വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്ഷാമത്തിന്‌ ആശ്വാസവുമായി!

ക്ഷാമത്തിന്‌ ആശ്വാസവുമായി!

ക്ഷാമത്തിന്‌ ആശ്വാസവുമായി!

‘ഏതുതരം ക്ഷാമം?’ നിങ്ങൾ ചോദിച്ചേക്കാം. ആത്മീയ ക്ഷാമം! പുരാതന കാലത്തെ ഒരു എബ്രായ പ്രവാചകൻ ഈ ക്ഷാമം മുൻകൂട്ടി പറഞ്ഞു: “ദൈവമായ കർത്താവ്‌ അരുളിച്ചെയ്യുന്നു: ദേശത്ത്‌ ഞാൻ ക്‌ഷാമം അയയ്‌ക്കുന്ന നാളുകൾ വരുന്നു. ഭക്‌ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല. കർത്താവിന്റെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്‌ഷാമമായിരിക്കും അത്‌.” (ആമോസ്‌ 8:​11, പി.ഒ.സി. ബൈബിൾ) ആത്മീയ ക്ഷാമത്തിൽനിന്ന്‌ ആശ്വാസം പകരാനായി, ന്യൂയോർക്കിലെ പാറ്റേഴ്‌സണിൽ സ്ഥിതിചെയ്യുന്ന വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ 112-ാമത്‌ ക്ലാസ്സിലെ 48 അംഗങ്ങൾ 5 ഭൂഖണ്ഡങ്ങളിലും സമുദ്ര ദ്വീപുകളിലും ഉള്ള 19 രാജ്യങ്ങളിലേക്കു പോകുകയാണ്‌.

ഈ വേലയ്‌ക്കായി പുറപ്പെടുന്ന അവരുടെ കൈവശമുള്ളത്‌ അക്ഷരീയ മാംസവും ധാന്യവും അല്ല. പകരം, പരിജ്ഞാനവും അനുഭവപരിചയവും പരിശീലനവും ആണ്‌. വിദേശ വയലുകളിലെ മിഷനറി സേവനത്തിനായി തങ്ങളുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കാൻ ഉദ്ദേശിച്ചുള്ള തീവ്രമായ ബൈബിൾ പഠനത്തിൽ അവർ അഞ്ചുമാസം ഏർപ്പെട്ടു. 2002 മാർച്ച്‌ 9-ന്‌ നടന്ന ബിരുദദാന ചടങ്ങിനു ഹാജരായ 5,554 പേർ പരിപാടികൾ സന്തോഷപൂർവം ശ്രദ്ധിക്കുകയുണ്ടായി.

യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായ സ്റ്റീഫൻ ലെറ്റ്‌ ഉത്സാഹപൂർവം പരിപാടികൾക്കു തുടക്കം കുറിച്ചു. ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളിൽനിന്നു സന്ദർശകരായി എത്തിയ ധാരാളം അതിഥികളെ അദ്ദേഹം വിശേഷാൽ സ്വാഗതം ചെയ്‌തു. തുടർന്ന്‌, “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്ന യേശുവിന്റെ വാക്കുകൾ ഭാവി മിഷനറിമാരുടെ പ്രവർത്തനത്തിന്‌ അദ്ദേഹം ബാധകമാക്കി. (മത്തായി 5:14) അദ്ദേഹം വിശദീകരിച്ചു: ‘യഹോവയുടെയും അവന്റെ ഉദ്ദേശ്യങ്ങളുടെയും മനോഹാരിത കാണാൻ ആത്മാർഥ ഹൃദയരെ സഹായിച്ചുകൊണ്ട്‌, നിങ്ങൾക്കു ലഭിച്ചിരിക്കുന്ന നിയമനങ്ങളിൽ യഹോവയുടെ അത്ഭുതകരമായ പ്രവൃത്തികളുടെ വ്യത്യസ്‌ത വശങ്ങളെ നിങ്ങൾ “പ്രകാശിപ്പിക്കും.”’ വ്യാജോപദേശങ്ങളുടെ അന്ധകാരത്തെ തുറന്നുകാട്ടാനും സത്യാന്വേഷികൾക്കു മാർഗനിർദേശം നൽകാനും ദൈവവചനത്തിന്റെ വെളിച്ചം ഉപയോഗിക്കാൻ ലെറ്റ്‌ സഹോദരൻ മിഷനറിമാരെ പ്രോത്സാഹിപ്പിച്ചു.

