വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ ‘ആത്മാവിൽ’ ആരാധിക്കുക

ദൈവത്തെ ‘ആത്മാവിൽ’ ആരാധിക്കുക

ദൈവത്തെ ‘ആത്മാവിൽ’ ആരാധിക്കുക

“ദൈവത്തെ ആരോടു നിങ്ങൾ തുലനം ചെയ്യും? അവിടുത്തോടു സാദൃശ്യമുള്ള രൂപമേത്‌?”—യെശയ്യാവു 40:​18, “പി.ഒ.സി. ബൈബിൾ”

ദൈവാരാധനയിൽ മതപരമായ ചിത്രങ്ങൾ ഉപയോഗിക്കുന്നതു സ്വീകാര്യമാണെന്ന്‌ ഒരുപക്ഷേ നിങ്ങൾ ആത്മാർഥമായി വിശ്വസിക്കുന്നുണ്ടാകാം. ഇതു പ്രാർഥന കേൾക്കുന്നവനായ, ആളത്വമില്ലാത്തവനും അമൂർത്തനും ആയി തോന്നിയേക്കാവുന്ന, അദൃശ്യ ദൈവത്തോടു നിങ്ങളെ കൂടുതൽ അടുപ്പിക്കുമെന്നു നിങ്ങൾ കരുതിയേക്കാം.

എന്നാൽ, ദൈവത്തെ നമ്മുടേതായ രീതിയിൽ സമീപിക്കാൻ നമുക്കു സമ്പൂർണ സ്വാതന്ത്ര്യമുണ്ടോ? സ്വീകാര്യമായതും അല്ലാത്തതും എന്താണെന്നു തീരുമാനിക്കാനുള്ള ആത്യന്തിക അധികാരി ദൈവംതന്നെ ആയിരിക്കേണ്ടതല്ലേ? പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട്‌ ഇതു സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം യേശു വിശദീകരിച്ചു: “വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.” (യോഹന്നാൻ 14:6) * ആരാധനയിൽ ചിത്രങ്ങളോ മറ്റേതെങ്കിലും വിശുദ്ധ വസ്‌തുക്കളോ ഉപയോഗിക്കുന്നത്‌ തെറ്റാണെന്നു തെളിയിക്കാൻ ആ വാക്കുകൾ മാത്രം മതി.

അതേ, യഹോവയാം ദൈവം അംഗീകരിക്കുന്ന ഒരു പ്രത്യേക ആരാധനാരീതിയുണ്ട്‌. അത്‌ ഏതാണ്‌? മറ്റൊരു അവസരത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “യഥാർത്‌ഥ ആരാധകർ ആത്‌മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത്‌ ഇപ്പോൾത്തന്നെയാണ്‌. യഥാർത്‌ഥത്തിൽ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ്‌ പിതാവ്‌ അന്വേഷിക്കുന്നതും. ദൈവം ആത്‌മാവാണ്‌. അവിടുത്തെ ആരാധിക്കുന്നവർ ആത്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്‌.”​—⁠യോഹന്നാൻ 4:23, 24.

‘ആത്മാവാ’യ ദൈവത്തെ ഒരു ഭൗതിക പ്രതിരൂപത്താൽ പ്രതിനിധാനം ചെയ്യാൻ കഴിയുമോ? ഇല്ല. ഒരു ചിത്രം എത്രതന്നെ ഗംഭീരമായിരുന്നാലും, അതിന്‌ ഒരിക്കലും ദൈവത്തിന്റെ മഹത്ത്വത്തിനു തുല്യമായിരിക്കാൻ കഴിയില്ല. അതിനാൽ ദൈവത്തിന്റെ ഒരു പ്രതിരൂപത്തിന്‌ ഒരിക്കലും അവനെ യഥാർഥമായി പ്രതിനിധാനം ചെയ്യാനാവില്ല. (റോമർ 1:22, 23) മനുഷ്യനിർമിതമായ ഏതെങ്കിലും ചിത്രത്തിലൂടെ ഒരുവൻ ദൈവത്തെ സമീപിക്കുന്നെങ്കിൽ, ആ വ്യക്തി ‘സത്യത്തിൽ’ ആയിരിക്കുമോ ‘ആരാധിക്കുന്നത്‌’?

