ക്രിസ്‌ത്യാനികൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
ക്രിസ്‌ത്യാനികൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
“ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.”—യോഹന്നാൻ 4:24, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം.
1. എങ്ങനെയുള്ള ആരാധനയാണു ദൈവത്തെ പ്രസാദിപ്പിക്കുന്നത്?
യഹോവയുടെ ഏകജാതപുത്രനായ യേശുക്രിസ്‌തു, തന്റെ സ്വർഗീയ പിതാവിനെ പ്രസാദിപ്പിക്കുന്നതരം ആരാധന എങ്ങനെയുള്ളതാണെന്നു വളരെ വ്യക്തമായി പ്രതിപാദിച്ചു. സുഖാർ എന്ന പട്ടണത്തിനടുത്ത് ഒരു കിണറ്റിങ്കൽവെച്ച് ഒരു ശമര്യസ്‌ത്രീക്കു ഹൃദയോഷ്‌മളമായ സാക്ഷ്യം നൽകവേ, യേശു പറഞ്ഞു: “നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ ആരാധിക്കുന്നു. രക്ഷ യഹൂദരിൽ നിന്നല്ലോ വരുന്നത്. എന്നാൽ സത്യാരാധകർ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു. ഇപ്പോൾ വന്നുമിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയത്രേ പിതാവ് അന്വേഷിക്കുന്നത്. ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.” (യോഹന്നാൻ 4:22-24, ന്യൂ ഇൻഡ്യാ ഭാഷാന്തരം) ആ വാക്കുകൾ നാം എങ്ങനെയാണു മനസ്സിലാക്കേണ്ടത്?
2. ശമര്യക്കാർ തങ്ങളുടെ ആരാധനയുടെ അടിസ്ഥാനമായി ഉപയോഗിച്ചത് എന്താണ്?
2 ശമര്യക്കാർക്കു മതപരമായി തെറ്റായ വീക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. വിശുദ്ധ തിരുവെഴുത്തുകളിൽ ആദ്യത്തെ അഞ്ചെണ്ണം മാത്രമേ നിശ്വസ്‌തമായി അവർ സ്വീകരിച്ചുള്ളൂ, തങ്ങളുടേതായ ഭേദഗതികൾ വരുത്തിയെടുത്ത ഈ പുസ്‌തകങ്ങളെ അവർ ശമര്യ പഞ്ചഗ്രന്ഥങ്ങൾ എന്നു വിളിച്ചു. ശമര്യക്കാർക്കു വാസ്‌തവത്തിൽ ദൈവത്തെ അറിയില്ലായിരുന്നു, എന്നാൽ യഹൂദന്മാർക്കു തിരുവെഴുത്തു പരിജ്ഞാനം ഭരമേൽപ്പിക്കപ്പെട്ടു. (റോമർ 3:1, 2) വിശ്വസ്‌തരായ യഹൂദന്മാർക്കും മറ്റുള്ളവർക്കും യഹോവയുടെ പ്രീതി സമ്പാദിക്കുക സാധ്യമായിരുന്നു. എന്നാൽ, അതിനായി അവർ എന്തു ചെയ്യേണ്ടത് ആവശ്യമായിരുന്നു?
3. ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്നതിന് എന്ത് ആവശ്യമാണ്?
3 യഹോവയെ പ്രസാദിപ്പിക്കാൻ പുരാതന കാലത്തെ യഹൂദന്മാരും ശമര്യക്കാരും അതുപോലെ മറ്റുള്ളവരും എന്തു ചെയ്യണമായിരുന്നു? അവർ അവനെ “ആത്മാവിലും സത്യത്തിലും” ആരാധിക്കണമായിരുന്നു. നമ്മളും അതുതന്നെ ചെയ്യണം. ദൈവത്തിനുള്ള സേവനം സ്‌നേഹവും വിശ്വാസവും നിറഞ്ഞ ഒരു ഹൃദയത്താൽ പ്രേരിതവും തീക്ഷ്‌ണവും ആയിരിക്കണമെന്നതു ശരിയാണ്. എങ്കിലും ദൈവത്തെ ആത്മാവിൽ ആരാധിക്കുന്നതിൽ വിശേഷാൽ നമുക്ക് അവന്റെ പരിശുദ്ധാത്മാവ് ഉണ്ടായിരിക്കുന്നതും അതിന്റെ വഴിനടത്തിപ്പിനു നാം കീഴ്‌പെടുന്നതും ഉൾപ്പെടുന്നു. ദൈവവചനം പഠിക്കുകയും ബാധകമാക്കുകയും ചെയ്യുകവഴി നമ്മുടെ ആത്മാവ് അഥവാ മാനസിക ചായ്‌വ് അവന്റെ ആത്മാവുമായി ചേർച്ചയിൽ വരണം. (1 കൊരിന്ത്യർ 2:8-12) നമ്മുടെ ആരാധന യഹോവയ്‌ക്കു സ്വീകാര്യമായിരിക്കാൻ അത് ‘സത്യത്തിൽ’ അർപ്പിക്കപ്പെടണം. അതു ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് അവന്റെ വചനമായ ബൈബിൾ വെളിപ്പെടുത്തുന്ന കാര്യങ്ങളുമായി ചേർച്ചയിൽ ആയിരിക്കണം.
