2003-ലെ അന്താരാഷ്‌ട്ര കൺവെൻഷനുകൾ
2003-ലെ അന്താരാഷ്‌ട്ര കൺവെൻഷനുകൾ
വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയയിലെ അംഗങ്ങളുടെ വാർഷികയോഗം 2001 ഒക്ടോബർ 6 ശനിയാഴ്‌ച ഐക്യനാടുകളിലെ ന്യൂജേഴ്‌സിയിലുള്ള ജേഴ്‌സി സിറ്റിയിൽ നടന്നു. ആ യോഗത്തിനു ശേഷം, പ്രസ്‌തുത അംഗങ്ങളും അവരുടെ അതിഥികളും ഒരു പ്രത്യേക പരിപാടി ആസ്വദിച്ചു. പിറ്റേന്ന്, കാനഡയിലെയും ഐക്യനാടുകളിലെയും നാലു നഗരങ്ങളിൽ നടന്ന അനുബന്ധ യോഗങ്ങളിൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗങ്ങൾ തങ്ങളുടെ സമാപന പ്രസംഗത്തെ തുടർന്ന് പിൻവരുന്ന അറിയിപ്പു നടത്തി:
“നാം ഭാവിയിലേക്കു നോക്കവേ, ദൈവജനത്തിൽപ്പെട്ട ആരും കൂടിവരവ് ഉപേക്ഷിക്കാതിരിക്കുന്നത് അതിപ്രധാനമാണ്. യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ സമീപിക്കുന്നു എന്നു കാണുംതോറും, അന്യോന്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, അത് അധികമധികമായി ചെയ്യാൻ പൗലൊസ് അപ്പൊസ്‌തലൻ ഉദ്‌ബോധിപ്പിച്ചു. (എബ്രായർ 10:24, 25, NW) ഈ തിരുവെഴുത്തു കൽപ്പനയ്‌ക്കു ചേർച്ചയിൽ, അടുത്ത വർഷം [2002] ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനുകൾ നടത്താൻ കഴിയുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. തുടർന്ന് 2003-ാം ആണ്ടിൽ, യഹോവയുടെ ഹിതമെങ്കിൽ ലോകത്തിന്റെ ചില ഭാഗങ്ങളിൽ പ്രത്യേക അന്താരാഷ്‌ട്ര കൺവെൻഷനുകൾ നടത്താൻ സാധിച്ചേക്കും. ലോകരംഗത്തെ സംഭവങ്ങൾ എങ്ങനെ വികാസം പ്രാപിക്കുന്നുവെന്നു വിവേചിച്ചറിഞ്ഞുകൊണ്ട് ഉണർന്നും ജാഗരിച്ചും ഇരിക്കാനുള്ള സമയം ഇപ്പോഴാണ്.”
ഇപ്പോഴത്തെ വ്യവസ്ഥിതി അതിന്റെ അന്ത്യത്തോട് അടുത്തുവരവേ അനിശ്ചിതത്വവും പിരിമുറുക്കങ്ങളും വർധിച്ചുവരുന്നെങ്കിലും, ദൈവജനത്തിന്റെ പ്രവർത്തനം മുന്നേറണം. ‘ദൈവത്തിന്റെ ന്യായവിധിയുടെ നാഴിക അടുത്തു വന്നുകൊണ്ടിരിക്കുന്ന’തിനാൽ ‘അവനെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കാനുള്ള’ ആഹ്വാനം നൽകിക്കൊണ്ട് രാജ്യ സുവാർത്ത—ഇതിൽ ബൈബിളിന്റെ മുന്നറിയിപ്പിൻ സന്ദേശവും ഉൾപ്പെടുന്നു—സകല ജാതിയോടും ഗോത്രത്തോടും ഭാഷയോടും വംശത്തോടും ഘോഷിക്കേണ്ടതുണ്ട്. (വെളിപ്പാടു 14:6, 7) തന്മൂലം, നമ്മുടെ സ്വർഗീയ പിതാവിന്റെ ഹിതവും സുപ്രസാദവും അനുസരിച്ച്, 2003-ാം ആണ്ടിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്താരാഷ്‌ട്ര കൺവെൻഷനുകൾ നടത്താൻ ആസൂത്രണം ചെയ്‌തുകൊണ്ടിരിക്കുകയാണ്.
തുടക്കത്തിൽ, ഇത്തരം കൺവെൻഷനുകൾ വടക്കേ അമേരിക്കയിലെ ചില നഗരങ്ങളിലും തുടർന്ന് ഉടനെതന്നെ യൂറോപ്പിലും നടത്താനായി താത്‌കാലികമായി പട്ടികപ്പെടുത്തിയിരിക്കുന്നു. അതിനു ശേഷം 2003-ൽ തന്നെ, ഏഷ്യയിലെ ഏതാനും ചില നഗരങ്ങളിലേക്കു പ്രതിനിധി സംഘങ്ങൾക്കു യാത്ര ചെയ്യാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതായിരിക്കും; വർഷാവസാനം ആകുമ്പോഴേക്കും കൂടുതൽ സംഘങ്ങൾക്ക് ആഫ്രിക്കയിലേക്കും തെക്കേ അമേരിക്കയിലേക്കും പസഫിക് മേഖലയിലേക്കും യാത്ര ചെയ്യാൻ സാധിക്കും. പരിമിത എണ്ണം പ്രതിനിധികളെ നിശ്ചിത കൺവെൻഷൻ സ്ഥലങ്ങളിലേക്ക് അയയ്‌ക്കാൻ ചില ബ്രാഞ്ചുകളോട് അഭ്യർഥിക്കുന്നതായിരിക്കും. എല്ലാവർക്കും തുറന്ന ഒരു ക്ഷണം നൽകാൻ സാധിക്കുകയില്ല. എന്നിരുന്നാലും, ഓരോ സ്ഥലങ്ങളിലും വ്യത്യസ്‌ത രാജ്യങ്ങളെ പ്രതിനിധാനം ചെയ്‌തുകൊണ്ട് പരിമിത എണ്ണം പ്രതിനിധികൾ ഉണ്ടായിരിക്കുന്നത് പ്രോത്സാഹജനകമായിരിക്കും.