വ്യക്തമായ ഒരു ബൈബിൾ പഠിപ്പിക്കൽ

ആരാധനയ്‌ക്കായി പ്രതിരൂപങ്ങൾ ഉണ്ടാക്കുന്നതിനെ ദൈവത്തിന്റെ ന്യായപ്രമാണം വിലക്കി. പത്തു കൽപ്പനകളിൽ രണ്ടാമത്തേത്‌ ഇങ്ങനെ കൽപ്പിച്ചു: “മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിർമ്മിക്കരുത്‌. അവയ്‌ക്കു മുമ്പിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌.” (പുറപ്പാടു 20:4, 5) നിശ്വസ്‌ത ക്രിസ്‌തീയ തിരുവെഴുത്തുകളും ഇങ്ങനെ കൽപ്പിക്കുന്നു: “വിഗ്രഹാരാധനയിൽ നിന്ന്‌ ഓടിയകലുവിൻ.”​—⁠1 കൊരിന്ത്യർ 10:⁠14.

വിഗ്രഹാരാധന എന്ന നിലയിലല്ല തങ്ങൾ ആരാധനയിൽ പ്രതിരൂപങ്ങൾ ഉപയോഗിക്കുന്നതെന്നു പലരും പറയാറുണ്ടെന്നതു ശരിതന്നെ. ഉദാഹരണത്തിന്‌, ഓർത്തഡോക്‌സ്‌ ക്രിസ്‌ത്യാനികൾ മതപരമായ ചിത്രങ്ങളുടെ മുമ്പാകെ കുമ്പിടുകയും മുട്ടുകുത്തുകയും പ്രാർഥിക്കുകയും ചെയ്‌തിട്ട്‌ അവയെ തങ്ങൾ യഥാർഥത്തിൽ ആരാധിക്കുന്നില്ലെന്ന്‌ മിക്കപ്പോഴും പറയുന്നു. ഒരു ഓർത്തഡോക്‌സ്‌ പുരോഹിതൻ ഇങ്ങനെ എഴുതി: “ഞങ്ങൾ അവയെ ആദരിക്കുന്നു. അവ വിശുദ്ധമാണെന്നുള്ളതാണ്‌ ഒരു കാരണം. മാത്രമല്ല, അവ എന്തിനെ പ്രതിനിധാനം ചെയ്യുന്നുവോ അതിനെ ഞങ്ങൾ ആദരിക്കുന്നു.”

എന്നാൽ ഈ ചോദ്യം അവശേഷിക്കുന്നു: പരോക്ഷമായ ആരാധന എന്നു വിളിക്കപ്പെടുന്ന ഒന്നിനുവേണ്ടി ആണെങ്കിൽ പോലും, മതപരമായ ചിത്രങ്ങളുടെ ഉപയോഗത്തെ ദൈവം അംഗീകരിക്കുന്നുവോ? ബൈബിളിൽ ഒരിടത്തും അത്തരം ഒരു ആചാരത്തിന്‌ അനുമതി നൽകിയിട്ടില്ല. യഹോവയെ ആരാധിക്കാനാണെന്നു പറഞ്ഞുകൊണ്ട്‌ ഇസ്രായേല്യർ ഒരു കാളക്കുട്ടിയുടെ പ്രതിമ ഉണ്ടാക്കിയപ്പോൾ, അവർ വിശ്വാസത്യാഗികൾ ആയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട്‌ യഹോവ തന്റെ ശക്തമായ അപ്രീതി പ്രകടമാക്കി.​—⁠പുറപ്പാടു 32:4-7, സത്യവേദപുസ്‌തകം.

ഒളിഞ്ഞിരിക്കുന്ന അപകടം

ആരാധനയിൽ മൂർത്തമായ വസ്‌തുക്കൾ ഉപയോഗിക്കുന്നത്‌ അപകടകരമാണ്‌. ആ വസ്‌തു ആരെ പ്രതിനിധാനം ചെയ്യാനാണോ ഉദ്ദേശിക്കുന്നത്‌ ആ ദൈവത്തെ ആരാധിക്കുന്നതിനു പകരം, പ്രസ്‌തുത വസ്‌തുവിനെത്തന്നെ ആരാധിക്കാൻ ആളുകൾക്കു പ്രലോഭനം തോന്നിയേക്കാം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഉപയോഗിക്കുന്ന മതപരമായ ചിത്രം വിഗ്രഹാരാധനയിലേക്കു നയിക്കുമാറ്‌ ഒരു വ്യക്തിയുടെ ശ്രദ്ധാകേന്ദ്രം ആയിത്തീരുന്നു.

