വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാർഥ ശ്രമം അതിനെ യഹോവ അനുഗ്രഹിക്കുന്നത്‌ എപ്പോൾ?

ആത്മാർഥ ശ്രമം അതിനെ യഹോവ അനുഗ്രഹിക്കുന്നത്‌ എപ്പോൾ?

ആത്മാർഥ ശ്രമം അതിനെ യഹോവ അനുഗ്രഹിക്കുന്നത്‌ എപ്പോൾ?

“എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ.”

“നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല.”

“നിന്റെ പേർ എന്തു”?

“യാക്കോബ്‌.”

“നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ്‌ എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും.”​—⁠ഉല്‌പത്തി 32:26-28.

ഈ രസകരമായ സംഭാഷണം, 97 വയസ്സുള്ള യാക്കോബിന്റെ കായബലത്തിന്റെ ശ്രദ്ധേയമായ പ്രകടനഫലമായിരുന്നു. നല്ല കായബലമുള്ള ഒരാളായി ബൈബിൾ അവനെ വർണിക്കുന്നില്ലെങ്കിലും, ഒരു രാത്രി മുഴുവൻ അവൻ ഒരു ദൂതനുമായി മൽപ്പിടിത്തം നടത്തി. എന്തിന്‌? തന്റെ പൂർവപിതാവിന്‌ യഹോവ നൽകിയ വാഗ്‌ദാനത്തിൽ, തന്റെ ആത്മീയ പൈതൃകത്തിൽ, അവൻ അത്യന്തം തത്‌പരനായിരുന്നു.

അതിനു നിരവധി വർഷങ്ങൾക്കു മുമ്പ്‌, യാക്കോബിന്റെ സഹോദരനായ ഏശാവ്‌ ഒരു പാത്രം പായസത്തിനു പകരം അവനു ജ്യേഷ്‌ഠാവകാശം വിട്ടുകൊടുക്കുകയുണ്ടായി. ഇപ്പോൾ ഏശാവ്‌ 400 പുരുഷന്മാരുമായി തന്റെ നേരെ വരുന്നതായി യാക്കോബിന്‌ അറിവു കിട്ടുന്നു. ഉത്‌കണ്‌ഠാകുലനായ യാക്കോബ്‌, തന്റെ കുടുംബം യോർദാന്‌ അക്കരെയുള്ള ദേശത്തു പരിപുഷ്ടിപ്പെടുമെന്ന യഹോവയുടെ വാഗ്‌ദാനം സംബന്ധിച്ച്‌ ഉറപ്പു തേടുന്നു. തന്റെ പ്രാർഥനകൾക്കു ചേർച്ചയിൽ യാക്കോബ്‌ നിർണായക നടപടി കൈക്കൊള്ളുന്നു. തന്റെ നേരെ വരുന്ന ഏശാവിന്‌ അവൻ നിരവധി സമ്മാനങ്ങൾ കൊടുത്തയയ്‌ക്കുന്നു. തന്റെ ആളുകളെ രണ്ടായി തിരിച്ച്‌ ഭാര്യമാരെയും മക്കളെയും യബ്ബോക്ക്‌കടവു കടത്തിക്കൊണ്ട്‌ അവൻ പ്രതിരോധ നടപടിയും സ്വീകരിക്കുന്നു. മാത്രമല്ല, കഠിന ശ്രമം ചെയ്‌ത്‌ കണ്ണീരോടെ ‘കൃപയ്‌ക്കായി യാചിക്ക’ത്തവണ്ണം അവൻ ഇപ്പോൾ ഒരു ദൂതനുമായി മൽപ്പിടിത്തം നടത്തുന്നു.​—⁠ഹോശേയ 12:​4, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം; ഉല്‌പത്തി 32:1-32.

