യഹോവയുടെ നീതിയിൽ ആനന്ദം കണ്ടെത്തുക
യഹോവയുടെ നീതിയിൽ ആനന്ദം കണ്ടെത്തുക
“നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും.” —സദൃശവാക്യങ്ങൾ 21:21.
1. ആളുകളുടെ ഏതു വഴികൾ ഇന്നു വിപത്‌കരമായ ഫലങ്ങളിലേക്കു നയിച്ചിരിക്കുന്നു?
“ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ.” (സദൃശവാക്യങ്ങൾ 16:25) ഇന്നത്തെ മിക്കവരുടെയും വഴികളെ ഈ ബൈബിൾ സദൃശവാക്യം എത്ര കൃത്യമായി വർണിക്കുന്നു! മറ്റുള്ളവരുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ പോലും അവഗണിച്ചുകൊണ്ട് തനിക്കു നീതിയെന്നു തോന്നുന്നതു ചെയ്യുന്നതിൽ മാത്രമാണ് ആളുകൾക്കു പൊതുവേ താത്‌പര്യം. (സദൃശവാക്യങ്ങൾ 21:2) അവർ ദേശത്തെ നിയമങ്ങൾക്കും നിലവാരങ്ങൾക്കും അധരസേവ ചെയ്യുകയും എന്നാൽ എല്ലാ അവസരങ്ങളിലും അവയെ സൂത്രത്തിൽ മറികടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഫലമോ, വിഭജിതമായ, ആശയക്കുഴപ്പത്തിലായ ഒരു സമൂഹം.—2 തിമൊഥെയൊസ് 3:1-5.
2. മനുഷ്യവർഗത്തിന്റെ നന്മയ്‌ക്ക് എന്താണ് അടിയന്തിരമായി ആവശ്യമായിരിക്കുന്നത്?
2 നമ്മുടെതന്നെ നന്മയ്‌ക്കും മുഴു മനുഷ്യ കുടുംബത്തിന്റെയും സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി നീതിനിഷ്‌ഠവും അതേസമയം അംഗീകരിക്കാനും അനുസരിക്കാനും സകലർക്കും മനസ്സൊരുക്കമുള്ളതുമായ ഒരു നിയമവ്യവസ്ഥ അഥവാ നിലവാരം നമുക്ക് അടിയന്തിരമായി ആവശ്യമാണ്. വ്യക്തമായും, ഏതെങ്കിലും മനുഷ്യൻ, അയാൾ എത്രതന്നെ ജ്ഞാനിയോ ആത്മാർഥതയുള്ളവനോ ആയിക്കൊള്ളട്ടെ, മുന്നോട്ടു വെച്ചിട്ടുള്ള ഒരു നിയമത്തിനോ നിലവാരത്തിനോ പ്രസ്‌തുത ആവശ്യം നിവർത്തിക്കാനാവില്ല. (യിരെമ്യാവു 10:23; റോമർ 3:10, 23) അത്തരമൊരു നിലവാരം ഉണ്ടെങ്കിൽ അത് എവിടെ കണ്ടെത്താൻ കഴിയും, അത് എങ്ങനെയുള്ളത് ആയിരിക്കും? ഒരുപക്ഷേ അതിലും പ്രധാനപ്പെട്ട ചോദ്യം ഇതായിരിക്കും: അത്തരമൊരു നിലവാരമുണ്ടെങ്കിൽ നിങ്ങൾ അതിൽ ആനന്ദം കണ്ടെത്തുകയും മടികൂടാതെ അതു സ്വീകരിക്കുകയും ചെയ്യുമോ?
നീതിനിഷ്‌ഠമായ നിലവാരം കണ്ടെത്തൽ
3. സകലർക്കും സ്വീകാര്യവും ഗുണകരവുമായ ഒരു നിലവാരം നൽകാൻ ഏറ്റവും യോഗ്യതയുള്ളത് ആർക്കാണ്, എന്തുകൊണ്ട്?
3 സകലർക്കും സ്വീകാര്യവും ഗുണകരവുമായ ഒരു നിലവാരം കണ്ടെത്തുന്നതിന്, വർഗീയവും സാംസ്‌കാരികവും രാഷ്‌ട്രീയവുമായ അതിർവരമ്പുകളാൽ ബാധിക്കപ്പെടാത്ത, മനുഷ്യന്റെ ഹ്രസ്വദൃഷ്ടിയും ബലഹീനതകളും ഒരു വിലങ്ങുതടി ആകാത്ത ഒരുവനിലേക്കു നാം പോകേണ്ടിയിരിക്കുന്നു. നിസ്സംശയമായും, ആ യോഗ്യതകളുള്ള ഏക വ്യക്തി സർവശക്തനാം സ്രഷ്ടാവായ യഹോവയാം ദൈവമാണ്. അവൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ യെശയ്യാവു 55:9) മാത്രമല്ല, ബൈബിൾ യഹോവയെ “വിശ്വസ്‌തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ” എന്നു വർണിക്കുന്നു. (ആവർത്തനപുസ്‌തകം 32:4) ബൈബിളിൽ ഉടനീളം, ‘യഹോവ നീതിമാൻ’ എന്ന പ്രയോഗം നമുക്കു കാണാൻ കഴിയും. (പുറപ്പാടു 9:27; 2 ദിനവൃത്താന്തം 12:6; സങ്കീർത്തനം 11:7; 129:4; വിലാപങ്ങൾ 1:18; വെളിപ്പാടു 19:2, NW, അടിക്കുറിപ്പ്) ആത്യന്തിക നിലവാരത്തിനായി നമുക്ക് യഹോവയിലേക്കു നോക്കാൻ കഴിയും. കാരണം, അവൻ വിശ്വസ്‌തതയും ന്യായവും നീതിയുമുള്ളവനാണ്.
എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.” (4. ബൈബിൾപരമായ ഉപയോഗത്തിൽ “നീതി” എന്ന പ്രയോഗത്തിൽ എന്തെല്ലാം ആശയങ്ങൾ അടങ്ങിയിരിക്കുന്നു?
4 തങ്ങൾ മറ്റുള്ളവരെക്കാൾ ധാർമികമായി ശ്രേഷ്‌ഠരാണെന്നോ ഭക്തിയുള്ളവരാണെന്നോ കരുതുന്നവരുമായി ബന്ധപ്പെടുത്തിക്കൊണ്ട് ചിലർ “നീതി” എന്ന പദത്തിനു നിഷേധാത്മക അർഥം കൽപ്പിക്കുന്നു, അല്ലെങ്കിൽ ആ പ്രയോഗത്തെ പുച്ഛത്തോടെ വീക്ഷിക്കുന്നു. എന്നിരുന്നാലും, ബൈബിൾപരമായ ഉപയോഗത്തിൽ “നീതി” എന്ന പ്രയോഗത്തിൽ ന്യായം, നേര്, സദ്‌ഗുണം, നിർദോഷം, പാപരാഹിത്യം, ദിവ്യനിയമത്തിന്റെ തത്ത്വങ്ങളോട് അല്ലെങ്കിൽ ധാർമികതയുടെ അംഗീകൃത നിലവാരങ്ങളോടു പറ്റിനിൽക്കൽ, നീതിയോടെ അല്ലെങ്കിൽ ന്യായത്തോടെ പ്രവർത്തിക്കൽ എന്നിങ്ങനെയുള്ള ആശയങ്ങൾ അടങ്ങിയിരിക്കുന്നു. അത്തരം നല്ല സവിശേഷതകൾ അടങ്ങിയിരിക്കുന്ന ഒരു നിയമത്തിൽ അല്ലെങ്കിൽ നിലവാരത്തിൽ നിങ്ങൾ ആനന്ദം കണ്ടെത്തുകയില്ലേ?
5. ബൈബിളിൽ വിശദീകരിച്ചിരിക്കുന്ന പ്രകാരം, നീതി എന്ന ഗുണത്തെ കുറിച്ചു വിവരിക്കുക.
5 നീതി എന്ന ഗുണത്തെ കുറിച്ച് എൻസൈക്ലോപീഡിയ ജൂഡായിക്ക ഇങ്ങനെ അഭിപ്രായപ്പെടുന്നു: “നീതി അമൂർത്തമായ ഒരു ആശയമല്ല, മറിച്ച് സകല ബന്ധങ്ങളിലും ന്യായവും നീതിനിഷ്‌ഠവുമായ കാര്യങ്ങൾ ചെയ്യുന്നത് അതിൽ ഉൾപ്പെടുന്നു.” ഉദാഹരണത്തിന്, ദൈവത്തിന്റെ നീതി, അവന്റെ പരിശുദ്ധിയും നിർമലതയും പോലെ, കേവലം അവനുള്ള ആന്തരികമായ അഥവാ വ്യക്തിഗതമായ ഒരു ഗുണമല്ല. പകരം, അത് അവന്റെ പ്രകൃതത്തിന്റെ ഒരു പ്രകടനമാണ്, നീതിനിഷ്‌ഠവും ന്യായപൂർവകവുമായ വിധങ്ങളിലൂടെയുള്ള ഒരു പ്രകടനം. യഹോവ പരിശുദ്ധനും നിർമലനും ആയതിനാൽ, അവൻ ചെയ്യുന്ന സകലതും അതുപോലെതന്നെ അവനിൽനിന്ന് ഉത്ഭൂതമാകുന്ന സർവവും നീതിനിഷ്‌ഠമാണെന്നു പറയാവുന്നതാണ്. ബൈബിൾ പറയുന്ന പ്രകാരം, “യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും [“വിശ്വസ്‌തനും,” NW] ആകുന്നു.”—സങ്കീർത്തനം 145:17.
6. തന്റെ നാളിലെ ചില അവിശ്വാസികളായ യഹൂദന്മാരെ കുറിച്ചു പൗലൊസ് എന്തു പറഞ്ഞു, എന്തുകൊണ്ട്?
