വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സഹിഷ്‌ണുതയോടു ദൈവഭക്തി കൂട്ടിച്ചേർക്കുക

നിങ്ങളുടെ സഹിഷ്‌ണുതയോടു ദൈവഭക്തി കൂട്ടിച്ചേർക്കുക

നിങ്ങളുടെ സഹിഷ്‌ണുതയോടു ദൈവഭക്തി കൂട്ടിച്ചേർക്കുക

‘നിങ്ങളുടെ വിശ്വാസത്തോടു സഹിഷ്‌ണുതയും സഹിഷ്‌ണുതയോടു ഭക്‌തിയും [“ദൈവഭക്തിയും,” NW] കൂട്ടിച്ചേർക്കുവിൻ.’​—⁠2 പത്രൊസ്‌ 1:5, 6, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം.

1, 2. (എ) ഒരു കുട്ടിയുടെ വളർച്ചയുടെ കാര്യത്തിൽ എന്തു പ്രതീക്ഷിക്കപ്പെടുന്നു? (ബി) ആത്മീയ വളർച്ച എത്ര പ്രധാനമാണ്‌?

ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം വളർച്ച പ്രധാനമാണ്‌. എന്നാൽ, കുട്ടി ശാരീരികമായി മാത്രമല്ല, മാനസികമായും വൈകാരികമായും വളരേണ്ടതുണ്ട്‌. കാലക്രമേണ, കുട്ടി അതിന്റെ അപക്വ രീതികൾ ഉപേക്ഷിച്ച്‌ പൂർണ വളർച്ചയെത്തിയ ഒരു വ്യക്തി ആയിത്തീരും. പിൻവരുന്നപ്രകാരം എഴുതിയപ്പോൾ പൗലൊസ്‌ അപ്പൊസ്‌തലൻ അതു പരാമർശിക്കുകയായിരുന്നു: “ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.”​—⁠1 കൊരിന്ത്യർ 13:⁠11.

2 പൗലൊസിന്റെ വാക്കുകൾ ആത്മീയ വളർച്ച സംബന്ധിച്ചു നമുക്ക്‌ ഒരു സുപ്രധാന പാഠം നൽകുന്നു. ക്രിസ്‌ത്യാനികൾ ആത്മീയ ശൈശവദശയിൽനിന്ന്‌ “ഗ്രഹണപ്രാപ്‌തികളിൽ പൂർണ വളർച്ച പ്രാപിച്ച” അവസ്ഥയിലേക്കു വളരേണ്ടതുണ്ട്‌. (1 കൊരിന്ത്യർ 14:​20, NW) അവർ പുരോഗതി പ്രാപിച്ച്‌ “ക്രിസ്‌തു എന്ന തലയോളം സകലത്തിലും” വളരാൻ ശ്രമിക്കണം. അപ്പോൾ അവർ “ഉപദേശത്തിന്റെ ഓരോ കാററിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ” ആയിരിക്കുകയില്ല.​—⁠എഫെസ്യർ 4:​13-15.

3, 4. (എ) ആത്മീയമായി പൂർണ വളർച്ച പ്രാപിച്ചവർ ആയിത്തീരാൻ നാം എന്തു ചെയ്യണം? (ബി) ഏതു ദൈവിക ഗുണങ്ങൾ നാം പ്രകടമാക്കേണ്ടതുണ്ട്‌, അവ എത്ര പ്രധാനമാണ്‌?

3 ആത്മീയമായി നമുക്ക്‌ എങ്ങനെ പൂർണ വളർച്ച പ്രാപിച്ചവർ ആയിത്തീരാനാകും? സാധാരണ സാഹചര്യങ്ങളിൽ ശാരീരിക വളർച്ച സ്വതവേ സംഭവിക്കുന്നതാണ്‌. എന്നാൽ ആത്മീയ വളർച്ചയ്‌ക്കു ബോധപൂർവകമായ ശ്രമം ആവശ്യമാണ്‌. ദൈവവചനത്തിലെ പരിജ്ഞാനം സമ്പാദിക്കുകയും പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ നാം പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ്‌ അതു തുടങ്ങുന്നത്‌. (എബ്രായർ 5:14; 2 പത്രൊസ്‌ 1:3) അതാകട്ടെ, ദൈവിക ഗുണങ്ങൾ പ്രകടമാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. ശാരീരിക വളർച്ചയുടെയും ബന്ധപ്പെട്ട മറ്റു സംഗതികളുടെയും കാര്യത്തിലെന്ന പോലെ, വ്യത്യസ്‌ത ദൈവിക ഗുണങ്ങളിലുള്ള വളർച്ച സാധാരണമായി ഒരേ സമയത്തുതന്നെയാണു നടക്കുന്നത്‌. പത്രൊസ്‌ അപ്പൊസ്‌തലൻ എഴുതി: “ഈ കാരണത്താൽ, നിങ്ങൾ സകല പ്രയത്‌നവും ചെയ്‌തു നിങ്ങളുടെ വിശ്വാസത്തോടു സ്വഭാവശ്രേഷ്‌ഠതയും സ്വഭാവശ്രേഷ്‌ഠതയോടു ജ്ഞാനവും ജ്ഞാനത്തോട്‌ ആത്മനിയന്ത്രണവും ആത്മനിയന്ത്രണത്തോടു സഹിഷ്‌ണുതയും സഹിഷ്‌ണുതയോടു ഭക്തിയും [“ദൈവഭക്തിയും,” NW] ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്‌നേഹവും കൂട്ടിച്ചേർക്കുവിൻ.”​—⁠2 പത്രൊസ്‌ 1:5-7, ന്യൂ ഇൻഡ്യാ ഭാഷാന്തരം.