യാക്കോബ്‌ ഏറ്റവും സ്‌നേഹിച്ചിരുന്ന അവന്റെ രണ്ടാമത്തെ ഭാര്യ റാഹേൽ ഉൾപ്പെട്ട ഒരു മുൻ ദൃഷ്ടാന്തം പരിചിന്തിക്കുക. യാക്കോബിനെ അനുഗ്രഹിക്കുമെന്ന യഹോവയുടെ വാഗ്‌ദാനം സംബന്ധിച്ച്‌ റാഹേലിനു നന്നായി അറിയാമായിരുന്നു. അവളുടെ സഹോദരിയും യാക്കോബിന്റെ ആദ്യ ഭാര്യയുമായ ലേയായ്‌ക്ക്‌ നാലു പുത്രന്മാർ ഉണ്ടായി, എന്നാൽ റാഹേലിനു കുട്ടികളൊന്നും ഉണ്ടായില്ല. (ഉല്‌പത്തി 29:31-35) സ്വയം സഹതപിച്ചു കഴിയുന്നതിനു പകരം, അവൾ യഹോവയോടു യാചിക്കുകയും തന്റെ പ്രാർഥനകൾക്കു ചേർച്ചയിൽ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. ഹാഗാറിനോടുള്ള ബന്ധത്തിൽ സാറാ ചെയ്‌തതുപോലെ, റാഹേൽ തന്റെ ദാസിയായ ബിൽഹായെ കൊണ്ടുവന്ന്‌ യാക്കോബിന്‌ ഉപഭാര്യയായി നൽകിയിട്ട്‌ ‘അവളാൽ എനിക്കു മക്കൾ ഉണ്ടാകേണ്ടതിന്‌’ എന്ന്‌ അതു സംബന്ധിച്ചു പറയുന്നു. * ബിൽഹാ യാക്കോബിനു ദാൻ, നഫ്‌താലി എന്നീ രണ്ടു പുത്രന്മാരെ പ്രസവിക്കുന്നു. നഫ്‌താലി ജനിച്ചപ്പോൾ റാഹേൽ തന്റെ വൈകാരിക ശ്രമത്തിന്റെ വ്യാപ്‌തിയെ കുറിച്ച്‌ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഞാൻ എന്റെ സഹോദരിയോടു വലിയോരു പോർ പൊരുതു ജയിച്ചുമിരിക്കുന്നു.” റാഹേലിന്‌ യോസേഫ്‌, ബെന്യാമീൻ എന്നീ രണ്ടു പുത്രന്മാർ ഉണ്ടായി. അങ്ങനെ അവൾ കൂടുതലായി അനുഗ്രഹിക്കപ്പെടുന്നു.​—⁠ഉല്‌പത്തി 30:1-8; 35:⁠24.

യാക്കോബിന്റെയും റാഹേലിന്റെയും ശാരീരികവും വൈകാരികവുമായ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചത്‌ എന്തുകൊണ്ടാണ്‌? അവർ യഹോവയുടെ ഹിതത്തിനു മുഖ്യ സ്ഥാനം കൊടുക്കുകയും തങ്ങളുടെ ആത്മീയ പൈതൃകത്തെ വിലമതിക്കുകയും ചെയ്‌തതുകൊണ്ട്‌. തങ്ങളുടെ ജീവിതത്തിൽ അവന്റെ അനുഗ്രഹത്തിനായി അവർ ആത്മാർഥമായി പ്രാർഥിക്കുകയും ദൈവഹിതത്തിനും തങ്ങളുടെ പ്രാർഥനകൾക്കും ചേർച്ചയിൽ ആവശ്യമായ നടപടി കൈക്കൊള്ളുകയും ചെയ്‌തു.

യാക്കോബിനെയും റാഹേലിനെയും പോലെ, യഹോവയുടെ അനുഗ്രഹം ലഭിക്കാൻ ആത്മാർഥ ശ്രമം ആവശ്യമാണെന്നതിന്‌ ഇന്നു പലർക്കും തെളിവു നൽകാനാകും. അവരുടെ ശ്രമങ്ങൾ മിക്കപ്പോഴും കണ്ണുനീരും നിരുത്സാഹവും നിരാശയും നിറഞ്ഞതാണ്‌. ഒരു ദീർഘ വിരാമത്തിനു ശേഷം, പതിവായി ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകാൻ നടത്തിയ ആത്മാർഥ ശ്രമത്തെ കുറിച്ച്‌ ഒരു ക്രിസ്‌തീയ മാതാവായ എലിസബത്ത്‌ പറയുന്നു. അഞ്ച്‌ ചെറിയ ആൺകുട്ടികളും അവിശ്വാസിയായ ഭർത്താവുമുള്ള അവർക്ക്‌ ഏറ്റവും അടുത്ത രാജ്യഹാളിൽ എത്താൻ 30 കിലോമീറ്റർ വാഹനമോടിച്ചു പോകണമായിരുന്നു. അത്‌ ഒരു വെല്ലുവിളിതന്നെ ആയിരുന്നു. “പതിവായി യോഗങ്ങൾക്കു ഹാജരാകാൻ ശ്രമിക്കുന്നതിനു നല്ല ആത്മശിക്ഷണം ആവശ്യമായിരുന്നു. അത്‌ എനിക്കും മക്കൾക്കും ഗുണകരമാണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. പിൻപറ്റേണ്ട ഗതി ഇതാണെന്നു കാണാൻ അത്‌ അവരെ സഹായിച്ചു.” ആ സഹോദരിയുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചു. ക്രിസ്‌തീയ സഭയിൽ സജീവമായി പ്രവർത്തിക്കുന്ന അവരുടെ മൂന്നു പുത്രന്മാരിൽ രണ്ടു പേർ മുഴുസമയ ശുശ്രൂഷകരാണ്‌. അവരുടെ ആത്മീയ പുരോഗതിയിൽ സന്തോഷിച്ചുകൊണ്ട്‌ ആ സഹോദരി പറയുന്നു: “ആത്മീയ വളർച്ചയുടെ കാര്യത്തിൽ അവർ എന്നെ കടത്തിവെട്ടിയിരിക്കുന്നു.” ആ സഹോദരിയുടെ ആത്മാർഥ ശ്രമത്തിനു ലഭിച്ച എത്ര വലിയ അനുഗ്രഹം!

