‘എല്ലാവർക്കും നന്മചെയ്‌ക’
“എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”
‘എല്ലാവർക്കും നന്മചെയ്‌ക’
ദൈവരാജ്യ സുവാർത്ത പ്രസംഗിക്കയും പഠിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു യേശുവിന്റെ മുഖ്യ പ്രവർത്തനം. (മർക്കൊസ് 1:14; ലൂക്കൊസ് 8:1) ക്രിസ്‌തുവിന്റെ അനുഗാമികൾ അവനെ അനുകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ, ബൈബിളിലെ ദൈവരാജ്യ സന്ദേശം പഠിപ്പിക്കുക എന്ന വേലയെ ജീവിതത്തിലെ പ്രധാന പ്രവർത്തനമായി അവർ കാണുന്നു. (ലൂക്കൊസ് 6:40) യേശു ഭൂമിയിൽ ആയിരുന്നപ്പോൾ സംഭവിച്ചതുപോലെ, രാജ്യസന്ദേശം സ്വീകരിക്കുന്നവർക്ക് അതു നിലനിൽക്കുന്ന നവോന്മേഷം കൈവരുത്തുന്നതു കാണുമ്പോൾ യഹോവയുടെ സാക്ഷികൾ സന്തോഷിക്കുന്നു.—മത്തായി 11:28-30.
ദൈവവചനം പഠിപ്പിക്കുന്നതിനു പുറമേ രോഗികളെ സൗഖ്യമാക്കുക, വിശക്കുന്നവർക്കു ഭക്ഷണം നൽകുക തുടങ്ങിയ സത്‌പ്രവൃത്തികളും യേശു ചെയ്‌തു. (മത്തായി 14:14-21) സമാനമായി, ബൈബിൾ പഠിപ്പിക്കുന്ന വേലയോടൊപ്പം യഥാർഥ ആവശ്യക്കാരെ സഹായിക്കുന്ന പ്രവർത്തനങ്ങളിലും യഹോവയുടെ സാക്ഷികൾ ഏർപ്പെടുന്നു. വാസ്‌തവത്തിൽ, തിരുവെഴുത്തുകൾ ക്രിസ്‌ത്യാനികളെ ‘സകല സത്‌പ്രവൃത്തിക്കും’ സജ്ജരാക്കുകയും ‘എല്ലാവർക്കും നന്മ ചെയ്യാൻ’ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.—2 തിമൊഥെയൊസ് 3:16, 17; ഗലാത്യർ 6:10.
“സഹോദരങ്ങൾ ഞങ്ങളുടെ സഹായത്തിനെത്തി”
ഉഗ്രമായ ഒരു ഭൂകമ്പം 1999 സെപ്‌റ്റംബറിൽ തായ്‌വാനെ പിടിച്ചുകുലുക്കി. ഏതാനും മാസങ്ങൾക്കു ശേഷം, വെനെസ്വേലയിൽ ഉണ്ടായ ശക്തമായ മഴയും മഴവെള്ളപ്പാച്ചലും ആ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നിനു കാരണമായി. കുറെക്കൂടെ അടുത്ത കാലത്ത്, രൂക്ഷമായ വെള്ളപ്പൊക്കം മൊസാമ്പിക്ക് എന്ന രാജ്യത്തു നാശം വിതച്ചു. ഇപ്പറഞ്ഞ മൂന്നു സന്ദർഭങ്ങളിലും, ദുരന്ത ബാധിതർക്ക് ഭക്ഷണവും വെള്ളവും മരുന്നും വസ്‌ത്രവും കൂടാരവും പാചക സാമഗ്രികളുമായി യഹോവയുടെ സാക്ഷികൾ താമസംവിനാ രംഗത്തെത്തി. വൈദ്യപരിചയമുള്ള സ്വമേധയാ പ്രവർത്തകർ പരിക്കേറ്റവരെ ചികിത്സിക്കാനുള്ള താത്‌കാലിക ആതുര കേന്ദ്രങ്ങൾ സ്ഥാപിച്ചു. കെട്ടിട നിർമാണ പരിചയമുള്ള സ്വമേധയാ സേവകർ വീടു നഷ്ടപ്പെട്ടവർക്കു പുതിയ വീടുകൾ വെച്ചുകൊടുത്തു.