6 റോമിലെ ക്രിസ്‌ത്യാനികൾക്കുള്ള ലേഖനത്തിൽ പൗലൊസ് അപ്പൊസ്‌തലൻ ഇക്കാര്യം ഊന്നിപ്പറഞ്ഞു. അവിശ്വാസികളായ ചില യഹൂദന്മാരെ കുറിച്ച് അവൻ എഴുതി: “അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്‌പെട്ടില്ല.” (റോമർ 10:3) അവരെ ‘ദൈവത്തിന്റെ നീതി അറിയാത്തവർ’ എന്നു പൗലൊസ് പരാമർശിച്ചത് എന്തുകൊണ്ടാണ്? അവർ ന്യായപ്രമാണത്തിൽ, ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങളിൽ, പ്രബോധനം ലഭിച്ചവർ ആയിരുന്നില്ലേ? വാസ്‌തവത്തിൽ, ആയിരുന്നു. എന്നിരുന്നാലും, അവരിൽ ഭൂരിപക്ഷവും സഹമനുഷ്യരുമായുള്ള ഇടപെടലുകളിൽ വഴികാട്ടി ആയിരിക്കേണ്ട ഒരു നിലവാരം ആയിട്ടല്ല, മറിച്ച് മതപരമായ നിയമങ്ങൾ കർക്കശമായി, പണിപ്പെട്ട് പാലിക്കുന്നതിലൂടെ നേടിയെടുക്കേണ്ട ഒരു വ്യക്തിഗത സദ്‌ഗുണമായി മാത്രമാണു നീതിയെ വീക്ഷിച്ചത്. യേശുവിന്റെ നാളിലെ മതനേതാക്കന്മാരെ പോലെ, ന്യായത്തിന്റെയും നീതിയുടെയും യഥാർഥ അർഥം അവർ ഗ്രഹിച്ചില്ല.—മത്തായി 23:23-28.
7. യഹോവയുടെ നീതി എങ്ങനെ പ്രകടമായിരിക്കുന്നു?
7 അതിനു കടകവിരുദ്ധമായി, യഹോവയുടെ നീതി അവന്റെ സകല ഇടപെടലുകളിലും വളരെ സ്‌പഷ്ടമായി പ്രകടമായിരിക്കുന്നു. മനഃപൂർവ പാപികളുടെ പാപങ്ങളെ കണ്ണുമടച്ച് അവഗണിച്ചുകളയാതിരിക്കാൻ അവന്റെ നീതി ആവശ്യപ്പെടുന്നെങ്കിലും, അത് അവനെ ഭയപ്പെട്ട് അകറ്റിനിറുത്തേണ്ട വികാരശൂന്യനും അമിതമായി ആവശ്യപ്പെടുന്നവനുമായ ഒരു ദൈവമാക്കുന്നില്ല. നേരെ മറിച്ച്, യഹോവയുടെ നീതിപ്രവൃത്തികൾ, മനുഷ്യവർഗത്തിന് അവനെ സമീപിക്കാനും പാപത്തിന്റെ ദാരുണ ഫലങ്ങളിൽനിന്നു രക്ഷ നേടാനും കഴിയുന്ന ഒരു അടിസ്ഥാനം പ്രദാനം ചെയ്‌തിരിക്കുന്നു. അതുകൊണ്ട് ‘നീതിമാനായ ദൈവവും രക്ഷിതാവും’ എന്ന വർണന യഹോവയ്‌ക്കു പൂർണമായും ഇണങ്ങും.—യെശയ്യാവു 45:21.
നീതിയും രക്ഷയും
8, 9. ന്യായപ്രമാണം ഏതു വിധങ്ങളിൽ ദൈവത്തിന്റെ നീതിയെ പ്രകടമാക്കി?
8 ദൈവത്തിന്റെ നീതിയും സ്‌നേഹപുരസ്സരമായ അവന്റെ രക്ഷാപ്രവൃത്തിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ, മോശെ മുഖാന്തരം ഇസ്രായേൽ ജനതയ്‌ക്ക് അവൻ കൊടുത്ത ന്യായപ്രമാണത്തെ കുറിച്ചു ചിന്തിക്കുക. ന്യായപ്രമാണം നീതിനിഷ്‌ഠമായിരുന്നു എന്നതിനു സംശയമില്ല. തന്റെ വിടവാങ്ങൽ വാക്കുകളിൽ, മോശെ ഇസ്രായേല്യരെ ഇങ്ങനെ ഓർമിപ്പിച്ചു: “ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്‌ഠജാതി ഏതുള്ളു?” (ആവർത്തനപുസ്‌തകം 4:8) നൂറ്റാണ്ടുകൾക്കു ശേഷം, ഇസ്രായേലിലെ ദാവീദ് രാജാവ് ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.”—സങ്കീർത്തനം 19:9.
