വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വയോധികയും സംതൃപ്‌തയും

വയോധികയും സംതൃപ്‌തയും

ജീവിത കഥ

വയോധികയും സംതൃപ്‌തയും

മ്യുറിയൽ സ്‌മിത്ത്‌ പറഞ്ഞപ്രകാരം

വീടിന്റെ മുൻവാതിലിൽ ആരോ ശക്തിയായി മുട്ടുന്ന ശബ്ദം. രാവിലത്തെ തിരക്കിട്ട പ്രസംഗപ്രവർത്തനത്തിനു ശേഷം, ഉച്ചഭക്ഷണത്തിനായി ഞാൻ വീട്ടിൽ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. പതിവുപോലെ, ഒരു കപ്പ്‌ ചായ കുടിച്ചിട്ട്‌ അര മണിക്കൂർ നേരത്തേക്ക്‌ ഒന്നു വിശ്രമിക്കാമെന്നു കരുതി അതിനുള്ള വെള്ളം തിളപ്പിക്കുകയായിരുന്നു ഞാൻ. വാതിലിൽ നിറുത്താതെ മുട്ടുന്നുണ്ടായിരുന്നു. ഈ സമയത്ത്‌ ആരായിരിക്കും വന്നിരിക്കുന്നത്‌ എന്നു വിചാരിച്ചുകൊണ്ട്‌ ഞാൻ വാതിൽക്കലേക്കു ചെന്നു. അവർ ആരാണെന്ന്‌ ഉടൻതന്നെ എനിക്കു മനസ്സിലായി. അവിടെ നിന്ന രണ്ടു പുരുഷന്മാർ പോലീസ്‌ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞു സ്വയം പരിചയപ്പെടുത്തി. നിരോധിക്കപ്പെട്ട സംഘടനയായ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച സാഹിത്യങ്ങൾ എന്തെങ്കിലും ഇവിടെയുണ്ടോ എന്നു പരിശോധിക്കാനാണു തങ്ങൾ വന്നിരിക്കുന്നതെന്ന്‌ അവർ പറഞ്ഞു.

എന്തുകൊണ്ടാണ്‌ യഹോവയുടെ സാക്ഷികൾ ഓസ്‌ട്രേലിയയിൽ നിരോധിക്കപ്പെട്ടത്‌? ഞാൻ എങ്ങനെയാണ്‌ അവരിൽ ഒരാൾ ആയിത്തീർന്നത്‌? ഇതെല്ലാം തുടങ്ങിയത്‌ 1910-ൽ അമ്മ എനിക്കു തന്ന ഒരു സമ്മാനത്തോടെയാണ്‌. അന്നെനിക്ക്‌ വയസ്സ്‌ 10.

വടക്കൻ സിഡ്‌നിയുടെ പ്രാന്തപ്രദേശമായ ക്രോസ്‌-നെസ്റ്റിൽ തടികൊണ്ടു നിർമിച്ച ഒരു വീട്ടിലാണു ഞങ്ങളുടെ കുടുംബം കഴിഞ്ഞിരുന്നത്‌. ഒരു ദിവസം ഞാൻ സ്‌കൂളിൽനിന്നു വീട്ടിലെത്തിയപ്പോൾ അമ്മ വാതിൽക്കൽ ഒരാളുമായി സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. സൂട്ട്‌ ധരിച്ച്‌ നിറയെ പുസ്‌തകങ്ങളുള്ള ഒരു ബാഗുമായി നിൽക്കുന്ന ആ അപരിചിതൻ ആരെന്നറിയാൻ എനിക്ക്‌ ആകാംക്ഷ തോന്നി. അൽപ്പം നാണത്തോടെ, ക്ഷമാപണം നടത്തി ഞാൻ വീടിനകത്തേക്കു കയറിപ്പോയി. എന്നാൽ, ഏതാനും നിമിഷം കഴിഞ്ഞപ്പോൾ അമ്മ എന്നെ വിളിച്ചിട്ടു പറഞ്ഞു: “ഇദ്ദേഹത്തിന്റെ കയ്യിൽ കുറേ നല്ല പുസ്‌തകങ്ങൾ ഉണ്ട്‌, എല്ലാം തിരുവെഴുത്തുകളെ കുറിച്ചുള്ളതാണ്‌. നിന്റെ പിറന്നാൾ അടുത്തു വരികയല്ലേ? ഒന്നുകിൽ നിനക്കായി പുത്തൻ ഉടുപ്പു വാങ്ങാം, അല്ലെങ്കിൽ ഈ പുസ്‌തകങ്ങൾ. ഏതാണ്‌ നിനക്ക്‌ ഇഷ്ടം?”

“മമ്മീ, എനിക്ക്‌ ഈ പുസ്‌തകങ്ങൾ മതി,” ഞാൻ പറഞ്ഞു.

