മരണത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം എന്താണ്?
മരണത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം എന്താണ്?
നാംഎത്ര ആരോഗ്യമുള്ളവരോ സമ്പന്നരോ ആയിക്കൊള്ളട്ടെ, മരണം എപ്പോൾ വേണമെങ്കിലും നമ്മെ പിടികൂടാം എന്ന ചിന്ത ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ നമ്മുടെമേൽ കരിനിഴൽ വീഴ്‌ത്തുന്നു. അടുത്ത തവണ നാം ഒരു റോഡ് കുറുകെ കടക്കുകയോ ഉറങ്ങാൻ കിടക്കുകയോ ചെയ്യുമ്പോൾ അതു നമ്മെ പ്രഹരിച്ചേക്കാം. ന്യൂയോർക്ക് നഗരത്തിലും വാഷിങ്‌ടൺ, ഡി.സി.-യിലും 2001 സെപ്‌റ്റംബർ 11-ന് ഉണ്ടായ ഭീകരാക്രമണങ്ങൾ പോലുള്ള ദുരന്തങ്ങൾ, “ഒടുക്കത്തെ ശത്രുവായ” മരണം ഏതു ജീവിതത്തുറകളിലുള്ള ആളുകളെയും പ്രായഭേദമന്യേ, ചിലപ്പോൾ മിനിട്ടുകൾക്കുള്ളിൽ ആയിരങ്ങളെപ്പോലും, തന്റെ ഇരകളാക്കുമെന്ന യാഥാർഥ്യം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു.—1 കൊരിന്ത്യർ 15:26.
അങ്ങനെയാണെങ്കിലും, മരണം ആളുകളെ ആകർഷിക്കുന്നതായി തോന്നുന്നു. പത്രങ്ങൾ വിറ്റഴിക്കുന്നതിലോ ടിവി വാർത്ത കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നതിലോ മരണവാർത്തയോളം പങ്കുവഹിക്കുന്ന മറ്റെന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല, പ്രത്യേകിച്ചും, വളരെയധികം പേരുടെ അതിദാരുണമായ അന്ത്യത്തിനിടയാക്കിയ സംഭവങ്ങളെ കുറിച്ചുള്ള വാർത്തകൾ. യുദ്ധമോ പ്രകൃതിവിപത്തോ കുറ്റകൃത്യമോ രോഗമോ നിമിത്തമുള്ള മരണമായാലും, മരണവാർത്ത ആളുകളിൽ യാതൊരു മടുപ്പുമുളവാക്കുന്നതായി കാണുന്നില്ല. മരണത്തോടുള്ള ഈ ആകർഷണം ഏറ്റവും അന്ധാളിപ്പിക്കുന്ന വിധത്തിൽ പ്രകടമാകുന്നത് അധികാരസ്ഥാനത്തുള്ളവരോ പ്രശസ്‌തരോ മരിക്കുമ്പോഴാണ്. അപ്പോൾ വികാരങ്ങൾ അതിശക്തമായി അണപൊട്ടിയൊഴുകുന്നു.
ഇവയെല്ലാം നിഷേധിക്കാനാവാത്ത കാര്യങ്ങളാണ്. മരണം ആളുകളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു, മറ്റുള്ളവരുടെ മരണം ആണെന്നു മാത്രം. എന്നാൽ സ്വന്തം മരണത്തെ കുറിച്ചാകുമ്പോൾ പലരും ഭയന്നു പിന്മാറുന്നു. നമ്മിലനേകരും ചിന്തിക്കാൻ ഇഷ്ടപ്പെടാത്ത വിഷയമാണ് സ്വന്തം മരണം.
മരണത്താൽ കുഴങ്ങിയിരിക്കുന്നുവോ?
