വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈജിപ്‌തിലെ നിക്ഷേപങ്ങളെക്കാൾ വിലയേറിയത്‌

ഈജിപ്‌തിലെ നിക്ഷേപങ്ങളെക്കാൾ വിലയേറിയത്‌

ഈജിപ്‌തിലെ നിക്ഷേപങ്ങളെക്കാൾ വിലയേറിയത്‌

ഏറ്റവും മഹാന്മാരായ ചരിത്ര വ്യക്തികളിൽ ഒരാളാണ്‌ മോശെ. പുറപ്പാടു മുതൽ ആവർത്തനം വരെയുള്ള നാലു ബൈബിൾ പുസ്‌തകങ്ങളുടെ ഉള്ളടക്കം ഏതാണ്ടു പൂർണമായും മോശെയുടെ നേതൃത്വത്തിൻ കീഴിലായിരുന്ന ഇസ്രായേലിനോടുള്ള ദൈവത്തിന്റെ ഇടപെടലുകളെ കുറിച്ചുള്ളതാണ്‌. ഈജിപ്‌തിൽനിന്നുള്ള അവരുടെ പുറപ്പാടിനു മേൽനോട്ടം വഹിച്ചതും ന്യായപ്രമാണ ഉടമ്പടിക്കു മാധ്യസ്ഥ്യം വഹിച്ചതും ഇസ്രായേലിനെ വാഗ്‌ദത്ത ദേശത്തിന്റെ അതിർത്തിയിലേക്കു നയിച്ചതും അവനാണ്‌. ഫറവോന്റെ കുടുംബത്തിലാണ്‌ മോശെ വളർന്നതെങ്കിലും, അവൻ ദൈവജനത്തിനിടയിലെ അധികാരപ്പെടുത്തപ്പെട്ട നേതാവും പ്രവാചകനും ന്യായാധിപനും ദിവ്യനിശ്വസ്‌ത എഴുത്തുകാരനും ആയിത്തീർന്നു, എന്നിട്ടും, അവൻ “സകല മനുഷ്യരിലും അതിസൌമ്യ”നായിരുന്നു.​—⁠സംഖ്യാപുസ്‌തകം 12:⁠3.

മോശെയെ കുറിച്ചുള്ള ബൈബിൾ വിവരണത്തിലധികവും, അടിമത്തത്തിൽ ആയിരുന്ന ഇസ്രായേലിന്റെ വിടുതൽ മുതൽ 120-ാം വയസ്സിലെ മോശെയുടെ മരണം വരെയുള്ള അവന്റെ ജീവിതത്തിലെ അവസാനത്തെ 40 വർഷത്തെ കുറിച്ചുള്ളതാണ്‌. 40 മുതൽ 80 വരെയുള്ള പ്രായത്തിനിടയ്‌ക്ക്‌ അവൻ മിദ്യാനിൽ ഒരു ആട്ടിടയൻ ആയിരുന്നു. എന്നാൽ “അവന്റെ ജീവിതത്തിലെ ഏറ്റവും താത്‌പര്യജനകവും അതേസമയം ഏറ്റവും അവ്യക്തവുമായ കാലഘട്ടം,” ജനനം മുതൽ ഈജിപ്‌തിൽനിന്ന്‌ ഓടിപ്പോകുന്നതുവരെയുള്ള ആദ്യത്തെ 40 വർഷം “ആയിരിക്കാം” എന്ന്‌ ഒരു ഉറവിടം പറയുന്നു. ഈ കാലഘട്ടത്തെ കുറിച്ചു നമുക്ക്‌ എന്താണു മനസ്സിലാക്കാനാവുക? മോശെ വളർന്ന സാഹചര്യങ്ങൾ അവന്റെ പിൽക്കാല ജീവിതത്തെ എങ്ങനെ ബാധിച്ചു? അവൻ ഏതു സ്വാധീനങ്ങൾക്കു വിധേയനായി? അവന്‌ ഏതെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവന്നു? അവയെല്ലാം നമ്മെ എന്തു പഠിപ്പിക്കുന്നു?

