വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദൈവത്തിന്റെ വൻകാര്യങ്ങളാൽ’ പ്രചോദിപ്പിക്കപ്പെടുന്നു

‘ദൈവത്തിന്റെ വൻകാര്യങ്ങളാൽ’ പ്രചോദിപ്പിക്കപ്പെടുന്നു

‘ദൈവത്തിന്റെ വൻകാര്യങ്ങളാൽ’ പ്രചോദിപ്പിക്കപ്പെടുന്നു

“നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്‌താവിക്കുന്നതു കേൾക്കുന്നുവല്ലോ.”​—⁠പ്രവൃത്തികൾ 2:11.

1, 2. പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ വിസ്‌മയകരമായ എന്തു കാര്യം യെരൂശലേമിൽ സംഭവിച്ചു?

പൊ.യു. 33-ലെ വസന്തകാലാന്ത്യത്തിൽ ഒരു ദിവസം രാവിലെ ഒരു കൂട്ടം സ്‌ത്രീപുരുഷന്മാർക്ക്‌ അത്യന്തം വിസ്‌മയകരമായ അനുഭവം ഉണ്ടായി. യെരൂശലേമിലെ ഒരു സ്വകാര്യ ഭവനത്തിൽ കൂടിവന്ന യേശുവിന്റെ ശിഷ്യരായിരുന്നു അവർ. “പെട്ടെന്നു കൊടിയ കാററടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി . . . എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്‌കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.”​—⁠പ്രവൃത്തികൾ 2:2-4, 15.

2 ഒരു വലിയ ജനാവലി ആ വീടിനു മുമ്പാകെ തടിച്ചുകൂടി. അവരുടെ കൂട്ടത്തിൽ പെന്തെക്കൊസ്‌ത്‌ ഉത്സവത്തിനു യെരൂശലേമിൽ എത്തിയ വിദേശജാതരായ “ഭക്തിയുള്ള പുരുഷന്മാർ” ഉണ്ടായിരുന്നു. അവർ വിസ്‌മയിച്ചുപോയി, കാരണം അവരിൽ ഓരോരുത്തരും തന്റെ ഭാഷയിൽ ശിഷ്യന്മാർ “ദൈവത്തിന്റെ വൻകാര്യങ്ങളെ” കുറിച്ചു സംസാരിക്കുന്നതു കേട്ടു. ആ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ ആയിരിക്കെ അത്‌ എങ്ങനെ സാധിക്കും?​—⁠പ്രവൃത്തികൾ 2:5-8, 11.

3. പെന്തെക്കൊസ്‌തിലെ ജനക്കൂട്ടത്തിന്‌ എങ്ങനെയുള്ള സന്ദേശമാണു പത്രൊസ്‌ അപ്പൊസ്‌തലൻ നൽകിയത്‌?

3 ആ ഗലീലക്കാരിൽ ഒരുവൻ പത്രൊസ്‌ അപ്പൊസ്‌തലനായിരുന്നു. ഏതാനും ആഴ്‌ചകൾക്കു മുമ്പ്‌, നീതികെട്ട മനുഷ്യർ യേശുക്രിസ്‌തുവിനെ വധിച്ചെന്ന്‌ അവൻ വിശദീകരിച്ചു. എന്നാൽ, ദൈവം മരിച്ചവരിൽനിന്നു തന്റെ പുത്രനെ ഉയിർപ്പിച്ചിരുന്നു. തുടർന്ന്‌, അപ്പോൾ അവിടെ സന്നിഹിതരായിരുന്ന പത്രൊസും മറ്റുള്ളവരും ഉൾപ്പെടെ തന്റെ ശിഷ്യന്മാരിൽ നിരവധി പേർക്ക്‌ യേശു പ്രത്യക്ഷനായി. വെറും പത്തു ദിവസങ്ങൾക്കു മുമ്പാണ്‌ യേശു സ്വർഗാരോഹണം ചെയ്‌തത്‌. ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവിനെ പകർന്നത്‌ അവനായിരുന്നു. പെന്തെക്കൊസ്‌ത്‌ ആഘോഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതിനെല്ലാം എന്തെങ്കിലും പ്രാധാന്യം ഉണ്ടായിരുന്നോ? തീർച്ചയായും. യേശുവിന്റെ മരണം, അവനിൽ വിശ്വാസം പ്രകടമാക്കുന്നപക്ഷം പാപങ്ങളുടെ മോചനവും “പരിശുദ്ധാത്മാവു എന്ന ദാന”വും അവർക്കു ലഭിക്കുന്നതിനുള്ള അടിസ്ഥാനമായി ഉതകി. (പ്രവൃത്തികൾ 2:22-24, 32, 33, 38) ആ കാഴ്‌ചക്കാർ തങ്ങൾ കേട്ട ‘ദൈവത്തിന്റെ വൻകാര്യങ്ങളോട്‌’ എങ്ങനെയാണു പ്രതികരിച്ചത്‌? യഹോവയ്‌ക്കുള്ള നമ്മുടെ സേവനത്തെ വിലയിരുത്താൻ ഈ വിവരണത്തിനു നമ്മെ എങ്ങനെ സഹായിക്കാനാകും?

പ്രവർത്തനത്തിനു പ്രചോദിപ്പിക്കപ്പെടുന്നു!

4. യോവേലിന്റെ ഏതു പ്രവചനമാണ്‌ പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ നിവൃത്തിയേറിയത്‌?

