വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റോമൻ ചരിത്രം നൽകുന്ന പാഠം

റോമൻ ചരിത്രം നൽകുന്ന പാഠം

റോമൻ ചരിത്രം നൽകുന്ന പാഠം

“ഞാൻ എഫെസൊസിൽവെച്ച്‌ മൃഗയുദ്ധം ചെയ്‌തതു വെറും മാനുഷം എന്നുവരികിൽ.” അപ്പൊസ്‌തലനായ പൗലൊസ്‌ റോമിലെ ഒരു ഗോദയിൽ പോരാടാനായി വിധിക്കപ്പെട്ടുവെന്ന്‌ 1 കൊരിന്ത്യർ 15:​32-ലെ ആ വാക്കുകൾ അർഥമാക്കുന്നതായി ചിലർ വിചാരിക്കുന്നു. അതു സത്യമായിരുന്നാലും അല്ലെങ്കിലും, അക്കാലത്തു ഗോദകളിൽ മരണത്തോളമുള്ള പോരാട്ടങ്ങൾ നടത്തുക പതിവായിരുന്നു. ഗോദയെയും അവിടെ നടന്നിരുന്ന കാര്യങ്ങളെയും കുറിച്ചു ചരിത്രം നമ്മോട്‌ എന്തു പറയുന്നു?

ക്രിസ്‌ത്യാനികൾ എന്ന നിലയിൽ യഹോവയുടെ വീക്ഷണങ്ങൾക്ക്‌ അനുസൃതമായി നമ്മുടെ മനസ്സാക്ഷിയെ പരുവപ്പെടുത്താൻ നാം ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുന്നത്‌, ആധുനിക വിനോദ രൂപങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്‌, പിൻവരുന്ന വാക്കുകളിലൂടെ പ്രകടമാക്കിയിരിക്കുന്ന, അക്രമത്തെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം പരിചിന്തിക്കുക: “അക്രമിയോട്‌ അസൂയപ്പെടരുത്‌; അവന്റെ പാതകൾ തിരഞ്ഞെടുക്കയുമരുത്‌.” (സദൃശവാക്യങ്ങൾ 3:​31, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ) തങ്ങൾക്കു ചുറ്റുമുണ്ടായിരുന്ന ആളുകൾക്ക്‌ റോമൻ വാൾപ്പയറ്റു മത്സരങ്ങൾ ഹരമായിരുന്നപ്പോൾ, ആദിമകാല ക്രിസ്‌ത്യാനികൾക്ക്‌ ആ ബുദ്ധിയുപദേശം വഴികാട്ടിയെന്ന നിലയിൽ ലഭ്യമായിരുന്നു. അത്തരം വേളകളിൽ അരങ്ങേറിയിരുന്ന കാര്യങ്ങൾ പരിചിന്തിക്കവേ ഇന്നത്തെ ക്രിസ്‌ത്യാനികൾക്കുള്ള വ്യക്തമായ പാഠം എന്താണെന്നു നോക്കാം.

സായുധരായ രണ്ടു വാൾപ്പയറ്റുകാർ റോമൻ ഗോദയിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു. വാളുകൊണ്ടുള്ള ആദ്യവെട്ടുകൾ പരിചയിൽ കൊള്ളുമ്പോൾത്തന്നെ, ആർപ്പിട്ടുകൊണ്ട്‌ ആവേശഭരിതരായ ജനക്കൂട്ടം പക്ഷംപിടിച്ച്‌ അവരവരുടെ യോദ്ധാവിനെ പ്രോത്സാഹിപ്പിക്കുന്നു. ഇതൊരു ജീവന്മരണ പോരാട്ടമാണ്‌. പെട്ടെന്നുതന്നെ, ഒരാൾ മുറിവേറ്റ്‌, പൊരുതാൻ ത്രാണിയില്ലാതെ, ആയുധം താഴെയിട്ട്‌, മുട്ടുകുത്തുന്നു. അങ്ങനെ അയാൾ പരാജയം സമ്മതിച്ച്‌ കരുണയ്‌ക്കായി യാചിക്കുന്നു. ആരവം ഉയർന്നുയർന്ന്‌ ഉച്ചസ്ഥായിയിലെത്തുന്നു. ജനക്കൂട്ടത്തിൽ കുറെപ്പേർ കരുണയ്‌ക്കായും മറ്റുചിലർ അയാളുടെ മരണത്തിനായും മുറവിളികൂട്ടുന്നു. എല്ലാവരുടെയും ദൃഷ്ടി ചക്രവർത്തിയുടെമേലാണ്‌. ജനക്കൂട്ടത്തിന്റെ ഹിതം കണക്കിലെടുത്ത്‌ അദ്ദേഹത്തിന്‌ പരാജിതനായ പോരാളിയെ വിട്ടയയ്‌ക്കാനോ തന്റെ പെരുവിരലുകൾ കീഴ്‌പോട്ട്‌ കാണിച്ചുകൊണ്ട്‌ അയാളുടെ മരണത്തിന്‌ ഉത്തരവിടാനോ കഴിയും.