ഈജിപ്‌തിലെ അടിമത്തം

ഈജിപ്‌തിൽ കഴിയുന്ന ഇസ്രായേൽ ജനം എണ്ണത്തിൽ പെരുകുന്നതു നിമിത്തം ഫറവോൻ അവരെ ഭയപ്പെട്ടു തുടങ്ങിയെന്നു പുറപ്പാടു പുസ്‌തകം പറയുന്നു. താൻ “തന്ത്രപൂർവ്വം” പ്രവർത്തിക്കുകയാണെന്നു വിചാരിച്ചുകൊണ്ട്‌, ഊഴിയവിചാരകന്മാരുടെ ചാട്ടവാർ പ്രഹരമേറ്റുകൊണ്ടുള്ള കഠിനമായ അടിമപ്പണിക്ക്‌ അവരെ വിധേയരാക്കി അവരുടെ അംഗസംഖ്യ കുറയ്‌ക്കാൻ ഫറവോൻ ശ്രമിച്ചു. ഭാരം ചുമക്കുന്നതും കളിമണ്ണ്‌ കുഴച്ചെടുക്കുന്നതും ദിവസേന നിശ്ചിത എണ്ണം ഇഷ്ടിക ഉണ്ടാക്കുന്നതും അവരുടെ കഠിനവേലയിൽ ഉൾപ്പെട്ടിരുന്നു.​—⁠പുറപ്പാടു 1:8-14; 5:6-18, പി. ഒ. സി. ബൈബിൾ.

മോശെ ജനിച്ച സമയത്തെ ഈജിപ്‌തിനെ കുറിച്ചുള്ള ഈ വിവരണം ചരിത്രപരമായ തെളിവുകളോടു കൃത്യമായി യോജിക്കുന്നുണ്ട്‌. പൊ.യു.മു. രണ്ടാം സഹസ്രാബ്ദത്തിലോ അതിനു മുമ്പോ അടിമകൾ മണ്ണിഷ്ടിക നിർമിക്കുന്നതിനെ കുറിച്ച്‌ പുരാതന പപ്പൈറസ്‌ രേഖയും കുറഞ്ഞപക്ഷം ഒരു ശവകുടീരത്തിലെ ചിത്രീകരണവും വിവരിക്കുന്നുണ്ട്‌. ഇഷ്ടിക നൽകാനുള്ള ഉത്തരവാദിത്വം വഹിക്കുന്ന ഉദ്യോഗസ്ഥർ നൂറുകണക്കിന്‌ അടിമകളെ 6 മുതൽ 18 വരെ പേർ അടങ്ങുന്ന കൂട്ടങ്ങളായി തിരിച്ച്‌ ഒരു തലവന്റെ കീഴിൽ ആക്കിയിരുന്നു. കളിമണ്ണ്‌ കുഴിച്ചെടുക്കുകയും വൈക്കോൽ ഇഷ്ടികക്കളത്തിലേക്കു ചുമന്നുകൊണ്ടുവരികയും ചെയ്യണമായിരുന്നു. വിവിധ ദേശക്കാരായ പണിക്കാർ വെള്ളം ശേഖരിച്ച്‌, വെള്ളവും കളിമണ്ണും വൈക്കോലും മൺവെട്ടി ഉപയോഗിച്ച്‌ കുഴച്ചിരുന്നു. ദീർഘചതുരാകൃതിയുള്ള അച്ചുകൊണ്ട്‌ അവർ ധാരാളം ഇഷ്ടികകൾ ഉണ്ടാക്കിയിരുന്നു. വെയിലത്തുണങ്ങിയ ഇഷ്ടികകൾ ഒരു തണ്ടിന്റെ രണ്ടഗ്രങ്ങളിൽ കെട്ടിയ കൊട്ടകളിലാക്കി ചുമലിൽ വഹിച്ച്‌ പണിസ്ഥലത്ത്‌ എത്തിച്ചിരുന്നു. പണിസ്ഥലം മറ്റൊരു നിരപ്പിലാണെങ്കിൽ ചിലപ്പോഴൊക്കെ ചരിഞ്ഞ പ്രതലത്തിലൂടെ വേണമായിരുന്നു അതു വഹിച്ചുകൊണ്ടുപോകാൻ. ഈജിപ്‌തുകാരായ മേൽനോട്ടക്കാർ കൈയിൽ വടിയുമായി വേല സശ്രദ്ധം വീക്ഷിച്ചുകൊണ്ട്‌ ഒരിടത്ത്‌ ഇരിക്കുകയോ പതിയെ നടക്കുകയോ ചെയ്‌തിരുന്നു.