ഈ കൺവെൻഷനുകളെ കുറിച്ചുള്ള വിവരങ്ങൾ യഹോവയുടെ സാക്ഷികളുടെ സഭകൾക്കു താമസിയാതെ ലഭിക്കുന്നതാണ്. കൃത്യമായ തീയതികളും ക്ഷണിക്കപ്പെടുന്ന പ്രതിനിധികൾക്കു സംബന്ധിക്കാൻ കഴിയുന്ന നഗരങ്ങൾ ഏതെല്ലാം എന്നതും സംബന്ധിച്ച വിവരങ്ങൾ അതതു ബ്രാഞ്ചുകൾ നൽകുന്നതായിരിക്കും. അതുകൊണ്ട് ഇക്കാര്യത്തെ കുറിച്ച് ഇപ്പോൾ എഴുതുകയോ അന്വേഷണം നടത്തുകയോ ചെയ്യാതിരിക്കാൻ അഭ്യർഥിക്കുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ സമർപ്പിതരും സ്‌നാപനമേറ്റവരും പ്രാദേശിക സഹോദരങ്ങളോടു സഹോദരപ്രീതി കാട്ടുന്ന, നല്ല മാതൃകയുള്ളവരുമായ സാക്ഷികൾ ആയിരിക്കും. തുടർന്ന്, സന്ദർശകർക്കു സ്‌നേഹപുരസ്സരമായ സ്വാഗതവും ആത്മാർഥമായ ആതിഥ്യവും നൽകാനുള്ള അവസരം ഇവർക്കു ലഭിക്കുന്നതാണ്. (എബ്രായർ 13:1, 2) ഇതു “പരസ്‌പരം പ്രോത്സാഹനം” ലഭിക്കാൻ ഇടയാകും. (റോമർ 1:11, 12, ന്യൂ ഇൻഡ്യാ ഭാഷാന്തരം) ഈ ക്രമീകരണങ്ങളെ കുറിച്ചുള്ള കൂടുതലായ വിവരങ്ങൾ, ഏതെങ്കിലും പ്രത്യേക രാജ്യത്തേക്ക് അല്ലെങ്കിൽ രാജ്യങ്ങളിലേക്കു പ്രതിനിധികളെ അയയ്‌ക്കാൻ ക്ഷണിക്കപ്പെടുന്ന ബ്രാഞ്ചുകൾ നൽകുന്നതായിരിക്കും.
മിക്ക രാജ്യങ്ങളിലും സാധാരണപോലെ, 2003-ാം ആണ്ടിലേക്കു ത്രിദിന ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനുകൾ ക്രമീകരിക്കുന്നതാണ്. കൂടിവരുന്നതിനാൽ എല്ലാവർക്കും ‘കേൾക്കാനും പഠിക്കാനും പ്രോത്സാഹനം നേടാനും’ അവസരം ലഭിക്കും. (ആവർത്തനപുസ്‌തകം 31:12, 13; 1 കൊരിന്ത്യർ 14:31, ന്യൂ ഇൻഡ്യാ ഭാഷാന്തരം) ‘യഹോവ നല്ലവൻ എന്നു രുചിച്ചറിയാൻ’ ഇതു ദൈവജനത്തിൽപ്പെട്ട സകലർക്കും അവസരം നൽകും. (സങ്കീർത്തനം 34:8) എല്ലാ അന്താരാഷ്‌ട്ര കൺവെൻഷനുകളിലും അതുപോലെ പല ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനുകളിലും മിഷനറിമാർ സന്നിഹിതരായിരിക്കും. അവരിൽ ചിലർ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.
ഈ കലണ്ടർ വർഷത്തിൽ നാം “തീക്ഷ്‌ണ രാജ്യഘോഷകർ” ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനുകൾ ആസ്വദിക്കുകയാണ്. വർധിച്ച സാക്ഷ്യം നൽകാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. അതു ചെയ്യവേ, വരും വർഷത്തേക്ക് യഹോവ കരുതിവെച്ചിരിക്കുന്നതു സംബന്ധിച്ച നമ്മുടെ ആകാംക്ഷ തീർച്ചയായും വർധിക്കും. നിർണായകവും സുപ്രധാനവുമായ ഈ കാലത്തിന്റെ വീക്ഷണത്തിൽ ‘ജാഗ്രതയോടും ഉണർന്നും ഒരുങ്ങിയും ഇരിപ്പാൻ’ ഇതു നമ്മെ സഹായിക്കും.—മത്തായി 24:42-44, ഓശാന ബൈബിൾ.