അവർ സത്യത്തിൽ തുടർന്നു നടക്കുന്നു
അവർ സത്യത്തിൽ തുടർന്നു നടക്കുന്നു
“എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു [“നടക്കുന്നതിൽ തുടരുന്നു,” Nw] എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.”—3 യോഹന്നാൻ 4.
1. “സുവാർത്തയുടെ സത്യം” എന്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു?
യഹോവയെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്നവരെ മാത്രമേ അവൻ അംഗീകരിക്കുന്നുള്ളൂ. (യോഹന്നാൻ 4:24) ദൈവവചനത്തിൽ അധിഷ്‌ഠിതമായ മുഴു ക്രിസ്‌തീയ സത്യങ്ങളും സ്വീകരിച്ചുകൊണ്ട് അവർ സത്യം അനുസരിക്കുന്നു. “സുവാർത്തയുടെ സത്യം” യേശുക്രിസ്‌തുവിലും രാജ്യം മുഖാന്തരമുള്ള യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യ സംസ്ഥാപനത്തിലും കേന്ദ്രീകരിച്ചിരിക്കുന്നു. (ഗലാത്യർ 2:14, NW) വ്യാജത്തെ പ്രിയപ്പെടുന്നവരിൽ “വ്യാജത്തിന്റെ വ്യാപാരശക്തി” പ്രവർത്തിക്കാൻ ദൈവം അനുവദിക്കുന്നു, എന്നാൽ രക്ഷ ആശ്രയിച്ചിരിക്കുന്നത് സുവാർത്തയിൽ വിശ്വാസം ഉണ്ടായിരിക്കുന്നതിനെയും സത്യത്തിൽ നടക്കുന്നതിനെയും ആണ്.—2 തെസ്സലൊനീക്യർ 2:9-12; എഫെസ്യർ 1:13, 14.
2. എന്തിനെ പ്രതിയാണ് യോഹന്നാൻ അപ്പൊസ്‌തലനു വിശേഷാൽ സന്തോഷം തോന്നിയത്, ഗായൊസുമായി അവന് എങ്ങനെയുള്ള ബന്ധമാണ് ഉണ്ടായിരുന്നത്?
2 രാജ്യഘോഷകർ “സത്യത്തിന്നു കൂട്ടുവേലക്കാർ” ആണ്. യോഹന്നാൻ അപ്പൊസ്‌തലനെയും സ്‌നേഹിതനായ ഗായൊസിനെയും പോലെ, അവർ സത്യത്തോട് അചഞ്ചലമായി പറ്റിനിൽക്കുകയും അതിൽ നടക്കുകയും ചെയ്യുന്നു. ഗായൊസിനെ മനസ്സിൽ പിടിച്ചുകൊണ്ട് യോഹന്നാൻ എഴുതി: ‘എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു [“നടക്കുന്നതിൽ തുടരുന്നു,” NW] എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.’ (3 യോഹന്നാൻ 3-8) ഗായൊസിനെ സത്യം അറിയിച്ചത് വൃദ്ധനായ യോഹന്നാൻ അല്ലെങ്കിൽ പോലും, ആ അപ്പൊസ്‌തലന്റെ പ്രായാധിക്യവും ക്രിസ്‌തീയ പക്വതയും പിതൃസഹജമായ വാത്സല്യവും ഈ യുവ വ്യക്തിയെ യോഹന്നാന്റെ ആത്മീയ മക്കളിൽ ഒരുവനായി വീക്ഷിക്കുന്നത് ഉചിതമാക്കിത്തീർത്തു.
സത്യവും ക്രിസ്‌തീയ ആരാധനയും
3. ആദിമ ക്രിസ്‌ത്യാനികൾ നടത്തിയ യോഗങ്ങളുടെ ഉദ്ദേശ്യവും പ്രയോജനവും എന്തായിരുന്നു?
3 സത്യം പഠിക്കുന്നതിന് ആദിമ ക്രിസ്‌ത്യാനികൾ സഭകളായി കൂടിവന്നു, മിക്കപ്പോഴും സ്വകാര്യ ഭവനങ്ങളിൽ. (റോമർ 16:3-5) അവർക്ക് അങ്ങനെ പ്രോത്സാഹനവും സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും പ്രചോദനവും ലഭിച്ചു. (എബ്രായർ 10:24, 25) പിൽക്കാലങ്ങളിൽ ക്രിസ്‌ത്യാനികൾ എന്ന് അവകാശപ്പെട്ടിരുന്നവരെ കുറിച്ചു തെർത്തുല്യൻ (ഏതാണ്ട് പൊ.യു. 155 മുതൽ 220-ന് ശേഷം വരെ) ഇങ്ങനെ എഴുതി: “ദൈവത്തിന്റെ പുസ്‌തകങ്ങൾ വായിക്കാൻ ഞങ്ങൾ കൂടിവരുന്നു . . . ആ വിശുദ്ധ വചനങ്ങളാൽ ഞങ്ങൾ ഞങ്ങളുടെ വിശ്വാസത്തെ പോഷിപ്പിക്കുകയും പ്രത്യാശയെ ഉയർത്തുകയും ഞങ്ങളുടെ ബോധ്യത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു.”—അപ്പോളജി, അധ്യായം 39.
4. ഗീതാലാപനം ക്രിസ്‌തീയ യോഗങ്ങളിൽ എന്തു പങ്കു വഹിച്ചിരിക്കുന്നു?