4 പരിശുദ്ധാത്മാവ്‌ ലഭിച്ചപ്പോൾ, രക്ഷയുടെ സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കാൻ യെരൂശലേമിലെ ശിഷ്യന്മാർ ഒട്ടും അമാന്തിച്ചില്ല. ആ പ്രഭാതത്തിൽ അവിടെ തടിച്ചുകൂടിയിരുന്ന ജനങ്ങളുമായി അവർ അതു പങ്കുവെക്കാൻ തുടങ്ങി. അവരുടെ പ്രസംഗം, എട്ടു നൂറ്റാണ്ടുകൾക്കു മുമ്പ്‌ പെഥൂവേലിന്റെ പുത്രനായ യോവേൽ രേഖപ്പെടുത്തിയ ശ്രദ്ധേയമായ ഈ പ്രവചനത്തിന്റെ നിവൃത്തി ആയിരുന്നു: “ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്‌നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും. ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ.”​—⁠യോവേൽ 1:1; 2:28, 29, 31; പ്രവൃത്തികൾ 2:17, 18, 20.

5. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ പ്രവചിച്ചത്‌ ഏത്‌ അർഥത്തിൽ? (അടിക്കുറിപ്പ്‌ കാണുക.)

5 ദൈവം ദാവീദിനെയും യോവേലിനെയും ദെബോരായെയും പോലെ സ്‌ത്രീപുരുഷന്മാരുടെ ഒരു പ്രവാചക തലമുറയെ ഉളവാക്കി അവരെക്കൊണ്ട്‌ ഭാവി സംഭവങ്ങൾ മുൻകൂട്ടി പറയിക്കാൻ പോകുകയാണെന്ന്‌ അത്‌ അർഥമാക്കിയോ? ഇല്ല. യഹോവയുടെ ആത്മാവിനാൽ പ്രചോദിതരായി, ക്രിസ്‌തീയ ‘പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും’ അവൻ ചെയ്‌തിട്ടുള്ളതും ചെയ്യാനിരുന്നതുമായ ‘വൻകാര്യങ്ങൾ’ ഘോഷിക്കുമായിരുന്നു എന്ന അർഥത്തിലാണ്‌ അവർ പ്രവചിക്കുമായിരുന്നത്‌. അങ്ങനെ അവർ അത്യുന്നതന്റെ വക്താക്കളായി സേവിക്കുമായിരുന്നു. * എന്നാൽ, ഇതിനോട്‌ ജനക്കൂട്ടം എങ്ങനെയാണു പ്രതികരിച്ചത്‌?​—⁠എബ്രായർ 1:1, 2.

6. പത്രൊസിന്റെ പ്രസംഗം കേട്ടപ്പോൾ, ജനക്കൂട്ടത്തിലെ പലരും എന്തു ചെയ്യാൻ പ്രചോദിതരായി?

6 പത്രൊസിന്റെ വിശദീകരണം കേട്ടുകഴിഞ്ഞപ്പോൾ, ജനക്കൂട്ടത്തിൽ പലരും പ്രവർത്തനത്തിനു പ്രചോദിതരായി. അവർ ‘അവന്റെ വാക്ക്‌ കൈക്കൊണ്ടു സ്‌നാനം ഏററു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.’ (പ്രവൃത്തികൾ 2:41) സ്വാഭാവിക യഹൂദരും യഹൂദ മതപരിവർത്തിതരും എന്ന നിലയിൽ, അവർക്ക്‌ അപ്പോൾത്തന്നെ തിരുവെഴുത്തുകളെ കുറിച്ച്‌ ഒരു അടിസ്ഥാന ഗ്രാഹ്യം ഉണ്ടായിരുന്നു. ആ അറിവും പത്രൊസിൽനിന്നു പഠിച്ച കാര്യങ്ങളിലുള്ള അവരുടെ വിശ്വാസവും “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” അവർ സ്‌നാപനം ഏൽക്കുന്നതിനുള്ള അടിസ്ഥാനമായിത്തീർന്നു. (മത്തായി 28:19) സ്‌നാപനശേഷം, ‘അവർ അപ്പൊസ്‌തലന്മാരുടെ ഉപദേശം കേൾക്കുന്നതിൽ’ തുടർന്നു. അതോടൊപ്പം, അവർ തങ്ങളുടെ പുതിയ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാനും തുടങ്ങി. തീർച്ചയായും അവർ “ഒരുമനപ്പെട്ടു ദിനമ്പ്രതി ദൈവാലയത്തിൽ കൂടിവരികയും . . . ദൈവത്തെ സ്‌തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്‌തു.” ഈ സാക്ഷീകരണ പ്രവർത്തനത്തിന്റെ ഫലമായി, “കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനമ്പ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.” (പ്രവൃത്തികൾ 2:42, 46, 47) ഈ പുതു വിശ്വാസികൾ ജീവിച്ചിരുന്ന പല ദേശങ്ങളിലും ക്രിസ്‌തീയ സഭകൾ രൂപീകൃതമായി. വീട്ടിൽ മടങ്ങിവന്ന ശേഷം “സുവാർത്ത” പ്രസംഗിക്കാൻ അവർ നടത്തിയ തീക്ഷ്‌ണമായ ശ്രമങ്ങളുടെ ഫലമായിരുന്നു ഭാഗികമായെങ്കിലും ഈ വർധന എന്ന കാര്യത്തിൽ സംശയമില്ല.​—⁠കൊലൊസ്സ്യർ 1:⁠23.