4 പത്രൊസ്‌ ഇവിടെ പട്ടികപ്പെടുത്തുന്ന ഓരോ ഗുണവും മർമപ്രധാനമാണ്‌, ഒന്നും വിട്ടുകളയാനാവില്ല. അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിങ്ങളിൽ ഈ സൽഗുണങ്ങൾ ഉണ്ടായിരിക്കുകയും വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെങ്കിൽ, ഇവ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിനെ സംബന്ധിച്ചുള്ള പരിജ്ഞാനത്തിൽ പ്രയോജനമില്ലാത്തവരും ഫലശൂന്യരും ആകാതെ സൂക്ഷിച്ചുകൊള്ളും.” (2 പത്രൊസ്‌ 1:8, ന്യൂ ഇൻഡ്യാ ഭാഷാന്തരം) നമ്മുടെ സഹിഷ്‌ണുതയോടു ദൈവഭക്തി കൂട്ടിച്ചേർക്കേണ്ടതിന്റെ ആവശ്യത്തിൽ നമുക്ക്‌ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാം.

സഹിഷ്‌ണുതയുടെ ആവശ്യം

5. നമുക്കു സഹിഷ്‌ണുത ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 പത്രൊസും പൗലൊസും ദൈവഭക്തിയെ സഹിഷ്‌ണുതയുമായി ബന്ധപ്പെടുത്തുന്നു. (1 തിമൊഥെയൊസ്‌ 6:​11, ന്യൂ ഇൻഡ്യാ ഭാഷാന്തരം) സഹിഷ്‌ണുത ഉണ്ടായിരിക്കുന്നതിൽ കഷ്ടപ്പാടു സഹിക്കുകയോ ദൃഢചിത്തരായിരിക്കുകയോ ചെയ്യുന്നതിലധികം ഉൾപ്പെടുന്നു. പരിശോധനകളോ പ്രതിബന്ധങ്ങളോ പ്രലോഭനങ്ങളോ പീഡനങ്ങളോ ഉണ്ടാകുമ്പോൾ പ്രത്യാശ കൈവിടാതെ ക്ഷമയും ധൈര്യവും അചഞ്ചലതയും പ്രകടമാക്കുന്നത്‌ അതിൽ ഉൾപ്പെടുന്നു. “ക്രിസ്‌തുയേശുവിൽ ഭക്തിയോടെ [“ദൈവഭക്തിയോടെ,” NW]” ജീവിക്കുന്നവർ എന്ന നിലയിൽ, നാം പീഡനം പ്രതീക്ഷിക്കുന്നു. (2 തിമൊഥെയൊസ്‌ 3:12) യഹോവയോടുള്ള നമ്മുടെ സ്‌നേഹം തെളിയിക്കുകയും രക്ഷയ്‌ക്ക്‌ ആവശ്യമായ ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യണമെങ്കിൽ, നാം സഹിച്ചുനിന്നേ മതിയാകൂ. (റോമർ 5:3-5; 2 തിമൊഥെയൊസ്‌ 4:7, 8; യാക്കോബ്‌ 1:3, 4, 12, ന്യൂ ഇൻഡ്യാ ഭാഷാന്തരം) സഹിഷ്‌ണുത ഇല്ലാതെ നമുക്കു നിത്യജീവൻ ലഭിക്കുകയില്ല.​—⁠റോമർ 2:6, 7, NW; എബ്രായർ 10:⁠36.

6. അവസാനത്തോളം സഹിച്ചുനിൽക്കുന്നത്‌ എന്തു ചെയ്യുന്നതിനെ അർഥമാക്കുന്നു?

6 നമ്മുടെ തുടക്കം എത്ര നല്ലതായിരുന്നാലും, ആത്യന്തികമായി പ്രധാനമായ സംഗതി നമുക്കു സഹിഷ്‌ണുത ഉണ്ടോ എന്നതാണ്‌. “അവസാനത്തോളം സഹിച്ചുനില്‌ക്കുന്നവൻ രക്ഷിക്കപ്പെടും” എന്ന്‌ യേശു പറഞ്ഞു. (മത്തായി 24:13) അതേ, അവസാനത്തോളം, അത്‌ ഇപ്പോഴത്തെ നമ്മുടെ ജീവന്റെ അവസാനമായിരുന്നാലും ഈ ദുഷ്ട വ്യവസ്ഥിതിയുടെ അവസാനമായിരുന്നാലും, നാം സഹിച്ചു നിൽക്കേണ്ടതുണ്ട്‌. ഇതിൽ ഏതു സംഭവിച്ചാലും, നാം ദൈവത്തോടുള്ള വിശ്വസ്‌തത മുറുകെ പിടിക്കേണ്ടതുണ്ട്‌. എന്നാൽ, നമ്മുടെ സഹിഷ്‌ണുതയോടു ദൈവഭക്തി കൂട്ടിച്ചേർക്കാത്തപക്ഷം നമുക്ക്‌ യഹോവയെ പ്രസാദിപ്പിക്കാനും നിത്യജീവൻ പ്രാപിക്കാനും സാധിക്കുകയില്ല. എന്നാൽ എന്താണു ദൈവഭക്തി?