സത്യം കണ്ടെത്താൻ കഴിയും
4. ചിലർ സത്യത്തെ എങ്ങനെ വീക്ഷിക്കുന്നു?
4 തത്ത്വശാസ്‌ത്രം പഠിക്കുന്ന ചിലർ, ആത്യന്തിക സത്യം മനുഷ്യന്റെ എത്തുപാടിന് അപ്പുറത്താണ് എന്ന ഒരു വീക്ഷണം വളർത്തിയെടുത്തിരിക്കുന്നു. വാസ്‌തവത്തിൽ, സ്വീഡിഷ് ഗ്രന്ഥകാരനായ ആൽഫ് ആൽബെർഗ് ഇങ്ങനെ എഴുതി: “വ്യക്തമായ ഉത്തരം നൽകാൻ കഴിയാത്ത തരത്തിലുള്ളതാണു തത്ത്വശാസ്‌ത്രപരമായ പല ചോദ്യങ്ങളും.” ആപേക്ഷികമായ സത്യമേ ഉള്ളൂ എന്നു ചിലർ പറയുന്നു.
എന്നാൽ, അതാണോ വാസ്‌തവം? യേശുവിന്റെ വീക്ഷണത്തിൽ, അല്ല.5. യേശു ലോകത്തിൽ വന്നത് എന്തിന്?
5 പിൻവരുന്ന രംഗം നാം നിരീക്ഷിച്ചുകൊണ്ടു നിൽക്കുകയാണെന്നു കരുതുക: ഇത് പൊ.യു. 33-ന്റെ തുടക്കമാണ്. യേശു റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പാകെ നിൽക്കുന്നു. ‘സത്യത്തിനു സാക്ഷി നില്‌ക്കേണ്ടതിനു ഞാൻ ലോകത്തിൽ വന്നിരിക്കുന്നു’ എന്ന് അവൻ പീലാത്തൊസിനോടു പറയുന്നു. അപ്പോൾ പീലാത്തൊസിന്റെ ചോദ്യം: ‘സത്യം എന്താണ്’? പക്ഷേ, യേശുവിന്റെ കൂടുതലായ മറുപടിക്കായി അദ്ദേഹം കാത്തുനിൽക്കുന്നില്ല.—യോഹന്നാൻ 18:36-38.
6. (എ) “സത്യം” എങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു? (ബി) യേശു തന്റെ അനുഗാമികൾക്ക് എന്തു നിയോഗം കൊടുത്തു?
6 “സത്യം” എന്ന പദത്തെ ‘ഉണ്മ, വാസ്‌തവം, യാഥാർഥ്യം, വാസ്‌തവസ്ഥിതി’ എന്നൊക്കെ നിർവചിച്ചിരിക്കുന്നു. (കേരള ഭാഷാ നിഘണ്ടു) എന്നാൽ, യേശു സാക്ഷ്യം വഹിച്ചതു പൊതുവായ സത്യത്തിനായിരുന്നോ? അല്ല. പ്രത്യേകമായ സത്യമായിരുന്നു അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്. അത്തരം സത്യം പ്രഖ്യാപിക്കാൻ തന്റെ അനുഗാമികളെ അവൻ നിയോഗിക്കുകയുണ്ടായി. കാരണം, അവൻ ഇങ്ങനെ പറഞ്ഞു: “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) ഈ വ്യവസ്ഥിതിയുടെ അവസാനത്തിനു മുമ്പ് യേശുവിന്റെ യഥാർഥ അനുഗാമികൾ ഭൂവ്യാപകമായി “സുവാർത്തയുടെ സത്യം” ഘോഷിക്കുമായിരുന്നു. (മത്തായി 24:3; ഗലാത്യർ 2:14, NW) അത് യേശുവിന്റെ പിൻവരുന്ന വാക്കുകളുടെ നിവൃത്തി ആകുമായിരുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം [“സുവാർത്ത,” NW] എല്ലാ ജനതകൾക്കും ഒരു സാക്ഷ്യമായി ലോകത്തിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ ആയിരിക്കും അവസാനം.” (മത്തായി 24:14, ന്യൂ ഇൻഡ്യാ ഭാഷാന്തരം) അതുകൊണ്ട്, രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ട് സകല ജനതകളെയും സത്യം പഠിപ്പിക്കുന്നവർ ആരാണെന്നു നാം തിരിച്ചറിയുന്നതു വളരെ പ്രധാനമാണ്.
നമുക്ക് എങ്ങനെ സത്യം പഠിക്കാനാകും?
7. യഹോവ സത്യത്തിന്റെ ഉറവാണെന്നു നിങ്ങൾ എങ്ങനെ തെളിയിക്കും?