4 സാധ്യതയനുസരിച്ച്, ആദിമ ക്രിസ്‌തീയ യോഗങ്ങളുടെ ഒരു സവിശേഷതയായിരുന്നു ഗീതാലാപനം. (എഫെസ്യർ 5:19; കൊലൊസ്സ്യർ 3:16) ക്രിസ്‌ത്യാനികൾ എന്ന് അവകാശപ്പെട്ടവർ ഉപയോഗിച്ചിരുന്ന പ്രത്യക്ഷത്തിൽ ഹൃദ്യമായിരുന്ന ഗീതങ്ങൾ “അതിമനോഹരം ആയിരുന്നു, വാസ്‌തവത്തിൽ അവ തന്റെ വികാരങ്ങളെ സ്വാധീനിച്ചതിൽ അദ്ദേഹത്തിനു ദുഃഖം തോന്നി” എന്ന് രണ്ടാം നൂറ്റാണ്ടിലെ നിരൂപകനായ സെൽസസ് കണ്ടെത്തിയതായി പ്രൊഫസർ ഹെൻട്രി ചാഡ്‌വിക്ക് എഴുതുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ക്രിസ്‌ത്യാനികൾ എങ്ങനെയുള്ള സംഗീതം ഉപയോഗിക്കുന്നതാണ് ഉചിതമെന്നു ചർച്ച ചെയ്‌ത ആദ്യത്തെ ക്രിസ്‌തീയ എഴുത്തുകാരനാണ് അലക്‌സാൻഡ്രിയയിലെ ക്ലെമന്റ്. അതു രതിനൃത്ത സംഗീതവുമായി ബന്ധമുള്ള ഒന്ന് ആയിരിക്കരുതെന്ന് അദ്ദേഹം നിർദേശിക്കുന്നു.” (ആദിമ സഭ [ഇംഗ്ലീഷ്], പേജ് 274-5) തെളിവനുസരിച്ച്, ആദിമ ക്രിസ്‌ത്യാനികൾ തങ്ങളുടെ കൂടിവരവുകളിൽ പാടിയിരുന്നതുപോലെ, യഹോവയുടെ സാക്ഷികൾ മിക്കപ്പോഴും ബൈബിൾ അധിഷ്‌ഠിത ഗീതങ്ങൾ പാടാറുണ്ട്. അവയിൽ ദൈവത്തെയും അവന്റെ രാജ്യത്തെയും വാഴ്‌ത്തുന്ന ഉജ്ജ്വലമായ സ്‌തുതി ഗീതങ്ങളും ഉണ്ട്.
5. (എ) ആദിമ ക്രിസ്‌തീയ സഭകളിൽ എങ്ങനെയാണ് ആത്മീയ മാർഗനിർദേശം നൽകപ്പെട്ടത്? (ബി) മത്തായി 23:8, 9-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ സത്യ ക്രിസ്‌ത്യാനികൾ എങ്ങനെ ബാധകമാക്കിയിരിക്കുന്നു?
5 ആദിമ ക്രിസ്‌തീയ സഭകളിൽ, മേൽവിചാരകന്മാർ സത്യം പഠിപ്പിക്കുകയും ശുശ്രൂഷാ ദാസന്മാർ സഹവിശ്വാസികളെ നാനാവിധങ്ങളിൽ സഹായിക്കുകയും ചെയ്‌തു. (ഫിലിപ്പിയർ 1:1, NW) ഒരു ഭരണസംഘം ദൈവവചനത്തിലും പരിശുദ്ധാത്മാവിലും ആശ്രയിച്ചുകൊണ്ട് ആത്മീയ മാർഗനിർദേശം പ്രദാനം ചെയ്‌തു. (പ്രവൃത്തികൾ 15:6, 23-31) മതപരമായ സ്ഥാനപ്പേരുകൾ അവർ സ്വീകരിച്ചിരുന്നില്ല. കാരണം, യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ കൽപ്പിച്ചിരുന്നു: “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.” (മത്തായി 23:8, 9) ഇക്കാര്യത്തിലും അതുപോലെ മറ്റു കാര്യങ്ങളിലും, ആദിമ ക്രിസ്‌ത്യാനികളും യഹോവയുടെ സാക്ഷികളും തമ്മിൽ സാമ്യം കാണാനാകും.
സത്യം ഘോഷിച്ചതിനു പീഡിപ്പിക്കപ്പെട്ടു
6, 7. സമാധാന സന്ദേശമാണു പ്രസംഗിച്ചതെങ്കിലും, സത്യ ക്രിസ്‌ത്യാനികൾക്ക് എങ്ങനെയുള്ള പെരുമാറ്റം സഹിക്കേണ്ടിവരികയുണ്ടായി?
6 രാജ്യത്തിന്റെ സമാധാന സന്ദേശമാണു ഘോഷിച്ചതെങ്കിൽ പോലും, ആദിമ ക്രിസ്‌ത്യാനികൾ യേശുവിനെപ്പോലെതന്നെ പീഡിപ്പിക്കപ്പെട്ടു. (യോഹന്നാൻ 15:20; 17:14) “രാഷ്‌ട്രത്തിന്റെ ക്ഷേമത്തിനെതിരെ ദ്രോഹകരമായ എന്തെങ്കിലും ആഗ്രഹമോ ചിന്തയോ മനസ്സിൽ വെച്ചുപുലർത്താത്ത, തികച്ചും നിരുപദ്രവകാരികളായ ഒരു കൂട്ടം മനുഷ്യർ” എന്നാണ് ചരിത്രകാരനായ ജോൺ എൽ. ഫോൺ മോസ്‌ഹൈം ആദിമ ക്രിസ്‌ത്യാനികളെ വിളിച്ചത്. “ആദിമ ക്രിസ്‌ത്യാനികൾക്കെതിരെ റോമാക്കാരുടെ കോപം ഇളക്കിവിട്ടത് അവരുടെ ആരാധനയുടെ ലാളിത്യം ആയിരുന്നു, അവരുടെ ആരാധനയ്‌ക്ക് മറ്റേതെങ്കിലും ജനതയുടെ വിശുദ്ധ ചടങ്ങുകളുമായി യാതൊരു സാമ്യവുമില്ലായിരുന്നു” എന്ന് ഡോ. മോസ്‌ഹൈം പ്രസ്‌താവിച്ചു. അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: “അവർക്ക് യാഗങ്ങളോ ക്ഷേത്രങ്ങളോ ബിംബങ്ങളോ ഭാവികഥന മന്ദിരങ്ങളോ പൗരോഹിത്യ ക്രമമോ ഉണ്ടായിരുന്നില്ല; ഇവയൊന്നും കൂടാതെ ഒരു മതം ഉണ്ടായിരിക്കാൻ കഴിയില്ല എന്നു വിചാരിച്ച അജ്ഞരായ ജനങ്ങളുടെ നിന്ദയ്‌ക്കു പാത്രമാകാൻ ഇതു ധാരാളമായിരുന്നു. തന്മൂലം, അവർ നിരീശ്വരവാദികളായി വീക്ഷിക്കപ്പെട്ടു; റോമൻ നിയമപ്രകാരം നിരീശ്വരവാദം ആരോപിക്കപ്പെടുന്നവർ മനുഷ്യസമൂഹത്തെ ബാധിച്ച കീടങ്ങളായിരുന്നു.”