ഇസ്രായേല്യരുടെ നാളുകളിൽ പല വസ്‌തുക്കളുടെയും കാര്യത്തിൽ അതു സംഭവിച്ചു. ഉദാഹരണത്തിന്‌, മരുഭൂമിയിലെ യാത്രയുടെ സമയത്ത്‌ മോശെ ഒരു പിച്ചള സർപ്പത്തെ ഉണ്ടാക്കി. ഒരു വടിമേൽ ഉയർത്തി നിറുത്തിയ പാമ്പിന്റെ ആ പ്രതീകം ആദ്യം സൗഖ്യം നേടുന്നതിനുള്ള ഒരു മാർഗമായിരുന്നു. ശിക്ഷയായി പാമ്പുകടി ഏറ്റവർക്ക്‌ ആ പിച്ചള സർപ്പത്തിലേക്കു നോക്കാനും ദൈവത്തിന്റെ സഹായം സ്വീകരിക്കാനും കഴിയുമായിരുന്നു. എന്നാൽ ആളുകൾ വാഗ്‌ദത്തദേശത്തു താമസമാക്കിയപ്പോൾ, ആ പിച്ചള സർപ്പത്തിനു സ്വയമായി സൗഖ്യമാക്കാനുള്ള പ്രാപ്‌തി ഉണ്ടായിരുന്നാലെന്ന പോലെ, അവർ ആ പ്രതീകത്തെ ഒരു വിഗ്രഹമാക്കി മാറ്റിയതായി കാണുന്നു. അവർ അതിനു ധൂപം കാട്ടി, ഒരു പേരു നൽകുക പോലും ചെയ്‌തു. നെഹുഷ്‌താൻ എന്നായിരുന്നു അതിന്റെ പേര്‌.​—⁠സംഖ്യാപുസ്‌തകം 21:8, 9; 2 രാജാക്കന്മാർ 18:4, 5.

ഇസ്രായേല്യർ ശത്രുക്കൾക്കെതിരെ മന്ത്രശക്തിയുള്ള ഒന്നായി ഉടമ്പടി പെട്ടകവും ഉപയോഗിക്കാൻ നോക്കി, അതിന്റെ ഫലം വിപത്‌കരമായിരുന്നു. (1 ശമൂവേൽ 4:3, 4; 5:11; സത്യവേദപുസ്‌തകം) യിരെമ്യാവിന്റെ നാളിൽ യെരൂശലേമിലെ പൗരന്മാർ ദൈവത്തെക്കാളധികം ആരാധനാലയത്തിനു പരിഗണന നൽകി.​—⁠യിരെമ്യാവു 7:12-15.

ദൈവത്തിനു പകരം വസ്‌തുക്കളെ ആരാധിക്കാനുള്ള പ്രവണത ഇന്നും വളരെ വ്യാപകമാണ്‌. ഗവേഷകനായ വിതാലി ഇവാനിച്ച്‌ പെട്രെൻകോ ഇങ്ങനെ പറഞ്ഞു: “മതപരമായ ചിത്രം ആരാധനാപാത്രം ആയിത്തീരുന്നു, . . . അങ്ങനെ അതിൽ വിഗ്രഹാരാധനയുടെ അപകടമുണ്ട്‌. ജനരഞ്‌ജക വിശ്വാസങ്ങളിലൂടെ മതപരമായ ചിത്രത്തിന്റെ ആരാധനയായിത്തീർന്ന പുറജാതീയ ആശയമാണ്‌ വാസ്‌തവത്തിൽ ഇതെന്ന്‌ ഒരുവൻ സമ്മതിക്കേണ്ടിയിരിക്കുന്നു.” സമാനമായി, ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ പുരോഹിതനായ തിമിട്രിയോസ്‌ കോൺസ്റ്റാന്റിലോസ്‌ ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയെ മനസ്സിലാക്കൽ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ഇപ്രകാരം പറയുന്നു: “ഒരു ക്രിസ്‌ത്യാനി മതപരമായ ഒരു ചിത്രത്തെ ആരാധനാപാത്രമാക്കാൻ ഇടയുണ്ട്‌.”

