വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകവ്യാപക സാഹോദര്യം ശക്തി പകർന്നു

ലോകവ്യാപക സാഹോദര്യം ശക്തി പകർന്നു

ജീവിത കഥ

ലോകവ്യാപക സാഹോദര്യം ശക്തി പകർന്നു

തോംസൺ കാങ്കാല പറഞ്ഞ പ്രകാരം

1993 ഏപ്രിൽ 24-ന്‌, സാംബിയയിലെ ലുസാക്കായിലുള്ള, 13 കെട്ടിടങ്ങൾ അടങ്ങുന്ന പുതിയ ബ്രാഞ്ച്‌ ഓഫീസ്‌ സമുച്ചയത്തിന്റെ സമർപ്പണ പരിപാടിയിൽ പങ്കെടുക്കാൻ എനിക്കു ക്ഷണം ലഭിച്ചു. എനിക്കു നടക്കാൻ പ്രയാസമുണ്ടായിരുന്നതിനാൽ, ഞങ്ങളോടൊപ്പം ടൂർ ഗൈഡായി വന്ന ക്രിസ്‌തീയ സഹോദരി എന്നോടു ദയാപുരസ്സരം ചോദിച്ചു: “സഹോദരന്‌ ഇടയ്‌ക്കിടെ വിശ്രമിക്കാനായി ഞാൻ ഒരു കസേരയും കൂടെ എടുക്കട്ടെ?” ഞാൻ കറുത്ത വർഗക്കാരനും അവർ വെള്ളക്കാരിയുമായിരുന്നു, എങ്കിലും അത്‌ അവർക്ക്‌ ഒരു പ്രശ്‌നമായിരുന്നില്ല. അവർ കാണിച്ച ദയ നിമിത്തം ബ്രാഞ്ച്‌ സൗകര്യങ്ങളെല്ലാം ചുറ്റിനടന്നു കാണാൻ സാധിച്ചതിൽ ഞാൻ അവരോടു ഹൃദയംഗമമായ നന്ദി പറഞ്ഞു.

ഇതുപോലുള്ള അനുഭവങ്ങൾ എനിക്കു വളരെ സന്തോഷം പകർന്നിട്ടുണ്ട്‌. തന്റെ യഥാർഥ ശിഷ്യരെ തിരിച്ചറിയിക്കുമെന്ന്‌ ക്രിസ്‌തു പറഞ്ഞ അടയാളമായ സ്‌നേഹം, യഹോവയുടെ സാക്ഷികളുടെ ക്രിസ്‌തീയ സഭയ്‌ക്കുള്ളിൽ ഉണ്ടെന്ന എന്റെ ബോധ്യത്തെ അത്‌ ഊട്ടിയുറപ്പിച്ചിരിക്കുന്നു. (യോഹന്നാൻ 13:35; 1 പത്രൊസ്‌ 2:17) ഞാൻ എങ്ങനെയാണ്‌ 1931-ൽ ഈ ക്രിസ്‌ത്യാനികളുമായി പരിചയത്തിലായത്‌ എന്നു നിങ്ങളോട്‌ പറയാം. ആ വർഷമാണ്‌ അവർ യഹോവയുടെ സാക്ഷികൾ എന്ന തിരുവെഴുത്തധിഷ്‌ഠിത പേരു സ്വീകരിച്ചത്‌.​—⁠യെശയ്യാവു 43:12.

ആഫ്രിക്കയിലെ ആദ്യകാല ശുശ്രൂഷ

1931 നവംബറിൽ, 22 വയസ്സുണ്ടായിരുന്ന ഞാൻ ഉത്തര റൊഡേഷ്യയുടെ (ഇപ്പോഴത്തെ സാംബിയ) കോപ്പർബെൽറ്റ്‌ പ്രദേശത്തുള്ള കിറ്റ്‌വേയിലാണ്‌ താമസിച്ചിരുന്നത്‌. എന്നോടൊത്തു ഫുട്‌ബോൾ കളിച്ചിരുന്ന ഒരു സുഹൃത്താണ്‌ സാക്ഷികളെ എനിക്കു പരിചയപ്പെടുത്തിത്തന്നത്‌. ഞാൻ അവരുടെ ചില യോഗങ്ങളിൽ സംബന്ധിക്കുകയും ദൈവത്തിന്റെ കിന്നരം * എന്ന ബൈബിൾ പഠന സഹായി അയച്ചുതരാൻ അഭ്യർഥിച്ചുകൊണ്ട്‌ ദക്ഷിണാഫ്രിക്കയിലെ കേപ്‌ ടൗണിലുള്ള അവരുടെ ബ്രാഞ്ച്‌ ഓഫീസിന്‌ എഴുതുകയും ചെയ്‌തു. ഇംഗ്ലീഷ്‌ നല്ല വശമില്ലാഞ്ഞതിനാൽ എനിക്ക്‌ ആ പുസ്‌തകം മനസ്സിലാക്കുക ബുദ്ധിമുട്ടായിരുന്നു.

