ചിന്താപ്രാപ്‌തിക്ക് എങ്ങനെ നിങ്ങളെ സംരക്ഷിക്കാനാകും?
ചിന്താപ്രാപ്‌തിക്ക് എങ്ങനെ നിങ്ങളെ സംരക്ഷിക്കാനാകും?
വൻതിരകൾ വിസ്‌മയകരമായ ഒരു കാഴ്‌ചയാണ്. എന്നാൽ നാവികർക്ക് അവ ആപത്‌സൂചനയാണ്. ആ തിരത്തള്ളലിൽ അവർക്കു ജീവൻ പോലും നഷ്ടമാകാം.
സമാനമായി, തങ്ങളെ അടിപ്പെടുത്തിയേക്കാവുന്ന വലിയ സമ്മർദങ്ങൾ ദൈവദാസർക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പരിശോധനകളുടെയും പ്രലോഭനങ്ങളുടെയും തിരമാലകൾ ഒന്നിനു പുറകെ ഒന്നായി ക്രിസ്‌ത്യാനികളുടെ മേൽ വന്നലയ്‌ക്കുന്നതായി നിങ്ങൾ മനസ്സിലാക്കിയിരിക്കാം. ആത്മീയമായ കപ്പൽച്ചേതം ഒഴിവാക്കാനുള്ള ദൃഢനിശ്ചയത്തോടെ അവയെ എങ്ങനെയും ചെറുത്തുനിൽക്കാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കും. (1 തിമൊഥെയൊസ് 1:19) ഇക്കാര്യത്തിൽ, നിങ്ങളുടെ പ്രതിരോധത്തിലെ ഒരു സുപ്രധാന വശമാണു ചിന്താപ്രാപ്‌തി. എന്താണ് അത്, എങ്ങനെ അത് ആർജിക്കാൻ കഴിയും?
“ചിന്താപ്രാപ്‌തി” എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന എബ്രായ പദമായ മെസിമാഹ് “ആസൂത്രണം ചെയ്യുക അല്ലെങ്കിൽ പദ്ധതി തയ്യാറാക്കുക” എന്ന് അർഥമുള്ള ഒരു മൂലപദത്തിൽനിന്നു വരുന്നതാണ്. (സദൃശവാക്യങ്ങൾ 1:4, NW) അതുകൊണ്ട് ചില ബൈബിൾ ഭാഷാന്തരങ്ങൾ മെസിമാഹ് എന്ന പദത്തെ “മുൻവിചാരം” അല്ലെങ്കിൽ “ദീർഘദൃഷ്ടി” എന്നു പരിഭാഷപ്പെടുത്തുന്നു. ബൈബിൾ പണ്ഡിതന്മാരായ ജെയ്‌മിസൺ, ഫോസെറ്റ്, ബ്രൗൺ എന്നിവർ മെസിമാഹ് എന്ന വാക്കിനെ “തിന്മയിൽനിന്ന് ഒഴിഞ്ഞ് നന്മ കണ്ടെത്താനുള്ള ജാഗ്രത” എന്നു വർണിക്കുന്നു. നമ്മുടെ പ്രവൃത്തികളുടെ ദീർഘകാല, സത്വര പരിണതഫലങ്ങൾ കണക്കിലെടുക്കുന്നതിനെ ഇത് അർഥമാക്കുന്നു. ചിന്താപ്രാപ്‌തി ഉണ്ടെങ്കിൽ, പ്രവർത്തിക്കുന്നതിനു മുമ്പ്, വിശേഷിച്ചും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടതുള്ളപ്പോൾ നാം കാര്യങ്ങൾ അവധാനപൂർവം വിലയിരുത്തും.
ചിന്താപ്രാപ്‌തിയുള്ള ഒരു മനുഷ്യൻ ഭാവിയെ കുറിച്ചോ നിലവിലുള്ള സാഹചര്യങ്ങൾ സംബന്ധിച്ചോ തീരുമാനങ്ങൾ എടുക്കുമ്പോൾ, ഉണ്ടാകാനിടയുള്ള അപകടങ്ങളെയോ കെണികളെയോ കുറിച്ച് ആദ്യംതന്നെ വിശകലനം ചെയ്യും. അത്തരം അപകടങ്ങൾ ഏവയെന്നു മനസ്സിലായി കഴിഞ്ഞാൽ, തന്റെ ചുറ്റുപാടുകളുടെയും സഹവാസങ്ങളുടെയും സ്വാധീനഫലം കണക്കിലെടുത്തുകൊണ്ട് അവ എങ്ങനെ ഒഴിവാക്കാമെന്ന് അയാൾ കണ്ടുപിടിക്കുന്നു. ഈ വിധത്തിൽ, നല്ല ഒരു ഫലത്തിലേക്കു നയിക്കുന്ന, ഒരുപക്ഷേ ദിവ്യാനുഗ്രഹങ്ങൾ പോലും കൈവരുത്തിയേക്കാവുന്ന, ഒരു ഗതി അയാൾക്ക് ആസൂത്രണം ചെയ്യാവുന്നതാണ്. ഈ പ്രക്രിയയെ വ്യക്തമാക്കാൻ ചില പ്രായോഗിക ഉദാഹരണങ്ങൾ നമുക്കു പരിചിന്തിക്കാം.