അങ്ങനെ, ചാൾസ്‌ ടെയ്‌സ്‌ റസ്സൽ എഴുതിയ വേദാധ്യയന പത്രികയുടെ ആദ്യത്തെ മൂന്നു വാല്യങ്ങൾ പത്താമത്തെ വയസ്സിൽ എനിക്കു കിട്ടി. ആ പുസ്‌തകങ്ങളിലെ വിവരങ്ങൾ തന്നെത്താൻ വായിച്ചു മനസ്സിലാക്കുക അത്ര എളുപ്പമല്ലാത്തതിനാൽ എന്നെ സഹായിക്കണമെന്ന്‌ വാതിൽക്കൽ നിന്ന ആ മനുഷ്യൻ അമ്മയോടു പറഞ്ഞു. അതിനു സന്തോഷമേയുള്ളൂ എന്ന്‌ അമ്മയും പറഞ്ഞു. ഈ സംഭവം നടന്ന്‌ ഏറെ കഴിയുംമുമ്പ്‌ അമ്മ മരിച്ചു. അനുജനെയും അനുജത്തിയെയും എന്നെയും അച്ഛൻ പൊന്നുപോലെ പരിപാലിച്ചു. എനിക്കു കൂടുതലായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടിവന്നു. അവ വല്ലാതെ ഭാരപ്പെടുത്തുന്നതു പോലെ എനിക്കു തോന്നി. എന്നാൽ, മറ്റൊരു ദുരന്തം ഉടൻ സംഭവിക്കാനിരിക്കുകയായിരുന്നു.

ഒന്നാം ലോകമഹായുദ്ധം 1914-ൽ പൊട്ടിപ്പുറപ്പെട്ടു, ഒരു വർഷം കഴിഞ്ഞ്‌ ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ കൊല്ലപ്പെട്ടു. അങ്ങനെ ഞങ്ങൾ അനാഥരായി. എന്റെ സഹോദരങ്ങളെ രണ്ടു പേരെയും ബന്ധുക്കളുടെ അടുക്കലേക്ക്‌ അയച്ചു. എന്നെ ഒരു കത്തോലിക്കാ ബോർഡിങ്‌ സ്‌കൂളിലുമാക്കി. ചിലപ്പോൾ ഏകാന്തത എന്നെ വളരെ വിഷമിപ്പിച്ചിരുന്നു. അപ്പോഴും, എന്റെ സംഗീതപ്രിയം വളർത്താൻ എനിക്ക്‌ അവസരം ലഭിച്ചതിൽ, വിശേഷാൽ പിയാനോ പഠിക്കാൻ കഴിഞ്ഞതിൽ, ഞാൻ സന്തോഷിച്ചു. വർഷങ്ങൾ കടന്നുപോയി, ബോർഡിങ്‌ കോളെജിലെ വിദ്യാഭ്യാസം ഞാൻ പൂർത്തിയാക്കി. 1919-ൽ ഒരു സംഗീതോപകരണ സെയ്‌ൽസ്‌മാനായ റോയ്‌ സ്‌മിത്തിനെ ഞാൻ വിവാഹം ചെയ്‌തു. 1920-ൽ ഞങ്ങൾക്ക്‌ ആദ്യത്തെ കുഞ്ഞുണ്ടായി. വീണ്ടും ഞാൻ അനുദിന ജീവിതവൃത്തിയിൽ ആമഗ്നയായി. പക്ഷേ ആ പുസ്‌തകങ്ങളോ?

ഒരു അയൽക്കാരി ആത്മീയ സത്യം പങ്കുവെക്കുന്നു

ഈ വർഷങ്ങളിലെല്ലാം ആ “ബൈബിൾ പുസ്‌തകങ്ങൾ” എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ അവ ഒരിക്കലും വായിച്ചിരുന്നില്ലെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന സന്ദേശം പ്രധാനപ്പെട്ടതാണെന്ന ഒരു തോന്നൽ ഉള്ളിന്റെയുള്ളിൽ എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ, 1920-കളുടെ ഒടുവിൽ ഒരു ദിവസം ഞങ്ങളുടെ ഒരു അയൽക്കാരിയായ ലിൽ ബിംസൺ വീട്ടിൽ വന്നു. ഞങ്ങൾ സ്വീകരണ മുറിയിൽ ചെന്നിരുന്ന്‌ ചായ കുടിച്ചു.

“ങ്‌ഹാ, നിങ്ങളുടെ കൈവശം ആ പുസ്‌തകങ്ങൾ ഉണ്ടല്ലോ!” അവർ പെട്ടെന്ന്‌ ആവേശത്തോടെ പറഞ്ഞു.

“ഏതു പുസ്‌തകങ്ങൾ?” ഞാൻ അമ്പരപ്പോടെ ചോദിച്ചു.

ബുക്ക്‌കെയ്‌സിൽ വെച്ചിരുന്ന വേദാധ്യയന പത്രിക അവർ ചൂണ്ടിക്കാട്ടി. ലിൽ ആ പുസ്‌തകങ്ങൾ എന്റെയടുത്തുനിന്നു വാങ്ങിക്കൊണ്ടുപോയി ആകാംക്ഷയോടെ വായിച്ചു. താൻ വായിച്ച കാര്യത്തിലുള്ള അവരുടെ ആവേശം പെട്ടെന്നുതന്നെ വളരെ പ്രകടമായി. ലിൽ ബൈബിൾ വിദ്യാർഥികളിൽനിന്ന്‌​—⁠അന്ന്‌ യഹോവയുടെ സാക്ഷികൾ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌​—⁠കൂടുതൽ സാഹിത്യങ്ങൾ വാങ്ങി. മാത്രമല്ല, താൻ മനസ്സിലാക്കിയ കാര്യങ്ങളെ കുറിച്ചു ഞങ്ങളോടു പറയാതിരിക്കാൻ അവർക്കു കഴിഞ്ഞുമില്ല. അവർക്കു കിട്ടിയ പുസ്‌തകങ്ങളിലൊന്ന്‌ ദൈവത്തിന്റെ കിന്നരം ആയിരുന്നു, താമസിയാതെ അതു ഞങ്ങളുടെ വീട്ടിലെത്തി. ആ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണം വായിക്കാൻ തുടങ്ങിയപ്പോഴാണ്‌ യഹോവയുടെ സേവനത്തിലുള്ള എന്റെ ജീവിതം ആരംഭിച്ചത്‌. ഒടുവിൽ, എന്റെ സഭയ്‌ക്കു നൽകാൻ കഴിയാതിരുന്ന അടിസ്ഥാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എനിക്കു ലഭിച്ചു.

