വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ വഴികളിൽ നടക്കുന്നത്‌ സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തുന്നു

യഹോവയുടെ വഴികളിൽ നടക്കുന്നത്‌ സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തുന്നു

യഹോവയുടെ വഴികളിൽ നടക്കുന്നത്‌ സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തുന്നു

നിങ്ങൾ എപ്പോഴെങ്കിലും ഒരു പർവത പ്രദേശത്തു നടക്കാൻ പോയിട്ടുണ്ടോ? ഉണ്ടെങ്കിൽ, ലോകത്തിന്റെ നെറുകയിൽ ആയിരിക്കുന്നതുപോലെ നിങ്ങൾക്കു തോന്നിക്കാണും. അവിടെനിന്ന്‌ ശുദ്ധവായു ശ്വസിക്കുന്നതും വിദൂരത്തിലേക്കു നോക്കുന്നതും പ്രകൃതി സൗന്ദര്യം നുകരുന്നതും എത്ര ഹൃദ്യമാണ്‌! അനുദിന ഉത്‌കണ്‌ഠകൾ ഗൗരവം കുറഞ്ഞവയായി നിങ്ങൾക്കപ്പോൾ തോന്നിയിരിക്കാം.

മിക്കവരെ സംബന്ധിച്ചും അത്തരം വിനോദയാത്രകൾ വിരളമാണെങ്കിലും, ഒരു സമർപ്പിത ക്രിസ്‌ത്യാനി ആണെങ്കിൽ, നിങ്ങൾ ഒരു ആത്മീയ അർഥത്തിൽ കുറെക്കാലമായി ഉയർന്ന പ്രദേശത്തുകൂടെ ആയിരിക്കാം നടക്കുന്നത്‌. പുരാതന കാലത്തെ സങ്കീർത്തനക്കാരനെ പോലെ പിൻവരുന്നവിധം നിങ്ങൾ നിശ്ചയമായും പ്രാർഥിച്ചിട്ടുണ്ട്‌: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ!” (സങ്കീർത്തനം 25:4) യഹോവയുടെ ആലയമായ പർവതത്തിലേക്ക്‌ ആദ്യമായി കയറിച്ചെന്ന്‌ ആ ഉയർന്ന പ്രദേശത്തു നടന്നുതുടങ്ങിപ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നിയെന്ന്‌ ഓർക്കുന്നുണ്ടോ? (മീഖാ 4:2; ഹബക്കൂക്‌ 3:19) സത്യാരാധനയുടെ ഈ ഉന്നത പാതകളിലൂടെ നടക്കുന്നത്‌ സംരക്ഷണവും സന്തോഷവും നൽകിയെന്ന്‌ പെട്ടെന്നുതന്നെ നിങ്ങൾ തിരിച്ചറിഞ്ഞുവെന്നുള്ളതു തീർച്ചയാണ്‌. സങ്കീർത്തനക്കാരന്റെ വികാരങ്ങൾ നിങ്ങൾക്കും അനുഭവപ്പെടാൻ തുടങ്ങി: “ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.”​—⁠സങ്കീർത്തനം 89:15.

എങ്കിലും, പർവത സഞ്ചാരികൾ ചിലപ്പോഴൊക്കെ ദീർഘവും കുത്തനെയുള്ളതുമായ കയറ്റങ്ങൾ കയറേണ്ടതുണ്ട്‌. അവരുടെ കാലുകൾ വേദനിക്കാൻ തുടങ്ങുന്നു, അവർ ക്ഷീണിതരാകുന്നു. ദൈവിക സേവനത്തിൽ നമുക്കും ബദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. ഈയിടെയായി നമ്മുടെ ചുവടുകൾ കുറച്ച്‌ ആയാസകരമായിരിക്കാം. ഉന്മേഷവും സന്തോഷവും വീണ്ടെടുക്കാൻ നമുക്ക്‌ എങ്ങനെ സാധിക്കും? യഹോവയുടെ വഴികളുടെ ഔന്നത്യം തിരിച്ചറിയുക എന്നതാണ്‌ ആദ്യ പടി.