ചിത്രങ്ങൾ ആപേക്ഷിക ആരാധനയെ സഹായിക്കുക മാത്രം ചെയ്യുന്ന ഘടകങ്ങളാണ്‌ എന്നത്‌ അങ്ങേയറ്റം ചോദ്യം ചെയ്യാവുന്ന ഒരു അവകാശവാദമാണ്‌. എന്തുകൊണ്ട്‌? ദീർഘകാലം മുമ്പു മരിച്ചുപോയ മറിയയുടെയോ ‘വിശുദ്ധന്മാരു’ടെയോ ചില ചിത്രങ്ങൾ ആ വ്യക്തിയെത്തന്നെ ചിത്രീകരിക്കുന്ന മറ്റു ചിത്രങ്ങളെക്കാൾ കൂടുതൽ ഭക്തി അർഹിക്കുന്നതും കൂടുതൽ ഫലപ്രദവും ആയി കണക്കാക്കപ്പെടുന്നുണ്ട്‌ എന്നതു സത്യമല്ലേ? ഉദാഹരണത്തിന്‌, ഗ്രീസിലെ റ്റിനോസിൽ മറിയയെ പ്രതിനിധാനം ചെയ്യുന്ന ഒരു ചിത്രത്തിനു കുറെ ഭക്തരുണ്ട്‌. അതുപോലെതന്നെ, വടക്കൻ ഗ്രീസിലെ സൂമേലായിൽ മറിയയെ പ്രതിനിധാനം ചെയ്യുന്ന ചിത്രത്തിനും വിശ്വസ്‌തരായ കുറെ ഭക്തരുണ്ട്‌. ഈ രണ്ടു ചിത്രങ്ങളും ദീർഘകാലം മുമ്പ്‌ മരിച്ചുപോയ ഒരേ വ്യക്തിയെത്തന്നെ പ്രതിനിധാനം ചെയ്യുന്നവയാണെങ്കിലും, ഓരോ ചിത്രത്തിന്റെയും ഭക്തർ തങ്ങളുടെ ചിത്രമാണ്‌ ഏറെ ശ്രേഷ്‌ഠതയുള്ളതെന്നും മറ്റേതിനെക്കാൾ മികച്ച അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ഏറെ ശേഷിയുള്ളതെന്നും വിശ്വസിക്കുന്നു. അതുകൊണ്ട്‌ ഫലത്തിൽ, ആളുകൾ ചില ചിത്രങ്ങൾക്ക്‌ യഥാർഥ ശക്തി ആരോപിച്ചുകൊണ്ട്‌ അവയെ ആരാധിക്കുന്നു.

“വിശുദ്ധന്മാ”രോടോ മറിയയോടോ പ്രാർഥിക്കാമോ?

എന്നാൽ, മറിയയും ‘വിശുദ്ധന്മാരും’ പോലുള്ള വ്യക്തികളെ പൂജിക്കുന്ന കാര്യമോ? സാത്താനിൽനിന്നുള്ള പ്രലോഭനത്തോടു പ്രതികരിച്ചപ്പോൾ ആവർത്തനപുസ്‌തകം 6:13 പരാമർശിച്ചുകൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ.” (മത്തായി 4:10) യഥാർഥ ആരാധകർ “പിതാവിനെ”​—⁠മറ്റാരെയുമല്ല​—⁠ആരാധിക്കുമെന്ന്‌ അവൻ പിന്നീട്‌ പറഞ്ഞു. (യോഹന്നാൻ 4:23) ഇതു മനസ്സിലാക്കിയ ഒരു ദൂതൻ, തന്നെ ആരാധിക്കാൻ തുനിഞ്ഞ യോഹന്നാൻ അപ്പൊസ്‌തലനെ ശാസിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു: “അരുത്‌. . . . ദൈവത്തെ ആരാധിക്കുക.”​—⁠വെളിപ്പാടു 22:⁠9.

ദൈവത്തിനും തങ്ങൾക്കും ഇടയിൽ മാധ്യസ്ഥ്യം വഹിക്കാൻ അപേക്ഷിച്ചുകൊണ്ട്‌ യേശുവിന്റെ ഭൗമിക മാതാവായ മറിയയോടോ ഏതെങ്കിലും ‘വിശുദ്ധന്മാ’രോടോ പ്രാർഥിക്കുന്നത്‌ ഉചിതമാണോ? ബൈബിളിന്റെ നേരിട്ടുള്ള ഉത്തരം ഇതാണ്‌: “ദൈവത്തിനും മനുഷ്യർക്കും മധ്യസ്‌ഥനായി ഒരുവനേയുള്ളൂ​—⁠മനുഷ്യനായ യേശുക്രിസ്‌തു.”​—⁠1 തിമൊഥെയൊസ്‌ 2:⁠5.