ദൈവവചനം ശക്തി ചെലുത്തുന്നു

7. (എ) ഇന്നു സകല ജനതകളിലെയും ആളുകളെ യഹോവയുടെ സംഘടനയിലേക്ക്‌ ആകർഷിക്കുന്നത്‌ എന്താണ്‌? (ബി) ആഗോള വയലിലും പ്രാദേശിക വയലിലും കൂടുതലായ വർധനയുടെ എന്തു സാധ്യത നിങ്ങൾ കാണുന്നു? (അടിക്കുറിപ്പ്‌ കാണുക.)

7 ഇന്നു ദൈവദാസർ ആയിത്തീരാൻ ആഗ്രഹിക്കുന്നവരുടെ കാര്യമോ? അവരും ദൈവവചനം ശ്രദ്ധാപൂർവം പഠിക്കേണ്ടതുണ്ട്‌. അവർ അതു ചെയ്യവേ, യഹോവ ‘കരുണയും കൃപയും ദീർഘക്ഷമയും മഹാദയയും വിശ്വസ്‌തതയും’ ഉള്ള ഒരു ദൈവമാണെന്ന്‌ അറിയാൻ ഇടയാകുന്നു. (പുറപ്പാടു 34:6; പ്രവൃത്തികൾ 13:48) യേശുക്രിസ്‌തു മുഖാന്തരം ദൈവം ചെയ്‌ത മറുവില എന്ന ദയാപുരസ്സരമായ കരുതലിനെ കുറിച്ച്‌ അവർ പഠിക്കുന്നു, അവന്റെ രക്തമാണ്‌ അവരെ സകല പാപങ്ങളിൽനിന്നും ശുദ്ധീകരിക്കുന്നത്‌. (1 യോഹന്നാൻ 1:7) ‘നീതിമാന്മാരെയും നീതികെട്ടവരെയും പുനരുത്ഥാനത്തിൽ’ വരുത്താനുള്ള ദൈവോദ്ദേശ്യത്തെയും അവർ വിലമതിക്കാൻ ഇടയാകുന്നു. (പ്രവൃത്തികൾ 24:15) ഈ ‘വൻകാര്യങ്ങളുടെ’ ഉറവായവനോടുള്ള സ്‌നേഹം അവരിൽ നിറഞ്ഞു കവിയുന്നു. അങ്ങനെ അവർ ആ അമൂല്യ സത്യങ്ങൾ മറ്റുള്ളവരോടു ഘോഷിക്കാൻ പ്രചോദിതരാകുന്നു. തുടർന്ന്‌, അവർ സമർപ്പിച്ച്‌ സ്‌നാപനമേറ്റ ക്രിസ്‌ത്യാനികൾ ആയിത്തീരുകയും “ദൈവത്തെ കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനത്തിൽ വർധിക്കുന്നതിൽ” തുടരുകയും ചെയ്യുന്നു. *​—⁠കൊലൊസ്സ്യർ 1:10; 2 കൊരിന്ത്യർ 5:⁠14.

8-10. (എ) ദൈവവചനം ശക്തി ചെലുത്തുന്നു എന്ന്‌ ഒരു ക്രിസ്‌തീയ വനിതയുടെ അനുഭവം എങ്ങനെ തെളിയിക്കുന്നു? (ബി) യഹോവയെയും തന്റെ ദാസന്മാരോടുള്ള അവന്റെ ഇടപെടലുകളെയും കുറിച്ച്‌ ഈ അനുഭവം നിങ്ങളെ എന്തു പഠിപ്പിച്ചിരിക്കുന്നു? (പുറപ്പാടു 4:⁠12)

8 തങ്ങളുടെ ബൈബിൾ പഠനത്തിൽനിന്നു ദൈവദാസന്മാർ നേടുന്ന പരിജ്ഞാനം ഉപരിപ്ലവമായ ഒന്നല്ല. അത്തരം അറിവ്‌ അവരുടെ ഹൃദയത്തെ ഉത്തേജിപ്പിക്കുകയും ചിന്താരീതിക്കു മാറ്റം വരുത്തുകയും അവരുടെതന്നെ ഭാഗം ആയിത്തീരുകയും ചെയ്യുന്നു. (എബ്രായർ 4:12) ഉദാഹരണത്തിന്‌, കമിൽ എന്നു പേരുള്ള ഒരു സ്‌ത്രീ വൃദ്ധജനങ്ങളെ പരിപാലിക്കുന്ന ഒരു ജോലി നോക്കിയിരുന്നു. അവരുടെ സേവനത്തിന്റെ പ്രയോജനം അനുഭവിച്ചവരിൽ യഹോവയുടെ സാക്ഷികളിൽ ഒരാളായ മാർത്തയും ഉണ്ടായിരുന്നു. മാർത്തയ്‌ക്കു കടുത്ത ബുദ്ധിഭ്രമം പിടിപെട്ടിരുന്നതിനാൽ, അവർക്കു നിരന്തര ശ്രദ്ധ ആവശ്യമായിരുന്നു. ഭക്ഷണം കഴിക്കാനും അതു വായിൽനിന്ന്‌ ഇറക്കാൻ പോലും അവരെ ഓർമിപ്പിക്കേണ്ടിയിരുന്നു. എന്നാൽ, നാം കാണാൻ പോകുന്നതുപോലെ ഒരു കാര്യം മാർത്തയുടെ മനസ്സിൽ മായാതെ പതിഞ്ഞിരുന്നു.