ഉചിതമായ മനോഭാവം വിജയത്തിന്‌ അനിവാര്യം

അധ്യക്ഷന്റെ പ്രാരംഭ പ്രസ്‌താവനകൾക്കു ശേഷം, ഐക്യനാടുകളിലെ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായ ബാൾറ്റാസാർ പെർലാ, ബിരുദധാരികളെ വിജയപ്രദരായ മിഷനറിമാരാകാൻ സഹായിക്കുന്നതിനായി തയ്യാർ ചെയ്‌ത പ്രസംഗ പരമ്പരകളിലെ ആദ്യത്തേതു നടത്തുകയുണ്ടായി. ‘ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിക്കുക’ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതിപാദ്യവിഷയം. (1 ദിനവൃത്താന്തം 28:20) താൻ മുമ്പൊരിക്കലും ചെയ്‌തിട്ടില്ലാത്ത, വെല്ലുവിളി നിറഞ്ഞ ഒരു നിയമനമായിരുന്നു പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവിനു ലഭിച്ചത്‌. യെരൂശലേമിൽ ഒരു ആലയം നിർമിക്കുക എന്നതായിരുന്നു അത്‌. ശലോമോൻ പ്രവർത്തിക്കുകതന്നെ ചെയ്‌തു, യഹോവയുടെ സഹായത്താൽ ആലയനിർമാണം പൂർത്തിയായി. ഈ പാഠം ബിരുദധാരികൾക്കു ബാധകമാക്കിക്കൊണ്ട്‌ പെർലാ സഹോദരൻ പറഞ്ഞു: ‘മിഷനറിമാർ ആയിരിക്കുകയെന്ന ഒരു പുതിയ നിയമനമാണു നിങ്ങൾക്കു ലഭിച്ചിരിക്കുന്നത്‌. നിങ്ങൾ ധീരരും ശക്തരും ആയിരിക്കേണ്ടതുണ്ട്‌.’ യഹോവയോടു പറ്റിനിൽക്കുന്നിടത്തോളം കാലം അവൻ തങ്ങളെ കൈവെടിയുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്ന ഉറപ്പ്‌ വിദ്യാർഥികൾക്കു തീർച്ചയായും ആശ്വാസദായകമായിരുന്നു. പെർലാ സഹോദരൻ സദസ്സിനോടായി പ്രോത്സാഹജനകമായ ഈ അഭിപ്രായം പറഞ്ഞുകൊണ്ട്‌ ഉപസംഹരിച്ചു: ‘മിഷനറിമാരായ നിങ്ങൾക്കു വളരെ നന്മ ചെയ്യാനാകും. എന്റെ വീട്ടുകാർക്കും എനിക്കും സത്യം പകർന്നുതന്നത്‌ മിഷനറിമാരാണ്‌!’

ഭരണ സംഘത്തിലെ മറ്റൊരു അംഗമായ സാമുവെൽ ഹെർഡിന്റെ പ്രതിപാദ്യവിഷയം “വിജയത്തിനായി യഹോവയിലേക്കു നോക്കുക” എന്നതായിരുന്നു. വിദ്യാർഥികൾ തങ്ങളുടെ മിഷനറി ജീവിതം ആരംഭിക്കുകയാണ്‌. അവരുടെ വിജയം യഹോവയുമായുള്ള അവരുടെ ബന്ധത്തെ വളരെയേറെ ആശ്രയിച്ചിരിക്കുന്നു. ഹെർഡ്‌ സഹോദരൻ അവർക്ക്‌ ഈ ബുദ്ധിയുപദേശം നൽകി: ‘ഗിലെയാദിലെ പഠനത്തിലൂടെ വളരെയധികം ബൈബിൾ പരിജ്ഞാനം നിങ്ങൾ സമ്പാദിച്ചിരിക്കുന്നു. ഇത്രയും നാൾ സന്തോഷത്തോടുകൂടെ സ്വീകരിക്കുന്നതിലായിരുന്നു നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. എന്നാൽ ഇപ്പോൾ, യഥാർഥ വിജയം നേടാനായി, പഠിച്ച കാര്യങ്ങൾ നിങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ പോകുകയാണ്‌.’ (പ്രവൃത്തികൾ 20:35) മറ്റുള്ളവർക്കുവേണ്ടി തങ്ങളെത്തന്നെ ‘ചൊരിയവെ’ മിഷനറിമാർക്കു അത്‌ ചെയ്യാനുള്ള അനവധി അവസരങ്ങൾ ഉണ്ടായിരിക്കും.​—⁠ഫിലിപ്പിയർ 2:⁠17, ഓശാന ബൈബിൾ.