ദൈവഭക്തി അർഥമാക്കുന്നത്‌

7. എന്താണു ദൈവഭക്തി, അത്‌ എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു?

7 യഹോവയുടെ സാർവത്രിക പരമാധികാരത്തോടുള്ള വിശ്വസ്‌തത നിമിത്തം ഒരുവൻ വ്യക്തിപരമായി അവന്‌ അർപ്പിക്കുന്ന ഭക്ത്യാദരവും ആരാധനയും സേവനവുമാണു ദൈവഭക്തി. യഹോവയോടുള്ള ആദരവു നിമിത്തം ദൈവഭക്തി ആചരിക്കുന്നതിനു നമുക്ക്‌ അവനെയും അവന്റെ വഴികളെയും കുറിച്ചുള്ള പരിജ്ഞാനം ആവശ്യമാണ്‌. ഇതിനു നാം ദൈവത്തെ വ്യക്തിപരമായി അടുത്തറിയേണ്ടതുണ്ട്‌. അവനോടു ഹൃദയംഗമമായ ഒരു ബന്ധം വളർത്തിയെടുക്കാൻ അതു നമ്മെ പ്രേരിപ്പിക്കും. ആ ബന്ധം നമ്മുടെ പ്രവർത്തനങ്ങളിലും ജീവിതരീതിയിലും പ്രകടമായിരിക്കണം. യഹോവയുടെ വഴികൾ അനുകരിച്ചുകൊണ്ട്‌, അവന്റെ ഗുണങ്ങളും വ്യക്തിത്വവും പ്രതിഫലിപ്പിച്ചുകൊണ്ട്‌ കഴിയുന്നതും യഹോവയെ പോലെ ആയിരിക്കാൻ നാം ആഗ്രഹിക്കണം. (എഫെസ്യർ 5:1) തീർച്ചയായും, നാം ചെയ്യുന്ന സകലത്തിലും ദൈവത്തെ പ്രസാദിപ്പിക്കാൻ ദൈവഭക്തി നമ്മെ പ്രേരിപ്പിക്കുന്നു.​—⁠1 കൊരിന്ത്യർ 10:⁠31.

8. ദൈവഭക്തിയും അനന്യഭക്തിയും പരസ്‌പരം അടുത്തു ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

8 യഥാർഥ ദൈവഭക്തി ആചരിക്കുന്നതിനു നാം യഹോവയ്‌ക്ക്‌ അനന്യമായ ആരാധന നൽകണം. നമ്മുടെ ഹൃദയത്തിൽ അവനുള്ള സ്ഥാനം അപഹരിക്കാൻ നാം യാതൊന്നിനെയും അനുവദിക്കാൻ പാടില്ല. സ്രഷ്ടാവ്‌ എന്ന നിലയിൽ, നമ്മിൽനിന്ന്‌ അനന്യഭക്തി നിഷ്‌കർഷിക്കാനുള്ള അവകാശം അവനുണ്ട്‌. (ആവർത്തനപുസ്‌തകം 4:​24, NW; യെശയ്യാവു 42:8) എന്നിരുന്നാലും, തന്നെ ആരാധിക്കാൻ യഹോവ നമ്മെ നിർബന്ധിക്കുന്നില്ല. നമ്മുടെ സ്വമനസ്സാലെയുള്ള ഭക്തിയാണ്‌ അവൻ ആഗ്രഹിക്കുന്നത്‌. ദൈവത്തെ കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനത്തിൽ അധിഷ്‌ഠിതമായ അവനോടുള്ള സ്‌നേഹമാണു ജീവിതത്തെ ശുദ്ധമാക്കാനും അവനു നിരുപാധിക സമർപ്പണം നടത്താനും അതനുസരിച്ചു ജീവിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്‌.

ദൈവവുമായി ഒരു ബന്ധം വളർത്തിയെടുക്കുക

9, 10. ദൈവവുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാനും നിലനിറുത്താനും നമുക്ക്‌ എങ്ങനെ സാധിക്കും?