ദൈവവുമായുള്ള നിങ്ങളുടെ ബന്ധം കാത്തുസൂക്ഷിക്കുക

ആരാധനയിൽ ചിത്രങ്ങൾ ഉപയോഗിക്കുന്നത്‌, ബൈബിളിന്റെ വ്യക്തമായ പഠിപ്പിക്കലിനു വിരുദ്ധമായതിനാൽ അത്‌ ദൈവത്തിന്റെ അംഗീകാരവും രക്ഷയും നേടാൻ ആളുകളെ സഹായിക്കില്ല. നേരെ മറിച്ച്‌ നിത്യജീവൻ ആശ്രയിച്ചിരിക്കുന്നത്‌, ഏകസത്യ ദൈവത്തെ കുറിച്ചുള്ള അറിവു നേടുന്നതിനെയും അവന്റെ അതുല്യ വ്യക്തിത്വത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും അതുപോലെ മനുഷ്യരുമായുള്ള അവന്റെ ഇടപെടലുകളെയും കുറിച്ച്‌ അറിയുന്നതിനെയുമാണെന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 17:3) കാണാനോ സ്‌പർശിക്കാനോ സംസാരിക്കാനോ കഴിയാത്ത ഈ മതപരമായ ചിത്രങ്ങൾ ദൈവത്തെ അറിയാനും അവനെ സ്വീകാര്യമായ വിധത്തിൽ ആരാധിക്കാനും ഒരുവനെ സഹായിക്കില്ല. (സങ്കീർത്തനം 115:4-8) ദൈവവചനമായ ബൈബിളിന്റെ പഠനത്തിലൂടെ മാത്രമേ ആ പരമപ്രധാന വിദ്യാഭ്യാസം ലഭിക്കുകയുള്ളൂ.

ചിത്രങ്ങളെ ആരാധിക്കുന്നത്‌, യാതൊരു പ്രയോജനവും ചെയ്യുന്നില്ല എന്നു മാത്രമല്ല അത്‌ ആത്മീയമായി അപകടകരവും ആയിരുന്നേക്കാം. എങ്ങനെ? പ്രഥമവും പ്രധാനവുമായി, യഹോവയുമായുള്ള ഒരുവന്റെ ബന്ധത്തെ അതു തകർക്കും. ‘മ്ലേച്ഛ വിഗ്രഹങ്ങളാൽ തന്നെ കോപിപ്പിച്ച’ ഇസ്രായേലിനെ കുറിച്ച്‌ ദൈവം മുൻകൂട്ടി പറഞ്ഞു: “ഞാൻ എന്റെ മുഖം അവർക്കു മറയ്‌ക്കും.” (ആവർത്തനപുസ്‌തകം 32:16, 20, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) ദൈവവുമായുള്ള ബന്ധം വീണ്ടും കരുപ്പിടിപ്പിക്കാൻ അവർ ‘പാപപൂർണമായ വിഗ്രഹങ്ങളെ വലിച്ചെറിയേണ്ടത്‌’ ആവശ്യമായിരുന്നു.​—⁠യെശയ്യാവു 31:6, 7.

അതുകൊണ്ട്‌ “കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ” എന്ന തിരുവെഴുത്തു ബുദ്ധിയുപദേശം എത്ര ഉചിതമാണ്‌.​—⁠1 യോഹന്നാൻ 5:​21, സത്യവേദപുസ്‌തകം.

[അടിക്കുറിപ്പ്‌]

^ ഖ. 4 മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം, ഈ ലേഖനത്തിലെ എല്ലാ തിരുവെഴുത്ത്‌ ഉദ്ധരണികളും പി.ഒ.സി. ബൈബിളിൽ നിന്നാണ്‌.