7 ആത്മീയ സത്യത്തിന്റെ ഉറവാണ് യഹോവ. സങ്കീർത്തനക്കാരനായ ദാവീദ് അവനെ ‘സത്യത്തിന്റെ ദൈവം’ എന്നു വിളിച്ചു. (സങ്കീർത്തനം 31:5, ന്യൂ ഇൻഡ്യാ ഭാഷാന്തരം; 43:3) തന്റെ പിതാവിന്റെ വചനം സത്യം ആണെന്ന് യേശു പറഞ്ഞു. അവൻ ഇങ്ങനെയും പ്രഖ്യാപിച്ചു: “എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്‌തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.” (യോഹന്നാൻ 6:45; 17:17; യെശയ്യാവു 54:13) അപ്പോൾ വ്യക്തമായും, സത്യം അന്വേഷിക്കുന്നവർ മഹാ ഉപദേഷ്ടാവായ യഹോവയാൽ പഠിപ്പിക്കപ്പെട്ടവർ ആയിരിക്കണം. (യെശയ്യാവു 30:20, 21) സത്യം അന്വേഷിക്കുന്നവർ “ദൈവപരിജ്ഞാനം” ആർജിക്കേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 2:5) യഹോവ നാനാവിധങ്ങളിൽ, സ്‌നേഹപൂർവം സത്യം പഠിപ്പിക്കുകയോ അറിയിക്കുകയോ ചെയ്‌തിരിക്കുന്നു.
8. ദൈവം സത്യം പഠിപ്പിച്ചിരിക്കുന്നത് അല്ലെങ്കിൽ അറിയിച്ചിരിക്കുന്നത് ഏതു വിധങ്ങളിലാണ്?
8 ഉദാഹരണത്തിന്, ഇസ്രായേല്യർക്കു ദൈവം ന്യായപ്രമാണം നൽകിയതു ദൂതന്മാർ മുഖാന്തരം ആയിരുന്നു. (ഗലാത്യർ 3:19) ഗോത്രപിതാക്കന്മാരായ അബ്രാഹാമിനും യാക്കോബിനും അവൻ സ്വപ്‌നങ്ങളിലൂടെ അനുഗ്രഹങ്ങൾ വാഗ്‌ദാനം ചെയ്‌തു. (ഉല്‌പത്തി 15:12-16; 28:10-19) സ്വർഗത്തിൽനിന്നു ദൈവം നേരിട്ട് സംസാരിക്കുക പോലും ചെയ്‌തു. യേശുവിന്റെ സ്‌നാപന സമയത്ത് അതാണവൻ ചെയ്‌തത്. അപ്പോൾ, “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന ദൈവത്തിന്റെ വാക്കുകൾ ഭൂമിയിൽ കേൾക്കുകയുണ്ടായി. (മത്തായി 3:17) ബൈബിൾ എഴുത്തുകാരെ നിശ്വസ്‌തരാക്കിക്കൊണ്ടു ദൈവം സത്യം അറിയിച്ചതിലും നമുക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയും. (2 തിമൊഥെയൊസ് 3:16, 17) അപ്പോൾ ദൈവവചനത്തിൽനിന്നു പഠിക്കുകവഴി നമുക്കു ‘സത്യത്തിൽ വിശ്വാസം’ ഉണ്ടായിരിക്കാൻ കഴിയും.—2 തെസ്സലൊനീക്യർ 2:13.
സത്യവും ദൈവപുത്രനും
9. സത്യം വെളിപ്പെടുത്താൻ ദൈവം തന്റെ പുത്രനെ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ?
9 മനുഷ്യവർഗത്തിനു സത്യം വെളിപ്പെടുത്തി കൊടുക്കാൻ ദൈവം വിശേഷാൽ തന്റെ പുത്രനായ യേശുക്രിസ്‌തുവിനെ ഉപയോഗിച്ചിരിക്കുന്നു. (എബ്രായർ 1:1-3) വാസ്‌തവത്തിൽ, മറ്റൊരു മനുഷ്യനും ചെയ്യാത്ത വിധത്തിൽ യേശു സത്യം സംസാരിച്ചു. (യോഹന്നാൻ 7:46) സ്വർഗാരോഹണത്തിനു ശേഷം പോലും, അവൻ പിതാവിൽനിന്നുള്ള സത്യം വെളിപ്പെടുത്തി. ഉദാഹരണത്തിന്, യോഹന്നാൻ അപ്പൊസ്‌തലന് “യേശുക്രിസ്‌തുവിന്റെ വെളിപ്പാടു” ലഭിച്ചു. ‘വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അവന്നു [യേശുവിനു] കൊടുത്തതാണ്’ അത്.—വെളിപ്പാടു 1:1-3.
10, 11. (എ) യേശു സാക്ഷ്യം വഹിച്ച സത്യം എന്തിനോടു ബന്ധപ്പെട്ടിരിക്കുന്നു? (ബി) സത്യം യാഥാർഥ്യം ആയിത്തീരാൻ യേശു ഇടയാക്കിയത് എങ്ങനെ?
