വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണത്തെ സംബന്ധിച്ച ചില കെട്ടുകഥകൾ ഒരു അടുത്ത വീക്ഷണം

മരണത്തെ സംബന്ധിച്ച ചില കെട്ടുകഥകൾ ഒരു അടുത്ത വീക്ഷണം

മരണത്തെ സംബന്ധിച്ച ചില കെട്ടുകഥകൾ ഒരു അടുത്ത വീക്ഷണം

ചരിത്രത്തിലുടനീളം, മരണമെന്ന ഇരുളടഞ്ഞ പ്രതീക്ഷയ്‌ക്കു മുന്നിൽ മനുഷ്യൻ അന്ധാളിച്ചുപോകുകയും ഭയപരവശനാകുകയും ചെയ്‌തിട്ടുണ്ട്‌. മാത്രമല്ല, വ്യാജമത ആശയങ്ങളും പ്രചാരമാർജിച്ച ആചാരങ്ങളും ആളുകളുടെ മനസ്സിൽ അടിയുറച്ചുപോയ വ്യക്തിപരമായ വിശ്വാസങ്ങളും ചേർന്ന്‌ മരണത്തോടുള്ള ഭയത്തെ ഊട്ടിവളർത്തിയിരിക്കുന്നു. മരണഭീതിക്ക്‌, ജീവിതം ആസ്വദിക്കാനുള്ള ഒരുവന്റെ പ്രാപ്‌തിയെ തളർത്തിക്കളയാനും ജീവിതത്തിന്‌ അർഥമുണ്ടെന്ന ഒരുവന്റെ ബോധ്യത്തെ ഇല്ലാതാക്കാനും കഴിയും.

മരണത്തെ സംബന്ധിച്ചുള്ള ധാരാളം കെട്ടുകഥകൾ പ്രചരിപ്പിക്കുന്നതിന്റെ പ്രധാന കുറ്റം മുഖ്യധാരാ മതങ്ങൾക്കാണ്‌. അവയിൽ ഏതാനും ചിലത്‌ ബൈബിൾ സത്യത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ചുകൊണ്ട്‌, മരണത്തെ കുറിച്ചുള്ള നിങ്ങളുടെ വ്യക്തിപരമായ ധാരണകളെ സ്‌ഫുടം ചെയ്‌തെടുക്കാനാകുമോ എന്നു നോക്കുക.

1-ാമത്തെ കെട്ടുകഥ: മരണം ജീവിതത്തിന്റെ സ്വാഭാവിക അന്ത്യമാണ്‌.

“മരണം . . . നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്‌” എന്ന്‌ മരണം​—⁠വളർച്ചയുടെ അവസാന ഘട്ടം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. ഇതുപോലുള്ള പ്രസ്‌താവനകൾ, മരണം സ്വാഭാവികമായ ഒന്നാണെന്ന്‌, സർവ ജീവജാലങ്ങളുടെയും സ്വാഭാവികമായ അന്ത്യമാണെന്ന്‌ ഉള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. ആ വിശ്വാസമാകട്ടെ നാസ്‌തിത്വ തത്ത്വശാസ്‌ത്രവും തത്ത്വദീക്ഷയില്ലാതെ അവസരങ്ങൾ മുതലെടുക്കാനുള്ള ആഗ്രഹവും പലരിലും തഴച്ചുവളരാൻ ഇടയാക്കിയിരിക്കുന്നു.