റോയ്‌ ബൈബിൾ സന്ദേശത്തിനു പ്രത്യേക ശ്രദ്ധ നൽകിയത്‌ എന്നെ സന്തോഷിപ്പിച്ചു. ഞങ്ങൾ ഇരുവരും ആവേശത്തോടെ ബൈബിൾ പഠിക്കാൻ തുടങ്ങി. മുമ്പ്‌, റോയ്‌ ഫ്രീമേസൺകാരിൽ ഒരാളായിരുന്നു. ഇപ്പോൾ ഞങ്ങളുടെ കുടുംബം സത്യാരാധനയിൽ ഏകീകൃതമായി. ഒരു സഹോദരൻ ആഴ്‌ചയിൽ രണ്ടുവട്ടം ഞങ്ങളുടെ മുഴു കുടുംബവുമൊത്തു ബൈബിൾ അധ്യയനം നടത്തുമായിരുന്നു. കൂടാതെ, ബൈബിൾ വിദ്യാർഥികൾ നടത്തിയ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്കു കൂടുതലായ പ്രോത്സാഹനം ലഭിച്ചു. സിഡ്‌നിയുടെ ഒരു പ്രാന്തപ്രദേശമായ ന്യൂടൗണിലെ വാടകയ്‌ക്കെടുത്ത ഒരു ചെറിയ ഹാളിലായിരുന്നു യോഗം നടത്തിയിരുന്നത്‌. അന്ന്‌ രാജ്യത്ത്‌ ആകെ സാക്ഷികളുടെ എണ്ണം 400-ലും കുറവായിരുന്നു. അതുകൊണ്ട്‌ യോഗങ്ങളിൽ സംബന്ധിക്കുന്നതിന്‌ സഹോദരങ്ങളിൽ മിക്കവർക്കും ദീർഘദൂരം യാത്ര ചെയ്യേണ്ടിയിരുന്നു.

ഞങ്ങളുടെ കുടുംബത്തിനു യോഗസ്ഥലത്ത്‌ എത്താൻ സിഡ്‌നി ഹാർബർ കുറുകെ കടക്കണമായിരുന്നു. 1932-ൽ സിഡ്‌നിയിലെ ഹാർബർ പാലം നിർമിക്കുന്നതിനു മുമ്പ്‌, വാഹനങ്ങൾ കടത്തുന്ന കടത്തുബോട്ടിൽ വേണമായിരുന്നു ആ ഹാർബർ കുറുകെ കടക്കാൻ. ഇതിന്‌ നല്ല ചെലവും സമയവും ആവശ്യമായിരുന്നെങ്കിലും, യഹോവ ഒരുക്കുന്ന ആത്മീയ വിരുന്ന്‌ ഒന്നുപോലും നഷ്ടപ്പെടുത്താതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. സത്യത്തിൽ വേരുറയ്‌ക്കാൻ ഞങ്ങൾ നടത്തിയ ശ്രമം മൂല്യവത്തായ ഒന്നായിരുന്നു. കാരണം, രണ്ടാം ലോകമഹായുദ്ധത്തിലേക്കു ലോകം നീങ്ങുകയായിരുന്നു. നിഷ്‌പക്ഷത സംബന്ധിച്ച പ്രശ്‌നം ഞങ്ങളുടെ കുടുംബത്തെ തീർച്ചയായും ബാധിക്കുമായിരുന്നു.

പരിശോധനയുടെയും പ്രതിഫലങ്ങളുടെയും ഒരു കാലം

എന്നെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം 1930-കളുടെ പ്രാരംഭ ഘട്ടം തികച്ചും ആവേശകരമായിരുന്നു. 1930-ൽ ഞാൻ സ്‌നാപനമേറ്റു. 1931-ലെ അവിസ്‌മരണീയമായ കൺവെൻഷനിൽ ഞാൻ സന്നിഹിതയായിരുന്നു, ആ കൺവെൻഷനിൽവെച്ചാണ്‌ എല്ലാവരും എഴുന്നേറ്റു നിന്ന്‌ യഹോവയുടെ സാക്ഷികൾ എന്ന മനോഹര നാമം സ്വീകരിക്കാൻ സമ്മതിച്ചത്‌. സംഘടന പ്രോത്സാഹിപ്പിച്ച എല്ലാ പ്രസംഗ പ്രവർത്തനങ്ങളിലും പ്രചാരണ പരിപാടികളിലും പങ്കെടുത്തുകൊണ്ട്‌ ആ പേരിനൊത്തു ജീവിക്കാൻ റോയിയും ഞാനും ശ്രമിച്ചു. ഉദാഹരണത്തിന്‌, 1932-ൽ സിഡ്‌നി ഹാർബർ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതു കാണാനെത്തിയ ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാൻ ഒരു ചെറുപുസ്‌തകത്തിന്റെ പ്രത്യേക വിതരണ പരിപാടിയിൽ ഞങ്ങൾ പങ്കെടുത്തു. ഉച്ചഭാഷിണി ഘടിപ്പിച്ച കാറുകളുടെ ഉപയോഗമായിരുന്നു ഒരു സവിശേഷത. ഞങ്ങളുടെ കാറിലും ഉച്ചഭാഷിണി പിടിപ്പിക്കാനുള്ള പദവി ലഭിച്ചു. ആ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ റഥർഫോർഡ്‌ സഹോദരന്റെ റെക്കോർഡ്‌ ചെയ്‌ത ബൈബിൾ പ്രസംഗങ്ങൾകൊണ്ട്‌ ഞങ്ങൾ സിഡ്‌നി തെരുവുകളെ മുഖരിതമാക്കി.

