വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വഞ്ചനയ്‌ക്ക്‌ ഇരയാകാതിരിക്കുക

വഞ്ചനയ്‌ക്ക്‌ ഇരയാകാതിരിക്കുക

വഞ്ചനയ്‌ക്ക്‌ ഇരയാകാതിരിക്കുക

വഞ്ചനയ്‌ക്ക്‌ മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുണ്ട്‌. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ആദ്യ സംഭവങ്ങളിൽ ഒന്ന്‌ ഒരു വഞ്ചനയുടേതായിരുന്നു. ഏദെൻ തോട്ടത്തിൽവെച്ച്‌ സാത്താൻ ഹവ്വയെ വഞ്ചിച്ചതായിരുന്നു അത്‌.​—⁠ഉല്‌പത്തി 3:13; 1 തിമൊഥെയൊസ്‌ 2:14.

അതേത്തുടർന്ന്‌, വഞ്ചന വ്യാപകമല്ലായിരുന്ന ഒരു സമയം ഭൂമിയിൽ ഉണ്ടായിട്ടില്ലെങ്കിലും, ഇക്കാലത്ത്‌ അതു സമസ്‌തവ്യാപകമാണെന്നു പറയേണ്ടതില്ലല്ലോ. ആധുനിക കാലത്തെ മുൻകൂട്ടി കണ്ടുകൊണ്ട്‌ ബൈബിൾ ഈ മുന്നറിയിപ്പു നൽകി: “ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്‌ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.”​—⁠2 തിമൊഥെയൊസ്‌ 3:​13, 14.

പല കാരണങ്ങളാലും ആളുകൾ വഞ്ചിക്കപ്പെടുന്നു. തട്ടിപ്പുവീരന്മാരും മോഹനവാഗ്‌ദാനങ്ങൾ നൽകുന്നവരും പണത്തിനു വേണ്ടി ആളുകളെ വഞ്ചിക്കുന്നു. എന്തു വില കൊടുത്തും അധികാരം നിലനിറുത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ചില രാഷ്‌ട്രീയക്കാർ തങ്ങളുടെ സമ്മതിദായകരെ വഞ്ചിക്കുന്നു. ഇനി, ആളുകൾ സ്വയം വഞ്ചിതരാകുന്ന സാഹചര്യങ്ങൾ പോലുമുണ്ട്‌. സുഖകരമല്ലാത്ത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്നതിനു പകരം, പുകവലി, മയക്കുമരുന്നു ദുരുപയോഗം, ലൈംഗിക അധാർമികത എന്നിങ്ങനെയുള്ള ഹാനികരമായ ശീലങ്ങളിൽ ഏർപ്പെടുന്നതുകൊണ്ടു യാതൊരു കുഴപ്പവുമില്ലെന്ന്‌ അവർ തങ്ങളെത്തന്നെ ബോധ്യപ്പെടുത്തുന്നു.

മതപരമായ കാര്യങ്ങളിലും വഞ്ചനയുണ്ട്‌. യേശുവിന്റെ നാളിലെ മതനേതാക്കന്മാർ ജനത്തെ വഞ്ചിക്കുകയുണ്ടായി. ആ വഞ്ചകരെ കുറിച്ച്‌ യേശു പറഞ്ഞു: “അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും.” (മത്തായി 15:14) കൂടാതെ, മതപരമായ കാര്യങ്ങളിലും ആളുകൾ സ്വയം വഞ്ചിതരാകുന്നു. സദൃശവാക്യങ്ങൾ 14:12 പറയുന്നു: “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.”

യേശുവിന്റെ നാളിലേതുപോലെ, ഇന്നു മതപരമായ കാര്യങ്ങളിൽ അനേകർ വഞ്ചിതരാകുന്നുവെന്നതു നമ്മെ അതിശയിപ്പിക്കരുത്‌! ‘ദൈവപ്രതിമയായ ക്രിസ്‌തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ സാത്താൻ അവിശ്വാസികളുടെ മനസ്സു കുരുടാക്കിയിരിക്കുന്നു’ എന്നു പൗലൊസ്‌ അപ്പൊസ്‌തലൻ പ്രസ്‌താവിച്ചു.​—⁠2 കൊരിന്ത്യർ 4:⁠4.

തട്ടിപ്പിന്‌ ഇരയായാൽ നമുക്കു പണം നഷ്ടമാകും. ഒരു രാഷ്‌ട്രീയക്കാരൻ നമ്മെ വഞ്ചിച്ചാൽ, നമുക്കുള്ള കുറെ സ്വാതന്ത്ര്യം നഷ്ടമായേക്കാം. എന്നാൽ, യേശുവിനെ കുറിച്ചുള്ള സത്യം തള്ളിക്കളയത്തക്കവിധം സാത്താൻ നമ്മെ വഞ്ചിച്ചാൽ, നമുക്കു നഷ്ടമാകുന്നത്‌ നിത്യജീവനായിരിക്കും! അതുകൊണ്ട്‌ വഞ്ചിക്കപ്പെടാതിരിക്കുക. മതപരമായ സത്യത്തിന്റെ തർക്കമറ്റ ഏക ഉറവിടമായ ബൈബിൾ തുറന്ന മനസ്സോടെ പരിശോധിക്കുക. അല്ലാത്തപക്ഷം നമുക്കു നേരിടുന്ന നഷ്ടം വളരെ വലുതായിരിക്കും.​—⁠യോഹന്നാൻ 17:⁠3.