9 ഒരിക്കൽ, വ്യക്തിപരമായ ചില പ്രശ്‌നങ്ങളെ കുറിച്ച്‌ ഓർത്ത്‌ കമിൽ കരയുന്നത്‌ മാർത്ത കണ്ടു. മാർത്ത കമിലിനെ ചേർത്തുപിടിച്ചുകൊണ്ട്‌ തന്നോടൊത്തു ബൈബിൾ പഠിക്കാൻ ക്ഷണിച്ചു. എന്നാൽ മാർത്തയുടെ അവസ്ഥയിലുള്ള ഒരാൾക്കു ബൈബിൾ പഠിപ്പിക്കാൻ കഴിയുമോ? അതേ, അവർക്ക്‌ അതിനു കഴിഞ്ഞു! ഓർമശക്തി മിക്കവാറും നഷ്ടപ്പെട്ടിരുന്നെങ്കിലും തന്റെ അത്ഭുതവാനായ ദൈവത്തെ മാർത്ത മറന്നിരുന്നില്ല; താൻ ബൈബിളിൽനിന്നു പഠിച്ചിരുന്ന അമൂല്യമായ സത്യങ്ങളും അവർ മറന്നിരുന്നില്ല. പഠനസമയത്ത്‌, ഓരോ ഖണ്ഡികയും വായിക്കാനും തിരുവെഴുത്തുകൾ എടുത്തുനോക്കാനും പേജിന്റെ അടിയിലുള്ള ചോദ്യം വായിക്കാനും എന്നിട്ട്‌ അതിന്റെ ഉത്തരം പറയാനും മാർത്ത കമിലിനോട്‌ ആവശ്യപ്പെട്ടു. മാർത്തയ്‌ക്കു പരിമിതികൾ ഉണ്ടായിരുന്നെങ്കിലും, ഈ അധ്യയനം കുറെ കാലത്തേക്കു തുടർന്നു. മാർത്ത ബൈബിൾ പരിജ്ഞാനത്തിൽ വളർന്നുവന്നു. ദൈവത്തെ സേവിക്കുന്നതിൽ താത്‌പര്യമുള്ളവരുമൊത്ത്‌ കമിൽ സഹവസിക്കേണ്ടതുണ്ടെന്ന്‌ മാർത്ത തിരിച്ചറിഞ്ഞു. അതു മനസ്സിൽ വെച്ചുകൊണ്ട്‌ മാർത്ത തന്റെ വിദ്യാർഥിക്ക്‌ വസ്‌ത്രവും ഒരു ജോടി ഷൂസും കൊടുത്തു. കമിൽ ആദ്യമായി രാജ്യഹാളിൽ യോഗത്തിനു പോകുമ്പോൾ മാന്യമായ വസ്‌ത്രം ധരിച്ച്‌ പോകാൻ കഴിയേണ്ടതിനാണ്‌ അങ്ങനെ ചെയ്‌തത്‌.

10 മാർത്തയുടെ സ്‌നേഹപുരസ്സരമായ താത്‌പര്യവും വിശ്വാസം സംബന്ധിച്ച ബോധ്യവും നല്ല മാതൃകയും കമിലിന്റെ ഹൃദയത്തെ സ്‌പർശിച്ചു. മാർത്ത തന്നെ ബൈബിളിൽനിന്നു പഠിപ്പിക്കാൻ ശ്രമിക്കുന്നത്‌ വളരെ പ്രാധാന്യമുള്ള ഒന്നാണെന്നു കമിൽ നിഗമനം ചെയ്‌തു. കാരണം, മാർത്ത സകലതും മറന്നുപോയിരുന്നെങ്കിലും തിരുവെഴുത്തുകളിൽ നിന്നു പഠിച്ചിരുന്ന കാര്യങ്ങൾ മറന്നിരുന്നില്ല. പിന്നീട്‌, കമിൽ മറ്റൊരു സ്ഥാപനത്തിലേക്കു സ്ഥലം മാറിയപ്പോഴേക്കും താൻ നടപടി എടുക്കേണ്ട സമയമായെന്ന്‌ അവൾ തിരിച്ചറിഞ്ഞിരുന്നു. ആദ്യ അവസരത്തിൽത്തന്നെ, മാർത്ത തനിക്കു തന്ന വസ്‌ത്രവും ഷൂസും ധരിച്ച്‌ അവൾ രാജ്യഹാളിൽ ചെന്ന്‌ ഒരു ബൈബിൾ അധ്യയനത്തിന്‌ ആവശ്യപ്പെട്ടു. ക്രമേണ നല്ല പുരോഗതി പ്രാപിച്ച കമിൽ സ്‌നാപനമേറ്റു.

യഹോവയുടെ നിലവാരങ്ങൾ പ്രതിഫലിപ്പിക്കാൻ പ്രചോദിതർ

11. പ്രസംഗപ്രവർത്തനത്തിൽ തീക്ഷ്‌ണതയുള്ളവർ ആയിരിക്കുന്നതിനു പുറമേ, രാജ്യസന്ദേശം നമുക്കു പ്രചോദനം നൽകുന്നുവെന്നു നമുക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