വാൾപ്പയറ്റു രംഗങ്ങൾ കാണാൻ റോമാക്കാർ വളരെ ഉത്സുകരായിരുന്നു. ആദ്യമൊക്കെ അത്തരം പോരാട്ടങ്ങൾ നടന്നിരുന്നത്‌ പ്രമുഖ വ്യക്തികളുടെ ശവസംസ്‌കാര വേളകളിലായിരുന്നു എന്നു കേട്ടാൽ നിങ്ങൾ അതിശയിച്ചേക്കാം. ഇപ്പോൾ സെൻട്രൽ ഇറ്റലി എന്നറിയപ്പെടുന്ന സ്ഥലത്ത്‌ ഉണ്ടായിരുന്ന ഓസ്‌കന്മാരുടെയോ സാമ്‌നൈറ്റുകാരുടെയോ ഇടയിൽ ഉണ്ടായിരുന്ന നരബലിയിൽനിന്നാണ്‌ ഈ മത്സരം ഉത്ഭവിച്ചത്‌ എന്നു വിശ്വസിക്കപ്പെടുന്നു. മരിച്ചവരുടെ ആത്മാക്കളെ പ്രസാദിപ്പിക്കാനായിരുന്നു നരബലികൾ നടത്തിയിരുന്നത്‌. അത്തരം പോരാട്ടത്തെ മൂനുസ്‌ അഥവാ “സമ്മാനം” (ബഹുവചനം, മൂനേറാ) എന്നാണു വിളിച്ചിരുന്നത്‌. റോമിൽവെച്ചു നടന്നതായി രേഖകളുള്ള ആദ്യത്തെ മത്സരക്കളികൾ പൊ.യു.മു. 264-ൽ ആയിരുന്നു. അന്നു മൂന്നു ജോഡി വാൾപ്പയറ്റുകാർ ഒരു കാളച്ചന്തയിൽ പൊരുതുകയുണ്ടായി. മാർക്കസ്‌ അമിലിയസ്‌ ലിപ്പിഡസിന്റെ ശവസംസ്‌കാര സമയത്ത്‌, 22 ദ്വന്ദയുദ്ധങ്ങൾ നടത്തപ്പെട്ടു. പൂബ്ലിയുസ്‌ ലിസിനിയസിന്റെ ശവസംസ്‌കാര വേളയിൽ 60 ജോഡികൾ പരസ്‌പരം ഏറ്റുമുട്ടി. പൊ.യു.മു. 65-ൽ ജൂലിയസ്‌ സീസർ 320 ജോഡി വാൾപ്പയറ്റുകാരെ ഗോദയിലേക്ക്‌ അയച്ചു.