602 തൊഴിലാളികൾ 39,118 ഇഷ്ടിക ഉണ്ടാക്കിയതായി കണക്കു രേഖപ്പെടുത്തുന്ന ഒരു പുരാതന രേഖ സൂചിപ്പിക്കുന്നു. അതായത്‌, ഒരാൾ തന്റെ ജോലിസമയത്ത്‌ ശരാശരി 65 ഇഷ്ടിക വീതം നിർമിച്ചിരുന്നു. പൊ.യു.മു. 13-ാം നൂറ്റാണ്ടിലെ ഒരു രേഖ പറയുന്നു: “പുരുഷന്മാർ ദിവസവും . . . തങ്ങൾ നൽകേണ്ട നിശ്ചിത എണ്ണം ഇഷ്ടികകൾ ഉണ്ടാക്കുന്നു.” ഇതെല്ലാം, ഇസ്രയേല്യരെക്കൊണ്ടു ചെയ്യിച്ചിരുന്ന വേലയെ കുറിച്ച്‌ പുറപ്പാടു പുസ്‌തകം പറയുന്നതിനോടു വളരെ സമാനമാണ്‌.

അടിച്ചമർത്തൽകൊണ്ട്‌ എബ്രായരുടെ അംഗസംഖ്യ കുറയ്‌ക്കാനായില്ല. പകരം, ‘[ഈജിപ്‌തുകാർ] പീഡിപ്പിക്കുന്തോറും ജനം പെരുകിവർദ്ധിച്ചു; അതുകൊണ്ടു അവർ ഇസ്രായേൽ മക്കൾനിമിത്തം പേടിച്ചു.’ (പുറപ്പാടു 1:10, 12) അതുകൊണ്ട്‌, ഇസ്രായേല്യർക്കു പിറക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയാൻ ഫറവോൻ ആദ്യം എബ്രായ സൂതികർമിണികളോടും പിന്നീട്‌ തന്റെ സകല ജനത്തോടും ആജ്ഞാപിച്ചു. അത്തരമൊരു ഭീകരാന്തരീക്ഷത്തിലാണ്‌ യോഖേബെദിനും അമ്രാമിനും മോശെയെന്ന സുന്ദരനായ ശിശു ജനിക്കുന്നത്‌.​—⁠പുറപ്പാടു 1:15-22; 6:20; പ്രവൃത്തികൾ 7:20.

ഒളിപ്പിക്കുന്നു, കണ്ടെത്തുന്നു, ദത്തെടുക്കുന്നു

മോശെയുടെ മാതാപിതാക്കൾ ഫറവോന്റെ നരഹത്യാപരമായ കൽപ്പന അവഗണിച്ചുകൊണ്ട്‌ ശിശുവിനെ ഒളിപ്പിച്ചു. ചാരന്മാരും വീടുകയറി പരിശോധിക്കുന്നവരും ശിശുക്കളെ കണ്ടുപിടിക്കാൻ കൂടെക്കൂടെ തിരച്ചിൽ നടത്തുന്നതിനിടയിലാണോ അവർ അങ്ങനെ ചെയ്‌തത്‌? ഉറപ്പു പറയാനാവില്ല. എന്തായാലും മൂന്നു മാസത്തിലധികം മോശെയുടെ മാതാപിതാക്കൾക്ക്‌ അവനെ ഒളിപ്പിച്ചുവെക്കാൻ സാധിച്ചില്ല. അതുകൊണ്ട്‌ അറ്റകൈയെന്ന നിലയിൽ അവന്റെ അമ്മ ഞാങ്ങണകൊണ്ട്‌ ഒരു കൊട്ട ഉണ്ടാക്കി വെള്ളംകടക്കാതിരിക്കാൻ അതിനു കീൽ തേച്ച്‌ കുട്ടിയെ അതിനുള്ളിൽ കിടത്തി. ജനിക്കുന്ന എല്ലാ എബ്രായ ആൺകുഞ്ഞുങ്ങളെയും നൈൽ നദിയിൽ എറിഞ്ഞുകളയാനുള്ള ഫറവോന്റെ കൽപ്പന, യോഖേബെദ്‌ ഒരർഥത്തിൽ അനുസരിച്ചു എന്നു പറയാം, അതിന്റെ യഥാർഥ അർഥത്തിലല്ലെങ്കിലും. മോശെയുടെ മൂത്ത സഹോദരി മിര്യാം കുറച്ചകലെനിന്ന്‌ അവന്‌ എന്തു സംഭവിക്കുന്നുവെന്നു നോക്കിക്കൊണ്ടിരുന്നു.​—⁠പുറപ്പാടു 1:22-2:⁠4.