9 ന്യായപ്രമാണം മുഖാന്തരം, ശരിയും തെറ്റും സംബന്ധിച്ചുള്ള തന്റെ പൂർണതയുള്ള നിലവാരങ്ങൾ യഹോവ വ്യക്തമാക്കി. മതപരമായ കാര്യങ്ങളിൽ മാത്രമല്ല, ബിസിനസ് ഇടപാടുകളിലും ദാമ്പത്യ ബന്ധത്തിലും ആഹാരകാര്യത്തിലും ശുചിത്വസംബന്ധമായ കാര്യങ്ങളിലും അതുപോലെ തീർച്ചയായും നീതിന്യായ കാര്യങ്ങളിലും ഇസ്രായേല്യരുടെ നടത്ത എങ്ങനെയുള്ളത് ആയിരിക്കണമെന്നതു സംബന്ധിച്ച സൂക്ഷ്‌മ വിശദാംശങ്ങൾ ന്യായപ്രമാണത്തിൽ നൽകിയിരുന്നു. നിയമലംഘികൾക്കെതിരെ കർശനമായ നടപടികൾ ന്യായപ്രമാണം നിർദേശിച്ചിരുന്നു, ചില കേസുകളിൽ മരണശിക്ഷ പോലും. * എന്നാൽ ന്യായപ്രമാണത്തിൽ നൽകപ്പെട്ട ദൈവത്തിന്റെ നീതിനിഷ്‌ഠമായ വ്യവസ്ഥകൾ, ഇന്നു പലരും അവകാശപ്പെടുന്നതു പോലെ, ആളുകളുടെ സ്വാതന്ത്ര്യവും സന്തോഷവും കവർന്നുകളയുന്ന ദുഷ്‌കരവും ക്ഷീണിപ്പിക്കുന്നതുമായ ഒരു ഭാരം ആയിരുന്നോ?
10. യഹോവയെ സ്‌നേഹിച്ചവർക്ക് അവന്റെ നിയമങ്ങൾ സംബന്ധിച്ച് എന്തു തോന്നി?
10 യഹോവയെ സ്‌നേഹിച്ചവർ അവന്റെ നീതിനിഷ്‌ഠമായ നിയമങ്ങളിലും കൽപ്പനകളിലും വലിയ ആനന്ദം കണ്ടെത്തി. ഉദാഹരണത്തിന്, നാം കണ്ടതുപോലെ ദാവീദ് രാജാവ് യഹോവയുടെ വിധികൾ സത്യവും നീതിയുമുള്ളവയാണെന്നു സമ്മതിച്ചുപറയുക മാത്രമല്ല ചെയ്‌തത്, മറിച്ച് അവന് അവയോടു ഹൃദയംഗമമായ പ്രിയവും വിലമതിപ്പും ഉണ്ടായിരുന്നു. യഹോവയുടെ നിയമങ്ങളെയും വിധികളെയും കുറിച്ച് അവൻ ഇങ്ങനെ എഴുതി: “അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു.”—സങ്കീർത്തനം 19:7, 10, 11.
11. ന്യായപ്രമാണം ‘ക്രിസ്‌തുവിന്റെ അടുക്കലേക്കു നടത്തുന്ന ശിശുപാലകൻ’ ആണെന്നു തെളിഞ്ഞത് എങ്ങനെ?
11 നൂറ്റാണ്ടുകൾക്കു ശേഷം, ന്യായപ്രമാണത്തിന്റെ കൂടുതലായ മൂല്യത്തെ കുറിച്ച് പൗലൊസ് ചൂണ്ടിക്കാട്ടി. ഗലാത്യർക്കുള്ള ലേഖനത്തിൽ, അവൻ എഴുതി: “നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്‌തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.” (ഗലാത്യർ 3:24) പൗലൊസിന്റെ നാളിൽ, ഒരു ശിശുപാലകൻ ഒരു വലിയ ഭവനത്തിലെ ദാസൻ അഥവാ അടിമ ആയിരുന്നു. കുട്ടികളെ സംരക്ഷിക്കുന്നതും അവരെ സ്‌കൂളിൽ കൊണ്ടുപോയി വിടുന്നതും അയാളുടെ ചുമതലയിൽ പെട്ടിരുന്നു. സമാനമായി, ചുറ്റുമുള്ള ജനതകളുടെ അധഃപതിച്ച ധാർമികവും മതപരവുമായ ആചാരങ്ങളിൽനിന്നു ന്യായപ്രമാണം ഇസ്രായേല്യരെ സംരക്ഷിച്ചു. (ആവർത്തനപുസ്‌തകം 18:9-13; ഗലാത്യർ 3:23) മാത്രമല്ല, അവരുടെ പാപപൂർണമായ അവസ്ഥയെയും ക്ഷമയ്‌ക്കും രക്ഷയ്‌ക്കും വേണ്ടിയുള്ള അവരുടെ ആവശ്യത്തെയും കുറിച്ച് ന്യായപ്രമാണം ഇസ്രായേല്യരെ ബോധവാന്മാരാക്കി. (ഗലാത്യർ 3:19, NW) യാഗ ക്രമീകരണങ്ങൾ ഒരു മറുവിലയാഗത്തിന്റെ ആവശ്യത്തിലേക്കു വിരൽ ചൂണ്ടുകയും യഥാർഥ മിശിഹായെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പ്രാവചനിക മാതൃക നൽകുകയും ചെയ്‌തു. (എബ്രായർ 10:1, 11, 12) അങ്ങനെ, ന്യായപ്രമാണം മുഖാന്തരം യഹോവ തന്റെ നീതി പ്രകടമാക്കിയപ്പോൾത്തന്നെ, അവൻ ആളുകളുടെ ക്ഷേമവും നിത്യരക്ഷയും മനസ്സിൽ പിടിക്കുകയും ചെയ്‌തു.
