അന്ധവിശ്വാസങ്ങൾ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?
അന്ധവിശ്വാസങ്ങൾ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?
അന്ധവിശ്വാസങ്ങൾ ലോകമെമ്പാടുമുണ്ട്. സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമെന്ന നിലയിൽ അവയ്‌ക്കു ചിലപ്പോൾ വലിയ മൂല്യം കൽപ്പിക്കപ്പെടുന്നു. അല്ലെങ്കിൽ ഒരുപക്ഷേ, ജീവിതത്തെ രസകരമാക്കുന്നതും എന്നാൽ അപ്രധാനവുമായ കാര്യങ്ങളെന്ന നിലയിൽ അവ വീക്ഷിക്കപ്പെട്ടേക്കാം. പാശ്ചാത്യർ അന്ധവിശ്വാസങ്ങളെ പൊതുവേ സംശയദൃഷ്ടിയോടെയാണു കാണുന്നത്. ആഫ്രിക്ക പോലുള്ള മറ്റിടങ്ങളിൽ അന്ധവിശ്വാസങ്ങൾക്ക് മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കാൻ കഴിയും.
മിക്ക ആഫ്രിക്കൻ സംസ്‌കാരങ്ങളും അന്ധവിശ്വാസത്തിൽ വേരൂന്നിയവയാണ്. അന്ധവിശ്വാസങ്ങളെയും മാന്ത്രികവിദ്യ, പൂർവികാരാധന, ഏലസ്സു ജപിച്ചുകെട്ടൽ തുടങ്ങിയ ഗൂഢവിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളെയുമാണ് ആഫ്രിക്കയിലെ ചലച്ചിത്രങ്ങളും റേഡിയോ പരിപാടികളും സാഹിത്യങ്ങളും വിശേഷവത്‌കരിക്കുന്നത്. ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ ആളുകളെ ഇത്രയധികം സ്വാധീനിക്കുന്നത് എന്തുകൊണ്ട്? അന്ധവിശ്വാസങ്ങൾ ഉത്ഭവിക്കുന്നത് എവിടെനിന്നാണ്?
അന്ധവിശ്വാസങ്ങളുടെ ഉറവ് എന്താണ്?
അടിസ്ഥാനപരമായി, മരിച്ചവരുടെ ആത്മാക്കളോടോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ആത്മാക്കളോടോ ഉള്ള ഭയത്തിൽനിന്നാണ് മിക്ക അന്ധവിശ്വാസങ്ങളും ഉടലെടുക്കുന്നത്. ഭീഷണി, മുന്നറിയിപ്പ്, അനുഗ്രഹം തുടങ്ങിയവയിലൂടെ ജീവിച്ചിരിക്കുന്നവരുമായി സമ്പർക്കത്തിൽ വരാനുള്ള ഈ ആത്മാക്കളുടെ ശ്രമമായി ഓരോരോ സംഭവങ്ങൾ വ്യാഖ്യാനിക്കപ്പെടുന്നു.
സൗഖ്യമാക്കലും ചികിത്സയുമായും അന്ധവിശ്വാസങ്ങൾക്ക് അടുത്ത ബന്ധമുണ്ട്. വികസ്വര ലോകത്തെ മിക്കവരെ സംബന്ധിച്ചും, ആധുനിക ചികിത്സ വളരെ ചെലവേറിയതാണ്, അത് അവരുടെ എത്തുപാടിലുമല്ല. അതുകൊണ്ട്, അനേകർ പരമ്പരാഗത ആചാരങ്ങൾ, ആത്മവിദ്യ, അന്ധവിശ്വാസങ്ങൾ എന്നിവയിലൂടെ രോഗനിവാരണം തേടുകയോ രോഗപ്രതിരോധ മാർഗങ്ങൾക്കായി ശ്രമിക്കുകയോ ചെയ്യുന്നു. പാശ്ചാത്യ ചികിത്സാരീതി പ്രയോഗിക്കുന്ന ഒരു ഡോക്ടറുടെ അടുക്കൽ പോകുന്നതിനെക്കാൾ തങ്ങളുടെ ആചാരവും ഭാഷയും അറിയാവുന്ന ഒരു മന്ത്രവാദ വൈദ്യന്റെ അടുക്കൽ പോകുന്നതാണ് അവർക്ക് ഏറെ ഇഷ്ടം. അന്ധവിശ്വാസം അങ്ങനെ നിർബാധം തഴച്ചുവളരുന്നു.