യഹോവയുടെ ഉന്നത നിയമങ്ങൾ

യഹോവയുടെ വഴികൾ ‘മനുഷ്യരുടെ വഴികളെക്കാൾ ഉയർന്ന’താണ്‌. അവന്റെ ആരാധന ‘പർവതങ്ങളുടെ മേൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമാണ്‌.’ (യെശയ്യാവു 55:9; മീഖാ 4:1) യഹോവയുടെ ജ്ഞാനം “ഉയരത്തിൽനിന്നുള്ള ജ്ഞാന”മാണ്‌. (യാക്കോബ്‌ 3:17) അവന്റെ നിയമങ്ങൾ മറ്റെല്ലാ നിയമങ്ങളെക്കാളും ശ്രേഷ്‌ഠമാണ്‌. ഉദാഹരണത്തിന്‌, കനാന്യർ ക്രൂരമായ ശിശുബലി നടത്തിയിരുന്ന കാലത്ത്‌ യഹോവ ഇസ്രായേല്യർക്ക്‌ ധാർമികമായി ഉയർന്നതും അനുകമ്പ നിറഞ്ഞതുമായ നിയമങ്ങൾ നൽകി. അവൻ അവരോട്‌ പറഞ്ഞു: ‘എളിയവന്റെ മുഖം നോക്കുകയോ വലിയവന്റെ മുഖം ആദരിക്കുകയോ ചെയ്യരുത്‌. പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം. അവനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.’​—⁠ലേവ്യപുസ്‌തകം 19:15, 34.

പതിനഞ്ചു നൂറ്റാണ്ടുകൾക്കു ശേഷം, യഹോവയുടെ ‘ശ്രേഷ്‌ഠ നിയമ’ത്തിന്റെ കൂടുതലായ ഉദാഹരണങ്ങൾ യേശു നൽകുകയുണ്ടായി. (യെശയ്യാവു 42:21) ഗിരിപ്രഭാഷണത്തിൽ യേശു ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രൻമാരായി തീരേണ്ടതിന്നു തന്നേ.” (മത്തായി 5:44, 45) അവൻ ഇങ്ങനെയും കൂട്ടിച്ചേർത്തു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.”​—⁠മത്തായി 7:⁠12.

ഉന്നതമായ ഈ നിയമങ്ങൾക്ക്‌, പ്രതികരിക്കുന്ന ആളുകളുടെ ഹൃദയങ്ങളിൽ ഒരു ഫലമുണ്ട്‌. തങ്ങൾ ആരാധിക്കുന്ന ദൈവത്തെ അനുകരിക്കാൻ അവ അവരെ പ്രേരിപ്പിക്കുന്നു. (എഫെസ്യർ 5:1; 1 തെസ്സലൊനീക്യർ 2:13) പൗലൊസിനുണ്ടായ പരിവർത്തനത്തെ കുറിച്ചു ചിന്തിക്കുക. അവന്റെ പേര്‌ ബൈബിളിൽ പരാമർശിക്കുന്ന ആദ്യ സന്ദർഭത്തിൽത്തന്നെ, അവന്‌ സ്‌തെഫാനൊസിനെ ‘കുല ചെയ്‌തത്‌ സമ്മതമായിരുന്നതായും’ അവൻ ‘സഭയെ മുടിച്ചുപോന്നിരുന്നതായുമാണ്‌’ നാം വായിക്കുന്നത്‌. ഏതാനും വർഷങ്ങൾക്കു ശേഷം, തെസ്സലൊനീക്യയിലെ ക്രിസ്‌തീയ സഭയോട്‌ “ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോററുംപോലെ” വളരെ ആർദ്രതയോടെ അവൻ ഇടപെട്ടു. ദിവ്യ പഠിപ്പിക്കൽ, പീഡകനായിരുന്ന പൗലൊസിനെ മറ്റുള്ളവരെ കുറിച്ചു കരുതലുള്ള ഒരു ക്രിസ്‌ത്യാനിയാക്കി മാറ്റി. (പ്രവൃത്തികൾ 8:1, 3; 1 തെസ്സലൊനീക്യർ 2:7) ക്രിസ്‌തുവിന്റെ പഠിപ്പിക്കൽ തന്റെ വ്യക്തിത്വത്തിനു ഗുണകരമായ മാറ്റം വരുത്തിയതിൽ അവൻ നിശ്ചയമായും കൃതജ്ഞതയുള്ളവൻ ആയിരുന്നു. (1 തിമൊഥെയൊസ്‌ 1:12, 13) ദൈവത്തിന്റെ ഉന്നതമായ വഴികളിൽ നടക്കുന്നതിൽ തുടരാൻ സമാനമായ വിലമതിപ്പു നമ്മെ എങ്ങനെ സഹായിക്കും?