7 വിഗ്രഹാരാധനയിൽനിന്ന് ഉപജീവനം കണ്ടെത്തിയ പുരോഹിതന്മാരും കലാകാരന്മാരും മറ്റുള്ളവരും വിഗ്രഹാരാധികൾ അല്ലായിരുന്ന ക്രിസ്‌ത്യാനികൾക്കെതിരെ ജനക്കൂട്ടത്തെ ഇളക്കിവിട്ടു. (പ്രവൃത്തികൾ 19:23-40; 1 കൊരിന്ത്യർ 10:14) തെർത്തുല്യൻ എഴുതി: “രാഷ്‌ട്രത്തിലെ എല്ലാ വിപത്തുകൾക്കും ജനങ്ങളുടെ ദൗർഭാഗ്യങ്ങൾക്കും കാരണം ക്രിസ്‌ത്യാനികൾ ആണെന്ന് അവർ വിശ്വസിക്കുന്നു. ടൈബർ നദി കരകവിഞ്ഞ് വെള്ളപ്പൊക്കം ഉണ്ടായാലും കൃഷിയിടത്തിലേക്കു വരാൻ വേണ്ടത്ര വെള്ളം നൈൽ നദിയിൽ ഇല്ലാതെ പോയാലും മഴ പെയ്യാതിരുന്നാലും ഭൂകമ്പമോ ക്ഷാമമോ പകർച്ചവ്യാധിയോ ഉണ്ടായാലും ജനം വിളിച്ചുകൂവുമായിരുന്നു, ‘ആ ക്രിസ്‌ത്യാനികളെ സിംഹങ്ങളുടെ മുന്നിലേക്കു വലിച്ചെറിയൂ!’ എന്ന്.” പരിണതഫലങ്ങൾ എന്തായിരുന്നാലും, സത്യക്രിസ്‌ത്യാനികൾ ‘വിഗ്രഹങ്ങളോടു അകന്നു സൂക്ഷി’ക്കുന്നു.’—1 യോഹന്നാൻ 5:21.
സത്യവും മതാചാരങ്ങളും
8. സത്യത്തിൽ നടക്കുന്നവർ ക്രിസ്‌തുമസ്സ് ആഘോഷിക്കാത്തത് എന്തുകൊണ്ട്?
8 സത്യത്തിൽ നടക്കുന്നവർ തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങൾ ഒഴിവാക്കുന്നു. കാരണം, ‘വെളിച്ചത്തിന് ഇരുളുമായി യാതൊരു കൂട്ടായ്‌മയും’ ഇല്ല. (2 കൊരിന്ത്യർ 6:14-18) ഉദാഹരണത്തിന്, ഡിസംബർ 25-ന് ആഘോഷിക്കപ്പെടുന്ന ക്രിസ്‌തുമസ്സ് അവർ കൊണ്ടാടുന്നില്ല. “ക്രിസ്‌തുവിന്റെ ജനനത്തീയതി ആർക്കും കൃത്യമായി അറിയില്ല” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ സമ്മതിക്കുന്നു. ദി എൻസൈക്ലോപീഡിയ അമേരിക്കാന (1956-ലെ പതിപ്പ്) ഇങ്ങനെ പറയുന്നു: “ഡിസംബർ മധ്യത്തിൽ ആഘോഷിച്ചിരുന്ന ഒരു റോമൻ വിരുന്നായ സാറ്റർനേലിയ ക്രിസ്‌തുമസ്സുമായി ബന്ധപ്പെട്ട പല ഉല്ലാസ പ്രവർത്തനങ്ങൾക്കും ഒരു മാതൃക ആയി.” മക്ലിന്റോക്കിന്റെയും സ്‌ട്രോങ്ങിന്റെയും സൈക്ലോപീഡിയ അഭിപ്രായപ്പെടുന്നു: “ദൈവകൽപ്പന അനുസരിച്ചുള്ളതല്ല ക്രിസ്‌തുമസ്സിന്റെ ആഘോഷം, അതിന്റെ ഉത്ഭവം പുതിയനിയമത്തിൽ അടിസ്ഥാനപ്പെട്ടതുമല്ല.” യേശുവിന്റെ നാളിലെ അനുദിന ജീവിതം (ഇംഗ്ലീഷ്) എന്ന പുസ്‌തകം പ്രസ്‌താവിക്കുന്നു: “ശീതകാലത്ത് . . . ആടുകളെ കൂട്ടിൽനിന്നു പുറത്തിറക്കിയിരുന്നില്ല; ഇതിൽനിന്നുതന്നെ ക്രിസ്‌തുമസ്സിന്റെ പരമ്പരാഗതമായ ശൈത്യകാല തീയതി ശരിയായിരിക്കാൻ വഴിയില്ലെന്നു മനസ്സിലാക്കാവുന്നതാണ്. കാരണം, ആട്ടിടയന്മാർ വയലുകളിൽ ആയിരുന്നു എന്ന് സുവിശേഷം പറയുന്നു.”—ലൂക്കൊസ് 2:8-11.