രോഗവും അപകടങ്ങളും യാദൃച്ഛിക സംഭവങ്ങൾ അല്ലെന്നും അവ ആത്മമണ്ഡലത്തിലെ ശക്തികളുടെ പ്രവർത്തനഫലമാണെന്നും പരമ്പരാഗത അന്ധവിശ്വാസം വെച്ചുപുലർത്തുന്നവർ വിശ്വസിക്കുന്നു. മരിച്ചുപോയ പൂർവികൻ എന്തോ കാര്യത്തെ പ്രതി അസ്വസ്ഥനാണെന്ന് മന്ത്രവാദ വൈദ്യൻ അവകാശപ്പെട്ടേക്കാം. അല്ലെങ്കിൽ മറ്റാരോ വേറൊരു മന്ത്രവാദിയെക്കൊണ്ട് കൂടോത്രം ചെയ്യിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് രോഗം അല്ലെങ്കിൽ ആപത്ത് വന്നുഭവിച്ചതെന്നും ആത്മമധ്യവർത്തികൾ സൂചിപ്പിച്ചേക്കാം.
ലോകമെമ്പാടും അന്ധവിശ്വാസങ്ങൾക്കു വലിയ അന്തരമുണ്ട്. അവയുടെ വ്യാപനം പ്രാദേശിക നാടോടിക്കഥകളെയും ഐതിഹ്യങ്ങളെയും സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഈ അന്ധവിശ്വാസങ്ങൾക്കെല്ലാം പൊതുവായ ഒരു ഘടകമുണ്ട്, അദൃശ്യ ആത്മ ലോകത്തുനിന്നുള്ള ആരെയെങ്കിലും അല്ലെങ്കിൽ എന്തിനെയെങ്കിലും പ്രസാദിപ്പിക്കണമെന്ന വിശ്വാസം.
അന്ധവിശ്വാസങ്ങൾ നിർദോഷകരമോ അപകടകരമോ?
ഇരട്ടക്കുട്ടികളുടെ ജനനം മിക്ക കുടുംബങ്ങളെ സംബന്ധിച്ചും അത്യപൂർവവും സന്തോഷകരവുമായ ഒരു സംഭവമാണ്. എങ്കിലും, അന്ധവിശ്വാസികൾ അതിനെ ഒരു
ലക്ഷണമായി വ്യാഖ്യാനിച്ചേക്കാം. പശ്ചിമാഫ്രിക്കയിലെ ചില പ്രദേശങ്ങളിൽ, മിക്കവരും അത് ദൈവങ്ങളുടെ ജനനമാണെന്നു കരുതി ഇരട്ടകളെ ആരാധിക്കുന്നു. കുടുംബാംഗങ്ങൾ ഇരട്ടകളുടെ ചെറിയ പ്രതിമകൾ ഉണ്ടാക്കി അവയ്‌ക്ക് ആഹാരം നിവേദിക്കണം. ഇരട്ടകളിൽ ഒന്നോ അല്ലെങ്കിൽ രണ്ടുമോ മരിച്ചുപോയാലും അതു നിർബന്ധമാണ്. മറ്റൊരു സ്ഥലത്ത്, ഇരട്ടക്കുട്ടികൾ ജനിക്കുന്നതു ശാപമായി വീക്ഷിക്കപ്പെടുന്നു, അതിന്റെ ഫലമായി ചില മാതാപിതാക്കൾ അവയിൽ ഒന്നിനെ കൊന്നുകളയുകപോലും ചെയ്യും. എന്താണ് കാരണം? ഇരട്ടകൾ ജീവിക്കാനിടയായാൽ ഒരു ദിവസം അവർ മാതാപിതാക്കളെ വധിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.ചില അന്ധവിശ്വാസങ്ങൾ രസകരവും ഹാനികരമല്ലാത്തതും ആയിരിക്കാമെങ്കിലും ചിലത് അപകടകരവും മാരകംപോലുമാണെന്ന് ഇതുപോലുള്ള ഉദാഹരണങ്ങൾ തെളിയിക്കുന്നു. ഹാനികരമല്ലാത്ത ഒരു കാര്യത്തെ അശുഭകരമായ വ്യാഖ്യാനംകൊണ്ട് അപകടകരമാക്കി മാറ്റാൻ കഴിയും.