ലൈംഗിക അധാർമികത എന്ന കെണി ഒഴിവാക്കുക
കാറ്റത്തു ശക്തമായ തിരകൾ ഒരു ബോട്ടിന്റെ അണിയത്തിന് അഥവാ മുൻഭാഗത്തിന് അഭിമുഖമായി വരാറുണ്ട്, ഇതിനെയാണ് എതിരൊഴുക്ക് (head sea) എന്നു വിളിക്കുന്നത്. ഈ തിരകൾക്ക് അഭിമുഖമായി വിദഗ്‌ധമായി ബോട്ടു വിടാത്തപക്ഷം അതു മറിയാൻ സാധ്യതയുണ്ട്.
ലൈംഗിക ജ്വരം ബാധിച്ച ഇന്നത്തെ ലോകത്തിൽ നാം സമാനമായ ഒരു അവസ്ഥയിലാണ്. ദിവസവും രതിമോഹം ഉണർത്തുന്ന ആശയങ്ങളുടെയും ചിത്രങ്ങളുടെയും തിരമാലകളെ നമുക്കു നേരിടേണ്ടിവരുന്നു. നമ്മുടെ സ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളുടെമേൽ അവയ്‌ക്കുള്ള ഫലം നമുക്ക് അവഗണിക്കാൻ കഴിയില്ല. അപകടകരമായ സാഹചര്യങ്ങളിലേക്ക് ഒഴുകിപ്പോകുന്നതിനു പകരം, നാം ചിന്താപ്രാപ്‌തി ഉപയോഗിക്കുകയും പ്രലോഭനത്തെ നിശ്ചയദാർഢ്യത്തോടെ നേരിടുകയും വേണം.
ഉദാഹരണത്തിന്, സ്‌ത്രീകളോടു തെല്ലും ആദരവില്ലാത്ത, അവരെ ലൈംഗിക ഉപകരണങ്ങളായി മാത്രം വീക്ഷിക്കുന്നവരുടെ കൂടെയാണു മിക്കപ്പോഴും ക്രിസ്‌തീയ പുരുഷന്മാർ ജോലി ചെയ്യുന്നത്. ക്രിസ്‌തീയ പുരുഷന്മാരുടെ കൂടെ ജോലി ചെയ്യുന്നവരുടെ സംസാരത്തിൽ കാമാസക്ത തമാശകളും ലൈംഗിക ധ്വനികളും കടന്നുവന്നേക്കാം. അത്തരം ഒരു അന്തരീക്ഷം ഒരു
ക്രിസ്‌ത്യാനിയുടെ മനസ്സിൽ ക്രമേണ അധാർമിക ആശയങ്ങൾ വളർന്നുവരാൻ ഇടയാക്കിയേക്കാം.ലൗകിക തൊഴിൽ ചെയ്യേണ്ടിവരുന്ന ഒരു ക്രിസ്‌തീയ വനിതയ്‌ക്കും ദുഷ്‌കരമായ സാഹചര്യങ്ങൾ നേരിട്ടേക്കാം. തന്റെ അതേ ധാർമിക നിലവാരങ്ങൾ പുലർത്താത്ത സ്‌ത്രീപുരുഷന്മാരുടെ കൂടെയാകാം അവൾ ജോലി ചെയ്യുന്നത്. ചിലപ്പോൾ കൂടെ ജോലി ചെയ്യുന്ന പുരുഷന്മാരിൽ ഒരാൾ അവളിൽ താത്‌പര്യം പ്രകടമാക്കുന്നു. തുടക്കത്തിൽ, അവളുടെ മതപരമായ വീക്ഷണങ്ങളെ പ്രതി അവളെ ആദരിക്കുക പോലും ചെയ്‌തുകൊണ്ട് അയാൾ അവളോടു പരിഗണനയോടെ ഇടപെട്ടേക്കാം. അയാളുടെ നിരന്തര ശ്രദ്ധയും ശാരീരിക സാമീപ്യവും അയാളുമായി കൂടുതൽ അടുത്ത സഹവാസം ആഗ്രഹിക്കാൻ അവളെ പ്രേരിപ്പിച്ചേക്കാം.