എന്നാൽ, കാലം മാറിയപ്പോൾ അവസ്ഥ ഒന്നിനൊന്നു ദുഷ്‌കരമായിത്തീർന്നു. 1932 ആയപ്പോഴേക്കും ആഗോള സാമ്പത്തിക മാന്ദ്യം ഓസ്‌ട്രേലിയയെ പിടിച്ചുലച്ചു. തന്മൂലം, റോയിയും ഞാനും ഞങ്ങളുടെ ജീവിതം ലളിതമാക്കാൻ തീരുമാനിച്ചു. അതിനായി സഭയുടെ സമീപ പ്രദേശത്തേക്കു ഞങ്ങൾ താമസം മാറ്റി, അങ്ങനെ യാത്രാച്ചെലവ്‌ വളരെയധികം കുറയ്‌ക്കാൻ ഞങ്ങൾക്കു സാധിച്ചു. എന്നാൽ, ലോകം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീതിയിൽ അമർന്നതോടെ സാമ്പത്തിക സമ്മർദങ്ങൾ അപ്രധാനമായിത്തീർന്നു.

ലോകത്തിന്റെ ഭാഗമാകാതിരിക്കാനുള്ള യേശുവിന്റെ കൽപ്പന അനുസരിച്ചതിനാൽ യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി പീഡനത്തിന്‌ ഇരകളായി. ഓസ്‌ട്രേലിയയിലെ അവസ്ഥയും മറിച്ചായിരുന്നില്ല. യുദ്ധജ്വരം ബാധിച്ച ചിലർ ഞങ്ങളെ കമ്മ്യൂണിസ്റ്റുകാർ എന്നു മുദ്രകുത്തി. യഹോവയുടെ സാക്ഷികൾക്ക്‌ ഓസ്‌ട്രേലിയയിൽ ഉണ്ടായിരുന്ന നാലു റേഡിയോ നിലയങ്ങൾ ജാപ്പനീസ്‌ സൈന്യത്തിനു സന്ദേശങ്ങൾ അയയ്‌ക്കാൻ ഉപയോഗിക്കുന്നു എന്ന്‌ ഈ ശത്രുക്കൾ വ്യാജമായി ആരോപിച്ചു.

സൈനിക സേവനത്തിനു വിളിക്കപ്പെട്ട യുവസഹോദരന്മാർക്കു തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്‌ച വരുത്താനുള്ള വലിയ സമ്മർദം അഭിമുഖീകരിക്കേണ്ടിവന്നു. ഞങ്ങളുടെ മൂന്നു പുത്രന്മാരും വിശ്വാസത്തിനു വേണ്ടി ഉറച്ചുനിൽക്കുകയും നിർമലത പാലിക്കുകയും ചെയ്‌തുവെന്നു പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്‌. ഞങ്ങളുടെ ഏറ്റവും മൂത്ത മകനായ റിച്ചാർഡിന്‌ 18 മാസത്തെ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നു. രണ്ടാമത്തെ മകനായ കെവിനു മനസ്സാക്ഷിപരമായി സൈനിക സേവനത്തിൽനിന്നു വിട്ടുനിൽക്കുന്നവൻ എന്ന നിലയിൽ പേരു രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ഞങ്ങളുടെ ഏറ്റവും ഇളയ മകനായ സ്റ്റൂവർട്ട്‌ നിഷ്‌പക്ഷതാ പ്രശ്‌നം സംബന്ധിച്ച്‌ കോടതി മുമ്പാകെയുള്ള പ്രതിവാദം പൂർത്തിയാക്കാൻ പോകുന്ന വഴിക്കു മോട്ടോർസൈക്കിൾ അപകടത്തിൽ മരിച്ചു. ഈ ദുരന്തം അങ്ങേയറ്റം ദുഃഖകരമായിരുന്നു. എന്നാൽ, രാജ്യത്തിലും യഹോവയുടെ പുനരുത്ഥാന വാഗ്‌ദാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചത്‌ സഹിച്ചുനിൽക്കാൻ ഞങ്ങളെ സഹായിച്ചു.

അവർക്കു ശരിക്കുള്ള ‘തൊണ്ടി’ കിട്ടിയില്ല

ഓസ്‌ട്രേലിയയിലെ യഹോവയുടെ സാക്ഷികൾ 1941-ൽ നിരോധനത്തിൻ കീഴിലായി. എന്നാൽ, യേശുവിന്റെ അപ്പൊസ്‌തലന്മാരെ പോലെ റോയിയും ഞാനും മനുഷ്യരെക്കാളധികം ദൈവത്തെ ഭരണാധികാരിയായി അനുസരിച്ചു. രണ്ടര വർഷത്തോളം ഞങ്ങൾ രഹസ്യമായി പ്രവർത്തനം തുടർന്നു. ഇക്കാലത്താണ്‌ ഞാൻ നേരത്തേ പരാമർശിച്ചതുപോലെ രണ്ടു പോലീസുകാർ മഫ്‌ടിവേഷത്തിൽ ഞങ്ങളുടെ വീട്ടിൽ വന്നത്‌. തുടർന്ന്‌ എന്താണു സംഭവിച്ചത്‌?