അതേ, അന്ധവിശ്വാസം എന്നത് യഥാർഥത്തിൽ ഒരു വിശ്വാസം, ഒരു മതരൂപം ആണ്. അന്ധവിശ്വാസത്തിന്റെ ഹാനികരമായ വശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഇപ്രകാരം ചോദിക്കുന്നത് ഈ അവസരത്തിൽ പ്രധാനമാണ്: അന്ധവിശ്വാസങ്ങളിലൂടെയും അതുമായി ബന്ധപ്പെട്ട ആചാരങ്ങളിലൂടെയും വാസ്‌തവത്തിൽ ആർക്കാണു പ്രയോജനം?
അന്ധവിശ്വാസങ്ങളുടെ ഉറവ്
സാത്താൻ സ്ഥിതിചെയ്യുന്നുവെന്നതിനു തെളിവുണ്ടെങ്കിലും, സാത്താന്റെയോ ദുഷ്ടാത്മാക്കളുടെയോ അസ്‌തിത്വം തള്ളിക്കളയാൻ ഇക്കാലത്ത് അനേകരും പ്രവണത കാണിക്കുന്നു. എന്നിരുന്നാലും, യുദ്ധസമയത്ത് അപകടകാരിയായ ഒരു ശത്രു സ്ഥിതിചെയ്യുന്നുണ്ടെന്ന് അംഗീകരിക്കാതിരുന്നാൽ അതു വിപത്തിലേ കലാശിക്കൂ. ഇതേ സംഗതി മനുഷ്യാതീത ആത്മ ജീവികളുമായുള്ള പോരാട്ടത്തിന്റെ കാര്യത്തിലും സത്യമായിരിക്കാൻ കഴിയും. കാരണം, അപ്പൊസ്‌തലനായ പൗലൊസ് എഴുതി: ‘നമുക്കു പോരാട്ടം ഉള്ളതു ദുഷ്ടാത്മസേനയോട് അത്രേ.’—എഫെസ്യർ 6:12.
നമുക്കു കാണാനാവില്ലെങ്കിലും ദുഷ്ടാത്മ വ്യക്തികൾ തീർച്ചയായും സ്ഥിതിചെയ്യുന്നുണ്ട്. ഒരു ശബ്ദവിഡംബകൻ ഒരു പാവയെ ഉപയോഗിക്കുന്നതുപോലെ, ആദ്യ സ്‌ത്രീയായ ഹവ്വായുമായി ആശയവിനിമയം നടത്താനും അവളെ ദൈവത്തിനെതിരെ മത്സരിപ്പിക്കാനും ഒരു അദൃശ്യ വ്യക്തി ഒരു സർപ്പത്തെ ഉപയോഗിച്ചുവെന്ന് ബൈബിൾ വ്യക്തമായി വിവരിക്കുന്നു. (ഉല്‌പത്തി 3:1-5) ബൈബിൾ ഈ ആത്മവ്യക്തിയെ, ‘ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പ്’ ആയി തിരിച്ചറിയിക്കുന്നു. (വെളിപ്പാടു 12:9) ആ ഒരുവനായ സാത്താൻ മറ്റനേക ദൂതന്മാരെ വശീകരിച്ച് മത്സരത്തിൽ തന്റെ പക്ഷം ചേർക്കുന്നതിൽ വിജയിച്ചു. (യൂദാ 6) ഈ ദുഷ്ട ദൂതന്മാർ, ഭൂതങ്ങൾ, ദൈവത്തിന്റെ ശത്രുക്കൾ ആയിത്തീർന്നു.