ബാഗ്വിയൂലൂ തടാകത്തിന്‌ ഏതാണ്ട്‌ 240 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കോപ്പർബെൽറ്റ്‌ പ്രദേശത്തിനടുത്താണ്‌ ഞാൻ വളർന്നുവന്നത്‌. മറ്റു പ്രവിശ്യകളിൽ നിന്നുള്ള ധാരാളം ആളുകൾ അവിടത്തെ ചെമ്പ്‌ ഖനികളിൽ പണിയെടുത്തിരുന്നു. സാക്ഷികളുടെ നിരവധി കൂട്ടങ്ങൾ ബൈബിൾ അധ്യയനത്തിനായി അവിടെ പതിവായി കൂടിവരുമായിരുന്നു. കുറെ നാളുകൾക്കു ശേഷം ഞാൻ കിറ്റ്‌വേയിൽനിന്നും അൻഡോള എന്ന അടുത്തുള്ള പട്ടണത്തിലേക്കു മാറുകയും അവിടെയുള്ള സാക്ഷികളുടെ ഒരു കൂട്ടവുമായി സഹവസിച്ചു തുടങ്ങുകയും ചെയ്‌തു. ആ സമയത്തു ഞാൻ ‘പ്രിൻസ്‌ ഓഫ്‌ വെയ്‌ൽസ്‌’ എന്ന ഫുട്‌ബോൾ ടീമിന്റെ ക്യാപ്‌റ്റൻ ആയിരുന്നു. മധ്യ ആഫ്രിക്കയിൽ പലയിടങ്ങളിലായി വ്യാപാരശാലകൾ ഉണ്ടായിരുന്ന ആഫ്രിക്കൻ ലേക്‌സ്‌ കോർപ്പറേഷൻ എന്ന കമ്പനിയുടെ വെള്ളക്കാരനായ ഒരു മാനേജരുടെ വീട്ടിലെ വേലക്കാരനായും ഞാൻ ജോലി നോക്കിയിരുന്നു.

പരിമിത വിദ്യാഭ്യാസമേ എനിക്കുണ്ടായിരുന്നുള്ളൂ. ഞാൻ ജോലി ചെയ്‌തിരുന്നിടത്തെ യൂറോപ്യന്മാരിൽനിന്ന്‌ കുറച്ചൊക്കെ ഇംഗ്ലീഷ്‌ ഞാൻ വശമാക്കിയിരുന്നു. എന്നിരുന്നാലും, ലൗകിക വിദ്യാഭ്യാസം തുടരണമെന്ന അതിയായ ആഗ്രഹത്താൽ ദക്ഷിണ റൊഡേഷ്യയിലെ (ഇപ്പോഴത്തെ സിംബാബ്‌വേ) പ്ലംട്രിയിലുള്ള ഒരു സ്‌കൂളിൽ ഞാൻ അപേക്ഷ കൊടുത്തു. അതേസമയം, കേപ്‌ ടൗണിലുള്ള ബ്രാഞ്ച്‌ ഓഫീസിനു ഞാൻ രണ്ടാമതും എഴുതി, എനിക്കു ദൈവത്തിന്റെ കിന്നരം എന്ന പുസ്‌തകം കിട്ടിയെന്നും യഹോവയെ മുഴുസമയം സേവിക്കാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്‌.

അവിടെനിന്നു കിട്ടിയ മറുപടി എന്നെ അതിശയിപ്പിച്ചു: “യഹോവയെ സേവിക്കാനുള്ള താങ്കളുടെ ആഗ്രഹത്തെ ഞങ്ങൾ വിലമതിക്കുന്നു. ഇതൊരു പ്രാർഥനാവിഷയമാക്കാൻ ഞങ്ങൾ താങ്കളെ പ്രോത്സാഹിപ്പിക്കുന്നു. സത്യം മെച്ചമായി അറിയാൻ യഹോവ താങ്കളെ സഹായിക്കും, തന്റെ സേവനത്തിനായി ദൈവം താങ്കൾക്ക്‌ ഒരിടം പ്രദാനം ചെയ്യും.” ആ കത്ത്‌ പലയാവർത്തി വായിച്ചശേഷം, ഞാൻ എന്താണു ചെയ്യേണ്ടതെന്നു സാക്ഷികളായ പലരോടും ചോദിച്ചു. അവരുടെ മറുപടി ഇതായിരുന്നു: “യഹോവയെ സേവിക്കുക എന്നതാണ്‌ താങ്കളുടെ ആത്മാർഥമായ ആഗ്രഹമെങ്കിൽ ഒട്ടും മടിച്ചുനിൽക്കാതെ മുമ്പോട്ടുതന്നെ പോകുക.”

ഒരാഴ്‌ചത്തേക്ക്‌ ഞാൻ ഇക്കാര്യം പ്രാർഥനാവിഷയമാക്കി. ഒടുവിൽ, എന്റെ ലൗകിക വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ സാക്ഷികളോടൊത്തുള്ള ബൈബിൾ പഠനം തുടരാൻ ഞാൻ തീരുമാനിച്ചു. തൊട്ടടുത്ത വർഷം, അതായത്‌ 1932 ജനുവരിയിൽ, ഞാൻ യഹോവയാം ദൈവത്തിനുള്ള എന്റെ സമർപ്പണം ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തി. അൻഡോളയിൽനിന്ന്‌ സമീപ നഗരമായ ലൂയാൻഷായിലേക്ക്‌ മാറിയശേഷം, ഞാൻ ഒരു സഹവിശ്വാസിയായ ജാനെറ്റിനെ കണ്ടുമുട്ടി. 1934 സെപ്‌റ്റംബറിൽ ഞങ്ങൾ വിവാഹിതരായി. ഞങ്ങളുടെ വിവാഹസമയത്ത്‌ ജാനെറ്റിന്‌ ഒരു മകനും ഒരു മകളും ഉണ്ടായിരുന്നു.