ചരിത്രകാരനായ കിത്ത്‌ ഹോപ്‌കിൻസ്‌ പറയുന്നു: “കുലീനരുടെ ശവസംസ്‌കാര ചടങ്ങുകൾ രാഷ്‌ട്രീയ ലക്ഷ്യങ്ങളുടെ ഉന്നമനത്തിന്‌ ഉതകിയിരുന്നു. സമ്മതിദായകരായ പൗരന്മാർക്ക്‌ ശവസംസ്‌കാര വേളകളിലെ മത്സരക്കളികൾ പ്രിയങ്കരമായിരുന്നതിനാൽ . . ആ കളികൾക്ക്‌ രാഷ്‌ട്രീയ ധ്വനി ഉണ്ടായിരുന്നു. വാസ്‌തവത്തിൽ, വാൾപ്പയറ്റു പ്രദർശനങ്ങൾക്ക്‌ ഒന്നിനൊന്നു പ്രതാപം ഏറിവരാൻ മുഖ്യ കാരണം, അധികാര മോഹികളായ കുലീനരുടെ രാഷ്‌ട്രീയ വടംവലിയാണ്‌.” അഗസ്റ്റസിന്റെ ഭരണകാലം (പൊ.യു.മു. 27 മുതൽ പൊ.യു. 14 വരെ) ആയപ്പോഴേക്കും മൂനേറാ, രാജ്യത്തെ ധനാഢ്യരായ ഉദ്യോഗസ്ഥർ തങ്ങളുടെ രാഷ്‌ട്രീയ താത്‌പര്യങ്ങൾ നേടാനുള്ള ലക്ഷ്യത്തിൽ, ജനക്കൂട്ടങ്ങളുടെ ആസ്വാദനത്തിനായി നൽകുന്ന ഉദാര സമ്മാനങ്ങളായി മാറിയിരുന്നു.

പങ്കെടുത്തിരുന്നവരും പരിശീലനവും

“വാൾപ്പയറ്റുകാർ ആരായിരുന്നു?” എന്നു നിങ്ങൾ ചോദിച്ചേക്കാം. അവർ അടിമകളോ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട കുറ്റപ്പുള്ളികളോ യുദ്ധത്തടവുകാരോ ചിലപ്പോൾ പണത്തിനും പ്രശസ്‌തിക്കും വേണ്ടിയോ വെറും ആവേശത്തിന്റെ പേരിലോ ആകർഷിക്കപ്പെട്ട സ്വതന്ത്രരോ ആയിരുന്നു. ജയിൽസമാന സ്‌കൂളുകളിൽ അവർക്കെല്ലാം പരിശീലനം ലഭിച്ചിരുന്നു. പരിശീലനത്തിലായിരുന്ന വാൾപ്പയറ്റുകാർ “എപ്പോഴും കാവൽക്കാരുടെ നിരീക്ഷണത്തിൽ ആയിരുന്നു, അവർ കഠിനമായ ശിക്ഷണമുറകൾക്കും ഏറ്റവും കർക്കശമായ നിയമങ്ങൾക്കും കീഴിലായിരുന്നു, വളരെ പരുഷമായ ശിക്ഷകളും അവർക്കു ലഭിച്ചിരുന്നു . . . ഇത്തരത്തിലുള്ള പെരുമാറ്റം മിക്കപ്പോഴും ആത്മഹത്യ, അധികാരികളോടുള്ള മത്സരം, കലാപം എന്നിവയിലേക്കു നയിച്ചിരുന്നു”വെന്ന്‌ ജോകി ഇ സ്‌പെറ്റാകൊലി (മത്സരക്കളികളും പ്രദർശനങ്ങളും) എന്ന ഗ്രന്ഥം റിപ്പോർട്ടു ചെയ്യുന്നു. റോമിലെ ഏറ്റവും വലിയ വാൾപ്പയറ്റു പരിശീലന സ്‌കൂളിന്‌ കുറഞ്ഞത്‌ ആയിരം അന്തേവാസികൾക്ക്‌ താമസിക്കുന്നതിനുള്ള അറകൾ ഉണ്ടായിരുന്നു. ഓരോരുത്തരും ഏതെങ്കിലും ഒരു പ്രത്യേക മേഖലയിൽ വൈദഗ്‌ധ്യം നേടിയിരുന്നു. ചിലർ കവചവും വാളും പരിചയും ഉപയോഗിച്ച്‌ പോരാടിയിരുന്നു, മറ്റുചിലർ വലയും മുപ്പല്ലിയും ഉപയോഗിച്ചിരുന്നു, വേറെ ചിലർ നായാട്ട്‌ എന്നറിയപ്പെട്ടിരുന്ന ജനപ്രീതിയുള്ള മറ്റൊരുതരം പ്രദർശനത്തിൽ വന്യമൃഗങ്ങളെ നേരിടാൻ പരിശീലിപ്പിക്കപ്പെട്ടിരുന്നു. അത്തരമൊരു സംഭവത്തെ ആയിരിക്കുമോ പൗലൊസ്‌ പരാമർശിക്കുന്നത്‌?