ഞാൻ അവരെ അകത്തേക്കു ക്ഷണിച്ചു. അവർ വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ ഞാൻ ചോദിച്ചു, “വിരോധമില്ലെങ്കിൽ, നിങ്ങൾ വീടു പരിശോധിക്കുന്നതിനു മുമ്പ്‌ ഞാൻ എന്റെ ചായ കുടിച്ചുതീർത്തോട്ടെ?” അത്ഭുതകരമെന്നു പറയട്ടെ, അവർ അതിനു സമ്മതിച്ചു. യഹോവയോടു പ്രാർഥിക്കാനും പറയേണ്ട കാര്യങ്ങളെ കുറിച്ച്‌ ആലോചിക്കാനുമായി ഞാൻ അടുക്കളയിലേക്കു പോയി. മടങ്ങിവന്നപ്പോൾ ഒരു പോലീസുകാരൻ ഞങ്ങളുടെ പഠനമുറിയിൽ കയറി, ബൈബിളും എന്റെ സാക്ഷീകരണ ബാഗിലെ സാഹിത്യങ്ങളും ഉൾപ്പെടെ, ‘വാച്ച്‌ടവർ’ മുദ്രയുള്ള സകലതും എടുത്തു.

“കാർട്ടനുകളിലൊന്നും വേറെ സാഹിത്യങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടില്ലെന്ന്‌ ഉറപ്പാണോ?” അദ്ദേഹം ചോദിച്ചു. “ഈ റോഡിന്റെ അറ്റത്തുള്ള ഒരു ഹാളിൽ നിങ്ങൾ എല്ലാ ആഴ്‌ചയും ഒരു യോഗത്തിൽ സംബന്ധിക്കുന്നുണ്ടെന്നും അവിടേക്കു ധാരാളം സാഹിത്യങ്ങൾ കൊണ്ടുപോകുന്നുണ്ടെന്നും ഞങ്ങൾക്ക്‌ അറിവു കിട്ടിയിരിക്കുന്നു.”

“ശരിയാണ്‌,” ഞാൻ പറഞ്ഞു, “എന്നാൽ ഇപ്പോൾ അത്‌ അവിടെയല്ല.”

“അതു ഞങ്ങൾക്കറിയാം, മിസ്സിസ്‌ സ്‌മിത്ത്‌,” അദ്ദേഹം പറഞ്ഞു. “ഈ പ്രദേശത്തുള്ള ആളുകളുടെ വീടുകളിലാണു സാഹിത്യങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും ഞങ്ങൾക്കറിയാം.”

ഞങ്ങളുടെ മകന്റെ മുറിയിൽനിന്ന്‌, സ്വാതന്ത്ര്യമോ റോമൻകത്തോലിക്കാ വിശ്വാസമോ (ഇംഗ്ലീഷ്‌) എന്ന ചെറുപുസ്‌തകത്തിന്റെ പ്രതികൾ അടങ്ങിയ അഞ്ചു കാർട്ടനുകൾ അവർ കണ്ടെടുത്തു.

“ഇനി ഗരാജിൽ വേറെ ഒന്നും ഇല്ലെന്ന്‌ ഉറപ്പാണോ?” അദ്ദേഹം ചോദിച്ചു.

“ഇല്ല, അവിടെ ഒന്നുമില്ല,” ഞാൻ പറഞ്ഞു.

തുടർന്ന്‌ അദ്ദേഹം ഭക്ഷണമുറിയിലുള്ള ഒരു അലമാര തുറന്നു നോക്കി. അതിൽ പൂരിപ്പിക്കാത്ത കുറെ ഫാറങ്ങൾ അദ്ദേഹം കണ്ടെത്തി, സഭാ റിപ്പോർട്ട്‌ പൂരിപ്പിക്കാനുള്ളവ ആയിരുന്നു അവ. അദ്ദേഹം അവ എടുത്തു. എന്നിട്ട്‌, തനിക്കു ഗരാജ്‌ ഒന്നു പരിശോധിക്കണമെന്നു പറഞ്ഞു.

“ഇതിലേ വരൂ,” ഞാൻ പറഞ്ഞു.

അവർ എന്റെ കൂടെ ഗരാജിലേക്കു വന്നു. അവിടം പരിശോധിച്ചിട്ട്‌ അവർ സ്ഥലം വിട്ടു.