ക്രമേണ ആത്മീയ പുരോഗതി വരുത്തിയ ഞാൻ 1937-ൽ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിച്ചു. ഏറെ താമസിയാതെ എനിക്ക്‌ സഞ്ചാര ശുശ്രൂഷകനായി​—⁠ഇപ്പോൾ സർക്കിട്ട്‌ മേൽവിചാരകൻ എന്ന്‌ അറിയപ്പെടുന്നു​—⁠നിയമനം ലഭിച്ചു. സഞ്ചാര മേൽവിചാരകന്മാർ യഹോവയുടെ സാക്ഷികളുടെ സഭകൾ സന്ദർശിച്ച്‌ അവരെ ആത്മീയമായി ബലിഷ്‌ഠരാക്കുന്നു.

ആദ്യകാല പ്രസംഗവേല

1938 ജനുവരിയിൽ സോക്കോണ്ട്‌വി എന്നു പേരുള്ള ഒരു ആഫ്രിക്കൻ ഗ്രാമ മുഖ്യനെ സന്ദർശിക്കാൻ എനിക്കു നിർദേശം ലഭിച്ചു. സാക്ഷികൾ തന്നെ സന്ദർശിക്കണമെന്ന അദ്ദേഹത്തിന്റെ അഭ്യർഥനയുടെ ഫലമായിട്ടായിരുന്നു അത്‌. ഞാൻ മൂന്നു ദിവസം സൈക്കിൾ ചവിട്ടി അദ്ദേഹത്തിന്റെ സ്ഥലത്ത്‌ എത്തി. കേപ്‌ ടൗണിലുള്ള ഞങ്ങളുടെ ഓഫീസിന്‌ അദ്ദേഹം അയച്ച കത്തിനു പ്രതികരണമായി എന്നെ അയച്ചതാണെന്നു പറഞ്ഞപ്പോൾ, അദ്ദേഹം വളരെ നന്ദി പ്രകടിപ്പിച്ചു.

അദ്ദേഹത്തിന്റെ ആളുകളുടെ കുടിലുകൾതോറും പോയി ഞാൻ അവരെ ഇൻസാക്കയിലേക്ക്‌ (കൂടിവരാനുള്ള പൊതുസ്ഥലം) ക്ഷണിച്ചു. അവിടെ കൂടിവന്ന ജനക്കൂട്ടത്തോടു ഞാൻ സംസാരിച്ചു. അനേകം ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. ഈ ഗ്രാമമുഖ്യനും അദ്ദേഹത്തിന്റെ സെക്രട്ടറിയുമാണ്‌ അവിടത്തെ സഭകളിലെ ആദ്യത്തെ മേൽവിചാരകന്മാർ ആയിത്തീർന്നത്‌. ഇപ്പോൾ സാംഫ്യാ ജില്ല എന്നറിയപ്പെടുന്ന ഈ പ്രദേശത്ത്‌ ഇന്ന്‌ 50-ലധികം സഭകളുണ്ട്‌.

1942 മുതൽ 1947 വരെ ബാഗ്വിയൂലൂ തടാകത്തിന്റെ ചുറ്റുമുള്ള പ്രദേശത്തു ഞാൻ സേവിച്ചു. ഓരോ സഭയോടുമൊത്തു ഞാൻ പത്തു ദിവസം ചെലവഴിക്കുമായിരുന്നു. അക്കാലത്ത്‌ ആത്മീയ വിളവെടുപ്പിൽ പങ്കെടുത്തിരുന്ന വേലക്കാർ ചുരുക്കമായിരുന്നതിനാൽ, നമ്മുടെ കർത്താവായ യേശുക്രിസ്‌തു പറഞ്ഞതുപോലെതന്നെയാണ്‌ ഞങ്ങൾക്ക്‌ അനുഭവപ്പെട്ടത്‌: “കൊയ്‌ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്‌ത്തിന്റെ യജമാനനോടു കൊയ്‌ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” (മത്തായി 9:36-38) അക്കാലങ്ങളിൽ, യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. അതിനാൽ ഞാൻ സഭകൾ സന്ദർശിക്കുന്ന അവസരങ്ങളിൽ ജാനെറ്റ്‌ കുട്ടികളുമൊത്ത്‌ ലൂയാൻഷായിൽത്തന്നെ കഴിഞ്ഞു. ആ സമയമായപ്പോഴേക്കും ഞങ്ങൾക്ക്‌ രണ്ട്‌ ആൺകുട്ടികൾ കൂടെ പിറന്നു. എന്നാൽ, അതിൽ ഒരു കുട്ടി പത്തു മാസം ആയപ്പോൾ മരിച്ചുപോയി.