വിലമതിപ്പോടെ നടക്കൽ

ഉയർന്ന പ്രദേശത്തുനിന്നു കാണുന്ന മനോഹര ദൃശ്യങ്ങൾ പർവത സഞ്ചാരികളെ വളരെ സന്തോഷിപ്പിക്കുന്നു. നടപ്പാതയുടെ ഇരുവശങ്ങളിലുമുള്ള, അസാധാരണമായ പാറ, മനോഹരമായ പുഷ്‌പം എന്നിവയും നിമിഷനേരത്തേക്ക്‌ ഒരു വന്യമൃഗത്തെ കാണുന്നതും പോലുള്ള ചെറിയ ചെറിയ കാര്യങ്ങളുമൊക്കെ അവർ ആസ്വദിക്കുന്നു. ദൈവത്തോടൊപ്പം നടക്കുന്നതു നിമിത്തം ലഭിക്കുന്ന ചെറുതും വലുതുമായ ആത്മീയ അനുഗ്രഹങ്ങൾ സംബന്ധിച്ചു നാം ബോധമുള്ളവരായിരിക്കണം. ഈ ബോധ്യത്തിനു നമ്മെ കൂടുതൽ ഊർജസ്വലരാക്കാൻ കഴിയും, മാത്രമല്ല വിരസമായ നടത്തത്തെ അത്‌ ഉന്മേഷപ്രദമാക്കുകയും ചെയ്യും. ദാവീദിന്റെ പിൻവരുന്ന വാക്കുളോടു നാം യോജിക്കും: “രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ.”​—⁠സങ്കീർത്തനം 143:⁠8.

യഹോവയുടെ വഴികളിൽ അനേക വർഷങ്ങൾ നടന്നുകഴിഞ്ഞ മേരി പറയുന്നു: “യഹോവയുടെ സൃഷ്ടികളെ വീക്ഷിക്കുമ്പോൾ അവയിലെ സങ്കീർണമായ രൂപസംവിധാനം മാത്രമല്ല, ദൈവത്തിന്റെ സ്‌നേഹവും ദർശിക്കാൻ എനിക്കു കഴിയുന്നു. അതൊരു മൃഗമോ പക്ഷിയോ പ്രാണിയോ എന്തായിരുന്നാലും അവയ്‌ക്ക്‌ ഓരോന്നിനും കൗതുകം നിറഞ്ഞ, തനതായ ഒട്ടനവധി സവിശേഷതകളുണ്ട്‌. വർഷങ്ങൾ പിന്നിടുമ്പോൾ ശോഭയേറിവരുന്ന ആത്മീയ സത്യങ്ങളിൽനിന്നും അതേ ആസ്വാദനം ലഭിക്കുന്നു.”

വിലമതിപ്പിന്റെ ആഴം നമുക്ക്‌ എങ്ങനെ വർധിപ്പിക്കാനാകും? യഹോവ നമുക്കായി ചെയ്യുന്ന കാര്യങ്ങളെ നിസ്സാരമായി വീക്ഷിക്കാതിരുന്നുകൊണ്ട്‌ ഒരു പരിധിവരെ നമുക്ക്‌ അതിനു സാധിക്കും. പൗലൊസ്‌ എഴുതി: “ഇടവിടാതെ പ്രാർത്ഥിപ്പിൻ; എല്ലാററിന്നും സ്‌തോത്രം ചെയ്‌വിൻ.”​—⁠1 തെസ്സലൊനീക്യർ 5:17, 18; സങ്കീർത്തനം 119:⁠62.