ആ പോലീസുകാർ വിചാരിച്ചത്‌ ഏറ്റവും നല്ല ‘തൊണ്ടി’യാണ്‌ ആ കാർട്ടണുകളിൽ ഉള്ളതെന്നാണ്‌! എന്നാൽ, യഥാർഥ ‘തൊണ്ടി’ അവർക്കു കിട്ടിയില്ല. അക്കാലത്ത്‌ സഭാ സെക്രട്ടറിയായി സേവിച്ചിരുന്നത്‌ ഞാനാണ്‌. പ്രസാധകരുടെ ലിസ്റ്റും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ഞാൻ വീട്ടിൽ സൂക്ഷിച്ചിരുന്നു. സന്തോഷകരമെന്നു പറയട്ടെ, അത്തരം പോലീസ്‌ റെയ്‌ഡുകൾ സംബന്ധിച്ച്‌ സഹോദരങ്ങൾ ഞങ്ങൾക്കു മുന്നറിയിപ്പു തന്നിരുന്നതിനാൽ, ആ രേഖകൾ ഞാൻ സുരക്ഷിതമായ ഒരു സ്ഥലത്ത്‌ ഒളിപ്പിച്ചു വെച്ചിരുന്നു. അവ കവറുകളിലാക്കി ചായപ്പൊടിയും പഞ്ചസാരയും മാവുമൊക്കെ ഇട്ടുവെച്ചിരുന്ന ടിന്നുകൾക്ക്‌ അടിയിലാണ്‌ ഞാൻ വെച്ചിരുന്നത്‌. കുറെ രേഖകൾ ഞാൻ, ഗരാജിന്‌ അടുത്തായുള്ള പക്ഷിക്കൂട്ടിലും വെച്ചിരുന്നു. ആ രേഖകൾ ഇരുന്ന സ്ഥലത്തിന്‌ അടുത്തുകൂടിയാണ്‌ ആ പോലീസുകാർ കടന്നുപോയത്‌.

മുഴുസമയ സേവനത്തിൽ പ്രവേശിക്കുന്നു

1947 ആയപ്പോഴേക്കും ഞങ്ങളുടെ മൂത്ത മക്കൾക്കു സ്വന്തം കുടുംബങ്ങൾ ആയിക്കഴിഞ്ഞിരുന്നു. അതോടെ, മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാൻ കഴിയുമെന്നു റോയിയും ഞാനും തീരുമാനിച്ചു. തെക്കൻ ഓസ്‌ട്രേലിയൻ വയലിൽ സുവാർത്താ ഘോഷകരുടെ ആവശ്യം കൂടുതൽ ഉണ്ടായിരുന്നതിനാൽ, വീടു വിറ്റ്‌ ഒരു ട്രെയ്‌ലർ വാങ്ങി ഞങ്ങൾ അവിടേക്കു മാറി. ആ ട്രെയ്‌ലറിന്‌ ഞങ്ങൾ “വീക്ഷാഗോപുരം” എന്ന്‌ അർഥമുള്ള മിസ്‌പ എന്നു പേരിട്ടു. അത്തരത്തിലുള്ള ജീവിതം വിദൂര പ്രദേശങ്ങളിൽ സുവാർത്ത എത്തിക്കാൻ ഞങ്ങളെ സഹായിച്ചു. മിക്കപ്പോഴും ഞങ്ങൾ, ഒരു സഭയ്‌ക്കും നിയമിച്ചുകൊടുക്കാത്ത ഗ്രാമപ്രദേശങ്ങളിലാണു പ്രവർത്തിച്ചിരുന്നത്‌. അക്കാലത്തെ കുറിച്ച്‌ എനിക്കു പ്രിയങ്കരങ്ങളായ ഒട്ടനവധി ഓർമകളുണ്ട്‌. ബെവർലി എന്ന ഒരു യുവതിക്കു ഞാൻ അധ്യയനം എടുത്തിരുന്നു. സ്‌നാപനത്തിലേക്കു പുരോഗമിക്കുന്നതിനു മുമ്പ്‌, അവൾ ആ സ്ഥലത്തുനിന്നു താമസം മാറി. വർഷങ്ങൾക്കു ശേഷം, ഒരു കൺവെൻഷനിൽ ഒരു സഹോദരി എന്നെ സമീപിച്ച്‌ താൻ ബെവർലി ആണെന്നു പറഞ്ഞ്‌ സ്വയം പരിചയപ്പെടുത്തിയപ്പോൾ എനിക്ക്‌ എത്ര സന്തോഷം തോന്നിയെന്നോ! വർഷങ്ങൾക്കു ശേഷം അവൾ ഭർത്താവിനോടും കുട്ടികളോടുമൊപ്പം യഹോവയെ സേവിക്കുന്നതു കണ്ടപ്പോഴുണ്ടായ സന്തോഷം വിവരിക്കാൻ എനിക്കു വാക്കുകളില്ല.

1979-ൽ, പയനിയർ സ്‌കൂളിൽ സംബന്ധിക്കാനുള്ള പദവി എനിക്കു ലഭിച്ചു. പയനിയർ ശുശ്രൂഷയിൽ നിലനിൽക്കുന്നതിന്‌ ഒരുവനു വ്യക്തിപരമായ നല്ല പഠനശീലം ആവശ്യമാണ്‌ എന്നതാണ്‌ ആ സ്‌കൂളിൽ ഊന്നിപ്പറഞ്ഞ ഒരു കാര്യം. തീർച്ചയായും അതു സത്യമാണെന്നു ഞാൻ തിരിച്ചറിഞ്ഞു. പഠനം, യോഗങ്ങൾ, ശുശ്രൂഷ എന്നിവയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു എന്റെ മുഴു ജീവിതവും. 50-ലധികം വർഷം ഒരു സാധാരണ പയനിയറായി സേവിക്കാൻ കഴിഞ്ഞത്‌ ഒരു വലിയ പദവിയായി ഞാൻ കാണുന്നു.