യേശു മനുഷ്യരിൽനിന്നു ഭൂതങ്ങളെ പുറത്താക്കി, അവന്റെ അപ്പൊസ്‌തലന്മാരും അങ്ങനെ ചെയ്‌തു. (മർക്കൊസ് 1:34; പ്രവൃത്തികൾ 16:18) ഈ ആത്മാക്കൾ മരിച്ചുപോയ പൂർവികരല്ല, കാരണം, ‘മരിച്ചവർ ഒന്നും അറിയുന്നില്ല.’ (സഭാപ്രസംഗി 9:5) യഥാർഥത്തിൽ അവർ സാത്താൻ വഴിതെറ്റിച്ച, മത്സരികളായ ദൂതന്മാരാണ്. അവരുമായി സമ്പർക്കത്തിൽ വരുന്നതിനെയോ അവരുടെ സ്വാധീനങ്ങൾക്കു വഴിപ്പെടുന്നതിനെയോ നിസ്സാരമായി കാണരുത്. കാരണം, അവർ അവരുടെ നേതാവായ പിശാചായ സാത്താനെപ്പോലെ നമ്മെ വിഴുങ്ങിക്കളയാൻ ആഗ്രഹിക്കുന്നു. (1 പത്രൊസ് 5:8) മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശയായ ദൈവരാജ്യത്തിൽനിന്നു നമ്മെ അകറ്റിക്കളയുക എന്നതാണ് അവരുടെ ലക്ഷ്യം.
സാത്താനും അവന്റെ ഭൂതങ്ങളും ആളുകളെ വഴിതെറ്റിക്കാൻ ഉപയോഗിക്കുന്ന ഒരു മാർഗം ബൈബിൾ വെളിപ്പെടുത്തുന്നുണ്ട്: “സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.” (2 കൊരിന്ത്യർ 11:14) മെച്ചപ്പെട്ട ജീവിതരീതി പ്രദാനം ചെയ്യാൻ തനിക്കാകുമെന്ന് ആളുകളെ വിശ്വസിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്, ദുഷ്ടാത്മാക്കളുടെ സഹായത്താൽ ചില താത്‌കാലിക പ്രയോജനങ്ങൾ ലഭിക്കുന്നതായി തോന്നിയേക്കാം. എന്നാൽ, നിലനിൽക്കുന്ന പ്രശ്‌ന പരിഹാരങ്ങൾ നൽകാൻ അവർക്കാകില്ല. (2 പത്രൊസ് 2:4) ആർക്കെങ്കിലും നിത്യജീവൻ നൽകാൻ അവർക്കു സാധിക്കില്ല, വളരെ പെട്ടെന്നുതന്നെ അവർ നശിപ്പിക്കപ്പെടാൻ പോകുകയാണ്. (റോമർ 16:20) നിത്യജീവന്റെയും യഥാർഥ സന്തുഷ്ടിയുടെയും ദുഷ്ടാത്മ സേനകൾക്കെതിരെയുള്ള ഏറ്റവും നല്ല സംരക്ഷണത്തിന്റെയും ഉറവ് നമ്മുടെ സ്രഷ്ടാവ് മാത്രമാണ്.—യാക്കോബ് 4:7.
ആത്മവിദ്യയിലൂടെ സഹായം തേടുന്നതിനെ ദൈവം കുറ്റംവിധിക്കുന്നു. (ആവർത്തനപുസ്‌തകം 18:10-12; 2 രാജാക്കന്മാർ 21:6) അങ്ങനെ ചെയ്യുന്നതിലൂടെ ശത്രുവുമായി കൂട്ടുകെട്ടുണ്ടാക്കുകയും ദൈവത്തെ തള്ളിക്കളയുന്നവരുമായി സമ്പർക്കത്തിലാകുകയുമാണു ചെയ്യുന്നത്! ജാതകം നോക്കുകയോ മന്ത്രവാദികളോട് ആലോചന കഴിക്കുകയോ അന്ധവിശ്വാസപരമായ ഏതെങ്കിലും ആചാരങ്ങളിൽ ഉപരിപ്ലവമായി ഏർപ്പെടുകയോ ചെയ്യുന്നെങ്കിൽ, ജീവിതത്തിൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾ ദുഷ്ടാത്മാക്കളെ അനുവദിക്കുകയാണ്. അവരോടു ചേർന്നു ദൈവത്തിനെതിരെ മത്സരിക്കുന്നതിനു തുല്യമാണ് അത്.
ദുഷ്ടാത്മാക്കളിൽനിന്നുള്ള സംരക്ഷണം—അതു സാധ്യമോ?
