വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ദൈവപ്രീതി നേടാൻ മൃഗബലി ആവശ്യമാണെന്നു ഹാബെലിന് അറിയാമായിരുന്നോ?
കയീനും ഹാബെലും വഴിപാടുകൾ അർപ്പിച്ചതിനെ കുറിച്ചുള്ള ബൈബിൾ വിവരണം വളരെ ഹ്രസ്വമാണ്. ഉല്‌പത്തി 4:3-5-ൽ നാം ഇപ്രകാരം വായിക്കുന്നു: “കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു. ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല.”
ഈ സംഭവത്തിനു മുമ്പ്, യാഗങ്ങളെ കുറിച്ചുള്ള എന്തെങ്കിലും പ്രത്യേക വിവരങ്ങൾ യഹോവ നൽകിയതായോ ഏതുതരം യാഗമാണു തനിക്കു സ്വീകാര്യമെന്നു പറഞ്ഞതായോ ബൈബിളിൽ ഒരു പരാമർശവുമില്ല. അതുകൊണ്ട് കയീനും ഹാബെലും സ്വന്തം ഹിതപ്രകാരമാണു വഴിപാടുകൾ നടത്തിയത് എന്നതു വ്യക്തം. മാതാപിതാക്കളുടെ ആദിമ പറുദീസാ ഭവനത്തിൽ അവർക്കു പ്രവേശനമില്ലായിരുന്നു; പാപത്തിന്റെ ഫലങ്ങൾ അവർക്ക് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു; മാത്രമല്ല അവർ ദൈവത്തിൽനിന്ന് അന്യപ്പെട്ട അവസ്ഥയിലുമായിരുന്നു. അവരുടെ പാപപൂർണവും ദയനീയവുമായ ഈ അവസ്ഥയിൽ, സഹായത്തിനായി ദൈവത്തിലേക്കു തിരിയേണ്ട ആവശ്യം അവർക്കു തീവ്രമായി തോന്നിയിരിക്കണം. ദൈവത്തിനു വഴിപാട് അർപ്പിച്ചത് അവന്റെ പ്രീതി നേടാൻ അവർ സ്വമേധയാ ചെയ്‌ത ഒരു പ്രവൃത്തി ആയിരുന്നു.
അനന്തരഫലം ഇതായിരുന്നു: ഹാബെലിന്റെ വഴിപാട് ദൈവം സ്വീകരിച്ചു, എന്നാൽ കയീന്റേതു സ്വീകരിച്ചില്ല. എന്തുകൊണ്ട്? ഹാബെൽ ശരിയായ യാഗവസ്‌തുക്കൾ അർപ്പിക്കുകയും കയീൻ ശരിയായത് അർപ്പിക്കാതിരിക്കുകയും ചെയ്‌തതുകൊണ്ടാണോ അത്? അവർ എങ്ങനെയുള്ള വഴിപാടാണ് അർപ്പിച്ചത് എന്നത് അനന്തരഫലത്തെ സ്വാധീനിച്ചോ എന്നു നമുക്ക് ഉറപ്പില്ല. കാരണം, സ്വീകാര്യമായത് എന്തെന്നും അല്ലാത്തത് എന്തെന്നും അവരിൽ ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ, രണ്ടുതരം വഴിപാടുകളും സ്വീകാര്യമായിരുന്നതായി തോന്നുന്നു. പിൽക്കാലത്ത് യഹോവ ഇസ്രായേൽ ജനതയ്‌ക്കു കൊടുത്ത ന്യായപ്രമാണത്തിൽ, സ്വീകാര്യമായ യാഗങ്ങളിൽ മൃഗങ്ങളും മൃഗങ്ങളുടെ ഭാഗങ്ങളും മാത്രമല്ല, വറുത്ത ധാന്യം, യവക്കറ്റകൾ, നേർത്ത മാവ്, മൊരിച്ചെടുത്ത ആഹാരസാധനങ്ങൾ, വീഞ്ഞ് എന്നിവയും ഉൾപ്പെട്ടിരുന്നു. (ലേവ്യപുസ്‌തകം 6:19-23; 7:11-13; 23:10-13) വ്യക്തമായും, കയീനും ഹാബെലും അർപ്പിച്ച യാഗങ്ങളിൽ ഒന്നു സ്വീകരിക്കാനും മറ്റേതു നിരസിക്കാനും ദൈവത്തെ പ്രേരിപ്പിച്ച ഏക സംഗതി അവയിൽ ഉൾപ്പെട്ടിരുന്ന വസ്‌തുക്കൾ ആയിരുന്നില്ല.—യെശയ്യാവു 1:11; ആമോസ് 5:22 താരതമ്യം ചെയ്യുക.