ഫറവോന്റെ പുത്രി നദിയിൽ കുളിക്കാൻ വരുമ്പോൾ അവൾ മോശെയെ കാണണമെന്ന്‌ യോഖേബെദ്‌ ഉദ്ദേശിച്ചിരുന്നോ എന്നു നമുക്ക്‌ അറിയില്ല. പക്ഷേ, സംഭവിച്ചത്‌ അതാണ്‌. ആ രാജകുമാരി ഈ ശിശു എബ്രായരുടേതാണെന്നു തിരിച്ചറിഞ്ഞു. അവൾ എന്തു ചെയ്യുമായിരുന്നു? തന്റെ പിതാവിന്റെ കൽപ്പനയോടുള്ള ചേർച്ചയിൽ അതിനെ കൊന്നുകളയാൻ അവൾ കൽപ്പിക്കുമായിരുന്നോ? ഇല്ല, മിക്ക സ്‌ത്രീകളെയും പോലെതന്നെയാണ്‌ അവളും പ്രതികരിച്ചത്‌. അവൾക്ക്‌ അലിവു തോന്നി.

മിര്യാം പെട്ടെന്ന്‌ അവളുടെ അടുക്കൽ വന്ന്‌ “ഈ കുട്ടിയെ നിനക്കായി മുലകൊടുത്തു വളർത്താൻ ഒരു എബ്രായസ്‌ത്രീയെ കൂട്ടിക്കൊണ്ടുവരട്ടെ”എന്നു ചോദിച്ചു. ചിലർ ഈ തിരുവെഴുത്തു ഭാഗത്തു വൈപരീത്യമുള്ളതായി കണ്ടെത്തുന്നു. എബ്രായരോടു വളരെ “തന്ത്രപൂർവം” പെരുമാറാനായി തന്റെ ഉപദേശകരുമായി കൂടിയാലോചിച്ച്‌ പദ്ധതി തയ്യാറാക്കിയ ഫറവോനിൽനിന്നു നേർവിപരീതമായ ഒരു വിധത്തിൽ മോശെയുടെ സഹോദരി ‘തന്ത്രപൂർവ്വം’ പ്രവർത്തിച്ചു. തീർച്ചയായും, ആ രാജകുമാരി മോശെയുടെ സഹോദരി പറഞ്ഞ കാര്യത്തോടു യോജിച്ചപ്പോൾ മാത്രമാണ്‌ അവന്റെ ക്ഷേമം ഉറപ്പാക്കപ്പെട്ടത്‌. “പോയി കൊണ്ടുവരൂ” എന്നു ഫറവോന്റെ പുത്രി പ്രതിവചിച്ചപ്പോൾ മിര്യാം പെട്ടെന്നുതന്നെ തന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. ശ്രദ്ധേയമായ ഒരു വ്യവസ്ഥയിൽ, രാജകീയ സംരക്ഷണത്തോടെ സ്വന്തം കുട്ടിയെ വളർത്താൻ യോഖേബെദ്‌ ശമ്പളത്തിന്‌ എടുക്കപ്പെട്ടു.​—⁠പുറപ്പാടു 2:5-9, ഓശാന ബൈബിൾ.

രാജകുമാരിക്ക്‌ തോന്നിയ മനസ്സലിവ്‌ അവളുടെ പിതാവിന്റെ ക്രൂരതയ്‌ക്ക്‌ നിശ്ചയമായും എതിരാണ്‌. കുട്ടിയുടെ കാര്യത്തിൽ അവൾ കാര്യമറിയാതെ പ്രവർത്തിക്കുകയോ വഞ്ചിക്കപ്പെടുകയോ ആയിരുന്നില്ല. ഹൃദ്യമായ സഹതാപമാണ്‌ കുട്ടിയെ ദത്തെടുക്കാൻ അവളെ പ്രേരിപ്പിച്ചത്‌. ഒരു എബ്രായ പോറ്റമ്മയെ വിളിക്കാനുള്ള ആശയത്തോട്‌ അവൾ യോജിച്ചത്‌ സ്വന്ത പിതാവിന്റെ മുൻവിധികൾ അവൾക്കില്ലായിരുന്നു എന്നു വെളിപ്പെടുത്തുന്നു.

