നരകത്തിലെ തീയ് എവിടെപ്പോയി?
നരകത്തിലെ തീയ് എവിടെപ്പോയി?
“നരകം” എന്നു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് എന്തു ചിത്രമാണ് ഓടിയെത്തുക? തീയും ഗന്ധകവുമുള്ള, നിത്യദണ്ഡനത്തിന്റെയും തീരാവേദനയുടെയും ഒരു അക്ഷരീയ സ്ഥലമായാണോ നിങ്ങൾ നരകത്തെ കാണുന്നത്? അതോ നരകം എന്നത് ഒരു അവസ്ഥയെ പ്രതീകാത്മകമായി വർണിക്കുന്ന ഒന്നായിരിക്കുമോ?
പാപികൾക്കു ലഭിക്കാൻ പോകുന്നത് അത്യന്തം വേദനാജനകമായ ദണ്ഡനത്തിന്റെ ഒരു അഗ്നിനരകമാണെന്ന ധാരണ ക്രൈസ്‌തവലോകത്തിലെ മതനേതാക്കന്മാർ നൂറ്റാണ്ടുകളായി വെച്ചുപുലർത്തിയിരിക്കുന്നു. മറ്റനേക മതവിഭാഗങ്ങൾക്കിടയിലും ഈ ആശയം പ്രബലമാണ്. “നരകമെന്ന വാക്കിനു പ്രചാരം നൽകിയതു ക്രിസ്‌ത്യാനിത്വമായിരിക്കാം. എങ്കിലും, ആ പഠിപ്പിക്കൽ അവരിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. മരണാനന്തരമുള്ള വേദനാകരമായ ശിക്ഷ എന്ന ഭീഷണിയെ കുറിച്ചുള്ള സമാനമായ പഠിപ്പിക്കൽ ലോകത്തിലെ മിക്കവാറുമെല്ലാ പ്രമുഖ മതങ്ങളിലും ചില ചെറിയ മതങ്ങളിലും കാണാവുന്നതാണ്” എന്നു യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. ഹൈന്ദവരും ബുദ്ധമതക്കാരും മുസ്ലീങ്ങളും ജൈനമതക്കാരും താവോമതക്കാരും ഏതെങ്കിലും തരത്തിലുള്ള ഒരു നരകത്തിൽ വിശ്വസിക്കുന്നവരാണ്.
എന്നിരുന്നാലും, ആധുനിക നാളിൽ നരകത്തിനു മറ്റൊരു പ്രതിച്ഛായ കൈവന്നിരിക്കുന്നു. “അഗ്നിനരകമെന്ന പരമ്പരാഗത സങ്കൽപ്പത്തിൽ വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ടെങ്കിലും, അങ്ങേയറ്റം ദുരിതംനിറഞ്ഞ ഏകാന്ത തടവെന്ന നിലയിലുള്ള ഒരു നിത്യനരകവാസത്തെ സംബന്ധിച്ച ചില ആധുനിക വീക്ഷണങ്ങൾ ഉരുത്തിരിഞ്ഞു തുടങ്ങിയിരിക്കുകയാണ്. നരകം പണ്ടു വിചാരിച്ചിരുന്നതുപോലെ ചൂടുള്ള ഒരു സ്ഥലമല്ലായിരിക്കാം എന്ന് ഇപ്പോൾ പറഞ്ഞുതുടങ്ങിയിരിക്കുന്നു” എന്ന് മേൽ പ്രസ്‌താവിച്ച മാസിക പറയുന്നു.