[6-ാം പേജിലെ ചതുരം]

‘ആത്മാവിൽ’ ആരാധിക്കാൻ സഹായിക്കപ്പെട്ടു

അൽബേനിയയിലെ ഓർത്തഡോക്‌സ്‌ സഭയിലുള്ള വളരെ ഭക്തയായ ഒരു അംഗമായിരുന്നു ഓലിവെറാ. ആ രാജ്യം 1967-ൽ മതത്തിനു നിരോധനം ഏർപ്പെടുത്തിയപ്പോൾ, അവർ തന്റെ മതാചാരങ്ങൾ രഹസ്യമായി തുടർന്നുപോന്നു. തന്റെ തുച്ഛമായ പെൻഷൻ തുകയിലധികവും സ്വർണവും വെള്ളിയും പതിച്ച മതപരമായ ചിത്രങ്ങളും അതുപോലെ കുന്തുരുക്കവും തിരികളുമൊക്കെ വാങ്ങാനാണ്‌ അവർ ഉപയോഗിച്ചത്‌. ആരെങ്കിലും കണ്ടാൽ അവ മോഷ്ടിക്കുമെന്നു ഭയന്ന്‌ അവർ അതു തന്റെ കിടക്കയ്‌ക്കുള്ളിൽ ഒളിച്ചുവെച്ചിട്ട്‌ മിക്കപ്പോഴും അടുത്തുള്ള ഒരു കസേരയിലിരുന്നാണ്‌ ഉറങ്ങിയിരുന്നത്‌. യഹോവയുടെ സാക്ഷികൾ 1990-കളുടെ ആദ്യം അവരെ സന്ദർശിച്ചപ്പോൾ, ഓലിവെറാ അവരുടെ സന്ദേശത്തിൽ ബൈബിൾ സത്യമുണ്ടെന്നു മനസ്സിലാക്കി. ‘ആത്മാവിൽ’ ആരാധിക്കുന്നതാണ്‌ സത്യാരാധന എന്നു ബൈബിൾ പറയുന്നത്‌ അവർ കണ്ടു, പ്രതിരൂപങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ചു ദൈവം എന്തു വിചാരിക്കുന്നു എന്നും അവർ മനസ്സിലാക്കി. (യോഹന്നാൻ 4:​24, പി.ഒ.സി. ബൈ.) താൻ ഓലിവെറായുടെ വീട്ടിൽ ചെല്ലുന്ന ഓരോ പ്രാവശ്യവും മതപരമായ ചിത്രങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായി അവർക്കു ബൈബിൾ അധ്യയനം എടുത്തിരുന്ന സാക്ഷി ശ്രദ്ധിച്ചു. ഒടുവിൽ എല്ലാം അപ്രത്യക്ഷമായി. സ്‌നാപനത്തിനു ശേഷം, ഓലിവെറാ പറഞ്ഞു: “ഇന്ന്‌, ഉപയോഗശൂന്യമായ മതചിത്രങ്ങൾക്കു പകരം, എനിക്ക്‌ യഹോവയുടെ പരിശുദ്ധാത്മാവ്‌ ഉണ്ട്‌. അവന്റെ ആത്മാവിന്‌ എന്റെ അടുക്കലെത്താൻ ചിത്രങ്ങൾ ആവശ്യമില്ലാത്തതിൽ ഞാൻ സന്തുഷ്ടയാണ്‌.”

ഗ്രീസിലെ ലെസ്‌വോസ്‌ ദ്വീപിൽ നിന്നുള്ള അഥീന ഓർത്തഡോക്‌സ്‌ സഭയിൽ അങ്ങേയറ്റം സജീവമായി പ്രവർത്തിച്ചിരുന്നു. പള്ളിയിലെ ഗായകസംഘത്തിൽ അംഗമായിരുന്ന അവൾ മതപരമായ ചിത്രങ്ങളുടെ ഉപയോഗം ഉൾപ്പെടെ, മതപാരമ്പര്യങ്ങൾ കണിശമായി പിൻപറ്റിയിരുന്നു. തന്നെ പഠിപ്പിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ബൈബിളിനു ചേർച്ചയിലല്ലെന്നു മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾ അഥീനയെ സഹായിച്ചു. ഇതിൽ, ആരാധനയിൽ മതപരമായ ചിത്രങ്ങളും കുരിശുകളും ഉപയോഗിക്കുന്നത്‌ ഉൾപ്പെട്ടിരുന്നു. മതപരമായ ഈ വസ്‌തുക്കളുടെ ഉത്ഭവത്തെ കുറിച്ചു താൻതന്നെ ഗവേഷണം നടത്തുമെന്ന്‌ അവൾ നിർബന്ധം പിടിച്ചു. വ്യത്യസ്‌ത പരാമർശ ഗ്രന്ഥങ്ങളിൽ ഗഹനമായി ഗവേഷണം നടത്തിയ അവൾക്ക്‌, അത്തരം വസ്‌തുക്കളുടെ ഉത്ഭവം ക്രിസ്‌തീയമല്ലെന്നു ബോധ്യമായി. ദൈവത്തെ ‘ആത്മാവിൽ’ ആരാധിക്കാനുള്ള ആഗ്രഹം, മതപരമായ ചിത്രങ്ങൾ​—⁠അവ വളരെ വിലപിടിപ്പുള്ളത്‌ ആയിരുന്നിട്ടുകൂടി​—⁠നീക്കം ചെയ്യാൻ അവളെ പ്രേരിപ്പിച്ചു. ആത്മീയമായി ശുദ്ധവും സ്വീകാര്യവുമായ വിധത്തിൽ ദൈവത്തെ ആരാധിക്കുന്നതിന്‌ എത്ര വലിയ നഷ്ടവും സഹിക്കാൻ അഥീനയ്‌ക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.​—⁠പ്രവൃത്തികൾ 19:⁠19.