11 മാർത്തയെയും ഇപ്പോൾ കമിലിനെയും പോലെ, ഇന്നു ലോകവ്യാപകമായി ‘രാജ്യത്തിന്റെ സുവാർത്ത’ ഘോഷിക്കുന്ന 60 ലക്ഷത്തിലധികം സാക്ഷികളുണ്ട്‌. (മത്തായി 24:​14, NW; മത്തായി 28:19, 20) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ പോലെ, ‘ദൈവത്തിന്റെ വൻകാര്യങ്ങൾ’ അവർക്ക്‌ ആഴമായ പ്രചോദനം നൽകുന്നു. യഹോവയുടെ നാമം വഹിക്കാനുള്ള പദവി ലഭിച്ചിരിക്കുന്നതിനും അവൻ തന്റെ ആത്മാവിനെ തങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നതിനും അവർ കൃതജ്ഞതയുള്ളവരാണ്‌. അതിനാൽ, തങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ദൈവത്തിന്റെ നിലവാരങ്ങൾ ബാധകമാക്കിക്കൊണ്ട്‌ ‘പൂർണ പ്രസാദത്തിന്നായി കർത്താവിനു യോഗ്യമായി നടക്കാൻ’ അവർ ശ്രമിക്കുന്നു. വസ്‌ത്രധാരണവും ചമയവും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങൾ ആദരിക്കുന്നത്‌ ഇതിൽ ഉൾപ്പെടുന്നു.​—⁠കൊലൊസ്സ്യർ 1:10എ; തീത്തൊസ്‌ 2:⁠9, 10.

12. വസ്‌ത്രധാരണവും ചമയവും സംബന്ധിച്ച്‌ വ്യക്തമായ എന്തു ബുദ്ധിയുപദേശം 1 തിമൊഥെയൊസ്‌ 2:9, 10-ൽ നാം കാണുന്നു?

12 അതേ, നമ്മുടെ വ്യക്തിപരമായ ആകാരം സംബന്ധിച്ച്‌ യഹോവ നിലവാരങ്ങൾ വെച്ചിട്ടുണ്ട്‌. ഇതിനോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ ചില നിലവാരങ്ങളെ കുറിച്ച്‌ പൗലൊസ്‌ അപ്പൊസ്‌തലൻ വിവരിക്കുകയുണ്ടായി. “സ്‌ത്രീകളും യോഗ്യമായ വസ്‌ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്‌ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്‌ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.” * ഈ വാക്കുകളിൽനിന്നു നാം എന്തു പഠിക്കുന്നു?​—⁠1 തിമൊഥെയൊസ്‌ 2:9, 10.

13. (എ) ‘യോഗ്യമായ വസ്‌ത്രധാരണം’കൊണ്ട്‌ അർഥമാക്കുന്നത്‌ എന്താണ്‌? (ബി) യഹോവയുടെ നിലവാരങ്ങൾ ന്യായയുക്തമാണ്‌ എന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

13 ക്രിസ്‌ത്യാനികൾ ‘യോഗ്യമായി വസ്‌ത്രം ധരിക്കണം’ എന്നു പൗലൊസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. അവരുടെ വസ്‌ത്രധാരണവും ചമയവും അലസമോ അശ്രദ്ധമോ ആയിരിക്കാൻ പാടില്ല. വെടിപ്പും വൃത്തിയുമുള്ള ഉചിതമായ വസ്‌ത്രങ്ങളാണു തങ്ങൾ ധരിക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്തിക്കൊണ്ട്‌ ഫലത്തിൽ ആർക്കും, പാവപ്പെട്ടവർക്കു പോലും, അത്തരം ന്യായമായ നിലവാരങ്ങൾ നിലനിറുത്താൻ സാധിക്കും. ഉദാഹരണത്തിന്‌, തെക്കേ അമേരിക്കയിലെ ഒരു പ്രദേശത്തുള്ള സാക്ഷികൾ കിലോമീറ്ററുകളോളം വനത്തിൽക്കൂടി നടന്നശേഷം, വള്ളത്തിൽ നിരവധി മണിക്കൂറുകൾ യാത്ര ചെയ്‌താണു തങ്ങളുടെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനു ഹാജരാകുന്നത്‌. യാത്രാമധ്യേ വസ്‌ത്രം നനയുകയോ കുറ്റിച്ചെടിയിൽ ഉടക്കി കീറുകയോ ചെയ്യുന്നത്‌ അസാധാരണമല്ല. തന്മൂലം, അവർ കൺവെൻഷൻ സ്ഥലത്ത്‌ എത്തുമ്പോൾ അവരുടെ വസ്‌ത്രങ്ങളും മറ്റും ഉചിതമായ അവസ്ഥയിൽ ആയിരിക്കില്ല. അതുകൊണ്ട്‌ കൺവെൻഷൻ തുടങ്ങുന്നതിനു മുമ്പ്‌, ധരിക്കാൻ പോകുന്ന വസ്‌ത്രങ്ങളുടെ ബട്ടനുകൾ തുന്നിപ്പിടിപ്പിക്കാനും സിബ്ബുകൾ ശരിയാക്കാനും അവ കഴുകി ഇസ്‌തിരിയിടാനും അവർ സമയമെടുക്കുന്നു. യഹോവയുടെ മേശയിങ്കൽനിന്നു ഭക്ഷിക്കാനുള്ള ക്ഷണത്തെ അവർ അമൂല്യമായി കരുതുന്നു. പ്രസ്‌തുത അവസരത്തിൽ ഉചിതമായി വസ്‌ത്രധാരണം ചെയ്‌തവരായിരിക്കാൻ അവർ ആഗ്രഹിക്കുന്നു.

