വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മതപരമായ ചിത്രങ്ങൾ അവയുടെ പുരാതന വേരുകൾ

മതപരമായ ചിത്രങ്ങൾ അവയുടെ പുരാതന വേരുകൾ

മതപരമായ ചിത്രങ്ങൾ അവയുടെ പുരാതന വേരുകൾ

“ദൈവത്തിന്റെയും അവന്റെ വിശുദ്ധന്മാരുടെയും നന്മയോടും വിശുദ്ധിയോടും നമ്മെ ബന്ധിപ്പിക്കാനുള്ള ഒരു മാർഗമാണു മതപരമായ ചിത്രങ്ങൾ.”

ഓസ്‌ട്രേലിയയിലെ ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ അതിരൂപത

ആഗസ്റ്റിലെ ചുട്ടുപൊള്ളുന്ന ദിവസം. ഇജിയൻ കടലിലെ റ്റീനോസ്‌ ദ്വീപിൽ, ‘അതിവിശുദ്ധ ദൈവമാതാവി’ന്റെ മഠത്തിലേക്കുള്ള സിമന്റു നടകളിൽ സൂര്യകിരണങ്ങൾ ശക്തിയായി പതിക്കുന്നു. യേശുവിന്റെ മാതാവിന്റെ ആർഭാടമായി അലങ്കരിച്ചിരിക്കുന്ന ചിത്രത്തിന്‌ അടുത്തേക്കു ചെല്ലാൻ ഇഞ്ചിഞ്ചായി മുന്നോട്ടു നീങ്ങുന്ന 25,000-ത്തിലധികം വരുന്ന ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ തീർഥാടക ഭക്തർക്ക്‌ ഈ അത്യുഷ്‌ണം ഒരു പ്രശ്‌നമല്ല.

മുഖത്തു നിരാശ നിഴലിക്കുന്ന മുടന്തയായ ഒരു പെൺകുട്ടി വേദനയോടെ, രക്തമൊലിക്കുന്ന മുട്ടുകൾ ഇഴച്ച്‌ മുന്നോട്ടു നിരങ്ങിനീങ്ങുകയാണ്‌. അവളിൽനിന്നു വളരെ അകലെയല്ലാതെ, രാജ്യത്തിന്റെ മറ്റേ അറ്റത്തുനിന്ന്‌ എത്തിയ തളർന്നവശയായ ഒരു വൃദ്ധ വളരെ പണിപ്പെട്ട്‌ ചുവടുകൾ വെച്ച്‌ നീങ്ങുന്നു. ആ ജനക്കൂട്ടത്തിന്റെ തിക്കുംതിരക്കും വകവെക്കാതെ വിയർപ്പിൽ കുളിച്ച്‌, ആകാംക്ഷാഭരിതനായ ഒരു മധ്യവയസ്‌കൻ അവർക്കിടയിലൂടെ മുന്നോട്ടു പോകാൻ ശ്രമിക്കുകയാണ്‌. ഇവരുടെ ലക്ഷ്യം മറിയയുടെ ചിത്രത്തെ ചുംബിക്കുകയും അതിനെ സാഷ്ടാംഗം വണങ്ങുകയും ചെയ്യുക എന്നതാണ്‌.

അങ്ങേയറ്റം മതഭക്തരായ ഈ ആളുകൾ ദൈവത്തെ ആരാധിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരാണ്‌ എന്നതിനു സംശയമില്ല. എന്നാൽ, മതപരമായ ചിത്രങ്ങൾക്കു ഭക്തി അർപ്പിക്കുന്ന ഈ സമ്പ്രദായം ക്രിസ്‌ത്യാനിത്വത്തിന്റെ വരവിനും നൂറ്റാണ്ടുകൾക്കു മുമ്പു നിലവിലിരുന്ന ആചാരങ്ങളിൽനിന്ന്‌ ഉത്ഭവിച്ചതാണെന്ന്‌ എത്ര പേർക്കറിയാം?

മതപരമായ ചിത്രങ്ങൾ​—⁠എത്ര വ്യാപകം?