ജെസ്യൂട്ട് പത്രികയായ ലാ ചിവിൽറ്റാ കാറ്റോലിക്കാ പറയുന്നു: “കുറ്റംവിധിക്കപ്പെട്ടവരെ ദൈവം ഭൂതങ്ങളെ ഉപയോഗിച്ച്, തീയിലിട്ടും മറ്റും ഭയാനകമായി ദണ്ഡിപ്പിക്കുമെന്നു കരുതുന്നതു തെറ്റാണ്.” അത് ഇങ്ങനെ കൂട്ടിച്ചേർത്തു: “നരകം ഉണ്ട്, പക്ഷേ അത് ഒരു സ്ഥലമല്ല, ഒരു അവസ്ഥയാണ്. ദൈവത്തിൽനിന്ന് അന്യപ്പെടുന്നതു നിമിത്തം മനോവേദന അനുഭവിക്കുന്ന ഒരു വ്യക്തിയുടെ അവസ്ഥയാണ് അത്.” ജോൺ പോൾ രണ്ടാമൻ പാപ്പാ 1999-ൽ ഇപ്രകാരം പറഞ്ഞു: “സകല ജീവജാലങ്ങളുടെയും അതുപോലെ സന്തോഷത്തിന്റെയും പ്രഭവസ്ഥാനമായ ദൈവത്തിൽനിന്ന് തങ്ങളെത്തന്നെ മനപ്പൂർവം പൂർണമായി വേർപെടുത്തുന്നവരുടെ അവസ്ഥയാണ് നരകം. അല്ലാതെ അത് ഒരു അക്ഷരീയ സ്ഥലമല്ല.” നരകത്തെ ഒരു അഗ്നിമയ സ്ഥലമായി കാണിക്കുന്ന ചിത്രീകരണങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു: “ദൈവത്തെ കൂടാതെയുള്ള ജീവിതത്തിന്റെ തികഞ്ഞ നിഷ്‌ഫലതയെയും നിരർഥകതയെയും ആണ് അവ കാണിക്കുന്നത്.” സഭാ ചരിത്രകാരനായ മാർട്ടിൻ മാർട്ടി പറയുന്നു: നരകത്തെ കുറിച്ചുള്ള പാപ്പായുടെ വിശദീകരണത്തിൽ “അഗ്നിജ്വാലകളും കയ്യിൽ ശൂലവുമായി നിൽക്കുന്ന രക്താംബരമണിഞ്ഞ പിശാചും” കൂടി ഉണ്ടായിരുന്നെങ്കിൽ, “ജനം അതു വിശ്വസിക്കുമായിരുന്നില്ല.”
മറ്റു മതവിഭാഗങ്ങളിലും സമാനമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഉപദേശക സമിതിയുടെ ഒരു റിപ്പോർട്ട് ഇപ്രകാരമായിരുന്നു: “നരകം നിത്യദണ്ഡനമല്ല. മറിച്ച്, സമ്പൂർണ നാശത്തിൽ മാത്രം കലാശിക്കുമാറ് ദൈവത്തിന്റെ വഴികൾക്ക് ഒട്ടും നിരക്കാത്ത ഒരു ജീവിതഗതിയുടെ തിരഞ്ഞെടുക്കലാണ് അത്. ആ തിരഞ്ഞെടുപ്പ് ആത്യന്തികവും ഒരിക്കലും മാറ്റം വരുത്താനാവാത്തതുമാണ്.”