ആരോഗ്യപ്രശ്‌നങ്ങൾ

കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളിൽ എനിക്കു പ്രത്യേകമായ ചില വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്‌. 1962-ൽ, എനിക്ക്‌ ഗ്ലാക്കോമ എന്ന നേത്രരോഗം ഉണ്ടെന്ന്‌ വൈദ്യ പരിശോധനയിൽ തെളിഞ്ഞു. അന്ന്‌ അതിനു കാര്യമായ ചികിത്സയൊന്നും ഉണ്ടായിരുന്നില്ല. വളരെ പെട്ടെന്ന്‌ എന്റെ കാഴ്‌ചശക്തി കുറഞ്ഞുവന്നു. റോയിയുടെ ആരോഗ്യവും ക്ഷയിക്കാൻ തുടങ്ങി. 1983-ൽ, ഗുരുതരമായ മസ്‌തിഷ്‌ക ആഘാതം ഉണ്ടായതിനെ തുടർന്ന്‌ അദ്ദേഹത്തിന്റെ ഒരു വശം തളർന്നുപോയി. തത്‌ഫലമായി സംസാരശേഷിയും നഷ്ടപ്പെട്ടു. 1986-ൽ അദ്ദേഹം മരിച്ചു. എന്റെ മുഴുസമയ സേവനകാലത്ത്‌ അദ്ദേഹം പ്രായോഗികമായ വളരെയധികം സഹായം എനിക്കു നൽകിയിരുന്നു. അദ്ദേഹത്തിന്റെ വേർപാട്‌ തീർച്ചയായും നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ്‌.

ഈ തിരിച്ചടികളെല്ലാം ഉണ്ടായിട്ടും നല്ല ഒരു ആത്മീയ ചര്യ നിലനിറുത്താൻ ഞാൻ ശ്രമിച്ചു. ഗ്രാമങ്ങൾ ഉൾപ്പെട്ട ഞങ്ങളുടെ പ്രദേശത്തു വയൽസേവനത്തിനു യോജിച്ച നല്ല ഉറപ്പുള്ള ഒരു കാർ ഞാൻ വാങ്ങി, അങ്ങനെ മകൾ ജോയിസിന്റെ സഹായത്തോടെ ഞാൻ പയനിയർ സേവനം തുടർന്നു. എന്റെ കാഴ്‌ചശക്തി ഒന്നിനൊന്നു വഷളായി, ഒടുവിൽ ഒരു കണ്ണിന്റെ കാഴ്‌ച പാടേ നഷ്ടപ്പെട്ടു. ഡോക്ടർമാർ അതു മാറ്റി ഗ്ലാസ്സുകൊണ്ടുള്ള ഒരു കണ്ണു പിടിപ്പിച്ചു. ഒരു ഭൂതക്കണ്ണാടിയും വലിയ അക്ഷരങ്ങളിൽ അച്ചടിച്ച സാഹിത്യങ്ങളും ഉപയോഗിച്ച്‌, ശേഷിച്ച മറ്റേ കണ്ണിന്റെ നേരിയ കാഴ്‌ചശക്തി പ്രയോജനപ്പെടുത്തിക്കൊണ്ട്‌ ഞാൻ ദിവസവും മൂന്നു മുതൽ അഞ്ചു മണിക്കൂർ വരെ പഠിക്കുമായിരുന്നു.

പഠനസമയം എന്നെ സംബന്ധിച്ചിടത്തോളം അമൂല്യമായിരുന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ ഞാൻ പഠിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന്‌ എനിക്ക്‌ യാതൊന്നും കാണാൻ പറ്റാതായി. അപ്പോഴത്തെ ഞടുക്കം നിങ്ങൾക്കു മനസ്സിലാക്കാനാകും. ആരോ പെട്ടെന്ന്‌ ലൈറ്റ്‌ ഓഫാക്കിയതുപോലെ ആയിരുന്നു അത്‌. അങ്ങനെ എനിക്കു കാഴ്‌ചശക്തി പാടേ നഷ്ടമായി. പിന്നീട്‌ എങ്ങനെയാണ്‌ ഞാൻ പഠനം തുടർന്നുപോന്നത്‌? എനിക്കു കേൾവിശക്തി കുറെയൊക്കെ നഷ്ടമായിരിക്കുന്നെങ്കിലും, ആത്മീയമായി ബലിഷ്‌ഠയായി നിലനിൽക്കുന്നതിൽ ഓഡിയോ കാസെറ്റുകളും കുടുംബാംഗങ്ങളുടെ സ്‌നേഹപുരസ്സരമായ പിന്തുണയും എനിക്കു വലിയൊരു താങ്ങാണ്‌.

