വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾക്ക്‌ ഉടനടി അവസാനം!

മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾക്ക്‌ ഉടനടി അവസാനം!

മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾക്ക്‌ ഉടനടി അവസാനം!

“മനുഷ്യത്വപരമായ പ്രവർത്തനം, സംഘട്ടനത്തിന്റെ മൂല കാരണങ്ങൾ പരിഹരിക്കാൻ ഉദ്ദേശിച്ചുള്ള കൂടുതൽ വിശാലമായ ആസൂത്രണം ഉൾപ്പെടാത്തതും രാഷ്‌ട്രീയ പിന്തുണ ഇല്ലാത്തതുമാണെങ്കിൽ, അതു പരിമിതമായ പ്രയോജനമേ ചെയ്യുകയുള്ളൂ. അടിസ്ഥാനപരമായി രാഷ്‌ട്രീയ സ്വഭാവമുള്ള പ്രശ്‌നങ്ങൾ മനുഷ്യത്വപരമായ പ്രവർത്തനത്തിലൂടെ മാത്രം പരിഹരിക്കാനാവില്ലെന്ന്‌ അനുഭവങ്ങൾ പലയാവർത്തി തെളിയിച്ചുകഴിഞ്ഞിരിക്കുന്നു.”​—⁠ലോകത്തിലെ അഭയാർഥികളുടെ അവസ്ഥ 2000 (ഇംഗ്ലീഷ്‌).

മനുഷ്യത്വപരമായ വലിയ സഹായപ്രവർത്തനങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും, മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾക്കു തടയിടാനായിട്ടില്ല. അവ ഒന്നിനൊന്നു വർധിച്ചുവരികയാണ്‌. നിലനിൽക്കുന്ന ഒരു രാഷ്‌ട്രീയ പരിഹാരത്തിന്‌ എന്തു സാധ്യതയാണുള്ളത്‌? ഏറെ സാധ്യതയൊന്നുമില്ല എന്നതാണു വാസ്‌തവം. എന്നാൽ നമുക്കു മറ്റേത്‌ ഉറവിലേക്കു നോക്കാൻ കഴിയും? എഫെസൊസിലെ ക്രിസ്‌ത്യാനികൾക്കുള്ള തന്റെ ലേഖനത്തിന്റെ ആദ്യഭാഗത്ത്‌ മനുഷ്യവർഗത്തിന്റെ മുഴു പ്രശ്‌നങ്ങളും ദൈവം എങ്ങനെ പരിഹരിക്കുമെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ശ്രദ്ധേയമായ ഒരു വിധത്തിൽ വിശദീകരിക്കുന്നുണ്ട്‌. അതിനായി ദൈവം ഉപയോഗിക്കാൻ പോകുന്ന ഉപകരണം ഏതാണെന്നുപോലും അവൻ സൂചിപ്പിക്കുന്നു. അത്‌ ഇന്നു നമ്മെ വേട്ടയാടുന്ന സകല പ്രശ്‌നങ്ങളുടെയും മൂല കാരണങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നതായിരിക്കും. പൗലൊസിന്‌ പറയാനുള്ളത്‌ ശ്രദ്ധിക്കരുതോ? അത്‌ എഫെസ്യർ 1:​3-10 വരെയുള്ള ഭാഗത്തു കാണാവുന്നതാണ്‌.

‘എല്ലാം പിന്നെയും ക്രിസ്‌തുവിൽ ഒന്നായിച്ചേർക്കുന്നു’