എന്നാൽ മരണം യഥാർഥത്തിൽ ജീവിതത്തിന്റെ സ്വാഭാവിക അന്ത്യമാണോ? എല്ലാ ഗവേഷകരും അങ്ങനെ വിശ്വസിക്കുന്നില്ല. ഉദാഹരണത്തിന്‌, മനുഷ്യന്റെ വാർധക്യ പ്രക്രിയയെ കുറിച്ചു പഠിക്കുന്ന കാൽവിൻ ഹാർലി എന്ന ജീവശാസ്‌ത്രജ്ഞൻ, മനുഷ്യർ “മരിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതായി” താൻ വിശ്വസിക്കുന്നില്ലെന്ന്‌ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെടുകയുണ്ടായി. രോഗപ്രതിരോധശാസ്‌ത്രവിദഗ്‌ധനായ വില്യം ക്ലാർക്ക്‌ ഇങ്ങനെ പറഞ്ഞു: “ജീവിതവുമായി ഇഴപിരിക്കാനാകാത്ത വിധം കൂടിപ്പിണഞ്ഞു കിടക്കുന്ന ഒന്നല്ല മരണം.” കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ സിമോർ ബെൻസർ പറയുന്നത്‌ “വാർധക്യം പ്രാപിക്കലിനെ ഒരു ഘടികാരമെന്നല്ല, നമുക്കു മാറ്റം വരുത്താൻ കഴിയുന്ന ഒരു രംഗപരമ്പര എന്നു വിശേഷിപ്പിക്കുന്നതാണ്‌ ഏറെ ഉചിതം” എന്നാണ്‌.

മനുഷ്യന്റെ രൂപകൽപ്പനയെ കുറിച്ചു പഠിക്കുമ്പോൾ ശാസ്‌ത്രജ്ഞന്മാർ അന്ധാളിച്ചുപോകുന്നു. 70-ഓ 80-ഓ വർഷത്തെ നമ്മുടെ ആയുർദൈർഘ്യത്തിനു വേണ്ടതിനെക്കാൾ വളരെ അധികമായ ശേഷികളും കഴിവുകളും നമുക്കുണ്ടെന്ന്‌ അവർ മനസ്സിലാക്കുന്നു. ഉദാഹരണത്തിന്‌, മനുഷ്യ മസ്‌തിഷ്‌കത്തിന്‌ വലിയ ഓർമശക്തിയുണ്ടെന്ന്‌ ശാസ്‌ത്രജ്ഞർ മനസ്സിലാക്കിയിരിക്കുന്നു. “ഏതാണ്ട്‌ രണ്ടു കോടി വാല്യങ്ങളിൽ, അതായത്‌ ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളിലുള്ളത്രയും വാല്യങ്ങളിൽ, നിറയ്‌ക്കാവുന്നത്ര” വിവരങ്ങൾ മസ്‌തിഷ്‌കത്തിന്‌ ഉൾക്കൊള്ളാൻ കഴിയുമെന്ന്‌ ഒരു ഗവേഷകൻ കണക്കാക്കി. ശരാശരി ആയുസ്സുള്ള ഒരു മനുഷ്യൻ തന്റെ മസ്‌തിഷ്‌ക പ്രാപ്‌തിയുടെ ഒരു ശതമാനത്തിന്റെ നൂറിൽ ഒരംശം (.0001) മാത്രമാണ്‌ ഉപയോഗിക്കുന്നതെന്ന്‌ ചില നാഡീശാസ്‌ത്രജ്ഞന്മാർ വിശ്വസിക്കുന്നു. ‘ശരാശരി ആയുഷ്‌കാലത്ത്‌ നമ്മുടെ മസ്‌തിഷ്‌ക പ്രാപ്‌തിയുടെ ഒരംശം മാത്രമേ നാം ഉപയോഗിക്കുന്നുള്ളു എന്നിരിക്കെ നമുക്ക്‌ ഇത്ര വലിയ പ്രാപ്‌തിയുള്ള ഒരു മസ്‌തിഷ്‌കം ഉണ്ടായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?’ എന്നു ചോദിക്കുന്നത്‌ ഉചിതമാണ്‌.

