വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

സ്‌നാപനമേൽക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക്‌ ജലനിമജ്ജനം ദുഷ്‌കരമാക്കിത്തീർക്കുന്ന ഗുരുതരമായ ഒരു ശാരീരിക വൈകല്യം ഉണ്ടായിരിക്കുകയോ ആരോഗ്യം തീർത്തും മോശമായിരിക്കുകയോ ചെയ്യുന്നെങ്കിൽ പോലും പൂർണമായ ജലനിമജ്ജനം അനിവാര്യമാണോ?

“മുക്കുക” എന്ന്‌ അർഥമുള്ള വാപ്‌റ്റോ എന്ന ഗ്രീക്കു ക്രിയാപദത്തിന്റെ പരിഭാഷയാണ്‌ ‘സ്‌നാനപ്പെടുത്തുക’ എന്ന വാക്ക്‌. (യോഹന്നാൻ 13:26) ബൈബിളിൽ ‘സ്‌നാനപ്പെടുത്തുക’ എന്നതും ‘നിമജ്ജനം ചെയ്യുക’ എന്നതും ഒരേ അർഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഫിലിപ്പൊസ്‌ നിർവഹിച്ച എത്യോപ്യൻ ഷണ്ഡന്റെ സ്‌നാപനത്തെ കുറിച്ച്‌ റോഥർഹാമിന്റെ ദി എംഫസൈസ്‌ഡ്‌ ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “അവർ ഇരുവരും, ഫിലിപ്പൊസും ഷണ്ഡനും, വെള്ളത്തിലിറങ്ങി​—⁠അവൻ അവനെ നിമജ്ജനം ചെയ്‌തു.” (പ്രവൃത്തികൾ 8:38) അതിനാൽ, സ്‌നാപനമേൽക്കുന്ന വ്യക്തിയെ വാസ്‌തവത്തിൽ വെള്ളത്തിൽ മുക്കുകയാണു ചെയ്യുന്നത്‌.​—⁠മത്തായി 3:16; മർക്കൊസ്‌ 1:⁠10.

യേശു ശിഷ്യന്മാർക്ക്‌ ഈ നിർദേശം നൽകി: ‘ആകയാൽ നിങ്ങൾ പുറപ്പെട്ട്‌, സ്‌നാനം കഴിപ്പിച്ച്‌ സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.’ (മത്തായി 28:19, 20) അതനുസരിച്ച്‌, പൂർണ നിമജ്ജനത്തിനു വേണ്ടത്ര വെള്ളമുള്ള കുളങ്ങളിലും തടാകങ്ങളിലും നദികളിലും മറ്റും യഹോവയുടെ സാക്ഷികൾ സ്‌നാപനത്തിനുള്ള ക്രമീകരണം നടത്തുന്നു. പൂർണമായ നിമജ്ജനം തിരുവെഴുത്തുപരമായ ഒരു വ്യവസ്ഥ ആയതിനാൽ, സ്‌നാപനത്തിൽനിന്ന്‌ ആർക്കെങ്കിലും ഒഴിവു നൽകാൻ മനുഷ്യർക്ക്‌ യാതൊരു അധികാരമില്ല. അതിനാൽ, ഒരു വ്യക്തിയുടെ പ്രത്യേക സാഹചര്യം നിമിത്തം അസാധാരണ നടപടികൾ ആവശ്യമാണെങ്കിൽ പോലും അയാൾ സ്‌നാപനമേൽക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌, കുളിക്കാനുള്ള വലിയ ടബ്ബുകൾ പ്രായാധിക്യമുള്ളവർക്കും തീരെ ദുർബലമായ ആരോഗ്യമുള്ളവർക്കും ഇക്കാര്യത്തിൽ സഹായകമായിരുന്നിട്ടുണ്ട്‌. ചെറിയ ചൂടുള്ള വെള്ളം ടബ്ബിൽ നിറയ്‌ക്കാവുന്നതാണ്‌. സ്‌നാപനാർഥിയെ ക്രമേണ, സാവധാനം വെള്ളത്തിലേക്ക്‌ ഇറക്കുക. അങ്ങനെ ആ വ്യക്തി വെള്ളത്തിന്റെ താപനിലയുമായി പൊരുത്തപ്പെട്ടു കഴിയുമ്പോൾ യഥാർഥ സ്‌നാപനം നടത്താൻ കഴിയും.

ഗുരുതരമായ ശാരീരിക വൈകല്യമുള്ളവർ പോലും സ്‌നാപനമേറ്റിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ശ്വാസനാള ശസ്‌ത്രക്രിയയ്‌ക്കു വിധേയരായിട്ടുള്ളവർക്ക്‌ എപ്പോഴും തൊണ്ടയിൽ ഒരു ദ്വാരം ഉണ്ടായിരിക്കും. ഇനി, മറ്റു ചിലർക്കു കൃത്രിമ ശ്വസനോപകരണം ഉപയോഗിക്കേണ്ടതുണ്ട്‌. തീർച്ചയായും, അത്തരം അവസ്ഥയിലുള്ള എല്ലാവരുടെയും സ്‌നാപനങ്ങൾക്കു സമഗ്രമായ തയ്യാറെടുപ്പുകൾ ആവശ്യമായിവരും. സഹായത്തിനായി പരിശീലനം ലഭിച്ച ഒരു നേഴ്‌സോ ഡോക്ടറോ സ്ഥലത്തുണ്ടായിരിക്കുന്നത്‌ അഭികാമ്യമാണ്‌. എന്നാൽ, പ്രത്യേക ശ്രദ്ധയും മുൻകരുതലുകളും എടുക്കുമ്പോൾ മിക്കവാറും എല്ലാ കേസുകളിലും സ്‌നാപനം നടത്താൻ കഴിയും. അതിനാൽ, ഒരു വ്യക്തി സ്‌നാപനമേൽക്കാൻ ആത്മാർഥമായി ആഗ്രഹിക്കുകയും ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകൾ സ്വീകരിക്കാൻ സന്നദ്ധനായിരിക്കുകയും ചെയ്യുമ്പോൾ, ആ വ്യക്തിയെ വെള്ളത്തിൽ സ്‌നാപനപ്പെടുത്തുന്നതിനു ന്യായമായ സകല ശ്രമവും നടത്തണം.