അക്കാലത്ത്‌ മോട്ടോർ വാഹനങ്ങളും റോഡുകളും നന്നേ ചുരുക്കമായിരുന്നു. ഒരു ദിവസം ഞാൻ ജാനെറ്റിന്റെ സൈക്കിളിൽ 200 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തേക്കു യാത്ര തിരിച്ചു. ഒരു ചെറിയ നദി കുറുകെ കടക്കേണ്ടിവരുന്ന സന്ദർഭങ്ങളിൽ സൈക്കിൾ ചുമലിൽ വെച്ച്‌ ഒരു കൈകൊണ്ടു പിടിച്ചിട്ട്‌ മറ്റേ കൈകൊണ്ട്‌ നീന്തി അക്കരെ കടക്കുമായിരുന്നു. ലൂയാൻഷായിൽ സാക്ഷികളുടെ എണ്ണം വളരെ വർധിച്ചു. 1946-ൽ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാഘോഷത്തിന്‌ 1,850 പേർ ഹാജരായി.

വേലയ്‌ക്ക്‌ എതിർപ്പു നേരിടുന്നു

രണ്ടാം ലോകമഹായുദ്ധ കാലത്ത്‌, ഒരിക്കൽ കവാംബ്വായിലെ ഡിസ്‌ട്രിക്‌റ്റ്‌ കമ്മീഷണർ എന്നെ വിളിപ്പിച്ച്‌ ഇങ്ങനെ പറഞ്ഞു: “വാച്ച്‌ടവർ സൊസൈറ്റിയുടെ പുസ്‌തകങ്ങൾ നിങ്ങൾ ഇനി ഉപയോഗിക്കാൻ പാടില്ല. കാരണം, അവ നിരോധിച്ചിരിക്കുകയാണ്‌. എന്നാൽ, നിങ്ങളുടെ വേലയിൽ ഉപയോഗിക്കാൻ മറ്റു പുസ്‌തകങ്ങൾ എഴുതാൻ സഹായിക്കുന്ന പരാമർശക കൃതികൾ ഞാൻ നിങ്ങൾക്കു തരാം.”

“ഇപ്പോഴുള്ള സാഹിത്യങ്ങൾകൊണ്ടു ഞാൻ തൃപ്‌തനാണ്‌. എനിക്കു കൂടുതലായി ഒന്നും വേണ്ട,” ഞാൻ മറുപടി പറഞ്ഞു.

“നിങ്ങൾക്ക്‌ അമേരിക്കക്കാരെ അറിയില്ല, (അന്ന്‌ ഞങ്ങളുടെ സാഹിത്യങ്ങൾ അച്ചടിച്ചിരുന്നത്‌ ഐക്യനാടുകളിൽ ആയിരുന്നു.) അവർ നിങ്ങളെ വഴിതെറ്റിക്കും,” അദ്ദേഹം പറഞ്ഞു.

“ഞാൻ ഇടപെടുന്ന ആരും അങ്ങനെ ചെയ്യുകയില്ല,” ഞാൻ മറുപടി പറഞ്ഞു.

അപ്പോൾ അദ്ദേഹം ചോദിച്ചു: “മറ്റു മതക്കാരെപ്പോലെ യുദ്ധത്തിനു പണപരമായ സംഭാവന നൽകാനായി നിങ്ങളുടെ സഭകളെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്കാവില്ലേ?”

“അതു ചെയ്യേണ്ടത്‌ ഗവൺമെന്റ്‌ ഉദ്യോഗസ്ഥരാണ്‌,” ഞാൻ പറഞ്ഞു.

“വീട്ടിൽ പോയി എന്തുകൊണ്ട്‌ ഇതേക്കുറിച്ചു ചിന്തിച്ചുകൂടാ?” അദ്ദേഹം ചോദിച്ചു.

പുറപ്പാടു 20:​13-ലും 2 തിമൊഥെയൊസ്‌ 2:​24-ലും (NW) കുല ചെയ്യരുതെന്നും പോരാടരുതെന്നും ബൈബിൾ കൽപ്പിക്കുന്നുണ്ട്‌,” ഞാൻ മറുപടി പറഞ്ഞു.

എന്നെ വെറുതെ വിട്ടെങ്കിലും, മാൻസ എന്ന്‌ ഇപ്പോൾ അറിയപ്പെടുന്ന ഫോർട്ട്‌ റോസ്‌ബെറിയിലെ ഡിസ്‌ട്രിക്‌റ്റ്‌ കമ്മീഷണർ പിന്നീട്‌ എന്നെ വിളിപ്പിച്ചു. “ഗവൺമെന്റ്‌ നിങ്ങളുടെ പുസ്‌തകങ്ങൾ നിരോധിച്ചിരിക്കുന്നു എന്ന്‌ അറിയിക്കാനാണു നിങ്ങളെ വിളിപ്പിച്ചത്‌,” അദ്ദേഹം പറഞ്ഞു.

“ഉവ്വ്‌, അതേക്കുറിച്ച്‌ ഞാൻ കേട്ടിരുന്നു,” ഞാൻ പറഞ്ഞു.

“അതുകൊണ്ട്‌ നിങ്ങളുടെ സഭകളിലെല്ലാം പോയി നിങ്ങളുടെകൂടെ ആരാധനയ്‌ക്കു വരുന്നവരോടു പുസ്‌തകങ്ങളെല്ലാം ഇവിടെ കൊണ്ടുവരാൻ പറയണം. മനസ്സിലാകുന്നുണ്ടോ?”