അത്തരം സന്ദർഭങ്ങളിൽ, ക്രിസ്‌ത്യാനികൾ എന്ന നിലയിൽ ചിന്താപ്രാപ്‌തിക്ക് എങ്ങനെയാണു നമ്മെ സഹായിക്കാൻ കഴിയുന്നത്? ഒന്നാമത്, ആത്മീയ അപകടങ്ങൾ സംബന്ധിച്ച് അതു നമ്മെ ജാഗരൂകരാക്കുന്നു. രണ്ടാമത്, ഉചിതമായ ഒരു പ്രവർത്തന ഗതി ആസൂത്രണം ചെയ്യാൻ അതു നമ്മെ പ്രചോദിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 3:21-23, NW) ഇതുപോലുള്ള സാഹചര്യങ്ങളിൽ, നമ്മുടെ തിരുവെഴുത്തുപരമായ വിശ്വാസങ്ങൾ നിമിത്തം നമ്മുടെ നിലവാരങ്ങൾ വ്യത്യസ്‌തമാണ് എന്ന വ്യക്തമായ സന്ദേശം സഹജോലിക്കാർക്കു നൽകേണ്ടതുണ്ടായിരിക്കാം. (1 കൊരിന്ത്യർ 6:18) നമ്മുടെ സംസാരത്തിനും നടത്തയ്‌ക്കും ആ സന്ദേശത്തെ ദൃഢീകരിക്കാൻ കഴിയും. മാത്രമല്ല, ചില സഹജോലിക്കാരുമായുള്ള ഇടപെടലുകൾ നിയന്ത്രിക്കേണ്ടി വന്നേക്കാം.
എന്നാൽ, അധാർമിക സമ്മർദങ്ങൾ ജോലിസ്ഥലത്തു മാത്രമല്ല ഉണ്ടാകുന്നത്. ഒരു വിവാഹ ദമ്പതികൾ തങ്ങളുടെ ഐക്യത്തിനു തുരങ്കം വെക്കാൻ പ്രശ്‌നങ്ങളെ അനുവദിക്കുന്നെങ്കിലും അവ ഉയർന്നുവന്നേക്കാം. ഒരു സഞ്ചാര ശുശ്രൂഷകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “വിവാഹബന്ധങ്ങൾ ശിഥിലമാകുന്നതു പെട്ടെന്നല്ല. ദമ്പതികൾ പരസ്‌പരം സംസാരിക്കുന്നതും ഒരുമിച്ചു സമയം ചെലവിടുന്നതും കുറഞ്ഞുവന്ന് അവർ ക്രമേണ അകന്നു പോയേക്കാം. ദാമ്പത്യത്തിലെ ശൂന്യത നികത്താൻ അവർ ഭൗതിക സ്വത്തുക്കൾക്കു പിന്നാലെ പോയേക്കാം. അവർ പരസ്‌പരം പ്രശംസിക്കാത്തതു നിമിത്തം എതിർലിംഗവർഗത്തിലെ മറ്റ് അംഗങ്ങളിലേക്ക് ആകർഷിതരായേക്കാം.”
അനുഭവസമ്പന്നനായ ആ ശുശ്രൂഷകൻ ഇങ്ങനെ തുടർന്നു പറഞ്ഞു: “തങ്ങളുടെ ബന്ധത്തെ എന്തെങ്കിലും അപകടപ്പെടുത്തുന്നുണ്ടോ എന്നു വിവാഹ ദമ്പതികൾ കൂടെക്കൂടെ പരിശോധിക്കാൻ സമയം എടുക്കേണ്ടതുണ്ട്. ഒരുമിച്ചു പഠിക്കാനും പ്രാർഥിക്കാനും പ്രസംഗിക്കാനുമൊക്കെ എങ്ങനെ കഴിയുമെന്ന് അവർ ആസൂത്രണം ചെയ്യേണ്ടതുണ്ട്. മാതാപിതാക്കളും കുട്ടികളും ചെയ്യുന്നതുപോലെ, ‘വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും’ പരസ്‌പരം സംസാരിക്കുകവഴി അവർക്കു വളരെയധികം പ്രയോജനങ്ങൾ ലഭിക്കും.”—ആവർത്തനപുസ്‌തകം 6:7-9.