9. കഴിഞ്ഞകാലത്തും ഇക്കാലത്തുമുള്ള യഹോവയുടെ ദാസന്മാർ ഈസ്റ്റർ ഉത്സവങ്ങൾ ഒഴിവാക്കിയിരിക്കുന്നത് എന്തുകൊണ്ട്?
9 ക്രിസ്‌തുവിന്റെ ഉയിർപ്പിന്റെ അനുസ്‌മരണമായിട്ടാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. എന്നാൽ, ആശ്രയയോഗ്യമായ ഉറവിടങ്ങൾ അനുസരിച്ച് ഈ ഉത്സവത്തിനു വ്യാജാരാധനയുമായി ബന്ധമുണ്ട്. “ആംഗ്ലോ-സാക്‌സൺ ഭാഷയിൽ ഈസ്‌ട്രെ [അഥവാ ഇയോസ്‌ട്രെ] എന്ന് അറിയപ്പെട്ടിരുന്ന ദേവതയുടെ, ട്യൂട്ടോണിക് ജനങ്ങളുടെ ഇടയിലെ പ്രകാശത്തിന്റെയും വസന്തത്തിന്റെയും ദേവതയുടെ ബഹുമാനാർഥം നടത്തപ്പെട്ടിരുന്ന ഒരു വസന്തകാല ഉത്സവം ആയിരുന്നു ആദ്യകാലത്ത്” ഈസ്റ്റർ എന്ന് ദ വെസ്റ്റ്‌മിൻസ്‌റ്റർ ഡിക്‌ഷണറി ഓഫ് ദ ബൈബിൾ പറയുന്നു. വാസ്‌തവം എന്തായിരുന്നാലും, എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11-ാം പതിപ്പ്) ഇങ്ങനെ പറയുന്നു: “പുതിയനിയമത്തിൽ ഈസ്റ്റർ ആഘോഷത്തിന്റെ യാതൊരു സൂചനയും കാണാൻ കഴിയില്ല.” ആദിമ ക്രിസ്‌ത്യാനികൾ ഈസ്റ്റർ ആചരിച്ചിരുന്നില്ല, ഇന്ന് യഹോവയുടെ സാക്ഷികളും അത് ആഘോഷിക്കുന്നില്ല.
10. യേശു ഏത് ആചരണം ഏർപ്പെടുത്തി, അത് ഉചിതമായി ആചരിച്ചുപോരുന്നത് ആർ?
10 തന്റെ ജനനമോ പുനരുത്ഥാനമോ അനുസ്‌മരിക്കാൻ യേശു അനുഗാമികളോടു കൽപ്പിച്ചില്ല. എന്നാൽ, തന്റെ മരണത്തിന്റെ സ്‌മാരകം അവൻ ഏർപ്പെടുത്തുകതന്നെ ചെയ്‌തു. (റോമർ 5:8) വാസ്‌തവത്തിൽ, തന്റെ ശിഷ്യന്മാർ ആചരിക്കാൻ അവൻ കൽപ്പിച്ച ഏക സംഗതി അതാണ്. (ലൂക്കൊസ് 22:19, 20) ‘കർത്താവിന്റെ അത്താഴം’ എന്നും വിളിക്കപ്പെടുന്ന ഈ ആചരണം യഹോവയുടെ സാക്ഷികൾ ഇക്കാലത്തും നടത്തിവരുന്നു.—1 കൊരിന്ത്യർ 11:20-26.
ഭൂമിയിലെമ്പാടും ഘോഷിക്കപ്പെടുന്ന സത്യം
11, 12. സത്യത്തിൽ നടക്കുന്നവർ തങ്ങളുടെ പ്രസംഗ പ്രവർത്തനത്തെ എന്നും പിന്തുണച്ചിരിക്കുന്നത് എങ്ങനെ?
11 സത്യം അറിയാവുന്നവർ, സുവാർത്ത ഘോഷണ വേലയ്‌ക്കു തങ്ങളുടെ സമയവും ഊർജവും മറ്റു വിഭവങ്ങളും ചെലവിടുന്നത് ഒരു പദവിയായി കാണുന്നു. (മർക്കൊസ് 13:10) ആദ്യകാല ക്രിസ്‌തീയ പ്രസംഗപ്രവർത്തനം സ്വമേധയാ സംഭാവനകളാലാണു പിന്താങ്ങപ്പെട്ടത്. (2 കൊരിന്ത്യർ 8:12; 9:7) തെർത്തുല്യൻ എഴുതി: “ഒരു പണപ്പെട്ടി ഉണ്ടെങ്കിൽത്തന്നെ അതിലെ പണം, മതം ഒരു കച്ചവട ഇടപാട് ആയിരുന്നാലെന്ന പോലെ, പ്രവേശന ഫീസുകൊണ്ട് ലഭിച്ചതല്ല. ഓരോ വ്യക്തിയും ഓരോ മാസവും അല്ലെങ്കിൽ താൻ ആഗ്രഹിക്കുമ്പോഴൊക്കെ, അയാൾ ആഗ്രഹിക്കുന്നെങ്കിൽ മാത്രം, അതും സാധിക്കുന്നെങ്കിൽ, ഒരു ചെറിയ തുക കൊണ്ടുവരും; അതിന് ആരെയും നിർബന്ധിക്കാറില്ല; അതു സ്വമേധയാ നൽകുന്നതാണ്.”—അപ്പോളജി, അധ്യായം 39.