14. (എ) “ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ” വസ്‌ത്രം ധരിക്കുക എന്നതിന്റെ അർഥമെന്ത്‌? (ബി) ‘ദൈവഭക്തിയെ സ്വീകരിക്കുന്ന വ്യക്തികൾ എന്ന നിലയിൽ’ നമ്മെ സംബന്ധിച്ചിടത്തോളം വസ്‌ത്രധാരണം ചെയ്യുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

14 നാം “ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ” വസ്‌ത്രധാരണം ചെയ്യേണ്ടതുണ്ടെന്ന്‌ പൗലൊസ്‌ കൂടുതലായി സൂചിപ്പിച്ചു. അതിന്റെ അർഥം മറ്റുള്ളവരെ കാണിക്കാൻ ഉദ്ദേശിച്ചുള്ളതോ വിചിത്രമോ ലൈംഗിക മോഹങ്ങൾ ഉണർത്തുന്നതോ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതോ ഫാഷൻ പ്രദർശനം പോലുള്ളതോ ആയ വസ്‌ത്രധാരണ രീതി പാടില്ല എന്നാണ്‌. മാത്രമല്ല, “ദൈവഭക്തി”യെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ വേണം നാം വസ്‌ത്രം ധരിക്കാൻ. അതു ചിന്തയ്‌ക്കുള്ള വക നൽകുന്നില്ലേ? സഭായോഗങ്ങളിൽ സംബന്ധിക്കുമ്പോൾ ഉചിതമായി വസ്‌ത്രം ധരിക്കണമെന്നും അല്ലാത്തപ്പോൾ ഇക്കാര്യത്തിൽ അശ്രദ്ധ കാണിക്കാമെന്നുമല്ല ഇതിന്റെ അർഥം. നമ്മുടെ വ്യക്തിപരമായ ആകാരം ദൈവഭക്തിയെയും ആദരണീയമായ മനോഭാവത്തെയും പ്രതിഫലിപ്പിക്കണം. കാരണം, ദിവസത്തിൽ 24 മണിക്കൂറും നാം ക്രിസ്‌ത്യാനികളും ശുശ്രൂഷകരുമാണ്‌. ജോലിക്കു പോകുമ്പോഴും സ്‌കൂളിൽ പോകുമ്പോഴും സന്ദർഭത്തിനു ചേർച്ചയിലുള്ള വസ്‌ത്രങ്ങളാണു നാം ധരിക്കാറ്‌ എന്നതു ശരിതന്നെ. എന്നാൽ അപ്പോൾപ്പോലും, നമ്മുടെ വസ്‌ത്രധാരണം മാന്യതയും അന്തസ്സും നിഴലിക്കുന്നതായിരിക്കണം. നമ്മുടെ വസ്‌ത്രധാരണ രീതി എല്ലായ്‌പോഴും ദൈവത്തിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെങ്കിൽ, നമ്മുടെ ആകാരത്തിലുള്ള നാണക്കേടു നിമിത്തം അനൗപചാരികമായി സാക്ഷീകരിക്കുന്നതിൽനിന്നു വിട്ടുനിൽക്കാനുള്ള പ്രവണത നമുക്ക്‌ ഒരിക്കലും ഉണ്ടാകില്ല.​—⁠1 പത്രൊസ്‌ 3:⁠15.

‘ലോകത്തെ സ്‌നേഹിക്കരുത്‌’

15, 16. (എ) വസ്‌ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ, നാം ലോകത്തെ അനുകരിക്കാതിരിക്കുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (1 യോഹന്നാൻ 5:19) (ബി) ഏതു പ്രായോഗിക കാരണത്തെ പ്രതി വസ്‌ത്രധാരണത്തിലെയും ചമയത്തിലെയും ഫാഷൻ ഭ്രമം നാം ഒഴിവാക്കണം?

15 വസ്‌ത്രധാരണവും ചമയവും സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പിൽ വഴികാട്ടിയാണ്‌ 1 യോഹന്നാൻ 2:15, 16-ൽ രേഖപ്പെടുത്തിയിരിക്കുന്ന ബുദ്ധിയുപദേശം. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്‌നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്‌നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്‌നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.”

16 എത്ര കാലോചിതമായ ബുദ്ധിയുപദേശം! സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം വളരെയധികം തീവ്രമായിരിക്കുന്ന ഇക്കാലത്ത്‌, നമ്മുടെ വസ്‌ത്രധാരണം എങ്ങനെയുള്ളതാണെന്നു തീരുമാനിക്കാൻ നാം ലോകത്തെ അനുവദിക്കരുത്‌. വസ്‌ത്രധാരണത്തിലെയും ചമയത്തിലെയും സ്റ്റൈലുകൾ സമീപ വർഷങ്ങളിൽ വളരെ അധഃപതിച്ചുപോയിരിക്കുന്നു. ബിസിനസുകാരുടെയും ഉദ്യോഗസ്ഥരുടെയും വസ്‌ത്രധാരണ രീതി പോലും ക്രിസ്‌ത്യാനികൾക്ക്‌ അനുയോജ്യമായിരിക്കുന്ന വസ്‌ത്രധാരണം സംബന്ധിച്ച്‌ ആശ്രയയോഗ്യമായ ഒരു നിലവാരം എല്ലായ്‌പോഴും പ്രദാനം ചെയ്യുന്നില്ല. ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ച്‌ ജീവിക്കാനും ‘നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കാനും’ ആഗ്രഹിക്കുന്നെങ്കിൽ, നാം ‘ഈ ലോകത്തിന്നു അനുരൂപമാകാതിരി’ക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച്‌ സദാ ബോധമുള്ളവരായിരിക്കുന്നതിന്‌ ഇതു കൂടുതലായ ഒരു കാരണം നൽകുന്നു.​—⁠റോമർ 12:2; തീത്തൊസ്‌ 2:⁠9.