വളർത്തപ്പെട്ട വിധവും വിദ്യാഭ്യാസവും

യോഖേബെദ്‌ “പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തുവളർത്തി. പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടുപോയി, അവൻ അവൾക്കു മകനായി.” (പുറപ്പാടു 2:9, 10) മോശെ തന്റെ സ്വന്തം മാതാപിതാക്കളോടൊത്ത്‌ എത്രകാലം കഴിഞ്ഞെന്നു ബൈബിൾ പറയുന്നില്ല. മുലകുടി മാറുന്നതുവരെ​—⁠രണ്ടോ മൂന്നോ വർഷം​—⁠എങ്കിലും അവൻ അവരോടൊപ്പം കഴിഞ്ഞിരിക്കാം എന്നു ചിലർ പറയുന്നുണ്ടെങ്കിലും, അതിനെക്കാൾ ദീർഘമായ ഒരു കാലഘട്ടം അവൻ അവരോടൊത്തു ചെലവഴിച്ചിരിക്കാം. മാതാപിതാക്കളുടെ അടുക്കൽ അവൻ ‘വളർന്നു’ എന്നേ പുറപ്പാടു പുസ്‌തകം പറയുന്നുള്ളൂ. അത്‌ ഏതു പ്രായത്തിൽ എത്തുന്നതിനെയും അർഥമാക്കാൻ കഴിയും. എന്തായിരുന്നാലും, യോഖേബെദും അമ്രാമും മകനെ, അവന്റെ എബ്രായ ഉത്ഭവത്തെ കുറിച്ചു ബോധവാനാക്കാനും യഹോവയെ കുറിച്ചു പഠിപ്പിക്കാനും ആ സമയം ഉപയോഗിച്ചുവെന്നതിനു തർക്കമില്ല. മോശെയുടെ ഹൃദയത്തിൽ വിശ്വാസവും നീതിയോടുള്ള സ്‌നേഹവും ഉൾനടുന്നതിൽ അവർ എത്രത്തോളം വിജയിച്ചെന്നു കാലം തെളിയിക്കുമായിരുന്നു.

ഫറവോന്റെ പുത്രിയുടെ അടുത്തേക്കു തിരിച്ചുവന്നശേഷം, മോശെ “മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു.” (പ്രവൃത്തികൾ 7:22) ഗവൺമെന്റ്‌ പദവിക്ക്‌ മോശെയെ പ്രാപ്‌തനാക്കുന്ന തരം പരിശീലനത്തെ അത്‌ അർഥമാക്കുമായിരുന്നു. ഈജിപ്‌തിലെ ബൃഹത്തായ പാഠ്യപദ്ധതിയിൽ ഗണിതം, ജ്യാമിതി, വാസ്‌തുവിദ്യ, നിർമാണവിദ്യ എന്നിവയും മറ്റു കലകളും ശാസ്‌ത്രവും ഉൾപ്പെട്ടിരുന്നു. അവനെ ഈജിപ്‌ഷ്യൻ മതത്തെ കുറിച്ചു പഠിപ്പിക്കാനും രാജകുടുംബം ആഗ്രഹിച്ചിരുന്നിരിക്കാം.

മറ്റു രാജസന്തതികളോടൊപ്പമായിരിക്കാം മോശെയ്‌ക്ക്‌ മേൽപ്പറഞ്ഞ തരത്തിലുള്ള അതുല്യമായ വിദ്യാഭ്യാസം ലഭിച്ചത്‌. അത്തരം ഉന്നത വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം അനുഭവിച്ചവരിൽ “‘സംസ്‌കാരമുള്ള’വരാകാനായി ഈജിപ്‌തിലേക്ക്‌ അയയ്‌ക്കപ്പെടുകയോ ബന്ദികളായി കൊണ്ടുപോകുകയോ ചെയ്‌തവരും പിന്നീട്‌ തിരിച്ചു പോയി” ഫറവോനോടു കൂറുള്ള “ആശ്രിതരായി ഭരണം നടത്തുകയും ചെയ്‌തിരുന്ന വിദേശ ഭരണാധികാരികളുടെ മക്കളും” ഉണ്ടായിരുന്നു. (തുറ്റ്‌മോസിന്റെ വാഴ്‌ച IV [ഇംഗ്ലീഷ്‌], ബെറ്റ്‌സി എം. ബ്രയൻ രചിച്ചത്‌) രാജകൊട്ടാരങ്ങളോട്‌ അനുബന്ധിച്ച്‌ ഉണ്ടായിരുന്ന നഴ്‌സറികൾ കുട്ടികളെ കൊട്ടാര ഉദ്യോഗസ്ഥരാകാൻ സജ്ജരാക്കിയിരുന്നതായി തോന്നുന്നു. * ഈജിപ്‌ഷ്യൻ മധ്യരാജവംശ ഘട്ടത്തിലെയും നവരാജവംശ ഘട്ടത്തിലെയും ആലേഖനങ്ങൾ, ഫറവോന്റെ അംഗസേവകരും ഉന്നത പദവിയിലുള്ള ഗവൺമെന്റ്‌ ഉദ്യോഗസ്ഥരും മുതിർന്നിട്ടുപോലും, “നഴ്‌സറിയിലെ കുട്ടി” എന്ന ബഹുമാന്യമായ പേര്‌ നിലനിറുത്തി പോന്നിരുന്നുവെന്നു വെളിപ്പെടുത്തുന്നു.

