വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നരകം യഥാർഥത്തിൽ എന്താണ്‌?

നരകം യഥാർഥത്തിൽ എന്താണ്‌?

നരകം യഥാർഥത്തിൽ എന്താണ്‌?

“നരകം” എന്നു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞുവരുന്ന ചിത്രം എന്തുതന്നെ ആയിരുന്നാലും, പാപികൾ ശിക്ഷിക്കപ്പെടുന്ന സ്ഥലം എന്ന ധാരണയാണു മിക്കവർക്കും നരകത്തെക്കുറിച്ചുള്ളത്‌. പാപത്തെയും അതിന്റെ ഫലത്തെയും കുറിച്ചു ബൈബിൾ പറയുന്നു: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) തിരുവെഴുത്തുകൾ ഇങ്ങനെയും പറയുന്നു: “പാപത്തിന്റെ ശമ്പളം മരണമത്രേ.” (റോമർ 6:23) പാപത്തിന്റെ ശിക്ഷ മരണമായതിനാൽ, നരകം യഥാർഥത്തിൽ എന്താണ്‌ എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന അടിസ്ഥാനപരമായ ചോദ്യം ഇതാണ്‌: മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവിക്കുന്നു?

മരണാനന്തരം ഏതെങ്കിലും തരത്തിലുള്ള ജീവൻ ഏതെങ്കിലും രൂപത്തിൽ സ്ഥിതിചെയ്യുന്നുണ്ടോ? നരകം എന്താണ്‌, ഏതുതരം ആളുകളാണ്‌ അവിടെ പോകുന്നത്‌? നരകത്തിലുള്ളവർക്ക്‌ എന്തെങ്കിലും പ്രത്യാശയുണ്ടോ? ഈ ചോദ്യങ്ങൾക്കു ബൈബിൾ സത്യസന്ധവും സംതൃപ്‌തിദായകവുമായ ഉത്തരങ്ങൾ നൽകുന്നു.

മരണാനന്തര ജീവിതമോ?

ഒരു ആത്മാവ്‌ പോലുള്ള, നമ്മുടെ ഉള്ളിലെ എന്തെങ്കിലും ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നുണ്ടോ? ആദ്യമനുഷ്യനായ ആദാം ജീവനിലേക്കു വന്ന വിധത്തെ കുറിച്ചു ചിന്തിക്കുക. ബൈബിൾ പ്രസ്‌താവിക്കുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി.” (ഉല്‌പത്തി 2:7) മനുഷ്യന്‌ ഒരു ആത്മാവ്‌ നൽകപ്പെട്ടില്ല എന്നത്‌ ശ്രദ്ധിക്കുക. അതുകൊണ്ട്‌ മനുഷ്യൻ ജീവനുള്ള ബോധവാനായ ഒരു വ്യക്തിയായിരിക്കുന്നതിന്‌ അവന്റെ ഉള്ളിൽ ഒരു ആത്മാവ്‌ വസിക്കേണ്ടതില്ല. അവന്റെ ജീവൻ നിലനിറുത്തിയത്‌ ശ്വസനമായിരുന്നെങ്കിലും, അവന്റെ മൂക്കിലേക്കു “ജീവശ്വാസം” നിവേശിപ്പിക്കുന്നതിൽ അവന്റെ ശ്വാസകോശങ്ങളിലേക്കു കേവലം വായു ഊതിക്കയറ്റുന്നതിലും വളരെയധികം ഉൾപ്പെട്ടിരുന്നു. ആദാമിന്റെ നിർജീവ ശരീരത്തിലേക്കു ദൈവം ജീവന്റെ സ്‌ഫുലിംഗം അഥവാ “ജീവന്റെ ശക്തി” കടത്തിവിടുകയുണ്ടായി. ഭൂമിയിലെ സകല ജീവികളിലും ഇതു പ്രവർത്തനനിരതമാണ്‌. (ഉല്‌പത്തി 7:​22, NW) ജീവന്റെ ശക്തിയെ അഥവാ സ്‌ഫുലിംഗത്തെ ഒരു യന്ത്രത്തെയോ ഉപകരണത്തെയോ പ്രവർത്തിപ്പിച്ച്‌ അതിന്റെ ധർമം നിറവേറ്റാൻ സഹായിക്കുന്ന വൈദ്യുതിയോട്‌ ഉപമിക്കാൻ കഴിയും. ഒരു ഉപകരണത്തെ പ്രവർത്തിപ്പിക്കുന്ന വൈദ്യുതിക്ക്‌ ആ ഉപകരണത്തിന്റെ സവിശേഷതകൾ ഇല്ലാത്തതുപോലെ, ജീവികളെ ഉജ്ജീവിപ്പിക്കുന്ന ജീവശക്തിക്ക്‌ ആ ജീവികളുടെ യാതൊരു ഗുണങ്ങളുമില്ല. അതിനു വ്യക്തിത്വമോ ചിന്താപ്രാപ്‌തിയോ ഇല്ല.