“അത്‌ എന്റെ ഉത്തരവാദിത്വമല്ല, ഗവൺമെന്റ്‌ ഉദ്യോഗസ്ഥർ ചെയ്യേണ്ടതാണ്‌,” ഞാൻ മറുപടി പറഞ്ഞു.

ഒരു കൂടിക്കാഴ്‌ചയുടെ അപ്രതീക്ഷിത ഫലം

യുദ്ധാനന്തരം ഞങ്ങൾ സതീക്ഷ്‌ണം പ്രസംഗിച്ചു. 1947-ൽ മ്വാൻസ ഗ്രാമത്തിലുള്ള ഒരു സഭയിലെ വേല കഴിഞ്ഞയുടനെ ഞാൻ, ഒരു ചായ എവിടെ കിട്ടുമെന്നു തിരക്കി. അപ്പോൾ ഇൻകോണ്ടേ എന്നയാളുടെ വീട്ടിലേക്കാണ്‌ എന്നെ വിട്ടത്‌, അവിടെ ഒരു ചായക്കട ഉണ്ടായിരുന്നു. ഇൻകോണ്ടേയും ഭാര്യയും എന്നെ ഊഷ്‌മളമായി സ്വാഗതം ചെയ്‌തു. ചായ കുടിച്ചുകൊണ്ടിരിക്കെ, ദൈവം സത്യവാൻ എന്ന പുസ്‌തകത്തിലെ “നരകം, പ്രത്യാശയിൽ വിശ്രമിക്കാനുള്ള സ്ഥലം” എന്ന അധ്യായം ഉറക്കെ വായിക്കാമോ എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു.

“അപ്പോൾ, നരകം എന്താണെന്നാണു താങ്കൾക്കു മനസ്സിലാകുന്നത്‌?” ചായ കുടിച്ചുതീർന്ന ശേഷം ഞാൻ ചോദിച്ചു. വായിച്ച കാര്യങ്ങളിൽ അങ്ങേയറ്റം താത്‌പര്യം തോന്നിയ അദ്ദേഹം യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ ആരംഭിച്ചു. പിന്നീട്‌ അദ്ദേഹവും ഭാര്യയും സ്‌നാപനമേറ്റു. അദ്ദേഹം ഒരു സാക്ഷിയായി തുടർന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യയും മക്കളിൽ പലരും സാക്ഷികളായിത്തന്നെ തുടർന്നു. അദ്ദേഹത്തിന്റെ ഒരു മകൾ, പിൽനി, യഹോവയുടെ സാക്ഷികളുടെ സാംബിയയിലെ ബ്രാഞ്ച്‌ ഓഫീസിൽ ഇപ്പോഴും സേവിക്കുന്നുണ്ട്‌. പിൽനിയുടെ അമ്മ​—⁠ഇപ്പോൾ പ്രായം ഏറെയായിരിക്കുന്നു​—⁠വിശ്വസ്‌തതയോടെ തുടരുന്നു.

പൂർവാഫ്രിക്കയിലെ ദിനങ്ങൾ

1948-ൽ ലുസാക്കായിൽ സ്ഥാപിതമായ, ഉത്തര റൊഡേഷ്യയിലെ ഞങ്ങളുടെ ബ്രാഞ്ച്‌ ഓഫീസ്‌ എന്നെ ടാങ്കനിക്കയിലേക്ക്‌ (ഇപ്പോഴത്തെ ടാൻസാനിയ) നിയമിച്ചു. മലമ്പ്രദേശങ്ങളിലൂടെയുള്ള കാൽനടയാത്രയിൽ ഉടനീളം എന്നോടും ഭാര്യയോടുമൊപ്പം വേറൊരു സഹോദരനും ഉണ്ടായിരുന്നു. മൂന്നു ദിവസത്തെ ആ യാത്ര ശരിക്കും ക്ഷീണിപ്പിക്കുന്നതായിരുന്നു. ഞാൻ പുസ്‌തകക്കെട്ടുകളും ഭാര്യ വസ്‌ത്രങ്ങളും കൂടെയുള്ള സഹോദരൻ കിടക്കാനുള്ള സാമഗ്രികളും വഹിച്ചിരുന്നു.

1948 മാർച്ചിൽ ഞങ്ങൾ മ്‌ബേയയിൽ എത്തിച്ചേർന്നപ്പോൾ, ബൈബിൾ പഠിപ്പിക്കലുകളോടു കൂടുതൽ പൂർണമായി അനുരൂപപ്പെടുന്നതിനു പൊരുത്തപ്പെടുത്തലുകൾ വരുത്താൻ സഹോദരങ്ങളെ സഹായിക്കുന്നതിനു വളരെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടായിരുന്നു. ഉദാഹരണത്തിന്‌, ഞങ്ങൾ പ്രദേശത്ത്‌ അറിയപ്പെട്ടിരുന്നത്‌ വാച്ച്‌ടവറുകാർ എന്നായിരുന്നു. യഹോവയുടെ സാക്ഷികൾ എന്ന പേർ സഹോദരങ്ങൾ സ്വീകരിച്ചിരുന്നെങ്കിലും, സാധാരണഗതിയിൽ അതു പുറത്തു പറഞ്ഞിരുന്നില്ല. കൂടാതെ, മരിച്ചവരെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട ചില ആചാരങ്ങൾ സാക്ഷികളായ ചിലർ അപ്പോഴും പിൻപറ്റിയിരുന്നു. എന്നാൽ മിക്കവരെ സംബന്ധിച്ചും പ്രയാസകരമായ പൊരുത്തപ്പെടുത്തൽ, വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്‌തുകൊണ്ട്‌ അതിനെ എല്ലാവരുടെയും മുമ്പാകെ മാന്യമാക്കുക എന്നതായിരുന്നു.​—⁠എബ്രായർ 13:⁠4.