12 യഹോവയുടെ സാക്ഷികളുടെ ആഗോള രാജ്യപ്രസംഗവും സ്വമേധയാ സംഭാവനകളാലാണു പിന്താങ്ങപ്പെടുന്നത്.
സാക്ഷികൾക്കു പുറമേ, കൃതജ്ഞതയുള്ള താത്‌പര്യക്കാരും തങ്ങളുടെ സംഭാവനകളാൽ ഈ പ്രവർത്തനത്തെ പിന്താങ്ങുന്നത് ഒരു പദവിയായി കരുതുന്നു. ഇക്കാര്യത്തിലും ആദിമ ക്രിസ്‌ത്യാനികളും യഹോവയുടെ സാക്ഷികളും തമ്മിൽ ഒരു സാമ്യം നിരീക്ഷിക്കാവുന്നതാണ്.സത്യവും വ്യക്തിപരമായ നടത്തയും
13. നടത്തയുടെ കാര്യത്തിൽ, യഹോവയുടെ സാക്ഷികൾ പത്രൊസിന്റെ ഏതു ബുദ്ധിയുപദേശം പിൻപറ്റുന്നു?
13 സത്യത്തിൽ നടക്കുന്നവർ എന്ന നിലയിൽ, ആദിമ ക്രിസ്‌ത്യാനികൾ പത്രൊസ് അപ്പൊസ്‌തലന്റെ ബുദ്ധിയുപദേശം അനുസരിച്ചു: “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം.” (1 പത്രൊസ് 2:12) യഹോവയുടെ സാക്ഷികൾ ആ വാക്കുകൾ ഗൗരവമായി എടുക്കുന്നു.
14. അധാർമിക വിനോദം സംബന്ധിച്ച ക്രിസ്‌തീയ വീക്ഷണം എന്ത്?
14 വിശ്വാസത്യാഗം കടന്നുവന്നപ്പോൾ പോലും ക്രിസ്‌ത്യാനികൾ എന്നു വിളിക്കപ്പെട്ടിരുന്നവർ അധാർമിക പ്രവർത്തനങ്ങൾ ഒഴിവാക്കിയിരുന്നു. പൗരോഹിത്യ ചരിത്ര പ്രൊഫസറായ ഡബ്ലിയു. ഡി. കില്ലൻ ഇങ്ങനെ എഴുതി: “രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ ഏതൊരു വലിയ പട്ടണത്തിലെയും മുഖ്യ ആകർഷണ കേന്ദ്രം അവിടത്തെ നാടകശാല ആയിരുന്നു; നടീനടന്മാർ പൊതുവേ അധാർമികരായിരുന്നു എന്നു മാത്രമല്ല, അവരുടെ പരിപാടികൾ അന്നത്തെ ജനങ്ങളുടെ അധമ തൃഷ്‌ണകളെ തൃപ്‌തിപ്പെടുത്തുന്നവയും ആയിരുന്നു. . . . എല്ലാ സത്യക്രിസ്‌ത്യാനികളും നാടകശാലയെ അവജ്ഞയോടെയാണു വീക്ഷിച്ചിരുന്നത്. . . . അവർ അവിടത്തെ അശ്ലീലതയിൽനിന്നു വിട്ടുനിന്നു; അവിടെ പുറജാതീയ മതങ്ങളിലെ ദേവീദേവന്മാരോടു നിരന്തരം നടത്തപ്പെട്ട അപേക്ഷകൾ അവരുടെ മതവിശ്വാസങ്ങളെ ലംഘിക്കുന്നവ ആയിരുന്നു.” (പുരാതന സഭ, പേജ് 318-19) യേശുവിന്റെ ഇന്നത്തെ യഥാർഥ അനുഗാമികളും അശ്ലീലവും ധാർമികമായി മ്ലേച്ഛവുമായ വിനോദങ്ങൾ ഒഴിവാക്കുന്നു.—എഫെസ്യർ 5:3-5.
സത്യവും ‘ശ്രേഷ്‌ഠാധികാരങ്ങളും’
15, 16. എന്താണ് “ശ്രേഷ്‌ഠാധികാരങ്ങൾ,” സത്യത്തിൽ നടക്കുന്നവർ അവയെ എങ്ങനെ വീക്ഷിക്കുന്നു?
15 ആദിമ ക്രിസ്‌ത്യാനികൾ നല്ല നടത്തയുള്ളവർ ആയിരുന്നിട്ടും, മിക്ക റോമൻ ചക്രവർത്തിമാരും അവരെ തെറ്റിദ്ധരിച്ചു. “ഏറെക്കുറെ അവജ്ഞ ഉളവാക്കുന്ന അമിത മതോത്സാഹികൾ” ആയിട്ടാണ് ചക്രവർത്തിമാർ അവരെ വീക്ഷിച്ചിരുന്നതെന്ന് ചരിത്രകാരനായ ഇ. ജി. ഹാർഡി പറയുന്നു. ക്രിസ്‌ത്യാനിത്വത്തിന്റെ യഥാർഥ സ്വഭാവം സംബന്ധിച്ച് ഭരണാധികാരികൾ പൊതുവേ അജ്ഞരായിരുന്നുവെന്ന് ബിഥുന്യയിലെ യങ്ങർ പ്ലിനിയും ട്രേജൻ ചക്രവർത്തിയും തമ്മിലുള്ള കത്തിടപാടുകൾ പ്രകടമാക്കുന്നു. ക്രിസ്‌ത്യാനികൾ എങ്ങനെയാണു രാഷ്‌ട്രത്തെ വീക്ഷിക്കുന്നത്?