ഐക്യനാടുകളിലെ എപ്പിസ്‌കോപ്പൽ സഭയുടെ വേദോപദേശ നിർവചന പ്രകാരം, “ദൈവത്തെ തള്ളിക്കളയുന്നതിന്റെ ഫലമായുള്ള നിത്യ മരണമാണ്” നരകം. യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു: “ദുഷ്ടന്മാരുടെ അന്ത്യം നാശമാണ്, നിത്യദണ്ഡനമല്ല” എന്ന ആശയത്തിനു ജനപിന്തുണയേറുകയാണ്. “ദൈവത്തെ
ആത്യന്തികമായി തള്ളിക്കളയുന്നവർ നരകത്തിലെ ‘ദഹിപ്പിക്കുന്ന അഗ്നി’യിൽ നിർമൂലമാക്കപ്പെടുമെന്ന് [അവർ] വാദിക്കുന്നു.”നരകം തീയും ഗന്ധകവുമുള്ള സ്ഥലമാണെന്ന ചിന്താഗതിയിൽനിന്നു പുറത്തുകടക്കാനാണ് ആധുനിക പ്രവണതയെങ്കിലും, നരകം ഒരു അക്ഷരീയ ദണ്ഡന സ്ഥലമാണെന്ന വിശ്വാസം ഇപ്പോഴും അനേകർ വെച്ചുപുലർത്തുന്നു. യു.എസ്.എ.-യിലെ കെന്റക്കിയിലുള്ള ലൂയിവില്ലിയിലെ സതേൺ ബാപ്‌റ്റിസ്റ്റ് ദൈവശാസ്‌ത്ര സെമിനാരിയിലെ ആൽബർട്ട് മോളർ പറയുന്നു: “നരകം ഒരു അക്ഷരീയ അഗ്നിദണ്ഡന സ്ഥലമാണെന്നു തിരുവെഴുത്തുകൾ വ്യക്തമായി പ്രസ്‌താവിക്കുന്നു.” ഇവാഞ്ചലിക്കൽ അലൈയൻസ് കമ്മീഷൻ തയ്യാറാക്കിയ നരകത്തിന്റെ സ്വഭാവം (ഇംഗ്ലീഷ്) എന്ന റിപ്പോർട്ട് ഇപ്രകാരം പറയുന്നു: “തള്ളപ്പെടലിന്റെയും ദണ്ഡനത്തിന്റെയും ബോധപൂർവകമായ ഒരു അനുഭവമാണു നരകം.” അതിങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഭൂമിയിൽവെച്ചു ചെയ്‌ത പാപങ്ങളുടെ കാഠിന്യത്തിന്റെ അടിസ്ഥാനത്തിൽ പല അളവിലുള്ള ശിക്ഷകളും യാതനകളും നരകത്തിലുണ്ട്.”
നരകം നിത്യദണ്ഡനത്തിന്റെയോ സമൂലനാശത്തിന്റെയോ അഗ്നിമയ സ്ഥലമാണോ? അതോ അതു കേവലം ദൈവത്തിൽനിന്ന് അന്യപ്പെട്ട ഒരു അവസ്ഥയാണോ? നരകം യഥാർഥത്തിൽ എന്താണ്?
[4-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നരകാഗ്നിയുടെ ഒരു ഹ്രസ്വചരിത്രം
ക്രിസ്‌ത്യാനികൾ എന്ന് അവകാശപ്പെടുന്നവർ നരകാഗ്നിയിലുള്ള വിശ്വാസം സ്വീകരിച്ചത് എപ്പോഴാണ്? യേശുക്രിസ്‌തുവിന്റെയും അവന്റെ അപ്പൊസ്‌തലന്മാരുടെയും കാലശേഷം വളരെക്കാലം കഴിഞ്ഞ്. ഫ്രഞ്ച് എൻസൈക്ലോപീഡിയ യൂണിവേഴ്‌സലിസ് ഇങ്ങനെ പ്രസ്‌താവിക്കുന്നു: “(പൊ.യു. 2-ാം നൂറ്റാണ്ടിലെ) പത്രൊസിന്റെ വെളിപ്പാട് എന്ന പുസ്‌തകമായിരുന്നു പാപികളുടെ, നരകത്തിലെ ശിക്ഷയെയും ദണ്ഡനത്തെയും കുറിച്ചു വർണിച്ച ആദ്യ [ഉത്തര കാനോനിക] ക്രിസ്‌തീയ കൃതി.”