അവസാനത്തോളം സഹിച്ചുനിൽക്കൽ

ഇപ്പോൾ, നൂറു വയസ്സു പിന്നിട്ടിരിക്കുന്ന എനിക്ക്‌ മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ട്‌. എനിക്ക്‌ ഇപ്പോൾ പണ്ടത്തെപ്പോലെ വേഗത്തിൽ കാര്യങ്ങളൊന്നും ചെയ്യാൻ കഴിയുന്നില്ല. ചിലപ്പോൾ, ദിശാബോധം നഷ്ടപ്പെട്ടതു പോലുള്ള ഒരു തോന്നൽ എനിക്ക്‌ ഉണ്ടാകാറുണ്ട്‌. വാസ്‌തവത്തിൽ, ഇപ്പോൾ കാഴ്‌ചശക്തി പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നതിനാൽ ചിലപ്പോൾ എനിക്കു വഴി കണ്ടുപിടിക്കാൻ പോലും കഴിയുന്നില്ല! ബൈബിൾ അധ്യയനങ്ങൾ നടത്താൻ ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു, എന്നാൽ എന്റെ ഈ ആരോഗ്യസ്ഥിതിയിൽ എനിക്കു പുറത്തു പോയി അധ്യയനങ്ങൾ കണ്ടെത്താൻ കഴിയില്ല. തുടക്കത്തിൽ, അതെന്നെ വിഷാദമഗ്നയാക്കി. എന്റെ പരിമിതികൾ തിരിച്ചറിഞ്ഞ്‌ അവയ്‌ക്കുള്ളിൽ നിന്നുകൊണ്ടു പ്രവർത്തിക്കാൻ ഞാൻ പഠിക്കേണ്ടിയിരുന്നു. അത്‌ എളുപ്പമായിരുന്നിട്ടില്ല. എന്നാൽ, നമ്മുടെ മഹാ ദൈവമായ യഹോവയെ കുറിച്ചു സംസാരിക്കുന്നതിൽ ചെലവിടുന്ന കുറച്ചു സമയം ഓരോ മാസവും റിപ്പോർട്ടു ചെയ്യാൻ കഴിയുന്നത്‌ എന്തൊരു പദവിയാണ്‌. ബൈബിളിനെ കുറിച്ചു സംസാരിക്കാൻ അവസരങ്ങൾ ലഭിക്കുമ്പോഴൊക്കെ​—⁠അതായത്‌, നഴ്‌സുമാരും വിൽപ്പനക്കാരും മറ്റുള്ളവരുമൊക്കെ വീട്ടിൽ വരുമ്പോൾ​—⁠ഞാൻ അവരുമായി നയപൂർവം സുവാർത്ത പങ്കുവെക്കുന്നു.

എനിക്ക്‌ ഏറ്റവും സംതൃപ്‌തി നൽകുന്ന അനുഗ്രഹങ്ങളിലൊന്ന്‌ യഹോവയെ വിശ്വസ്‌തമായി ആരാധിക്കുന്ന എന്റെ കുടുംബത്തിലെ നാലു തലമുറകളെ കാണാൻ സാധിക്കുന്നു എന്നതാണ്‌. അവരിൽ ചിലർ, ആവശ്യം കൂടുതലുള്ള സ്ഥലങ്ങളിൽ പയനിയർ ശുശ്രൂഷകരായും മൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ ബെഥേൽ അംഗങ്ങളോ ആയും സേവിക്കുന്നു. തീർച്ചയായും, എന്റെ തലമുറയിൽ പെട്ട അനേകരെയും പോലെ, ഈ വ്യവസ്ഥിതിയുടെ അവസാനം നേരത്തേ വരുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഞാൻ സേവനം അനുഷ്‌ഠിച്ച ഏഴു പതിറ്റാണ്ടുകാലം എത്ര വലിയ പുരോഗതിക്കാണു ഞാൻ സാക്ഷ്യം വഹിച്ചിരിക്കുന്നത്‌! ഇത്ര മഹത്തായ ഒരു വേലയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക്‌ അതീവ സംതൃപ്‌തിയുണ്ട്‌.

എന്റെ വിശ്വാസമായിരിക്കണം ഇപ്പോഴും ജീവനോടിരിക്കാൻ എന്നെ സഹായിക്കുന്നത്‌ എന്ന്‌ നഴ്‌സുമാർ ഇടയ്‌ക്കൊക്കെ പറയാറുണ്ട്‌. ഞാൻ അതിനോടു യോജിക്കുന്നു. യഹോവയുടെ സേവനത്തിൽ സജീവമായിരിക്കുന്നതിനെക്കാൾ മെച്ചമായ മറ്റൊരു ജീവിതഗതിയില്ല. ദാവീദ്‌ രാജാവിനെപ്പോലെ എനിക്കും, ഞാൻ വയോധികയും സംതൃപ്‌തയും ആണെന്നു തീർച്ചയായും പറയാനാകും.​—⁠1 ദിനവൃത്താന്തം 29:​28, NW.

(ഈ ലേഖനത്തിന്‌ അന്തിമ രൂപം നൽകിക്കൊണ്ടിരിക്കെ, 2002 ഏപ്രിൽ 1-ന്‌ മ്യുറിയൽ സ്‌മിത്ത്‌ സഹോദരി മരിച്ചു. അവർക്ക്‌ 102 വയസ്സു തികയാൻ ഒരു മാസം കൂടിയേ ഉണ്ടായിരുന്നുള്ളൂ. ഈ സഹോദരി വിശ്വസ്‌തതയുടെയും സഹിഷ്‌ണുതയുടെയും കാര്യത്തിൽ തീർച്ചയായും നല്ല ഒരു മാതൃക ആയിരുന്നു.)

[24-ാം പേജിലെ ചിത്രങ്ങൾ]

ഏതാണ്ട്‌ അഞ്ചു വയസ്സുള്ളപ്പോഴത്തെയും 19-ാമത്തെ വയസ്സിൽ ഭർത്താവ്‌ റോയിയെ കണ്ടുമുട്ടിയപ്പോഴത്തെയും എന്റെ ചിത്രങ്ങൾ

[26-ാം പേജിലെ ചിത്രം]

ഞങ്ങളുടെ കാറും മിസ്‌പ എന്നു ഞങ്ങൾ പേരിട്ട ട്രെയ്‌ലറും

[27-ാം പേജിലെ ചിത്രം]

ഭർത്താവ്‌ റോയിയോടൊപ്പം, 1971-ൽ