മരണത്തോടു മനുഷ്യൻ എത്ര അസ്വാഭാവികമായാണു പ്രതികരിക്കുന്നതെന്നും പരിചിന്തിക്കുക! ഭൂരിപക്ഷം ആളുകൾക്കും, ഭാര്യയുടെയോ ഭർത്താവിന്റെയോ കുട്ടിയുടെയോ മരണം അവരുടെ ജീവിതത്തിലെ ഏറ്റവും വേദനാകരമായ ഒരു അനുഭവമായിരിക്കാൻ കഴിയും. പലപ്പോഴും, പ്രിയപ്പെട്ട ഒരാളുടെ മരണത്തെ തുടർന്ന്‌ വളരെ കാലത്തേക്ക്‌ ആളുകളുടെ മുഴു വൈകാരിക ഘടനയും താളംതെറ്റിയിരിക്കും. മരണം മനുഷ്യരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ ഒന്നാണെന്ന്‌ അവകാശപ്പെടുന്നവർപോലും സ്വന്തം മരണം സകലത്തിന്റെയും അന്ത്യത്തെ അർഥമാക്കുമെന്ന ആശയം ഉൾക്കൊള്ളുക ബുദ്ധിമുട്ടായി കണ്ടെത്തുന്നു. “സാധ്യമാകുന്നിടത്തോളം കാലം ജീവിച്ചിരിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുവെന്ന ഒരു പൊതുവിദഗ്‌ധാഭിപ്രായത്തെ” കുറിച്ച്‌ ബ്രിട്ടീഷ്‌ മെഡിക്കൽ ജേർണൽ പ്രസ്‌താവിക്കുകയുണ്ടായി.

മരണത്തോടുള്ള മനുഷ്യന്റെ പൊതുവായ പ്രതികരണം, ഓർമിക്കാനും പഠിക്കാനുമുള്ള അവന്റെ അത്ഭുതകരമായ കഴിവ്‌, നിത്യമായി ജീവിക്കാനുള്ള അവന്റെ ഉള്ളിലെ അതിയായ ആഗ്രഹം എന്നിവ കണക്കിലെടുക്കുമ്പോൾ, മനുഷ്യൻ ജീവിക്കാനാണു സൃഷ്ടിക്കപ്പെട്ടത്‌ എന്നതു വ്യക്തമല്ലേ? തീർച്ചയായും, മരണം മനുഷ്യന്റെ സ്വാഭാവിക അന്ത്യമായിരിക്കാനുള്ള ലക്ഷ്യത്തോടെയല്ല ദൈവം മനുഷ്യരെ സൃഷ്ടിച്ചത്‌, മറിച്ച്‌ നിത്യമായി ജീവിച്ചിരിക്കാനുള്ള പ്രതീക്ഷയാണ്‌ അവൻ അവർക്കു നൽകിയത്‌. ദൈവം ആദ്യ മനുഷ്യജോഡിയുടെ മുമ്പാകെ വെച്ച ഭാവി എന്തായിരുന്നുവെന്നു ശ്രദ്ധിക്കുക: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.” (ഉല്‌പത്തി 1:28) എത്ര അത്ഭുതകരമായ, നിലനിൽക്കുന്ന ഭാവിയാണ്‌ അത്‌!

2-ാമത്തെ കെട്ടുകഥ: തന്നോടൊപ്പം ആയിരിക്കാനായി ദൈവം ആളുകളെ മരണത്തിലൂടെ എടുക്കുന്നു.

മൂന്നു കുട്ടികളുടെ അമ്മയും മരണാസന്നയുമായ ഒരു 27-കാരി ഒരു കത്തോലിക്ക കന്യാസ്‌ത്രീയോട്‌ ഇങ്ങനെ പറഞ്ഞു: “എന്നെ സംബന്ധിച്ച ദൈവഹിതം ഇതാണെന്നു പറയാനാണെങ്കിൽ ഇങ്ങോട്ടു വരരുത്‌. . . . മറ്റാരെങ്കിലും അങ്ങനെ എന്നോടു പറയുന്നത്‌ എനിക്കു വെറുപ്പാണ്‌.” എങ്കിലും, പല മതങ്ങളും മരണത്തെ കുറിച്ചു പഠിപ്പിക്കുന്നത്‌ ഇതാണ്‌​—⁠തന്നോടൊപ്പം ആയിരിക്കാനായി ദൈവം ആളുകളെ എടുക്കുന്നു.

മരണം ഹൃദയഭേദകമാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ നമ്മുടെമേൽ അതു നിർദയം അടിച്ചേൽപ്പിക്കാൻമാത്രം അത്ര ക്രൂരനാണോ വാസ്‌തവത്തിൽ സ്രഷ്ടാവ്‌? അല്ല, ബൈബിളിലെ ദൈവം ഒരിക്കലും അങ്ങനെയല്ല. “ദൈവം സ്‌നേഹം തന്നേ [“ആകുന്നു,” NW]” എന്ന്‌ 1 യോഹന്നാൻ 4:8 പറയുന്നു. ദൈവത്തിന്‌ സ്‌നേഹം ഉണ്ട്‌ എന്നോ ദൈവം സ്‌നേഹവാനാണ്‌ എന്നോ അല്ല, ദൈവം സ്‌നേഹം ആകുന്നു എന്നാണ്‌ അവിടെ പറയുന്നത്‌ എന്നതു ശ്രദ്ധിക്കുക. ദൈവത്തെ കുറിച്ച്‌ സ്‌നേഹത്തിന്റെ മൂർത്തിമദ്‌ഭാവം എന്ന്‌ ഉചിതമായും പറയാൻ കഴിയത്തക്കവിധം അത്ര തീവ്രമാണ്‌, അത്ര നിർമലമാണ്‌, അത്ര പൂർണമാണ്‌ ദൈവസ്‌നേഹം. അവന്റെ വ്യക്തിത്വത്തിലും പ്രവർത്തനങ്ങളിലും എല്ലാം അത്‌ അത്ര നന്നായി നിറഞ്ഞിരിക്കുകയും ചെയ്യുന്നു. തന്നോടൊപ്പം ആയിരിക്കാനായി ആളുകളെ മരണത്തിലൂടെ എടുക്കുന്ന ഒരു ദൈവമല്ല അത്‌.

മരിച്ചവർ എവിടെയാണെന്നതും അവരുടെ അവസ്ഥ എന്താണെന്നതും സംബന്ധിച്ച്‌ വ്യാജമതം അനേകരെ ചിന്താക്കുഴപ്പത്തിലാക്കിയിരിക്കുന്നു. സ്വർഗം, നരകം, ശുദ്ധീകരണസ്ഥലം, ലിംബോ എന്നിങ്ങനെ മനസ്സിലാക്കുക അസാധ്യമായതു മുതൽ അങ്ങേയറ്റം ഭയാനകമായവ വരെയുള്ള നിരവധി സ്ഥലങ്ങളെ കുറിച്ച്‌ അതു പഠിപ്പിക്കുന്നു. എന്നാൽ, മരിച്ചവർ ഒന്നും അറിയുന്നില്ലെന്ന്‌ ബൈബിൾ നമ്മോടു പറയുന്നു; അവരുടെ അവസ്ഥ ഉറക്കത്തിനു വളരെ സമാനമാണ്‌. (സഭാപ്രസംഗി 9:5, 10; യോഹന്നാൻ 11:11-14) അതിനാൽ, നല്ല ഉറക്കത്തിലായിരിക്കുന്ന ആരെയെങ്കിലും കാണുമ്പോൾ നാം ആകുലപ്പെടാത്തതുപോലെ നമ്മുടെ മരണാനന്തരം നമുക്ക്‌ എന്തു സംഭവിക്കുമെന്നതിനെ കുറിച്ച്‌ ആകുലപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. പറുദീസാ ഭൂമിയിലെ പുതുക്കം പ്രാപിച്ച ജീവനിലേക്കായി “കല്ലറകളിൽ ഉള്ളവർ എല്ലാവരും . . . പുനരുത്ഥാനം ചെയ്‌വാനുള്ള” ഒരു സമയത്തെ കുറിച്ച്‌ യേശു പറയുകയുണ്ടായി.​—⁠യോഹന്നാൻ 5:28, 29; ലൂക്കൊസ്‌ 23:⁠43, NW.

