വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദൈവവചനം ശക്തി ചെലുത്തുന്നു’

‘ദൈവവചനം ശക്തി ചെലുത്തുന്നു’

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

‘ദൈവവചനം ശക്തി ചെലുത്തുന്നു’

വെയിലിൽ കുളിച്ചുകിടക്കുന്ന ജമെയ്‌ക്ക എന്ന കരീബിയൻ ദ്വീപിലെ മിക്കവർക്കും ബൈബിൾ പരിചിതമാണ്‌. വാസ്‌തവത്തിൽ, മിക്കവാറും എല്ലാ വീടുകളിലുംതന്നെ ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം കാണാനാകും. “ദൈവത്തിന്റെ വചനം ജീവനുള്ളതും ശക്തി ചെലുത്തുന്നതും” ആണെന്ന്‌ ഇവിടത്തുകാരിൽ ചിലർ മനസ്സിലാക്കിയിരിക്കുന്നു. (എബ്രായർ 4:​12, NW) പിൻവരുന്ന അനുഭവം വ്യക്തമാക്കുന്നതു പോലെ, ഈ ശക്തിക്ക്‌ ആളുകളുടെ ജീവിതത്തിൽ പരിവർത്തനം വരുത്താനാകും.

ക്ലീവ്‌ലൻഡ്‌ എന്ന മനുഷ്യൻ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയ സമയം യഹോവയുടെ സാക്ഷികളിൽ ഒരാൾ അദ്ദേഹത്തെ സന്ദർശിച്ചു. തിരുവെഴുത്തുകളിൽനിന്ന്‌ ഏതാനും ആശയങ്ങൾ പങ്കുവെച്ച ശേഷം, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന ബൈബിൾ പഠനസഹായി സാക്ഷി അദ്ദേഹത്തിനു കൊടുത്തു. തന്റെ ജീവിതത്തിൽ ദൈവവചനം എത്രമാത്രം ശക്തി ചെലുത്തുമെന്ന്‌ ക്ലീവ്‌ലൻഡ്‌ അപ്പോൾ തിരിച്ചറിഞ്ഞതേയില്ല.

ദിവസവും മൂന്നു നേരം പ്രാർഥിക്കുമായിരുന്ന ക്ലീവ്‌ലൻഡ്‌, ദൈവത്തെ ആരാധിക്കാനുള്ള ശരിയായ മാർഗം തന്നെ കാണിച്ചുതരേണമേ എന്ന്‌ അപേക്ഷിച്ചിരുന്നു. തന്റെ മാതാപിതാക്കൾ ശരിയായ രീതിയിലല്ല ദൈവത്തെ ആരാധിക്കുന്നതെന്ന്‌ അദ്ദേഹത്തിന്‌ ഉറപ്പുണ്ടായിരുന്നു. എന്നാൽ, മറ്റു മതങ്ങളെ കുറിച്ചു പരിശോധന നടത്തിയ അദ്ദേഹം നിരാശനാകുകയാണു ചെയ്‌തത്‌. യഹോവയുടെ സാക്ഷികളെ കുറിച്ച്‌ അദ്ദേഹം കേട്ടിരുന്നെങ്കിലും, അവരുടെ പക്കൽ സത്യം ഉണ്ടോ എന്ന്‌ അദ്ദേഹം സംശയിച്ചു. അൽപ്പം സന്ദേഹത്തോടെ ആണെങ്കിലും, ക്ലീവ്‌ലൻഡ്‌ തന്നെ സന്ദർശിച്ച സാക്ഷിയോടൊത്തു ബൈബിൾ പഠിക്കാൻ സമ്മതിച്ചു. എന്തുകൊണ്ട്‌? സാക്ഷികളുടെ വിശ്വാസം തെറ്റാണെന്നു തെളിയിച്ചുകൊടുക്കാൻ!