ഓർത്തഡോക്‌സുകാരുടെ ഇടയിൽ എവിടെയും മതപരമായ ചിത്രങ്ങൾ കാണാം. പള്ളികളിൽ, യേശു, മറിയ, നിരവധി “വിശുദ്ധന്മാർ” എന്നിവരുടെ ചിത്രങ്ങൾ പ്രമുഖ സ്ഥാനം വഹിക്കുന്നു. ഈ ചിത്രങ്ങളെ ചുംബിച്ചും അവയുടെ മുമ്പിൽ കുന്തുരുക്കം അർപ്പിച്ചും തിരികൾ കത്തിച്ചുമൊക്കെ വിശ്വാസികൾ പലപ്പോഴും ആദരവു പ്രകടമാക്കുന്നു. കൂടാതെ, മിക്ക ഓർത്തഡോക്‌സ്‌ ഭവനങ്ങളിലും ഇത്തരം ചിത്രങ്ങൾ വെക്കാൻ പ്രത്യേകം വേർതിരിച്ചിട്ടുള്ള ഒരു സ്ഥലമുണ്ടാകും. അവിടെയാണ്‌ അവർ പ്രാർഥനകൾ നടത്തുന്നത്‌. മതപരമായ ഒരു ചിത്രത്തെ ആരാധിക്കുമ്പോൾ തങ്ങൾ ദൈവത്തോട്‌ അടുത്തുവരുന്നതായി തോന്നുന്നുവെന്ന്‌ ഓർത്തഡോക്‌സ്‌ ക്രിസ്‌ത്യാനികൾ പറയുന്നത്‌ അസാധാരണമല്ല. ഈ ചിത്രങ്ങളിൽ ദൈവകാരുണ്യം നിറഞ്ഞിരിക്കുന്നുവെന്നും അവയ്‌ക്ക്‌ അത്ഭുതശക്തി ഉണ്ടെന്നും അനേകർ വിശ്വസിക്കുന്നു.

ആരാധനയിൽ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ അംഗീകരിച്ചിരുന്നില്ല എന്നു മനസ്സിലാക്കുമ്പോൾ ഈ വിശ്വാസികൾ അമ്പരന്നു പോകാനിടയുണ്ട്‌. ബൈസാന്റിയം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാരം പ്രസ്‌താവിക്കുന്നു: “യഹൂദമതത്തിൽനിന്നു വിഗ്രഹാരാധനയോട്‌ ഒരു വെറുപ്പ്‌ ആർജിച്ച ആദിമ ക്രിസ്‌ത്യാനികൾ, വിശുദ്ധരുടെ ചിത്രങ്ങളെ ഏതെങ്കിലും വിധത്തിൽ പൂജിക്കുന്നതിനെ അവജ്ഞയോടെയാണു വീക്ഷിച്ചിരുന്നത്‌.” അതേ പുസ്‌തകം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “അഞ്ചാം നൂറ്റാണ്ടു മുതൽ, . . . മതപരമായ ചിത്രങ്ങൾ അല്ലെങ്കിൽ പ്രതിരൂപങ്ങൾ പരസ്യവും സ്വകാര്യവുമായ ആരാധനയിൽ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി.” ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിത്വത്തിൽനിന്ന്‌ അല്ലെങ്കിൽപ്പിന്നെ എവിടെനിന്നാണ്‌ ആരാധനയിൽ മതപരമായ ചിത്രങ്ങൾ ഉപയോഗിക്കുന്ന രീതി ഉടലെടുത്തത്‌?

അവയുടെ വേരു തേടിപ്പോയാൽ . . .

ഗവേഷകനായ വിതാലി ഇവാനിച്ച്‌ പെട്രെൻകോ ഇപ്രകാരം എഴുതി: “മതപരമായ ചിത്രങ്ങളുടെ ഉപയോഗവും അതിന്റെ പാരമ്പര്യവും ക്രിസ്‌തീയ യുഗത്തിനു വളരെ മുമ്പേതന്നെ ഉള്ളതാണ്‌. ‘അതിന്റെ ആരംഭം പുറജാതീയ മതത്തിൽ’ ആയിരുന്നു.” ചിത്രങ്ങളെ ആരാധിക്കുന്ന സമ്പ്രദായത്തിന്റെ വേരുകൾ പുരാതന ബാബിലോണിലെയും ഈജിപ്‌തിലെയും ഗ്രീസിലെയും മതങ്ങളിൽ കണ്ടെത്താനാകും എന്നു പറഞ്ഞുകൊണ്ട്‌ പല ചരിത്രകാരന്മാരും ആ പ്രസ്‌താവനയോടു യോജിക്കുന്നു. ഉദാഹരണത്തിന്‌, പുരാതന ഗ്രീസിൽ മതപരമായ പ്രതിരൂപങ്ങൾ പ്രതിമകളുടെ രൂപത്തിൽ ഉള്ളവ ആയിരുന്നു. ഇവയ്‌ക്കു ദിവ്യശക്തി ഉണ്ടായിരുന്നതായി ആളുകൾ വിശ്വസിച്ചിരുന്നു. ഇവയിൽ ചിലതു മനുഷ്യനിർമിതമല്ല, പിന്നെയോ സ്വർഗത്തിൽനിന്നു വീണതാണ്‌ എന്ന്‌ ആളുകൾ വിശ്വസിച്ചു. വിശേഷപ്പെട്ട ഉത്സവവേളകളിൽ, അത്തരം പൂജാബിംബങ്ങൾ പ്രദക്ഷിണമായി നഗരത്തിനു ചുറ്റും കൊണ്ടുപോകുകയും അവയ്‌ക്കു യാഗങ്ങൾ അർപ്പിക്കുകയും ചെയ്യുമായിരുന്നു. “ദൈവവും അതിന്റെ പ്രതിരൂപവും തമ്മിൽ വ്യത്യാസം കൽപ്പിക്കാനുള്ള ശ്രമങ്ങൾ . . . നടത്തിയിട്ടുണ്ടെങ്കിലും, ഭക്തർ പൂജാബിംബത്തെ ദൈവമായിത്തന്നെ കരുതിയിരുന്നു,” പെട്രെൻകോ പറഞ്ഞു.