എന്നാൽ, സങ്കീർത്തനം 146:​4-ൽ പരാമർശിച്ചിരിക്കുന്ന “ശ്വാസം” എന്താണ്‌, മരണത്തിങ്കൽ അതിന്‌ എന്തു സംഭവിക്കുന്നു? ആ വാക്യം ഇങ്ങനെ പറയുന്നു: “അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.” ബൈബിൾ എഴുത്തുകാർ “ശ്വാസം” എന്ന വാക്ക്‌ ഈ വിധത്തിൽ ഉപയോഗിച്ചപ്പോൾ ശരീരത്തിന്റെ മരണശേഷം തുടർന്നും ജീവിക്കുന്ന, ദേഹവിയോഗം പ്രാപിച്ച ആത്മാവ്‌ എന്ന ആശയം അവരുടെ മനസ്സിൽ ഇല്ലായിരുന്നു. പകരം അവർ, നമ്മുടെ സൃഷ്ടാവിൽനിന്നുള്ള ജീവശക്തിയെയാണ്‌ അർഥമാക്കിയത്‌. ഒരു വ്യക്തി മരിക്കുമ്പോൾ അവന്റെ “ശ്വാസം” (ജീവശക്തി) മനുഷ്യശരീരത്തെ നിലനിറുത്താതാകുന്നു, വ്യക്തി മുഴുവനായി മരിക്കുന്നു. (സങ്കീർത്തനം 104:29) അങ്ങനെയെങ്കിൽ, സഭാപ്രസംഗി 12:​7-ന്റെ അർഥമെന്താണ്‌? അതു പറയുന്നു: “ആത്മാവു അതിനെ നല്‌കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.” ഇവിടെ ‘ആത്മാവ്‌’ എന്ന വാക്കിന്‌ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ജീവശക്തിയെയാണു പരാമർശിക്കുന്നത്‌. മരണത്തിങ്കൽ, അത്‌ “ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും” എന്നു പറയുമ്പോൾ, ആ വ്യക്തിയെ സംബന്ധിച്ച ഏതൊരു ഭാവി ജീവിതപ്രതീക്ഷയും പൂർണമായും ദൈവത്തിൽ നിക്ഷിപ്‌തമായിരിക്കും എന്നാണ്‌ അർഥം.