എന്നിരുന്നാലും, ആദിമ സഭാപിതാക്കന്മാർക്കിടയിൽ നരകം സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ജസ്റ്റിൻ മാർട്ടർ, അലക്‌സാൻഡ്രിയയിലെ ക്ലെമന്റ്, തെർത്തുല്യൻ, സിപ്രിയൻ എന്നിവർ നരകം അഗ്നിജ്വാലകളുള്ള ഒരു സ്ഥലമാണെന്നു വിശ്വസിച്ചിരുന്നു. ഓറിജനും ദൈവശാസ്‌ത്രജ്ഞനായ നിസയിലെ ഗ്രിഗറിയും നരകം ദൈവത്തിൽനിന്ന് അന്യപ്പെട്ട ഒരു സ്ഥലം, അതായത്, ആത്മീയ യാതനയുടെ സ്ഥലമാണെന്നാണു കരുതിയിരുന്നത്. നേരെ മറിച്ച്, നരകത്തിലെ യാതന ആത്മീയവും അതേസമയം ഇന്ദ്രിയഗോചരവുമാണെന്ന് ഹിപ്പോയിലെ അഗസ്റ്റിൻ വിശ്വസിച്ചിരുന്നു. ആ വീക്ഷണത്തിനു പരക്കെ അംഗീകാരം ലഭിച്ചു. പ്രൊഫസർ ജെ.എൻ.ഡി. കെല്ലി ഇങ്ങനെ എഴുതി: “അഞ്ചാം നൂറ്റാണ്ട് ആയപ്പോഴേക്ക് പാപികൾക്ക് ഈ ജീവിതത്തിനുശേഷം രണ്ടാമതൊരു അവസരം കിട്ടുകയില്ലെന്നും അവരെ വിഴുങ്ങിക്കളയുന്ന തീ ഒരിക്കലും കെടുത്തപ്പെടുകയില്ലെന്നുമുള്ള ക്രൂരമായ ഉപദേശം എല്ലായിടത്തും പ്രബലമായിരുന്നു.”
16-ാം നൂറ്റാണ്ടിൽ, മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ തുടങ്ങിയ പ്രൊട്ടസ്റ്റന്റ് പരിഷ്‌കർത്താക്കൾ അഗ്നിനരകത്തിലെ ദണ്ഡനം ദൈവത്തിൽനിന്ന് അന്യപ്പെട്ട് നിത്യത ചെലവിടുന്നതിനെ സൂചിപ്പിക്കുന്ന പ്രതീകാത്മകമായ ഒന്നാണെന്ന് മനസ്സിലാക്കിയിരുന്നു. എന്നിരുന്നാലും, അതു കഴിഞ്ഞുവന്ന രണ്ടു നൂറ്റാണ്ടുകൾക്കുള്ളിൽ നരകം ദണ്ഡനസ്ഥലമാണെന്നുള്ള വിശ്വാസം തിരിച്ചുവന്നു. പ്രൊട്ടസ്റ്റന്റ് മതപ്രസംഗകനായ ജോനഥാൻ എഡ്വേർഡ്‌സ് 18-ാം നൂറ്റാണ്ടിലെ കോളനി നിവാസികളായ അമേരിക്കക്കാരെ ഭയപ്പെടുത്താനായി നരകത്തിന്റെ വ്യക്തമായ വർണനകൾ ഉപയോഗിക്കുകയുണ്ടായി.
എങ്കിലും, അതിനുശേഷം പെട്ടെന്നുതന്നെ നരകത്തിലെ തീജ്വാലകൾ മിന്നിക്കത്താനും അതിന്റെ ശോഭ മങ്ങാനും തുടങ്ങി. യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് അനുസരിച്ച്, “20-ാം നൂറ്റാണ്ട് ഏറെക്കുറെ നരകത്തിന്റെ മരണമായിരുന്നു.”
[ചിത്രങ്ങൾ]
നരകം അഗ്നിജ്വാലകളുള്ള ഒരു സ്ഥലമാണെന്ന് ജസ്റ്റിൻ മാർട്ടർ വിശ്വസിച്ചിരുന്നു
നരകത്തിലെ യാതന ആത്മീയവും അതേസമയം ഇന്ദ്രിയഗോചരവുമാണെന്ന് ഹിപ്പോയിലെ അഗസ്റ്റിൻ പഠിപ്പിച്ചു