ക്രിസ്‌തീയവിരുദ്ധ പെരുമാറ്റം കൈകാര്യം ചെയ്യൽ
ധാർമികമായ പ്രലോഭനങ്ങളെ വിജയകരമായി നേരിടാൻ നമ്മെ സഹായിക്കുന്നതിനു പുറമേ, സഹക്രിസ്‌ത്യാനികളുമായുള്ള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും ചിന്താപ്രാപ്‌തിക്കു നമ്മെ സഹായിക്കാനാകും. കാറ്റു തിരകളെ ബോട്ടിന്റെ അമരത്തേക്ക് അഥവാ പിൻഭാഗത്തേക്കു കൊണ്ടുപോകുന്നതു മൂലം, ബോട്ടിന്റെ പിന്നിലായി അതിന്റെ സഞ്ചാരഗതിയിൽത്തന്നെ തിരകൾ ഉളവാക്കപ്പെടുന്നു. ആ തിരകൾ ബോട്ടിന്റെ പിൻഭാഗത്തെ ഉയർത്തുകയും അതിനെ ഇരുവശങ്ങളിലേക്കും നീക്കുകയും ചെയ്‌തേക്കാം. തത്‌ഫലമായി, ബോട്ടിന്റെ പാർശ്വഭാഗം തിരകൾക്ക് അഭിമുഖമാകുകയും അപകടത്തിനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു.
അപ്രതീക്ഷിത ദിശയിൽനിന്ന് ഉണ്ടാകുന്ന അപകടങ്ങൾക്ക് നാമും വശംവദരായേക്കാം. നാം വിശ്വസ്‌തരായ നിരവധി ക്രിസ്‌തീയ സഹോദരീസഹോദന്മാരോടൊത്ത് “തോളോടു തോൾ ചേർന്ന്” യഹോവയെ സേവിക്കുന്നു. (സെഫന്യാവു 3:9, NW) അവരിൽ ഒരാൾ ക്രിസ്‌തീയവിരുദ്ധ രീതിയിൽ പ്രവർത്തിക്കുന്നെങ്കിൽ, അതു വിശ്വാസവഞ്ചനയായി കാണപ്പെട്ടേക്കാം. അത് നമ്മിൽ ആഴമായ ദുഃഖം ഉളവാക്കിയേക്കാം. സമനില നഷ്ടമാകാതിരിക്കാനും അമിതമായി വ്രണിതരാകാതിരിക്കാനും ചിന്താപ്രാപ്‌തി നമ്മെ എങ്ങനെ സഹായിക്കും?
“പാപം ചെയ്യാത്ത മനുഷ്യൻ ഇല്ല” എന്ന കാര്യം ഓർത്തിരിക്കുക. (1 രാജാക്കന്മാർ 8:46) അതുകൊണ്ട്, ചിലപ്പോഴൊക്കെ ഒരു ക്രിസ്‌തീയ സഹോദരൻ നമ്മെ അസഹ്യപ്പെടുത്തുകയോ വ്രണപ്പെടുത്തുകയോ ചെയ്യുന്നെങ്കിൽ, അതു നമ്മെ അമ്പരപ്പിക്കരുത്. അത്തരം സാഹചര്യങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് അതിനായി ഒരുങ്ങാനും നാം എങ്ങനെ പ്രതികരിക്കണം എന്നതിനെ കുറിച്ചു ധ്യാനിക്കാനും നമുക്കു കഴിയും. അപ്പൊസ്‌തലനായ പൗലൊസിന്റെ ക്രിസ്‌തീയ സഹോദരങ്ങളിൽ ചിലർ വ്രണപ്പെടുത്തുന്ന രീതിയിൽ, അവജ്ഞയോടെ അവനെ കുറിച്ചു സംസാരിച്ചപ്പോൾ അവൻ എങ്ങനെയാണു പ്രതികരിച്ചത്? ആത്മീയ സമനില നഷ്ടപ്പെടുന്നതിനു പകരം, മനുഷ്യന്റെ അംഗീകാരം നേടുന്നതിനെക്കാൾ പ്രധാനം യഹോവയുടെ അംഗീകാരം നേടുന്നതാണെന്ന് അവൻ നിഗമനം ചെയ്‌തു. (2 കൊരിന്ത്യർ 10:10-18) പ്രകോപിത അവസ്ഥയിൽ എടുത്തുചാടി പ്രതികരിക്കാതിരിക്കാൻ അത്തരം മനോഭാവം നമ്മെ സഹായിക്കും.