ദൈവം നീതിമാന്മാരായി കണക്കാക്കിയവർ
12. ന്യായപ്രമാണം സൂക്ഷ്‌മതയോടെ പിൻപറ്റുകവഴി ഇസ്രായേല്യർക്ക് എന്തു കൈവരിക്കാൻ സാധിക്കുമായിരുന്നു?
12 ദൈവം നൽകിയ ന്യായപ്രമാണം എല്ലാ അർഥത്തിലും നീതിനിഷ്‌ഠമായിരുന്നതിനാൽ, അത് അനുസരിക്കുകവഴി ഇസ്രായേല്യർക്ക് ദൈവമുമ്പാകെ നീതിനിഷ്‌ഠമായ ഒരു നില കൈവരിക്കാൻ സാധിക്കുമായിരുന്നു. ഇസ്രായേല്യർ വാഗ്‌ദത്ത ദേശത്തു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് മോശെ അവരെ ഇപ്രകാരം ഓർമിപ്പിച്ചു: “നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്‌പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകലകല്‌പനകളും ആചരിപ്പാൻ തക്കവണ്ണം കാത്തുകൊള്ളുന്നു ആവർത്തനപുസ്‌തകം 6:25) അതിനു പുറമേ, യഹോവ ഈ വാഗ്‌ദാനം നൽകിയിരുന്നു: “എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.”—ലേവ്യപുസ്‌തകം 18:5; റോമർ 10:5.
എങ്കിൽ നാം നീതിയുള്ളവരായിരിക്കും.” (13. നീതിനിഷ്‌ഠമായ തന്റെ ന്യായപ്രമാണം പാലിക്കണമെന്ന് യഹോവ തന്റെ ജനത്തോട് ആവശ്യപ്പെട്ടത് അനീതിയായിരുന്നോ? വിശദീകരിക്കുക.
13 സങ്കടകരമെന്നു പറയട്ടെ, ഒരു ജനത എന്ന നിലയിൽ, ഇസ്രായേല്യർ ‘യഹോവയുടെ മുമ്പാകെ ഈ സകലകല്‌പനകളും ആചരിക്കാൻ’ പരാജയപ്പെടുകയും അങ്ങനെ വാഗ്‌ദത്ത അനുഗ്രഹങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്‌തു. ദൈവത്തിന്റെ ന്യായപ്രമാണം പൂർണമായിരുന്നു, എന്നാൽ ആ ജനങ്ങൾ പൂർണരായിരുന്നില്ല. അതുകൊണ്ടാണ് ദൈവത്തിന്റെ എല്ലാ കൽപ്പനകളും പാലിക്കാൻ അവർക്കു കഴിയാതെ പോയത്. അതിനർഥം ദൈവം ന്യായരഹിതൻ അല്ലെങ്കിൽ നീതികെട്ടവൻ ആണെന്നാണോ? തീർച്ചയായും അല്ല. പൗലൊസ് എഴുതി: “ആകയാൽ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല.” (റോമർ 9:14) ന്യായപ്രമാണം നൽകുന്നതിനു മുമ്പും ശേഷവും ദൈവം വ്യക്തികളെ, അവർ അപൂർണരും പാപികളും ആയിരുന്നിട്ടും, നീതിമാന്മാരായി കണക്കാക്കി എന്നതാണു വാസ്‌തവം. ദൈവഭയമുണ്ടായിരുന്ന അത്തരം വ്യക്തികളിൽ നോഹ, അബ്രാഹാം, ഇയ്യോബ്, രാഹാബ്, ദാനീയേൽ തുടങ്ങിയവർ പെടുന്നു. (ഉല്‌പത്തി 7:1; 15:6; ഇയ്യോബ് 1:1; യെഹെസ്‌കേൽ 14:14; യാക്കോബ് 2:25) എന്നാൽ ചോദ്യം ഇതാണ്: എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ദൈവം നീതിമാന്മാരായി കണക്കാക്കിയത്?
14. ഒരു മനുഷ്യൻ ‘നീതിമാൻ’ ആയിരിക്കുന്നതായി ബൈബിൾ പറയുമ്പോൾ അത് എന്താണ് അർഥമാക്കുന്നത്?