പിന്നീട്‌ ഉഗാണ്ട ഉൾപ്പെടെ പൂർവ ആഫ്രിക്കയിലെ മറ്റു പ്രദേശങ്ങളിൽ സേവിക്കാൻ എനിക്കു പദവി ലഭിച്ചു. എന്റെബ, കാംപാല എന്നിവിടങ്ങളിൽ ഞാൻ ഏതാണ്ട്‌ ആറ്‌ ആഴ്‌ച ചെലവിട്ടു. അവിടെയുള്ള അനേകരെ ബൈബിൾ സത്യത്തിന്റെ പരിജ്ഞാനം നേടുന്നതിൽ സഹായിക്കാൻ എനിക്കു സാധിച്ചു.

ന്യൂയോർക്ക്‌ നഗരത്തിലേക്കുള്ള ക്ഷണം

ഉഗാണ്ടയിൽ കുറെക്കാലം സേവിച്ചശേഷം 1956-ന്റെ തുടക്കത്തിൽ ഞങ്ങൾ ടാങ്കനിക്കയുടെ തലസ്ഥാനമായ ഡാർ എസ്‌ സലാമിൽ എത്തിച്ചേർന്നു. അവിടെ എന്നെയും കാത്ത്‌ യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തുനിന്നുള്ള ഒരു കത്ത്‌ ഉണ്ടായിരുന്നു. 1958 ജൂലൈ 27 മുതൽ ആഗസ്റ്റ്‌ 3 വരെ നടക്കാനിരുന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങാനുള്ള നിർദേശങ്ങളായിരുന്നു അതിൽ. അത്‌ അറിഞ്ഞപ്പോൾ എനിക്ക്‌ എത്രയധികം സന്തോഷം തോന്നിയെന്നു പറയേണ്ടതില്ലല്ലോ.

സമയമായപ്പോൾ ഞാനും മറ്റൊരു സഞ്ചാര മേൽവിചാരകനായ ലൂക്കാ മാങ്കോയും ഇൻഡോളയിൽനിന്നു വായുമാർഗം ദക്ഷിണ റൊഡേഷ്യയിലെ സാലിസ്‌ബറിയിലേക്കും (ഇപ്പോൾ ഹരാരെ) പിന്നെ കെനിയയിലെ നയ്‌റോബിയിലേക്കും പോയി. അവിടെനിന്ന്‌ ഞങ്ങൾ ഇംഗ്ലണ്ടിലെ ലണ്ടനിലേക്കു പറന്നു. അവിടെ ഞങ്ങൾക്കു ഹൃദ്യമായ സ്വീകരണം ലഭിച്ചു. ഇംഗ്ലണ്ടിൽ എത്തിയ ദിവസം രാത്രി ഉറങ്ങാൻ പോയപ്പോൾ, ആഫ്രിക്കക്കാരായ ഞങ്ങളെ വെള്ളക്കാരായ ഇവർക്ക്‌ എങ്ങനെ ഇത്ര ആതിഥ്യമര്യാദയോടെ സ്വീകരിക്കാൻ കഴിഞ്ഞു എന്നതിനെ കുറിച്ചു ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരുന്നു. ആ അനുഭവം ഞങ്ങൾക്കു വലിയ പ്രോത്സാഹനമായിരുന്നു.

ഒടുവിൽ, ഞങ്ങൾ കൺവെൻഷൻ നടക്കുന്ന ന്യൂയോർക്കിൽ എത്തി. കൺവെൻഷന്റെ ഒരു ദിവസം ഞാൻ, യഹോവയുടെ സാക്ഷികളുടെ ഉത്തര റൊഡേഷ്യയിലെ പ്രവർത്തനത്തെ കുറിച്ചുള്ള റിപ്പോർട്ടു നൽകി. ആ ദിവസം ന്യൂയോർക്ക്‌ നഗരത്തിലെ യാങ്കീ സ്റ്റേഡിയത്തിലും പോളോ ഗ്രൗണ്ട്‌സിലുമായി ഏതാണ്ട്‌ 2,00,000 പേരുണ്ടായിരുന്നു. ലഭിച്ച ആ അത്ഭുതകരമായ പദവിയെ കുറിച്ച്‌ ഓർത്ത്‌ ആ രാത്രി എനിക്ക്‌ ഉറങ്ങാൻ കഴിഞ്ഞില്ല.