‘കാലസമ്പൂർണ്ണതയിലെ വ്യവസ്ഥ [കാര്യനിർവഹണം]’ എന്നു താൻ വിളിക്കുന്ന ഒന്നിനു വേണ്ടിയാണ്‌ ദൈവം ഉദ്ദേശിക്കുന്നതെന്ന്‌ പൗലൊസ്‌ പറയുന്നു. അതിന്റെ അർഥം എന്താണ്‌? “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്‌തുവിൽ ഒന്നായിച്ചേർക്ക”ത്തക്കവിധം പ്രവർത്തിക്കാൻ ദൈവം ഒരു സമയം നിശ്ചയിച്ചിട്ടുണ്ടെന്ന്‌ അത്‌ അർഥമാക്കുന്നു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (എഫെസ്യർ 1:10) അതേ, സ്വർഗത്തിലും ഭൂമിയിലും ഉള്ളതെല്ലാം തന്റെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിൽ വീണ്ടും യോജിപ്പിൽ കൊണ്ടുവരാൻ ദൈവം ഒരു ക്രമീകരണം ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. രസകരമെന്നു പറയട്ടെ, ‘പിന്നെയും ഒന്നായിച്ചേർക്കുക’ എന്ന്‌ ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന പദപ്രയോഗത്തെ കുറിച്ച്‌ ബൈബിൾ പണ്ഡിതനായ ജെ. എച്ച്‌. തായർ അഭിപ്രായപ്പെടുന്നു: “(ഇക്കാലംവരെ പാപത്താൽ ഛിദ്രിച്ചിരുന്ന) ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാറ്റിനെയും ക്രിസ്‌തുവിൽ, ഏകീകരിക്കപ്പെട്ട അവസ്ഥയിലേക്ക്‌ . . . തനിക്കായിത്തന്നെ വീണ്ടും ഒന്നിച്ചുചേർക്കുന്നു.”

അനൈക്യം ആദ്യം എങ്ങനെ ഉളവായി എന്നതിന്റെ അടിസ്ഥാനത്തിൽ ദൈവം ഇതു ചെയ്യേണ്ടതിന്റെ ആവശ്യത്തിലേക്ക്‌ അതു വിരൽ ചൂണ്ടുന്നു. മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും പിശാചായ സാത്താനു വഴിപ്പെട്ട്‌ ദൈവത്തോടു മത്സരിച്ചു. നന്മയെന്ത്‌, തിന്മയെന്ത്‌ എന്നു സ്വയം തീരുമാനിക്കാനുള്ള അവകാശത്തിന്റെ രൂപത്തിലുള്ള സ്വാതന്ത്ര്യം അവർ ആഗ്രഹിച്ചു. (ഉല്‌പത്തി 3:1-5) ദിവ്യനീതിക്ക്‌ അനുസൃതമായി, അവർ ദൈവകുടുംബത്തിൽനിന്നു പുറത്താക്കപ്പെടുകയും ദൈവവുമായുള്ള സഖിത്വം അവർക്കു നഷ്ടപ്പെടുകയും ചെയ്‌തു. നാം ഇന്ന്‌ അനുഭവിക്കുന്ന സകല തിക്താനുഭവങ്ങളും സഹിതം അപൂർണതയിലേക്ക്‌ അവർ മനുഷ്യവർഗത്തെ ആഴ്‌ത്തിക്കളഞ്ഞു.​—⁠റോമർ 5:12.

ദുഷ്ടതയ്‌ക്കുള്ള താത്‌കാലിക അനുമതി

‘അതു ചെയ്യാൻ ദൈവം അവരെ അനുവദിച്ചത്‌ എന്തുകൊണ്ട്‌?’ എന്നു ചിലർ ചോദിച്ചേക്കാം. ‘തന്റെ പരമോന്നത ശക്തി ഉപയോഗിച്ച്‌ നിർബന്ധപൂർവം അവൻ തന്റെ ഹിതം നടപ്പിലാക്കാതിരുന്നത്‌ എന്തുകൊണ്ട്‌? അങ്ങനെയായിരുന്നെങ്കിൽ ഇന്നു നാം അനുഭവിക്കുന്ന സകല കഷ്ടപ്പാടുകളും വേദനയും ഉണ്ടാകുമായിരുന്നില്ലല്ലോ?’ അങ്ങനെ ചിന്തിക്കുന്നതു സ്വാഭാവികമാണ്‌. എന്നാൽ അത്യന്ത ശക്തി അങ്ങനെ ഉപയോഗിക്കുന്നത്‌ എന്തിന്റെ തെളിവായിരിക്കുമായിരുന്നു? വിയോജിപ്പിന്റെ ആദ്യ ലക്ഷണം കാണുമ്പോൾത്തന്നെ, തനിക്കു ശക്തിയുണ്ടെന്നതിന്റെ പേരിൽ എല്ലാ എതിർപ്പിനെയും തകർത്ത്‌ ഇല്ലാതാക്കുന്ന ആരെയെങ്കിലും നിങ്ങൾ ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുമോ? തീർച്ചയായും ഇല്ല.