16 യേശുവിന്റെ ആദിമ അനുഗാമികളെ പോലെ, യഹോവയുടെ സാക്ഷികൾ ഗവൺമെന്റുകൾ ആകുന്ന “ശ്രേഷ്‌ഠാധികാരങ്ങൾ”ക്ക് ആപേക്ഷികമായി കീഴ്‌പെട്ടിരിക്കുന്നു. (റോമർ 13:1-7) മനുഷ്യർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ദൈവഹിതത്തിനു വിരുദ്ധമാണെങ്കിൽ, അവർ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന നിലപാടു സ്വീകരിക്കുന്നു. (പ്രവൃത്തികൾ 5:29) യേശുവിനു ശേഷം—ക്രിസ്‌ത്യാനിത്വത്തിന്റെ വിജയം എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “ക്രിസ്‌ത്യാനികൾ ചക്രവർത്തിയാരാധനയിൽ ഏർപ്പെട്ടിരുന്നില്ല, അവർ ജനക്കൂട്ടത്തെ ഇളക്കിവിടുന്നവരും ആയിരുന്നില്ല. പുറജാതീയ വീക്ഷണത്തിൽ അവരുടെ മതം വിചിത്രവും ചിലപ്പോൾ വിക്ഷോഭകരവും ആയിരുന്നെങ്കിലും, അവർ വാസ്‌തവത്തിൽ സാമ്രാജ്യത്തിന് ഒരു ഭീഷണി ആയിരുന്നില്ല.”
17. (എ) ആദിമ ക്രിസ്‌ത്യാനികൾ ഏതു ഗവൺമെന്റിന്റെ വക്താക്കൾ ആയിരുന്നു? (ബി) ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികൾ യെശയ്യാവു 2:4-ലെ വാക്കുകൾ തങ്ങളുടെ ജീവിതത്തിൽ എങ്ങനെ ബാധകമാക്കിയിരിക്കുന്നു?
എബ്രായർ 11:8-10) തങ്ങളുടെ യജമാനനായ യേശുവിനെ പോലെ, അവന്റെ ശിഷ്യന്മാർ ‘ലോകത്തിന്റെ ഭാഗം’ അല്ലായിരുന്നു. (യോഹന്നാൻ 17:14-16, NW) മനുഷ്യ യുദ്ധത്തിന്റെയും വിദ്വേഷത്തിന്റെയും കാര്യത്തിൽ, അവർ ‘വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തു’കൊണ്ട് സമാധാനം പിന്തുടർന്നിരിക്കുന്നു. (യെശയ്യാവു 2:4) രസകരമായ ഒരു താരതമ്യം സൂചിപ്പിച്ചുകൊണ്ടു സഭാചരിത്ര ലക്‌ചറർ ആയ ജെഫ്രി എഫ്. നട്ടോൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: “നമുക്കു സമ്മതിക്കാൻ ബുദ്ധിമുട്ടാണെങ്കിലും, യുദ്ധത്തോടുള്ള ആദിമ ക്രിസ്‌ത്യാനികളുടെ മനോഭാവം യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നവരുടേതിനു സമാനമായിരുന്നു.”
17 ‘ദൈവം നിർമിച്ച [വാഗ്‌ദത്ത] നഗര’ത്തിൽ വിശ്വാസം പ്രകടമാക്കിയ ഗോത്രപിതാക്കന്മാരായ അബ്രാഹാമിനെയും യിസ്‌ഹാക്കിനെയും യാക്കോബിനെയും പോലെ ആദിമ ക്രിസ്‌ത്യാനികൾ ദൈവരാജ്യത്തിന്റെ വക്താക്കൾ ആയിരുന്നു. (18. ഏതെങ്കിലും ഗവൺമെന്റിന് യഹോവയുടെ സാക്ഷികളെ ഭയക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
18 ‘ശ്രേഷ്‌ഠാധികാരങ്ങൾക്കു’ കീഴ്‌പെട്ടിരുന്ന നിഷ്‌പക്ഷ വ്യക്തികൾ എന്ന നിലയിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ രാഷ്‌ട്രീയ ശക്തികൾക്ക് ഒരു ഭീഷണി ആയിരുന്നില്ല—യഹോവയുടെ സാക്ഷികളും അങ്ങനെതന്നെയാണ്. “ഏതെങ്കിലും രാഷ്‌ട്ര ഭരണത്തിന് യഹോവയുടെ സാക്ഷികൾ എന്തെങ്കിലും തരത്തിൽ ഭീഷണിയാണെന്നു വിശ്വസിക്കുന്നത് സങ്കുചിതവും വിചിത്രവുമായിരിക്കും” എന്നു വടക്കേ അമേരിക്കയിൽ ഒരു പത്രത്തിൽ മുഖപ്രസംഗം എഴുതിയ ആൾ പറഞ്ഞു. “വിധ്വംസക സ്വഭാവമില്ലാതെ ഇത്രത്തോളം സമാധാനപ്രിയരായിരിക്കാൻ ഏതെങ്കിലുമൊരു മതവിഭാഗക്കാർക്കു കഴിയുമെന്നു തോന്നുന്നില്ല.” യഹോവയുടെ സാക്ഷികളിൽനിന്നു തങ്ങൾക്കു യാതൊന്നും ഭയക്കേണ്ടതില്ലെന്നു വിജ്ഞരായ അധികാരികൾക്ക് അറിയാം.
19. നികുതി കൊടുക്കുന്ന കാര്യത്തിൽ ആദിമ ക്രിസ്‌ത്യാനികളെയും യഹോവയുടെ സാക്ഷികളെയും കുറിച്ച് എന്തു പറയാനാകും?