10 സത്യത്തിനു സാക്ഷ്യം വഹിക്കാനാണു താൻ ഭൂമിയിൽ വന്നിരിക്കുന്നതെന്ന് യേശു പൊന്തിയൊസ് പീലാത്തൊസിനോടു പറഞ്ഞു. അത്തരം സത്യം, താൻ രാജാവായുള്ള ദൈവരാജ്യം മുഖാന്തരം യഹോവയുടെ പരമാധികാരം സംസ്ഥാപിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തന്റെ ശുശ്രൂഷാ സമയത്ത് യേശുക്രിസ്‌തു വെളിപ്പെടുത്തി. യേശു സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിൽ പ്രസംഗ-പഠിപ്പിക്കൽ വേലയെക്കാൾ അധികം ഉൾപ്പെട്ടിരുന്നു. ആ സത്യത്തെ നിവർത്തിക്കുകവഴി യേശു അതിനെ ഒരു യാഥാർഥ്യം ആക്കിത്തീർത്തു. തന്മൂലം പൗലൊസ് അപ്പൊസ്‌തലൻ എഴുതി: “ഭക്ഷണപാനീയങ്ങളുടെ പേരിലോ തിരുനാളുകളുടെ പേരിലോ അമാവാസിയുടെ പേരിലോ ശാബത്തിന്റെ പേരിലോ ആരും നിങ്ങളെ കുററം വിധിക്കാതിരിക്കട്ടെ. ഇവ വരാനിരിക്കുന്നതിന്റെ നിഴൽ മാത്രമാണ്; യഥാർഥമായത് ക്രിസ്‌തു മാത്രമാണ്.”—കൊലൊസ്സ്യർ 2:16, 17, ഓശാന ബൈബിൾ.
11 സത്യം യാഥാർഥ്യം ആക്കിത്തീർത്ത ഒരു സംഗതി, മുൻകൂട്ടി പറയപ്പെട്ടിരുന്ന പ്രകാരമുള്ള, ബേത്ത്‌ലേഹെമിലെ യേശുവിന്റെ പിറവി ആയിരുന്നു. (മീഖാ 5:2; ലൂക്കൊസ് 2:4-11) ‘വർഷങ്ങളുടെ 69 ആഴ്‌ചക’ളുടെ അവസാനത്തിൽ മിശിഹാ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ചുള്ള ദാനീയേലിന്റെ പ്രാവചനിക വാക്കുകൾ നിവർത്തിക്കപ്പെട്ടപ്പോഴും സത്യം യാഥാർഥ്യമായിത്തീർന്നു. മുൻകൂട്ടി പറഞ്ഞിരുന്ന അതേ സമയത്തുതന്നെ അതു സംഭവിച്ചു, അതായത് യേശു തന്നെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും ചെയ്‌ത പൊ.യു. 29-ൽ. (ദാനീയേൽ 9:25; ലൂക്കൊസ് 3:1, 21, 22) രാജ്യഘോഷകൻ എന്ന നിലയിലുള്ള യേശുവിന്റെ പ്രബുദ്ധമാക്കുന്ന ശുശ്രൂഷയാലും സത്യം കൂടുതലായി യാഥാർഥ്യം ആയിത്തീർന്നു. (യെശയ്യാവു 9:1, 2, 6, 7; 61:1, 2; മത്തായി 4:13-17; ലൂക്കൊസ് 4:18-21) കൂടാതെ, അവന്റെ മരണത്താലും പുനരുത്ഥാനത്താലും അതു യാഥാർഥ്യമാക്കപ്പെട്ടു.—സങ്കീർത്തനം 16:8-11; യെശയ്യാവു 53:5, 8, 11, 12; മത്തായി 20:28; യോഹന്നാൻ 1:29; പ്രവൃത്തികൾ 2:25-31.
12. ‘ഞാൻ സത്യം ആകുന്നു’ എന്ന് യേശുവിനു പറയാൻ കഴിഞ്ഞത് എന്തുകൊണ്ട്?
12 സത്യം യേശുക്രിസ്‌തുവിൽ കേന്ദ്രീകരിച്ചിരുന്നതിനാൽ അവന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” (യോഹന്നാൻ 14:6) ദൈവോദ്ദേശ്യത്തിൽ യേശുവിനുള്ള സ്ഥാനം അംഗീകരിച്ചുകൊണ്ട് ആളുകൾ ‘സത്യതല്‌പരർ’ ആയിത്തീരുമ്പോൾ അവർ ആത്മീയമായി സ്വതന്ത്രരാകുന്നു. (യോഹന്നാൻ 8:32-36; 18:37) ചെമ്മരിയാടുതുല്യർ സത്യം സ്വീകരിച്ച് വിശ്വാസത്തോടെ ക്രിസ്‌തുവിനെ അനുഗമിക്കുന്നതിനാൽ അവർക്കു നിത്യജീവൻ ലഭിക്കും.—യോഹന്നാൻ 10:24-28.
13. ഏതു മൂന്നു കാര്യങ്ങൾ സംബന്ധിച്ച തിരുവെഴുത്തു സത്യമാണു നാം പരിശോധിക്കാൻ പോകുന്നത്?