യഹോവ ആത്മാർഥ ശ്രമത്തെ അനുഗ്രഹിക്കുന്നു

ആത്മാർഥ ശ്രമവും കഠിനാധ്വാനവും തീർച്ചയായും പ്രതിഫലം കൈവരുത്തും. ഒരു ജോലിയിൽ നാം എത്രയധികം ശ്രമം ചെലുത്തുന്നുവോ, അത്രയധികം സംതൃപ്‌തി നമുക്കു ലഭിക്കും. ആ വിധത്തിലാണ്‌ യഹോവ നമ്മെ സൃഷ്ടിച്ചിരിക്കുന്നത്‌. “ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്‌നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു” എന്ന്‌ ശലോമോൻ രാജാവ്‌ എഴുതി. (സഭാപ്രസംഗി 3:13; 5:18, 19) എന്നിരുന്നാലും ദൈവത്തിൽ നിന്നുള്ള അനുഗ്രഹം ലഭിക്കാൻ, നമ്മുടെ ശ്രമങ്ങൾ ശരിയായ ദിശയിലാണെന്നു നാം ഉറപ്പു വരുത്തേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌, ആത്മീയ കാര്യങ്ങളെ രണ്ടാം സ്ഥാനത്തേക്കു തഴയുന്ന ഒരു ജീവിതരീതിയെ യഹോവ അനുഗ്രഹിക്കുമെന്നു പ്രതീക്ഷിക്കുന്നത്‌ ന്യായയുക്തമാണോ? ക്രിസ്‌തീയ യോഗങ്ങളിലെ കെട്ടുപണി ചെയ്യുന്ന സഹവാസവും പ്രബോധനവും പതിവായി മുടക്കേണ്ടിവരുന്ന തരത്തിലുള്ള ജോലിയോ സ്ഥാനക്കയറ്റമോ ഒരു സമർപ്പിത ക്രിസ്‌ത്യാനി സ്വീകരിക്കുന്നെങ്കിൽ, തനിക്ക്‌ യഹോവയുടെ അനുഗ്രഹം ലഭിക്കുമെന്ന്‌ അയാൾക്കു പ്രതീക്ഷിക്കാനാകുമോ?​—⁠എബ്രായർ 10:23-25.

ആത്മീയ കാര്യങ്ങൾ അവഗണിച്ചുകൊണ്ട്‌, ലൗകിക ജോലിക്കായി അല്ലെങ്കിൽ ഭൗതിക സമൃദ്ധിക്കായി ഒരു ആയുഷ്‌കാലം മുഴുവൻ ചെലവഴിക്കുന്നത്‌ അവശ്യം “സുഖം അനുഭവിക്കു”ന്നതിനെ അർഥമാക്കില്ല. വിതക്കാരനെ കുറിച്ചുള്ള ഉപമയിൽ, തെറ്റായ ദിശയിലുള്ള ശ്രമത്തിന്റെ അനന്തരഫലങ്ങൾ യേശു വിവരിച്ചു. “മുള്ളിന്നിടയിൽ വിതെക്കപ്പെട്ട” വിത്തുകളെ കുറിച്ച്‌ യേശു ഇങ്ങനെ വിശദീകരിച്ചു: “ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്‌ഫലനായി തീരുന്നതാകുന്നു.” (മത്തായി 13:22) പൗലൊസ്‌ അപ്പൊസ്‌തലനും അതേ കെണിയെ കുറിച്ചു മുന്നറിയിപ്പു നൽകുകയും ഭൗതികാസക്ത ഗതിയുടെ പിന്നാലെ പോകുന്നവർ, “പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു” എന്നു കൂട്ടിച്ചേർക്കുകയും ചെയ്‌തു. ആത്മീയതയെ ഹനിക്കുന്ന അത്തരം ജീവിതരീതിക്കുള്ള പരിഹാരം എന്താണ്‌? പൗലൊസ്‌ തുടർന്നു: ‘ഇതു വിട്ടോടി, നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വെക്കുക.’​—⁠1 തിമൊഥെയൊസ്‌ 6:9, 11, 17, 18.