19 ആദിമ ക്രിസ്‌ത്യാനികൾ “ശ്രേഷ്‌ഠാധികാരങ്ങ”ളോട് ആദരവു പ്രകടമാക്കിയ ഒരു വിധം നികുതി അടച്ചുകൊണ്ടായിരുന്നു. ക്രിസ്‌ത്യാനികൾ “മറ്റെല്ലാവരെക്കാളും ഏറെ മനസ്സൊരുക്കത്തോടെ” നികുതി നൽകി എന്നു റോമൻ ചക്രവർത്തിയായ ആന്റോണിയസ് പയസിന് (പൊ.യു. 138-161) എഴുതിയപ്പോൾ ജസ്റ്റിൻ മാർട്ടർ അഭിപ്രായപ്പെട്ടു. (ഫസ്റ്റ് അപ്പോളജി, അധ്യായം 17) ക്രിസ്‌ത്യാനികൾ മനസ്സാക്ഷിപൂർവം നികുതി അടച്ചിരുന്നതിനാൽ, നികുതി പിരിവുകാർക്ക് “ക്രിസ്‌ത്യാനികളോടു നന്ദിയുടെ ഒരു കടപ്പാട്” ഉള്ളതായി തെർത്തുല്യൻ റോമൻ ഭരണാധിപന്മാരോടു പറഞ്ഞു. (അപ്പോളജി, അധ്യായം 42) ക്രിസ്‌ത്യാനികൾ പാക്‌സ് റൊമാനയിൽനിന്ന്, അഥവാ ‘റോമൻ സമാധാന’ത്തിൽനിന്ന്, പ്രയോജനം അനുഭവിച്ചിരുന്നു. അതിന്റെ മർക്കൊസ് 12:17) ഇന്ന് യഹോവയുടെ സാക്ഷികൾ ഈ ബുദ്ധിയുപദേശം പിൻപറ്റുന്നു, നികുതി കൊടുക്കുന്നതു പോലുള്ള കാര്യങ്ങളിൽ അവർ തങ്ങളുടെ സത്യസന്ധതയ്‌ക്കു പ്രശംസിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്.—എബ്രായർ 13:18.
നിയമവ്യവസ്ഥയും നല്ല റോഡുകളും താരതമ്യേന സുരക്ഷിതമായ സമുദ്രയാത്രയും അവർക്കു ഗുണകരമായി വർത്തിച്ചു. സമൂഹത്തോടുള്ള തങ്ങളുടെ കടപ്പാടുകൾ തിരിച്ചറിഞ്ഞുകൊണ്ട് അവർ യേശുവിന്റെ പിൻവരുന്ന വാക്കുകൾ ചെവിക്കൊണ്ടു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ.” (സത്യം—ഒരു ഏകീകരണ ശക്തി
20, 21. സമാധാനമുള്ള സാഹോദര്യത്തിന്റെ കാര്യത്തിൽ, ആദിമ ക്രിസ്‌ത്യാനികളെയും യഹോവയുടെ ഇന്നത്തെ ദാസന്മാരെയും സംബന്ധിച്ച് എന്തു സത്യമായിരുന്നിട്ടുണ്ട്?
20 സത്യത്തിൽ നടന്നതു നിമിത്തം ആദിമ ക്രിസ്‌ത്യാനികൾ ഒരു സമാധാന സാഹോദര്യബന്ധത്തിൽ ഒറ്റക്കെട്ടായി നിന്നു, ഇന്ന് യഹോവയുടെ സാക്ഷികൾ ആയിരിക്കുന്നതു പോലെ. (പ്രവൃത്തികൾ 10:34, 35) മോസ്‌കോ ടൈംസിൽ അച്ചടിച്ചുവന്ന ഒരു കത്ത് ഇങ്ങനെ പറഞ്ഞു: “[യഹോവയുടെ സാക്ഷികൾ] സൗഹൃദമനസ്‌കരും ദയയുള്ളവരും സൗമ്യരുമാണ്. അവരോട് ഇണങ്ങിപ്പോകാൻ വളരെ എളുപ്പമാണ്. അവർ മറ്റുള്ളവരുടെമേൽ സമ്മർദം ചെലുത്താറില്ല. മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ അവർ എല്ലായ്‌പോഴും സമാധാനം തേടുന്നു . . . അവരുടെ ഇടയിൽ കൈക്കൂലി വാങ്ങുന്നവരോ കുടിയന്മാരോ മയക്കുമരുന്ന് ആസക്തരോ ഇല്ല. അതിനുള്ള കാരണം വളരെ ലളിതമാണ്: തങ്ങൾ പ്രവർത്തിക്കുകയും പറയുകയും ചെയ്യുന്ന സകലത്തിലും ബൈബിൾ അധിഷ്‌ഠിത വിശ്വാസങ്ങളെ വഴികാട്ടിയാക്കാൻ അവർ ശ്രമിക്കുന്നു. ലോകത്തിലുള്ള എല്ലാവരും, ചുരുങ്ങിയപക്ഷം യഹോവയുടെ സാക്ഷികളെ പോലെ, ബൈബിൾ അനുസരിച്ചു ജീവിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, നമ്മുടെ ഈ ദുഷ്ട ലോകം എത്ര വ്യത്യസ്‌തമായിരുന്നേനെ!”