വിദ്യാർഥികൾക്കായി എന്തു വിടവാങ്ങൽ ബുദ്ധിയുപദേശമാണ്‌ അധ്യാപകർ നൽകിയത്‌? മാർക്ക്‌ നൂമാർ സഹോദരന്റെ പ്രതിപാദ്യവിഷയം രൂത്ത്‌ 3:​18-നെ ആസ്‌പദമാക്കിയുള്ളതായിരുന്നു. അത്‌ ഇങ്ങനെ പറയുന്നു: “കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക.” നൊവൊമിയുടെയും രൂത്തിന്റെയും ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചുകൊണ്ട്‌, ദൈവത്തിന്റെ ഭൗമിക സംഘടനയുടെ ക്രമീകരണങ്ങളിൽ പൂർണ വിശ്വാസം ഉണ്ടായിരിക്കാനും ദിവ്യാധിപത്യ അധികാരത്തെ ആദരിക്കാനും പ്രസംഗകൻ ബിരുദധാരികളെ പ്രോത്സാഹിപ്പിച്ചു. നൂമാർ സഹോദരൻ വിദ്യാർഥികളുടെ ഉള്ളിൽത്തട്ടുന്ന വിധത്തിൽ ഇപ്രകാരം പറഞ്ഞു: ‘നിങ്ങളെ ബാധിക്കുന്ന ഒരു തീരുമാനം കൈക്കൊണ്ടത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാകാതിരിക്കുകയോ ഒരു കാര്യം വ്യത്യസ്‌തമായ വിധത്തിൽ ചെയ്യപ്പെടേണ്ടത്‌ അനിവാര്യമാണെന്നു തോന്നുകയോ ചെയ്യുന്ന സമയങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ എഴുന്നേറ്റ്‌ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുമോ അതോ ദൈവം കാലക്രമത്തിൽ നന്മ മാത്രമേ സംഭവിക്കാൻ ഇടയാക്കുകയുള്ളൂ എന്ന ബോധ്യത്തോടെ അവന്റെ മാർഗനിർദേശത്തിൽ ആശ്രയിച്ചുകൊണ്ട്‌ ‘അനങ്ങാതിരിക്കു’മോ? (റോമർ 8:28) വ്യക്തികളെ നോക്കുന്നതിനു പകരം, യഹോവയുടെ സംഘടന ചെയ്യുന്ന കാര്യങ്ങളിൽ ദൃഷ്ടിപതിപ്പിച്ചുകൊണ്ട്‌ ‘രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ബുദ്ധിയുപദേശം ഭാവി മിഷനറിമാർക്ക്‌ തങ്ങളുടെ വിദേശ നിയമനങ്ങളോടുള്ള ബന്ധത്തിൽ മൂല്യവത്തായിരിക്കുമെന്നതിനു സംശയമില്ല.