ആ മത്സരികൾ ദൈവത്തിന്റെ പരമോന്നത ശക്തിയെ യഥാർഥത്തിൽ വെല്ലുവിളിച്ചില്ല. അവർ മുഖ്യമായും ദൈവത്തിന്റെ ഭരണവിധത്തിന്റെ ഔചിത്യത്തെയും ധാർമിക അവകാശത്തെയുമാണു വെല്ലുവിളിച്ചത്‌. ഉന്നയിച്ച അടിസ്ഥാനപരമായ വിവാദവിഷയങ്ങളെ എന്നേക്കുമായി പരിഹരിക്കുന്നതിന്‌, തന്റെ നേരിട്ടുള്ള ഇടപെടൽ കൂടാതെ സ്വയം ഭരിക്കാൻ യഹോവ തന്റെ സൃഷ്ടികൾക്ക്‌ ഒരു നിശ്ചിത സമയം അനുവദിച്ചുകൊടുത്തിരിക്കുന്നു. (സഭാപ്രസംഗി 3:1; ലൂക്കൊസ്‌ 21:24) ആ സമയം തീർന്നുകഴിയുമ്പോൾ, ഭൂമിയുടെ പൂർണ നിയന്ത്രണം വീണ്ടും ഏറ്റെടുക്കാൻ അവൻ ഇടപെടും. അപ്പോഴേക്കും, അവന്റെ ഭരണവിധമാണ്‌ ഭൗമനിവാസികൾക്കു നിത്യ സമാധാനവും സന്തുഷ്ടിയും സമൃദ്ധിയും ഉറപ്പുതരുന്ന ഒരേയൊരു മാർഗമെന്ന്‌ വളരെ വ്യക്തമായിത്തീരും. അപ്പോൾ ലോകത്തിലെ മർദകരെല്ലാം എന്നേക്കുമായി നീക്കം ചെയ്യപ്പെടും.​—⁠സങ്കീർത്തനം 72:12-14; ദാനീയേൽ 2:44.

“ലോകസ്ഥാപനത്തിന്നു മുമ്പെ”

ഇതെല്ലാം ചെയ്യാൻ വളരെക്കാലം മുമ്പേ യഹോവ ഉദ്ദേശിച്ചിരുന്നതാണ്‌. “ലോകസ്ഥാപനത്തിനു മുമ്പെ” എന്നു പൗലൊസ്‌ പരാമർശിക്കുന്നു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (എഫെസ്യർ 1:4) അത്‌ ഭൂമിയെ അല്ലെങ്കിൽ ആദാമിനെയും ഹവ്വയെയും സൃഷ്ടിക്കുന്നതിന്‌ മുമ്പായിരുന്നില്ല. ആ ലോകം “എത്രയും നല്ലതു” ആയിരുന്നു, മത്സരം പൊട്ടിപ്പുറപ്പെട്ടിരുന്നതുമില്ല. (ഉല്‌പത്തി 1:31) അപ്പോൾ, ഏതു “ലോക”ത്തെയാണ്‌ പൗലൊസ്‌ അപ്പൊസ്‌തലൻ അർഥമാക്കിയത്‌? ആദാമിന്റെയും ഹവ്വായുടെയും മക്കളുടെ ലോകം​—⁠വീണ്ടെടുക്കപ്പെടുന്നതിന്റെ പ്രതീക്ഷയുള്ള പാപികളും അപൂർണരുമായ മനുഷ്യവർഗ ലോകം. കുട്ടികൾ ജനിക്കുന്നതിനു മുമ്പുതന്നെ, ആദാമിന്റെ വീണ്ടെടുക്കപ്പെടാവുന്ന സന്തതികൾക്കു മോചനം ലഭിക്കത്തക്കവിധം കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ യഹോവയ്‌ക്ക്‌ അറിയാമായിരുന്നു.​—⁠റോമർ 8:​20, 21.