13 യേശുവും അവന്റെ നിശ്വസ്‌ത ശിഷ്യന്മാരും പ്രവൃത്തികൾ 6:7; 3 യോഹന്നാൻ 3, 4) ഇന്നു സത്യത്തിൽ നടക്കുന്നത് ആരാണ്? സകല ജനതകളെയും സത്യം പഠിപ്പിക്കുന്നത് ആരാണ്? ഈ ചോദ്യങ്ങളെ കുറിച്ചു ചർച്ച ചെയ്യവേ, നമുക്ക് ആദിമ ക്രിസ്‌ത്യാനികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും (1) വിശ്വാസങ്ങൾ, (2) ആരാധനാരീതി, (3) വ്യക്തിപരമായ നടത്ത എന്നീ കാര്യങ്ങളോടു ബന്ധപ്പെട്ട തിരുവെഴുത്തു സത്യം പരിശോധിക്കുകയും ചെയ്യാം.
വെളിപ്പെടുത്തിയ സത്യത്തിന്റെ ശേഖരമാണ് യഥാർഥ ക്രിസ്‌തീയ വിശ്വാസമായി വർത്തിക്കുന്നത്. ‘വിശ്വാസത്തിന് അധീനരായിത്തീരുന്നവർ’ അങ്ങനെ “സത്യത്തിൽ നടക്കുന്നു.” (സത്യവും വിശ്വാസങ്ങളും
14, 15. തിരുവെഴുത്തുകളോടുള്ള ആദിമ ക്രിസ്‌ത്യാനികളുടെയും യഹോവയുടെ സാക്ഷികളുടെയും മനോഭാവത്തെ കുറിച്ചു നിങ്ങൾ എന്തു പറയുന്നു?
14 യഹോവയുടെ ലിഖിത വചനം ആദിമ ക്രിസ്‌ത്യാനികൾ അങ്ങേയറ്റം വിലമതിച്ചു. (യോഹന്നാൻ 17:17) വിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച അവരുടെ പ്രമാണഗ്രന്ഥം അതായിരുന്നു. രണ്ടും മൂന്നും നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന അലക്‌സാൻഡ്രിയയിലെ ക്ലെമന്റ് ഇങ്ങനെ പറഞ്ഞു: “ശ്രേഷ്‌ഠമായ സ്വഭാവഗുണം പ്രകടമാക്കാൻ യത്‌നിക്കുന്ന അവർ, തങ്ങളുടെ വിശ്വാസങ്ങൾക്കു തിരുവെഴുത്തുകളിൽനിന്നു തെളിവു ലഭിക്കുന്നതുവരെ, സത്യത്തിനായുള്ള അന്വേഷണം നിറുത്തുകയില്ല.”
15 ആദിമ ക്രിസ്‌ത്യാനികളെ പോലെ, യഹോവയുടെ സാക്ഷികൾ ബൈബിളിനെ വളരെ അമൂല്യമായി കണക്കാക്കുന്നു. ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പഠിപ്പിക്കുന്നതിനു പ്രയോജനപ്രദവും’ ആണെന്ന് അവർ വിശ്വസിക്കുന്നു. (2 തിമൊഥെയൊസ് 3:16, NW) യഹോവയുടെ ഇന്നത്തെ ദാസന്മാർ തങ്ങളുടെ മുഖ്യ പാഠപുസ്‌തകമായി ബൈബിൾ ഉപയോഗിക്കുന്നതിനാൽ, അവർ പഠിച്ചിരിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ ആദിമ ക്രിസ്‌ത്യാനികളുടെ ഏതാനും വിശ്വാസങ്ങൾ നമുക്കു പരിചിന്തിക്കാം.
മരിച്ചവരെ കുറിച്ചുള്ള സത്യം
16. മരിച്ചവരെ കുറിച്ചുള്ള സത്യം എന്ത്?
16 തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആദിമ ക്രിസ്‌ത്യാനികൾ വിശ്വസിച്ചിരുന്നതിനാൽ, അവർ മരിച്ചവരെ കുറിച്ചുള്ള സത്യം പഠിപ്പിച്ചു. മനുഷ്യൻ മരിക്കുമ്പോൾ അവനിലെ ഏതെങ്കിലും ഒരു ഭാഗം ശരീരത്തെ വിട്ട് മറ്റെവിടെയെങ്കിലും ജീവിച്ചിരിക്കുന്നില്ല എന്ന് അവർക്ക് അറിയാമായിരുന്നു. ‘മരിച്ചവർ യാതൊന്നും അറിയുന്നില്ല’ എന്നും അവർക്ക് അറിയാമായിരുന്നു.—സഭാപ്രസംഗി 9:5, 10.
17. മരിച്ചവരുടെ പ്രത്യാശയെ നിങ്ങൾ എങ്ങനെ വിശദീകരിക്കും?