ഒരു മുൻ മിഷനറിയും ഇപ്പോൾ ഗിലെയാദ്‌ അധ്യാപകനുമായ വാലസ്‌ ലിവെറൻസ്‌, ആദ്യ പ്രസംഗപരമ്പരയിലെ അവസാന പ്രസംഗം നിർവഹിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രതിപാദ്യവിഷയം “ലക്ഷ്യത്തിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക, ദൈവസേവനത്തിൽ നിലനിൽക്കുക” എന്നതായിരുന്നു. ബാബിലോണിന്റെ വീഴ്‌ച കാണുകയും യിരെമ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുകയും ചെയ്‌തതിൽനിന്ന്‌ അടിമത്തത്തിൽനിന്നുള്ള ഇസ്രായേല്യരുടെ വിടുതൽ സമീപിച്ചിരുന്നുവെന്ന്‌ ദാനീയേൽ പ്രവാചകൻ മനസ്സിലാക്കിയെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. (യിരെമ്യാവു 25:11; ദാനീയേൽ 9:2) യഹോവയുടെ സമയപ്പട്ടിക സംബന്ധിച്ചു ദാനീയേൽ ബോധവാനായിരുന്നു, ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിറുത്താൻ അത്‌ അവനെ സഹായിച്ചു. അതിനു വിപരീതമായി, ഹഗ്ഗായി പ്രവാചകന്റെ നാളിലെ ഇസ്രായേല്യർ പറഞ്ഞു: ‘കാലം വന്നിട്ടില്ല.’ (ഹഗ്ഗായി 1:2) തങ്ങൾ ജീവിച്ചിരുന്ന കാലത്തിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. അവർ വ്യക്തിപരമായ സുഖങ്ങളിലും ആത്മസംതൃപ്‌തിയിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. മാത്രമല്ല, അവർ ഏതു വേലയ്‌ക്കുവേണ്ടിയാണോ​—⁠അതായത്‌ ആലയത്തിന്റെ പുനർനിർമാണം​—⁠ബാബിലോണിൽനിന്നു വിടുവിക്കപ്പെട്ടത്‌ ആ വേല അവർ ഉപേക്ഷിച്ചു. ലിവറൻസ്‌ സഹോദരൻ ഇപ്രകാരം ഉപസംഹരിച്ചു: “അതുകൊണ്ട്‌, യഹോവയുടെ ഉദ്ദേശ്യത്തെ എല്ലായ്‌പോഴും മനസ്സിൽപ്പിടിച്ചുകൊണ്ട്‌ ശ്രദ്ധ കേന്ദ്രീകരിച്ചു നിറുത്തുക.”

ഗിലെയാദ്‌ അധ്യാപകനായ ലോറൻസ്‌ ബോവെൻ, “ജീവനുള്ള വചനം ഉപയോഗിക്കുന്നവരെ യഹോവ അനുഗ്രഹിക്കുന്നു” എന്ന പരിപാടി നയിച്ചു. (എബ്രായർ 4:12) ക്ലാസ്സിലുണ്ടായിരുന്നവർക്ക്‌ വയലിൽ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുന്നതിനുള്ള ഒരു പരിപാടിയായിരുന്നു അത്‌. പ്രസംഗിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ബൈബിൾ ഉപയോഗിക്കുന്നവരെ യഹോവ ഏതു വിധങ്ങളിൽ അനുഗ്രഹിക്കുന്നുവെന്ന്‌ അത്‌ എടുത്തുകാട്ടി. ദൈവത്തിന്റെ എല്ലാ ശുശ്രൂഷകർക്കും യേശുക്രിസ്‌തു ഒരു ഉത്തമ മാതൃകയാണെന്നു പരിപാടി നയിച്ച സഹോദരൻ ചൂണ്ടിക്കാട്ടി: ‘താൻ പഠിപ്പിക്കുന്നത്‌ സ്വന്ത കാര്യങ്ങൾ അല്ലെന്നും മറിച്ച്‌ ദൈവത്തിന്റെ വചനമാണെന്നും സത്യസന്ധമായി യേശുവിനു പറയാൻ സാധിച്ചു.’ പരമാർഥ ഹൃദയർ സത്യം തിരിച്ചറിയുകയും അതിനോടു ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്‌തു. (യോഹന്നാൻ 7:16, 17) ഇന്നും അതുതന്നെ സത്യമാണ്‌.