നൈജറിൽ താമസിക്കുന്ന ആഡെയുടെ അനുഭവം ശ്രദ്ധിക്കുക. * യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ പ്രസംഗകൻ അദ്ദേഹത്തെ ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. തന്റെ കടയിൽ ഒരു മന്ത്രത്തകിട് സൂക്ഷിച്ചിരുന്നതിന്റെ കാരണം ആഡെ വിശദീകരിച്ചു: “[എനിക്ക്] ധാരാളം ശത്രുക്കളുണ്ട്.” യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ മാത്രമേ യഥാർഥ സംരക്ഷണം ലഭിക്കുകയുള്ളൂവെന്ന് ബൈബിൾ അധ്യാപകൻ ആഡെയെ കാണിച്ചുകൊടുത്തു. തുടർന്ന് അദ്ദേഹം ആഡെയെ സങ്കീർത്തനം 34:7 വായിച്ചു കേൾപ്പിച്ചു. അവിടെ ഇപ്രകാരം പറയുന്നു: “യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുററും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.” ആഡെ ഈ നിഗമനത്തിലെത്തി: “യഹോവയ്‌ക്ക് യഥാർഥത്തിൽ എന്നെ സംരക്ഷിക്കാൻ കഴിയുമെങ്കിൽ ഞാൻ മന്ത്രത്തകിട് നീക്കം ചെയ്യും.” വർഷങ്ങൾക്കു ശേഷം ഇപ്പോൾ അദ്ദേഹം ഒരു മൂപ്പനും മുഴുസമയ ശുശ്രൂഷകനുമായി സേവിക്കുന്നു. അദ്ദേഹത്തിന്റെ ശത്രുക്കളിൽ ഒരാൾപോലും അദ്ദേഹത്തെ ഉപദ്രവിച്ചിട്ടില്ല.
അന്ധവിശ്വാസികളായിരുന്നാലും അല്ലെങ്കിലും നമുക്കെല്ലാം ‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും വന്നു ഭവിക്കുന്നു.’ (സഭാപ്രസംഗി 9:11, NW) എന്നാൽ യഹോവ ദോഷങ്ങളാൽ നമ്മെ ഒരിക്കലും പരീക്ഷിക്കുന്നില്ല. (യാക്കോബ് 1:13) അപൂർണതയ്‌ക്കും മരണത്തിനും കാരണം ആദാമിൽനിന്ന് അവകാശപ്പെടുത്തിയ പാപമാണ്. (റോമർ 5:12) ഇക്കാരണത്താൽ, നമ്മിൽ മിക്കവരുംതന്നെ ഇടയ്‌ക്കിടെ രോഗികളായിത്തീരുകയോ അതുപോലെതന്നെ വിപത്‌കരമായ അനന്തരഫലങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന പിശകുകൾ വരുത്തുകയോ ചെയ്യുന്നു. അതുകൊണ്ട് സകലവിധ രോഗങ്ങൾക്കും തിരിച്ചടികൾക്കും ദുഷ്ടാത്മാക്കളെ പഴിചാരുന്നതു ശരിയായിരിക്കില്ല. അത്തരമൊരു വിശ്വാസം ഏതെങ്കിലും വിധത്തിൽ ദുഷ്ടാത്മാക്കളെ പ്രസാദിപ്പിക്കാനേ നമ്മെ പ്രേരിപ്പിക്കൂ. * എന്തെങ്കിലും രോഗം പിടിപെടുന്നപക്ഷം, “ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനും” ആയ പിശാചായ സാത്താനിൽനിന്നു മാർഗനിർദേശം ആരായുകയല്ല മറിച്ച് ഉചിതമായ ചികിത്സ സ്വീകരിക്കുകയാണു വേണ്ടത്. (യോഹന്നാൻ 8:44) പരമ്പരാഗത അന്ധവിശ്വാസങ്ങൾ പ്രബലമായിരിക്കുന്ന രാജ്യങ്ങളിലുള്ള ആളുകൾക്ക് മറ്റു രാജ്യങ്ങളിലെ ആളുകളെ അപേക്ഷിച്ച് ആയുർദൈർഘ്യം കുറവായിരിക്കുന്നതായും താഴ്‌ന്ന ജീവിത നിലവാരം ഉള്ളതായും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. വ്യക്തമായും അന്ധവിശ്വാസങ്ങൾ ആരോഗ്യത്തിനു യാതൊരു ഗുണവും ചെയ്യുന്നില്ല.