വളരെ പെട്ടെന്നു കൺവെൻഷൻ കഴിഞ്ഞു, ഞങ്ങൾ സ്വദേശത്തേക്കു മടങ്ങുകയും ചെയ്‌തു. മടക്കയാത്രയിൽ ഞങ്ങൾ ഇംഗ്ലണ്ടിലെ സഹോദരങ്ങളുടെ സ്‌നേഹപുരസ്സരമായ ആതിഥ്യം വീണ്ടും അനുഭവിച്ചു. വർഗ-ദേശ ഭേദമന്യേയുള്ള യഹോവയുടെ ജനത്തിന്റെ ഐക്യം ആ യാത്രാവേളയിൽ അവിസ്‌മരണീയമാം വിധം ഞങ്ങൾക്കു ബോധ്യമായി!

തുടർന്നുള്ള സേവനവും പരിശോധനയും

1967-ൽ എനിക്ക്‌ ഡിസ്‌ട്രിക്‌റ്റ്‌ ദാസനായി​—⁠സർക്കിട്ടുകൾ തോറും സന്ദർശിക്കുന്ന ഒരു ശുശ്രൂഷകൻ​—⁠നിയമനം ലഭിച്ചു. അപ്പോഴേക്കും, സാംബിയയിലെ യഹോവയുടെ സാക്ഷികളുടെ എണ്ണം 35,000-ത്തിൽ അധികമായി വർധിച്ചിരുന്നു. പിന്നീട്‌ ആരോഗ്യപരമായ കാരണങ്ങളാൽ എന്നെ വീണ്ടും കോപ്പർബെൽറ്റിൽ ഒരു സർക്കിട്ട്‌ മേൽവിചാരകനായി നിയമിച്ചു. ക്രമേണ, ജാനെറ്റിന്‌ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായി. 1984 ഡിസംബറിൽ മരിക്കുന്നതുവരെയും അവൾ യഹോവയോടു വിശ്വസ്‌തയായിരുന്നു.

മന്ത്രവാദം ചെയ്‌തതുകൊണ്ടാണ്‌ ജാനെറ്റ്‌ മരിച്ചതെന്ന്‌ അവളുടെ അവിശ്വാസികളായ കുടുംബക്കാർ എനിക്കെതിരെ കൊണ്ടുവന്ന ആരോപണം എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്നാൽ ജാനെറ്റിന്റെ രോഗവിവരത്തെ കുറിച്ച്‌ അറിയാമായിരുന്ന, അവളുടെ ഡോക്ടറുമായി സംസാരിച്ച ചിലർ സത്യാവസ്ഥ ഈ ബന്ധുക്കൾക്കു വിശദീകരിച്ചുകൊടുത്തു. അപ്പോളിതാ മറ്റൊരു പരിശോധന​—⁠ഉകൂപ്യാനിക്ക എന്ന പരമ്പരാഗത ആചാരം ഞാൻ അനുഷ്‌ഠിക്കണമെന്നു ചില ബന്ധുക്കൾ ആഗ്രഹിച്ചു. എന്റെ സ്വദേശത്തെ ഈ ആചാരമനുസരിച്ച്‌, ഇണ മരിച്ചാൽ ജീവിച്ചിരിക്കുന്ന ഇണ മരിച്ചയാളുടെ അടുത്ത ഒരു ബന്ധുവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം. ഞാൻ അതിനു സമ്മതിച്ചില്ല.

ബന്ധുക്കളിൽനിന്നുള്ള സമ്മർദമെല്ലാം ക്രമേണ കെട്ടടങ്ങി. ഉറച്ച നിലപാട്‌ എടുക്കാൻ സഹായിച്ചതിൽ ഞാൻ യഹോവയോടു നന്ദി പറഞ്ഞു. ഭാര്യയുടെ ശവസംസ്‌കാരശേഷം ഒരു മാസം കഴിഞ്ഞപ്പോൾ ഒരു സഹോദരൻ വന്ന്‌ എന്നോടു പറഞ്ഞു: “കാങ്കാല സഹോദരാ, ഭാര്യ മരിച്ച സമയത്ത്‌ താങ്കൾ പ്രവർത്തിച്ചവിധം ഞങ്ങൾക്ക്‌ ഏവർക്കും ഒരു പ്രോത്സാഹനമായിരുന്നു. കാരണം, തിരുവെഴുത്തുവിരുദ്ധമായ യാതൊരു കാര്യത്തിനും താങ്കൾ വഴങ്ങിയില്ല. വളരെ നന്ദി.”

അത്ഭുതകരമായ കൊയ്‌ത്ത്‌

യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ ഞാൻ മുഴുസമയ ശുശ്രൂഷ തുടങ്ങിയിട്ട്‌ ഇപ്പോൾ 65 വർഷമായിരിക്കുന്നു. ഞാൻ ഒരിക്കൽ സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ച പ്രദേശങ്ങളിൽ ഈ വർഷങ്ങളിലുടനീളം നൂറുകണക്കിനു സഭകൾ രൂപംകൊള്ളുന്നതും പുതിയ രാജ്യഹാളുകൾ നിർമിക്കപ്പെടുന്നതും കാണാൻ കഴിഞ്ഞത്‌ എത്ര സന്തോഷകരമാണ്‌! 1943-ൽ, സാംബിയയിൽ 2,800 സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ അത്‌ 1,22,000-ത്തിൽ അധികമായി വർധിച്ചിരിക്കുന്നു. 11 ദശലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ രാജ്യത്ത്‌ കഴിഞ്ഞവർഷം 5,14,000 പേർ സ്‌മാരകത്തിനു ഹാജരായി.