നമ്മുടെ കാൽവിരൽ എവിടെയെങ്കിലും തട്ടുന്നതു പോലെയാണ് അത്. അങ്ങനെ സംഭവിക്കുമ്പോൾ ഒന്നോ രണ്ടോ മിനിട്ടു നേരത്തേക്കു വ്യക്തമായി ചിന്തിക്കാൻ നമുക്കു കഴിയാതാകുന്നു. എന്നാൽ, വേദന കുറയുമ്പോൾ യുക്തിപൂർവം ചിന്തിക്കാനും സാധാരണപോലെ പ്രവർത്തിക്കാനും നമുക്കു സാധിക്കുന്നു. സമാനമായി, ദയാരഹിതമായ ഒരു അഭിപ്രായത്തോടോ പ്രവൃത്തിയോടോ നാം പെട്ടെന്നു പ്രതികരിക്കരുത്. മറിച്ച്, തെല്ലൊന്നു നിന്നിട്ട് ചിന്താശൂന്യമായി തിരിച്ചടിക്കുന്നതിന്റെ അനന്തരഫലങ്ങളെ കുറിച്ചു ചിന്തിക്കുക.
മറ്റുള്ളവർ തന്നെ വ്രണപ്പെടുത്തുമ്പോൾ താൻ ചെയ്യുന്നത് എന്താണെന്നു വർഷങ്ങളായി ഒരു മിഷനറി ആയിരിക്കുന്ന മാൽക്കം പറയുന്നു. “ഞാൻ ആദ്യം ചെയ്യുന്നത് ചോദ്യങ്ങളുടെ ഒരു ചെക്ക്‌ലിസ്റ്റ് ഉപയോഗിച്ച് പരിശോധന നടത്തുകയാണ്: ഞങ്ങളുടെ വ്യക്തിത്വങ്ങൾ തമ്മിൽ ചേരാത്തതിന്റെ പേരിൽ എനിക്ക് ഈ സഹോദരനോടു ദേഷ്യമുണ്ടോ? അദ്ദേഹം പറഞ്ഞത് യഥാർഥത്തിൽ പ്രധാനമാണോ? മലമ്പനി എന്റെ നാഡികളിൽ ഉളവാക്കിയ ഫലം എന്റെ വികാരങ്ങളെ ബാധിക്കുന്നുവോ? ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ ഞാൻ കാര്യങ്ങളെ വ്യത്യസ്‌തമായി കാണാനിടയുണ്ടോ?” വിയോജിപ്പ് കാര്യമാക്കാൻ മാത്രമില്ലെന്നും അവഗണിക്കാവുന്നതാണെന്നുമാണ് മാൽക്കം പലപ്പോഴും കണ്ടെത്തിയിട്ടുള്ളത്.മാൽക്കം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ചിലപ്പോൾ സാഹചര്യം നേരെയാക്കാൻ ഞാൻ എത്രതന്നെ ശ്രമം നടത്തിയാലും, മറ്റേ സഹോദരന്റെ മനോഭാവത്തിനു മാറ്റം വരാറില്ല. അത് എന്നെ അസ്വസ്ഥമാക്കാൻ അനുവദിക്കാതിരിക്കാൻ ഞാൻ നോക്കുന്നു. എന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്‌തുകഴിഞ്ഞാൽപ്പിന്നെ വ്യത്യസ്‌തമായ ഒരു വിധത്തിലാണു ഞാൻ പ്രസ്‌തുത കാര്യത്തെ വീക്ഷിക്കുന്നത്. പിന്നെ ഞാൻ അതു സൂക്ഷിക്കുക മനസ്സിലെ ‘പെൻഡിങ് ഫയലിൽ’ ആയിരിക്കും, അല്ലാതെ പേഴ്‌സണൽ ഫയലിൽ ആയിരിക്കില്ല. അതായത് ഞാൻ അതിനെ വ്യക്തിപരമായി പരിഹരിക്കേണ്ട ഒന്നായല്ല, മറിച്ച് കാലംകൊണ്ട് പരിഹരിക്കപ്പെട്ടേക്കാവുന്ന ഒന്നായി കാണും. എനിക്ക് ആത്മീയമായി ഹാനി വരുത്താനോ യഹോവയുമായും എന്റെ സഹോദരങ്ങളുമായും ഉള്ള എന്റെ ബന്ധത്തെ പ്രതികൂലമായി ബാധിക്കാനോ ഞാൻ അതിനെ അനുവദിക്കില്ല.”