ദൈവം ഏതൊരു ദുഷ്ടാത്മാവിനെക്കാളും ശക്തനാണ്. അവൻ നമ്മുടെ ക്ഷേമത്തിൽ തത്‌പരനുമാണ്. “കർത്താവിന്റെ [“യഹോവയുടെ,” NW] കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1 പത്രൊസ് 3:12) ജ്ഞാനത്തിനും സംരക്ഷണത്തിനും വേണ്ടി അവനോടു പ്രാർഥിക്കുക. (സദൃശവാക്യങ്ങൾ 15:29; 18:10) അവന്റെ വചനമായ ബൈബിൾ മനസ്സിലാക്കാൻ ശ്രമിക്കുക. ബൈബിളിന്റെ സൂക്ഷ്‌മ പരിജ്ഞാനമാണ് നമുക്ക് ഉണ്ടായിരിക്കാൻ കഴിയുന്ന ഏറ്റവും മെച്ചപ്പെട്ട സംരക്ഷണം. മോശമായ കാര്യങ്ങൾ സംഭവിക്കുന്നതിനു കാരണമെന്താണെന്നും സർവശക്തനായ ദൈവത്തിന്റെ പ്രീതി എങ്ങനെ സമ്പാദിക്കാമെന്നും തിരിച്ചറിയാൻ അതു നമ്മെ സഹായിക്കും.
ദൈവപരിജ്ഞാനത്തിന്റെ പ്രയോജനങ്ങൾ
യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച സൂക്ഷ്‌മ പരിജ്ഞാനമാണ്—അത് അജ്ഞതയ്‌ക്കും അന്ധവിശ്വാസങ്ങൾക്കും നേർവിപരീതമാണ്—യഥാർഥ സംരക്ഷണം നേടിത്തരുന്ന സുപ്രധാന ഘടകം. ബെനിനിൽനിന്നുള്ള ഴായുടെ കാര്യത്തിൽ അതു സത്യമായിരുന്നു. അന്ധവിശ്വാസങ്ങൾ ആഴത്തിൽ വേരുറച്ച ഒരു കുടുംബം ആയിരുന്നു അദ്ദേഹത്തിന്റേത്. അന്ധവിശ്വാസപരമായ ഗോത്രാചാരങ്ങൾ അനുസരിച്ച്, ആൺകുഞ്ഞിനെ പ്രസവിച്ച ഒരു സ്‌ത്രീ പ്രത്യേകമായി നിർമിച്ച ഒരു കുടിലിൽ ഒമ്പതു ദിവസം കഴിയണമായിരുന്നു. പെൺകുഞ്ഞിനെയാണു പ്രസവിച്ചതെങ്കിൽ ഏഴു ദിവസവും.
ഴായുടെ ഭാര്യ 1975-ൽ സുന്ദരനായ ഒരു ആൺകുഞ്ഞിനു ജന്മമേകി. അവർ അവനു മാർക്ക് എന്നു പേരിട്ടു. തങ്ങളുടെ ബൈബിൾ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ ഴായും ഭാര്യയും ദുഷ്ടാത്മാക്കളുമായി സമ്പർക്കത്തിൽ വരാൻ ആഗ്രഹിച്ചില്ല. എന്നാൽ അവർ ഭയം മൂലം അന്ധവിശ്വാസങ്ങൾ പിൻപറ്റാനുള്ള സമ്മർദത്തിനു വഴങ്ങുമോ? കുഞ്ഞിന്റെ അമ്മ ആ പ്രത്യേക കുടിലിൽ പാർക്കുമോ? ഇല്ല. അവർ ആ ഗോത്രപരമായ അന്ധവിശ്വാസത്തെ തള്ളിക്കളഞ്ഞു.—റോമർ 6:16; 2 കൊരിന്ത്യർ 6:14, 15.