നൂറ്റാണ്ടുകൾക്കു ശേഷം, പൗലൊസ് അപ്പൊസ്‌തലൻ പ്രസ്‌താവിച്ചു: “വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്‌പിച്ചു.” (എബ്രായർ 11:4) അതുകൊണ്ട്, ദൈവം ഹാബെലിനെ നീതിമാനായി കണക്കാക്കിയത് അവന്റെ വിശ്വാസം നിമിത്തമായിരുന്നു. എന്തിലുള്ള വിശ്വാസം? ‘പാമ്പിന്റെ തല തകർക്കുകയും’ മനുഷ്യവർഗം ഒരിക്കൽ ആസ്വദിച്ചിരുന്ന സമാധാനവും പൂർണതയും പുനഃസ്ഥിതീകരിക്കുകയും ചെയ്യുന്ന സന്തതിയെ പ്രദാനം ചെയ്യുമെന്ന യഹോവയുടെ വാഗ്‌ദാനത്തിലുള്ള വിശ്വാസം. സന്തതിയുടെ ‘കുതികാൽ തകർക്ക’പ്പെടും എന്ന പ്രസ്‌താവനയിൽനിന്നു രക്തം ചൊരിയപ്പെടുന്നത് ഉൾപ്പെടുന്ന ഒരു യാഗം ആവശ്യമാണെന്ന് ഹാബെൽ നിഗമനം ചെയ്‌തിരിക്കാം. (ഉല്‌പത്തി 3:15) എന്നാൽ, ഹാബെലിന്റെ യാഗത്തെ “കയീന്റേതിലും ഉത്തമമായ യാഗം” ആക്കിത്തീർത്തത് അവന്റെ വിശ്വാസത്തിന്റെ പ്രകടനം ആയിരുന്നു എന്നതു വസ്‌തുതയാണ്.
അതുപോലെ, യാഗം അനുയോജ്യമല്ലാഞ്ഞതുകൊണ്ടല്ല, പിന്നെയോ കയീന്റെ പ്രവൃത്തികൾ സൂചിപ്പിച്ചതു പോലെ അവനു വിശ്വാസം ഇല്ലാഞ്ഞതിനാൽ ആയിരുന്നു അവന്റെ യാഗം നിരസിക്കപ്പെട്ടത്. യഹോവ വ്യക്തമായി കയീനോട് ഇങ്ങനെ പറഞ്ഞിരുന്നു: “നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ?” (ഉല്‌പത്തി 4:7) കയീന്റെ യാഗത്തിന്മേലുള്ള എന്തെങ്കിലും അപ്രീതി നിമിത്തം ആയിരുന്നില്ല ദൈവം അവനെ തള്ളിക്കളഞ്ഞത്. മറിച്ച്, ‘കയീന്റെ പ്രവൃത്തി ദോഷം’ ആയിരുന്നതിനാൽ—അസൂയയും വിദ്വേഷവും കൊലപാതകവും ഉൾപ്പെട്ടത് ആയിരുന്നതിനാൽ—ആണ് ദൈവം അങ്ങനെ ചെയ്‌തത്.—1 യോഹന്നാൻ 3:12.