അപ്പോൾ മരിച്ചവരുടെ അവസ്ഥ എന്താണ്‌? ആദാമിന്റെമേൽ ശിക്ഷാവിധി ഉച്ചരിച്ചപ്പോൾ യഹോവ പറഞ്ഞു: “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്‌പത്തി 3:19) ദൈവം നിലത്തെ പൊടിയിൽനിന്ന്‌ ആദാമിനെ ഉണ്ടാക്കി ജീവൻ കൊടുത്തതിനു മുമ്പ്‌ അവൻ എവിടെയായിരുന്നു? അവൻ അസ്‌തിത്വത്തിൽ ഇല്ലായിരുന്നു! മരിച്ചപ്പോൾ ആദാം പൂർണമായ അസ്‌തിത്വമില്ലായ്‌മയുടെ ആ അവസ്ഥയിലേക്കു തിരിച്ചുപോയി. മരിച്ചവരുടെ അവസ്ഥ സഭാപ്രസംഗി 9:5, 10-ൽ വ്യക്തമാക്കിയിരിക്കുന്നു. അവിടെ നാം വായിക്കുന്നു: “മരിച്ചവരോ ഒന്നും അറിയുന്നില്ല. . . . നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയോ ആസൂത്രണമോ, പരിജ്ഞാനമോ ഇല്ല.” (ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) ബൈബിൾ പറയുന്നതനുസരിച്ച്‌, മരണം അസ്‌തിത്വമില്ലായ്‌മയുടെ ഒരു അവസ്ഥയാണ്‌. മരിച്ചവർക്കു ബോധമോ വികാരങ്ങളോ ചിന്തകളോ ഇല്ല.

നിത്യദണ്ഡനമോ പൊതു ശവക്കുഴിയോ?

മരിച്ചവർക്കു ബോധപൂർവകമായ അസ്‌തിത്വം ഇല്ലാത്തതിനാൽ, മരണാനന്തരം ദുഷ്ടന്മാർ യാതന അനുഭവിക്കുന്ന നരകം എന്ന ഒരു അഗ്നിദണ്ഡന സ്ഥലം ഉണ്ടായിരിക്കാവുന്നതല്ല. മരിച്ചവരുടെ ആത്മാക്കൾ ശിക്ഷിക്കപ്പെടുന്നിടമെന്നു പറയപ്പെട്ടിരുന്ന, മരിച്ചവരുടെ നരക സമാനമായ, ഒരു ലോകത്തെ പരാമർശിക്കാൻ പുരാതന ഗ്രീക്കുകാർ മിക്കപ്പോഴും ഉപയോഗിച്ചിരുന്ന ഹേഡീസ്‌ എന്ന ഗ്രീക്ക്‌ പദം ബൈബിൾ എഴുത്തുകാർ ഉപയോഗിച്ചതുകൊണ്ടാണ്‌ ആശയക്കുഴപ്പം ഉണ്ടായത്‌. ചില ഇടങ്ങളിൽ ഇതിനെ നരകം എന്നുപോലും പരിഭാഷപ്പെടുത്തിയിരിക്കുന്നു. എങ്കിലും, ബൈബിൾ എഴുത്തുകാർ ഹേഡീസ്‌ എന്ന വാക്ക്‌ ഏത്‌ അർഥത്തിലാണ്‌ ഉപയോഗിച്ചത്‌? സത്യവേദപുസ്‌തകത്തിൽ ഈ വാക്ക്‌ എങ്ങനെയാണ്‌ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ എന്നു പരിശോധിക്കുന്നത്‌ ആ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ സഹായിക്കും. മരണാനന്തരം യേശുവിന്‌ എന്തു സംഭവിച്ചുവെന്ന്‌ ബൈബിൾ എഴുത്തുകാരനായ ലൂക്കൊസ്‌ വിവരിക്കുന്നു: “അവനെ [യേശുവിനെ] പാതാളത്തിൽ [ഗ്രീക്ക്‌, “ഹേഡീസ്‌”] വിട്ടുകളഞ്ഞില്ല; അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല.” * (പ്രവൃത്തികൾ 2:31) യേശു പോയ ആ പാതാളം അഥവാ ഹേഡീസ്‌ എവിടെയായിരുന്നു? അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: ‘ക്രിസ്‌തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേററു എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ഏല്‌പിച്ചുതന്നുവല്ലോ.’ (1 കൊരിന്ത്യർ 15:​3-5) അതുകൊണ്ട്‌, യേശു പാതാളത്തിൽ അഥവാ ഹേഡീസിൽ, ശവക്കുഴിയിൽ ആയിരുന്നു. എങ്കിലും അവൻ അവിടെ ഉപേക്ഷിക്കപ്പെട്ടില്ല, കാരണം അവനെ ഉയിർപ്പിച്ചു, അഥവാ പുനരുത്ഥാനപ്പെടുത്തി.