9 സ്‌നാപനമേറ്റുകൊണ്ട്‌ ദൈവത്തിനുള്ള നമ്മുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തിയ ശേഷവും അവനുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തെ കൂടുതൽ ദൃഢമാക്കാൻ നാം ശ്രമിക്കണം. അങ്ങനെ ചെയ്യാനും യഹോവയെ വിശ്വസ്‌തമായി സേവിക്കാനുമുള്ള നമ്മുടെ ആഗ്രഹം അവന്റെ വചനം പഠിക്കുന്നതിലും അതേക്കുറിച്ചു ധ്യാനിക്കുന്നതിലും തുടരാൻ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ മനസ്സിനെയും ഹൃദയത്തെയും സ്വാധീനിക്കാൻ നാം ദൈവാത്മാവിനെ അനുവദിക്കവേ, യഹോവയോടുള്ള നമ്മുടെ സ്‌നേഹം ആഴമുള്ളതായിത്തീരുന്നു. അവനുമായുള്ള ബന്ധം നമ്മുടെ ജീവിതത്തിലെ അതിപ്രധാന സംഗതിയായി തുടരുന്നു. നാം യഹോവയെ നമ്മുടെ ഉത്തമ സുഹൃത്തായി കണക്കാക്കുന്നു, എല്ലായ്‌പോഴും അവനെ പ്രസാദിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. (1 യോഹന്നാൻ 5:3) ദൈവവുമായുള്ള നമ്മുടെ ഊഷ്‌മള ബന്ധത്തിലെ നമ്മുടെ സന്തോഷം വർധിക്കുന്നു, അവൻ നമ്മെ സ്‌നേഹപൂർവം പ്രബോധിപ്പിക്കുകയും ആവശ്യമായിരിക്കുമ്പോൾ തിരുത്തുകയും ചെയ്യുന്നു.​—⁠ആവർത്തനപുസ്‌തകം 8:⁠5.

10 യഹോവയുമായുള്ള നമ്മുടെ അമൂല്യ ബന്ധത്തെ ശക്തിപ്പെടുത്താൻ നാം നിരന്തരം ശ്രമിക്കുന്നില്ലെങ്കിൽ, അതു ദുർബലമായിത്തീരാം. അങ്ങനെ സംഭവിച്ചാൽ അതു ദൈവത്തിന്റെ കുറ്റമല്ല. കാരണം, “അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല.” (പ്രവൃത്തികൾ 17:27) തന്നെ സമീപിക്കുന്നത്‌ യഹോവ ദുഷ്‌കരമാക്കിത്തീർക്കുന്നില്ല എന്നതിൽ നാം എത്ര സന്തുഷ്ടരാണ്‌! (1 യോഹന്നാൻ 5:14, 15) തീർച്ചയായും, യഹോവയുമായി വ്യക്തിപരമായ ഒരു അടുത്ത ബന്ധം നിലനിറുത്താൻ നാം ശ്രമിക്കേണ്ടതുണ്ട്‌. എന്നാൽ, ദൈവഭക്തി വളർത്തിയെടുക്കാനും അതു നിലനിറുത്താനും വേണ്ട എല്ലാ കരുതലുകളും നൽകിക്കൊണ്ട്‌, തന്നോടു കൂടുതൽ അടുത്തുവരാൻ അവൻ നമ്മെ സഹായിക്കുന്നു. (യാക്കോബ്‌ 4:8) സ്‌നേഹപൂർവകമായ ഈ കരുതലുകളെല്ലാം നമുക്ക്‌ എങ്ങനെ പൂർണമായി ഉപയോഗപ്പെടുത്താനാകും?

ആത്മീയമായി ബലിഷ്‌ഠരായി നിലകൊള്ളുക

11. നമ്മുടെ ദൈവഭക്തിയുടെ ചില പ്രകടനങ്ങൾ ഏവ?

11 ദൈവത്തോടുള്ള ആഴമായ സ്‌നേഹം, പൗലൊസിന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിൽ നമ്മുടെ ദൈവഭക്തിയുടെ ആഴം പ്രകടമാക്കാൻ നമ്മെ പ്രേരിപ്പിക്കും: “സത്യവചനം സൂക്ഷ്‌മമായി കൈകാര്യം ചെയ്‌തുകൊണ്ട്‌, ലജ്‌ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി, ദൈവത്തിന്‌ അംഗീകാരയോഗ്യനായി തിരുസന്നിധിയിൽ നില്‌പാൻ ശ്രമിക്കുക.” (2 തിമൊഥെയൊസ്‌ 2:​15, ന്യൂ ഇൻഡ്യാ ഭാഷാന്തരം) അതിന്‌, പതിവായ ബൈബിൾ പഠനവും യോഗഹാജരും വയൽശുശ്രൂഷയിലെ പങ്കുപറ്റലും ഉൾപ്പെട്ട ഒരു നല്ല ചര്യ നാം നിലനിറുത്തേണ്ടതുണ്ട്‌. യഹോവയോട്‌ ‘ഇടവിടാതെ പ്രാർഥി’ച്ചുകൊണ്ട്‌ അവനോട്‌ അടുത്തുനിൽക്കാനും നമുക്കു കഴിയും. (1 തെസ്സലൊനീക്യർ 5:17) ഇവ നമ്മുടെ ദൈവഭക്തിയുടെ അർഥവത്തായ പ്രകടനങ്ങളാണ്‌. ഇവയിൽ ഏതെങ്കിലും ഒന്ന്‌ അവഗണിക്കുന്ന പക്ഷം, ആത്മീയ രോഗം ബാധിച്ച്‌ നാം സാത്താന്റെ കുതന്ത്രങ്ങൾക്ക്‌ ഇരകളായിത്തീർന്നേക്കാം.​—⁠1 പത്രൊസ്‌ 5:⁠8.

12. പീഡാനുഭവങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക്‌ എങ്ങനെ വിജയകരമായി സഹിച്ചുനിൽക്കാൻ കഴിയും?