പ്രദർശനത്തിന്റെ സംഘാടകർക്ക്‌, 17-ഓ 18-ഓ വയസ്സുള്ളവരെ തിരഞ്ഞെടുത്ത്‌ പരിശീലിപ്പിച്ച്‌ വാൾപ്പയറ്റുകാരാക്കി മാറ്റുന്നവരുടെ സഹായം തേടാൻ കഴിയുമായിരുന്നു. മനുഷ്യജീവന്റെ വ്യാപാരം ലാഭകരമായ ഒരു ബിസിനസ്‌ ആയിരുന്നു. സൈനിക വിജയം ആഘോഷിക്കാനായി ട്രാജൻ ഒരുക്കിയ ശ്രദ്ധേയമായ ഒരു പ്രദർശനത്തിൽ 10,000 വാൾപ്പയറ്റുകാരും 11,000 മൃഗങ്ങളും ഉണ്ടായിരുന്നു.

ഗോദയിലെ ഒരു ദിവസം

ഗോദയിൽ രാവിലെ നായാട്ട്‌ മാത്രമാണു നടന്നിരുന്നത്‌. സകലതരം വന്യമൃഗങ്ങളെയും ബലം പ്രയോഗിച്ച്‌ ഗോദയിലേക്കു കൊണ്ടുവന്നിരിക്കാൻ ഇടയുണ്ട്‌. കാളയെയും കരടിയെയും തമ്മിൽ ജോഡി ചേർക്കുന്നതു സദസ്യർ പ്രത്യേകിച്ച്‌ ആസ്വദിച്ചിരുന്നു. മിക്കപ്പോഴും ഒരെണ്ണം ചാകുന്നതുവരെ പോരാടാൻ അവയെ തമ്മിൽ കൂട്ടിക്കെട്ടുമായിരുന്നു. പിന്നീട്‌, അതിജീവിക്കുന്ന മൃഗത്തെ ഒരു നായാട്ടുകാരൻ കൊല്ലുമായിരുന്നു. ജനരഞ്‌ജകമായ മറ്റു മത്സരങ്ങൾ സിംഹങ്ങളും കടുവാകളും അല്ലെങ്കിൽ ആനകളും കരടികളും തമ്മിലുള്ളതായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും എന്തു വിലകൊടുത്തും കൊണ്ടുവന്ന മൃഗങ്ങളെ, കൊല്ലുന്നതിലുള്ള തങ്ങളുടെ കഴിവ്‌ നായാട്ടുകാർ പ്രകടിപ്പിച്ചിരുന്നു. പുള്ളിപ്പുലി, കാണ്ടാമൃഗം, നീർക്കുതിര, ജിറാഫ്‌, കഴുതപ്പുലി, ഒട്ടകം, ചെന്നായ്‌, ആൺപന്നി, കലമാൻ എന്നിവ അതിൽ ഉൾപ്പെട്ടിരുന്നു.

പ്രകൃതി ദൃശ്യങ്ങൾ വേട്ടയെ അവിസ്‌മരണീയമാക്കിയിരുന്നു. പാറകളും കുളങ്ങളും മരങ്ങളും വനത്തിന്റെ പ്രതീതി ജനിപ്പിക്കാനായി ഉപയോഗിച്ചിരുന്നു. ചില ഗോദകളിൽ, അടിയിലായി ഘടിപ്പിച്ചിരിക്കുന്ന ലിഫ്‌റ്റുകളോ സൂത്രകവാടങ്ങളോ ഉപയോഗിച്ചുകൊണ്ട്‌, മൃഗങ്ങളെ മാന്ത്രികവിദ്യകൊണ്ടെന്നപോലെ രംഗത്തു കൊണ്ടുവന്നിരുന്നു. മൃഗങ്ങളുടെ മുൻകൂട്ടി പറയാനാവാത്ത വിധമുള്ള പെരുമാറ്റം കൂടുതൽ രസം പകർന്നിരുന്നെങ്കിലും, നായാട്ടിനെ പ്രത്യേകാൽ ആകർഷകമാക്കിത്തീർത്തത്‌ ക്രൂരതയായിരുന്നതായി തോന്നുന്നു.