മറ്റൊരാളുടെ മോശമായ പെരുമാറ്റം നമ്മെ അമിതമായി അസ്വസ്ഥരാക്കാൻ നാം അനുവദിക്കരുത്, മാൽക്കമിനെ പോലെ. ഏതൊരു സഭയിലും, വിശ്വസ്‌തരും നല്ലവരുമായ നിരവധി സഹോദരീസഹോദരന്മാരുണ്ട്. അവരോട് ‘ഒന്നിച്ച്’ ക്രിസ്‌തീയ മാർഗത്തിൽ നടക്കുന്നതു തീർച്ചയായും സന്തോഷകരമാണ്. (ഫിലിപ്പിയർ 1:27) നമ്മുടെ സ്വർഗീയ പിതാവിന്റെ സ്‌നേഹപുരസ്സരമായ പിന്തുണയെ കുറിച്ച് ഓർക്കുന്നതും കാര്യങ്ങളെ ശരിയായ കാഴ്‌ചപ്പാടിൽ കാണാൻ നമ്മെ സഹായിക്കും.—സങ്കീർത്തനം 23:1-3; സദൃശവാക്യങ്ങൾ 5:1, 2, NW; 8:12, NW.
ലോകത്തിലുള്ളവയെ സ്‌നേഹിക്കാതിരിക്കൽ
മറ്റൊരു കുടില സമ്മർദത്തെ ചെറുത്തു നിൽക്കാൻ ചിന്താപ്രാപ്‌തി നമ്മെ സഹായിക്കും. കപ്പലിന്റെ വശത്തേക്കു കാറ്റ് തിരകളെ അടിപ്പിക്കാറുണ്ട്. സാധാരണ സാഹചര്യങ്ങളിൽ, ഇത്തരം തിരകൾ ഒരു കപ്പലിനെ സാവധാനം അതിന്റെ മാർഗത്തിൽനിന്നു മാറ്റിക്കൊണ്ടുപോകാം. എന്നാൽ, കൊടുങ്കാറ്റുള്ളപ്പോഴാണെങ്കിൽ വശങ്ങളിൽ
അടിക്കുന്ന തിരകളുടെ ഫലമായി ബോട്ട് മറിയുക പോലും ചെയ്യാം.അതുപോലെ, ഈ ദുഷ്ടലോകം വെച്ചുനീട്ടുന്നതെല്ലാം ആസ്വദിക്കാനുള്ള സമ്മർദത്തിനു നാം വഴിപ്പെടുന്നെങ്കിൽ, ആ ഭൗതികത്വ ജീവിതശൈലി നമ്മെ ആത്മീയ മാർഗത്തിൽനിന്നു വ്യതിചലിപ്പിച്ചേക്കാം. (2 തിമൊഥെയൊസ് 4:10) അനിയന്ത്രിതമായി വിട്ടാൽ, ലോകത്തോടുള്ള സ്‌നേഹം ഒടുവിൽ നാം ക്രിസ്‌തീയ ഗതി പാടേ ഉപേക്ഷിക്കാൻ പോലും ഇടയാക്കിയേക്കാം. (1 യോഹന്നാൻ 2:15) ഇക്കാര്യത്തിൽ ചിന്താപ്രാപ്‌തി നമ്മെ സഹായിച്ചേക്കാവുന്നത് എങ്ങനെയാണ്?
ഒന്നാമത്, നാം നേരിട്ടേക്കാവുന്ന അപകടങ്ങൾ ഏതൊക്കെയെന്നു മനസ്സിലാക്കാൻ അതു സഹായിക്കും. നമ്മെ വശീകരിക്കാൻ ചിന്തനീയമായ എല്ലാ വിപണന തന്ത്രങ്ങളും ലോകം ഉപയോഗിക്കുന്നു. എല്ലാവരും പിൻപറ്റണമെന്നു കരുതപ്പെടുന്ന ഒരു ജീവിതശൈലി—സമ്പന്നരുടെയും ആഡംബരപ്രിയരുടെയും “വിജയം നേടിയവരുടെ”യും പ്രതാപമാർന്ന ജീവിതശൈലി—അതു നിരന്തരം പ്രോത്സാഹിപ്പിക്കുന്നു. (1 യോഹന്നാൻ 2:16) എല്ലാവരുടെയും, പ്രത്യേകിച്ചും സമപ്രായക്കാരുടെയും അയൽക്കാരുടെയും, പ്രശംസയും അംഗീകാരവും ലോകം നമുക്കു വാഗ്‌ദാനം ചെയ്യുന്നു. ‘നമ്മെ ഒരുനാളും കൈവിടുകയില്ല’ എന്ന് യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതിനാൽ ‘ദ്രവ്യാഗ്രഹം ഇല്ലാതിരിക്കുന്നത്’ പ്രധാനമാണ് എന്നു നമ്മെ ഓർമിപ്പിച്ചുകൊണ്ട്, അത്തരം ദുഷ്‌പ്രചരണത്തെ ചെറുത്തു നിൽക്കാൻ ചിന്താപ്രാപ്‌തി നമ്മെ സഹായിക്കും.—എബ്രായർ 13:5.