3-ാമത്തെ കെട്ടുകഥ: ദൈവം കുരുന്നുകളെ മാലാഖമാർ ആയിരിക്കാനായി കൊണ്ടുപോകുന്നു.

മാരക രോഗം ബാധിച്ചവരെ കുറിച്ചു പഠനം നടത്തിയ എലിസബത്ത്‌ കൂബ്‌ളർ-റോസ്‌ മതഭക്തരായ ആളുകൾക്കിടയിൽ സാധാരണമായ മറ്റൊരു വിശ്വാസത്തെ പരാമർശിക്കുകയുണ്ടായി. ഒരു യഥാർഥ സംഭവത്തെ വിശദീകരിച്ചുകൊണ്ട്‌, “തന്റെ സഹോദരനെ മരണത്തിൽ നഷ്ടപ്പെട്ട ഒരു കൊച്ചുകുട്ടിയോട്‌ ദൈവത്തിനു ചെറിയ ആൺകുട്ടികളെ വളരെ ഇഷ്ടമായതുകൊണ്ട്‌ ജോണിയെ സ്വർഗത്തിലേക്കു കൊണ്ടുപോയതാണ്‌ എന്നു പറയുന്നതു ബുദ്ധിശൂന്യമാണ്‌” എന്ന്‌ അവർ പറഞ്ഞു. അത്തരമൊരു പ്രസ്‌താവന ദൈവത്തെ കുറിച്ചു തെറ്റായ ധാരണ നൽകാനാണ്‌ ഇടയാക്കുന്നത്‌. മാത്രമല്ല, അതു ദൈവത്തിന്റെ വ്യക്തിത്വത്തെയോ അവൻ ഇടപെടുന്ന വിധത്തെയോ പ്രതിഫലിപ്പിക്കുന്നില്ല. ഡോക്ടർ കൂബ്‌ളർ-റോസ്‌ തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “ഈ കൊച്ചുപെൺകുട്ടി ഒരു സ്‌ത്രീയായപ്പോൾ ദൈവത്തോടുള്ള ദേഷ്യത്തെ അവൾക്ക്‌ ഒരിക്കലും തരണം ചെയ്യാനായില്ല, അത്‌ മുപ്പതു വർഷങ്ങൾക്കുശേഷം അവളുടെതന്നെ ആൺകുട്ടി നഷ്ടമായപ്പോൾ അവൾ സൈക്കോട്ടിക്‌ ഡിപ്രഷൻ എന്ന വിഷാദരോഗത്തിന്‌ അടിമയായിത്തീരുന്നതിന്‌ ഇടയാക്കി.”

മാതാപിതാക്കളെക്കാൾ അധികമായി അവരുടെ കുഞ്ഞിനെ തനിക്ക്‌ ആവശ്യമാണെന്നതുപോലെ, ദൈവം എന്തിനാണ്‌ മാലാഖയാക്കാനായി ഒരു കുട്ടിയെ തട്ടിയെടുക്കുന്നത്‌? ദൈവം കുട്ടികളെ എടുക്കുന്നു എന്നതു സത്യമാണെങ്കിൽ അത്‌ അവനെ സ്‌നേഹരഹിതനും സ്വാർഥനുമായ ഒരു സ്രഷ്ടാവാക്കുകയല്ലേ ചെയ്യുന്നത്‌? അത്തരമൊരു ധാരണയ്‌ക്കു വിരുദ്ധമായി ബൈബിൾ പറയുന്നു: “സ്‌നേഹം ദൈവത്തിൽനിന്നു വരുന്നു.” (1 യോഹന്നാൻ 4:7) ഒരളവുവരെ മാത്രം ധാർമികതയുള്ള മനുഷ്യർക്കുപോലും അംഗീകരിക്കാനാവാത്ത ഒരു നഷ്ടം സ്‌നേഹവാനായ ഒരു ദൈവം വരുത്തുമോ?

