അജ്ഞാത ദേവന് ഒരു വേദിക്കല്ല്
അജ്ഞാത ദേവന് ഒരു വേദിക്കല്ല്
പൊ.യു. 50-നോടടുത്ത് പൗലൊസ് അപ്പൊസ്‌തലൻ ഗ്രീസിലെ ഏഥൻസ് സന്ദർശിച്ചു. അവിടെ ഒരു അജ്ഞാത ദേവനു സമർപ്പിക്കപ്പെട്ട ഒരു വേദിക്കല്ല് അവൻ കാണുകയുണ്ടായി. പിന്നീട് യഹോവയെ കുറിച്ച് ഒരു നല്ല സാക്ഷ്യം നൽകവേ, അവൻ അതേക്കുറിച്ചു പരാമർശിക്കുകയും ചെയ്‌തു.
മാഴ്‌സ് കുന്നിലെ അഥവാ അരയോപഗസിലെ തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ, പൗലൊസ് ഇപ്രകാരം പറഞ്ഞു: ‘അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാററിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു. ഞാൻ ചുററിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാതദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതു തന്നേ ഞാൻ നിങ്ങളോടു അറിയിക്കുന്നു.’—പ്രവൃത്തികൾ 17:22-31.
അഥേനയിലെ (ഏഥൻസ്) ആ വേദിക്കല്ല് ഇതുവരെയും കണ്ടെടുത്തിട്ടില്ലെങ്കിലും, അതുപോലുള്ള വേദിക്കല്ലുകൾ ഗ്രീസിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ഏഥൻസിൽനിന്നു വളരെ അകലെയല്ലാതെ ഫലിറനിൽ “അജ്ഞാതർ എന്നു പേരുള്ള ദേവന്മാ”രുടെ വേദിക്കല്ലുകളെ കുറിച്ചു രണ്ടാം നൂറ്റാണ്ടിലെ ഗ്രീക്ക് ഭൂമിശാസ്‌ത്രജ്ഞനായ പോസേനിയസ് പരാമർശിക്കുകയുണ്ടായി. (ഗ്രീസിന്റെ വിവരണം [ഇംഗ്ലീഷ്], ആറ്റിക്ക 1, 4) അതേ കൃതി പറയുന്നതനുസരിച്ച്, ഒളിമ്പിയയിൽ “അജ്ഞാത ദേവന്മാർക്കുള്ള ഒരു വേദിക്കല്ല്” ഉണ്ടായിരുന്നു.—ഇലീയ I, XIV, 8.
ഏഥൻസിൽ, “അജ്ഞാത ദേവന്മാരുടെ പോലും ബഹുമാനാർഥം വേദിക്കല്ലുകൾ സ്ഥാപിച്ചിരുന്നു” എന്ന് ടൈയനയിലെ ആപ്പലോനിയസിന്റെ ജീവിതം (ഇംഗ്ലീഷ്, VI, III) എന്ന തന്റെ കൃതിയിൽ ഫിലോസ്‌ട്രറ്റസ് (ഏകദേശം പൊ.യു. 170 മുതൽ ഏകദേശം 245 വരെ) പറയുകയുണ്ടായി. ഏഥൻസിന്റെ പല ഭാഗങ്ങളിലും “പേരില്ലാത്ത വേദിക്കല്ലുകൾ” കാണാമായിരുന്നു എന്ന് തത്ത്വജ്ഞാനികളുടെ ജീവിതങ്ങൾ (ഇംഗ്ലീഷ്, 1.110) എന്ന ഗ്രന്ഥത്തിൽ, ഡയോജനിസ് ലേയർഷസ് (ഏകദേശം പൊ.യു. 200 മുതൽ 250 വരെ) എഴുതി.
റോമാക്കാരും പേരില്ലാത്ത ദേവന്മാർക്കു വേദിക്കല്ലുകൾ പണിതിരുന്നു. ഇവിടെ കാണിച്ചിരിക്കുന്നത് പൊ.യു.മു. ഒന്നാം നൂറ്റാണ്ടിലെയോ രണ്ടാം നൂറ്റാണ്ടിലെയോ ഒരു വേദിക്കല്ലാണ്. ഇത് ഇറ്റലിയിലെ റോമിലുള്ള പാലറ്റൈൻ പുരാവസ്‌തു കാഴ്‌ചബംഗ്ലാവിൽ സൂക്ഷിച്ചിരിക്കുന്നു. അതിന്മേലുള്ള ലത്തീൻ ലിഖിതം സൂചിപ്പിക്കുന്നത് ആ വേദിക്കല്ല് “ഒരു ദേവനോ ദേവിക്കോ” സമർപ്പിക്കപ്പെട്ടത് ആയിരുന്നു എന്നാണ്—“മിക്കപ്പോഴും ആലേഖനങ്ങളിലും സാഹിത്യ എഴുത്തുകളിലുമുള്ള പ്രാർഥനകളിലും സമർപ്പണ വചനങ്ങളിലും” ഈ പദപ്രയോഗം കാണാൻ കഴിയും.
“ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം” ഇന്നു പലർക്കും അജ്ഞാതനാണ്. എന്നാൽ പൗലൊസ് ഏഥൻസുകാരോടു പറഞ്ഞതുപോലെ, ഈ ദൈവം, യഹോവ, “നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല.”—പ്രവൃത്തികൾ 17:24, 27.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
വേദിക്കല്ല്: Soprintendenza Archeologica di Roma