അടുത്ത ഇനം വധനിർവഹണമായിരുന്നു. അതു തനിമയോടെ അവതരിപ്പിക്കാൻ വളരെയേറെ ശ്രമം നടത്തിയിരുന്നു. അഭിനേതാക്കളെ അക്ഷരാർഥത്തിൽ വധിക്കുന്ന പുരാണ നാടകങ്ങൾ അരങ്ങേറിയിരുന്നു.

ഉച്ചകഴിഞ്ഞ്‌, വ്യത്യസ്‌ത തരം ആയുധങ്ങൾ ധരിച്ച, ഭിന്നമായ പ്രതിരോധമുറകൾ പരിശീലിച്ച, യോദ്ധാക്കളുടെ സംഘങ്ങൾ പരസ്‌പരം ഏറ്റുമുട്ടുമായിരുന്നു. ശവങ്ങൾ പുറത്തേക്കു വലിച്ചുകൊണ്ടു പോയിരുന്ന ചിലർ പാതാള ദേവനെപ്പോലെ വേഷമണിഞ്ഞിരുന്നു.

കാണികളുടെമേലുള്ള ഫലം

പോരാട്ടം എത്ര കണ്ടാലും ജനത്തിനു മതിവരുമായിരുന്നില്ല. അതുകൊണ്ട്‌, മടിച്ചുനിൽക്കുന്ന വാൾപ്പയറ്റുകാരെ ചാട്ടവാർ പ്രയോഗിച്ചും ഇരുമ്പ്‌ പഴുപ്പിച്ചു വെച്ചും മറ്റും പൊരുതാൻ പ്രേരിപ്പിച്ചിരുന്നു. ജനക്കൂട്ടം പിൻവരുന്ന വിധം ആക്രോശിക്കുമായിരുന്നു: “എന്തുകൊണ്ടാണ്‌ അയാൾക്കു വാളിനെ ഇത്ര ഭയം? എന്തുകൊണ്ടാണ്‌ അയാൾ ഇത്ര പതുക്കെ വെട്ടുന്നത്‌? അയാൾ [മനസ്സോടെ] മരിക്കാത്തത്‌ എന്തുകൊണ്ട്‌? ചാട്ടവാർ പ്രയോഗിച്ച്‌ അയാളെ പോരിനിറക്കൂ! ചങ്കുവിരിച്ചുനിന്ന്‌ അവർ വെട്ടിനുപകരം വെട്ട്‌ ഏറ്റുവാങ്ങട്ടെ!” ഒരു ഇടവേളയുടെ സമയത്ത്‌ പിൻവരുന്ന അറിയിപ്പ്‌ നടത്തപ്പെട്ടതായി റോമൻ ഭരണതന്ത്രജ്ഞനായ സെനിക എഴുതുന്നു: “ഇടവേളയുടെ സമയത്തും അൽപ്പം രസത്തിനായി ഏതാനും കൊല നടക്കാൻ പോകുകയാണ്‌!”

താൻ “കൂടുതൽ ക്രൂരനും നിഷ്‌ഠുരനു”മായാണു വീട്ടിലേക്കു മടങ്ങിപ്പോയത്‌ എന്നു സെനിക സമ്മതിക്കുന്നതിൽ അതിശയിക്കാനില്ല. ആ കാഴ്‌ചക്കാരന്റെ തുറന്ന പ്രസ്‌താവന നമ്മുടെ ഗൗരവമായ ശ്രദ്ധ അർഹിക്കുന്നു. ഇന്നത്തെ ചിലതരം സ്‌പോർട്‌സ്‌, കാണികളെ ‘കൂടുതൽ ക്രൂരരും നിഷ്‌ഠുര’രുമാക്കിത്തീർത്തുകൊണ്ട്‌ സമാനമായി ബാധിക്കുമോ?