14 ഒരു മനുഷ്യൻ ‘നീതിമാൻ’ ആയിരിക്കുന്നതായി ബൈബിൾ പറയുമ്പോൾ, അയാൾ പാപരഹിതൻ അഥവാ പൂർണതയുള്ളവൻ ആണെന്ന് അത് അർഥമാക്കുന്നില്ല. മറിച്ച്, ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെയുള്ള ഒരുവന്റെ ചുമതലകൾ നിവർത്തിക്കുന്നതിനെ അത് അർഥമാക്കുന്നു. ഉദാഹരണത്തിന്, നോഹ “നീതിമാനും തന്റെ തലമുറയിൽ നിഷ്‌കളങ്കനുമായിരുന്നു” എന്നു പറഞ്ഞിരിക്കുന്നു. കാരണം, “ദൈവം തന്നോടു കല്‌പിച്ചതൊക്കെയും നോഹ ചെയ്‌തു; അങ്ങനെ തന്നേ അവൻ ചെയ്‌തു.” (ഉല്‌പത്തി 6:9, 22; മലാഖി 3:18) യോഹന്നാൻ സ്‌നാപകന്റെ മാതാപിതാക്കളായ സെഖര്യാവും എലീശബെത്തും “യഹോവയുടെ സകല കൽപ്പനകളും നിയമവ്യവസ്ഥകളും അനുസരിച്ച് കുറ്റമില്ലാത്തവരായി നടന്നതു നിമിത്തം ദൈവസന്നിധിയിൽ നീതിയുള്ളവർ ആയിരുന്നു.” (ലൂക്കൊസ് 1:6, NW) ഇസ്രായേല്യൻ അല്ലായിരുന്ന കൊർന്നേല്യൊസ് എന്നു പേരുള്ള ഒരു ഇറ്റാലിയൻ സൈനിക ഉദ്യോഗസ്ഥനെയും “നീതിമാനും ദൈവഭക്തനും” എന്നു വർണിച്ചിരിക്കുന്നു.—പ്രവൃത്തികൾ 10:22.
15. നീതി എന്തിനോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു?
15 എന്നാൽ മനുഷ്യരിലെ നീതി, ദൈവം ആവശ്യപ്പെടുന്നത് ഒരുവൻ കേവലം ചെയ്യുന്നതുമായി മാത്രമല്ല, മറിച്ച് യഹോവയിലും അവന്റെ വാഗ്‌ദാനങ്ങളിലുമുള്ള ഒരുവന്റെ വിശ്വാസത്തോടും അതുപോലെ അവനോടും ആ വാഗ്‌ദാനങ്ങളോടുമുള്ള വിലമതിപ്പും സ്‌നേഹവും പോലെ ഒരുവന്റെ ഹൃദയത്തിലുള്ള കാര്യങ്ങളോടും അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. അബ്രാഹാം “യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു” എന്നു തിരുവെഴുത്തുകൾ പറയുന്നു. (ഉല്‌പത്തി 15:6) ദൈവത്തിന്റെ അസ്‌തിത്വത്തിൽ മാത്രമല്ല “സന്തതി”യെ കുറിച്ചുള്ള അവന്റെ വാഗ്‌ദാനത്തിലും അബ്രാഹാമിനു വിശ്വാസം ഉണ്ടായിരുന്നു. (ഉല്‌പത്തി 3:15; 12:2; 15:5; 22:18) അത്തരം വിശ്വാസത്തിന്റെയും വിശ്വാസത്തിനു ചേർച്ചയിലുള്ള പ്രവൃത്തികളുടെയും അടിസ്ഥാനത്തിൽ, അപൂർണരായിരുന്നെങ്കിൽ പോലും അബ്രാഹാമിനോടും മറ്റു വിശ്വസ്‌തരോടും ഇടപെടുന്നതിനും അവരെ അനുഗ്രഹിക്കുന്നതിനും യഹോവയ്‌ക്കു കഴിഞ്ഞു.—സങ്കീർത്തനം 36:10; റോമർ 4:20-22.
16. മറുവിലയിലുള്ള വിശ്വാസം എന്തിൽ കലാശിച്ചിരിക്കുന്നു?
16 ആത്യന്തികമായി, മനുഷ്യരിലെ നീതി യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ കുറിച്ച് പൗലൊസ് എഴുതി: “[ദൈവത്തിന്റെ] കൃപയാൽ ക്രിസ്‌തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ [അവർ] നീതീകരിക്കപ്പെടുന്നതു.” (റോമർ 3:24) സ്വർഗീയ രാജ്യത്തിൽ ക്രിസ്‌തുവിനോടൊപ്പം കൂട്ടവകാശികൾ ആയിരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരെ കുറിച്ച് പൗലൊസ് സംസാരിക്കുകയായിരുന്നു. എന്നാൽ യേശുവിന്റെ മറുവിലയാഗം ദൈവത്തിന്റെ മുമ്പാകെ നീതിനിഷ്‌ഠമായ നില കൈവരിക്കുന്നതിനുള്ള അവസരം മറ്റു ദശലക്ഷങ്ങൾക്കും തുറന്നുകൊടുത്തു. “ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു . . . സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്‌ക്കുന്നതു” ഒരു ദർശനത്തിൽ യോഹന്നാൻ അപ്പൊസ്‌തലൻ കണ്ടു. വെള്ള നിലയങ്കി ദൈവമുമ്പാകെയുള്ള അവരുടെ ശുദ്ധവും നീതിനിഷ്‌ഠവുമായ നിലയെ പ്രതീകപ്പെടുത്തുന്നു. കാരണം, അവർ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.”—വെളിപ്പാടു 7:9, 14.