സ്വന്തം മരണത്തെക്കുറിച്ചുള്ള ചിന്ത ഒരിക്കലും സുഖകരമല്ല, അത് എല്ലായ്‌പോഴും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. എന്താണ് അതിനു കാരണം? എന്തെന്നാൽ എന്നേക്കും ജീവിക്കാനുള്ള തീവ്രമായ ഒരു ആഗ്രഹം ദൈവം നമ്മിൽ ഉൾനട്ടിരിക്കുന്നു. ‘അവൻ നിത്യത മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു’ എന്നു സഭാപ്രസംഗി 3:11 പറയുന്നു. അതുകൊണ്ട് മരണത്തിന്റെ സുനിശ്ചിതത്വം മനുഷ്യരിൽ ഒരു ആന്തരിക സംഘട്ടനം, നിലനിൽക്കുന്ന ഒരു പൊരുത്തക്കേട് ഉളവാക്കിയിരിക്കുന്നു. ഈ ആന്തരിക സംഘട്ടനം ഇല്ലാതാക്കാനും എന്നേക്കും ജീവിക്കാനുള്ള സ്വാഭാവിക വാഞ്‌ഛ ശമിപ്പിക്കാനുമായി മനുഷ്യർ ആത്മാവിന്റെ അമർത്യത എന്ന പഠിപ്പിക്കൽ മുതൽ പുനർജന്മവിശ്വാസം വരെ, എല്ലാത്തരം വിശ്വാസങ്ങളും കെട്ടിച്ചമച്ചിരിക്കുന്നു.
എന്തായിരുന്നാലും, മരണം മനസ്സിനെ അലട്ടുന്ന ഭീതിദമായ ഒരു സംഭവമാണ്, മരണഭീതി സാർവലൗകികവുമാണ്. അതുകൊണ്ട്, പൊതുവേ മനുഷ്യസമൂഹം മരണത്തെ ഒരു കടുത്ത വെല്ലുവിളിയായി വീക്ഷിക്കുന്നുവെന്നതു നമ്മെ അതിശയിപ്പിക്കരുത്. ധനവും അധികാരവും നേടാനായി ഉഴിഞ്ഞുവെച്ച ജീവിതത്തിന്റെ ആത്യന്തികമായ നിഷ്‌ഫലതയെ മരണം തുറന്നുകാട്ടുന്നു എന്നതാണ് ഇതിന്റെ ഒരു കാരണം.
മരണത്തോട് അടുക്കുമ്പോൾ ഒറ്റപ്പെടുന്നുവോ?
കഴിഞ്ഞ കാലങ്ങളിൽ മാരകരോഗം ബാധിച്ചവരെയോ മാരകമായി മുറിവേറ്റവരെയോ സാധാരണഗതിയിൽ സ്വന്തം ഭവനത്തിലെ പരിചിതവും പ്രിയപ്പെട്ടതുമായ സാഹചര്യങ്ങളിൽവെച്ചു മരിക്കാൻ അനുവദിച്ചിരുന്നു. ഉല്‌പത്തി 49:1, 2, 33) അത്തരം സന്ദർഭങ്ങളിൽ കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടുന്നു, കുട്ടികളെയും സംഭാഷണത്തിൽ ഉൾപ്പെടുത്തുന്നു. അതു തങ്ങൾ തനിയെയല്ല ദുഃഖിക്കുന്നത് എന്ന തോന്നൽ ഓരോ കുടുംബാംഗത്തിലും ഉളവാക്കുകയും ഉത്തരവാദിത്വവും ദുഃഖവും പങ്കുവെക്കുന്നതിൽനിന്ന് ഉളവാകുന്ന ആശ്വാസം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ബൈബിൾ കാലങ്ങളിൽ മിക്കപ്പോഴും ഇതു സത്യമായിരുന്നു, ചില സംസ്‌കാരങ്ങളിൽ ഇപ്പോഴും ഇതു പതിവാണ്. (മരണത്തെ കുറിച്ചു ചർച്ച ചെയ്യുന്നത് വിലക്കപ്പെട്ടിരിക്കുകയോ അതിനെ ഭീതിദമായി കരുതുകയോ കുട്ടികൾക്ക് “അതൊന്നും താങ്ങാനാവില്ല” എന്ന ചിന്തയാൽ അത്തരം ചർച്ചകളിൽനിന്ന് അവരെ ഒഴിവാക്കുകയോ ചെയ്യുന്ന ഒരു സമൂഹത്തിൽ സംഭവിക്കുന്നതിൽനിന്നു തികച്ചും വ്യത്യസ്‌തമാണ് ഇത്. മരണം ഇന്നു പല രീതികളിലും വ്യത്യസ്‌തമാണ്. കൂടാതെ, മിക്കപ്പോഴും കൂടുതൽ ഏകാന്തമായ ഒരു ചുറ്റുപാടിൽ കിടന്നാണ് ആളുകൾ മരിക്കുന്നത്. വീട്ടിൽവെച്ച്, കുടുംബാംഗങ്ങളുടെ സ്‌നേഹപൂർവകമായ പരിചരണത്തിൽ സമാധാനത്തോടെ മരിക്കാനാണ് മിക്കവർക്കും ആഗ്രഹമെങ്കിലും, അനേകരുടെയും കാര്യത്തിൽ ആശുപത്രിയിൽ കിടന്നു മരിക്കേണ്ടിവരുന്നു എന്നതാണ് ക്രൂരമായ യാഥാർഥ്യം. മിക്കപ്പോഴും ഒറ്റപ്പെട്ട്, വേദനയോടെ, ഭയപ്പെടുത്തുന്നതരം അത്യാധുനിക ഉപകരണങ്ങളുമായി ഘടിപ്പിക്കപ്പെട്ട നിലയിലാണ് അവർക്കു മരിക്കേണ്ടിവരിക. അതേസമയം, വംശഹത്യ, പട്ടിണി, എയ്‌ഡ്‌സ്, ആഭ്യന്തര യുദ്ധം, അല്ലെങ്കിൽ കടുത്ത ദാരിദ്ര്യം എന്നിവയ്‌ക്ക് ഇരകളായി ദശലക്ഷങ്ങൾ ആരോരുമറിയാതെ മരണമടയുന്നുണ്ട്.
പരിചിന്തനാർഹമായ ഒരു വിഷയം
മരണത്തെ കുറിച്ചു ചിന്തിക്കുന്നതിനെ ബൈബിൾ നിരുത്സാഹപ്പെടുത്തുന്നില്ല. സഭാപ്രസംഗി 7:2 പറയുന്നു: “വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലതു; അതല്ലോ സകലമനുഷ്യരുടെയും അവസാനം.” മരണമെന്ന യാഥാർഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ നാം നമ്മുടെ ദൈനംദിന താത്‌പര്യങ്ങളിൽനിന്നോ പ്രവർത്തനങ്ങളിൽനിന്നോ തിരിഞ്ഞ് ജീവിതം എത്ര ഹ്രസ്വമാണ് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. അതിന്, ലക്ഷ്യബോധമില്ലാതെ ജീവിക്കുകയോ ജീവിതം പാഴാക്കുകയോ ചെയ്യാതെ കൂടുതൽ അർഥപൂർണമായ വിധത്തിൽ ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കാനാകും.
മരണത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം എന്താണ്? ജീവിതാവസാനത്തെ കുറിച്ചുള്ള നിങ്ങളുടെ വികാരങ്ങൾ, വിശ്വാസങ്ങൾ, പ്രത്യാശകൾ, ഭയങ്ങൾ, എന്നിവയെ നിങ്ങൾ പരിശോധിച്ചിട്ടുണ്ടോ?
ജീവിതത്തിന്റെ എന്നപോലെതന്നെ മരണത്തിന്റെയും സ്വഭാവം, വിശദീകരിക്കാനും ഗ്രഹിക്കാനുമുള്ള മനുഷ്യന്റെ പ്രാപ്‌തിക്കതീതമാണ്. ആ സംഗതി സംബന്ധിച്ച് ആശ്രയയോഗ്യമായ ആധികാരികതയോടെ സംസാരിക്കാൻ കഴിയുന്നത് നമ്മുടെ സ്രഷ്ടാവിനു മാത്രമാണ്. അവന്റെ പക്കൽ ‘ജീവന്റെ ഉറവുണ്ട്,’ ‘മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ അവനുള്ളവ തന്നേ.’ (സങ്കീർത്തനം 36:9; 68:20) അതിശയകരമായി തോന്നിയേക്കാമെങ്കിലും, മരണത്തെ സംബന്ധിച്ച പ്രചാരമാർജിച്ച ചില വിശ്വാസങ്ങളെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കുന്നത് നിങ്ങൾക്ക് ആശ്വാസവും നവോന്മേഷവും പ്രദാനം ചെയ്യും. മരണം സകലത്തിന്റെയും അവസാനമായിരിക്കേണ്ടതില്ലെന്ന് അത് വെളിപ്പെടുത്തും.
[4-ാം പേജിലെ ആകർഷക വാക്യം]
കൂടുതൽ അർഥപൂർണമായ ജീവിതം നയിക്കാൻ മരണ സാധ്യത നമ്മെ സഹായിക്കുന്നു