ഴായുടെ കുടുംബത്തിന് എന്തെങ്കിലും ദോഷം ഉണ്ടായോ? അനേക വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു, മാർക്കാകട്ടെ ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിൽ ഒരു ശുശ്രൂഷാദാസനായി സേവിക്കുകയാണ്. തങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനും ആത്മീയ ക്ഷേമത്തെ അപകടപ്പെടുത്താനും അന്ധവിശ്വാസങ്ങളെ തങ്ങൾ അനുവദിക്കാതിരുന്നതിൽ ആ മുഴു കുടുംബവും സന്തുഷ്ടരാണ്.—1 കൊരിന്ത്യർ 10:21, 22.
സത്യക്രിസ്‌ത്യാനികൾ അന്ധവിശ്വാസപരമായ ദുരാചാരങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയും യഹോവയും അവന്റെ പുത്രനായ യേശുക്രിസ്‌തുവും നൽകുന്ന ആത്മീയ വെളിച്ചം സ്വീകരിക്കുകയും വേണം. അങ്ങനെ അവർക്ക് തങ്ങൾ ദൈവദൃഷ്ടിയിൽ ശരിയായ കാര്യങ്ങളാണു ചെയ്യുന്നത് എന്ന അറിവിൽനിന്ന് ഉദ്‌ഭൂതമാകുന്ന യഥാർഥ മനസ്സമാധാനം ആസ്വദിക്കാൻ കഴിയും.—യോഹന്നാൻ 8:32.
[അടിക്കുറിപ്പുകൾ]
^ ഖ. 20 യഥാർഥ പേരുകളല്ല.
^ ഖ. 21 1999 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “പിശാച് നമുക്കു രോഗം വരുത്തുന്നുവോ?” എന്ന ലേഖനം കാണുക.
[5-ാം പേജിലെ ചതുരം/ചിത്രം]
ലോകത്തിനു ചുറ്റുമുള്ള ചില പൊതു അന്ധവിശ്വാസങ്ങൾ
•ചോറു നിറച്ചിരിക്കുന്ന പാത്രത്തിൽ കുത്തിനിറുത്തിയിരിക്കുന്ന ചോപ്‌സ്റ്റിക്കുകൾ മരണലക്ഷണം
•പകൽ സമയത്തു മൂങ്ങയെ കണ്ടാൽ ദോഷം ഭവിക്കും
•ഒരു ചടങ്ങിന്റെ സമയത്ത് മെഴുകുതിരി അണഞ്ഞുപോയാൽ ദുഷ്ടാത്മാക്കൾ സമീപത്തുണ്ടെന്നാണ് അർഥം
•കുട താഴെ വീണാൽ വീട്ടിൽ ഒരു കൊലപാതകം നടക്കും
•കിടക്കയിൽ തൊപ്പി വെക്കുന്നത് അശുഭകരം
•മണിനാദം ഭൂതങ്ങളെ അകറ്റും
•പിറന്നാൾ കേക്കിലെ മെഴുകുതിരികളെല്ലാംകൂടെ ഒറ്റ ഊത്തിന് കെടുത്തിയാൽ ആഗ്രഹസാഫല്യം ഉണ്ടാകും
•ചൂൽ കിടക്കയിൽ ചാരിവെച്ചാൽ ചൂലിലെ ദുഷ്ടാത്മാക്കൾ കിടക്കയെ ബാധിക്കും
•കരിമ്പൂച്ച കുറുകെ ചാടിയാൽ ദോഷം ഭവിക്കും
•ഫോർക്ക് താഴെ വീണാൽ വിരുന്നുകാരൻ വരുമെന്ന് സൂചന
•വാതിലിന് അഭിമുഖമായി വെച്ചിരിക്കുന്ന ആനകളുടെ ചിത്രം സൗഭാഗ്യം വരുത്തും
•വാതിലിനു മുകളിൽ കുതിരലാടം വെച്ചാൽ ഭാഗ്യം വരും
•വീടിന്മേൽ വളരുന്ന വള്ളിപ്പന്നച്ചെടി ദോഷത്തിൽനിന്നു സംരക്ഷണം നൽകുന്നു
•ഏണിയുടെ കീഴെകൂടി നടക്കുന്നത് അശുഭകരം
•കണ്ണാടി പൊട്ടിച്ചാൽ ഏഴു വർഷത്തേക്കു ദോഷമുണ്ടാകും