12 ആത്മീയമായി ബലിഷ്‌ഠരും പ്രവർത്തനനിരതരും ആയിരിക്കുന്നത്‌ നമ്മുടെമേൽ വരുന്ന നിരവധി പീഡാനുഭവങ്ങളെ നേരിടാനും നമ്മെ സഹായിക്കുന്നു. ഒരുപക്ഷേ നമ്മെ അങ്ങേയറ്റം പരീക്ഷിച്ചേക്കാവുന്ന ഉറവിടങ്ങളിൽനിന്നായിരിക്കാം അവ വരുന്നത്‌. നിസ്സംഗതയും എതിർപ്പും പീഡനവും അടുത്ത കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽനിന്നും അയൽക്കാരിൽനിന്നുമാണ്‌ ഉണ്ടാകുന്നതെങ്കിൽ സഹിച്ചുനിൽക്കുക ഏറെ ദുഷ്‌കരമായിരുന്നേക്കാം. നമ്മുടെ ക്രിസ്‌തീയ തത്ത്വങ്ങൾ ബലി കഴിക്കാനുള്ള കുടില സമ്മർദങ്ങൾ ജോലിസ്ഥലത്തോ സ്‌കൂളിലോ ഉണ്ടായേക്കാം. നിരുത്സാഹവും രോഗവും വിഷാദവും നമ്മെ ശാരീരികമായി ദുർബലരാക്കുകയും വിശ്വാസത്തിന്റെ പരിശോധനകളെ സഹിച്ചുനിൽക്കുക കൂടുതൽ പ്രയാസകരമാക്കുകയും ചെയ്‌തേക്കാം. ‘ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ട്‌ വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കുന്നതിൽ’ തുടരുന്നെങ്കിൽ, ഏതുതരം പീഡാനുഭവങ്ങൾ ഉണ്ടായാലും വിജയകരമായി സഹിച്ചുനിൽക്കാൻ നമുക്കു സാധിക്കും. (2 പത്രൊസ്‌ 3:11, 12) ദൈവാനുഗ്രഹം സംബന്ധിച്ച്‌ ഉറപ്പുള്ളവരായിരുന്നുകൊണ്ട്‌ അങ്ങനെ ചെയ്യുന്നതിലെ സന്തോഷം നമുക്കു നിലനിറുത്താൻ കഴിയും.​—⁠സദൃശവാക്യങ്ങൾ 10:⁠22, ന്യൂ ഇൻഡ്യാ ഭാഷാന്തരം.

13. ദൈവഭക്തി ആചരിക്കുന്നതിൽ തുടരണമെങ്കിൽ നാം എന്തു ചെയ്യേണ്ടതുണ്ട്‌?

13 ദൈവഭക്തി ആചരിക്കുന്നവരെയാണ്‌ സാത്താൻ ലക്ഷ്യമാക്കുന്നതെങ്കിലും, നാം ഭയപ്പെടേണ്ടതില്ല. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ‘ദൈവഭക്തിയുള്ള ആളുകളെ പരിശോധനയിൽനിന്ന്‌ എങ്ങനെ വിടുവിക്കാമെന്നു യഹോവയ്‌ക്ക്‌ അറിയാം.’ (2 പത്രൊസ്‌ 2:⁠9, NW) പീഡാനുഭവങ്ങൾ സഹിച്ചുനിൽക്കാനും അത്തരം വിടുതൽ അനുഭവിക്കാനും നാം ‘ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ച്‌ ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കേണ്ടതുണ്ട്‌.’ (തീത്തൊസ്‌ 2:13) ജഡിക മോഹങ്ങൾ ഉൾപ്പെടുന്ന ഏതു ബലഹീനതകളും പ്രവർത്തനങ്ങളും നമ്മുടെ ദൈവഭക്തിയെ കടന്നാക്രമിച്ച്‌ അതിനെ നശിപ്പിക്കാതിരിക്കാൻ ക്രിസ്‌ത്യാനികളായ നാം ജാഗ്രത പുലർത്തണം. ആ ഭീഷണികളിൽ ചിലതു നമുക്കു പരിശോധിക്കാം.

ദൈവഭക്തിക്കുള്ള ഭീഷണികൾ സംബന്ധിച്ചു ജാഗ്രത പുലർത്തുക

14. ഭൗതികാസക്തി എന്ന കെണി നമുക്കു പ്രലോഭനം ആയിത്തീരുന്നെങ്കിൽ, നാം എന്ത്‌ ഓർക്കണം?

