്ചുള്ളതായിരുന്നു അത്‌. അതേത്തുടർന്നു ഞാൻ ചില സാക്ഷികളുമായി സംസാരിച്ചു, അവർ എന്നെ ഒരു സമ്മേളനത്തിനു ക്ഷണിച്ചു. ഞാൻ സമ്മേളനത്തിനു പോയപ്പോൾ സന്തുഷ്ട കുടുംബങ്ങൾ ഒത്തൊരുമിച്ച്‌ ആരാധിക്കുന്നതു കണ്ടത്‌ എനിക്കൊരു വെളിപ്പാടു പോലെ ആയിരുന്നു. അങ്ങനെ ഞാൻ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി.

“വളരെ ദുഷ്‌കരമായിരുന്നെങ്കിലും, ബൈബിളിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ ഞാൻ ബാധകമാക്കാൻ തുടങ്ങി. എന്റെ അശുദ്ധമായ എല്ലാ സ്വഭാവങ്ങളിൽനിന്നും മോചനം നേടാൻ എനിക്കു സാധിച്ചു. 14 മാസത്തെ ബൈബിൾ പഠനത്തിനുശേഷം, ഞാൻ എന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചുകൊണ്ടു സ്‌നാപനമേറ്റു. ജീവിതത്തിൽ ആദ്യമായി എനിക്കു യഥാർഥ സുഹൃത്തുക്കളെ ലഭിച്ചു. ബൈബിൾ സത്യം പഠിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോൾ ക്രിസ്‌തീയ സഭയിൽ ഒരു ശുശ്രൂഷാ ദാസനായി ഞാൻ സേവിക്കുന്നു. യഹോവ എന്നെ തീർച്ചയായും അനുഗ്രഹിച്ചിരിക്കുന്നു.”

നാം ഉത്തരവാദികളാണ്‌

നമ്മുടെ മോശമായ പെരുമാറ്റങ്ങൾക്ക്‌ ജീനുകളെ പൂർണമായി പഴിചാരുന്നത്‌ ഒരു പരിഹാരമേയല്ല. അങ്ങനെ ചെയ്യുന്നത്‌, നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനോ തരണം ചെയ്യാനോ നമ്മെ സഹായിക്കുന്നതിനു പകരം, “നമ്മുടെ പല പ്രശ്‌നങ്ങളുടെയും മൂലകാരണമായ ഒരു നിസ്സഹായത നമ്മെ പഠിപ്പിക്കുകയായിരിക്കാം ചെയ്യുന്നത്‌. ആ പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിനു പകരം, അത്‌ അവയുടെ വളർച്ചയെ ത്വരിതപ്പെടുത്തിയിരിക്കുന്നതായി തോന്നുന്നു” എന്നു സൈക്കോളജി ടുഡേ അഭിപ്രായപ്പെടുന്നു.

നമ്മുടെതന്നെ പാപപൂർണമായ പ്രവണതകളും ദൈവത്തെ അനുസരിക്കുന്നതിൽനിന്നു നമ്മെ വ്യതിചലിപ്പിക്കാനുള്ള സാത്താന്റെ ശ്രമങ്ങളും ഉൾപ്പെടെ പ്രമുഖമായ പ്രതികൂല ഘടകങ്ങളുമായി നാം പോരാടേണ്ടതുണ്ട്‌ എന്നതു ശരിയാണ്‌. (1 പത്രൊസ്‌ 5:8) ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മുടെ ജീനുകളും നമ്മിൽ സ്വാധീനം ചെലുത്തിയേക്കാം എന്നതും ശരിയാണ്‌. എന്നാൽ നാം തീർച്ചയായും നിസ്സഹായരല്ല. സത്യക്രിസ്‌ത്യാനികൾക്ക്‌ ശക്തമായ സഹായത്തിനായി യഹോവയും യേശുക്രിസ്‌തുവും ദൈവത്തിന്റെ പരിശുദ്ധാത്മാവും അവന്റെ വചനമായ ബൈബിളും ക്രിസ്‌തീയ സഭയുമുണ്ട്‌.​—⁠1 തിമൊഥെയൊസ്‌ 6:11, 12; 1 യോഹന്നാൻ 2:⁠1.

ഇസ്രായേൽ ജനത വാഗ്‌ദത്ത ദേശത്തു പ്രവേശിക്കുന്നതിനു മുമ്പ്‌, ദൈവമുമ്പാകെയുള്ള ജനത്തിന്റെ ഉത്തരവാദിത്വം സംബന്ധിച്ച്‌ മോശെ അവരെ ഓർമിപ്പിച്ചു, ഇങ്ങനെ പറഞ്ഞുകൊണ്ട്‌: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു . . . നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും . . . നിന്റെ ദൈവമായ യഹോവയെ സ്‌നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (ആവർത്തനപുസ്‌തകം 30:19, 20) സമാനമായി ഇന്ന്‌, ദൈവത്തെ സേവിക്കുകയും അവന്റെ വ്യവസ്ഥകൾ പാലിക്കുകയും ചെയ്യുന്നതു സംബന്ധിച്ച്‌ വ്യക്തിപരമായ ഒരു തീരുമാനമെടുക്കാനുള്ള കടപ്പാട്‌ ഉത്തരവാദിത്വബോധമുള്ള ഓരോ വ്യക്തിക്കും ഉണ്ട്‌. തിരഞ്ഞെടുപ്പു നിങ്ങളുടേതാണ്‌.​—⁠ഗലാത്യർ 6:7, 8.

[അടിക്കുറിപ്പുകൾ]

^ ഖ. 10 1996 സെപ്‌റ്റംബർ 22 ലക്കം ഉണരുക!യുടെ 3-8 പേജുകൾ കാണുക.

[9-ാം പേജിലെ ചിത്രങ്ങൾ]

തങ്ങളുടെ ജീനുകളിലെ എന്തെങ്കിലും തകരാറു നിമിത്തം പാപം ചെയ്യാൻ ആദാമും ഹവ്വായും മുൻനിർണയിക്കപ്പെട്ടിരുന്നോ?

[10-ാം പേജിലെ ചിത്രങ്ങൾ]

തന്റെ തീരുമാനങ്ങൾക്കുള്ള ഉത്തരവാദിത്വം ഓരോ വ്യക്തിയും സ്വീകരിക്കണമോ?

[കടപ്പാട്‌]

മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന വ്യക്തി: Godo-Foto

[11-ാം പേജിലെ ചിത്രം]

മനുഷ്യ പെരുമാറ്റത്തിനുള്ള ജനിതക കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല

[12-ാം പേജിലെ ചിത്രം]

ബൈബിൾ പറയുന്നതു ബാധകമാക്കുന്നത്‌ മാറ്റം വരുത്താൻ ആത്മാർഥഹൃദയരെ സഹായിക്കും