അഖിലാണ്ഡ പരമാധികാരിക്ക്‌ മനുഷ്യർ ചെയ്യുന്നതുപോലെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നു സൂചിപ്പിക്കാനല്ല ഇതു പറഞ്ഞത്‌. മനുഷ്യർ, ഒരു അടിയന്തിര സാഹചര്യം ഉണ്ടായേക്കാം എന്നു മനസ്സിലാക്കിക്കൊണ്ട്‌ അതിനെ കൈകാര്യം ചെയ്യാനുള്ള വിശദമായ വ്യത്യസ്‌ത പദ്ധതികൾ ആസൂത്രണം ചെയ്യും. എന്നാൽ സർവശക്തനായ ദൈവത്തിന്റെ കാര്യത്തിൽ സംഗതി വ്യത്യസ്‌തമാണ്‌. അവൻ തന്റെ ഉദ്ദേശ്യം പ്രഖ്യാപിക്കുന്നു, അതു നിറവേറ്റുകയും ചെയ്യുന്നു. എന്നിരുന്നാലും, മനുഷ്യവർഗത്തിന്‌ നിത്യ ആശ്വാസം കൈവരുത്തുന്നതിനായി കാര്യങ്ങൾ നേരെയാക്കാൻ യഹോവ തീരുമാനിച്ചത്‌ എങ്ങനെയെന്ന്‌ പൗലൊസ്‌ വിശദീകരിക്കുന്നുണ്ട്‌. ആ നടപടികൾ എന്തൊക്കെയാണ്‌?

ആർ ആശ്വാസം കൈവരുത്തും?

ആദാമ്യ പാപം വരുത്തിവെച്ച ഹാനി ഇല്ലായ്‌മ ചെയ്യുന്നതിൽ ക്രിസ്‌തുവിന്റെ ആത്മാഭിഷിക്ത ശിഷ്യർക്ക്‌ ഒരു പ്രത്യേക പങ്കുണ്ടെന്ന്‌ പൗലൊസ്‌ വിശദീകരിക്കുന്നു. യേശുവിനോടൊപ്പം അവന്റെ സ്വർഗീയ രാജ്യത്തിൽ ഭരിക്കാനായി യഹോവ ‘നമ്മെ [ക്രിസ്‌തുവിൽ] തിരഞ്ഞെടുത്തു’ എന്നു പൗലൊസ്‌ പറയുന്നു. യഹോവ “യേശുക്രിസ്‌തുമുഖാന്തരം നമ്മെ [“നമ്മെ തനിക്കുവേണ്ടി പുത്രന്മാരായി,” NW] ദത്തെടുക്കേണ്ടതിന്നു. . . നമ്മെ മുന്നിയമിക്കയും ചെയ്‌തുവല്ലോ” എന്നു പൗലൊസ്‌ കൂടുതലായി വിശദീകരിക്കുന്നു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (എഫെസ്യർ 1:4-6) തീർച്ചയായും, യഹോവ വ്യക്തികളെന്ന നിലയിൽ അവരെ തിരഞ്ഞെടുക്കുകയോ മുൻനിയമിക്കുകയോ ചെയ്‌തില്ല. എന്നിരുന്നാലും, മനുഷ്യ കുടുംബത്തിന്മേൽ പിശാചായ സാത്താനും ഒപ്പം ആദാമും ഹവ്വായും വരുത്തിവെച്ച ഹാനി ഇല്ലാതാക്കുന്നതിൽ ക്രിസ്‌തുവിനോടൊപ്പം പങ്കെടുക്കാൻ പോകുന്ന വിശ്വസ്‌തരും സമർപ്പിതരുമായ ആളുകളുടെ ഒരു വർഗത്തെ അവൻ മുൻനിയമിച്ചു.​—⁠ലൂക്കൊസ്‌ 12:32; എബ്രായർ 2:14-18.