•കുരുമുളക് തൂകിപ്പോയാൽ ഏറ്റവും അടുത്ത സുഹൃത്തുമായി നിങ്ങൾ വഴക്കിടും
•ഉപ്പ് തൂകിപ്പോയാൽ ഒരു നുള്ള് എടുത്ത് ഇടത്തേ തോളിനു മുകളിലൂടെ എറിഞ്ഞില്ലെങ്കിൽ ദോഷം വരും
•ആരും ഇരിക്കാതെ ആട്ടുകസേരയെ ആടാൻ അനുവദിച്ചാൽ ഭൂതങ്ങൾ വന്ന് അതിലിരിക്കും
•ഷൂ കമഴ്‌ത്തി വെക്കുന്നത് അശുഭകരം
•വീട്ടിൽ മരണം നടന്നാൽ, ആത്മാവിനു പുറത്തു പോകാൻ ജനലുകളെല്ലാം തുറന്നിടണം
[6-ാം പേജിലെ ചതുരം]
അന്ധവിശ്വാസങ്ങൾക്കു വിട
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രദേശത്ത് യഹോവയുടെ സാക്ഷികൾ പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഒരു വീടിന്റെ വാതിൽക്കൽ മുട്ടിയപ്പോൾ, സാങ്‌ഗോമയുടെ (മന്ത്രവാദ ചികിത്സ നടത്തുന്നയാൾ) വസ്‌ത്രം ധരിച്ച, ഒരു സ്‌ത്രീയാണ് ഇറങ്ങിവന്നത്. അവിടെനിന്നു പോയേക്കാമെന്നു സാക്ഷികൾ തീരുമാനിച്ചു. എന്നാൽ വന്നകാര്യം പറഞ്ഞിട്ടുപോയാൽ മതിയെന്ന് ആ സ്‌ത്രീ നിർബന്ധംപിടിച്ചു. ആത്മവിദ്യാചാരത്തെ കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം എന്താണെന്ന് സാക്ഷികളിൽ ഒരാൾ ആവർത്തനപുസ്‌തകം 18:10-12-ൽനിന്നു വായിച്ചു കേൾപ്പിച്ചു. അവർ സന്ദേശം സ്വീകരിക്കുകയും ഒരു ബൈബിൾ അധ്യയനത്തിനു സമ്മതിക്കുകയും ചെയ്‌തു. സാങ്‌ഗോമ എന്ന നിലയിലുള്ള പ്രവർത്തനം യഹോവയുടെ ഇഷ്ടത്തിനു വിരുദ്ധമാണെന്ന് ബൈബിൾ പഠനത്തിൽനിന്നു ബോധ്യമായാൽ താൻ അത് ഉപേക്ഷിക്കുമെന്ന് ആ സ്‌ത്രീ പറഞ്ഞു.
നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകത്തിന്റെ 10-ാം അധ്യായം ബൈബിൾ ഉപയോഗിച്ചു പഠിച്ചശേഷം മന്ത്രവാദവുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും അവർ കത്തിച്ചുകളയുകയും രാജ്യഹാളിലെ യോഗങ്ങൾക്കു ഹാജരായിത്തുടങ്ങുകയും ചെയ്‌തു. മാത്രമല്ല, 17 വർഷമായി ഭർത്താവിൽനിന്നു വേർപെട്ടു കഴിയുകയായിരുന്ന അവർ തന്റെ വിവാഹത്തെ നിയമപരമാക്കി. ഇപ്പോൾ രണ്ടുപേരും യഹോവയുടെ സമർപ്പിതരും സ്‌നാപനമേറ്റവരുമായ സാക്ഷികളാണ്.
[6-ാം പേജിലെ ചിത്രം]
ഒരു രോഗിയുടെ പ്രശ്‌നങ്ങൾക്കുള്ള കാരണം ആഭിചാരത്തിലൂടെ മനസ്സിലാക്കാൻ ഒരു “സാങ്‌ഗോമ” അസ്ഥികൾ എറിയുന്നു
[7-ാം പേജിലെ ചിത്രങ്ങൾ]
ദൈവത്തെ കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനം സംരക്ഷണവും സന്തുഷ്ടിയും കൈവരുത്തുന്നു