ഇപ്പോൾ യഹോവ എന്നെ നന്നായി പരിപാലിക്കുന്നുണ്ട്‌. ഡോക്ടറെ കാണേണ്ടിവരുമ്പോൾ ഒരു ക്രിസ്‌തീയ സഹോദരൻ എന്നെ ആശുപത്രിയിൽ കൊണ്ടുപോകും. പരസ്യപ്രസംഗങ്ങൾക്കായി ഇപ്പോഴും സഭകൾ എന്നെ ക്ഷണിക്കാറുണ്ട്‌. അത്‌ എനിക്കു പ്രോത്സാഹജനകമായ അനവധി അനുഭവങ്ങൾ നൽകുന്നുണ്ട്‌. ഞാൻ സഹവസിച്ചുകൊണ്ടിരിക്കുന്ന സഭ, എന്റെ വീടു വൃത്തിയാക്കാനായി ക്രിസ്‌തീയ സഹോദരിമാരെ നിയമിച്ചിരിക്കുന്നു. ഓരോ വാരത്തിലും സഹോദരന്മാർ സ്വമേധയാ എന്നെ യോഗങ്ങൾക്കു കൊണ്ടുപോകുന്നു. ഞാൻ യഹോവയെ സേവിക്കുന്നില്ലായിരുന്നെങ്കിൽ ഇത്തരം സ്‌നേഹപുരസ്സരമായ പരിപാലനം എനിക്കു ലഭിക്കുമായിരുന്നില്ല എന്ന്‌ എനിക്കറിയാം. മുഴുസമയ ശുശ്രൂഷയിൽ എന്നെ തുടർന്നും ഉപയോഗിക്കുന്നതിലും എനിക്ക്‌ ഇതുവരെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു നിറവേറ്റാൻ കഴിഞ്ഞതിലും ഞാൻ യഹോവയോടു നന്ദിയുള്ളവനാണ്‌.

എന്റെ കാഴ്‌ച മങ്ങിയിരിക്കുന്നു, രാജ്യഹാളിലേക്കു നടക്കുന്നതിനിടയ്‌ക്ക്‌ പലയിടങ്ങളിലിരുന്നു വിശ്രമിക്കേണ്ടി വരുന്നു. എന്റെ പുസ്‌തകബാഗിന്‌ ഇപ്പോൾ ഭാരം തോന്നുന്നു. അതുകൊണ്ട്‌ യോഗത്തിനുവേണ്ട പുസ്‌തകങ്ങൾ മാത്രം എടുത്തുകൊണ്ട്‌ ഞാൻ അതിന്റെ ഭാരം കുറയ്‌ക്കുന്നു. എന്റെ വയൽസേവനത്തിന്റെ ഏറിയപങ്കും ബൈബിൾ അധ്യയനങ്ങളാണ്‌, ഞാൻ അധ്യയനം എടുക്കുന്നവർ എന്റെ വീട്ടിലേക്കു വരുകയാണു പതിവ്‌. പിന്നിട്ട വർഷങ്ങളിലേക്കു നോക്കി, ഉണ്ടായിരിക്കുന്ന അത്ഭുതകരമായ വളർച്ചയെ കുറിച്ചു ചിന്തിക്കുന്നത്‌ എന്നെ എത്രമാത്രം സന്തോഷിപ്പിക്കുന്നെന്നോ! യെശയ്യാവു 60:​22-ലെ യഹോവയുടെ വാക്കുകൾക്കു ശ്രദ്ധേയമായ നിവൃത്തി ഉണ്ടായിരിക്കുന്ന ഒരു വയലിലാണു ഞാൻ പ്രവർത്തിച്ചത്‌. ആ വാക്യം ഇങ്ങനെ പറയുന്നു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.” വാസ്‌തവത്തിൽ സാംബിയയിൽ മാത്രമല്ല ലോകമെമ്പാടും അതുതന്നെ സംഭവിക്കുന്നതു കാണാൻ എനിക്കു സാധിച്ചിരിക്കുന്നു. *

[അടിക്കുറിപ്പുകൾ]

^ ഖ. 7 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌, ഇപ്പോൾ ലഭ്യമല്ല.

^ ഖ. 50 സങ്കടകരമെന്നു പറയട്ടെ, ഈ ലേഖനം പ്രസിദ്ധീകരിക്കാനായി തയ്യാറാക്കിക്കൊണ്ടിരിക്കെ, ആരോഗ്യം ക്ഷയിച്ച കാങ്കാല സഹോദരൻ വിശ്വസ്‌തനായിത്തന്നെ മരിച്ചു.

[24-ാം പേജിലെ ചിത്രങ്ങൾ]

തോംസൺ, പശ്ചാത്തലത്തിൽ സാംബിയ ബ്രാഞ്ച്‌

[26-ാം പേജിലെ ചിത്രം]

സാംബിയ ബ്രാഞ്ച്‌ ഇന്ന്‌