വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചതുരക്ഷര ദൈവനാമം സെപ്‌റ്റുവജിന്റിൽ

ചതുരക്ഷര ദൈവനാമം സെപ്‌റ്റുവജിന്റിൽ

ചതുരക്ഷര ദൈവനാമം സെപ്‌റ്റുവജിന്റി

യഹോവ എന്ന ദിവ്യനാമം יהוה (ഇംഗ്ലീഷിൽ YHWH) എന്ന നാല്‌ എബ്രായ അക്ഷരങ്ങളാൽ പ്രതിനിധാനം ചെയ്യപ്പെടുന്നു. ഈ ചതുരക്ഷര ദൈവനാമം സെപ്‌റ്റുവജിന്റിന്റെ പ്രതികളിൽ ഇല്ലെന്നാണു ദീർഘകാലമായി കരുതിയിരുന്നത്‌. അതിനാൽ, ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ എഴുത്തുകാർ എബ്രായ തിരുവെഴുത്തുകളിൽനിന്ന്‌ ഉദ്ധരിച്ചപ്പോൾ അവർ തങ്ങളുടെ എഴുത്തിൽ ദിവ്യനാമം ഉപയോഗിച്ചിരിക്കാൻ ഇടയില്ല എന്നായിരുന്നു ചിലരുടെ വാദം.

കഴിഞ്ഞ നൂറിലേറെ വർഷമായി നടത്തപ്പെട്ട നിരവധി കണ്ടെത്തലുകൾ സെപ്‌റ്റുവജിന്റിൽ ദൈവനാമം ഉണ്ടായിരുന്നു എന്നു വെളിപ്പെടുത്തി. ഒരു ഗ്രന്ഥം ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ പവിത്രനാമം അതീവ കൃത്യതയോടെ നിലനിറുത്താനുള്ള ഉത്‌കടമായ ആഗ്രഹത്താൽ, യവന സംസ്‌കാരം സ്വീകരിച്ച യഹൂദന്മാർ, എബ്രായ ബൈബിൾ ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയപ്പോൾ, ഗ്രീക്കു പാഠത്തിനുള്ളിൽ ചതുരക്ഷര ദൈവനാമത്തിന്റെ അക്ഷരങ്ങൾ യാതൊരു മാറ്റവും കൂടാതെ പകർത്തിയെഴുതുകയാണു ചെയ്‌തത്‌.”

കേടുകൂടാതെ ഇരുന്നിട്ടുള്ള അത്തരം നിരവധി ഗ്രീക്ക്‌ പാഠങ്ങളിൽ ഒന്നു മാത്രമാണ്‌ ഇടതുവശത്തായി കാണിച്ചിരിക്കുന്ന പപ്പൈറസ്‌ ശകലം. ഈജിപ്‌തിലെ ഓക്‌സിറിങ്കസിൽനിന്നു കണ്ടെടുത്ത, 3522 എന്ന സംഖ്യ നൽകിയിട്ടുള്ള, ഈ ശകലം പൊ.യു. ഒന്നാം നൂറ്റാണ്ടിലേത്‌ ആണ്‌. * 7 സെന്റിമീറ്റർ വീതിയും 10.5 സെന്റിമീറ്റർ നീളവുമുള്ള ഇതിൽ അടങ്ങിയിരിക്കുന്നത്‌ ഇയ്യോബ്‌ 42:11, 12-ൽ നിന്നുള്ള ഒരു ഭാഗമാണ്‌. വൃത്തമിട്ടു കാണിച്ചിരിക്കുന്ന ചതുരക്ഷര ദൈവനാമം പുരാതന എബ്രായ ലിപികളിലാണു കാണപ്പെടുന്നത്‌. *

ആ സ്ഥിതിക്ക്‌, ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ആദിമ പകർപ്പുകളിൽ ദിവ്യനാമം ഉണ്ടായിരുന്നോ? പണ്ഡിതനായ ജോർജ്‌ ഹൗവാർഡ്‌ പ്രസ്‌താവിക്കുന്നു: “ആദിമ സഭയുടെ തിരുവെഴുത്തായിരുന്ന ഗ്രീക്കു ബൈബിളിന്റെ [സെപ്‌റ്റുവജിന്റ്‌] പ്രതികളിൽ ചതുരക്ഷര ദൈവനാമം അപ്പോഴും എഴുതിയിരുന്നതിനാൽ, പുതിയനിയമ എഴുത്തുകാർ തിരുവെഴുത്തുകൾ ഉദ്ധരിച്ചപ്പോൾ, ബൈബിൾ പാഠത്തിനുള്ളിൽ ചതുരക്ഷര ദൈവനാമം നിലനിറുത്തിയെന്നു വിശ്വസിക്കുന്നതു ന്യായയുക്തമാണ്‌.” എന്നാൽ താമസിയാതെ പകർപ്പെഴുത്തുകാർ ദിവ്യനാമത്തിനു പകരം കിരിയോസ്‌ (കർത്താവ്‌), തെയോസ്‌ (ദൈവം) എന്നിങ്ങനെയുള്ള പകരപദങ്ങൾ ഉപയോഗിച്ചതായി കാണുന്നു.

[അടിക്കുറിപ്പുകൾ]

^ ഖ. 4 ഓക്‌സിറിങ്കസിൽനിന്നു കണ്ടെടുത്ത പപ്പൈറസുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌, 1992 മേയ്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 26-8 പേജുകൾ കാണുക.

^ ഖ. 4 പുരാതന ഗ്രീക്കു ഭാഷാന്തരങ്ങളിലുള്ള ദൈവനാമത്തിന്റെ മറ്റ്‌ ഉദാഹരണങ്ങൾക്ക്‌, വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം​—⁠റഫറൻസുകളോടു കൂടിയത്‌ (ഇംഗ്ലീഷ്‌), ‘അപ്പൻഡിക്‌സ്‌ 1സി’ കാണുക.

[30-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Courtesy of the Egypt Exploration Society