എത്ര വിസ്‌മയാവഹമായ കരുതൽ! ആരംഭത്തിൽ ദൈവത്തിന്റെ പരമാധികാരത്തിന്‌ എതിരെ വെല്ലുവിളി ഉയർത്തിയപ്പോൾ ദൈവത്തിന്റെ മനുഷ്യ സൃഷ്ടി പിഴവുള്ളതാണെന്നാണ്‌, അതായത്‌, സമ്മർദമോ വശീകരണമോ നേരിടുമ്പോൾ അവരെല്ലാം ദൈവഭരണത്തിനെതിരെ മത്സരിക്കുമെന്ന്‌ സാത്താൻ സൂചിപ്പിക്കുകയുണ്ടായി. (ഇയ്യോബ്‌ 1:7-12; 2:2-5) “തന്റെ മഹത്വപൂർണമായ അനർഹദയ”യുടെ (NW) ശക്തമായ പ്രകടനത്തിലൂടെ, ആദാമിന്റെ പാപപൂർണമായ കുടുംബത്തിലെ ഏതാനും ചിലരെ തന്റെ ആത്മീയ മക്കളായി ദത്തെടുത്തുകൊണ്ട്‌ യഹോവയാം ദൈവം കാലക്രമത്തിൽ തന്റെ ഭൗമിക സൃഷ്ടിയിലുള്ള വിശ്വാസം കാണിച്ചിരിക്കുന്നു. ഈ ചെറിയ കൂട്ടത്തിൽപ്പെട്ടവർ സ്വർഗത്തിൽ സേവിക്കാനായി എടുക്കപ്പെടും. എന്ത്‌ ഉദ്ദേശ്യത്തിൽ?​—⁠എഫെസ്യർ 1:3-6; യോഹന്നാൻ 14:2, 3; 1 തെസ്സലൊനീക്യർ 4:15-17; 1 പത്രൊസ്‌ 1:​3-5.

ദൈവത്തിന്റെ, ദത്തെടുക്കപ്പെടുന്ന ഈ മക്കൾ സ്വർഗീയ രാജ്യത്തിൽ ‘ക്രിസ്‌തുവിന്നു കൂട്ടവകാശികൾ’ ആയിത്തീരുന്നുവെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറയുന്നു. (റോമർ 8:14-17) രാജാക്കന്മാരും പുരോഹിതന്മാരും എന്ന നിലയിൽ അവർക്ക്‌, മനുഷ്യ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന വേദനയിൽനിന്നും കഷ്ടപ്പാടുകളിൽനിന്നും അതിനെ മോചിപ്പിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കും. (വെളിപ്പാടു 5:10) “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു” എന്നതു ശരിയാണ്‌. എങ്കിലും പെട്ടെന്നുതന്നെ, പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ഈ ദൈവപുത്രന്മാർ യേശുക്രിസ്‌തുവിനോടൊപ്പം പ്രവർത്തിക്കുകയും അങ്ങനെ ഒരിക്കൽക്കൂടി അനുസരണമുള്ള എല്ലാ മനുഷ്യരും, “ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും.”​—⁠റോമർ 8:18-22.

“മറുവിലയാലുള്ള വിടുതൽ”

ഇതെല്ലാം സാധ്യമായിരിക്കുന്നത്‌, വീണ്ടെടുക്കപ്പെടാവുന്ന ഈ മനുഷ്യവർഗ ലോകത്തോടുള്ള ദൈവത്തിന്റെ അനർഹദയയുടെ ഏറ്റവും ശക്തവും ഉദാത്തവുമായ പ്രകടനത്തിലൂടെ, അതായത്‌, യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തിലൂടെ, ആണ്‌. പൗലൊസ്‌ എഴുതുന്നു: [യേശുക്രിസ്‌തു] മുഖേന, ആ ഒരുവന്റെ രക്തത്താൽ നമുക്കു മറുവിലയാലുള്ള വിടുതൽ, അതേ, അവന്റെ അനർഹദയയുടെ സമൃദ്ധിക്കൊത്തു [നമ്മുടെ] ലംഘനങ്ങളുടെ മോചനം ഉണ്ട്‌.’ ​—⁠എഫെസ്യർ 1:⁠7, NW.

ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ മുഖ്യ പങ്കുവഹിക്കുന്നത്‌ യേശുക്രിസ്‌തുവാണ്‌. (എബ്രായർ 2:10) തന്റെ നിയമങ്ങളിലും തത്ത്വങ്ങളിലും ഉള്ള വിശ്വാസത്തിനു തുരങ്കം വെക്കാത്ത വിധത്തിൽ തന്റെ സ്വർഗീയ കുടുംബത്തിലേക്ക്‌ ആദാമിന്റെ ചില സന്തതികളെ ദത്തെടുക്കുന്നതിനും മനുഷ്യവർഗത്തെ ആദാമ്യ പാപത്തിന്റെ അനന്തരഫലങ്ങളിൽനിന്നു മോചിപ്പിക്കുന്നതിനും യഹോവയ്‌ക്ക്‌ നിയമപരമായ അടിസ്ഥാനം പ്രദാനം ചെയ്യുന്നത്‌ യേശുക്രിസ്‌തുവിന്റെ മറുവിലയാഗമാണ്‌. (മത്തായി 20:28; 1 തിമൊഥെയൊസ്‌ 2:6) തന്റെ നീതിയെ ഉയർത്തിക്കാട്ടുന്ന, സമ്പൂർണ ന്യായത്തിന്റെ നിലവാരങ്ങൾക്കൊത്ത വിധത്തിലാണ്‌ യഹോവ കാര്യങ്ങൾ ചെയ്‌തിരിക്കുന്നത്‌.​—⁠റോമർ 3:21-26.

ദൈവത്തിന്റെ “പാവന രഹസ്യം”

ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം താൻ എങ്ങനെയാണു നിറവേറ്റുന്നതെന്ന്‌ ആയിരക്കണക്കിനു വർഷങ്ങളോളം ദൈവം കൃത്യമായി വെളിപ്പെടുത്തിയില്ല. പൊ.യു. ഒന്നാം നൂറ്റാണ്ടിൽ, ‘തന്റെ ഹിതത്തിന്റെ മർമ്മം [“പാവന രഹസ്യം,” NW] അവൻ [ക്രിസ്‌ത്യാനികളെ] അറിയിച്ചു.’ (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (എഫെസ്യർ 1:9) ദൈവോദ്ദേശ്യം നിവർത്തിക്കുന്നതിൽ യേശുക്രിസ്‌തുവിനു ലഭിച്ചിരിക്കുന്ന അതിശ്രേഷ്‌ഠമായ പങ്ക്‌ പൗലൊസിനും അവന്റെ സഹ അഭിഷിക്ത ക്രിസ്‌ത്യാനികൾക്കും വ്യക്തമായി മനസ്സിലായി. സ്വർഗീയ രാജ്യത്തിൽ ക്രിസ്‌തുവിനോടൊപ്പം കൂട്ടവകാശികൾ എന്ന നിലയിൽ തങ്ങൾക്കുള്ള പ്രത്യേക പങ്കിനെ കുറിച്ചും അവർ മനസ്സിലാക്കിത്തുടങ്ങി. (എഫെസ്യർ 3:5, 6, 8-11) അതേ, സ്വർഗത്തിൽ മാത്രമല്ല ഭൂമിയിലും നിലനിൽക്കുന്ന സമാധാനം കൈവരുത്താനായി ദൈവം ഉപയോഗിക്കാൻ പോകുന്ന ഉപകരണം യേശുക്രിസ്‌തുവിന്റെയും അവന്റെ സഹ ഭരണാധികാരികളുടെയും കൈകളിലെ രാജ്യ ഗവൺമെന്റാണ്‌. (മത്തായി 6:9, 10) അതു മുഖാന്തരം, ഭൂമി എങ്ങനെ ആയിരിക്കാനാണോ താൻ ആദിയിൽ ഉദ്ദേശിച്ചത്‌ ആ അവസ്ഥയിലേക്ക്‌ യഹോവ അതിനെ തിരികെ കൊണ്ടുവരും.​—⁠യെശയ്യാവു 45:18; 65:21-23; പ്രവൃത്തികൾ 3:⁠21.