വീട്ടിൽ തിരിച്ചുപോകാൻ കഴിയുന്നതുതന്നെ വലിയ ഭാഗ്യമായി ചിലർ കരുതിയിട്ടുണ്ടാകാം. തന്നെക്കുറിച്ചു തമാശ പറഞ്ഞ ഒരു കാഴ്‌ചക്കാരനെ ഇരിപ്പിടത്തിൽനിന്നു വലിച്ചിഴച്ചുകൊണ്ടുവന്ന്‌ നായ്‌ക്കൾക്ക്‌ ഇട്ടുകൊടുക്കാൻ ഡൊമിഷ്യൻ ചക്രവർത്തി ഉത്തരവിടുകയുണ്ടായി. വധിക്കപ്പെടാനായി കുറ്റവാളികൾ ഇല്ലാതെ വന്നതുകൊണ്ട്‌, ജനക്കൂട്ടത്തിൽനിന്ന്‌ കുറെപ്പേരെ പിടിച്ച്‌ മൃഗങ്ങളുടെ മുന്നിലേക്ക്‌ എറിഞ്ഞുകൊടുക്കാൻ കാലിഗുളാ ഉത്തരവിട്ടു. സ്റ്റേജിലെ സജ്ജീകരണങ്ങൾ താൻ ആഗ്രഹിച്ചതുപോലെ പ്രവർത്തിക്കാതെ വന്നപ്പോൾ അതിന്‌ ഉത്തരവാദികളായ മെക്കാനിക്കുകൾ ഗോദയിൽ പോരാടട്ടെ എന്ന്‌ ക്ലൌദ്യൊസ്‌ ആജ്ഞാപിച്ചു.

കാഴ്‌ചക്കാരുടെ ഭ്രാന്തമായ ആവേശവും ദുരന്തങ്ങൾക്കും ലഹളകൾക്കും ഇടയാക്കി. റോമിന്‌ തൊട്ടു വടക്കായി സ്ഥിതിചെയ്‌തിരുന്ന ഒരു ആംഫിതീയറ്റർ തകർന്നുവീണ്‌ ആയിരങ്ങൾ മരിച്ചതായി റിപ്പോർട്ടുണ്ട്‌. പൊ.യു. 59-ൽ പോംപൈയിൽ ഒരു പ്രദർശനം നടന്നുകൊണ്ടിരിക്കെ ഒരു ലഹള പൊട്ടിപ്പുറപ്പെട്ടു. റ്റാസിറ്റസ്‌ റിപ്പോർട്ട്‌ ചെയ്യുന്നതനുസരിച്ച്‌, തദ്ദേശീയരായ ജനക്കൂട്ടവും അടുത്ത പട്ടണത്തിലെ എതിരാളികളും തമ്മിലുള്ള ഏറ്റുമുട്ടൽ, പരസ്‌പരം ചീത്തവിളിക്കുന്നതിലാണ്‌ തുടങ്ങിയത്‌. പിന്നെ അത്‌ കല്ലേറിൽ എത്തി, ഒടുവിൽ വാൾപ്രയോഗത്തിലാണ്‌ അത്‌ അവസാനിച്ചത്‌. നിരവധി പേർ അംഗഹീനരാകുകയോ അവർക്കു മുറിവേൽക്കുകയോ ചെയ്‌തു. ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു.