കൃതജ്ഞതാ മനോഭാവം വളർത്തിയെടുക്കാൻ വ്യക്തിപരമായ പഠനം നമ്മെ സഹായിക്കുന്നു. കൊലൊസ്സ്യ ക്രിസ്‌ത്യാനികൾക്കു പൗലൊസ്‌ പിൻവരുന്ന പ്രോത്സാഹനം നൽകി: ‘[ക്രിസ്‌തുയേശുവിന്റെ] കൂട്ടായ്‌മയിൽ നടപ്പിൻ. സ്‌തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.’ (കൊലൊസ്സ്യർ 2:6, 7) ബൈബിൾ വായനയും വായിച്ച കാര്യങ്ങളെ കുറിച്ചുള്ള ധ്യാനവും നമ്മുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കുകയും ബൈബിളിന്റെ ഗ്രന്ഥകർത്താവിലേക്കു നമ്മെ അടുപ്പിക്കുകയും ചെയ്യുന്നു. ‘സ്‌തോത്രത്തിൽ കവിഞ്ഞിരിക്കാൻ’ നമ്മെ പ്രചോദിപ്പിക്കുന്ന നിധികളാണ്‌ അതിന്റെ താളുകളിൽ ഉടനീളം അടങ്ങിയിരിക്കുന്നത്‌.

നമ്മുടെ സഹോദരങ്ങളോടൊത്തു യഹോവയെ സേവിക്കുന്നതും സത്യത്തിന്റെ പാതയിലൂടെയുള്ള സഞ്ചാരം എളുപ്പമുള്ളതാക്കുന്നു. സങ്കീർത്തനക്കാരൻ തന്നെക്കുറിച്ചുതന്നെ ഇപ്രകാരം പറഞ്ഞു: ‘നിന്നെ ഭയപ്പെടുന്ന എല്ലാവർക്കും ഞാൻ കൂട്ടാളിയാകുന്നു.’ (സങ്കീർത്തനം 119:63) ക്രിസ്‌തീയ സമ്മേളനങ്ങളോ സഹോദരങ്ങളോടൊപ്പമായിരുന്ന മറ്റ്‌ അവസരങ്ങളോ ആകാം നമ്മുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ചിലത്‌. അമൂല്യമായ ഒരു ആഗോള ക്രിസ്‌തീയ കുടുംബം നമുക്കുള്ളതിന്റെ കാരണം യഹോവയും അവന്റെ ഉയർന്ന നിയമങ്ങളുമാണ്‌ എന്നു നാം തിരിച്ചറിയുന്നു.​—⁠സങ്കീർത്തനം 144:15ബി.

വിലമതിപ്പിനു പുറമേ, ഉത്തരവാദിത്വബോധം ഉണ്ടായിരിക്കുന്നത്‌ യഹോവയുടെ ഉയർന്ന വഴികളിലൂടെ നടക്കുന്നതിൽ പുരോഗതി വരുത്താൻ നമുക്കു ശക്തി നൽകും.

ഉത്തരവാദിത്വബോധത്തോടെ നടക്കൽ

വഴിതെറ്റിപ്പോകുകയോ അപകടം പതിയിരിക്കുന്ന പാറക്കെട്ടുകളുടെ അടുത്തു ചെന്നുപെടുകയോ ചെയ്യാതിരിക്കത്തക്കവണ്ണം ശ്രദ്ധയുള്ളവർ ആയിരിക്കേണ്ടതിന്റെ ആവശ്യം ഉത്തരവാദിത്വബോധമുള്ള പർവത സഞ്ചാരികൾ തിരിച്ചറിയുന്നു. സ്വതന്ത്ര ധാർമിക കാര്യസ്ഥരെന്ന നിലയിൽ നമുക്ക്‌ ഒരു പരിധിവരെ സ്വാതന്ത്ര്യവും അധികാരവും യഹോവ നൽകുന്നു. എന്നാൽ, അത്തരം സ്വാതന്ത്ര്യം ഉത്തരവാദിത്വബോധത്തോടെ വിനിയോഗിച്ചുകൊണ്ടുവേണം നാം നമ്മുടെ ക്രിസ്‌തീയ കടമകൾ നിറവേറ്റാൻ.

