വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്ധവിശ്വാസത്തിന്റെ പിടിയിലമർന്ന ജീവിതം

അന്ധവിശ്വാസത്തിന്റെ പിടിയിലമർന്ന ജീവിതം

അന്ധവിശ്വാസത്തിന്റെ പിടിയിലമർന്ന ജീവിതം

ഒരു വഴിക്കു പോകാനിറങ്ങുമ്പോൾ ആരെങ്കിലും നിങ്ങളുടെ മുന്നിൽ വന്നുപെടുന്നു. നിങ്ങളുടെ കാലിന്റെ പെരുവിരൽ കല്ലിൽ തട്ടുന്നു. സന്ധ്യാസമയത്ത്‌ ഒരു പ്രത്യേകതരം പക്ഷി ചിലയ്‌ക്കുന്നു. ഒരേ സ്വപ്‌നംതന്നെ നിങ്ങൾ കൂടെക്കൂടെ കാണുന്നു. അനേകരെ സംബന്ധിച്ചും ഇവയെല്ലാം നിർദോഷകരമായ നിസ്സാര സംഗതികളാണ്‌. എന്നാൽ, പശ്ചിമാഫ്രിക്കയിലെ ചിലരെ സംബന്ധിച്ചിടത്തോളം ഇവ ലക്ഷണങ്ങളോ ശകുനങ്ങളോ ആത്മമണ്ഡലത്തിൽനിന്നുള്ള സന്ദേശങ്ങളോ ആകാം. ലക്ഷണത്തിന്റെയും അതിന്റെ വ്യാഖ്യാനത്തിന്റെയും അടിസ്ഥാനത്തിൽ സൗഭാഗ്യമോ വിപത്തോ പെട്ടെന്നുതന്നെ വന്നുഭവിക്കാൻ പോകുന്നുവെന്നു കരുതപ്പെടുന്നു.

ആഫ്രിക്കയിൽ മാത്രമല്ല അന്ധവിശ്വാസങ്ങൾ ഉള്ളത്‌. നിരീശ്വരവാദം വേരുറപ്പിച്ചിരുന്ന ഒരു സമൂഹത്തിൽ വർഷങ്ങളോളം ജീവിച്ചശേഷംപോലും, ചൈനയിലും മുൻ സോവിയറ്റ്‌ റിപ്പബ്ലിക്കുകളിലും ഉള്ള നിരവധി ആളുകൾ അന്ധവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നു. പാശ്ചാത്യലോകത്ത്‌ മിക്കവരും ജാതകം നോക്കുന്നു, 13-ാം തീയതിയിലെ വെള്ളിയാഴ്‌ചയെ ഭയക്കുന്നു, കരിമ്പൂച്ചകളെ ഒഴിവാക്കുന്നു. ഉത്തരാർധഗോളത്തിലുള്ള ചിലർ ഉത്തരധ്രുവദീപ്‌തിയെ യുദ്ധത്തിന്റെയും മഹാമാരിയുടെയും ശകുനമായിട്ടാണു കണക്കാക്കുന്നത്‌. ഇന്ത്യയിൽ, ചൂടുള്ള ദിവസങ്ങളിൽ ശരീരം തണുപ്പിക്കാനായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടതാണെന്നു വിശ്വസിക്കുന്നവരായ ലോറി ഡ്രൈവർമാർ എയ്‌ഡ്‌സ്‌ പരത്തുന്നു. ജപ്പാനിൽ, തുരങ്കങ്ങളുടെ പണി പൂർത്തിയാകുന്നതിനുമുമ്പ്‌ സ്‌ത്രീകൾ അതിൽ പ്രവേശിക്കുന്നത്‌ ഒരു ദുശ്ശകനുമായി പണിക്കാർ കണക്കാക്കുന്നു. സംഘടിത സ്‌പോർട്‌സിലും അന്ധവിശ്വാസങ്ങൾ വേണ്ടുവോളമുണ്ട്‌. ഒരു വോളിബോൾ കളിക്കാരൻ തന്റെ വിജയപരമ്പരകൾക്കു കാരണം താൻ വെളുത്ത സോക്‌സുകൾക്കു പകരം കറുത്തവ ധരിച്ചതാണെന്നുപോലും പറയുകയുണ്ടായി. ഇത്തരം ഉദാഹരണങ്ങൾക്ക്‌ അവസാനമില്ല.

നിങ്ങളുടെ കാര്യത്തിലോ? ഒരുപക്ഷേ, രഹസ്യമായ, വിശദീകരിക്കാനാവാത്ത ഒരു ഭയം നിങ്ങൾക്ക്‌ അനുഭവപ്പെടാറുണ്ടോ? “യുക്ത്യാനുസൃതമായ വിശദീകരണമില്ലാത്ത വിശ്വാസമോ അർധ വിശ്വാസമോ അല്ലെങ്കിൽ ആചാരമോ” നിങ്ങളെ സ്വാധീനിക്കുന്നുണ്ടോ? അതിനുള്ള നിങ്ങളുടെ ഉത്തരം, നിങ്ങളുടെ ജീവിതത്തെ അന്ധവിശ്വാസങ്ങൾ നിയന്ത്രിക്കുന്നുണ്ടോ എന്നു വെളിപ്പെടുത്തും, കാരണം, അങ്ങനെയാണ്‌ ഒരു പരാമർശ ഗ്രന്ഥം “അന്ധവിശ്വാസം” എന്ന പദത്തെ നിർവചിക്കുന്നത്‌.

തന്റെ തീരുമാനങ്ങളെയും ദിനചര്യയെയും സ്വാധീനിക്കാൻ ഒരുവൻ അന്ധവിശ്വാസത്തെ അനുവദിക്കുന്നെങ്കിൽ, താൻ യഥാർഥത്തിൽ മനസ്സിലാക്കുന്നില്ലാത്ത എന്തിനെങ്കിലും സ്വയം അടിമയാകുകയാണു ചെയ്യുന്നത്‌. അത്‌ ബുദ്ധിയാണോ? അത്തരം ദുർഗ്രഹവും സാധ്യതയനുസരിച്ച്‌ ദ്രോഹകരവുമായ ഒരു സ്വാധീനത്തിനു നാം വഴിപ്പെടണമോ? അന്ധവിശ്വാസം നിർദോഷകരമായ ഒരു ദൗർബല്യമാണോ അതോ അപകടകരമായ ഭീഷണിയാണോ?