യഹോവയുടെ നീതിയിൽ ആനന്ദിക്കുന്നു
17. നീതി പിന്തുടരുന്നതിൽ ഏതു പടികൾ സ്വീകരിക്കേണ്ടതുണ്ട്?
17 മനുഷ്യർക്കു തന്റെ മുമ്പാകെ നീതിനിഷ്‌ഠമായ നില കൈവരിക്കാനുള്ള മാർഗമെന്ന നിലയിൽ യഹോവ സ്‌നേഹപൂർവം തന്റെ പുത്രനായ യേശുക്രിസ്‌തുവിനെ നൽകിയിരിക്കുന്നെങ്കിലും, അതുകൊണ്ടുള്ള ഫലം തീർച്ചയായും തനിയെ ഉണ്ടാകുന്ന ഒന്നല്ല. ഒരുവൻ മറുവിലയിൽ വിശ്വാസം പ്രകടമാക്കുകയും ദൈവഹിതത്തിനു ചേർച്ചയിൽ തന്റെ ജീവിതം നയിക്കുകയും യഹോവയ്‌ക്കു സമർപ്പണം നടത്തുകയും ജലസ്‌നാപനത്താൽ അതിനെ പ്രതീകപ്പെടുത്തുകയും വേണം. തുടർന്ന്, ഒരുവൻ നീതിയും അതുപോലെ മറ്റ് ആത്മീയ ഗുണങ്ങളും പിന്തുടരുന്നതിൽ തുടരേണ്ടതുണ്ട്. സ്വർഗീയ വിളി ലഭിച്ച സ്‌നാപനമേറ്റ ഒരു ക്രിസ്‌ത്യാനി ആയിരുന്ന തിമൊഥെയൊസിനെ പൗലൊസ് ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നീതി, ഭക്തി, വിശ്വാസം, സ്‌നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.” (1 തിമൊഥെയൊസ് 6:11; 2 തിമൊഥെയൊസ് 2:22, NW) തുടർച്ചയായ ശ്രമത്തിന്റെ ആവശ്യത്തിനാണ്, പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ യേശുവും ഊന്നൽ നൽകിയത്: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ [“അന്വേഷിച്ചുകൊണ്ടേയിരിക്കുക,” NW].” ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങൾ അന്വേഷിക്കുന്നതിന് നാം കഠിനശ്രമം ചെയ്യുന്നുണ്ടാകാം, എന്നാൽ യഹോവയുടെ നീതിനിഷ്‌ഠമായ വഴികൾ പിന്തുടരുന്നതിന് അതുപോലെ കഠിനമായി നാം പ്രവർത്തിക്കുന്നുണ്ടോ?—മത്തായി 6:33.
18. (എ) നീതി പിന്തുടരുന്നത് എളുപ്പമല്ലാത്തത് എന്തുകൊണ്ട്? (ബി) ലോത്തിന്റെ മാതൃകയിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
18 നീതി പിന്തുടരുന്നതു തീർച്ചയായും എളുപ്പമല്ല. നാമെല്ലാം അപൂർണരും സ്വാഭാവികമായി നീതികേടിനോടു ചായ്‌വുള്ളവരും ആയതിനാലാണ് ഇത്. (യെശയ്യാവു 64:6) മാത്രമല്ല, യഹോവയുടെ നീതിനിഷ്‌ഠമായ വഴികളെ കുറിച്ചു ഗൗനിക്കാത്ത ആളുകളാണു നമുക്കു ചുറ്റുമുള്ളത്. ദുഷ്ടതയ്‌ക്കു പേരുകേട്ട സൊദോം നഗരത്തിൽ ജീവിച്ചിരുന്ന ലോത്തിന്റേതിനോടു വളരെ സമാനമായ ചുറ്റുപാടുകളാണു നമ്മുടേത്. ആസന്നമായ നാശത്തിൽനിന്നു ലോത്തിനെ വിടുവിക്കുന്നത് ഉചിതമാണെന്നു യഹോവ കണ്ടത് എന്തുകൊണ്ടെന്ന് പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ പത്രൊസ് അപ്പൊസ്‌തലൻ വിശദീകരിച്ചു: ‘അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്ത നീതിമാനായ ലോത്തിനെ അവൻ വിടുവിച്ചു.’ (2 പത്രൊസ് 2:7, 8) അതുകൊണ്ട് നാമോരോരുത്തരും ഇങ്ങനെ ചോദിക്കുന്നത് ഉചിതമാണ്: ‘നമുക്കു ചുറ്റും നടക്കുന്ന അധാർമിക പ്രവൃത്തികൾക്കു ഞാൻ ഹൃദയംകൊണ്ട് മൗനസമ്മതം നൽകുന്നുവോ? ജനരഞ്‌ജകവും അതേസമയം അക്രമാസക്തവുമായ വിനോദവും സ്‌പോർട്‌സും കേവലം അനാസ്വാദ്യകരമായേ ഞാൻ കാണുന്നുള്ളോ? അത്തരം അനീതിയുള്ള പ്രവൃത്തികൾ കാണുമ്പോൾ ലോത്തിനെ പോലെ എന്റെ മനസ്സു നോവുന്നുണ്ടോ?’