എങ്കിൽപ്പിന്നെ കുട്ടികൾ മരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ബൈബിൾ നൽകുന്ന ഉത്തരത്തിന്റെ ഒരു ഭാഗം സഭാപ്രസംഗി 9:​11-ൽ (NW) പിൻവരുന്ന വിധം രേഖപ്പെടുത്തിയിരിക്കുന്നു: “അവരുടെമേലെല്ലാം കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളുമാണു വന്നു ഭവിക്കുന്നത്‌.” സങ്കീർത്തനം 51:5 പറയുന്ന പ്രകാരം ഗർഭത്തിൽ ഉരുവാകുന്നതു മുതൽ നാമെല്ലാം അപൂർണരും പാപികളുമാണ്‌, മരിക്കാനുള്ള സാധ്യതയാണ്‌ ഇന്ന്‌ സകല മനുഷ്യരുടെയും മുന്നിലുള്ളത്‌. ഇതു വ്യത്യസ്‌ത കാരണങ്ങളാൽ സംഭവിക്കാം. ചിലപ്പോഴൊക്കെ ജനനത്തിനുമുമ്പേ മരണം പ്രഹരിക്കുന്നതിനാൽ ചാപിള്ളയായിരിക്കും ജനിക്കുന്നത്‌. മറ്റു സന്ദർഭങ്ങളിൽ, കുട്ടികൾ ദാരുണ സാഹചര്യങ്ങൾക്ക്‌ ഇരയായോ അപകടത്തിൽപ്പെട്ടോ മരണമടയുന്നു. അത്തരം കാര്യങ്ങൾക്ക്‌ ദൈവം ഉത്തരവാദിയല്ല.

4-ാമത്തെ കെട്ടുകഥ: മരണാനന്തരം ചിലർ ദണ്ഡിപ്പിക്കപ്പെടുന്നു.

ദുഷ്ടന്മാർ അഗ്നിനരകത്തിലേക്കു പോകുമെന്നും നിത്യദണ്ഡനം അനുഭവിക്കുമെന്നും മിക്ക മതങ്ങളും പഠിപ്പിക്കുന്നു. ആ ഉപദേശം യുക്ത്യാനുസൃതവും തിരുവെഴുത്തുപരവുമാണോ? മനുഷ്യന്റെ ആയുസ്സ്‌ 70-ഓ 80-ഓ വർഷം മാത്രമാണ്‌. ജീവിതത്തിലുടനീളം കടുത്ത ദുഷ്ടത പ്രവർത്തിച്ച ഒരു വ്യക്തിയുടെ കാര്യത്തിൽ പോലും നിത്യ ദണ്ഡനം നീതിപൂർവകമായ ശിക്ഷയാണോ? അല്ല. ഹ്രസ്വമായ ജീവിതകാലത്ത്‌ ചെയ്‌ത പാപങ്ങൾക്ക്‌ ഒരാളെ നിത്യമായി ദണ്ഡിപ്പിക്കുന്നത്‌ അങ്ങേയറ്റത്തെ അനീതിയായിരിക്കും.

മരണാനന്തരം എന്തു സംഭവിക്കുന്നുവെന്നു പറയാൻ ദൈവത്തിനു മാത്രമേ കഴിയൂ, തന്റെ ലിഖിത വചനമായ ബൈബിളിൽ അവൻ അതു വെളിപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. ബൈബിൾ പറയുന്നതു ഇതാണ്‌: ‘[മൃഗം] മരിക്കുന്നതുപോലെ [മനുഷ്യനും] മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ . . . എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്‌തീരുന്നു.’ (സഭാപ്രസംഗി 3:19, 20) ഒരു അഗ്നിനരകത്തെ കുറിച്ച്‌ ഇവിടെ യാതൊരു പരാമർശനവുമില്ല. മരണത്തിങ്കൽ മനുഷ്യൻ പൊടിയിലേക്ക്‌, അസ്‌തിത്വമില്ലായ്‌മയിലേക്ക്‌, തിരികെ പോകുന്നു.