ഉദാഹരണത്തിന്‌, തന്റെ ദാസന്മാർ തങ്ങളുടെ കടമകൾ ഉത്തരവാദിത്വബോധത്തോടെ നിറവേറ്റാൻ യഹോവ പ്രതീക്ഷിക്കുന്നു. ക്രിസ്‌തീയ പ്രവർത്തനങ്ങൾക്കായി നാം എത്രമാത്രം സമയവും ഊർജവും ചെലവിടണമെന്നോ പണപരമായി അല്ലെങ്കിൽ മറ്റു വിധങ്ങളിൽ നാം എന്തുമാത്രം സംഭാവന നൽകണമെന്നോ അവൻ പറയുന്നില്ല. നേരെ മറിച്ച്‌, കൊരിന്ത്യരോടുള്ള പൗലൊസിന്റെ വാക്കുകൾ നമുക്കേവർക്കും ബാധകമാണ്‌: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ.”​—⁠2 കൊരിന്ത്യർ 9:7; എബ്രായർ 13:15, 16.

മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുന്നത്‌ ഉത്തരവാദിത്വബോധത്തോടെയുള്ള ക്രിസ്‌തീയ കൊടുക്കലിന്റെ ഭാഗമാണ്‌. ലോകവ്യാപക വേലയ്‌ക്കായി പണപരമായി സംഭാവന ചെയ്‌തുകൊണ്ടും ഉത്തരവാദിത്വബോധമുള്ളവരാണെന്നു നാം പ്രകടമാക്കുന്നു. പൂർവ യൂറോപ്പിലെ ഒരു സമ്മേളനത്തിൽ സംബന്ധിച്ച ശേഷം, താനും ഭാര്യയും തങ്ങൾ കൊടുക്കുന്ന സംഭാവനകൾ വളരെയധികം വർധിപ്പിച്ചെന്ന്‌ ഗെർഹാർട്ട്‌ എന്ന ഒരു മൂപ്പൻ വിശദീകരിക്കുന്നു. അദ്ദേഹം പറയുന്നു: “അവിടെയുള്ള നമ്മുടെ സഹോദരന്മാർ ഭൗതികമായി വളരെ ദരിദ്രരായിരുന്നെങ്കിലും, ബൈബിൾ സാഹിത്യങ്ങളെ വളരെയേറെ വിലമതിച്ചിരുന്നു. അതുകൊണ്ട്‌ മറ്റു രാജ്യങ്ങളിലെ സഹായം ആവശ്യമുള്ള സഹോദരങ്ങളെ കഴിവിന്റെ പരമാവധി സഹായിക്കാൻ ഞങ്ങൾ തീരുമാനിച്ചു.”

നമ്മുടെ സഹിഷ്‌ണുത വർധിപ്പിക്കൽ

ഉയർന്ന പ്രദേശത്തുകൂടെ നടക്കുന്നതിനു നല്ല കരുത്ത്‌ ആവശ്യമാണ്‌. മലകയറ്റക്കാർ സാധ്യമാകുമ്പോഴൊക്കെ വ്യായാമം ചെയ്യുന്നു, അനേകരും ദീർഘദൂര നടത്തത്തിനുള്ള ഒരുക്കമെന്നവണ്ണം നടന്നുശീലിക്കാറുമുണ്ട്‌. സമാനമായി, നമ്മുടെ ആത്മീയ ക്ഷമത നിലനിറുത്താൻ ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കാൻ പൗലൊസ്‌ ശുപാർശ ചെയ്യുന്നു. ‘കർത്താവിന്നു യോഗ്യമാകുംവണ്ണം നടക്കാനും’ ‘പൂർണ്ണശക്തിയോടെ ബലപ്പെടാനും’ ആഗ്രഹിക്കുന്നവർ സകല സൽപ്രവൃത്തിയിലും ഫലം കായിക്കണമെന്നു പൗലൊസ്‌ പറയുകയുണ്ടായി.​—⁠കൊലൊസ്സ്യർ 1:10, 11.

മടുപ്പു തോന്നാതിരിക്കാൻ പർവത സഞ്ചാരികളെ സഹായിക്കുന്നത്‌ അവരുടെ പ്രചോദനമാണ്‌. എങ്ങനെ? വിദൂര പർവതം പോലെയുള്ള ഏതെങ്കിലും വ്യക്തമായ ഒരു ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‌ പ്രചോദനാത്മകമായ ഒരു ഫലമുണ്ട്‌. കൂടാതെ, ആരോഹകൻ ഇടയ്‌ക്കുള്ള സ്ഥാനങ്ങളിൽ എത്തിച്ചേരുമ്പോൾ ആത്യന്തിക ലക്ഷ്യത്തിലേക്ക്‌ എന്തുമാത്രം ദൂരമുണ്ട്‌ എന്നു മനസ്സിലാക്കാൻ അയാൾക്കു സാധിക്കും. സഞ്ചരിച്ചുകഴിഞ്ഞ ദൂരത്തിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ അയാൾക്കു സംതൃപ്‌തി അനുഭവപ്പെടുന്നു.