വളരെയധികം യാതന അനുഭവിച്ച നീതിമാനായ ഇയ്യോബിന്റെ കാര്യവും പരിചിന്തിക്കുക. തന്റെ ദുരിതങ്ങളിൽനിന്നുള്ള മോചനം ആഗ്രഹിച്ചുകൊണ്ട്‌ അവൻ അപേക്ഷിച്ചു: “നീ എന്നെ പാതാളത്തിൽ [എബ്രായ, “ഷീയോൾ,” ഗ്രീക്ക്‌, “ഹേഡീസ്‌”] മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും . . . ചെയ്‌തുവെങ്കിൽ കൊള്ളായിരുന്നു.” * (ഇയ്യോബ്‌ 14:13) സംരക്ഷണത്തിനായി ഇയ്യോബ്‌ ഒരു ചുട്ടുപൊള്ളുന്ന സ്ഥലത്തേക്കു പോകാൻ ആഗ്രഹിച്ചെന്നു കരുതുന്നത്‌ എത്ര ന്യായരഹിതമായിരിക്കും! ഇയ്യോബിനെ സംബന്ധിച്ചിടത്തോളം, “ഷീയോൾ” അല്ലെങ്കിൽ “ഹേഡീസ്‌” അവന്റെ കഷ്ടപ്പാടുകൾ അവസാനിക്കുന്ന വെറും പാതാളം അല്ലെങ്കിൽ ശവക്കുഴി ആയിരുന്നു. അതുകൊണ്ട്‌, ബൈബിളിലെ ഷീയോൾ അല്ലെങ്കിൽ ഹേഡീസ്‌, ദുഷ്ടരും നല്ലവരുമായ എല്ലാ ആളുകളും പോകുന്ന മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയാണ്‌.

അഗ്നിനരകം​—⁠സമൂലനാശകാരിയോ?

നരകാഗ്നിക്ക്‌ സമൂലനാശത്തിന്റെ, സമ്പൂർണ നാശത്തിന്റെ പ്രതീകമായിരിക്കാൻ കഴിയുമോ? വെളിപ്പാടു 20:​14എ-യിൽ തീയ്‌ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നു ശ്രദ്ധിക്കുക. അവിടെ പറയുന്നു: “മരണത്തെയും പാതാളത്തെയും (ഗ്രീക്ക്‌, ഹേഡീസ്‌) തീപ്പൊയ്‌കയിൽ തള്ളിയിട്ടു.” ഇവിടെ പരാമർശിച്ചിരിക്കുന്ന ‘പൊയ്‌ക’ പ്രതീകാത്മകമാണ്‌, കാരണം, അതിലേക്ക്‌ എറിയപ്പെടുന്ന മരണത്തിനും പാതാളത്തിനും (ഹേഡീസ്‌) അക്ഷരീയമായി തീക്കിരയാകാനാവില്ല. “ഈ തീപ്പൊയ്‌ക രണ്ടാമത്തെ മരണം” ആണ്‌. ജീവനിലേക്കു തിരികെ വരാനുള്ള യാതൊരു പ്രതീക്ഷയുമില്ലാത്ത മരണമാണ്‌ അത്‌.​—⁠വെളിപ്പാടു 20:⁠14ബി.