വ്യക്തമായ ഒരു പാഠം

റോമിലെ കൊളോസിയത്തിൽ ഈയിടെ നടന്ന ഒരു പ്രദർശനം (സാംഗെ ഇ അരീന, “രക്തവും മണലും”) മൂനേറായുടെ ആധുനിക പകർപ്പുകളെ ഓർമയിലേക്കു കൊണ്ടുവരുന്നതാണ്‌. അതിൽ കാളപ്പോര്‌, ബോക്‌സിങ്‌, മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന കാറും മോട്ടോർ സൈക്കിളും മറ്റും ഇടിച്ചു തകരുന്ന ഭീകരരംഗങ്ങൾ, കളികളിൽ അത്‌ലറ്റുകൾ നടത്തുന്ന വന്യമായ പോരാട്ടം, കാണികളുടെ അക്രമാസക്തമായ പോരാട്ടങ്ങൾ എന്നിവയുടെ വീഡിയോ ചിത്രങ്ങൾ ഉണ്ടായിരുന്നു എന്നതു ശ്രദ്ധേയമാണ്‌. ആ അവതരണം അവസാനിച്ചത്‌ കൊളോസിയത്തിന്റെ ആകാശത്തുനിന്നുള്ള ഒരു ദൃശ്യം കാണിച്ചുകൊണ്ടാണ്‌. സന്ദർശകർ ഏതു നിഗമനത്തിൽ എത്തണമായിരുന്നു എന്നാണു നിങ്ങൾ വിചാരിക്കുന്നത്‌? എത്ര പേർ പാഠം ഉൾക്കൊള്ളും?

ഇന്നു ചില രാജ്യങ്ങളിൽ, നായ്‌പ്പോര്‌, കോഴിപ്പോര്‌, കാളപ്പോര്‌, അക്രമാസക്തമായ സ്‌പോർട്‌സ്‌ എന്നിവ സാധാരണമാണ്‌. തടിച്ചുകൂടിയിരിക്കുന്ന ആളുകളെ രസിപ്പിക്കാനായി ജീവൻ പണയം വെച്ച്‌ ആളുകൾ മോട്ടോർവാഹന മത്സരയോട്ടങ്ങളിൽ പങ്കെടുക്കുന്നു. ദിവസവും ടെലിവിഷനിൽ കാണുന്ന കാര്യങ്ങളെ കുറിച്ചു ചിന്തിക്കുക. ഒരു പാശ്ചാത്യ രാജ്യത്ത്‌ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തിയതനുസരിച്ച്‌, ടിവി കാണുന്ന ഒരു ശരാശരി കുട്ടി പത്തു വയസ്സാകുമ്പോഴേക്കും 10,000 കൊലപാതകങ്ങളും 1,00,000 അക്രമപ്രവർത്തനങ്ങളും വീക്ഷിച്ചേക്കാം.

ഗോദയിലും മറ്റും അരങ്ങേറുന്ന വിനോദരൂപങ്ങൾ നൽകുന്ന ആനന്ദം “സത്യമതത്തോടും സത്യദൈവത്തോടുള്ള യഥാർഥ അനുസരണത്തോടും ചേർച്ചയിലുള്ളത്‌” അല്ലായിരുന്നുവെന്നു മൂന്നാം നൂറ്റാണ്ടിലെ എഴുത്തുകാരനായ തെർത്തുല്യൻ പറയുകയുണ്ടായി. അത്തരം പരിപാടികൾക്കു ഹാജരായിരുന്നവരെ അവിടെ നടക്കുന്ന കൊലപാതകത്തിനു കൂട്ടുനിൽക്കുന്നവരായാണ്‌ അദ്ദേഹം വീക്ഷിച്ചത്‌. ഇക്കാലത്തോ? ഒരുവന്‌ ഇങ്ങനെ ചോദിക്കാവുന്നതാണ്‌, ‘രക്തച്ചൊരിച്ചിൽ, മരണം, അക്രമം ഇവയിലേതെങ്കിലും ഉൾപ്പെട്ട വിനോദരംഗങ്ങൾ ടെലിവിഷനിലൂടെയോ ഇന്റർനെറ്റിലൂടെയോ ഞാൻ ആസ്വദിക്കാറുണ്ടോ?’ “യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും [“അക്രമം ഇഷ്ടപ്പെടുന്നവനെ,” പി.ഒ.സി. ബൈബിൾ] അവന്റെ ഉള്ളം വെറുക്കുന്നു” എന്നു പറയുന്ന സങ്കീർത്തനം 11:5 എല്ലായ്‌പോഴും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ.