ഗിലെയാദ്‌ പരിശീലനം ഒരുവനെ സകല സത്‌പ്രവൃത്തികൾക്കും സജ്ജനാക്കുന്നു

അടുത്തതായി, ദീർഘകാല ബെഥേൽ കുടുംബാംഗങ്ങളായ റിച്ചർഡ്‌ ഏബ്രഹാംസണും പാട്രിക്‌ ലാഫ്രൻകയും പ്രത്യേക മുഴുസമയ സേവനത്തിന്റെ വിവിധ വശങ്ങളിൽ ഇപ്പോൾ സേവിച്ചു വരുന്ന ആറു ഗിലെയാദ്‌ ബിരുദധാരികളുമായി അഭിമുഖം നടത്തി. ഇപ്പോഴത്തെ നിയമനം എന്തുതന്നെ ആയിരുന്നാലും, ആ ആറു പേരും ദശാബ്ദങ്ങൾക്കു ശേഷവും ഗിലെയാദിൽനിന്ന്‌ അവർക്കു ലഭിച്ച പരിശീലനം ബൈബിൾ പഠനത്തോടും ഗവേഷണ പരിപാടികളോടും ഉള്ള ബന്ധത്തിലും ആളുകളുമായി ഒത്തുപോകുന്ന കാര്യത്തിലും പ്രയോജനപ്പെടുത്തുന്നുവെന്നു കേട്ടത്‌ 112-ാം ക്ലാസ്സിലെ ബിരുദധാരികൾക്കു വലിയ പ്രോത്സാഹനമായിരുന്നു.

ഭരണസംഘത്തിലെ ഒരംഗമായ തിയോഡർ ജാരറ്റ്‌സ്‌ ആണ്‌ പരിപാടിയിലെ മുഖ്യ പ്രസംഗം നടത്തിയത്‌. അതിന്റെ പ്രതിപാദ്യവിഷയം, “സാത്താന്യ വിദ്വേഷം സഹിക്കുന്നതിനാൽ നേടാനാകുന്നത്‌” എന്നായിരുന്നു. കഴിഞ്ഞ അഞ്ചു മാസമായി വിദ്യാർഥികൾ സ്‌നേഹനിർഭരവും ദിവ്യാധിപത്യപരവുമായ ഒരു അന്തരീക്ഷത്തിലാണു കഴിഞ്ഞിരുന്നത്‌. എന്നിരുന്നാലും, അവരുടെ ക്ലാസ്സിലെ പഠനത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ നാം ഒരു ശത്രുലോകത്തിലാണു ജീവിക്കുന്നത്‌. ലോകമെമ്പാടും യഹോവയുടെ ജനം ആക്രമണവിധേയരാണ്‌. (മത്തായി 24:9) പല ബൈബിൾ വിവരണങ്ങൾ ഉപയോഗിച്ചുകൊണ്ട്‌, ‘നാം പിശാചിന്റെ പ്രത്യേക ലക്ഷ്യങ്ങളാണെന്നും നാം യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തുകയും പരിശോധനകൾ നേരിടാൻതക്കവിധം ഉറപ്പുള്ളവരായിത്തീരുകയും ചെയ്യേണ്ടതുണ്ടെന്നും’ ജാരറ്റ്‌സ്‌ സഹോദരൻ ചൂണ്ടിക്കാട്ടി. (ഇയ്യോബ്‌ 1:8; ദാനീയേൽ 6:4; യോഹന്നാൻ 15:20; വെളിപ്പാടു 12:12, 17) ദൈവജനത്തിന്‌ എതിരെയുള്ള വിദ്വേഷം തുടരുകയാണെങ്കിലും, ‘യെശയ്യാവു 54:17 പറയുന്നതുപോലെ, നമുക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ലെന്നും തന്റെ സമയത്തും തന്റേതായ വിധത്തിലും നാം വിടുവിക്കപ്പെടുന്നുവെന്ന്‌ യഹോവ ഉറപ്പുവരുത്തുമെന്നും’ പറഞ്ഞുകൊണ്ട്‌ ജാരറ്റ്‌സ്‌ സഹോദരൻ ഉപസംഹരിച്ചു.