തീപ്പൊയ്‌കയ്‌ക്ക്‌ യേശു പരാമർശിച്ച ‘അഗ്നിനരകത്തിന്റേതിനോടു [ഗ്രീക്ക്‌, ഗീഹെന്ന]’ സമാനമായ അർഥമാണുള്ളത്‌. (മത്തായി 5:22; മർക്കൊസ്‌ 9:47, 48) ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിൽ 12 പ്രാവശ്യം കാണപ്പെടുന്ന ഗീഹെന്ന യെരൂശലേമിന്റെ മതിലുകൾക്കു പുറത്തുണ്ടായിരുന്ന ഹിന്നോം താഴ്‌വരയെ ആണു പരാമർശിക്കുന്നത്‌. യേശു ഭൂമിയിൽ ആയിരുന്ന സമയത്ത്‌ ചപ്പുചവറുകൾ ഇടാനായി ഈ താഴ്‌വര ഉപയോഗിച്ചിരുന്നു. “അവിടേക്ക്‌ കുറ്റപ്പുള്ളികളുടെ ശവങ്ങളും ചത്ത മൃഗങ്ങളുടെ ഉടലുകളും മറ്റെല്ലാത്തരം മലിനവസ്‌തുക്കളും എറിയപ്പെട്ടിരുന്നു.” (സ്‌മിത്തിന്റെ ബൈബിൾ നിഘണ്ടു) ചപ്പുചവറുകൾ ചുട്ടെരിക്കുന്നതിനു ഗന്ധകം ചേർത്തിരുന്നതിനാൽ അവിടെ തീ കെടാതെ കത്തിക്കൊണ്ടിരുന്നു. നിത്യനാശത്തിന്റെ ഉചിതമായ പ്രതീകമെന്ന നിലയിൽ യേശു ആ താഴ്‌വരയെ ഉപയോഗിച്ചു.

ഗീഹെന്നയെപ്പോലെതന്നെ തീപ്പൊയ്‌കയും നിത്യനാശത്തിന്റെ പ്രതീകമാണ്‌. മരണവും പാതാളവും (ഹേഡീസ്‌) അതിലേക്ക്‌ ‘തള്ളിയിടപ്പെടുന്നു.’ അതായത്‌, മനുഷ്യവർഗം പാപത്തിൽനിന്നും മരണത്തിന്റെ കുറ്റവിധിയിൽനിന്നും സ്വതന്ത്രരാക്കപ്പെടുമ്പോൾ അവ പരിപൂർണമായി നീക്കം ചെയ്യപ്പെടും. അനുതാപമില്ലാത്ത മനഃപൂർവ പാപികൾക്കും ആ പൊയ്‌കയിൽ “ഓഹരി” ഉണ്ടായിരിക്കും. (വെളിപ്പാടു 21:8) അവരും എന്നേക്കുമായി നിർമൂലമാകും. നേരെ മറിച്ച്‌, മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയായ പാതാളത്തിൽ (ഹേഡീസ്‌) ആയിരിക്കുന്ന, ദൈവത്തിന്റെ ഓർമയിലുള്ളവർക്ക്‌ അത്ഭുതകരമായ ഒരു ഭാവിയാണ്‌ ഉള്ളത്‌.

ഹേഡീസ്‌ ശൂന്യമാക്കപ്പെടുന്നു!

വെളിപ്പാടു 20:​13-ൽ നാം വായിക്കുന്നു: “സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു; മരണവും പാതാളവും (ഹേഡീസ്‌) തങ്ങളിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു.” അതേ, ബൈബിൾ ഹേഡീസ്‌ ശൂന്യമാക്കപ്പെടും. യേശു വാഗ്‌ദാനം ചെയ്‌തതുപോലെ, ‘കല്ലറകളിൽ [“സ്‌മാരക കല്ലറകളിൽ,” NW] ഉള്ളവർ എല്ലാവരും [യേശുവിന്റെ] ശബ്ദം കേട്ടു പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.’ (യോഹന്നാൻ 5:28, 29) ഇപ്പോൾ യാതൊരു രൂപത്തിലും സ്ഥിതിചെയ്യുന്നില്ലെങ്കിലും, യഹോവയാം ദൈവത്തിന്റെ ഓർമയിലുള്ള, മരിച്ചുപോയ ദശലക്ഷങ്ങൾക്കു പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസാ ഭൂമിയിൽ പുനരുത്ഥാനം ലഭിക്കും അല്ലെങ്കിൽ അവർ ജീവനിലേക്കു വരുത്തപ്പെടും.​—⁠ലൂക്കൊസ്‌ 23:​43, NW; പ്രവൃത്തികൾ 24:⁠15.