കൊട്ടാര ജീവിതം മോശെയുടെ തനതു വ്യക്തിത്വം തെളിയിക്കുമായിരുന്നു. അത്‌ ധനം, ആഡംബരം, അധികാരം എന്നിവ വാഗ്‌ദാനം ചെയ്‌തു. ഒപ്പം ധാർമിക അപകടങ്ങളും ഉണ്ടായിരുന്നു. മോശെ എങ്ങനെ പ്രതികരിക്കുമായിരുന്നു? അവൻ ഏതു കാര്യത്തോടു വിശ്വസ്‌തനായിരിക്കുമായിരുന്നു? അവൻ വാസ്‌തവത്തിൽ യഹോവയുടെ ഒരു ആരാധകൻ, മർദനം അനുഭവിക്കുന്ന എബ്രായരുടെ ഒരു സഹോദരൻ, ആയിരിക്കുമോ അതോ പുറജാതി രാഷ്‌ട്രമായ ഈജിപ്‌ത്‌ നൽകുന്ന കാര്യങ്ങളോടെല്ലാം പറ്റിനിൽക്കുമായിരുന്നോ?

നിർണായകമായ ഒരു തീരുമാനം

40 വയസ്സായപ്പോഴേക്കും, തീർത്തും ഒരു ഈജിപ്‌തുകാരനായിത്തീരാൻ കഴിയുമായിരുന്ന മോശെ “തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി.” അതു വെറുമൊരു ജിജ്ഞാസകൊണ്ടല്ലെന്നും അവൻ അവരെ സഹായിക്കാൻ ആഗ്രഹിച്ചിരുന്നെന്നും അവന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ തെളിയിച്ചു. ഒരു ഈജിപ്‌തുകാരൻ ഒരു എബ്രായനെ അടിക്കുന്നതു കണ്ടപ്പോൾ അവൻ ഇടപെട്ട്‌ മർദകനായ അയാളെ കൊന്നുകളഞ്ഞു. മോശെയുടെ ഹൃദയം തന്റെ സഹോദരന്മാരോടൊപ്പം ആയിരുന്നെന്ന്‌ ഈ പ്രവൃത്തി പ്രകടമാക്കി. കൊല്ലപ്പെട്ട ആ വ്യക്തി സാധ്യതയനുസരിച്ച്‌ ഒരു ഉദ്യോഗസ്ഥനായിരുന്നു, സ്വന്തം കർത്തവ്യങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കെ ആയിരിക്കാം അയാൾ കൊല്ലപ്പെട്ടത്‌. ഈജിപ്‌തുകാരുടെ കാഴ്‌ചപ്പാടിൽ, ഫറവോനോടു വിശ്വസ്‌തനായിരിക്കാൻ മോശെക്ക്‌ സകല കാരണവുമുണ്ടായിരുന്നു. എന്നാൽ, മോശയെ പ്രേരിപ്പിച്ച സംഗതികളിലൊന്ന്‌ നീതിയോടുള്ള സ്‌നേഹമായിരുന്നു. അന്യായമായി തന്റെ കൂട്ടുകാരനെ അടിച്ച ഒരു എബ്രായന്റെ പ്രവൃത്തിയിൽ പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ അവന്റെ ആ ഗുണം അടുത്ത ദിവസം ഒന്നുകൂടെ പ്രകടമാക്കപ്പെട്ടു. കടുത്ത അടിമത്തത്തിൽനിന്ന്‌ എബ്രായരെ മോചിപ്പിക്കാൻ മോശെ ആഗ്രഹിച്ചിരുന്നു. എന്നാൽ, മോശെ കൂറുമാറിയെന്നു മനസ്സിലാക്കിയ ഫറവോൻ അവനെ കൊല്ലാൻ ശ്രമിച്ചു, അതുകൊണ്ട്‌ മിദ്യാനിലേക്ക്‌ ഓടിപ്പോകാൻ അവൻ നിർബന്ധിതനായി.​—⁠പുറപ്പാടു 2:11-15; പ്രവൃത്തികൾ 7:23-29. *