17. (എ) വസ്‌ത്രം വാങ്ങുകയും സ്റ്റൈൽ തിരഞ്ഞെടുക്കുകയും ചെയ്യുമ്പോൾ ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കേണ്ടതാണ്‌? (ബി) കുടുംബാംഗങ്ങളുടെ വ്യക്തിപരമായ ആകാരത്തിൽ കുടുംബത്തലവന്മാർ ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

17 ഒരു വസ്‌ത്രം വാങ്ങുന്നതിനു മുമ്പ്‌, ഇങ്ങനെ ചോദിക്കുന്നത്‌ ഉചിതമാണ്‌: ‘ഈ സ്റ്റൈലിനോട്‌ എനിക്ക്‌ ഇഷ്ടം തോന്നുന്നത്‌ എന്തുകൊണ്ടാണ്‌? വിനോദരംഗത്തെ പ്രസിദ്ധനായ ഒരാളോട്‌, ഞാൻ അങ്ങേയറ്റം ആദരിക്കുന്ന ഒരാളോട്‌, ഇതു ബന്ധപ്പെട്ടിരിക്കുന്നുവോ? തെരുവു സംഘങ്ങളിലെ അംഗങ്ങളും സ്വതന്ത്രമായ, മത്സരത്തിന്റേതായ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും വിഭാഗവും ഇതു സ്വീകരിച്ചിട്ടുണ്ടോ?’ വസ്‌ത്രത്തിന്റെതന്നെ കാര്യത്തിലും നാം അടുത്ത ശ്രദ്ധ കാണിക്കേണ്ടതുണ്ട്‌. അത്‌ ഒറ്റയുടുപ്പോ പാവാടയോ ആണെങ്കിൽ, അതിന്റെ നീളമെങ്ങനെ? അതിന്റെ വെട്ട്‌ എങ്ങനെയുള്ളതാണ്‌? അതു വിനയം ധ്വനിപ്പിക്കുന്നതും ഉചിതവും മാന്യവും ആണോ, അതോ ഇറുകിപ്പിടിച്ചിരിക്കുന്നതോ ലൈംഗിക വികാരം ഉണർത്തുന്നതോ അങ്ങേയറ്റം അലസമോ ആണോ? നിങ്ങളോടുതന്നെ ചോദിക്കുക, ‘ഞാൻ ഈ വസ്‌ത്രം ധരിച്ചാൽ, മറ്റുള്ളവർക്ക്‌ അത്‌ ഇടർച്ചയ്‌ക്കു കാരണമാകുമോ?’ (2 കൊരിന്ത്യർ 6:3, 4) ഇക്കാര്യം നമുക്കു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? എന്തുകൊണ്ടെന്നാൽ, “ക്രിസ്‌തുവും തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല” എന്നു ബൈബിൾ പറയുന്നു. (റോമർ 15:​3, പി.ഒ.സി. ബൈബിൾ) ക്രിസ്‌തീയ കുടുംബത്തലവന്മാർ കുടുംബാംഗങ്ങളുടെ വസ്‌ത്രധാരണത്തിലും ചമയത്തിലും മറ്റും താത്‌പര്യമെടുക്കേണ്ടതുണ്ട്‌. തങ്ങൾ ആരാധിക്കുന്ന മഹാ ദൈവത്തോടുള്ള ആദരവു നിമിത്തം, ആവശ്യമായിരിക്കുമ്പോൾ സ്‌നേഹപുരസ്സരവും കർശനവുമായ ബുദ്ധിയുപദേശം കൊടുക്കാൻ കുടുംബത്തലവന്മാർ മടിക്കരുത്‌.​—⁠യാക്കോബ്‌ 3:⁠13.

18. നിങ്ങളുടെ വസ്‌ത്രധാരണത്തിനും ചമയത്തിനും സൂക്ഷ്‌മ ശ്രദ്ധ കൊടുക്കാൻ നിങ്ങളെ എന്തു പ്രേരിപ്പിക്കുന്നു?

18 നാം വഹിക്കുന്ന സന്ദേശം, മാന്യതയുടെയും വിശുദ്ധിയുടെയും മൂർത്തിമദ്‌ഭാവമായ യഹോവയിൽനിന്നു വരുന്നതാണ്‌. (യെശയ്യാവു 6:3) “പ്രിയമക്കൾ എന്നപോലെ” അവനെ അനുകരിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (എഫെസ്യർ 5:1) നമ്മുടെ വസ്‌ത്രധാരണവും ചമയവും അവനെ മഹത്ത്വപ്പെടുത്തുകയോ നിന്ദിക്കുകയോ ചെയ്‌തേക്കാം. തീർച്ചയായും നാം അവന്റെ ഹൃദയത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 27:⁠11.

19. ‘ദൈവത്തിന്റെ വൻകാര്യങ്ങൾ’ മറ്റുള്ളവരെ അറിയിക്കുന്നതിൽനിന്ന്‌ എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കുന്നു?