[28-ാം പേജിലെ ചതുരം]

“മരിച്ചവരെ പ്രസാദിപ്പിക്കാ” നുള്ള പോരാട്ടങ്ങൾ

വാൾപ്പയറ്റു മത്സരത്തിന്റെ ഉത്ഭവം സംബന്ധിച്ച്‌ മൂന്നാം നൂറ്റാണ്ടിലെ എഴുത്തുകാരനായ തെർത്തുല്യൻ പറയുന്നു: “ക്രൂരതയുടെ കൂടുതൽ പരിഷ്‌കൃതമായ ഒരു രൂപംകൊണ്ട്‌ മയപ്പെടുത്തിയെടുത്ത ഇത്തരം പ്രദർശനം ഒരുക്കുന്നതിലൂടെ തങ്ങൾ മരിച്ചവർക്കുവേണ്ടി സേവ ചെയ്യുകയാണെന്ന്‌ പുരാതന കാലത്തെ ആളുകൾ കരുതിയിരുന്നു. പണ്ടുകാലത്ത്‌, മരിച്ചവരുടെ ആത്മാക്കളെ മനുഷ്യരക്തംകൊണ്ട്‌ പ്രസാദിപ്പിക്കാമെന്ന വിശ്വാസം നിമിത്തം ശവസംസ്‌കാര സമയത്ത്‌ തടവുകാരെയോ അവർ വാങ്ങിയ അടിമകളിൽ നിലവാരം കുറഞ്ഞവരെയോ ബലിയർപ്പിക്കുന്ന രീതിയുണ്ടായിരുന്നു. പിൽക്കാലത്ത്‌, അതിനെ ഒരു വിനോദമാക്കിക്കൊണ്ട്‌ തങ്ങളുടെ ദുഷ്ടതയെ മറച്ചുവെക്കുന്നത്‌ നല്ലതായി അവർക്കു തോന്നി. അതുകൊണ്ട്‌ കൈവശമുള്ള വ്യക്തികളെ അക്കാലത്തെ ആയുധങ്ങൾ, പരമാവധി വൈദഗ്‌ധ്യത്തോടെ പ്രയോഗിക്കാൻ പരിശീലിപ്പിച്ചശേഷം​—⁠വധിക്കപ്പെടാൻ പഠിക്കുക എന്നതായിരുന്നു അവരുടെ പരിശീലനം!​—⁠നിയമിത ശവസംസ്‌കാര ദിവസം അവരെ ശവകുടീരത്തിനരികെ വെച്ച്‌ വധിച്ചിരുന്നു. അങ്ങനെ അക്കാലത്തെ ആളുകൾ കൊലപാതകത്തിലൂടെ മരണത്തിന്‌ ആശ്വാസം കണ്ടെത്തിയിരുന്നു. ഇതാണ്‌ മൂനുസിന്റെ ഉത്ഭവം. കുറച്ചു കാലത്തിനുശേഷം, പരിഷ്‌കരണവും ക്രൂരതയും ഒരേ നിലവാരത്തിൽ എത്തുന്ന അളവോളം പ്രദർശനങ്ങൾ പുരോഗമിച്ചു. കാരണം, ക്രൂരമൃഗങ്ങളെക്കൊണ്ടും കൂടി മനുഷ്യരെ പിച്ചിച്ചീന്തിച്ചിരുന്നില്ലെങ്കിൽ അവധി ദിവസത്തെ സന്തോഷം പൂർണമാകുമായിരുന്നില്ല. മരിച്ചവരെ പ്രസാദിപ്പിക്കാനായി ചെയ്‌തിരുന്നത്‌ ഒരു ശവസംസ്‌കാര ചടങ്ങായി വീക്ഷിക്കപ്പെട്ടിരുന്നു.”

[27-ാം പേജിലെ ചിത്രം]

പുരാതന വാൾപ്പയറ്റുകാരുടെ ശിരസ്‌ത്രവും കണങ്കാലിന്റെ മുൻഭാഗത്ത്‌ ധരിച്ചിരുന്ന കവചവും

[29-ാം പേജിലെ ചിത്രം]

പുരാതന ക്രിസ്‌ത്യാനികൾ അക്രമാസക്ത വിനോദം ആസ്വദിച്ചിരുന്നില്ല. നിങ്ങളോ?

[കടപ്പാട്‌]

ബോക്‌സിങ്‌: Dave Kingdon/Index Stock Photography; തകരുന്ന കാർ: AP Photo/Martin Seppala

[26-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Phoenix Art Museum, Arizona/Bridgeman Art Library