തങ്ങൾക്കു ലഭിച്ച സമയോചിത സഹായം ദുരന്ത ബാധിതർക്കു ഹൃദയസ്‌പർശിയായ ഒരു അനുഭവമായിരുന്നു. “ഞങ്ങൾ ഏറ്റവും ആശയറ്റ അവസ്ഥയിൽ ആയിരുന്നപ്പോൾ സഹോദരങ്ങൾ ഞങ്ങളുടെ സഹായത്തിനെത്തി,” വെനെസ്വേലയിലെ മലവെള്ളപ്പാച്ചലിൽ വീടു നഷ്ടപ്പെട്ട മാൽയോറി പറയുന്നു. സഹോദരങ്ങൾ മാൽയോറിക്കായി ഒരു പുതുപുത്തൻ *
വീടു പണിതു കഴിഞ്ഞപ്പോൾ അവർ ഇങ്ങനെ പറഞ്ഞു: “യഹോവ ഞങ്ങൾക്കായി ചെയ്‌തിരിക്കുന്ന സകലത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല!” മൊസാമ്പിക്കിൽ വെള്ളപ്പൊക്കത്തിന് ഇരയായവർക്കു പുതിയ വീടുകളുടെ താക്കോലുകൾ കൈമാറിയപ്പോൾ, അവരുടെ മുഴു കൂട്ടവും പെട്ടെന്ന് “യഹോവ നമ്മുടെ സങ്കേതമാകുന്നു” എന്ന രാജ്യഗീതം ആലപിക്കാൻ തുടങ്ങി.ദുരന്തങ്ങൾക്ക് ഇരയായവരെ സഹായിച്ചതു സ്വമേധയാ സേവർക്കും നവോന്മേഷം കൈവരുത്തി. “വളരെ കഷ്ടമനുഭവിച്ച ഈ സഹോദരങ്ങൾക്ക് എന്നെക്കൊണ്ട് ഉപകാരമുണ്ടായതിൽ എനിക്ക് അതിയായ സന്തോഷം തോന്നി,” മൊസാമ്പിക്കിലെ ഒരു അഭയാർഥി ക്യാമ്പിൽ നഴ്‌സായി സേവിച്ച മാഴ്‌സെലോ അഭിപ്രായപ്പെട്ടു. തായ്‌വാനിലെ ഒരു സ്വമേധയാ പ്രവർത്തകനായ ഹ്വാങ് പറഞ്ഞു: “ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്കു ഭക്ഷണവും കൂടാരങ്ങളും എത്തിച്ചുകൊടുക്കുന്നതിൽ സഹായിക്കാൻ കഴിഞ്ഞതു വളരെയധികം സന്തോഷം നൽകി. അതു വിശ്വാസത്തെ ബലപ്പെടുത്തുന്ന ഒന്നായിരുന്നു.”
സത്‌ഫലമുളവാക്കുന്ന ഒരു സ്വമേധയാ പരിപാടി
സ്വമേധയാ സേവനം ലോകമെങ്ങുമുള്ള പതിനായിരക്കണക്കിനു തടവുകാർക്കും ആത്മീയ നവോന്മേഷം കൈവരുത്തിയിരിക്കുന്നു. എങ്ങനെ? സമീപ വർഷങ്ങളിൽ, ഐക്യനാടുകളിൽ മാത്രമായി ഏകദേശം 4,000 ജയിലുകളിൽ കഴിയുന്ന 30,000-ത്തിലധികം വ്യക്തികൾക്ക് യഹോവയുടെ സാക്ഷികൾ ബൈബിൾ സാഹിത്യങ്ങൾ പ്രദാനം ചെയ്‌തു. മാത്രമല്ല, സാധ്യമായിരിക്കുന്ന ഇടങ്ങളിൽ അന്തേവാസികളെ ബൈബിൾ പഠിപ്പിക്കാനും അവർക്കായി യോഗങ്ങൾ നടത്താനും സാക്ഷികൾ ഈ ജയിലുകൾ വ്യക്തിപരമായി സന്ദർശിക്കാറുണ്ട്. ആ അന്തേവാസികൾ അതിൽനിന്നു പ്രയോജനം നേടുന്നുണ്ടോ?
ബൈബിൾ പഠിക്കുന്ന ചില തടവുകാർ ദൈവവചനത്തിന്റെ നവോന്മേഷപ്രദമായ പഠിപ്പിക്കലുകൾ സഹതടവുകാരുമായി പങ്കുവെക്കാൻ തുടങ്ങുന്നു. തത്‌ഫലമായി, ലോകമെങ്ങുമുള്ള നിരവധി ജയിലുകളിൽ യഹോവയെ ഒന്നിച്ച് ആരാധിക്കുന്ന അന്തേവാസികളുടെ കൂട്ടങ്ങളുണ്ട്. “ഞങ്ങളുടെ കൂട്ടം തഴച്ചുവളരുകയാണ്,” അമേരിക്കയിലെ ഓറിഗണിലുള്ള ഒരു ജയിൽ അന്തേവാസി 2001-ൽ റിപ്പോർട്ടു ചെയ്‌തു. “ഞങ്ങൾക്ക് ഇപ്പോൾ 7 രാജ്യപ്രസാധകർ ഉണ്ട്, അവർ 38 ബൈബിൾ അധ്യയനങ്ങളും നടത്തുന്നു. 25-ലധികം പേർ പരസ്യപ്രസംഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനും വരാറുണ്ട്. [ക്രിസ്‌തുവിന്റെ മരണത്തിന്റെ] സ്‌മാരകത്തിന് 39 പേർ സന്നിഹിതരായിരുന്നു. താമസിയാതെ, മൂന്നു പേർ കൂടി സ്‌നാപനമേൽക്കും!”