19 നിങ്ങൾ പഠിച്ചിരിക്കുന്ന ‘ദൈവത്തിന്റെ വൻകാര്യങ്ങ’ളെ കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു? വാസ്‌തവത്തിൽ, സത്യം പഠിക്കാൻ കഴിഞ്ഞതിൽ നാം എത്ര നന്ദിയുള്ളവരാണ്‌! നാം യേശുക്രിസ്‌തുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം പ്രകടമാക്കുന്നതിനാൽ, നമ്മുടെ പാപങ്ങൾക്കു ക്ഷമ ലഭിക്കുന്നു. (പ്രവൃത്തികൾ 2:38) തത്‌ഫലമായി നമുക്കു ദൈവമുമ്പാകെ സംസാരസ്വാതന്ത്ര്യം ഉണ്ട്‌. പ്രത്യാശ ഇല്ലാത്തവരെ പോലെ നാം മരണത്തെ ഭയപ്പെടുന്നില്ല. മറിച്ച്‌, ഒരു നാൾ ‘കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, പുനരുത്ഥാനം ചെയ്യുമെന്ന’ യേശുവിന്റെ ഉറപ്പ്‌ നമുക്കുണ്ട്‌. (യോഹന്നാൻ 5:28, 29) യഹോവ ഇക്കാര്യങ്ങളെല്ലാം നമുക്കു വെളിപ്പെടുത്തിക്കൊണ്ട്‌ കരുണ കാണിച്ചിരിക്കുന്നു. മാത്രമല്ല, അവൻ തന്റെ ആത്മാവിനെ നമ്മുടെ മേൽ ചൊരിയുകയും ചെയ്‌തിരിക്കുന്നു. അതുകൊണ്ട്‌ ഈ എല്ലാ നല്ല കാര്യങ്ങളോടുമുള്ള നമ്മുടെ വിലമതിപ്പ്‌ അവന്റെ ഉന്നതമായ നിലവാരങ്ങളെ ആദരിക്കാനും ഈ ‘വൻകാര്യങ്ങൾ’ ഘോഷിച്ചുകൊണ്ട്‌ ഉത്സാഹത്തോടെ അവനെ സ്‌തുതിക്കാനും നമ്മെ പ്രേരിപ്പിക്കണം.

[അടിക്കുറിപ്പുകൾ]

^ ഖ. 5 തന്റെ ജനത്തിനു വേണ്ടി ഫറവോനോടു സംസാരിക്കാൻ മോശെയെയും അഹരോനെയും നിയമിച്ചപ്പോൾ, യഹോവ മോശെയോട്‌ പറഞ്ഞു: “നോക്കൂ, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (പുറപ്പാടു 7:1) ഭാവി സംഭവങ്ങൾ മുൻകൂട്ടി പറയുക എന്ന അർഥത്തിലല്ല, മറിച്ച്‌ മോശെയുടെ വക്താവ്‌ ആയിരിക്കുകയെന്ന അർഥത്തിലാണ്‌ അഹരോൻ ഒരു പ്രവാചകൻ ആയിരുന്നത്‌.

^ ഖ. 7 2002 മാർച്ച്‌ 28-ന്‌ നടത്തപ്പെട്ട കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ വാർഷിക ആചരണത്തിൽ സന്നിഹിതരായിരുന്ന ദശലക്ഷക്കണക്കിന്‌ ആളുകൾ ഇനിയും യഹോവയെ സജീവമായി സേവിക്കാൻ തുടങ്ങിയിട്ടില്ല. സുവാർത്തയുടെ പ്രസാധകർ എന്ന പദവിയിൽ എത്തിച്ചേരാൻ തക്കവണ്ണം ഈ താത്‌പര്യക്കാരിൽ അനേകരുടെയും ഹൃദയം പ്രേരിപ്പിക്കപ്പെടട്ടെ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു.

^ ഖ. 12 പൗലൊസിന്റെ വാക്കുകൾ ക്രിസ്‌തീയ സ്‌ത്രീകളെ ഉദ്ദേശിച്ചുള്ളവ ആയിരുന്നെങ്കിലും, അതേ തത്ത്വങ്ങൾതന്നെ ക്രിസ്‌തീയ പുരുഷന്മാർക്കും യുവജനങ്ങൾക്കും ബാധകമാണ്‌.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ ആളുകൾ എങ്ങനെയുള്ള ‘വൻകാര്യങ്ങളാണ്‌’ കേട്ടത്‌, അവർ പ്രതികരിച്ചത്‌ എങ്ങനെ?

• ഒരുവൻ യേശുക്രിസ്‌തുവിന്റെ ഒരു ശിഷ്യൻ ആയിത്തീരുന്നത്‌ എങ്ങനെ, ശിഷ്യത്വത്തിൽ എന്ത്‌ ഉൾപ്പെടുന്നു?

• നമ്മുടെ വസ്‌ത്രധാരണത്തിനും ചമയത്തിനും നാം ശ്രദ്ധ കൊടുക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ഒരു വസ്‌ത്രമോ സ്റ്റൈലോ ഉചിതമാണോ എന്നു നിർണയിക്കുമ്പോൾ ഏതെല്ലാം ഘടകങ്ങൾക്കു ശ്രദ്ധ കൊടുക്കേണ്ടതുണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

യേശു മരിച്ചവരിൽനിന്ന്‌ ഉയിർത്തുവെന്നു പത്രൊസ്‌ അറിയിച്ചു

[17-ാം പേജിലെ ചിത്രങ്ങൾ]

നിങ്ങളുടെ വ്യക്തിപരമായ ആകാരം നിങ്ങൾ ആരാധിക്കുന്ന ദൈവത്തിനു മഹത്ത്വം കരേറ്റുന്നുവോ?

[18-ാം പേജിലെ ചിത്രങ്ങൾ]

കുടുംബാംഗങ്ങളുടെ വ്യക്തിപരമായ ആകാരത്തിന്റെ കാര്യത്തിൽ ക്രിസ്‌തീയ മാതാപിതാക്കൾ താത്‌പര്യമെടുക്കേണ്ടതുണ്ട്‌