ദൈവത്തിന്റെ പുതിയ ലോകത്തിൽ, പുനരുത്ഥാനം പ്രാപിച്ചവർ നീതിപൂർവകമായ ദൈവിക നിയമങ്ങൾ അനുസരിക്കുന്നപക്ഷം അവർക്കു വീണ്ടും ഒരിക്കലും മരിക്കേണ്ടിവരില്ല. (യെശയ്യാവു 25:8) യഹോവ “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.” വാസ്‌തവത്തിൽ ‘ഒന്നാമത്തേതു കഴിഞ്ഞുപോയിരിക്കും.’ (വെളിപ്പാടു 21:​4, 5) പാതാളത്തിൽ (ഹേഡീസ്‌)​—⁠“സ്‌മാരക കല്ലറകളിൽ”⁠—⁠ഉള്ളവർക്കായി എത്ര വലിയ അനുഗ്രഹമാണു കരുതിവെച്ചിരിക്കുന്നത്‌! യഹോവയാം ദൈവത്തെയും അവന്റെ പുത്രനായ യേശുക്രിസ്‌തുവിനെയും കുറിച്ചു കൂടുതൽ പരിജ്ഞാനം നേടാൻ തീർച്ചയായും ഈ അനുഗ്രഹം നമുക്കു മതിയായ കാരണം നൽകുന്നു.​—⁠യോഹന്നാൻ 17:⁠3.

[അടിക്കുറിപ്പുകൾ]

^ ഖ. 9 ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ഹേഡീസ്‌ എന്ന ഗ്രീക്ക്‌ പദം പത്തു തവണ കാണപ്പെടുന്നുണ്ട്‌. സത്യവേദപുസ്‌തകത്തിൽ അതിൽ മിക്കതും പാതാളം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. ലൂക്കൊസ്‌ 16:19-31-ലെ പരിഭാഷയിൽ പാതാളത്തിലെ ദണ്ഡനത്തെ കുറിച്ചും പരാമർശമുണ്ട്‌. എങ്കിലും, ആ മുഴു വിവരണത്തിനും പ്രതീകാത്മക അർഥമാണ്‌ ഉള്ളത്‌. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകത്തിന്റെ 88-ാം അധ്യായം കാണുക.

^ ഖ. 10 മൂല എബ്രായ തിരുവെഴുത്തുകളിൽ ഷീയോൾ എന്ന എബ്രായ പദം 65 പ്രാവശ്യം കാണപ്പെടുന്നുണ്ട്‌. മലയാളം ബൈബിളുകളിൽ അതിനെ ‘പാതാളം,’ ‘ശവക്കുഴി,’ ‘ശ്‌മശാനം,’ ‘കുഴിമാടം’ എന്നെല്ലാം പരിഭാഷപ്പെടുത്തിയിരിക്കുന്നു.

[5-ാം പേജിലെ ചിത്രം]

തനിക്കു പാതാളത്തിൽ അഭയം നൽകണമെന്ന്‌ ഇയ്യോബ്‌ പ്രാർഥിച്ചു

[6-ാം പേജിലെ ചിത്രം]

അഗ്നിനരകം​—⁠നിത്യ നാശത്തിന്റെ പ്രതീകം

[7-ാം പേജിലെ ചിത്രം]

‘സ്‌മാരക കല്ലറകളിൽ ഉള്ളവർ പുനരുത്ഥാനം ചെയ്യും’