വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പെരുഞ്ഞാറ നൽകുന്ന പാഠം

പെരുഞ്ഞാറ നൽകുന്ന പാഠം

പെരുഞ്ഞാറ നൽകുന്ന പാഠം

‘ആകാശത്തിലെ പെരുഞ്ഞാറ തന്റെ കാലം അറിയുന്നു. എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.’ (യിരെമ്യാവു 8:7) യഹോവയെ ഉപേക്ഷിച്ച്‌ അന്യദേവന്മാരുടെ ആരാധനയിലേക്കു തിരിഞ്ഞ യഹൂദയിലെ വിശ്വാസത്യാഗികൾക്ക്‌ എതിരെ യിരെമ്യാ പ്രവാചകൻ യഹോവയുടെ ന്യായവിധി പ്രഖ്യാപിച്ചത്‌ ആ വാക്കുകൾ ഉപയോഗിച്ചാണ്‌. (യിരെമ്യാവു 7:18, 31) അവിശ്വസ്‌ത യഹൂദന്മാർക്ക്‌ ഒരു ദൃഷ്ടാന്തപാഠം എന്ന നിലയിൽ യിരെമ്യാവ്‌ പെരുഞ്ഞാറയെ തിരഞ്ഞെടുത്തത്‌ എന്തുകൊണ്ടാണ്‌?

പെരുഞ്ഞാറ, പ്രത്യേകിച്ച്‌ വെള്ള പെരുഞ്ഞാറ, ബൈബിൾ നാടുകളിലൂടെ ദേശാന്തരഗമനം നടത്തിയിരുന്നതിനാൽ ഇസ്രായേല്യർക്ക്‌ അവയെ അറിയാമായിരുന്നു. നീളൻ കാലുകളോടുകൂടിയ, വെള്ളത്തിൽ നടക്കുന്ന വലിപ്പമുള്ള ഈ പക്ഷിയുടെ എബ്രായ പേര്‌ “വിശ്വസ്‌തതയുള്ളത്‌, സ്‌നേഹദയയുള്ളത്‌” എന്ന അർഥം വരുന്ന ഒരു വാക്കിന്റെ സ്‌ത്രീലിംഗ രൂപമാണ്‌. ഇത്‌ അനുയോജ്യമാണ്‌. കാരണം, മറ്റു മിക്ക പക്ഷികളിൽനിന്നും വ്യത്യസ്‌തമായി വെള്ള പെരുഞ്ഞാറകളിലെ ആൺപക്ഷിയും പെൺപക്ഷിയും ആജീവനാന്തം ഇണകളായിത്തന്നെ തുടരുന്നു. ഉഷ്‌ണമേഖലകളിൽ ശീതകാലം ചെലവഴിച്ചശേഷം മിക്ക പെരുഞ്ഞാറകളും മിക്കപ്പോഴും വർഷാവർഷം തങ്ങൾ മുമ്പ്‌ ഉപയോഗിച്ചിരുന്ന കൂടുകളിലേക്കു തിരിച്ചുവരാറാണു പതിവ്‌.

പെരുഞ്ഞാറയുടെ ജന്മസിദ്ധമായ ഈ പെരുമാറ്റം അവയുടെ വിശ്വസ്‌തത എന്ന ഗുണത്തെ വളരെ ശ്രദ്ധേയമായ വിധങ്ങളിൽ ചിത്രീകരിക്കുന്നു. അടയിരിക്കുന്നതിലും കുഞ്ഞുങ്ങളെ പോറ്റുന്നതിലും ആൺപക്ഷിയും പെൺപക്ഷിയും സഹകരിച്ചു പ്രവർത്തിക്കുന്നു. നമ്മുടെ വിശിഷ്ട വന്യജീവികൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം വിശദീകരിക്കുന്നു: “തള്ളപ്പക്ഷിയും തന്തപ്പക്ഷിയുമായ പെരുഞ്ഞാറകൾ കാട്ടുന്ന വിശ്വസ്‌തത ഒന്നു വേറെതന്നെയാണ്‌. ജർമനിയിൽ, ഒരു ആൺ പെരുഞ്ഞാറ ഉയർന്ന വോൾട്ടേജുള്ള വൈദ്യുതകമ്പിയിൽ തട്ടി ഷോക്കേറ്റു ചത്തു. പെൺപക്ഷി തുടർന്നുള്ള 3 ദിവസത്തേക്ക്‌ മുട്ടയ്‌ക്ക്‌ അടയിരുന്നു, അതിനിടയ്‌ക്കു ഭക്ഷണത്തിനായി ഒരു പ്രാവശ്യം കുറച്ചുനേരം മാത്രമേ അതു കൂടുവിട്ടു പുറത്തു പോയുള്ളൂ. . . . മറ്റൊരു സന്ദർഭത്തിൽ, പെൺപക്ഷി വെടിയേറ്റു വീണപ്പോൾ, കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റിയത്‌ ആൺപക്ഷിയാണ്‌.”

യഥാർഥത്തിൽ, സഹജജ്ഞാനത്താൽ ജീവിത പങ്കാളിയോടു വിശ്വസ്‌തത പുലർത്തുകയും കുഞ്ഞുങ്ങളെ ആർദ്രമായി പരിപാലിക്കുകയും ചെയ്‌തുകൊണ്ട്‌, പെരുഞ്ഞാറകൾ അവയുടെ പേരിന്റെ ‘വിശ്വസ്‌തതയുള്ളത്‌’ എന്ന അർഥത്തിനൊത്ത്‌ ജീവിക്കുന്നു. അതുകൊണ്ട്‌, അവിശ്വസ്‌തരും അനുസരണം കെട്ടവരുമായ ഇസ്രായേല്യർക്ക്‌ പെരുഞ്ഞാറകൾ ശക്തമായ ഒരു പാഠമായി ഉതകി.

ഇന്നത്തെ അനേകരെ സംബന്ധിച്ചും വിശ്വസ്‌തത, കൂറ്‌ എന്നിവ​—⁠ആദരണീയമെങ്കിലും പ്രായോഗികമല്ലാത്ത​—⁠പഴഞ്ചൻ ആശയങ്ങളാണ്‌. വിവാഹമോചനം, ഉപേക്ഷണം, പണാപഹരണം, വഞ്ചനയുടെ മറ്റു രൂപങ്ങൾ എന്നിവയുടെ വ്യാപനം വിശ്വസ്‌തതയ്‌ക്ക്‌ ആളുകൾ വില കൽപ്പിക്കുന്നില്ല എന്നു തെളിയിക്കുന്നു. നേരെ മറിച്ച്‌, സ്‌നേഹത്താലും ദയയാലും പ്രേരിതമായ വിശ്വസ്‌തതയ്‌ക്കു ബൈബിൾ വലിയ മൂല്യം കൽപ്പിക്കുന്നു. ‘സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിക്കാൻ’ അതു ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുന്നു. (എഫെസ്യർ 4:24) അതേ, വിശ്വസ്‌തരായിരിക്കാൻ പുതിയ വ്യക്തിത്വം നമ്മെ സഹായിക്കുന്നു. എന്നാൽ, വിശ്വസ്‌തത സംബന്ധിച്ച്‌ നമുക്കു പെരുഞ്ഞാറയിൽനിന്നുള്ള ഒരു പാഠവും പഠിക്കാനാകും.