112-ാമത്‌ ഗിലെയാദ്‌ ക്ലാസ്സിലെ ‘പൂർണമായി സജ്ജരായ’ ബിരുദധാരികൾ അവർ സേവിക്കാൻ പോകുന്ന ദേശങ്ങളിലെ ആത്മീയ ക്ഷാമത്തിന്‌ ആശ്വാസം കൈവരുത്തുന്നതിൽ വളരെയേറെ പങ്കുവഹിക്കും എന്നതിൽ തർക്കമില്ല. (2 തിമൊഥെയൊസ്‌ 3:16, 17, NW) ഈ ദേശങ്ങളിലെ ആളുകൾക്ക്‌ അവർ എങ്ങനെയാണ്‌ പോഷകപ്രദമായ സന്ദേശം നൽകുന്നത്‌ എന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ കേൾക്കാൻ നമുക്ക്‌ ആകാംക്ഷയോടെ കാത്തിരിക്കാം.

[23-ാം പേജിലെ ചതുരം]

ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക്‌

പ്രതിനിധീകരിച്ച രാജ്യങ്ങളുടെ എണ്ണം: 6

നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 19

വിദ്യാർഥികളുടെ എണ്ണം: 48

ശരാശരി വയസ്സ്‌: 33.2

സത്യത്തിലായിരുന്ന ശരാശരി വർഷം: 15.7

മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 12.2

[24-ാം പേജിലെ ചിത്രം]

വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽനിന്നു ബിരുദം നേടുന്ന 112-ാമത്തെ ക്ലാസ്സ്‌

ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുന്നിൽനിന്നു പിന്നിലേക്ക്‌ എണ്ണുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.

(1) പാരൊട്ട്‌, എം.; ഹുക്കർ, ഇ.; ആനായാ, ആർ.; റെയ്‌നോൾഡ്‌സ്‌, ജെ.; ജെസ്വാൾഡി, കെ.; ഗോൺസാലെസ്‌, ജെ. (2) റോബിൻസൺ, സി.; ഫിലിപ്‌സ്‌, ബി.; മെയ്‌ഡ്‌മെന്റ്‌, കെ.; മോർ, ഐ.; നോക്‌സ്‌, ജെ.; ബാർനെറ്റ്‌, എസ്‌. (3) സ്റ്റൈർസ്‌, റ്റി.; പാമെർ, ബി.; യാങ്‌, സി.; ഗ്രൂറ്റ്‌ഹുയിസ്‌, എസ്‌.; ഗ്രോപ്പെ, റ്റി.; ബാക്‌, സി. (4) ആനായാ, ആർ.; സൂകൊറെഫ്‌, ഇ.; സ്റ്റ്യൂവർട്ട്‌, കെ.; സിമോസ്‌റാഗ്‌, എൻ.; സിമോട്ടെൽ, സി.; ബാക്‌, ഇ. (5) സ്റ്റ്യൂവർട്ട്‌, ആർ.; യാങ്‌, എച്ച്‌.; ഗിൽഫെതർ, എ.; ഹാരിസ്‌, ആർ.; ബാർനെറ്റ്‌, ഡി.; പാരൊട്ട്‌, എസ്‌. (6) മെയ്‌ഡ്‌മെന്റ്‌, എ.; മോർ, ജെ.; ഗ്രൂറ്റ്‌ഹുയിസ്‌, സി.; ഗിൽഫെതർ, സി.; നോക്‌സ്‌, എസ്‌.; സ്റ്റൈർസ്‌, റ്റി. (7) ജെസ്വാൾഡി, ഡി.; ഗ്രോപ്പെ, റ്റി,; സൂകൊറെഫ്‌, ബി.; പാമെർ, ജി.; ഫിലിപ്‌സ്‌, എൻ.; സിമോട്ടെൽ ജെ. (8) ഹാരിസ്‌, എസ്‌.; ഹുക്കർ, പി.; ഗോൺസാലെസ്‌, ജെ.; സിമോസ്‌റാഗ്‌, ഡി.; റെയ്‌നോൾഡ്‌സ്‌, ഡി.; റോബിൻസൺ, എം.