തനിക്കു രണ്ടു സ്‌ത്രീകളുമായുള്ള അവിഹിത ബന്ധം ദൈവത്തെ അപ്രീതിപ്പെടുത്തുന്നതാണെന്ന്‌ ക്ലീവ്‌ലൻഡ്‌ മനസ്സിലാക്കി. (1 കൊരിന്ത്യർ 6:9, 10) വെറും രണ്ട്‌ അധ്യയനങ്ങൾ കഴിഞ്ഞപ്പോഴേക്കും, അദ്ദേഹം ധൈര്യം സംഭരിച്ച്‌ ആ സ്‌ത്രീകളുമായുള്ള ബന്ധം വിച്ഛേദിച്ചു. തുടർന്ന്‌, അദ്ദേഹം രാജ്യഹാളിൽ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. എന്നാൽ, അതു മറ്റൊരു പരിശോധന അദ്ദേഹത്തിന്റെമേൽ വരുത്തിവെച്ചു.

ക്ലീവ്‌ലൻഡ്‌ ആ പ്രദേശത്തെ ഫുട്‌ബോൾ ടീമിലെ അംഗമായിരുന്നു, ഫുട്‌ബോൾ മത്സരങ്ങൾ തന്റെ യോഗഹാജരിനു തടസ്സമാകുന്നതായി അദ്ദേഹം കണ്ടെത്തി. അദ്ദേഹം എന്തു ചെയ്യും? സഹകളിക്കാരും കോച്ചും സുഹൃത്തുക്കളുമൊക്കെ കടുത്ത സമ്മർദം ചെലുത്തിയിട്ടും ഫുട്‌ബോൾ ടീമിൽനിന്നു പുറത്തു പോരാൻതന്നെ ക്ലീവ്‌ലൻഡ്‌ തീരുമാനിച്ചു. അതേ, ദൈവവചനം ഗുണകരമായ ഒരു വിധത്തിൽ അദ്ദേഹത്തിന്മേൽ ശക്തി ചെലുത്താൻ തുടങ്ങിയിരുന്നു!

ക്ലീവ്‌ലൻഡ്‌ മറ്റുള്ളവരുമായി ബൈബിൾ പരിജ്ഞാനം പങ്കുവെക്കാൻ തുടങ്ങിയപ്പോൾ ദൈവവചനത്തിന്റെ ശക്തി വീണ്ടും പ്രകടമാകാൻ തുടങ്ങി. (പ്രവൃത്തികൾ 1:8) തത്‌ഫലമായി, അദ്ദേഹത്തിന്റെ മുൻ സഹകളിക്കാരിൽ രണ്ടു പേർ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. സുവാർത്തയുടെ ഒരു ഘോഷകൻ ആയിത്തീരാൻ യോഗ്യത നേടിയ ക്ലീവ്‌ലൻഡ്‌ ശുശ്രൂഷയിൽ വലിയ സന്തോഷം കണ്ടെത്തി, അദ്ദേഹം മറ്റുള്ളവരെ സഹായിക്കാൻ ദൈവവചനം ഉപയോഗിച്ചു.

ദൈവവചനത്തിന്റെ ശക്തിയിൽ തുടർന്നും പ്രചോദിതനായി, ക്ലീവ്‌ലൻഡ്‌ ഒടുവിൽ യഹോവയ്‌ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി സ്‌നാപനമേറ്റു. ഇപ്പോൾ അദ്ദേഹം ഒരു മുഴുസമയ ശുശ്രൂഷകനും സഭയിൽ ഒരു ശുശ്രൂഷാദാസനുമാണ്‌.

ജമെയ്‌ക്കയിലും അതുപോലെ ലോകമെമ്പാടും ആയിരക്കണക്കിന്‌ ആളുകൾ ദൈവവചനം തീർച്ചയായും “ജീവനുള്ളതും ശക്തി ചെലുത്തുന്നതും” ആണെന്നു തിരിച്ചറിയാൻ ഇടയായിരിക്കുന്നു.

[8-ാം പേജിലെ ഭൂപടം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ജമെയ്‌ക്ക

[കടപ്പാട്‌]

ഭൂപടവും ഭൂഗോളവും: Mountain High Maps® Copyright © 1997 Digital Wisdom, Inc.