ദൈവജനത്തെ വിടുവിക്കാൻ മോശെ ആഗ്രഹിച്ചത്‌ യഹോവ ഉദ്ദേശിച്ച സമയത്ത്‌ ആയിരുന്നില്ല. എങ്കിലും അവന്റെ പ്രവൃത്തികൾ അവന്റെ വിശ്വാസത്തെ വെളിപ്പെടുത്തി. എബ്രായർ 11:24-26 പറയുന്നു: “വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തല്‌ക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു. . . ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസി”ച്ചു. എന്തുകൊണ്ട്‌? കാരണം, അവൻ ‘പ്രതിഫലം നോക്കിയതുകൊണ്ടു മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്‌തുവിന്റെ നിന്ദ വലിയ [“വിലയേറിയ,” NW] ധനം എന്നു എണ്ണി.’ “അഭിഷിക്തൻ” എന്ന്‌ അർഥമുള്ള, “ക്രിസ്‌തു” എന്ന പദപ്രയോഗത്തിന്റെ അസാധാരണമായ ഉപയോഗം, പിന്നീട്‌ യഹോവയിൽനിന്ന്‌ അവനു നേരിട്ട്‌ പ്രത്യേക നിയോഗം ലഭിച്ചു എന്ന അർഥത്തിൽ മോശെക്ക്‌ അനുയോജ്യമാണ്‌.

ഒന്നു ചിന്തിച്ചുനോക്കൂ! ഈജിപ്‌തിൽ കുലീനവർഗത്തിൽപ്പെട്ടവർ മാത്രമേ മോശെയെ പോലെ വളർത്തപ്പെട്ടിരുന്നുള്ളൂ. അവനുണ്ടായിരുന്ന സ്ഥാനം ശോഭനമായ ജീവിതവൃത്തിയും എല്ലാത്തരം ഉല്ലാസവും വെച്ചുനീട്ടി. എങ്കിലും, അവൻ അതെല്ലാം വെടിഞ്ഞു. മർദകനായ ഫറവോന്റെ കൊട്ടാരത്തിലെ ജീവിതവും യഹോവയോടും നീതിയോടും ഉള്ള സ്‌നേഹവും തമ്മിൽ ഒത്തുപോകില്ല എന്ന്‌ അവൻ തിരിച്ചറിഞ്ഞു. തന്റെ പൂർവപിതാക്കന്മാരായ അബ്രാഹാം, യിസ്‌ഹാക്ക്‌, യാക്കോബ്‌ എന്നിവരോടുള്ള ദൈവത്തിന്റെ വാഗ്‌ദാനങ്ങളെ കുറിച്ചുള്ള അറിവും അതേക്കുറിച്ചുള്ള ധ്യാനവും ദൈവപ്രീതി തിരഞ്ഞെടുക്കുന്നതിലേക്ക്‌ മോശെയെ നയിച്ചു. തത്‌ഫലമായി, തന്റെ ഉദ്ദേശ്യങ്ങൾ നിർവഹിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നതിനായി മോശെയെ ഉപയോഗിക്കാൻ യഹോവയ്‌ക്കു സാധിച്ചു.

ഏറ്റവും പ്രധാന സംഗതികൾ ഏവയാണ്‌ എന്നതു സംബന്ധിച്ച്‌ നാം ഏവരും തിരഞ്ഞെടുപ്പുകൾ അഭിമുഖീകരിക്കാറുണ്ട്‌. ഒരുപക്ഷേ മോശെയെപ്പോലെ നിങ്ങൾ ബുദ്ധിമുട്ടേറിയ ഒരു തീരുമാനത്തെ അഭിമുഖീകരിക്കുകയാകാം. ചില ശീലങ്ങളോ പ്രത്യക്ഷത്തിലുള്ള പ്രയോജനങ്ങളോ എന്തു വിലകൊടുത്തും നിങ്ങൾ ഉപേക്ഷിക്കണമോ? അതാണ്‌ നിങ്ങളുടെ മുമ്പാകെയുള്ള തിരഞ്ഞെടുപ്പെങ്കിൽ, ഈജിപ്‌തിലെ സകല നിക്ഷേപങ്ങളെക്കാളും യഹോവയുമായുള്ള സൗഹൃദത്തെ മോശെ മൂല്യവത്തായി കരുതിയെന്ന്‌ ഓർക്കുക. അവൻ അതേക്കുറിച്ചു ഖേദിച്ചില്ല.

[അടിക്കുറിപ്പുകൾ]

^ ഖ. 17 ബാബിലോണിൽ ഗവൺമെന്റ്‌ ഉദ്യോഗസ്ഥരായി സേവിക്കാൻ ദാനീയേലിനും അവന്റെ കൂട്ടുകാർക്കും ലഭിച്ച വിദ്യാഭ്യാസത്തോടു സമാനമായിരിക്കാം ഇത്‌. (ദാനീയേൽ 1:3-7) യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകത്തിന്റെ 3-ാം അധ്യായം താരതമ്യം ചെയ്യുക.