ദണ്ഡിപ്പിക്കപ്പെടുന്നതിന്‌ ഒരു വ്യക്തി ബോധവാനായിരിക്കണം. മരിച്ചവർ ബോധവാന്മാരാണോ? ബൈബിൾ വീണ്ടും ഉത്തരം നൽകുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.” (സഭാപ്രസംഗി 9:5) ‘ഒന്നും അറിയുന്നില്ലാത്ത’ മരിച്ചവർക്ക്‌ ഒരിടത്തും ദണ്ഡനം അനുഭവിക്കാനാവില്ല.

5-ാമത്തെ കെട്ടുകഥ: മരണം നമ്മുടെ അസ്‌തിത്വത്തിന്റെ ശാശ്വത അന്ത്യത്തെ അർഥമാക്കുന്നു.

മരിക്കുമ്പോൾ നാം അസ്‌തിത്വത്തിൽനിന്നു നീങ്ങിപ്പോകുന്നു. എന്നാൽ മരണത്തോടെ സകലവും അവസാനിക്കണമെന്നു നിർബന്ധമില്ല. മരണത്തിങ്കൽ താൻ ശവക്കുഴിയിലേക്ക്‌ അഥവാ പാതാളത്തിലേക്കു പോകുമെന്ന്‌ വിശ്വസ്‌ത മനുഷ്യനായ ഇയ്യോബിന്‌ അറിയാമായിരുന്നു. എന്നാൽ ദൈവത്തോടുള്ള അവന്റെ പ്രാർഥന ശ്രദ്ധിക്കുക: “നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്‌തുവെങ്കിൽ കൊള്ളായിരുന്നു. മനുഷ്യൻ മരിച്ചാൻ വീണ്ടും ജീവിക്കുമോ? . . . നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും.”​—⁠ഇയ്യോബ്‌ 14:13-15.

മരണപര്യന്തം ദൈവത്തോടു വിശ്വസ്‌തനാണെങ്കിൽ, ദൈവം തന്നെ ഓർത്ത്‌ തക്കസമയത്ത്‌ പുനരുത്ഥാനപ്പെടുത്തുമെന്ന്‌ ഇയ്യോബ്‌ വിശ്വസിച്ചിരുന്നു. പുരാതന കാലത്തെ സകല ദൈവദാസന്മാരുടെയും വിശ്വാസം അതായിരുന്നു. യേശുതന്നെ ഈ പ്രത്യാശയെ സ്ഥിരീകരിക്കുകയും തന്നെ ഉപയോഗിച്ചുകൊണ്ടു ദൈവം മരിച്ചവരെ ഉയർപ്പിക്കുമെന്നു പ്രകടമാക്കുകയും ചെയ്‌തു. ക്രിസ്‌തുവിന്റെ തന്നെ വാക്കുകൾ നമുക്ക്‌ ഈ ഉറപ്പ്‌ നൽകുന്നു: ‘കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ടു, നന്മ ചെയ്‌തവർ ജീവന്നായും തിന്മ ചെയ്‌തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.’​—⁠യോഹന്നാൻ 5:28, 29.

വളരെ പെട്ടെന്നുതന്നെ ദൈവം എല്ലാ ദുഷ്ടതയും നീക്കം ചെയ്യുകയും സ്വർഗീയ ഭരണാധിപത്യത്തിൻ കീഴിൽ ഒരു പുതിയ ലോകം സ്ഥാപിക്കുകയും ചെയ്യും. (സങ്കീർത്തനം 37:10, 11; ദാനീയേൽ 2:44; വെളിപ്പാടു 16:14, 16) ദൈവത്തെ സേവിക്കുന്ന ആളുകളെ കൊണ്ട്‌ നിറഞ്ഞ ഒരു ആഗോള പറുദീസ ആയിരിക്കും അതിന്റെ ഫലം. ബൈബിളിൽ നാം ഇങ്ങനെ വായിക്കുന്നു: “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”​—⁠വെളിപ്പാടു 21:​3-5.