നമ്മുടെ പ്രായവും യഹോവയുടെ സേവനത്തിൽ ചെലവഴിച്ച വർഷങ്ങളും എത്രയാണെങ്കിലും, യാക്കോബും റാഹേലും പ്രകടമാക്കിയ ആത്മാർഥ ശ്രമം അനുകരിച്ചുകൊണ്ടു നമുക്കെല്ലാം പ്രയോജനം നേടാനാകും. തങ്ങളുടെ സാഹചര്യം വളരെ ഭീതിദമോ നിരാശാജനകമോ ആയിരുന്നിട്ടും, ദിവ്യാംഗീകാരം നേടാനുള്ള വാഞ്‌ഛ നിമിത്തം അവർ തങ്ങളുടെ ആത്മീയ സമ്പത്തിനെ ഒരിക്കലും മറന്നുകളഞ്ഞില്ല. ഇന്നു നാം അഭിമുഖീകരിക്കുന്ന സമ്മർദങ്ങളും പ്രയാസങ്ങളും ഭീതിദവും നിരാശാജനകവും വിഷാദമുളവാക്കുന്നതു പോലും ആയിരിക്കാം. പോരാട്ടം മതിയാക്കി സാത്താന്റെ ആക്രമണത്തിനു മുന്നിൽ അടിയറവു പറയാനുള്ള പ്രലോഭനം ഉണ്ടായേക്കാം. തന്റെ ലക്ഷ്യം നേടാൻ കലാപരിപാടികൾ, വിനോദം, സ്‌പോട്‌സ്‌, ഹോബികൾ, ലൗകിക ജോലി, ഭൗതിക സമൃദ്ധി എന്നിങ്ങനെ തനിക്കു കഴിയുന്ന ഏതു മാർഗവും അവൻ ഉപയോഗിച്ചേക്കാം. അഭികാമ്യമായ ഫലങ്ങൾ പലപ്പോഴും വാഗ്‌ദാനം ചെയ്യപ്പെടുന്നു, പക്ഷേ അവ പലപ്പോഴും സാക്ഷാത്‌കരിക്കപ്പെടാറില്ല. അത്തരം അനുധാവനങ്ങളിൽ മുഴുകുമാറ്‌ വഞ്ചിക്കപ്പെടുകയോ വശീകരിക്കപ്പെടുകയോ ചെയ്യുന്നവർ തങ്ങൾ അങ്ങേയറ്റം നിരാശരാകുന്നതായി മിക്കപ്പോഴും കണ്ടെത്തുന്നു. പുരാതന കാലത്തെ യാക്കോബിനെയും റാഹേലിനെയും പോലെ, നമുക്ക്‌ ഒരു ആത്മാർഥ പോരാളിയുടെ മനോഭാവം നിലനിറുത്തുകയും സാത്താന്റെ കുതന്ത്രങ്ങളിന്മേൽ വിജയം വരിക്കുകയും ചെയ്യാം.

‘സാഹചര്യം ആശയറ്റതാണ്‌. ഇനി യാതൊന്നും ചെയ്യാനില്ല. ഈ ശ്രമം തുടരുന്നതുകൊണ്ട്‌ ഇനി യാതൊരു പ്രയോജനവും ഇല്ല.’ ഇങ്ങനെ വിചാരിച്ചുകൊണ്ട്‌ നാം പരാജയപ്പെട്ടു പിന്മാറുന്നതു കാണാനാണ്‌ പിശാച്‌ ആഗ്രഹിക്കുന്നത്‌. ‘ആരും എന്നെ സ്‌നേഹിക്കുന്നില്ല,’ ‘യഹോവ എന്നെ മറന്നിരിക്കുന്നു’ എന്നു ചിന്തിക്കുന്ന തരത്തിലുള്ള ആപത്‌കരമായ ഒരു മനോഭാവം വളർത്തിയെടുക്കുന്നതിനെതിരെ നാമെല്ലാം ജാഗ്രത പുലർത്തുന്നത്‌ എത്ര മർമപ്രധാനമാണ്‌. അത്തരം ചിന്തകൾക്കു വഴിപ്പെടുന്നത്‌ ആത്മഹത്യാപരമാണ്‌. നാം മടുത്തുപോയിരിക്കുന്നു എന്നതിന്റെയും മേലാൽ അനുഗ്രഹത്തിനായി പോരാടുന്നില്ല എന്നതിന്റെയും സൂചന ആയിരിക്കുമോ അത്‌? നമ്മുടെ ആത്മാർഥ ശ്രമത്തെ യഹോവ അനുഗ്രഹിക്കുമെന്ന്‌ ഓർക്കുക.