അത്തരം ആശയങ്ങളും ആചാരങ്ങളും ക്രിസ്‌ത്യാനിത്വത്തിലേക്കു കടന്നുവന്നത്‌ എങ്ങനെയാണ്‌? ക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാരുടെ മരണശേഷമുള്ള നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ചും ഈജിപ്‌തിൽ, “ക്രിസ്‌തീയ ആശയങ്ങൾ ‘പുറജാതീയ വിശ്വാസങ്ങളുടെ ഒരു മിശ്രിത’വുമായി സമ്പർക്കത്തിൽ വന്നു​—⁠ക്രിസ്‌തീയ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമൊപ്പം നിലനിന്നുപോന്ന, ഈജിപ്‌തുകാരുടെയും ഗ്രീക്കുകാരുടെയും യഹൂദരുടെയും പൗരസ്‌ത്യരുടെയും റോമാക്കാരുടെയുമൊക്കെ ആചാരങ്ങളിൽനിന്നും വിശ്വാസങ്ങളിൽനിന്നും ഉടലെടുത്തതാണ്‌ അത്‌” എന്ന്‌ അതേ ഗവേഷകൻ അഭിപ്രായപ്പെട്ടു. തത്‌ഫലമായി, “ക്രിസ്‌തീയ കരകൗശലപ്പണിക്കാർ [ഒരു മിശ്രവിശ്വാസ] രീതി സ്വീകരിക്കുകയും പുറജാതീയ പ്രതീകങ്ങൾ ഉപയോഗിക്കുകയും ചെയ്‌തു. അവയെ അവർ പുറജാതീയ സ്വാധീനത്തിൽനിന്നു പൂർണമായി ശുദ്ധീകരിക്കാതെ എടുത്ത്‌ ക്രിസ്‌ത്യാനിത്വവുമായി ബന്ധപ്പെട്ട പുതിയ പ്രതീകങ്ങൾക്കു രൂപം നൽകി.”

പെട്ടെന്നുതന്നെ മതപരമായ ചിത്രങ്ങൾ സ്വകാര്യവും പരസ്യവുമായ മതജീവിതത്തിന്റെ കേന്ദ്രമായിത്തീർന്നു. ഇത്‌ എങ്ങനെ സംഭവിച്ചുവെന്നു ചരിത്രകാരനായ വിൽ ഡ്യൂറന്റ്‌ വിശ്വാസത്തിന്റെ യുഗം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ വിവരിക്കുന്നു: “ആരാധിക്കപ്പെടുന്ന വിശുദ്ധരുടെ എണ്ണം വർധിച്ചതോടെ, അവരെ തിരിച്ചറിയുകയും ഓർത്തിരിക്കുകയും ചെയ്യേണ്ട ആവശ്യവും സംജാതമായി; അവരുടെയും മറിയയുടെയും ധാരാളം ചിത്രങ്ങൾ ഉണ്ടാക്കപ്പെട്ടു; ക്രിസ്‌തുവിന്റെ കാര്യത്തിൽ, അവന്റെ കൽപ്പിത രൂപം മാത്രമല്ല, കുരിശും ആദരണീയ വസ്‌തുക്കളായിത്തീർന്നു​—⁠എന്തും വിശ്വസിക്കുന്നവർക്ക്‌, അവ മാന്ത്രിക ശക്തിയുള്ള വസ്‌തുക്കൾ പോലുമായി. ആളുകൾക്കു സ്വാഭാവികമായുള്ള കൽപ്പനാസ്വാതന്ത്ര്യത്തിന്റെ ഫലമായി, വിശുദ്ധ സ്‌മാരകാവശിഷ്ടങ്ങളും ചിത്രങ്ങളും പ്രതിമകളുമൊക്കെ പൂജിക്കപ്പെടാൻ തുടങ്ങി; ആളുകൾ അവയുടെ മുമ്പാകെ കുമ്പിട്ടു കിടക്കുകയും അവയുടെ മുന്നിൽ തിരികളും കുന്തുരുക്കവും കത്തിക്കുകയും അവയെ ചുംബിക്കുകയും അവയെ പുഷ്‌പങ്ങൾ ചൂടിക്കുകയും അവയുടെ നിഗൂഢ ശക്തിയിൽനിന്ന്‌ അത്ഭുതങ്ങൾ തേടുകയും ചെയ്‌തു. . . . സഭാപിതാക്കന്മാരും സമിതികളും ആ പ്രതിരൂപങ്ങൾ ദൈവങ്ങളല്ല, അവയെ ഓർമിക്കാൻ സഹായിക്കുന്ന പ്രതീകങ്ങൾ മാത്രമാണ്‌ എന്ന്‌ ആവർത്തിച്ചു വിശദീകരിച്ചെങ്കിലും ആ വ്യത്യാസം കൽപ്പിക്കാൻ ആളുകൾ കൂട്ടാക്കിയില്ല.”