14 ഭൗതികാസക്തി പലർക്കും ഒരു കെണിയാണ്‌. ‘ദൈവഭക്തി [ഭൗതികമായി] ആദായകരം എന്നു വിചാരിച്ചുകൊണ്ട്‌’ നാം നമ്മെത്തന്നെ കബളിപ്പിച്ചേക്കാം. അങ്ങനെ, സഹവിശ്വാസികൾക്കു നമ്മുടെ മേലുള്ള വിശ്വാസത്തെ അനുചിതമായി മുതലെടുക്കാൻ നാം ധൈര്യപ്പെട്ടേക്കാം. (1 തിമൊഥെയൊസ്‌ 6:5) തിരിച്ചടയ്‌ക്കാൻ കഴിയില്ലെന്ന്‌ അറിയാമെങ്കിലും നമുക്ക്‌ പണം കടം നൽകാൻ ഒരു ധനിക ക്രിസ്‌ത്യാനിയെ നിർബന്ധിക്കുന്നതിൽ യാതൊരു കുഴപ്പവും ഇല്ലെന്നു നാം തെറ്റായി നിഗമനം ചെയ്‌തേക്കാം. (സങ്കീർത്തനം 37:21) ഭൗതിക വസ്‌തുക്കളുടെ സമ്പാദനമല്ല, മറിച്ച്‌ ദൈവഭക്തിയാണ്‌ ‘ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്‌ദത്തം’ വെച്ചുനീട്ടുന്നത്‌. (1 തിമൊഥെയൊസ്‌ 4:8) ‘ഈ ലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നില്ല, ഇവിടെനിന്നു ഒന്നും കൊണ്ടുപോകാനും കഴിയില്ല.’ അതിനാൽ “സംതൃപ്‌തിയോടുകൂടിയ ദൈവഭക്‌തി” പിന്തുടരാനും ‘ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ അതുകൊണ്ടു തൃപ്‌തിപ്പെടാനും’ നമുക്കു ദൃഢചിത്തരായിരിക്കാം.​—⁠1 തിമൊഥെയൊസ്‌ 6:6-11, ന്യൂ ഇൻഡ്യാ ഭാഷാന്തരം.

15. ഉല്ലാസത്വര ദൈവഭക്തിക്കു ഭീഷണിയാകുന്നെങ്കിൽ, നമുക്ക്‌ എന്തു ചെയ്യാനാകും?

15 ഉല്ലാസത്വര ദൈവഭക്തിയെ ഞെരുക്കിക്കളഞ്ഞേക്കാം. ഇക്കാര്യത്തിൽ നാം അടിയന്തിരമായ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടോ? ശാരീരിക പരിശീലനത്തിൽനിന്നും വിനോദത്തിൽനിന്നും കുറെയൊക്കെ പ്രയോജനങ്ങൾ ലഭിച്ചേക്കാം എന്നതു ശരിതന്നെ. എന്നാൽ, നിത്യജീവനോടുള്ള താരതമ്യത്തിൽ അത്തരം പ്രയോജനങ്ങൾ നിസ്സാരമാണ്‌. (1 യോഹന്നാൻ 2:25) ഇന്നു പലരും ‘ദൈവത്തെ സ്‌നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളിൽ ആസക്തിയുള്ളവർ’ ആണ്‌, അവർ ‘ഭക്‌തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട്‌ അതിന്റെ ചൈതന്യത്തെ നിഷേധിക്കുന്നു.’ അത്തരക്കാരെ നാം ഒഴിവാക്കേണ്ടതുണ്ട്‌. (2 തിമൊഥെയൊസ്‌ 3:4, 5, പി.ഒ.സി. ബൈബിൾ) ദൈവഭക്തിക്കു പ്രാധാന്യം കൊടുക്കുന്നവർ ‘സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്ളുന്നു.’​—⁠1 തിമൊഥെയൊസ്‌ 6:⁠19.

16. പാപപൂർണമായ ഏതു മോഹങ്ങൾ ദൈവത്തിന്റെ നീതിയുള്ള വ്യവസ്ഥകളനുസരിച്ചു ജീവിക്കുന്നതിൽനിന്നു ചിലരെ തടയുന്നു, ആ മോഹങ്ങളുടെമേൽ നമുക്ക്‌ എങ്ങനെ ജയം നേടാൻ കഴിയും?

16 മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗം, അധാർമികത, പാപപൂർണമായ വാഞ്‌ഛകൾ തുടങ്ങിയവയ്‌ക്കു നമ്മുടെ ദൈവഭക്തിയെ നശിപ്പിക്കാനാകും. അത്തരം സംഗതികൾക്കു വഴിപ്പെടുന്നതു ദൈവത്തിന്റെ നീതിനിഷ്‌ഠമായ വ്യവസ്ഥകൾക്കു ചേർച്ചയിൽ ജീവിക്കുന്നതിനു നമുക്കു തടസ്സമാകും. (1 കൊരിന്ത്യർ 6:9, 10; 2 കൊരിന്ത്യർ 7:1) പൗലൊസിനു പോലും പാപപൂർണമായ ജഡത്തോടു നിരന്തര പോരാട്ടം ഉണ്ടായിരുന്നു. (റോമർ 7:21-25) തെറ്റായ മോഹങ്ങൾ പിഴുതുകളയാൻ ശക്തമായ നടപടികൾ ആവശ്യമാണ്‌. ധാർമികമായി ശുദ്ധരായിരിക്കാൻ നാം ദൃഢചിത്തരായിരിക്കണം എന്നതാണ്‌ ഒരു സംഗതി. പൗലൊസ്‌ നമ്മോടു പറയുന്നു: “ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.” (കൊലൊസ്സ്യർ 3:5) പാപപൂർണമായ സംഗതികൾ സംബന്ധിച്ചു നമ്മുടെ ശരീരാവയവങ്ങളെ മരിപ്പിക്കുന്നതിൽ അത്തരം സംഗതികളെ തുടച്ചുനീക്കിക്കൊണ്ട്‌ ഇല്ലായ്‌മ ചെയ്യാൻ തക്കവണ്ണമുള്ള ദൃഢനിശ്ചയം അനിവാര്യമാണ്‌. ദൈവത്തിന്റെ സഹായത്തിനായുള്ള ആത്മാർഥമായ പ്രാർഥന, തെറ്റായ മോഹങ്ങളെ വർജിക്കാനും ഈ ദുഷ്ടവ്യവസ്ഥിതിയിൽ നീതിയും ദൈവഭക്തിയും പിന്തുടരാനും നമ്മെ പ്രാപ്‌തരാക്കും.