ഭൂമിയിൽനിന്നു സകല അടിച്ചമർത്തലും അനീതിയും നീക്കംചെയ്യാനായി നേരിട്ട്‌ ഇടപെടാനുള്ള യഹോവയുടെ നിയമിത സമയം സമീപ ഭാവിയിലാണ്‌. എന്നാൽ വാസ്‌തവത്തിൽ, പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ യഹോവ പുനഃസ്ഥിതീകരണ പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. എങ്ങനെ? ‘സ്വർഗത്തിലുള്ളതിനെ,’ അതായത്‌, സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പം ഭരിക്കാനുള്ളവരെ, കൂട്ടിച്ചേർത്തു തുടങ്ങിക്കൊണ്ട്‌. ഇവരിൽ എഫെസ്യ ക്രിസ്‌ത്യാനികളും ഉൾപ്പെട്ടിരുന്നു. (എഫെസ്യർ 2:4-7) കുറെക്കൂടെ അടുത്തകാലത്ത്‌, നമ്മുടെ നാളുകളിൽ, യഹോവ ‘ഭൂമിയിലുള്ളതിനെ’ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുന്നു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (എഫെസ്യർ 1:10) ഒരു ആഗോള പ്രസംഗ പ്രസ്ഥാനത്തിലൂടെ, യേശുക്രിസ്‌തുവിന്റെ കൈകളിലെ തന്റെ രാജ്യ ഗവൺമെന്റിനെ കുറിച്ചുള്ള സുവാർത്ത അവൻ സകല ജനതകളെയും അറിയിച്ചുകൊണ്ടിരിക്കുന്നു. അതിനോട്‌ അനുകൂലമായി പ്രതികരിക്കുന്നവർ ഇപ്പോൾത്തന്നെ ആത്മീയ സംരക്ഷണവും സൗഖ്യവും ലഭിക്കുന്ന ഒരു സ്ഥലത്തേക്ക്‌ കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. (യോഹന്നാൻ 10:16) പെട്ടെന്നുതന്നെ, ശുദ്ധീകരിക്കപ്പെട്ട ഒരു പറുദീസാ ഭൂമിയിൽ അവർ എല്ലാ അനീതികളിൽനിന്നും കഷ്ടപ്പാടുകളിൽനിന്നുമുള്ള പൂർണ വിടുതൽ ആസ്വദിക്കും.​—⁠2 പത്രൊസ്‌ 3:13; വെളിപ്പാടു 11:18.

ഞെരുക്കം അനുഭവിക്കുന്ന മനുഷ്യവർഗത്തെ സഹായിക്കാനുള്ള മനുഷ്യത്വപരമായ ശ്രമങ്ങളുടെ കാര്യത്തിൽ “ഗംഭീരമായ അനേകം ചുവടുവെപ്പുകൾ” ഉണ്ടായിട്ടുണ്ട്‌. (ലോകത്തിലെ കുട്ടികളുടെ അവസ്ഥ 2000) എന്നാൽ, സ്വർഗീയ രാജ്യ ഗവൺമെന്റിലെ യേശുക്രിസ്‌തുവിന്റെയും അവന്റെ സഹ ഭരണാധികാരികളുടെയും പെട്ടെന്നുതന്നെയുള്ള ഇടപെടലായിരിക്കും ഏറ്റവും ഗംഭീരമായ ചുവടുവെപ്പ്‌. സംഘട്ടനത്തിന്റെയും മറ്റെല്ലാ തിന്മകളുടെയും സകല മൂല കാരണങ്ങളെയും അവർ പൂർണമായി ഇല്ലാതാക്കും. മനുഷ്യവർഗത്തിന്റെ മുഴു പ്രശ്‌നങ്ങൾക്കും അവർ അന്ത്യം കുറിക്കും.​—⁠വെളിപ്പാടു 21:1-5.

[4-ാം പേജിലെ ചിത്രങ്ങൾ]

മനുഷ്യത്വപരമായ പ്രവർത്തന ങ്ങൾ മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടില്ല

[6-ാം പേജിലെ ചിത്രം]

ക്രിസ്‌തുവിന്റെ മറുവിലയാഗം മനുഷ്യവർഗത്തിന്‌ ആദാമ്യ പാപത്തിൽനിന്നുള്ള വിടുതലേകി

[7-ാം പേജിലെ ചിത്രം]

ഇന്ന്‌ ആത്മീയ സംരക്ഷണവും സൗഖ്യവും കണ്ടെത്തുക സാധ്യമാണ്‌

[7-ാം പേജിലെ ചിത്രങ്ങൾ]

മിശിഹൈക രാജ്യത്തിലൂടെ ഉടൻതന്നെ, പ്രശ്‌നങ്ങളിൽനിന്നുള്ള പൂർണ വിടുതൽ ലഭിക്കും