സമാനമായി, ഇന്നു മതപരമായ ചിത്രങ്ങൾ ഉപയോഗിക്കുന്ന പലരും, അവ ആരാധനാപാത്രങ്ങളല്ല, ആദരണീയ വസ്‌തുക്കൾ മാത്രമാണ്‌ എന്നു വാദിക്കുന്നു. ദൈവത്തെ ആരാധിക്കാൻ സഹായിക്കുന്ന സ്വീകാര്യമായ, എന്തിന്‌ ഒഴിച്ചുകൂടാനാവാത്തതു പോലുമായ, ഒരു ഘടകമാണ്‌ മതപരമായ ചിത്രങ്ങൾ എന്ന്‌ അവർ ശഠിച്ചേക്കാം. ഒരുപക്ഷേ നിങ്ങൾക്കും അങ്ങനെ തോന്നുന്നുണ്ടാകാം. എന്നാൽ ചോദ്യം ഇതാണ്‌: ഇതു സംബന്ധിച്ച്‌ ദൈവം എന്തു വിചാരിക്കുന്നു? മതപരമായ ഒരു ചിത്രത്തെ ആദരിക്കുന്നത്‌ അതിനെ ആരാധിക്കുന്നതിനു തുല്യമായിരുന്നേക്കുമോ? അത്തരം ആചാരങ്ങളിൽ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടായിരിക്കുമോ?

[4-ാം പേജിലെ ചതുരം/ചിത്രം]

മതപരമായ ചിത്രങ്ങൾ

റോമൻ കത്തോലിക്കർ തങ്ങളുടെ ആരാധനയിൽ പ്രതിമകൾ വ്യാപകമായി ഉപയോഗിക്കുമ്പോൾ, ഓർത്തഡോക്‌സ്‌ സഭക്കാർക്ക്‌ ക്രിസ്‌തു, മറിയ, “വിശുദ്ധന്മാർ,” മാലാഖമാർ, ബൈബിളിലെ വ്യക്തികൾ എന്നിവരുടെയും ബൈബിളിലെയും തങ്ങളുടെ സഭാ ചരിത്രത്തിലെയും സംഭവങ്ങളുടെയും നിരവധി ചിത്രങ്ങളുണ്ട്‌. സാധാരണഗതിയിൽ ഈ മതപരമായ ചിത്രങ്ങൾ കൊണ്ടുനടക്കാവുന്ന വലിപ്പത്തിലുള്ള മരപ്പലകകളിലാണു വരയ്‌ക്കുന്നത്‌.

ഓർത്തഡോക്‌സ്‌ സഭ പറയുന്നതനുസരിച്ച്‌, “വിശുദ്ധന്മാരുടെ ചിത്രങ്ങൾ സാധാരണ മനുഷ്യരുടേതു പോലെയല്ല.” കൂടാതെ, മതപരമായ ചിത്രങ്ങളിൽ, “പിന്നിലേക്കു പോകുന്തോറും ചിത്രത്തിലെ പശ്ചാത്തല വസ്‌തുക്കൾ ചെറുതാകുന്നില്ല,” അതായത്‌ ചിത്രത്തിന്റെ വിദൂര ഭാഗങ്ങൾ ചെറുതായിവരുന്നില്ല. സാധാരണഗതിയിൽ, “നിഴലുകളോ രാവും പകലും കാണിക്കുന്ന രീതികളോ ഇതിലില്ല.” മതപരമായ ഒരു ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്ന തടിക്കും പെയിന്റിനും “ദൈവസാന്നിധ്യംകൊണ്ടു നിറയാൻ” കഴിയുമെന്നും വിശ്വസിക്കപ്പെടുന്നു.

[4-ാം പേജിലെ ചിത്രം]

പുറജാതീയ ആചാരങ്ങളിൽ നിന്നാണു മതപരമായ പ്രതിരൂപങ്ങളുടെ ഉപയോഗം ഉടലെടുത്തത്‌

[3-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

© AFP/CORBIS