17 എന്നിരുന്നാലും, ദൈവത്തിന്റെ സ്‌മരണയിലുള്ള, മരിച്ചുപോയ വ്യക്തികൾ പുനരുത്ഥാനം പ്രാപിക്കുമെന്ന് അല്ലെങ്കിൽ ജീവനിലേക്കു തിരികെ വരുമെന്ന് യേശുവിന്റെ ആദിമ ശിഷ്യന്മാർക്ക് ഉറപ്പുണ്ടായിരുന്നു. പിൻവരുന്ന പ്രകാരം പ്രഖ്യാപിച്ച പൗലൊസ് ആ വിശ്വാസം വ്യക്തമായി പ്രകടമാക്കി: ‘നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഞാൻ ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.’ (പ്രവൃത്തികൾ 24:15) പിൽക്കാലത്തു പോലും, ക്രിസ്‌ത്യാനി എന്ന് അവകാശപ്പെട്ടിരുന്ന മിനൂക്കിയുസ് ഫെലിക്‌സ് ഇങ്ങനെ എഴുതി: “ദൈവം സൃഷ്ടിച്ച മനുഷ്യനെ അവനു പുതുക്കി വീണ്ടും സൃഷ്ടിക്കാൻ സാധിക്കില്ലെന്നു തറപ്പിച്ചു പറയുമാറ് വിഡ്‌ഢിയും മണ്ടനുമായ ആരാണുള്ളത്?” ആദിമ ക്രിസ്‌ത്യാനികളെ പോലെ, യഹോവയുടെ സാക്ഷികൾ മരിച്ചവരുടെ അവസ്ഥ, പുനരുത്ഥാനം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച തിരുവെഴുത്തു സത്യത്തോടു പറ്റിനിൽക്കുന്നു. ഇനി നമുക്കു ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും സ്ഥാനങ്ങളെ കുറിച്ചു പരിചിന്തിക്കാം.
സത്യവും ത്രിത്വവും
18, 19. ത്രിത്വം തിരുവെഴുത്തുപരമായ ഒരു പഠിപ്പിക്കൽ അല്ലെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
18 ആദിമ ക്രിസ്‌ത്യാനികൾ ദൈവത്തെയും ക്രിസ്‌തുവിനെയും പരിശുദ്ധാത്മാവിനെയും ഒരു ത്രിത്വമായി വീക്ഷിച്ചിരുന്നില്ല. ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു: “ത്രിത്വം എന്ന പദമോ അങ്ങനെ വ്യക്തമായ ഒരു ഉപദേശമോ പുതിയ നിയമത്തിൽ കാണുന്നില്ല. ‘യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; അവൻ ഏകൻ തന്നേ’ (ആവ. 6:4) എന്ന പഴയ നിയമത്തിലെ ഷെമയ്‌ക്ക് [ഒരു എബ്രായ പ്രാർഥനയ്‌ക്കു] വിരുദ്ധമായി പോകാൻ യേശുവോ അവന്റെ അനുഗാമികളോ ഉദ്ദേശിച്ചില്ല.” ക്രിസ്‌ത്യാനികൾ റോമൻ ത്രയങ്ങളെയോ മറ്റേതെങ്കിലും ദൈവങ്ങളെയോ ആരാധിച്ചില്ല. യഹോവയെ മാത്രമേ ആരാധിക്കാവൂ എന്ന യേശുവിന്റെ പ്രസ്‌താവന അവർ അംഗീകരിച്ചു. (മത്തായി 4:10) മാത്രമല്ല, “പിതാവു എന്നെക്കാൾ വലിയവനല്ലോ” എന്ന ക്രിസ്‌തുവിന്റെ വാക്കുകൾ അവർ വിശ്വസിക്കുകയും ചെയ്‌തിരുന്നു. (യോഹന്നാൻ 14:28) ഇന്ന് യഹോവയുടെ സാക്ഷികളും അതേ വീക്ഷണമാണു പുലർത്തുന്നത്.
19 ദൈവവും ക്രിസ്‌തുവും പരിശുദ്ധാത്മാവും തമ്മിലുള്ള സ്‌പഷ്ടമായ വ്യത്യാസങ്ങൾ യേശുവിന്റെ ആദ്യകാല അനുഗാമികൾ മനസ്സിലാക്കിയിരുന്നു. വാസ്‌തവത്തിൽ, അവർ ശിഷ്യന്മാരെ സ്‌നാപനപ്പെടുത്തിയത് ഒരു ത്രിത്വത്തിന്റെ നാമത്തിൽ ആയിരുന്നില്ല, പിന്നെയോ (1) പിതാവിന്റെ നാമത്തിലും (2) പുത്രന്റെ നാമത്തിലും (3) പരിശുദ്ധാത്മാവിന്റെ നാമത്തിലും ആയിരുന്നു. സമാനമായി തിരുവെഴുത്തു സത്യം പഠിപ്പിക്കുന്ന യഹോവയുടെ സാക്ഷികളും ദൈവവും അവന്റെ പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി തിരിച്ചറിയുന്നു.—മത്തായി 28:19.
സത്യവും സ്‌നാപനവും
20. സ്‌നാപനാർഥികൾക്ക് എന്ത് അറിവ് ആവശ്യമാണ്?