17. നാം ശിക്ഷണത്തെ എങ്ങനെ വീക്ഷിക്കണം?

17 നിരുത്സാഹത്തിനു നമ്മുടെ സഹിഷ്‌ണുതയെ ദുർബലപ്പെടുത്താനും ദൈവഭക്തിയുടെമേൽ ഹാനികരമായ ഫലം ഉളവാക്കാനും കഴിയും. യഹോവയുടെ ദാസന്മാരിൽ പലർക്കും നിരുത്സാഹം ഉണ്ടായിട്ടുണ്ട്‌. (സംഖ്യാപുസ്‌തകം 11:11-15; എസ്രാ 4:4; യോനാ 4:3) നിരുത്സാഹത്തിനു നമ്മുടെമേൽ നാശകരമായ ഒരു ഫലം ഉളവാക്കാനാകും, നാം വ്രണിതരാക്കപ്പെട്ടെന്ന തോന്നൽ മൂലമോ കടുത്ത ശാസന അല്ലെങ്കിൽ ശിക്ഷണം ലഭിച്ചതു മൂലമോ ഉള്ള നീരസവും നിരുത്സാഹത്തോടൊപ്പം ഉണ്ടെങ്കിൽ വിശേഷിച്ചും. എന്നിരുന്നാലും, ശാസനയും ശിക്ഷണവും ദിവ്യ താത്‌പര്യത്തിന്റെയും സ്‌നേഹപുരസ്സരമായ കരുതലിന്റെയും തെളിവാണ്‌. (എബ്രായർ 12:5-7, 10, 11) കേവലം ശിക്ഷയായിട്ടല്ല, മറിച്ച്‌ നീതിയുടെ മാർഗത്തിലുള്ള നമ്മുടെ പരിശീലനമായിട്ടാണു നാം ശിക്ഷണത്തെ കാണേണ്ടത്‌. താഴ്‌മയുള്ളവരാണെങ്കിൽ, “പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗം’ ആണെന്നു തിരിച്ചറിഞ്ഞുകൊണ്ടു നാം ബുദ്ധിയുപദേശം വിലമതിക്കുകയും സ്വീകരിക്കുകയും ചെയ്യും. (സദൃശവാക്യങ്ങൾ 6:23) ദൈവഭക്തി പിന്തുടരുന്നതിൽ നല്ല ആത്മീയ പുരോഗതി വരുത്താൻ ഇതു നമ്മെ സഹായിക്കും.

18. വ്രണിത വികാരങ്ങളുടെ കാര്യത്തിൽ നമുക്ക്‌ എന്ത്‌ ഉത്തരവാദിത്വം ഉണ്ട്‌?

18 തെറ്റിദ്ധാരണകളും വ്രണിത വികാരങ്ങളും നമ്മുടെ ദൈവഭക്തിക്ക്‌ ഒരു ഭീഷണി ആയിരിക്കാവുന്നതാണ്‌. അവ ഉത്‌കണ്‌ഠ ഉളവാക്കുകയോ തങ്ങളുടെ ആത്മീയ സഹോദരങ്ങളിൽനിന്നു സ്വയം ഒറ്റപ്പെടുത്തുന്ന ജ്ഞാനരഹിതമായ പടി സ്വീകരിക്കാൻ ചിലരെ പ്രേരിപ്പിക്കുകയോ ചെയ്‌തേക്കാം. (സദൃശവാക്യങ്ങൾ 18:1) എന്നാൽ മറ്റുള്ളവർക്കു നേരെ നീരസമോ വിദ്വേഷമോ വെച്ചുകൊണ്ടിരിക്കുന്നത്‌ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ഓർത്തിരിക്കുന്നതു നല്ലതാണ്‌. (ലേവ്യപുസ്‌തകം 19:18) വാസ്‌തവത്തിൽ, “താൻ കണ്ടിട്ടുള്ള സഹോദരനെ സ്‌നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്‌നേഹിപ്പാൻ കഴിയുന്നതല്ല.” (1 യോഹന്നാൻ 4:20) വ്യക്തികൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കുന്നതിനു സത്വര നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യത്തിനു ഗിരിപ്രഭാഷണത്തിൽ യേശു ഊന്നൽ കൊടുത്തു. തന്റെ ശ്രോതാക്കളോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.” (മത്തായി 5:23, 24) നിർദയമായ ഒരു വാക്കോ പ്രവൃത്തിയോ മൂലമുണ്ടായ ഒരു മുറിവ്‌ ഉണങ്ങാൻ ക്ഷമാപണം സഹായിച്ചേക്കാം. നാം ക്ഷമ ചോദിക്കുകയും കാര്യങ്ങൾ അനുചിതമായി കൈകാര്യം ചെയ്‌തെന്നു സമ്മതിക്കുകയും ചെയ്യുന്നപക്ഷം മുറിവ്‌ ഉണങ്ങാനും സമാധാനപരമായ ബന്ധങ്ങൾ പുനഃസ്ഥിതീകരിക്കാനും കഴിയും. പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച്‌ യേശു മറ്റൊരു ബുദ്ധിയുപദേശവും നൽകി. (മത്തായി 18:15-17) പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ വിജയിക്കുമ്പോൾ നാം എത്രയധികം സന്തോഷിക്കുന്നു!​—⁠റോമർ 12:18; എഫെസ്യർ 4:26, 27.