19. ദൈവത്തിന്റെ നീതിയിൽ നാം ആനന്ദം കണ്ടെത്തുന്നെങ്കിൽ, എന്തെല്ലാം അനുഗ്രഹങ്ങൾ നമ്മുടേതായിരിക്കും?
19 ആപത്തും അനിശ്ചിതത്വവും നിറഞ്ഞ ഇക്കാലത്ത് യഹോവയുടെ നീതിയിൽ ആനന്ദിക്കുന്നതു സുരക്ഷിതത്വത്തിന്റെയും സംരക്ഷണത്തിന്റെയും ഒരു ഉറവാണ്. സങ്കീർത്തനം 15:1, 2) ദൈവത്തിന്റെ നീതി പിന്തുടരുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുകവഴി, നമുക്ക് അവനുമായി നല്ലൊരു ബന്ധം നിലനിറുത്താനും അവന്റെ അംഗീകാരവും അനുഗ്രഹവും ആസ്വദിക്കുന്നതിൽ തുടരാനും കഴിയും. അങ്ങനെ, സംതൃപ്‌തിയും ആത്മാഭിമാനവും മനസ്സമാധാനവുമുള്ള ഒരു ജീവിതമാണു നമ്മുടേത്. “നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും” എന്ന് ദൈവവചനം പറയുന്നു. (സദൃശവാക്യങ്ങൾ 21:21) മാത്രമല്ല, എല്ലായ്‌പോഴും ന്യായപൂർണവും നീതിനിഷ്‌ഠവുമായ കാര്യങ്ങൾ ചെയ്യാൻ പരമാവധി ശ്രമിക്കുന്നതിന്റെ ഫലമായി നമുക്കു സന്തുഷ്ടമായ വ്യക്തിബന്ധങ്ങളും ധാർമികവും ആത്മീയവുമായി ഏറെ ഗുണമേന്മയുള്ള ഒരു ജീവിതവും ആസ്വദിക്കാൻ കഴിയും. സങ്കീർത്തനക്കാരൻ പ്രഖ്യാപിച്ചു: “ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്‌പോഴും നീതി പ്രവർത്തിക്കുന്നവനും ഭാഗ്യവാന്മാർ [“സന്തുഷ്ടരാകുന്നു,” NW].”—സങ്കീർത്തനം 106:3.
“യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും?” എന്ന ചോദ്യത്തിന് ദാവീദ് രാജാവ് ഇങ്ങനെ ഉത്തരം നൽകി: ‘നിഷ്‌കളങ്കനായി നടന്നു നീതി പ്രവർത്തിക്കുന്നവൻ.’ ([അടിക്കുറിപ്പുകൾ]
^ ഖ. 9 മോശൈക ന്യായപ്രമാണത്തിന്റെ വ്യാപ്‌തി സംബന്ധിച്ചുള്ള വിശദാംശങ്ങൾക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ചയുടെ (ഇംഗ്ലീഷ്) രണ്ടാം വാല്യത്തിന്റെ 214-20 പേജുകളിൽ നൽകിയിരിക്കുന്ന “ന്യായപ്രമാണ ഉടമ്പടിയുടെ ചില സവിശേഷതകൾ” എന്ന ലേഖനം കാണുക.
നിങ്ങൾക്കു വിശദീകരിക്കാമോ?
• എന്താണു നീതി?
• രക്ഷ ദൈവത്തിന്റെ നീതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
• എന്തിന്റെ അടിസ്ഥാനത്തിലാണു ദൈവം മനുഷ്യരെ നീതിമാന്മാരായി കണക്കാക്കുന്നത്?
• യഹോവയുടെ നീതിയിൽ നമുക്ക് എങ്ങനെ ആനന്ദം കണ്ടെത്താൻ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ചിത്രങ്ങൾ]
ദാവീദ് രാജാവ് ദൈവനിയമങ്ങളോടു ഹൃദയംഗമമായ പ്രിയം പ്രകടമാക്കി
[16-ാം പേജിലെ ചിത്രങ്ങൾ]
നോഹ, അബ്രാഹാം, സെഖര്യാവ്, എലീശബെത്ത്, കൊർന്നേല്യൊസ് തുടങ്ങിയവരെയെല്ലാം ദൈവം നീതിമാന്മാരായി കണക്കാക്കി. അത് എന്തുകൊണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?