20 സത്യം പഠിപ്പിച്ച് ആളുകളെ ശിഷ്യരാക്കാൻ യേശു തന്റെ അനുഗാമികളെ നിയോഗിച്ചു. സ്‌നാപനത്തിനു യോഗ്യരാകാൻ തിരുവെഴുത്തുകൾ സംബന്ധിച്ച ഒരു അടിസ്ഥാന ഗ്രാഹ്യം അവർക്ക് ആവശ്യമാണ്. ഉദാഹരണത്തിന്, പിതാവിന്റെയും പുത്രനായ യേശുക്രിസ്‌തുവിന്റെയും സ്ഥാനവും അധികാരവും അവർ തിരിച്ചറിയണം. (യോഹന്നാൻ 3:16) പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല, മറിച്ച് ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണ് എന്നു സ്‌നാപനാർഥികൾ തിരിച്ചറിയേണ്ടതുണ്ട്.—ഉല്‌പത്തി 1:2, NW, അടിക്കുറിപ്പ്.
21, 22. സ്‌നാപനം വിശ്വാസികൾക്കുള്ളതാണ് എന്നു നിങ്ങൾ പറയുന്നത് എന്തുകൊണ്ട്?
21 ദൈവഹിതം ചെയ്യാൻ നിരുപാധികം തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിച്ച അറിവും അനുതാപവുമുള്ള വ്യക്തികളെ മാത്രമാണ് ആദിമ ക്രിസ്‌ത്യാനികൾ സ്‌നാപനപ്പെടുത്തിയിരുന്നത്. പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ യെരൂശലേമിൽ കൂടിവന്ന യഹൂദന്മാർക്കും മതപരിവർത്തിതർക്കും എബ്രായ തിരുവെഴുത്തുകളെ കുറിച്ച് അറിവുണ്ടായിരുന്നു. പത്രൊസ് അപ്പൊസ്‌തലൻ മിശിഹായായ യേശുവിനെ കുറിച്ചു സംസാരിക്കുന്നതു കേട്ടപ്പോൾ 3,000-ത്തോളം പേർ ‘അവന്റെ വാക്കു കൈക്കൊണ്ട് സ്‌നാനം ഏറ്റു.’—പ്രവൃത്തികൾ 2:41; 3:19-4:4; 10:34-38.
22 ക്രിസ്‌തീയ സ്‌നാപനം വിശ്വാസികൾക്കുള്ളതാണ്. ശമര്യയിലെ ആളുകൾ സത്യം സ്വീകരിച്ചു, “ദൈവരാജ്യത്തെയും യേശുക്രിസ്‌തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്‌ത്രീകളും സ്‌നാനം ഏററു.” (പ്രവൃത്തികൾ 8:12) യഹോവയെ കുറിച്ച് അറിവുണ്ടായിരുന്ന ഭക്തനായ ഒരു മതപരിവർത്തിതൻ എന്ന നിലയിൽ, എത്യോപ്യൻ ഷണ്ഡൻ ആദ്യം മിശിഹൈക പ്രവചനത്തിന്റെ നിവൃത്തി സംബന്ധിച്ച ഫിലിപ്പൊസിന്റെ വാക്കുകൾ സ്വീകരിക്കുകയും പിന്നെ സ്‌നാപനമേൽക്കുകയും ചെയ്‌തു. (പ്രവൃത്തികൾ 8:34-36) പിന്നീട്, ദൈവത്തെ ‘ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ [അവൻ] അംഗീകരിക്കുന്നു’ എന്നും യേശുക്രിസ്‌തുവിൽ വിശ്വസിക്കുന്ന ഏവനും പാപമോചനം ലഭിക്കുന്നു എന്നും പത്രൊസ് കൊർന്നേല്യൊസിനോടും മറ്റു വിജാതിയരോടും പറഞ്ഞു. (പ്രവൃത്തികൾ 10:35, 43; 11:18) ‘യേശു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് ശിഷ്യരാക്കാനുള്ള’ യേശുവിന്റെ കൽപ്പനയുമായി ഇതെല്ലാം യോജിക്കുന്നു. (മത്തായി 28:19, 20; പ്രവൃത്തികൾ 1:8) യഹോവയുടെ സാക്ഷികൾ പിൻപറ്റുന്നത് അതേ നിലവാരമാണ്. തിരുവെഴുത്തുകൾ സംബന്ധിച്ച അടിസ്ഥാന ഗ്രാഹ്യം സമ്പാദിച്ചവരും ദൈവത്തിനു സമർപ്പണം നടത്തിയവരും മാത്രമേ അവരുടെ ഇടയിൽ സ്‌നാപനമേൽക്കുന്നുള്ളൂ.
23, 24. ക്രിസ്‌തീയ സ്‌നാപനത്തിന്റെ ഉചിതമായ രീതി എന്താണ്?