ഭയത്തിൽനിന്നു സ്വതന്ത്രരാകൽ

പുനരുത്ഥാന പ്രത്യാശയെ കുറിച്ചും ഒപ്പം ആ ക്രമീകരണം ചെയ്‌ത വ്യക്തിയെ കുറിച്ചും ഉള്ള അറിവ്‌ നിങ്ങൾക്ക്‌ ആശ്വാസം നൽകും. യേശു ഈ വാഗ്‌ദാനം നൽകി: “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:32) മരണഭീതിയിൽനിന്നു നമ്മെ സ്വതന്ത്രരാക്കുന്നതും അതിൽ ഉൾപ്പെട്ടിരിക്കുന്നു. വാർധക്യ, മരണ പ്രക്രിയകൾക്കു മാറ്റം വരുത്താനും നമുക്കു നിത്യജീവൻ നൽകാനും കഴിയുന്നത്‌ യഹോവയ്‌ക്കു മാത്രമാണ്‌. ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ നിങ്ങൾക്കു വിശ്വസിക്കാനാകുമോ? തീർച്ചയായും, എന്തെന്നാൽ ദൈവവചനം എല്ലായ്‌പോഴും നിവൃത്തിയേറുന്നു. (യെശയ്യാവു 55:11) മനുഷ്യവർഗത്തെ കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെ കുറിച്ചു കൂടുതൽ പഠിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതിനു നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്‌.

[6-ാം പേജിലെ ആകർഷക വാക്യം]

ജീവിതം ആസ്വദിക്കാനുള്ള ഒരുവന്റെ പ്രാപ്‌തിയെ മരണഭീതി തളർത്തിക്കളയുന്നു

[7-ാം പേജിലെ ചാർട്ട്‌]

മരണത്തെ കുറിച്ചുള്ള ചില സാധാരണ കെട്ടുകഥകൾ തിരുവെഴുത്തുകൾ എന്തു പറയുന്നു?

●മരണം ജീവിതത്തിന്റെ സ്വാഭാവിക അന്ത്യമാണ്‌. ഉല്‌പത്തി 1:28; 2:17; റോമർ 5:12

●തന്നോടൊപ്പം ആയിരിക്കാനായി ദൈവം ആളുകളെ മരണത്തിലൂടെ എടുക്കുന്നു․ ഇയ്യോബ്‌ 34:15; സങ്കീർത്തനം 37:11,29; 115:16

●ദൈവം കുരുന്നുകളെ മാലാഖമാർ ആയിരിക്കാനായി കൊണ്ടുപോകുന്നു․ സങ്കീർത്തനം 51:5; 104:1, 4, NW;എബ്രായർ 1:7,14,NW

●മരണാനന്തരം ചിലർ ദണ്ഡിപ്പിക്കപ്പെടുന്നു․ സങ്കീർത്തനം 146:4; സഭാപ്രസംഗി 9:5,10; റോമർ 6:⁠23

●മരണം നമ്മുടെ അസ്‌തിത്വത്തിന്റെ ശാശ്വത അന്ത്യത്തെ അർഥമാക്കുന്നു․ ഇയ്യോബ്‌ 14:14, 15; യോഹന്നാൻ 3:16; 17:3; പ്രവൃത്തികൾ 24:⁠15

[8-ാം പേജിലെ ചിത്രം]

മരണത്തെ സംബന്ധിച്ച സത്യം അറിയുന്നത്‌ നമ്മെ ഭയത്തിൽ നിന്നു സ്വതന്ത്രരാക്കുന്നു

[5-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Barrators​—Giampolo/The Doré Illustrations For Dante’s Divine Comedy/Dover Publications Inc.