സമാനമായി, നിത്യജീവന്റെ പ്രത്യാശ നമ്മെ നിലനിറുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. (റോമർ 12:12) അതേസമയം, യഹോവയുടെ വഴികളിൽ നടക്കവേ ക്രിസ്‌തീയ ലക്ഷ്യങ്ങൾ വെക്കുന്നതിലും അതു നേടിയെടുക്കുന്നതിലും നാം വിജയിക്കുന്നു. വിശ്വസ്‌ത സേവനത്തിന്റെ കഴിഞ്ഞുപോയ വർഷങ്ങളിലേക്കു പിന്തിരിഞ്ഞു നോക്കുകയോ നമ്മുടെ വ്യക്തിത്വത്തിൽ വരുത്തിയ മാറ്റങ്ങൾ നിരീക്ഷിക്കുകയോ ചെയ്യുമ്പോൾ നമുക്ക്‌ എത്രയധികം സന്തോഷമാണു തോന്നുന്നത്‌!​—⁠സങ്കീർത്തനം 16:⁠11.

നടത്തത്തിൽ ഏർപ്പെട്ടിരിക്കുന്നവർ കൂടുതൽ ദൂരം സഞ്ചരിക്കാനും ഊർജം ലാഭിക്കാനും വേണ്ടി സ്ഥിരമായ ഒരു വേഗം നിലനിറുത്തേണ്ടതുണ്ട്‌. സമാനമായി, നമ്മുടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിലെ നമ്മുടെ ഗതിവേഗം നിലനിറുത്താൻ യോഗങ്ങളിലും വയൽസേവനത്തിലുമുള്ള ക്രമമായ പങ്കുപറ്റൽ ഉൾപ്പെടെയുള്ള നല്ല ഒരു ചര്യ നമ്മെ സഹായിക്കും. ‘അതേ ചര്യയിൽ ക്രമമായി നടക്കുന്നതിൽ നമുക്കു തുടരാം’ എന്നു പൗലൊസ്‌ സഹക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചു.​—⁠ഫിലിപ്പിയർ 3:⁠16, NW.

തീർച്ചയായും യഹോവയുടെ വഴികളിൽ നടക്കുന്നതിൽ നാം തനിച്ചല്ല. “സ്‌നേഹത്തിനും സൽപ്രവൃത്തികൾക്കുംവേണ്ടി പരസ്‌പരം പ്രേരിപ്പിക്കുവാൻ നമുക്കു തീക്ഷ്‌ണത കാണിക്കാം” എന്നു പൗലൊസ്‌ എഴുതുന്നു. (എബ്രായർ 10:​24, ന്യൂ ഇൻഡ്യാ ഭാഷാന്തരം) നല്ല ആത്മീയ സഹവാസം, സഹവിശ്വാസികളോടൊപ്പം നടക്കവേ നമ്മുടെ ഗതിവേഗം നിലനിറുത്തുക എളുപ്പമാക്കിത്തീർക്കും.​—⁠സദൃശവാക്യങ്ങൾ 13:20.

യഹോവ നൽകുന്ന ശക്തിയെ ഒരിക്കലും മറന്നുകളയരുത്‌ എന്നതാണ്‌ ഒടുവിലത്തേതും അതിപ്രധാനവുമായ സംഗതി. യഹോവയിൽ ബലമുള്ളവർ ‘മേല്‌ക്കുമേൽ ബലം പ്രാപിക്കും.’ (സങ്കീർത്തനം 84:5, 7) നമുക്കു ചിലപ്പോഴൊക്കെ ദുഷ്‌കരമായ പ്രദേശങ്ങളിലൂടെ കടന്നുപോകേണ്ടിവരുമെങ്കിലും, യഹോവയുടെ സഹായത്താൽ നമുക്ക്‌ അവ തരണം ചെയ്യാനാകും.