യഹോവയുടെ അനുഗ്രഹത്തിനായി പോരാടിക്കൊണ്ടിരിക്കുക

യഹോവയുടെ ഒരു ദാസൻ എന്ന നിലയിലുള്ള നമ്മുടെ ജീവിതത്തെ സംബന്ധിച്ച രണ്ട്‌ അടിസ്ഥാന സത്യങ്ങൾ തിരിച്ചറിയുന്നതിലാണ്‌ ഒരു വലിയ അളവോളം നമ്മുടെ ആത്മീയ ക്ഷേമം കുടികൊള്ളുന്നത്‌. (1) ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, രോഗങ്ങൾ, ദുഷ്‌കരമായ അവസ്ഥകൾ എന്നിവയിൽനിന്ന്‌ ആരും ഒഴിവുള്ളവരല്ല, (2) സഹായത്തിനും അനുഗ്രഹത്തിനുമായി തന്നോട്‌ ആത്മാർഥമായി അപേക്ഷിക്കുന്നവരുടെ നിലവിളി യഹോവ കേൾക്കുന്നു.​—⁠പുറപ്പാടു 3:7-10; യാക്കോബ്‌ 4:8, 10; 1 പത്രൊസ്‌ 5:8, 9.

സാഹചര്യം എത്ര ദുഷ്‌കരമാണെന്നോ നിങ്ങൾ എത്ര പരിമിതിയുള്ളവൻ ആണെന്നോ തോന്നിയാലും നമുക്കു “മുറുകെ പററുന്ന പാപ”ത്തിന്‌, അതായത്‌ വിശ്വാസരാഹിത്യത്തിന്‌, വഴിപ്പെടാതിരിക്കാം. (എബ്രായർ 12:1) അനുഗ്രഹം ലഭിക്കുന്നതുവരെ പോരാട്ടം തുടരുക. ഒരു അനുഗ്രഹത്തിനായി രാത്രി മുഴുവൻ പോരാടിയ യാക്കോബിനെ മനസ്സിൽ പിടിച്ചുകൊണ്ട്‌, ക്ഷമ പ്രകടമാക്കുക. നിങ്ങളുടെ ആത്മീയ പ്രവർത്തനം എത്ര പരിമിതമാണെന്നു തോന്നിയാലും, വസന്തത്തിൽ വിത്തു വിതച്ചിട്ട്‌ വിളവെടുപ്പിനായി കാത്തിരിക്കുന്ന കർഷകനെ പോലെ യഹോവയുടെ അനുഗ്രഹത്തിനായി ക്ഷാമാപൂർവം കാത്തിരിക്കുക. (യാക്കോബ്‌ 5:7, 8) “കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും” എന്ന സങ്കീർത്തനക്കാരന്റെ വാക്കുകൾ എപ്പോഴും മനസ്സിൽ പിടിക്കുക. (സങ്കീർത്തനം 126:5; ഗലാത്യർ 6:9) ഉറച്ചു നിൽക്കുക, പോരാളികളുടെ അണിയിൽ നിലനിൽക്കുക.

[അടിക്കുറിപ്പുകൾ]

^ ഖ. 9 ന്യായപ്രമാണ ഉടമ്പടിക്കു മുമ്പ്‌, വെപ്പാട്ടിത്വം നിലനിന്നിരുന്നു. ന്യായപ്രമാണം അതിനെ അംഗീകരിക്കുകയും അതു സംബന്ധിച്ച്‌ നിയമങ്ങൾ കൊണ്ടുവരികയും ചെയ്‌തു. യേശുക്രിസ്‌തു വരുന്നതുവരെ, ഏദെൻ തോട്ടത്തിൻ താൻ ഏർപ്പെടുത്തിയ ആദ്യത്തെ ഏകഭാര്യത്വ നിലവാരം ദൈവം പുനഃസ്ഥാപിച്ചില്ല. എന്നാൽ, അവൻ വെപ്പാട്ടിയുടെ സംരക്ഷണാർഥം നിയമങ്ങൾ പ്രദാനം ചെയ്‌തു. വെപ്പാട്ടിത്വം ന്യായമായും ഇസ്രായേലിൽ ജനങ്ങൾ സത്വരം പെരുകാൻ ഇടയാക്കി.