21 ആദിമ ക്രിസ്‌ത്യാനിത്വം സംബന്ധിച്ച വിജ്ഞാനകോശം (ഇംഗ്ലീഷ്) പ്രസ്‌താവിക്കുന്നു: “മുമ്പ് പരസ്‌പരം വിദ്വേഷത്തോടെ കണ്ടിരുന്ന വിഭാഗങ്ങൾക്ക്, യഹൂദന്മാർക്കും വിജാതീയർക്കും, സമാധാനത്തോടെ ഐക്യത്തിൽ വസിക്കാൻ കഴിയുന്ന ഒരൊറ്റ പുതിയ മാനവസമുദായമായി ആദിമ സഭ അതിനെത്തന്നെ കണ്ടു.” യഹോവയുടെ സാക്ഷികൾ സമാധാനപ്രിയരായ ഒരു അന്താരാഷ്‌ട്ര സഹോദരവർഗമാണ്—വാസ്‌തവമായും ഒരു പുതിയ ലോക സമുദായം. (എഫെസ്യർ 2:11-18; 1 പത്രൊസ് 5:9; 2 പത്രൊസ് 3:13) ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ പ്രദർശന ഗ്രൗണ്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ, എല്ലാ വർഗങ്ങളിലും പെട്ട യഹോവയുടെ സാക്ഷികൾ കൺവെൻഷനിൽ പങ്കെടുക്കാനായി സമാധാനപൂർവം അവിടെ കൂടിവന്നതു കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: “എല്ലാവരും മര്യാദയുള്ളവർ ആയിരുന്നു, ഇപ്പോഴുമാണ്. ആളുകൾ അന്യോന്യം സൗമ്യമായി സംസാരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പ്രകടമായ മനോഭാവം നിങ്ങളുടെ സമൂഹത്തിലെ അംഗങ്ങളുടെ ധാർമിക ഗുണത്തിനു സാക്ഷ്യം വഹിക്കുന്നു, നിങ്ങൾ ഒരു സന്തുഷ്ട കുടുംബംപോലെ ഒന്നിച്ചു വസിക്കുന്നു എന്നതിന്റെ തെളിവാണ് അത്.”
സത്യം പഠിപ്പിക്കുന്നതിനെ പ്രതി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു
22. ക്രിസ്‌ത്യാനികൾ സത്യം വെളിപ്പെടുത്തുന്നതു നിമിത്തം എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
22 പൗലൊസും മറ്റു ക്രിസ്‌ത്യാനികളും തങ്ങളുടെ നടത്തയാലും പ്രസംഗ പ്രവർത്തനത്താലും ‘സത്യം വെളിപ്പെടുത്തുന്നവർ’ ആയിരുന്നു. (2 കൊരിന്ത്യർ 4:2) യഹോവയുടെ സാക്ഷികൾ അതുതന്നെ ചെയ്യുകയും സകല ജനതകളെയും സത്യം പഠിപ്പിക്കുകയും ചെയ്യുന്നുവെന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? സത്യാരാധന സ്വീകരിച്ച് “യഹോവയുടെ ആലയമുള്ള പർവ്വത”ത്തിലേക്ക് ഒഴുകിയെത്തുന്ന ഭൂമിയിലെമ്പാടുമുള്ള ജനങ്ങളുടെ എണ്ണം സത്വരം വർധിച്ചുവരുകയാണ്. (യെശയ്യാവു 2:2, 3) ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ സ്‌നാപനമേൽക്കുകയും അതിന്റെ ഫലമായി നിരവധി പുതിയ സഭകൾ രൂപംകൊള്ളുകയും ചെയ്യുന്നു.
23. സകല ജനതകളെയും സത്യം പഠിപ്പിക്കുന്നവരെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
23 വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ ആണെങ്കിലും, യഹോവയുടെ ജനം സത്യാരാധനയിൽ ഏകീകൃതരാണ്. അവർ പ്രകടമാക്കുന്ന സ്‌നേഹം അവരെ യേശുവിന്റെ ശിഷ്യന്മാരായി തിരിച്ചറിയിക്കുന്നു. (യോഹന്നാൻ 13:35) ‘ദൈവം വാസ്‌തവമായി അവരുടെ ഇടയിൽ ഉണ്ട്’ എന്നു നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ? (1 കൊരിന്ത്യർ 14:25) സകല ജനതകളെയും സത്യം പഠിപ്പിക്കുന്ന ആളുകളുടെ പക്ഷത്ത് നിങ്ങൾ നിലയുറപ്പിച്ചിരിക്കുന്നുവോ? എങ്കിൽ, നിങ്ങൾ സത്യത്തോടു കൃതജ്ഞത പ്രകടമാക്കുന്നതിൽ തുടരുമാറാകട്ടെ, അതിൽ എന്നേക്കും നടക്കാനുള്ള പദവി നിങ്ങൾക്ക് ഉണ്ടായിരിക്കട്ടെ.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• ആരാധനയുടെ കാര്യത്തിൽ ആദിമ ക്രിസ്‌ത്യാനികളും യഹോവയുടെ സാക്ഷികളും തമ്മിൽ എന്തു സാമ്യമുണ്ട്?
• സത്യത്തിൽ നടക്കുന്നവർ ആഘോഷിക്കുന്ന മതപരമായ ഏക ആഘോഷം ഏത്?
• “ശ്രേഷ്‌ഠാധികാരങ്ങൾ” എന്താണ്, ക്രിസ്‌ത്യാനികൾ അവയെ എങ്ങനെ വീക്ഷിക്കുന്നു?
• സത്യത്തിന് ഒരു ഏകീകരണ ഫലം ഉള്ളത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[21-ാം പേജിലെ ചിത്രം]
സത്യത്തിൽ നടക്കുന്നവരെ സംബന്ധിച്ചിടത്തോളം ക്രിസ്‌തീയ യോഗങ്ങൾ എല്ലായ്‌പോഴും ഒരു അനുഗ്രഹം ആയിരുന്നിട്ടുണ്ട്
[23-ാം പേജിലെ ചിത്രങ്ങൾ]
തന്റെ ബലിമരണത്തിന്റെ സ്‌മാരകം ആചരിക്കാൻ യേശു അനുഗാമികളോടു കൽപ്പിച്ചു
[24-ാം പേജിലെ ചിത്രം]
ആദിമ ക്രിസ്‌ത്യാനികളെ പോലെ, യഹോവയുടെ സാക്ഷികൾ ‘ശ്രേഷ്‌ഠാധികാരങ്ങളോട്’ ആദരവു കാട്ടുന്നു