23 വിശ്വാസികൾക്കുള്ള ശരിയായ സ്‌നാപനരീതി വെള്ളത്തിലെ പൂർണ നിമജ്ജനമാണ്. യേശു യോർദാൻ നദിയിൽ സ്‌നാപനമേറ്റശേഷം ‘വെള്ളത്തിൽനിന്നു കയറിവന്നു.’ (മർക്കൊസ് 1:10) എത്യോപ്യൻ ഷണ്ഡൻ “ജലാശയ”ത്തിലാണ് (NW) സ്‌നാപനമേറ്റത്. അവനും ഫിലിപ്പൊസും “വെള്ളത്തിൽ ഇറങ്ങി,” എന്നിട്ട് അതിൽനിന്നു “കയറി”വന്നു. (പ്രവൃത്തികൾ 8:36-40) തിരുവെഴുത്തുകൾ സ്‌നാപനത്തെ പ്രതീകാത്മക കുഴിച്ചിടലിനോടു ബന്ധപ്പെടുത്തുന്നു എന്ന സംഗതിയും പൂർണമായ നിമജ്ജനത്തെ സൂചിപ്പിക്കുന്നു.—റോമർ 6:4-6; കൊലൊസ്സ്യർ 2:12.
24 ദി ഓക്‌സ്‌ഫോർഡ് കമ്പാനിയൻ ടു ദ ബൈബിൾ ഇങ്ങനെ പറയുന്നു: “പുതിയ നിയമത്തിലെ നിർദിഷ്ട സ്‌നാപനങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ സൂചിപ്പിക്കുന്നത് സ്‌നാപനമേൽക്കുന്ന വ്യക്തിയെ വെള്ളത്തിൽ മുക്കിയിരുന്നു എന്നാണ്.” ഒരു ഫ്രഞ്ച് കൃതിയായ ഇരുപതാം നൂറ്റാണ്ടിലെ ലാറൂസ് (പാരീസ്, 1928) പറയുന്നതു ശ്രദ്ധിക്കുക: “വെള്ളം കാണുന്ന സ്ഥലങ്ങളിൽ, വെള്ളത്തിൽ മുങ്ങിയാണ് ആദിമ ക്രിസ്‌ത്യാനികൾ സ്‌നാപനമേറ്റത്.” യേശുവിനു ശേഷം—ക്രിസ്‌ത്യാനിത്വത്തിന്റെ വിജയം (ഇംഗ്ലീഷ്) എന്ന പുസ്‌തകം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഏറ്റവും
അടിസ്ഥാന രീതിപ്രകാരം, [സ്‌നാപനത്തിന്] സ്‌നാപനാർഥിയുടെ വിശ്വാസപ്രഖ്യാപനവും അതേത്തുടർന്ന് യേശുവിന്റെ നാമത്തിൽ വെള്ളത്തിൽ പൂർണമായി നിമജ്ജനം ചെയ്യുന്നതും ആവശ്യമായിരുന്നു.”25. അടുത്ത ലേഖനത്തിൽ എന്തു ചർച്ച ചെയ്‌തിരിക്കുന്നു?
25 ആദിമ ക്രിസ്‌ത്യാനികളുടെ ബൈബിൾ അധിഷ്‌ഠിത വിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ചുള്ള ഈ വിവരങ്ങൾ ഉദാഹരണങ്ങൾ മാത്രമാണ്. അവരുടെയും യഹോവയുടെ സാക്ഷികളുടെയും വിശ്വാസങ്ങൾ തമ്മിലുള്ള സമാനതകൾ ഇനിയും പറയാൻ സാധിക്കും. ഇന്ന് ആളുകളെ സത്യം പഠിപ്പിക്കുന്നവർ ആരെന്നു തിരിച്ചറിയാൻ സഹായിക്കുന്ന കൂടുതലായ വിവരങ്ങൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്‌തിരിക്കുന്നു.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• എങ്ങനെയുള്ള ആരാധനയാണ് ദൈവം നിഷ്‌കർഷിക്കുന്നത്?
• സത്യം യേശുക്രിസ്‌തു മുഖാന്തരം യാഥാർഥ്യം ആയിത്തീർന്നത് എങ്ങനെ?
• മരിച്ചവരെ സംബന്ധിച്ച സത്യം എന്ത്?
• ക്രിസ്‌തീയ സ്‌നാപനം നടത്തുന്നത് എങ്ങനെ, സ്‌നാപനാർഥികൾക്ക് എന്തു യോഗ്യത ആവശ്യമാണ്?
[അധ്യയന ചോദ്യങ്ങൾ]
[16-ാം പേജിലെ ചിത്രം]
യേശു പീലാത്തൊസിനോടു പറഞ്ഞു: ‘സത്യത്തിനു സാക്ഷി നില്‌ക്കേണ്ടതിനു ഞാൻ ലോകത്തിൽ വന്നിരിക്കുന്നു’
[17-ാം പേജിലെ ചിത്രം]
‘ഞാൻ സത്യം ആകുന്നു’ എന്ന് യേശു പറഞ്ഞത് എന്തുകൊണ്ടെന്ന് നിങ്ങൾക്കു വിശദീകരിക്കാമോ?
[18-ാം പേജിലെ ചിത്രം]
ക്രിസ്‌തീയ സ്‌നാപനം സംബന്ധിച്ചുള്ള സത്യം എന്ത്?