^ ഖ. 20 മിദ്യാനിലേക്ക്‌ ഓടിപ്പോയ മോശെ അവിടെ വെച്ച്‌ ദുഷ്‌പെരുമാറ്റത്തിനു വിധേയരായ നിസ്സഹായരായ ഇടയബാലികമാരെ സഹായിച്ചുകൊണ്ട്‌ നീതിയോടുള്ള തന്റെ തീക്ഷ്‌ണത വീണ്ടും പ്രകടമാക്കി.​—⁠പുറപ്പാടു 2:16, 17.

[11-ാം പേജിലെ ചതുരം]

പോറ്റമ്മ ഉടമ്പടികൾ

അമ്മമാർ സാധാരണഗതിയിൽ സ്വന്തം കുഞ്ഞുങ്ങളെ പാലൂട്ടിയിരുന്നു. എന്നിരുന്നാലും, ജേർണൽ ഓഫ്‌ ബിബ്ലിക്കൽ ലിറ്ററേച്ചർ എന്ന കൃതിയിൽ പണ്ഡിതനായ ബ്രെവാർഡ്‌ ചൈൽഡ്‌സ്‌ പറയുന്ന പ്രകാരം, “ചില സാഹചര്യങ്ങളിൽ [മധ്യപൂർവദേശത്തെ] കുലീനകുടുംബങ്ങളിൽ പോറ്റമ്മയെ ശമ്പളത്തിന്‌ വെക്കുക പതിവായിരുന്നു. കൂടാതെ, അമ്മയ്‌ക്ക്‌ സ്വന്തം കുട്ടിയെ പോറ്റാൻ കഴിയാതെ വരുമ്പോഴും അമ്മ ആരാണെന്ന്‌ അറിയില്ലാത്തപ്പോഴും ഇങ്ങനെ ചെയ്യുക സാധാരണമായിരുന്നു. വ്യവസ്ഥ ചെയ്‌തിരുന്ന കാലമത്രയും കുട്ടിയെ വളർത്താനും പാലൂട്ടാനും പോറ്റമ്മയ്‌ക്ക്‌ ഉത്തരവാദിത്വം ഉണ്ടായിരുന്നു.” പുരാതന മധ്യപൂർവദേശത്തെ, പോറ്റമ്മ ഉടമ്പടികൾ അടങ്ങുന്ന നിരവധി പപ്പൈറസുകൾ കാലപ്പഴക്കത്തെ അതിജീവിച്ചിരിക്കുന്നു. ഈ രേഖകൾ, സുമേറിയൻ കാലഘട്ടം മുതൽ ഈജിപ്‌തിലെ യവന കാലഘട്ടത്തിന്റെ ഒടുക്കം വരെ പരക്കെ പ്രചാരത്തിലുണ്ടായിരുന്ന രീതിയെ സാക്ഷ്യപ്പെടുത്തുന്നവയാണ്‌. ഈ രേഖകളുടെ പൊതു സവിശേഷതകളായി പറയാവുന്നത്‌, ഉൾപ്പെട്ടിരുന്ന വ്യക്തികളുടെ പ്രസ്‌താവന, കരാറിൽ വ്യവസ്ഥ ചെയ്‌തിരുന്ന സമയം, ജോലി വ്യവസ്ഥകൾ, പോഷണം സംബന്ധിച്ച പ്രത്യേക നിർദേശങ്ങൾ, കരാർ ലംഘിച്ചാലുള്ള പിഴ, ശമ്പളം, ശമ്പളം കൊടുക്കുന്ന വിധം എന്നിവയായിരുന്നു. പൊതുവേ, “രണ്ടോ മൂന്നോ വർഷക്കാലം കുട്ടിയെ പോറ്റുമായിരുന്നു” എന്ന്‌ ചൈൽഡ്‌സ്‌ വിശദീകരിക്കുന്നു. “പോറ്റമ്മ കുട്ടിയെ തന്റെ വീട്ടിലാണ്‌ വളർത്തിയിരുന്നത്‌ എങ്കിലും, പരിശോധനയ്‌ക്കുവേണ്ടി കുട്ടിയെ ഇടയ്‌ക്കിടെ ഉടമസ്ഥന്റെ അടുക്കൽ കൊണ്ടുചെല്ലണമായിരുന്നു.”

[9-ാം പേജിലെ ചിത്രങ്ങൾ]

ഒരു പുരാതന ചിത്രം കാണിക്കുന്നതുപോലെ, ആധുനിക ഈജിപ്‌തിലെ ഇഷ്ടിക നിർമാണത്തിനു മോശെയുടെ കാലത്തെ അപേക്ഷിച്ചു വലിയ വ്യത്യാസമൊന്നുമില്ല

[കടപ്പാട്‌]

മുകളിൽ: Pictorial Archive (Near Eastern History) Est.; താഴെ: Erich Lessing/Art Resource, NY