പ്രയോജനങ്ങളും സന്തോഷങ്ങളും
സ്വമേധയാ സേവകരുടെ ഈ വേല നല്ല ഫലം കൈവരുത്തുന്നതായി ജയിൽ അധികൃതർ ശ്രദ്ധിച്ചിരിക്കുന്നു. ഈ സ്വമേധയാ സേവന പരിപാടിയുടെ ദീർഘകാല നേട്ടമാണ് ഈ ഉദ്യോഗസ്ഥരിൽ ഏറ്റവും മതിപ്പ് ഉളവാക്കുന്നത്. ഒരു റിപ്പോർട്ട് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഈ പരിപാടി തുടർന്നുപോന്നിട്ടുള്ള പത്തു വർഷത്തിനുള്ളിൽ ജയിലിൽവെച്ച് യഹോവയുടെ സാക്ഷികളിൽ ഒരുവനായി സ്‌നാപനമേറ്റു പുറത്തു പോയിട്ടുള്ള ഒരാൾ പോലും ജയിലിലേക്കു മടങ്ങിവന്നിട്ടില്ല—അതിൽനിന്നു ഭിന്നമായി, മറ്റു കൂട്ടങ്ങളിൽനിന്ന് ഇങ്ങനെ മടങ്ങിവരുന്നവരുടെ നിരക്ക് 50-60 ശതമാനമാണ്.” സാക്ഷികളായ സ്വമേധയാ സേവകരുടെ പ്രവർത്തനത്തിന്റെ നല്ല ഫലങ്ങളിൽ മതിപ്പു തോന്നിയ, ഐഡഹോയിലെ ജയിൽ അധികാരി യഹോവയുടെ സാക്ഷികളുടെ ആസ്ഥാനത്തേക്ക് അയച്ച ഒരു കത്തിൽ ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ മതവിശ്വാസങ്ങളോട് എനിക്കു വ്യക്തിപരമായ യോജിപ്പില്ലെങ്കിലും, നിങ്ങളുടെ സംഘടനയോട് എനിക്കു വലിയ മതിപ്പുണ്ട്.”
ജയിൽവാസികളെ സഹായിക്കുന്നതു സ്വമേധയാ സേവകർക്കും ഗുണകരമാണ്. ഒരു കൂട്ടം ജയിൽ അന്തേവാസികളുമായി—അവർ ആദ്യമായി അന്ന് ഒരു രാജ്യഗീതം പാടി—ഒരു യോഗം നടത്തിയ ശേഷം, ഒരു സ്വമേധയാ സേവകൻ ഇങ്ങനെ എഴുതി: “28 പുരുഷന്മാർ ചേർന്ന് യഹോവയ്‌ക്കു സ്‌തുതിഗീതം ആലപിക്കുന്നതു കാണാൻ കഴിഞ്ഞതു വളരെ പ്രോത്സാഹജനകമായിരുന്നു. ഉച്ചത്തിലായിരുന്നു അവർ പാടിയത്! അത്തരം ഒരു അവസരത്തിൽ സന്നിഹിതനായിരിക്കാൻ കഴിയുന്നത് എന്തൊരു പദവിയാണ്!” അരിസോണയിലെ ജയിലുകൾ സന്ദർശിക്കുന്ന ഒരു സ്വമേധയാ സേവകൻ ഇപ്രകാരം പറഞ്ഞു: “ഈ പ്രത്യേക വേലയിൽ പങ്കെടുക്കാൻ കഴിഞ്ഞത് എത്ര വലിയ അനുഗ്രഹമായിരുന്നു!”
“സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്” എന്ന യേശുവിന്റെ വാക്കുകളോടു ലോകമെങ്ങുമുള്ള സാക്ഷികളായ സ്വമേധയാ സേവകർ യോജിക്കുന്നു. (പ്രവൃത്തികൾ 20:35, NW) കൂടാതെ, സകലർക്കും നന്മ ചെയ്യാനുള്ള ബൈബിളിന്റെ ബുദ്ധിയുപദേശം പിൻപറ്റുന്നതു തീർച്ചയായും നവോന്മേഷപ്രദമാണെന്ന് അവർ സ്ഥിരീകരിക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 11:25.
[അടിക്കുറിപ്പ്]
^ ഖ. 7 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക എന്ന പുസ്‌തകത്തിലെ 85-ാമത്തെ ഗീതം കാണുക.
[8-ാം പേജിലെ ചിത്രം]
വെനെസ്വേല
[8-ാം പേജിലെ ചിത്രം]
തായ്‌വാൻ
[8-ാം പേജിലെ ചിത്രം]
മൊസാമ്പിക്ക്