രണ്ടാമത്, “സത്യം വിട്ടു” നടക്കുന്നവരെ അനുഗമിക്കുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കാൻ ചിന്താപ്രാപ്‌തി നമ്മെ സഹായിക്കും. (2 തിമൊഥെയൊസ് 2:18) നാം ഇഷ്ടപ്പെടുകയും വിശ്വാസം അർപ്പിക്കുകയും ചെയ്‌തവരോടു വിയോജിക്കുക ദുഷ്‌കരമാണ്. (1 കൊരിന്ത്യർ 15:12, 32-34) ക്രിസ്‌തീയ മാർഗം ഉപേക്ഷിച്ചവർക്കു നമ്മുടെമേൽ വളരെ കുറഞ്ഞ സ്വാധീനമേ ഉള്ളുവെങ്കിൽ പോലും, നമ്മുടെ ആത്മീയ പുരോഗതിക്കു വിലങ്ങുതടി ആകാനും ആത്യന്തികമായി നമ്മെ അപകടപ്പെടുത്താനും അതിനു കഴിയും. ശരിയായ ഗതിയിൽനിന്ന് ഒരു ഡിഗ്രി മാത്രം വ്യതിചലിക്കുന്ന ഒരു കപ്പൽപോലെ ആയിരിക്കാൻ കഴിയും നമുക്ക്. ദീർഘദൂരം പിന്നിട്ടു കഴിയുമ്പോൾ അതിനു ലക്ഷ്യത്തിൽനിന്നു വളരെ അകന്നുപോകാൻ കഴിയും.—എബ്രായർ 3:12, NW.
ആത്മീയ അർഥത്തിൽ നാം എവിടെയാണെന്നും എവിടേക്കു പോകുകയാണെന്നും നിർണയിക്കാൻ ചിന്താപ്രാപ്‌തി നമ്മെ സഹായിക്കും. ഒരുപക്ഷേ ക്രിസ്‌തീയ പ്രവർത്തനത്തിൽ വർധിച്ച ഒരു പങ്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നു നാം തിരിച്ചറിഞ്ഞേക്കാം. (എബ്രായർ 6:11, 12) ഒരു യുവസാക്ഷി ആത്മീയ ലാക്കുകൾ പിന്തുടരുന്നതിനു തന്നെ സഹായിക്കാൻ ചിന്താപ്രാപ്‌തി എങ്ങനെ ഉപയോഗിച്ചുവെന്നു ശ്രദ്ധിക്കുക: “പത്രപ്രവർത്തന രംഗത്ത് ഒരു ജോലിയ്‌ക്കുള്ള അവസരം എനിക്ക് ഉണ്ടായിരുന്നു. അത് എനിക്കു വളരെ ഇഷ്ടമായിരുന്നുതാനും. എന്നാൽ, ‘ലോകം ഒഴിഞ്ഞുപോകുന്നു’ എന്നും ‘ദൈവേഷ്ടം ചെയ്യുന്നവൻ എന്നേക്കും ഇരിക്കുന്നു’ എന്നും പറയുന്ന വാക്യം ഞാൻ ഓർത്തു. (1 യോഹന്നാൻ 2:17) എന്റെ വിശ്വാസങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു വിധത്തിൽ ജീവിതം വിനിയോഗിക്കേണ്ടതുണ്ടെന്ന നിഗമനത്തിൽ ഞാൻ യുക്തിപൂർവം എത്തിച്ചേർന്നു. എന്റെ മാതാപിതാക്കൾ ക്രിസ്‌തീയ വിശ്വാസം ഉപേക്ഷിച്ചിരുന്നു, അവരെപ്പോലെ ആകാൻ ഞാൻ ആഗ്രഹിച്ചില്ല. അങ്ങനെ ഉദ്ദേശ്യമുള്ള ഒരു ജീവിതം നയിക്കാൻ ദൃഢനിശ്ചയം ചെയ്‌ത ഞാൻ ഒരു സാധാരണ പയനിയറായി മുഴുസമയ ശുശ്രൂഷയിൽ പ്രവേശിച്ചു. ഇപ്പോൾ സംതൃപ്‌തിദായകമായ നാലു വർഷം പിന്നിട്ടിരിക്കുന്നു, ഞാൻ ശരിയായ തീരുമാനമാണു കൈക്കൊണ്ടത് എന്ന് എനിക്ക് അറിയാം.”
ആത്മീയ കൊടുങ്കാറ്റുകളെ വിജയപ്രദമായി നേരിടൽ
ഇന്നു നാം ചിന്താപ്രാപ്‌തി പ്രയോഗിക്കേണ്ടത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്? അപകടസൂചനകൾ സംബന്ധിച്ചു നാവികർ എപ്പോഴും ജാഗ്രതയുള്ളവർ ആയിരിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും കൊടുങ്കാറ്റ് രൂപംകൊള്ളുമ്പോൾ. താപനില താഴുകയും കാറ്റിന്റെ ശക്തി കൂടുകയും ചെയ്യുമ്പോൾ, കപ്പൽത്തട്ടിലെ തുറന്നിരിക്കുന്ന ഭാഗങ്ങൾ അവർ മൂടുകയും ഏറ്റവും പ്രതികൂലമായ അവസ്ഥയ്‌ക്കായി ഒരുങ്ങുകയും ചെയ്യുന്നു. സമാനമായി, ഈ ദുഷ്ടവ്യവസ്ഥിതി അതിന്റെ അന്ത്യത്തോട് അടുത്തുവരവേ, അത്യുഗ്രമായ സമ്മർദങ്ങളെ നേരിടാൻ നാം ഒരുങ്ങിയിരിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ ധാർമിക ചട്ടക്കൂട് തകരുകയും ‘ദുഷ്ടമനുഷ്യർ മേല്‌ക്കുമേൽ ദോഷത്തിൽ മുതിർന്നുവരുകയും’ ചെയ്‌തുകൊണ്ടിരിക്കുന്നു. (2 തിമൊഥെയൊസ് 3:13, 14) നാവികർ പതിവായി കാലാവസ്ഥാ പ്രവചനങ്ങൾ ശ്രദ്ധിക്കാറുള്ളതുപോലെ, ദൈവത്തിന്റെ നിശ്വസ്‌ത വചനത്തിലെ പ്രാവചനിക മുന്നറിയിപ്പുകൾ നാം ചെവിക്കൊള്ളേണ്ടതുണ്ട്.—സങ്കീർത്തനം 19:7-11.
ചിന്താപ്രാപ്‌തി ഉപയോഗിക്കുമ്പോൾ, നാം നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം ബാധകമാക്കുകയാണു ചെയ്യുന്നത്. (യോഹന്നാൻ 17:3) ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങൾ ഏതൊക്കെയെന്നു നമുക്ക് മുൻകൂട്ടി കാണാനും അവയെ എങ്ങനെ തരണം ചെയ്യാമെന്നു തീരുമാനിക്കാനും കഴിയും. അങ്ങനെ, ക്രിസ്‌തീയ മാർഗത്തിൽനിന്നു വ്യതിചലിച്ചു പോകാതിരിക്കാൻ നമുക്കു നമ്മെത്തന്നെ സജ്ജരാക്കാനും ആത്മീയ ലാക്കുകൾ വെക്കുകയും പിന്തുടരുകയും ചെയ്‌തുകൊണ്ട് “വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം” ഇടാനും നമുക്കു കഴിയും.—1 തിമൊഥെയൊസ് 6:19.
നാം പ്രായോഗിക ജ്ഞാനവും ചിന്താപ്രാപ്‌തിയും കാക്കുന്നെങ്കിൽ, ‘പെട്ടെന്നുള്ള പേടി ഹേതുവായി നാം ഭയപ്പെടേണ്ടതില്ല.’ (സദൃശവാക്യങ്ങൾ 3:21, NW; 3:25, 26) പകരം, ദൈവത്തിന്റെ പിൻവരുന്ന വാഗ്‌ദാനത്തിൽ നമുക്ക് ആശ്വാസം കണ്ടെത്താനാകും. “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു [“ചിന്താപ്രാപ്‌തി,” NW] നിന്നെ കാക്കും.”—സദൃശവാക്യങ്ങൾ 2:10, 11.
[അടിക്കുറിപ്പ്]
^ ഖ. 19 മത്തായി 5:23, 24-ലെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ, ക്രിസ്‌ത്യാനികൾ സമാധാനം ഉണ്ടാക്കാൻ ശ്രമിക്കേണ്ടതാണ്. ഗുരുതരമായ പാപം ഉൾപ്പെട്ടിരിക്കുന്നെങ്കിൽ, മത്തായി 18:15-17-ൽ വിവരിച്ചിരിക്കുന്നതു പോലെ, തങ്ങളുടെ സഹോദരനെ നേടാൻ അവർ ശ്രമിക്കണം. 1999 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 17-22 പേജുകൾ കാണുക.
[23-ാം പേജിലെ ചിത്രം]
പതിവായ ആശയവിനിമയം ദാമ്പത്യബന്ധത്തെ ബലപ്പെടുത്തുന്നു