[7-ാം പേജിലെ ചതുരം/ചിത്രം]

മതപരമായ ചിത്രങ്ങൾ വെറും കലാസൃഷ്ടികളോ?

സമീപ വർഷങ്ങളിൽ, ലോകമെമ്പാടുമായി ആളുകൾ ഓർത്തഡോക്‌സ്‌ സഭയുടെ മതപരമായ ചിത്രങ്ങൾ ശേഖരിക്കുന്നുണ്ട്‌. ശേഖരിക്കുന്നവർ അവയെ മതപരമായ പ്രാധാന്യമുള്ള വിശുദ്ധ വസ്‌തുക്കളായല്ല, പിന്നെയോ ബൈസാന്റൈൻ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന കലാസൃഷ്ടികളായാണ്‌ സാധാരണഗതിയിൽ കാണുന്നത്‌. നിരീശ്വരവാദികൾ എന്ന്‌ അവകാശപ്പെടുന്ന ചിലരുടെ വീടുകളിലോ ഓഫീസുകളിലോ അത്തരം നിരവധി മതപരമായ ചിത്രങ്ങൾ അലങ്കാരവസ്‌തുക്കളായി ഉപയോഗിച്ചു കാണുന്നത്‌ അസാധാരണമല്ല.

എന്നാൽ, ആത്മാർഥ ക്രിസ്‌ത്യാനികൾ ആ ചിത്രങ്ങളുടെ പ്രാഥമിക ഉദ്ദേശ്യം മറക്കുന്നില്ല. അത്‌ ഒരു ആരാധനാവസ്‌തു ആണ്‌. മതപരമായ ചിത്രങ്ങൾ സ്വന്തമായി വെക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ ക്രിസ്‌ത്യാനികൾ ചോദ്യം ചെയ്യുന്നില്ലെങ്കിലും, അവർ അത്തരം ചിത്രങ്ങൾ വ്യക്തിപരമായി വെക്കുന്നില്ല, ശേഖരണാർഥം പോലും. ഇത്‌ ആവർത്തനപുസ്‌തകം 7:​26-ൽ (ഓശാന ബൈബിൾ) കാണുന്ന തത്ത്വത്തിനു ചേർച്ചയിലുള്ളതാണ്‌: ‘നീ മ്ലേച്‌ഛമായ വസ്‌തു [ആരാധനയിൽ ഉപയോഗിക്കുന്ന പ്രതിരൂപങ്ങൾ] വീട്ടിലേക്കു കൊണ്ടുവരരുത്‌, അങ്ങനെ ആ വസ്‌തുവിന്നു തുല്യം ശപ്‌തനാകരുത്‌. നീ അതു കഠിനമായി വെറുക്കുകയും വർജിക്കുകയും വേണം.’

[7-ാം പേജിലെ ചിത്രം]

ആരാധനയിൽ പ്രതിരൂപങ്ങൾ ഉപയോഗിക്കുന്നതു ദൈവം അനുവദിച്ചില്ല

[8-ാം പേജിലെ ചിത്രം]

ദൈവത്തെ ആത്മാവിൽ ആരാധിക്കാൻ ബൈബിൾ പരി ജ്ഞാനം നമ്മെ സഹായിക്കുന്നു