യേശുവിന്റെ മാതൃക പിൻപറ്റുക

19. യേശുവിന്റെ മാതൃക അനുകരിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 നമുക്കു തീർച്ചയായും പരിശോധനകൾ ഉണ്ടാകും. എന്നാൽ നിത്യജീവനു വേണ്ടിയുള്ള ഓട്ടത്തിൽനിന്ന്‌ അവ നമ്മെ പിന്തിരിപ്പിക്കേണ്ടതില്ല. യഹോവയ്‌ക്കു നമ്മെ പീഡാനുഭവങ്ങളിൽനിന്നു വിടുവിക്കാൻ കഴിയുമെന്ന്‌ ഓർക്കുക. ‘സകല ഭാരവും വിട്ട്‌ നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ [“സഹിഷ്‌ണുതയോടെ,” NW] ഓടവേ,’ നമുക്കു ‘വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കാം.’ (എബ്രായർ 12:1-3) യേശുവിന്റെ മാതൃക സൂക്ഷ്‌മമായി പരിശോധിക്കുകയും വാക്കിലും പ്രവൃത്തിയിലും അവനെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതു ദൈവഭക്തി നട്ടുവളർത്താനും വർധിച്ച അളവിൽ അതു പ്രകടമാക്കാനും നമ്മെ സഹായിക്കും.

20. സഹിഷ്‌ണുതയും ദൈവഭക്തിയും പിന്തുടരുന്നതിന്റെ പ്രതിഫലങ്ങൾ ഏവ?

20 നമ്മുടെ രക്ഷ ഉറപ്പാക്കുന്നതിൽ സഹിഷ്‌ണുതയും ദൈവഭക്തിയും ഒരുപോലെ പ്രധാനമാണ്‌. ഈ അമൂല്യ ഗുണങ്ങൾ പ്രകടമാക്കുകവഴി ദൈവത്തിനുള്ള നമ്മുടെ വിശുദ്ധ സേവനത്തിൽ നമുക്കു വിശ്വസ്‌തരായി തുടരാൻ കഴിയും. നാം സഹിച്ചുനിൽക്കുകയും ദൈവഭക്തി ആചരിക്കുകയും ചെയ്‌തിരിക്കുന്നതിനാൽ, പരിശോധനകൾ ഉണ്ടാകുമ്പോൾ പോലും, യഹോവയുടെ വാത്സല്യവും അനുഗ്രഹവും ആസ്വദിക്കവേ നമുക്കു സന്തുഷ്ടി കൈമുതലായി ലഭിക്കും. (യാക്കോബ്‌ 5:11) മാത്രമല്ല, “നിങ്ങൾ സഹിഷ്‌ണുതകൊണ്ടു നിങ്ങളുടെ ജീവനെ നേടും” എന്ന ഉറപ്പ്‌ യേശുതന്നെ നമുക്ക്‌ നൽകുന്നു.​—⁠ലൂക്കൊസ്‌ 21:⁠19, ന്യൂ ഇൻഡ്യാ ഭാഷാന്തരം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• സഹിഷ്‌ണുത പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• എന്താണു ദൈവഭക്തി, അതു പ്രകടമാക്കപ്പെടുന്നത്‌ എങ്ങനെ?

• ദൈവവുമായി ഒരു അടുത്ത ബന്ധം നട്ടുവളർത്താനും നിലനിറുത്താനും എങ്ങനെ കഴിയും?

• നമ്മുടെ ദൈവഭക്തിയെ അപകടപ്പെടുത്തിയേക്കാവുന്ന ചില സംഗതികൾ ഏവ, നമുക്ക്‌ അവ എങ്ങനെ ഒഴിവാക്കാനാകും?

[അധ്യയന ചോദ്യങ്ങൾ]

[12, 13 പേജുകളിലെ ചിത്രങ്ങൾ]

അനേകം വിധങ്ങളിൽ ദൈവഭക്തി പ്രകടമാക്കപ്പെടുന്നു

[14-ാം പേജിലെ ചിത്രങ്ങൾ]

നിങ്ങളുടെ ദൈവ ഭക്തിക്കുള്ള ഭീഷണികൾ സംബന്ധിച്ചു ജാഗ്രത പുലർത്തുക